വെളിച്ചവും വെയിലുംപോലെ സുതാര്യമായ ഒരു തുറന്നുപറച്ചിൽ

ജി പി രാമചന്ദ്രന്‍

രു വായനക്കാരിയുടെ അല്ലെങ്കില്‍ ഒരു വ്യാഖ്യാതാവിന്റെ പ്രതിനിധാനം തന്റെ ആത്മസ്വത്വത്തിലേക്ക് ചേര്‍ത്തുവെച്ചു കൊണ്ടാണ് സജിത മഠത്തില്‍ തന്റെ ആത്മകഥകളിലാദ്യത്തേതായ വെള്ളിവെളിച്ചവും വെയില്‍ നാളങ്ങളും എഴുതുന്നത്. അതുകൊണ്ടാണ് ആമുഖത്തില്‍തന്നെ ഇപ്രകാരം ഒരു ഭാഗിക നിഷേധം (ഡിസ്‌ക്ലെയിമര്‍) അവര്‍ കൊടുക്കുന്നത്.

‘നീറിപ്പിടയുന്നവയോ രക്തം കിനിയുന്നവയോ ഊടും പാവും തിരിച്ചെടുക്കാനാവാത്തവയോ ഒന്നും ഇതിലില്ല. മറ്റൊരിക്കലേക്ക് ഞാനത് മാറ്റിവെക്കുന്നു’. വിശദമാക്കാതെ തന്നെ എത്ര പാകതയോടെ തന്റെ പുസ്തകത്തിന്റെ ഒരു നിര്‍വചനം ഇവിടെ സാധ്യമായിരിക്കുന്നു!

ചേര്‍ച്ചയുണ്ടായിരിക്കെ തന്നെ അമ്പരപ്പ് അനുഭവിക്കുന്ന ഒരു ശീര്‍ഷകമാണ് സജിത മഠത്തിലിന്റെ ആത്മകഥയ്ക്ക് അവര്‍ നല്‍കിയിരിക്കുന്നത്. വെള്ളിവെളിച്ചവും വെയില്‍ നാളങ്ങളും. എന്നാല്‍, വായിച്ചു തുടങ്ങുമ്പോള്‍ തന്നെ ഈ അമ്പരപ്പും അപരിചിതത്വവും മാറി, ശീര്‍ഷകത്തില്‍ നിന്ന് വ്യക്തമാകുന്ന വെളിച്ചവും വെയിലും പോലെ സുതാര്യമായ, തുറന്നെഴുത്തിലേയ്ക്ക് തന്റെ ജീവിതത്തെ സജിത പകര്‍ത്തുന്നതാണ് നാം കാണുന്നത്.

നാടകത്തിലേക്കും സിനിമയിലേക്കും അഭിനയത്തിലേയ്ക്കും അങ്ങിനെ സാമൂഹ്യജീവിതത്തിന്റെ സാംസ്‌കാരിക ബാഹുല്യത്തിലേയ്ക്കും താനെങ്ങനെ എത്തിച്ചേര്‍ന്നു എന്ന പ്രാഥമികമായ ഏറ്റുപറച്ചിലാണ് ഈ പുസ്തകം. കഥ പറച്ചിലിന്റെ സ്വതസ്സിദ്ധവും നൈസര്‍ഗികവുമായ ഒഴുക്കും ശീലവും കൈപ്പിടിയിലുള്ളതിനാല്‍ അനായാസമായ എഴുത്താണ് സജിതയുടേത്.

കോഴിക്കോട് എന്ന നഗരംപോലെ തോന്നിച്ചിരുന്നതും അനന്തമായ ഉള്‍പ്പിരിവുകളും ടവഴികളുമുള്ള പരന്ന ഗ്രാമത്തിന്റെ വിശാലമായ മാനുഷികതയാണ് സജിത മഠത്തിലിന്റെ സര്‍ഗോര്‍ജ്ജം. അവിടെതന്നെ ബാല്യകാലം ചെലവഴിക്കുകയും പിന്നീട് മാറിപ്പോന്ന്, ഇപ്പോള്‍ ഇടയ്ക്കിടെ അവിടെ പോയി കാലം അയവിറക്കുകയും ചെയ്യുന്ന ഒരാള്‍ എന്ന നിലയ്ക്ക് സജിതയുടെ കുട്ടിക്കാലത്തിന്റെയും കൗമാരത്തിന്റെയും സ്ഥലകാലങ്ങള്‍ എന്റേതെന്നതു പോലെയാണ് ഞാന്‍ അനുഭവിച്ചത്.

ഓര്‍മ്മയെയും അനുഭവങ്ങളെയും ഭാവനയുടെ ആകാശങ്ങളും ഇരുട്ടും വെളിച്ചവും നിലാവുമെല്ലാം ചേര്‍ത്ത് വികസിപ്പിച്ച എസ് കെ പൊറ്റെക്കാട്ടിന്റെ അതിരാണിപ്പാടത്തു കൂടെ നടക്കുന്നതു പോലെ തോന്നിച്ചു, സജിത മഠത്തിലിന്റെ കൂടെ കോഴിക്കോട്ടും കല്ലായിയിലും തിരുവണ്ണൂരും ചെറുവണ്ണൂരും പന്നിയങ്കരയിലും മാങ്കാവിലും എല്ലാം നടന്നപ്പോള്‍.

എന്നാല്‍, കോഴിക്കോട്ടെയും തൊട്ടടുത്തുള്ള മലപ്പുറത്തെയും ഗ്രാമങ്ങള്‍ അത്ര നന്മയും പുരോഗമനവും മനുഷ്യത്വവും നിറഞ്ഞ സ്ഥലങ്ങളായി കരുതുകയും വേണ്ട. ആദ്യ പേജില്‍ തന്നെ അക്കാര്യം സജിത വെളിപ്പെടുത്തുന്നുണ്ട്. ജാതിവിവേചനമാണ് അക്കാലത്തെ (അതായത് ഏതാണ്ട് അമ്പതു വര്‍ഷം മുമ്പുള്ള കാലത്തെ) മുഖ്യ സാമൂഹിക മനോഭാവം. ദളിതര്‍ കൂട്ടുകാരായുള്ളതിനാല്‍, വീടിനു പിന്‍വശത്തുകൂടി വരേണ്ട ഗതിയുള്ള അച്ഛന്‍; അടുക്കള ജോലികള്‍ ചെയ്യാന്‍ അനുവാദമില്ലാത്ത തരത്തില്‍ ജോലിക്കാര്‍ക്കുമേല്‍ നിബന്ധിക്കുന്ന ജാതിവിലക്കുകള്‍; അവരുടെ വല്യമ്പ്രാട്ടി, ചെറ്യമ്പ്രാട്ടി വിളികള്‍ എന്നിങ്ങനെ കേരള-ഭ്രാന്താലയാവശിഷ്ടങ്ങള്‍ അമ്പതു കൊല്ലംമുമ്പ് സജീവമായിരുന്നു എന്ന് വ്യക്തം. പല മട്ടില്‍ അവയില്‍ ചിലതിനെ അതിജീവിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടെങ്കിലും, അതിന്റെ ജീര്‍ണാവശിഷ്ടങ്ങള്‍ ഇപ്പോഴും കേരളത്തെ പുറകോട്ട് പുറകോട്ട് പിടിച്ചു വലിക്കുന്നുണ്ടെന്നത് നിഷേധിച്ചിട്ട് കാര്യവുമില്ല.

മതിലുകളില്ലാത്ത മാളികപ്പറമ്പിൽ, മാതുവിന്റെ അച്ഛൻ മദ്യലഹരിയിൽ ഉടുമുണ്ട് പാതിയും നിലത്ത് തൂക്കിയിട്ടുകൊണ്ട് സന്ധ്യയ്ക്ക് അതുവഴി മിക്കവാറും കടന്നുപോകും. കമ്മലും മാലയും പൊട്ടും മറ്റ് അത്ഭുത വസ്തുക്കളും നിറഞ്ഞ മരപ്പെട്ടി തലയിൽ വെച്ച് തിങ്കളാഴ്ചകളിൽ അബൂബക്കർ എത്തും. അവിടത്തെ കക്കൂസുകളിൽ നിന്ന് തീട്ടം ഇരുമ്പുബക്കറ്റിലേക്ക് കമിഴ്ത്തി ചേമ്പിന്റെ ഇല മുകളിൽ പറിച്ചിട്ട് എന്റെ കൂട്ടുകാരൻ പളനിയുടെ അമ്മൂമ്മ പറമ്പിന്റെ പുറകുവശത്തെ ഇടവഴിയിലൂടെ നടന്നുനീങ്ങും. കാമാക്ഷിയമ്മ അമ്പലത്തിലേക്കെന്ന് പറഞ്ഞ് മാളികപ്പറമ്പു മുഴുവൻ നടന്ന് ചെമ്പരത്തിയും തുളസിയും കനകാംബരവുമെല്ലാം മര്യാദയില്ലാതെ പറിച്ചെടുക്കും…

സജിത മഠത്തില്‍

കിണറിന്റെയും ചിന്നമാളുവിന്റെയും നാണുവിന്റെ സൈക്കിളിന്റെയും അപ്പക്കാരന്റെയും ടെയ്ലർ സുന്ദരൻ കേശവന്റെയുമെല്ലാം കാഴ്ചകളും ചെയ്തികളും ഓട്ടങ്ങളും പുറകെ വിവരിക്കുന്നു.

കാഴ്ചകൾ നിക്ഷേപിച്ചുവെച്ച ഒരു നിലവറയാണ് സജിതയുടെ ഓർമ്മകളും അതിലെ ഈ പറമ്പും. എന്നാൽ അത് വെറും ഓർമ്മകൾ മാത്രമല്ല. ഉപേക്ഷിക്കാനുള്ള തീട്ടത്തെയും പൂജിക്കാനുള്ള പുഷ്പങ്ങളെയും ഒരേ തരത്തിൽ ഒരേ ദൂരത്തിൽ വിവരിക്കുന്നതിലെ മാജിക് ചരിത്രത്തെ മറിച്ചിടുന്നതുപോലെ വിസ്മയകരമാണ്‌.

സജിത എട്ടാം ക്ലാസിലെ വേനലവധിക്കാണ് എസ് കെ പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥ വായിക്കുന്നത്. മാളികപ്പറമ്പിനെക്കുറിച്ചും എസ് കെ പൊറ്റെക്കാട് എഴുതിയതു പോലെ ഒരു നോവല്‍ എഴുതണം എന്നൊക്കെ ഞാന്‍(സജിത മഠത്തില്‍) സ്വപ്‌നം കണ്ടിട്ടുണ്ട്. അത്രയും രസകരമായിരുന്നു ആ കാലം. (പേജ് 45)

ആണിനും പെണ്ണിനും രണ്ടു പാരിഷത്തികത ഉണ്ടോ എന്ന ഏറെ പ്രസക്തമായ ചോദ്യമാണ് ഏറെ ആഴത്തിലും സൂക്ഷ്മതയിലും ഊര്‍ജ്ജവും ആരോഗ്യവും സമയവും ചെലവഴിച്ചും കേരള ശാസ്ത്ര സാഹിത്യ പരിഷത്തില്‍ പ്രവര്‍ത്തിച്ച സജിത മഠത്തില്‍ ചോദിക്കുന്നത്.

ആണ്‍പ്രവര്‍ത്തകര്‍ സംരക്ഷിച്ചുകൊണ്ടു നടക്കുന്ന പെണ്‍കൂട്ടമായിരുന്നു ആ നാടകസംഘം എന്നു പറഞ്ഞാല്‍ അധികമാകില്ല. അതിന് എന്തെങ്കിലും കുഴപ്പമുള്ളതായി പരിഷത്ത് പ്രവര്‍ത്തര്‍ അന്നും ഇന്നും കാണുന്നുമില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.(പേജ് 101)

ചൈനയിലും ദക്ഷിണാഫ്രിക്കയിലും പാക്കിസ്താനിലും വിയറ്റ്‌നാമിലും ആസ്‌ത്രേലിയയിലും മറ്റുമായി ഒട്ടേറെ വിദേശ യാത്രകളും താമസങ്ങളും സജിത മഠത്തില്‍ നടത്തിയിട്ടുണ്ട്. ഓരോ രാജ്യങ്ങളെക്കുറിച്ചും അവിടങ്ങളിലെ ജനങ്ങളെയും ജീവിതത്തെയും മറ്റും സംബന്ധിച്ചും ഇവിടെ ഉണ്ടായിരുന്ന പല അറിവുകളും ധാരണകളും മാറിമറിയുന്നതും പുതിയ തിരിച്ചറിവുകളിലേക്കും വിസ്മയങ്ങളിലേക്കും എത്തുന്നതും വായിച്ചറിയാന്‍ കൗതുകമുണ്ട്. കോവിഡ് സമയത്ത് ഒരു വര്‍ഷക്കാലം വിദേശത്ത് കഴിയേണ്ടിവന്നതൊക്കെ അത്ര ആശ്വാസകരമായ കാര്യമല്ല. തന്റെ ജീവിതാനുഭവങ്ങളില്‍ നിന്ന് സ്വായത്തമാക്കിയ നിര്‍ഭയത്വമായിരിക്കണം അതിനെ അതിജീവിക്കാന്‍ അവരെ കെല്പുള്ളവരാക്കിയിട്ടുണ്ടാവുക.

സ്ത്രീ എന്ന നിലയില്‍ തന്റെ ശരീരവുമായും ആ ശരീരത്തിന്റെ പ്രതിനിധാനങ്ങളുമായും പൊരുത്തപ്പെടുകയും ഏറ്റുമുട്ടുകയും പ്രതിരോധിക്കുകയും ചെയ്യുക എന്നത്, ആണധികാരവും ആണ്‍നോട്ടവും നിര്‍ണയിക്കുന്ന ലോകത്ത് അനിവാര്യമായിത്തീരുന്നു. പൊതുസ്ഥലത്തും കലാപ്രയോഗ മേഖലയിലും വീട്ടിലും ഓഫീസിലുമെല്ലാം ഇത് തുടരുകയും വിവിധ രൂപത്തില്‍ ആവര്‍ത്തിക്കുകയുമാണ്. ഈ അവസ്ഥയുടെ സത്യസന്ധവും രാഷ്ട്രീയ നിര്‍ഭരവുമായ വിശദീകരണങ്ങളും ഫെമിനിസ്റ്റ് നിലപാടുകളും, സജിത മഠത്തിലിന്റെ വ്യക്തിത്വത്തെ ഒരു സാമൂഹ്യവ്യക്തിത്വമാക്കി വികസിപ്പിക്കുന്നുണ്ട്. ഈ പ്രക്രിയ എന്താണെന്ന് പലപ്പോഴും അതാണെന്നറിയാതെയും നാട്യങ്ങളൊട്ടുമില്ലാതെയും വിവരിക്കുന്നു എന്നത് ഈ ആത്മകഥയുടെ ഏറ്റവും സുപ്രധാനമായ മികവായി എനിക്കനുഭവപ്പെട്ടു.

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജനകീയ നാടക പരീക്ഷണങ്ങളില്‍ നിന്ന് തുടങ്ങി, കൊല്‍ക്കത്തയിലെ രബീന്ദ്രഭാരതി സര്‍വകലാശാലയുടെ ജോറോ സങ്കോ-താക്കൂര്‍ ബാരി ക്യാമ്പസിലെ അക്കാദമിക് നാടക പഠന(എംഎ)ത്തിനെത്തുന്ന യാത്രാവളര്‍ച്ചയുടെ കാര്യമൊക്കെ സ്വതസ്സിദ്ധമായ ശൈലിയിലെഴുതുന്നത് നമുക്ക് ഇഷ്ടത്തോടെ വായിച്ചറിയാം. ടി വി ചന്ദ്രനോടൊപ്പമുള്ള ഒരു കൊല്‍ക്കത്ത യാത്രയിലാണ് ഞാനാദ്യമായി ജോറോ സങ്കോയില്‍ പോയത്. അവിടത്തെ ഫോട്ടോകള്‍ എഫ്ബിയിലിട്ടപ്പോള്‍, താനവിടെ പഠിച്ചതാണെന്നും ആ ക്യാമ്പസ് മിസ്സാകുന്നുവെന്നും സജിത താഴെ കമന്റ് ചെയ്തത് ഇപ്പോഴുമോര്‍മ്മയുണ്ട്. അത് ഒരു ദുര്‍ഗാ പൂജക്കാലമായിരുന്നു. ടാക്‌സികളൊന്നും കൊല്‍ക്കത്തയിലെ ഇടുങ്ങിയ തിരക്കുപിടിച്ച വഴികളിലൂടെ പോകാന്‍ തയ്യാറായിരുന്നില്ല. നോ റെഫ്യൂസല്‍ എന്നൊക്കെ എല്ലാ ടാക്‌സികളിലും എഴുതിയിരുന്നെങ്കിലും അനുഭവം മറിച്ചായിരുന്നു. ഇന്ത്യന്‍ ജീവിതത്തിന്റെയും കലാന്വേഷണത്തിന്റെയും നവോത്ഥാന-പരിഷ്‌കരണ പരിണാമങ്ങളുടെയും എല്ലാം മര്‍മ്മമാണല്ലോ കൊല്‍ക്കത്ത. അവിടത്തെ പഠനജീവിതം സജിതയിലെ കലാകാരിക്കും അഭിനേതാവിനും നല്‍കിയ സര്‍ഗോര്‍ജ്ജം ഈ അദ്ധ്യായത്തിന്റെ വായനയില്‍ വെളിപ്പെട്ടു.

കേന്ദ്ര സംഗീത നാടക അക്കാദമിയിലും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയിലും കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലുമടക്കം പല സ്ഥാപനങ്ങളിലും ഏതാനും വര്‍ഷങ്ങള്‍ വീതം ജോലി ചെയ്തപ്പോഴത്തെ വ്യത്യസ്തമായ അനുഭവങ്ങള്‍, സജിത താല്പര്യത്തോടെ വിവരിക്കുന്നുണ്ട്. ചലച്ചിത്ര അക്കാദമിയില്‍ പല അവസരങ്ങളില്‍ ജനറല്‍ കൗണ്‍സില്‍ അംഗമെന്ന നിലയില്‍ പ്രവര്‍ത്തിക്കവെ, അവിടെ ഡെപ്യൂട്ടി ഡയക്ടറായും പിന്നീട് കൗണ്‍സില്‍ അംഗമായും ഒക്കെ നിറഞ്ഞു നിന്നിരുന്ന സജിതയുടെ പ്രവര്‍ത്തനോര്‍ജ്ജം ഞാന്‍ അടുത്തു നിന്ന് നോക്കിക്കണ്ടിട്ടുണ്ട്. അതെല്ലാം വായിക്കുന്നത് ഹൃദ്യമായ ഓര്‍മ്മകളെ തിരിച്ചു കൊണ്ടുവന്നു.

അഭിനേതാവായും രചയിതാവായും ഗവേഷകയായും നാടകത്തെയും നാടക ചരിത്രത്തെയും സങ്കേതത്തെയും അടുത്തും ആഴത്തിലും അനുഭവിക്കുകയും പരീക്ഷിക്കുകയും അതില്‍ മുഴുകുകയും ചെയ്ത പ്രതിഭയാണ് സജിത മഠത്തില്‍. നിരവധി പുസ്തകങ്ങളും നാടകങ്ങളുമെല്ലാം കേരളീയ സമൂഹത്തിനു മുന്നില്‍ അവരുടേതായുണ്ട്. അതിന്റെയെല്ലാം സന്തോഷങ്ങളും സ്വീകാര-നിരാകരണാനുഭവങ്ങളും അവര്‍ വിവരിക്കുന്നു. കൈരളി ചാനലിന്റെ ആരംഭകാലത്ത് അതിനുണ്ടായിരുന്ന മികവിന്റെ കാരണങ്ങളിലൊന്നായിരുന്നു പെണ്‍മലയാളം എന്ന പരിപാടി. എഴുപത്തഞ്ച് എപ്പിസോഡുകളാണ് ഈ പരിപാടിയുടെ പ്രൊഡ്യൂസറെന്ന നിലയില്‍ അവര്‍ പൂര്‍ത്തിയാക്കിയത്. മലയാളത്തിലെ ടെലിവിഷന്‍ മേഖലയാകെ, യാതൊരു പ്രതീക്ഷയും നിലനിര്‍ത്തേണ്ടാത്ത വിധത്തില്‍ നിലവാരരാഹിത്യത്തിലേയ്ക്ക് ജീര്‍ണിച്ചു കഴിഞ്ഞ, ഇന്നത്തെ സാഹചര്യത്തില്‍ ടിവിയുടെ സാമൂഹ്യ-സാംസ്‌കാരിക പ്രസക്തി അടയാളപ്പെടുത്താന്‍ വേണ്ടി പരിശ്രമിച്ചവരുടെ അനുഭവങ്ങള്‍, സന്തോഷത്തോടെയും അതിലേറെ ആശങ്കയോടെയുമാണ് നാം വായിച്ചറിയുക. സജിതയുടെ അനുഭവങ്ങള്‍ വായിക്കുമ്പോഴും സമ്മിശ്രമായ ഈ ബോധ്യമാണെനിക്കുണ്ടായത്.

വഴിതെറ്റിയെന്നതു പോലെയാണ് താന്‍ സിനിമയിലെത്തിയത് എന്ന മട്ടിലാണ് തന്റെ സിനിമാനുഭവങ്ങള്‍ ഏറെ ഹ്രസ്വമായി സജിത മഠത്തില്‍ രേഖപ്പെടുത്തുന്നത്. വാസ്തവത്തില്‍, നടി ആക്രമിക്കപ്പെട്ടതും വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ രൂപീകരണവും പ്രവര്‍ത്തനവും അതിനെ തുടര്‍ന്നുള്ള സംഭവബഹുലമായ കാലങ്ങളുമെല്ലാം അടുത്ത കാലത്ത് നടന്നതാണെങ്കിലും കേരളീയ സാംസ്‌ക്കാരിക ജീവിതത്തിലും മലയാള സിനിമയിലുമുണ്ടാക്കിയ ചലനങ്ങള്‍ അഗാധവും ദീര്‍ഘകാലത്തേയ്ക്ക് സ്വാധീനം ചെലുത്തുന്നതുമാണ്. അതിന്റെ കുറെക്കൂടി വിശദാംശങ്ങള്‍ ഈ പുസ്തകത്തിലുണ്ടാവേണ്ടതായിരുന്നു. അതില്ലാതിരുന്നത് നിരാശയുളവാക്കി.

കേരളത്തിലെ മുഖ്യധാരാ ഇടത് രാഷ്ട്രീയത്തോട് തനിക്കുള്ള അനുഭാവം സജിത മഠത്തില്‍ മറച്ചു വെക്കുന്നില്ല. എന്നാല്‍, ദുസ്സഹമായ അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടിവന്നതിലെ പ്രയാസങ്ങള്‍ വായിക്കുമ്പോള്‍, കുട്ടിക്കാലത്ത് കിണറിലെന്തെങ്കിലും വീണാല്‍ അടുത്ത വീട്ടില്‍നിന്ന് മേടിച്ചുകൊണ്ടുവരുന്ന ഉപകരണത്തിന്റെ പേരും രൂപവുമാണ് സജിതയുടെ മനസ്സില്‍ നിന്ന് എനിക്കുമുമ്പില്‍ തെളിഞ്ഞുവന്നത്‌; പാതാളക്കരണ്ടി.

ഇനിയുമിനിയും തുറന്നെഴുതാന്‍ തന്റെ മനസ്സിന്റെയും ജീവിതാനുഭവങ്ങളുടെയും രാഷ്ട്രീയവും ചരിത്രപരവുമായ ആഴങ്ങളിലേയ്ക്ക് സഞ്ചരിക്കാന്‍ അവരുടെ പാതാളക്കരണ്ടിയ്ക്ക് കൂടുതല്‍ മൂര്‍ച്ചകള്‍ ആശംസിച്ചുകൊണ്ട്.  l

Hot this week

വിശ്വാസി സമൂഹങ്ങളും മാർക്‌സിസ്റ്റുകളും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...

തീപ്പൊരി ആക്ഷൻ നിറഞ്ഞ ബൾട്ടി

ആക്ഷന്‌ പ്രാധാന്യം നൽകി സ്ഥിരം മാസ്‌ മസാല ചേരുവകൾ കൃത്യമായി ചേർത്ത...

Topics

വിശ്വാസി സമൂഹങ്ങളും മാർക്‌സിസ്റ്റുകളും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...

തീപ്പൊരി ആക്ഷൻ നിറഞ്ഞ ബൾട്ടി

ആക്ഷന്‌ പ്രാധാന്യം നൽകി സ്ഥിരം മാസ്‌ മസാല ചേരുവകൾ കൃത്യമായി ചേർത്ത...

സ്‌ത്രീകൾ മാത്രം കെട്ടിയാടുന്ന തെയ്യം

മലബാറിലെ നാറൂറോളം കാവുകളിലായി നൂറിൽപരം തെയ്യങ്ങൾ ഇപ്പോൾ കെട്ടിയാടുന്നുണ്ട്. ഇതിൽ ഒരു...

ലെനിൻ: സെെദ്ധാന്തിക തെളിമകൾക്കായുള്ള 
പോരാട്ടങ്ങൾ- 2

‘‘ലെനിൻ തന്നെ വിപ്ലവം. അദ്ദേഹം ജീവിച്ചതും ശ്വസിച്ചതും മരിച്ചതും വിപ്ലവത്തിനുവേണ്ടിയായിരുന്നു.’’ ലൂയി...

ആർ ഉമാനാഥ്‌

അത്യുത്തര കേരളത്തിൽ ജനിച്ച്‌ കോഴിക്കോട്ട്‌ രാഷ്‌ട്രീയപ്രവർത്തനം ആരംഭിച്ച്‌ തമിഴകത്തെ തലമുതിർന്ന കമ്യൂണിസ്റ്റ്‌...
spot_img

Related Articles

Popular Categories

spot_imgspot_img