കുഞ്ഞുമനസ്സിൻ ആകാശങ്ങളിൽ നിന്നും ചോരകിനിയും കഥകൾ 

രേണു രാമനാഥ്

 

വാർത്താ ബുള്ളറ്റിനുകളിൽ കേട്ടുമാത്രം നമ്മൾ പരിചയപ്പെടുന്ന ചില സ്ഥലങ്ങളുണ്ട്. വെറുതെ കേൾക്കുന്നതല്ല. ന്യൂയോർക്ക് എന്നോ, ലണ്ടൻ എന്നോ, പാരീസ് എന്നോ, ദുബായ് എന്നോ, ഷാർജ എന്നോ ഒക്കെ കേൾക്കുന്നതു പോലെ, നിറം പിടിപ്പിച്ച ചിത്രങ്ങൾ പകരുന്ന സ്ഥലങ്ങളല്ല. സുഗന്ധം പകരുന്ന സ്ഥലങ്ങളല്ല.  വെടിമരുന്നിന്റെ മണമുള്ള, ചോരയുടെ നിറം പകർന്ന വാർത്തകളുമായി മാത്രം ടെലിവിഷനിലും, പണ്ടൊക്കെ റേഡിയോവിലും, പത്രത്താളുകളിലുമൊക്കെ കണ്ടും കേട്ടും മാത്രമറിയുന്ന സ്ഥലനാമങ്ങൾ – ബെയ് റൂട്ട്, വെസ്റ്റ് ബാങ്ക്, ബാഗ് ദാദ്, ടെഹ് റാൻ…. കുറേക്കാലം മുമ്പ് കൊളമ്പോ, മുല്ലൈത്തീവ് ഒക്കെയുണ്ടായിരുന്നു അക്കൂട്ടത്തിൽ.

രേണു രാമനാഥ്

അങ്ങിനെ മാത്രം കേട്ടിരുന്ന ഒരു സ്ഥലപ്പേരായിരുന്നു റമാല എനിക്ക് അല്പം നാൾ മുമ്പു വരെ.  എന്നുവെച്ചാൽ, ഏതാണ്ട് ഒന്നൊന്നരക്കൊല്ലം മുമ്പു വരെ.  വെസ്റ്റ് ബാങ്ക് എന്നറിയപ്പെടുന്ന പാലസ്തീൻ പ്രദേശത്തെ, എന്നും കലാപകലുഷിതമായൊരു നഗരം.  അതായിരുന്നു റമാല എന്നെ സംബന്ധിച്ച്.

ഇന്ന് റമാല എന്ന് വാർത്താ ബുള്ളറ്റിനുകളിൽ കേൾക്കുമ്പോൾ മനസ്സൊന്നു പിടയും.  “എന്താണാവോ അവിടെ?” എന്ന ആധി ഉള്ളിലുയരും.  ഇന്നു വരെ നേരിൽ കണ്ടിട്ടില്ലാത്ത, എങ്കിലും ഹൃദയത്തോടു ചേർന്നു നിൽക്കുന്ന, പിറന്നനാടിനു വേണ്ടിയും, നാടകത്തിനു വേണ്ടിയും ജീവിതം സമർപ്പിച്ച ചില മനുഷ്യരുടെ നാടാണെനിക്കിപ്പോൾ റമാല.  എന്നുവെച്ചാൽ, അഷ്തർ തിയേറ്ററിന്റെ നാട്. ‘ഗാസ മോണോലോഗു’കളുടെ നാട്.

തീർത്തും യാദൃശ്ചികമായിട്ടാണ് അഷ് തർ തിയേറ്ററിനെപ്പറ്റി അറിയാനിടയായത്. അല്ലെങ്കിലും ജീവിതമെന്നത് യാദൃശ്ചികതകളുടെ ഒരാകത്തുക മാത്രമാണല്ലോ. 2023 ഒക്ടോബറിൽ, ഗാസയുടെ നേരെ ഇസ്രായേലിന്റെ ഏറ്റവും പുതിയ, ഇന്നുവരെ അവസാനിച്ചിട്ടില്ലാത്ത, ആക്രമണപരമ്പര തുടങ്ങിയതിനു ശേഷം, പാലസ്തീനെപ്പറ്റി കൂടുതലറിയാനായി നിരന്തരം സാമൂഹ്യമാധ്യമങ്ങളിൽ പരതിക്കൊണ്ടിരുന്ന നാളുകളിലൊന്നിലായിരുന്നു അത്.  ‘ഏറ്റവും പുതിയ’ എന്നു പറഞ്ഞത് മനപ്പൂർവ്വമാണ്. 1948 മുതലാരംഭിച്ച പാലസ്തീൻ മണ്ണിനു വേണ്ടിയുള്ള ഇസ്രായേലിന്റെ ആക്രമണങ്ങളും, പാലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പുകളും നിലയ്ക്കാതെ തുടരുന്ന അധിനിവേശത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും ചരിത്രമാണല്ലോ.

ഇൻസ്റ്റാഗ്രാമിൽ വെറുതെ പരതിക്കൊണ്ടിരിക്കുമ്പോഴാണ്, ഏതോ യൂറോപ്യൻ നഗരത്തിലെ, നോർവ്വേയോ, സ്വീഡനോ മറ്റോ ആണെന്നാണോർമ്മ, ഒരു തിയേറ്ററിൽ, നവംബർ 29-ന്, ലോക പാലസ്തീൻ ദിനത്തിൽ, ‘ഗാസാ മോണോലോഗുകൾ’ വായിച്ചവതരിപ്പിക്കുന്നു എന്നൊരു പോസ്റ്റർ കണ്ടത്. Global Reading of Gaza Monologues.  ‘ഗാസാ മോണോലോഗുകൾ’ എന്നു കണ്ടപ്പോൾ എന്തോ ഒരു കൗതുകം തോന്നി.  നേരെ ഗൂഗിളെടുത്ത് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്തു – Gaza Monologues. ആദ്യം ഉയർന്നു വന്നത് ‘the-gaza-monologues’ എന്നൊരു വെബ് സൈറ്റാണ്. നേരത്തേ കണ്ട പരിപാടിയുടെ അനൗൺസ് മെൻ്റും മറ്റുമുണ്ട്.  ‘അഷ് തർ തിയേറ്റർ, പാലസ്തീൻ’ (ASHTAR Theatre, Palestine) എന്നാണ് നാടകസംഘത്തിന്റെ പേരെന്ന് മനസ്സിലായി.  വീണ്ടും ലിങ്കുകൾ തുറന്നു നോക്കിയപ്പോൾ, വിവിധ ഭാഷകളിലുള്ള പിഡി എഫ് ഡോക്യുമെൻ്റുകൾ. അതിൽ, ഇംഗ്ലീഷ് എന്നു കണ്ടത് തുറന്നു.  നോക്കുമ്പോൾ, ചെറിയ ചെറിയ മോണോലോഗുകൾ എന്നു പറയാവുന്ന ടെക്സ്റ്റുകൾ.  ശ്വാസമടക്കിപ്പിടിച്ചല്ലാതെ വായിക്കാനാവുന്നില്ല. ഗാസയിലെ കുട്ടികൾ എഴുതിയതാണ്. ഇപ്പോഴത്തെയൊന്നുമല്ല. 2010 എന്നാണു വർഷം കാണുന്നത്.

വെബ് സൈറ്റിലെ മറ്റു പേജുകളിൽ നിന്ന് കൂടുതൽ കാര്യങ്ങൾ വായിച്ചറിഞ്ഞു. 2008 ഡിസംബർ – 2009 ജനുവരി മാസങ്ങളിൽ, ഇരുപത്തിരണ്ടു ദിവസം നീണ്ടുനിന്ന ഇസ്രായേലിന്റെ  ഒരാക്രമണമുണ്ടായിരുന്നു ഗാസയ്ക്കു നേരെ.  ഇപ്പോൾ നടക്കുന്ന കൂട്ടക്കുരുതിയ്ക്കു മുന്നിൽ ആ ആക്രമണം ഒന്നുമല്ല എന്നതാണു യാഥാർത്ഥ്യം. പക്ഷെ, ക്രൂരമായ ചില സമാനതകൾ ഇസ്രായേലിന്റെ യുദ്ധതന്ത്രങ്ങളിലുണ്ടെന്ന് അന്നത്തെ കണക്കുകൾ പരിശോധിച്ചാലറിയാം.  അന്നു കൊല്ലപ്പെട്ട 1380 പാലസ്തീൻ കാരിൽ 431 പേരും കുട്ടികളായിരുന്നു.  കുട്ടികളെ, വരും തലമുറയെ, തെരഞ്ഞുപിടിച്ച് ഇല്ലാതാക്കുകയെന്ന സിയോണിസ്റ്റ് തന്ത്രം.  ചുരുങ്ങിയത് 5380 പേർക്ക് പരിക്കേറ്റിരുന്നു അന്ന്, 1872 കുട്ടികളുൾപ്പെടെ.  വീടു നഷ്ടപ്പെട്ട് അഭയാർത്ഥികളായവർ 100,000-ത്തിൽപ്പരം.

ആ യുദ്ധമവസാനിച്ചപ്പോൾ, ശാരീരികമായ പരുക്കുകൾക്കൊപ്പം തീവ്രമായ മാനസികാഘാതങ്ങളും ഗാസയിലെ മനുഷ്യരിൽ, പ്രത്യേകിച്ച് കുട്ടികളിൽ, അവശേഷിച്ചിരുന്നുവെന്ന് മനശ്ശാസ്ത്രജ്ഞർ മനസ്സിലാക്കി.  ജനങ്ങളെ മാനസികമായി തകർക്കാനുതകുന്ന യുദ്ധതന്ത്രങ്ങൾ ഇസ്രായേൽ പ്രയോഗിച്ചു തുടങ്ങിയത് അക്കാലത്താണു അവിടെയുള്ളവർ തിരിച്ചറിഞ്ഞു തുടങ്ങിയത്.

ആഴമേറിയ മാനസികാഘാതവുമായി പൊരുതിക്കൊണ്ടിരുന്ന ഗാസയിലെ കുട്ടികൾക്കായി, വെസ്റ്റ് ബാങ്കിലെ റമാല കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന അഷ് തർ തിയേറ്ററിന്റെ പ്രവർത്തകർ ആവിഷ്കരിച്ച ‘സൈക്കോ-സോമാറ്റിക്’ ഇടപെടലിന്റെ ഭാഗമായി രൂപം കൊണ്ടവയായിരുന്നു ‘ഗാസ മോണോലോഗുകൾ’ എന്നറിയപ്പെട്ട ഈ ടെക്സ്റ്റുകൾ.

ഒന്നൊന്നായി വായിച്ചു കൊണ്ടിരുന്നപ്പോൾ, എനിക്കു തോന്നി, ഇതിലൊരെണ്ണം മലയാളത്തിലാക്കിയാലോ? അധികം വലിപ്പമൊന്നുമില്ലാത്തവയാണ്. കെട്ടുകാഴ്ചകളില്ലാത്ത ഭാഷ. പത്തു പതിനാലു വയസ്സുള്ള കുട്ടികൾ, അവരനുഭവിച്ച യുദ്ധത്തെപ്പറ്റിയും, അത് അവരിൽ അവശേഷിപ്പിച്ച ആഘാതങ്ങളെപ്പറ്റിയും, അവർക്കാവുന്ന ഭാഷയിൽ പറയുന്നു.  ഒന്നുമാലോചിക്കാതെ, കൂട്ടത്തിലൊരെണ്ണം മലയാളത്തിലാക്കി.  ‘അമാനി എ ഷൊരാഫ’ എന്ന പേരിനു കീഴിൽ കണ്ട ഒരു കുറിപ്പ്.  ജനനം, 1992. അതായത്, 2008-ൽ, യുദ്ധം നടക്കുമ്പോൾ, അവൾക്ക് പതിനാറു വയസ്സ്.

‘ഗാസ ഒരു വിമാനമാണ്, ആൾക്കാരെയും വഹിച്ചു കൊണ്ട് അജ്ഞാതമായ ഏതോ ഒരിടത്തിലേക്ക് ഗാസ ഒരു വിമാനമാണ്, ആൾക്കാരെയും വഹിച്ചു കൊണ്ട് അജ്ഞാതമായ ഏതോ ഒരിടത്തിലേക്ക് പറന്നുകൊണ്ടിരിക്കുന്ന ഒരു വിമാനം; അതു ചെന്നിറങ്ങുന്നത് സ്വർഗ്ഗത്തിലോ നരകത്തിലോ ആവില്ല.  അതെപ്പോൾ ലാൻഡ് ചെയ്യുമെന്ന് ആർക്കുമറിയില്ല. ആൾക്കാർ അതിലെ ആ അനിശ്ചിതത്വത്തിൽ അങ്ങനെ പെട്ടുകിടക്കും. എന്റെ ജീവിതകാലത്തു തന്നെ അങ്ങനെ രണ്ടു വട്ടമുണ്ടായിട്ടുണ്ട്.

“ഇവിടെ എല്ലാ ദിവസവും ഒരുപോലെയാണ്,  പുതുതായി ഒന്നും സംഭവിക്കുന്നില്ല.  ഏറ്റവും ലളിതമായി പറഞ്ഞാൽ, ഗാസയിൽ നിങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറവേറ്റുകയെന്നത് അസാധ്യമാണ്, പ്രത്യേകിച്ച് അവ എനിക്കുള്ളതു പോലെയുള്ളവയാണെങ്കിൽ, ഒരാർട്ടിസ്റ്റ് ആവണമെന്നോ, പാടണമെന്നോ, അഭിനയിക്കണമെന്നോ, സംഗീതോപകരണങ്ങൾ വായിക്കണമെന്നോ ഒക്കെ…… ഗാസയിലെ ഒരേയൊരു സംഗീതം മരണത്തിന്റെതു മാത്രമാണ്, മുറിവുകൾക്കു മേൽ നൃത്തം ചവിട്ടുന്നതിന്റെയും.”

ഇങ്ങനെയാരംഭിക്കുന്ന ആ ചെറിയ കുറിപ്പ്, പതിനാറു വയസ്സുള്ളൊരു പെൺകുട്ടി എഴുതിയതായി തോന്നില്ലായിരുന്നു.  പക്ഷെ, പിന്നീടു ഞാൻ തിരിച്ചറിഞ്ഞു, അവിടങ്ങളിൽ കുട്ടികൾ വളരെവേഗം മുതിർന്നവരാകും.  യുവാക്കൾ വളരെപ്പെട്ടെന്ന് വൃദ്ധരാകും.   ഒരായുസ്സിലെ ആഘാതങ്ങൾ മുഴുവൻ ജീവിതത്തിന്റെ ഏതാനും വർഷങ്ങൾക്കുള്ളിൽ അവർ ഏറ്റുവാങ്ങും.

ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത ഈ കുറിപ്പ്, അന്നധികം പേരൊന്നും കണ്ടില്ല. സ്വാഭാവികം മാത്രം.  പക്ഷെ, ഏതാനും ദിവസം കഴിഞ്ഞപ്പോൾ, മെസഞ്ചറിൽ ഒരു ശബ്ദസന്ദേശം വന്നു. ഗൾഫിലുള്ള നാസർ അബ്ദുൾ എന്നൊരാളിന്റെതായിരുന്നു അത്.  മനോഹരമായ ശബ്ദത്തിൽ, ചെറിയ സംഗീതത്തിന്റെ പശ്ചാത്തലത്തോടെ അദ്ദേഹം ആ കുറിപ്പ് വായിച്ചു റെക്കോഡ് ചെയ്ത് ഒരു ഓഡിയോ ഫയൽ ആക്കിയിരിക്കുന്നു!  ഞാനന്നു വരെ കണ്ടിട്ടില്ലാത്ത ഏതോ ഒരു വ്യക്തിയെ സ്വാധീനിക്കാൻ, ഞാൻ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഏതോ നാട്ടിലുള്ള ഒരു പെൺകുട്ടിയുടെ വാക്കുകൾക്ക്, അവയ്ക്കു ഞാൻ നൽകിയ മലയാളപരിഭാഷക്ക് കഴിഞ്ഞിരിക്കുന്നു.

അതോടെ ഞാൻ കൂടുതൽ മോണോലോഗുകൾ വിവർത്തനം ചെയ്തു തുടങ്ങി.  ഏതാനും ദിവസം കഴിഞ്ഞപ്പോൾ, നാസർ (അപ്പോഴേക്കും അദ്ദേഹം അടുത്ത സുഹൃത്തായിക്കഴിഞ്ഞിരുന്നു) ഒരു വീഡിയോ അയച്ചു തന്നു. സ്കൂളദ്ധ്യാപികയായ റെജുല ഹനീഫ, മറ്റൊരെണ്ണം വായിച്ച്, ഒരു വീഡിയോ ഫയൽ ആക്കിയിരിക്കുന്നു.  തീർത്തും ഹൃദയസ്പർശിയായ അവതരണം.

അപ്പോഴാണ്, വിവിധ ലോകഭാഷകളിലേക്ക് ‘ഗാസ മോണോലോഗുകൾ’ തർജ്ജമ ചെയ്യുന്നത് അഷ് തർ തിയേറ്റർ ഒരു പ്രോജക്റ്റായി എടുത്തിട്ടുണ്ടെന്നു മനസ്സിലാകുന്നത്. വെബ് സൈറ്റിൽ നിന്നു കിട്ടിയ ഇ-മെയിൽ അഡ്രസിൽ ഞാൻ എഴുതി.  എന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതിവേഗം മറുപടി വന്നു.  അഷ് തർ തിയേറ്ററിന്റെ കമ്യൂണിക്കേഷൻ ഓഫീസർ കോൺ റാഡ് ആണെഴുതിയിരിക്കുന്നത്.  മലയാളഭാഷയിലേക്ക് ‘ഗാസ മോണോലോഗുകൾ’ വിവർത്തനം ചെയ്യാനുള്ള താല്പര്യത്തിൽ സന്തോഷമറിയിച്ചു കൊണ്ടും, അതിനു സഹായകരമായേക്കാവുന്ന കൂടുതൽ വിവരങ്ങളടങ്ങുന്ന ഫയലുകൾ ചേർത്തുകൊണ്ടും വിശദമായൊരു മറുപടി.  പുറകെ, ഗാസാ മോണോലോഗുകളുടെ അന്തർദ്ദേശീയ വിവർത്തകരുടെ ഒരു വാട് സ് ആപ്പ് ഗ്രൂപ്പിലും കോൺ റാഡ് എന്നെ ചേർത്തു.

അങ്ങനെയാണ്, ‘ഗാസാ മോണോലോഗുകൾ’ വിവർത്തനം ചെയ്യുകയെന്ന ഉദ്യമം തുടങ്ങുന്നത്. എളുപ്പമായിരുന്നില്ല.  2010-ലെ (2008-ലെ യുദ്ധത്തിന്റെ ഇരകളിൽ നിന്നുള്ളവ) മോണോലോഗുകൾക്കു ശേഷം വീണ്ടും 2014-ൽ മറ്റൊരു പരമ്പരയും അഷ് തർ തിയേറ്റർ ശേഖരിച്ചിരുന്നു.  ആദ്യത്തെ പ്രോജക്റ്റിൽ പങ്കാളികളായിരുന്ന മുപ്പത്തിമൂന്നു പേരിൽ പലരും അക്കൂട്ടത്തിലുണ്ടായിരുന്നു.  പിന്നീട്, ഏറ്റവും പുതിയ മോണോലോഗുകളും പതിവായി വരാൻ തുടങ്ങി.  സംഭവിച്ചു കൊണ്ടിരിക്കുന്ന ക്രൂരതകളുടെ നേരിട്ടുള്ള അനുഭവക്കുറിപ്പുകൾ.  ശ്വാസം മുട്ടിക്കുന്ന വാക്കുകളും വരികളും.

ഇന്ന്, അഷ് തർ തിയേറ്ററിന്റെ വെബ് സൈറ്റിൽ, ‘ഗാസാ മോണോലോഗുകളുടെ’ പത്തൊമ്പത് പരിഭാഷകളിൽ, മലയാളവും ഉൾക്കൊള്ളുന്ന ഒരു പി ഡി. എഫ് ഡോക്യുമെൻ്റ് ഉണ്ട്.  അറബിക്കും, ഇംഗ്ലീഷിനും പുറമെ, ഫ്രഞ്ച്, ഇറ്റാലിയൻ, ഗ്രീക്ക്, ലിത്വാനിയൻ, നോർവീജിയൻ, സ്വീഡിഷ്, ജർമ്മൻ, സ്പാനിഷ്, ബൾഗേറിയൻ, ഡച്ച്, കൊറിയൻ, പോളിഷ്, പോർച്ചുഗീസ്, മാൻഡരിൻ (ചൈന), ടർക്കിഷ്, ബഹാസ (ഇന്തോനേഷ്യ) എന്നീ ഭാഷകൾക്കൊപ്പം മലയാളവും.

ഇമാൻ ഔൺ

പരിഭാഷക്കിടയിലാണ് അഷ് തർ തിയേറ്ററിനെപ്പറ്റി, സ്ഥാപകരായ എഡ്വേർഡ് മുവാല്ലത്തെയും, ഇമാൻ ഔണിനെയും പറ്റി, കമ്യൂണിക്കേഷൻ ഓഫീസറായ പോളണ്ടുകാരൻ കോൺ റാഡിനെപ്പറ്റി എല്ലാം കൂടുതൽ മനസ്സിലാക്കിയത്.

എഡ്വേർഡ് മുവാല്ലത്തെ

പാലസ്തീനിലെ മുതിർന്ന നാടകപ്രവർത്തകരാണ് എഡ്വേർഡും, ഇമാനും.  മാപ്പിൽ നോക്കിയാൽ, കഷ്ടിച്ച് കേരളത്തിന്റെയത്ര വിസ്തീർണ്ണം മാത്രമുള്ള പ്രദേശങ്ങളാണ് ഇസ്രായേലും, ലെബനോണും, പാലസ്തീനായി അറിയപ്പെടുന്ന (എന്നാൽ ഇസ്രായേലിന്റെ നിയന്ത്രണത്തിൽ വരുന്ന) വെസ്റ്റ് ബാങ്കും ഗാസയുമൊക്കെ.  അതിനുള്ളിൽ, ഇസ്രായേലിന്റെ വടക്കുഭാഗത്ത്, തെക്കൻ ലെബനോണിനോട് ചേർന്നു കിടക്കുന്ന ഗലീലിയെന്ന പ്രദേശത്തെ ഒരു കൊച്ചു ഗ്രാമത്തിലാണ് എഡ്വേർഡ് ജനിച്ചത്.  യെരൂശലേമിലെ ഹീബ്രൂ യൂണിവേഴ് സിറ്റിയിൽ നിന്ന് ഭൂമിശാസ്ത്രവും, നാടകവും പഠിക്കാനെത്തിയ എഡ്വേർഡ്, യെരൂശലേം സ്വദേശിയായ ഫ്രാൻസ്വാ അബു സാലിം എന്ന നാടകകാരനെ പരിചയെപ്പെട്ടു.  അടിച്ചമർത്തപ്പെട്ടു കൊണ്ടിരിക്കുന്ന പാലസ്തീനിയൻ സ്വരങ്ങളെ പുറം ലോകത്തെത്തിക്കാനുതകുന്ന ഒരുപാധിയായിരുന്നു അവരെ സംബന്ധിച്ച് നാടകം. 1977-ൽ, യെരൂശലേം കേന്ദ്രീകരിച്ച് അവർ അൽ ഹക്കാവതി തിയേറ്റർ എന്നൊരു നാടകസംഘത്തിനു തുടക്കമിട്ടു.  ഫ്രാൻസ്വാക്കും എഡ്വേർഡിനുമൊപ്പം സുഹൃത്തുക്കളായ ജാക്കി ലുബെക്ക്, അദ് നാൻ താരാബ് ഷെ എന്നിവരുമുണ്ടായിരുന്നു. ‘ഹക്കാവതി’ എന്നാൽ അറബി ഭാഷയിൽ, ‘കഥപറച്ചിലുകാരൻ’ (Storyteller) എന്നാണർത്ഥം.

ഹംഗേറിയൻ – ഫ്രഞ്ച് മാതാപിതാക്കളുടെ പുത്രനായ ഫ്രാൻസ്വാ ഗാസ് പർ, യെരൂശലേമിലാണു ജനിച്ചതും വളർന്നതും.  പിന്നീടദ്ദേഹം ഫ്രാൻസ്വാ അബു സാലേം എന്ന അരങ്ങു നാമം സ്വീകരിക്കുകയായിരുന്നു. പാരീസിലെ അരിയാൻ മുഷ് കിൻ എന്ന, ലോകപ്രശസ്തയായ നാടകാചാര്യയുടെ ശിഷ്യനായിരുന്ന ഫ്രാൻസ്വാ, പരിശീലനത്തിനു ശേഷം പാലസ്തീനിലേക്കു തന്നെ തിരികെ വരികയായിരുന്നു.

 

ആദ്യകാലത്ത് നാടകം കൊണ്ടു ജീവിക്കാനുള്ള സാഹചര്യമൊന്നും അവിടെയുണ്ടായിരുന്നില്ല. അതുകൊണ്ട് എഡ്വേർഡ്, ഗലീലിയിലെയും യെരൂശലേമിലെയും സ്കൂളുകളിൽ അദ്ധ്യാപകനായി ജോലിചെയ്തു.  മെല്ലെമെല്ലെ ആ യുവനാടകപ്രവർത്തകർ അൽ ഹക്കാവതി തിയേറ്ററിനെ വികസിപ്പിച്ചെടുത്തു.  1980-ലെ ആദ്യത്തെ വിദേശപര്യടനത്തോടെ അവർക്ക് യൂറോപ്യൻ നാടകവേദിയുമായി ബന്ധപ്പെടാനുള്ള അവസരങ്ങൾ ലഭിച്ചു തുടങ്ങി. ഒപ്പം, മുഴുവൻ സമയവും നാടകപ്രവർത്തനത്തിൽ ഏർപ്പെടാൻ സഹായിക്കുന്ന സാമ്പത്തികപിന്തുണകളും.  മെല്ലെ അവർ, യെരൂശലേമിലെ ഉപേക്ഷിക്കപ്പെട്ട ഒരു സിനിമാ തിയേറ്റർ ഏറ്റെടുത്ത്, സ്വന്തം ആസ്ഥാനമാക്കി മാറ്റി.  ആ തിയേറ്ററിൽ ഒതുങ്ങി നിന്നില്ല അവരുടെ നാടകപ്രവർത്തനങ്ങൾ.  ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രവർത്തനങ്ങളാണവർ സംഘടിപ്പിച്ചു കൊണ്ടിരുന്നത്.  ഗലീലിക്കു ചുറ്റുമുള്ള നാട്ടിൻ പുറങ്ങളിൽ താൽക്കാലിക തിയേറ്ററുകളുണ്ടാക്കി അവർ അവതരണങ്ങൾ നടത്തി.  മിക്കവാറും ഗ്രാമീണരുടെ വീടുകളിൽ താമസിച്ചു കൊണ്ടായിരുന്നു അവർ പ്രവർത്തിച്ചത്.  വിദ്യാർത്ഥിനിയായിരുന്ന ഇമാൻ ഔൺ അൽ ഹക്കാവതി തിയേറ്ററുമായി ബന്ധപ്പെടുന്നത് 1990-ലാണു.  സോഷ്യൽ സ്റ്റഡീസും, മനഃശാസ്ത്രവും, സാമൂഹ്യപ്രവർത്തനവുമായിരുന്നു ബിരുദപഠനത്തിനു ഇമാൻ തെരഞ്ഞെടുത്തത്.  ചെറുപ്പം മുതലേ നാടകത്തിൽ തല്പരയായിരുന്ന ഇമാനെ സംബന്ധിച്ച്, അൽ ഹക്കാവതിയിലെ പ്രവർത്തകർ നൽകിയ കാഴ്ചപ്പാട് തീർത്തും പുതുതായിരുന്നു.

1991-ൽ, എഡ്വേർഡും, ഇമാനും ചേർന്ന് അഷ് തർ തിയേറ്റർ സ്ഥാപിച്ചു.  അപ്പോഴേക്കും അൽ ഹക്കാവതിയുടെ ആദ്യകാലപ്രവർത്തകർ പല വഴിക്ക് പിരിയാൻ തുടങ്ങിയിരുന്നു. പാലസ്തീനിയൻ യുവാക്കൾക്ക് ഏറ്റവും മികച്ച നാടകപരിശീലനം പ്രാപ്യമാക്കുകയെന്നതായിരുന്നു എഡ്വേർഡിന്റെയും ഇമാന്റെയും ലക്ഷ്യം.  മൂന്നു വർഷത്തെ പൂർണ്ണമായ കരിക്കുലത്തോടു കൂടിയ ഒരു തിയേറ്റർ സ്കൂളാണവർ സ്ഥാപിച്ചത്. പാലസ്തീനിലെ ആദ്യത്തെ തിയേറ്റർ സ്കൂൾ.  പതിനാലു വയസ്സിനും ഇരുപത്തിനാലു വയസ്സിനുമിടയിൽ പ്രായമുള്ള യുവാക്കൾക്ക് തിയേറ്റർ പരിശീലനം നൽകുന്നതിനൊപ്പം അവർക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ലഭ്യമാക്കുകയും, വിദേശത്തെ തിയേറ്റർ സ്കൂളുകളിൽ പ്രവേശനത്തിനുള്ള സഹായങ്ങൾ നൽകുകയുമൊക്കെ ചെയ്യുന്നുണ്ടവർ.

തൊണ്ണൂറുകളിലെ പാലസ്തീനിയൻ സമൂഹം കലാപ്രവർത്തനങ്ങളെ പൂർണ്ണമായി സ്വീകരിച്ചിരുന്നില്ല.  കലാപ്രവർത്തനങ്ങൾ യുവാക്കളെ വഴിതെറ്റിക്കുമോയെന്ന ആശങ്ക, ഏതൊരു ഏഷ്യൻ യാഥാസ്ഥിതിക സമൂഹത്തിലുമെന്ന പോലെ അവിടെയുമുണ്ടായിരുന്നു. നിരന്തരവും ഉത്തരവാദിത്വപൂർണ്ണവുമായ പ്രവർത്തനങ്ങളിലൂടെ, മെല്ലെ മെല്ലെ എഡ്വേർഡും ഇമാനും തങ്ങൾ ഇടപെടുന്ന സമൂഹത്തിന്റെ വിശ്വാസം നേടിയെടുത്തു. പ്രശസ്ത ബ്രസീലിയൻ നാടകകാരനായ അഗസ്തോ ബോൽ ആവിഷ്കരിച്ച ‘തിയേറ്റർ ഓഫ് ദി ഒപ്രസ്ഡ്’ (മർദ്ദിതരുടെ നാടകവേദി) ആണവർ പിന്തുടരുന്ന നാടകശൈലി. ഇസ്രായേൽ അടിച്ചേൽപ്പിച്ചു കൊണ്ടിരുന്ന സങ്കീർണ്ണമായ അവസ്ഥകളിൽപ്പെട്ട് നട്ടം തിരിയുന്ന പ്രശ്നസങ്കീർണ്ണമായ പാലസ്തീനിയൻ ഗ്രാമങ്ങളിലെ മനുഷ്യരുടെയിടയിലേക്ക് കടന്നുചെല്ലാൻ ഏറ്റവുമധികം ഉതകുന്നത് മർദ്ദിതരുടെ നാടകവേദിയുടെ സങ്കേതങ്ങൾക്കാണെന്ന് അവർ തിരിച്ചറിയുകയായിരുന്നു. കാണികളെ അത്ഭുതസ്തബ്ധരാക്കുന്ന രംഗപ്പൊലിമകളൊന്നും അഷ് തർ തിയേറ്ററിന്റെ നാടകങ്ങളിലുണ്ടായെന്നു വരില്ല.  പക്ഷെ, ഒരു സമൂഹത്തെ ചേർത്തുനിർത്താനും, മുറിവുകളുണക്കാനും, പ്രത്യാശയുടെ വെളിച്ചം അല്പമെങ്കിലും പകരാനും നാടകമെന്ന മാധ്യമത്തെ ഉപയോഗിക്കുകയാണവർ.

അഞ്ചു മാസം നീണ്ടുനിന്ന ഒരു പ്രക്രിയയിലൂടെയാണ്, 2010-ൽ ‘ഗാസ മോണോലോഗുകൾ,’ ജന്മമെടുത്തത്.  ഗാസ സ്വദേശിയും, അഷ്തർ തിയേറ്ററിന്റെ പ്രവർത്തനങ്ങളിലെ പ്രധാന പങ്കാളിയുമായ അലി അബു യാസീനാണ് ഇമാനൊപ്പം ഈ പ്രോജക്റ്റ് നയിച്ചത്.  ഗാസയിലെ കുട്ടികളിൽ നിന്നും യുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ച്, അവരിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട 32 പേരെയാണ് ആദ്യത്തെ ആ ശില്പശാലയിൽ ഉൾക്കൊള്ളിച്ചത്. യുദ്ധം തീർത്ത മുറിപ്പാടുകളും മരവിപ്പും, ഇവരിൽ പലർക്കും ഗുരുതരമായ മാനസികപ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. അതിനെയൊക്കെ മെല്ലെമെല്ലെ അയച്ചെടുത്ത്, സ്വന്തം മനസ്സിനകത്തെ വികാരവിചാരങ്ങൾ വാക്കുകളിലൂടെയും, അഭിനയത്തിലൂടെയും പ്രകടിപ്പിക്കാൻ സാധിക്കുമെന്ന് അവരെ മനസ്സിലാക്കിയെടുക്കുന്ന ദുഷ്കരമായ പ്രക്രിയയിലൂടെയാണ് ‘ഗാസ മോണോലോഗുകൾ’ രൂപം കൊള്ളുന്നത്.

‘ഗാസ മോണോലോഗുകൾ’ ആദ്യമായി രംഗത്തവതരിപ്പിച്ചത് 2010 ഒക്ടോബർ 17-നായിരുന്നു.  ഗാസയുടെ, പാലസ്തീന്റെ സ്വരം ലോകമെമ്പാടും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ, വളരെ വിപുലമായ ഒരു അന്താരാഷ്ട്രപരിപാടിയായിട്ടാണ് അഷ്തർ തിയേറ്റർ അതാവിഷ്കരിച്ചത്.  ചൈന മുതൽ കാനഡ വരെയുള്ള മുപ്പത്തിമൂന്നിലധികം രാജ്യങ്ങളിലെ 50 നഗരങ്ങളിൽ, 1500 ആൺകുട്ടികളും പെൺകുട്ടികളും ചേർന്ന്, പതിനെട്ടിലധികം ഭാഷകളിലാണ് അന്നേ ദിവസം  ‘ഗാസ മോണോലോഗുകൾ’ അവതരിപ്പിച്ചത്.  അതേ വർഷം, നവംബർ മാസത്തിൽ ‘ഗാസ മോണോലോഗുകൾ’ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തും അവതരിപ്പിക്കപ്പെട്ടു.

പക്ഷെ, ഗാസയിലെ കുട്ടികൾക്ക് ന്യൂയോർക്കിലെത്താൻ കഴിഞ്ഞില്ല. തുറന്ന ജയിലായിരുന്നല്ലോ ഗാസ 2023 ഒക്ടോബർ 7-നൊക്കെ വളരേ മുമ്പു തന്നെ. ഇസ്രായേലിന്റെ അനുമതിയില്ലാതെ ഒരാൾക്കും അകത്തേക്കോ, പുറത്തേക്കോ കടക്കാൻ പറ്റാത്ത ഒരിടം. അതിനെയാണല്ലോ ജയിൽ എന്നു പറയുക.  ആ സാഹചര്യത്തിൽ, ന്യൂയോർക്കിലെ വോയിസ് തിയേറ്ററിന്റെ സഹകരണത്തോടെ, വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള 22 കുട്ടികൾ ചേർന്നാണ്, 2010 നവംബർ 29-ന്, ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തെ ഹാൾ നമ്പർ 2-ൽ ‘ഗാസാ മോണോലോഗുകൾ’ അവതരിപ്പിച്ചത്.  പാലസ്തീനുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുള്ള അന്തർദ്ദേശീയ ദിനമാണ് (International Day of Solidarity with Palestine) നവംബർ 29.

പിന്നീട് 2014-ൽ, ‘ഗാസാ മോണോലോഗു’കളുടെ പുതിയ എഡിഷൻ ഇറങ്ങി.  മറ്റൊരു യുദ്ധാനന്തരം.  പഴയ മോണോലോഗുകൾ രചിച്ചവരിൽ കുറേപ്പേർ തന്നെയുണ്ടായിരുന്നു ഇത്തവണയും.  2023 ഒക്ടോബർ മുതൽ, ഇന്നു വരെ, ഗാസയിൽ നിന്നുള്ള നെഞ്ചു തകരുന്ന അനുഭവക്കുറിപ്പുകൾ അഷ്തർ തിയേറ്റർ പ്രവർത്തകർ പങ്കു വെച്ചു കൊണ്ടിരിക്കുന്നു.  തന്റെ സാമൂഹ്യമാധ്യമങ്ങളിലൂടെ അലി അബു യാസീൻ, ഗാസയിലെ ദൈനംദിനജീവിതദുരന്തങ്ങൾ ലോകവുമായി പങ്കിടുന്നു.

അഷ്തർ തിയേറ്ററിനു റമാലയിൽ സ്വന്തമായൊരാസ്ഥാനമുണ്ടാകുന്നത് 1995-ലാണ്. അതുവരെ ഇവർ സർവ്വകലാശാലകളിലും, സ്കൂളുകളിലുമൊക്കെ ചെന്ന് നാടകപ്രവർത്തനങ്ങൾ നടത്തുകയായിരുന്നു.  പക്ഷെ, വെസ്റ്റ് ബാങ്കിലെ ജീവിതവും, നാടകപ്രവർത്തനവുമൊക്കെ നമ്മുടെ സങ്കല്പങ്ങൾക്കപ്പുറത്തുള്ള സമവാക്യങ്ങൾ കൊണ്ടു തീർത്തതാണ്. മുട്ടിനു മുട്ടിനു കാണപ്പെടുന്ന  ഇസ്രായേലിന്റെ ചെക്ക് പോസ്റ്റുകൾ കടന്നു വേണം അവിടെ ജീവിക്കുന്ന മനുഷ്യർക്ക് തങ്ങളുടെ നിത്യജീവിതം മുന്നോട്ടു കൊണ്ടു പോകാൻ.  അതിർത്തിമതിലിനു തൊട്ടപ്പുറത്തുള്ള ഇസ്രായേലി കുടിയിരിപ്പുകളിലും പട്ടണങ്ങളിലും കൂലിപ്പണിക്ക് പോകാൻ വരെ, വിവിധ വർണ്ണങ്ങളിലുള്ള രേഖകളും, ചെക്ക് പോസ്റ്റുകളിലെ മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പുകളുമുണ്ട്.  ഗാസാ മോണോലോഗുകളുടെ അന്തർദ്ദേശീയ വിവർത്തകർക്കായുള്ള വാട് സ് ആപ്പ് ഗ്രൂപ്പ് ഒരിക്കൽ അപ്രത്യക്ഷമായി, ഏറെക്കാലത്തേക്ക്.  ഒരുപാടു നാൾ കഴിഞ്ഞ്, ഗ്രൂപ്പ് അഡ്മിനായിരുന്ന കോൺ റാഡിനെ ഇൻസ്റ്റാഗ്രാമിൽ കണ്ടെത്തിയപ്പോൾ, കോൺറാഡ് സാധാരണ മട്ടിൽ പറഞ്ഞു, “ഓ, വാട്സ് ആപ്പ് മൊത്തം ഇടക്ക് ഡിലീറ്റ് ചെയ്യേണ്ടി വന്നു. ചെക്ക് പോസ്റ്റുകളിൽ അവർ എപ്പോഴും ഫോൺ പരിശോധിക്കും.”  കോൺറാഡ് വിദേശപൗരനാണ്. പോളിഷ് പാസ് പോർട്ടിന്റെ ഉടമ. എന്നിട്ടും.

പോളണ്ടിൽ ജനിച്ച കോൺറാഡ്, റമാലയിലെത്തിയ കഥ ഇപ്പോഴുമെനിക്ക് കൃത്യമായി അറിയില്ല. ഇംഗ്ലണ്ടിൽ സാഹിത്യം, ഭാഷ, തിയേറ്റർ, അഹിംസ, സംഘർഷമേഖലകൾ, ആനിമൽ റൈറ്റ്സ്, ഇക്കോ ജസ്റ്റിസ് തുടങ്ങി വളരെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിക്കുന്ന കോൺറാഡിന്റെ വഴികൾ ഇന്ത്യയിലൂടെയും കടന്നുപോയിട്ടുണ്ട്.   തൽക്കാലം കോൺറാഡിന്റെ ലോകം അഷ്തർ തിയേറ്ററും, റമാലയുമാണ്.

വെസ്റ്റ് ബാങ്ക് കത്തിയെരിയുന്ന ചില ദിവസങ്ങളിൽ, കോൺറാഡിനു ഞാൻ ഇൻസ്റ്റഗ്രാമിൽ മെസേജ് അയക്കും.  എന്താണു ചോദിക്കേണ്ടത് എന്ന് അറിയില്ലെങ്കിലും, ഔപചാരികതയുടെ വാക്കുകൾ പെറുക്കിവെച്ച്, ‘ഹൗ ആർ യൂ? ആർ യൂ ഓകെ ?” എന്നൊക്കെ ചോദിക്കും. ഒരിക്കൽ കോൺറാഡ് പറഞ്ഞു: ‘അയാം ഓകെ. (I am OK.)” എന്നിട്ട് കൂട്ടിച്ചേർത്തു, “O.K. അക്ഷരമാലയിലെ ഏറ്റവും ഭാരമുള്ള രണ്ട് അക്ഷരങ്ങളാണിവ.”

റമാലയിൽ നിന്നു കൊണ്ട് ലോകത്തെ എത്തിപ്പിടിക്കാനും, പാലസ്തീന്റെ സ്വരം ലോകം മുഴുവനെത്തിക്കാനും ശ്രമിച്ചു കൊണ്ടിരിക്കുകയാണ് എഡ്വേർഡും, ഇമാനും അവർക്കൊപ്പമുള്ള അഷ്തർ തിയേറ്ററിന്റെ പ്രവർത്തകരും.

അഷ്തർ തിയേറ്ററിനെപ്പറ്റിയും, ഇമാൻ – എഡ്വേർഡ് ദമ്പതികളെപ്പറ്റിയും, ഗാസാ മോണോലോഗുകളെപ്പറ്റിയുമുള്ള കഥകൾ ഒരു കോളത്തിന്റെ പരിമിതിയിൽ ഒതുങ്ങുന്നതല്ല.  ഒരു ദേശത്തിന്റെയും, ജനതയുടെയും സങ്കടങ്ങളുടെ പറഞ്ഞാൽ തീരാത്ത കഥകളാണവ.  തങ്ങളുടെ സ്വരങ്ങൾ വെടിയൊച്ചകളിലും, ബോംബുസ്ഫോടനങ്ങളിലും മാഞ്ഞുപോകാതിരിക്കാൻ ചില മനുഷ്യർ നടത്തിക്കൊണ്ടേയിരിക്കുന്ന പരിശ്രമങ്ങളുടെ കഥകൾ.  നമുക്കാകെ ചെയ്യാനാവുക, ആ കഥകൾ കേൾക്കുകയും അറിയുകയും, അവരെപ്പറ്റി പറയുകയും ചെയ്യുക എന്നത് മാത്രമാണല്ലോ.

Hot this week

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

ബദൽ

ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു...

Topics

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

ബദൽ

ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു...

തൊഴിൽ ഉറപ്പിക്കാൻ ആലപ്പുഴ വഴി

2024 ഒക്ടോബറിൽ ഡോ. ടി എം തോമസ് ഐസക് വിളിച്ചു ചേർത്ത...

കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൺഡ്രം (സിഇടി) ക്യാമ്പസ് റിക്രൂട്ട്മെന്റിന്റെ മാതൃക

എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നടത്താനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രവേശനം ലഭിക്കാനായി പരിഗണിക്കുന്ന ഒന്നാമത്തെ സംസ്ഥാനതല...

ദിൻകർ മേത്ത

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ കാര്യമായ വേരോട്ടമുണ്ടാക്കാൻ സാധിച്ച സംസ്ഥാനമല്ല ഗുജറാത്ത്‌. എങ്കിലും ഗുജറാത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img