
സാഹിത്യം എന്ന സ്ഥാപനത്തെത്തന്നെ വിഡംബനത്തിനു വിധേയമാക്കുന്നു എന്നതാണ് വി എസ് അജിത്തിന്റെ നോവലായ ‘കുസുമാന്തരലോല’ന്റെ സവിശേഷത. സാഹിത്യസ്ഥാപനത്തിന്റെ ഭാഗമായ എഴുത്തു്, വായന, പുരസ്‌കാരം, സാമൂഹിക മാധ്യമം, സമ്മേളനങ്ങൾ തുടങ്ങിയവയെല്ലാം ആക്ഷേപഹാസ്യത്തിന്റെ പല്ലിനും നഖത്തിനും നാക്കിനും വാക്കിനും ഇരയായിത്തീരുന്നു. പാരഡിയും ഗ്രോട്ടെസ്കും ദ്വയാർഥവും സർക്കാസവും ഐറണിയുമുൾപ്പടെയുള്ള പടക്കോപ്പുകളുമായാണ് സാഹിത്യമായി നടിക്കുന്ന ക്ഷുദ്രരചനകളെയും രചയിതാക്കളെയും തുറന്നുകാട്ടുന്ന വിധ്വംസകമായ ഈ സറ്റയറിന്റെ പുറപ്പാട്. ആസൂത്രിതമായ പ്രശംസ, പ്രചാരണം, പുരസ്കരണം എന്നിവയിലൂടെ സാഹിത്യമായി വേഷം കെട്ടുന്ന കൃതിമ/വ്യാജ നിർമിതികൾ, നിർമാതാക്കളും ഇവിടെ ചായവും ചമയവുമഴിഞ്ഞു ചെമ്പ്പുറത്തായി നിൽക്കുന്നു. നിർദയമായ ഈ പരിഹാസത്തിന്റെ മറുവശത്ത് തീക്ഷ്ണമായ രാഷ്ട്രീയവിമർശനവും ഉപഹാസവുമുണ്ട്.
ഒറ്റപ്പുസ്തകം മാത്രം വായിച്ചിട്ടുള്ളവരെക്കുറിച്ചുള്ള ‘പ്രോജക്ട് സിംഗുലാരിറ്റി’ എന്ന വിചിത്രമായ സാഹിത്യാന്വേഷണം നടത്തുന്ന കുസുമാന്തരലോലൻ അഥവാ കെ ലോലൻ എന്ന നായക കഥാപാത്രം ( അല്ലെങ്കിൽ അ-നായകൻ) ഒറ്റപ്പുസ്തകത്തിലെ സത്യത്തിൽ തീവ്രമായി വിശ്വസിക്കുന്ന പാർട്ടികളും പ്രത്യയശാസ്ത്രങ്ങളും വ്യക്തികളും നമ്മുടെ ലോകത്തെ കൊണ്ടെത്തിച്ചിരിക്കുന്ന ഭയാനകസ്ഥിതിയെപ്പറ്റി പ്രസംഗവും മുദ്രാവാക്യംവിളിയും താത്വികനാട്യവുമൊന്നുമില്ലാതെ വായനക്കാരെ ഓർമിപ്പിക്കുന്നു.





