ട്രംപ്‌ ബ്രിക്‌സിനെ പേടിക്കുന്നതെന്തിന്‌?

പ്രകാശ്‌ കാരാട്ട്‌

ജൂലൈ 6, 7 തീയതികളിലായി റിയോ ഡീ ജനീറോയിൽ നടന്ന പതിനേഴാമത്‌ ബ്രിക്‌സ്‌ ഉച്ചകോടി പതിനൊന്ന്‌ രാജ്യങ്ങളുടെ വിപുലീകരണ അംഗത്വത്തോടെയുള്ള ആദ്യ ഉച്ചകോടിയായിരുന്നു. അതിനു തൊട്ടുപിന്നാലെ, ബ്രിക്‌സുമായി സഖ്യമുണ്ടാക്കുന്ന രാജ്യങ്ങൾക്കുമേൽ 10 ശതമാനം തീരുവ ചുമത്തുമെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ട്രംപ്‌ ഭീഷണിപ്പെടുത്തി. അമേരിക്കൻ ഡോളറിന്റെ ആധിപത്യം തകർക്കാനും അമേരിക്കയെ ദുർബലപ്പെടുത്താനും ബ്രിക്‌സ്‌ രാജ്യങ്ങൾ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ്‌ അവയ്‌ക്കുമേൽ 100 ശതമാനം തീരുവ ചുമത്തുമെന്ന്‌ ട്രംപ്‌ നേരത്തെയും ഭീഷണിപ്പെടുത്തിയിരുന്നു. എന്തുകൊണ്ടാണ്‌ ബ്രിക്‌സ്‌ ഇത്രയധികം ട്രംപിനെ ഭീഷണിപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നത്‌?

ബ്രിക്‌സിൽ ആദ്യം അഞ്ച്‌ രാജ്യങ്ങളാണ്‌ ഉൾപ്പെട്ടിരുന്നത്‌: ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ. 2009ൽ ബ്രിക്‌സ്‌ ആരംഭിച്ചു. പിന്നീട്‌ ഒരുവർഷത്തിനുശേഷം ദക്ഷിണാഫ്രിക്കയും ചേർന്നു. ആഗോളതലത്തിൽ തെക്കൻ രാജ്യങ്ങളുടെ താൽപര്യങ്ങളും അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്ന ഒരു ഫോറമായാണ്‌ ബ്രിക്‌സ്‌ വിഭാവനം ചെയ്യപ്പെട്ടത്‌. ലോക ജനസംഖ്യയുടെ 40 ശതമാനവും ലോക സമ്പദ്‌വ്യവസ്ഥയുടെ നാലിലൊന്ന്‌ ഭാഗവും ബ്രിക്‌സിലെ അഞ്ച്‌ അംഗരാജ്യങ്ങൾ ഉൾക്കൊള്ളുന്നു. 2024ൽ ജൊഹന്നാസ്‌ബർഗിൽ നടന്ന 16‐ാമത്‌ ബ്രിക്‌സ്‌ ഉച്ചകോടിയിൽ ഈജിപ്‌ത്‌, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ, ഇന്തോനേഷ്യ എന്നീ ആറ്‌ രാജ്യങ്ങളെക്കൂടി ഈ ഫോറത്തിലേക്ക്‌ പ്രവേശിപ്പിക്കാൻ തീരുമാനിക്കപ്പെട്ടു. ഇപ്പോൾ ബ്രിക്‌സിലെ ഈ പതിനൊന്ന്‌ രാജ്യങ്ങൾ കൂട്ടായി ലോക ജനസംഖ്യയുടെ 49.5 ശതമാനവും ലോക ജിഡിപിയുടെ 40 ശതമാനവും ലോക വ്യാപാരത്തിന്റെ 26 ശതമാനവും പ്രതിനിധീകരിക്കുന്നു.

ബ്രിക്‌സ്‌ ഒരു കൂട്ടായ്‌മയോ സഖ്യമോ അല്ല. ബഹുരാഷ്‌ട്ര സ്ഥാപനങ്ങളുടെ പരിഷ്‌കാരം, വ്യാപാരം, സാമ്പത്തിക സഹകരണം, കാലാവസ്ഥാ വ്യതിയാനം, സാങ്കേതികവിദ്യ എന്നിവയിൽ പൊതുവായ നിലപാടുകളിൽ എത്തിച്ചേരാൻ ശ്രമിക്കുന്ന ആഗോള ദക്ഷിണരാഷ്‌ട്രങ്ങളുടെ (റഷ്യ മാത്രമാണ്‌ അതിനൊരു അപവാദം) ഒരു ഗ്രൂപ്പിങ്‌ ആണിത്‌. അതിനാൽ, ഐഎംഎഫ്‌, ലോകബാങ്ക്‌, വ്യാപാര‐സാമ്പത്തിക സംവിധാനങ്ങൾ തുടങ്ങിയവയുടെ മേലുള്ള ജി‐7 രാജ്യങ്ങളുടെയും പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെയും ആധിപത്യത്തെ വെല്ലുവിളിക്കാൻ ബ്രിക്‌സിന്‌ ശേഷിയുണ്ട്‌. 2008ലെ ആഗോള സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ്‌ ബ്രിക്‌സ്‌ ഉയർന്നുവന്നത്‌. ജി‐7 രാജ്യങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്‌ ഇത്‌ കൂടുതൽ പ്രസക്തമായി. രണ്ട്‌ അധിനിവേശങ്ങളെ സംബന്ധിച്ച്‌ ആഗോള ദക്ഷിണരാജ്യങ്ങളുടെ നിലപാട്‌ ഡീ ജനീറോ പ്രഖ്യാപനം വ്യക്തമായും പ്രതിഫലിപ്പിച്ചു. ഇറാന്റെ പരമാധികാരത്തിനും ആ രാജ്യത്തിന്റെ ആണവകേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെയും ഗാസയിൽ ഇസ്രയേൽ നടത്തുന്ന പുതിയ ആക്രമണങ്ങളെയും ഭക്ഷ്യവസ്‌തുക്കളുടെ വിതരണത്തെയും മാനുഷിക പരിഗണനകളെയും ഉപരോധിക്കുന്നതും ഡീ ജനീറോ പ്രഖ്യാപനം ശക്തമായി അപലപിച്ചു. താരിഫിന്റെയും താരിഫ്‌ ഇതര കാര്യങ്ങളുടെയും ഏകപക്ഷീയമായ വർധനയിൽ അമേരിക്കയെ പേരെടുത്തു പരാമർശിക്കാതെ തന്നെ ഡി ജനീറോ പ്രഖ്യാപനം ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്‌. പ്രധാനപ്പെട്ട ആഗോള ദക്ഷിണരാജ്യങ്ങൾക്ക്‌ ഐഎംഎഫിലും ലോകബാങ്കിലും കൂടുതൽ വോട്ടിങ്‌ അധികാരം നൽകണമെന്നും യുഎൻ സുരക്ഷാ കൗൺസിലിൽ ബ്രസീലിനും ഇന്ത്യക്കും പ്രാതിനിധ്യം നൽകണമെന്നുമുള്ള ദീർഘകാല ആവശ്യം ഡി ജനീറോ പ്രഖ്യാപനം ആവർത്തിച്ചു.

ഡോളറിനെ ആശ്രയിക്കുന്നത്‌ കുറയ്‌ക്കുന്നതിനും ബഹുരാഷ്‌ട്ര ധനകാര്യസ്ഥാപനങ്ങളുടെ മേലുള്ള അമേരിക്കയുടെയും ജി‐7 രാജ്യങ്ങളുടെും പിടി അയയ്‌ക്കുന്നതിനുമുള്ള നടപടികളും ബ്രിക്‌സ്‌ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നതിനാലാണ്‌ പ്രസിഡന്റ്‌ ട്രംപ്‌ പ്രകോപിതനായത്‌. ചില പ്രത്യേക രാജ്യങ്ങൾക്കെതിരായ സാമ്പത്തിക ഉപരോധങ്ങൾ അമേരിക്ക കൂടുതലായി ഉപയോഗിക്കുകയും അന്താരാഷ്‌ട്ര ധനകാര്യ‐ബാങ്കിങ്‌ സംവിധാനങ്ങളിൽ നിന്ന്‌ അവയെ ഒഴിവാക്കുകയും ചെയ്യുന്നതിനാൽ കൂടുതൽ കൂടുതൽ രാജ്യങ്ങൾ ബദൽ ക്രമീകരണങ്ങളിലൂടെ അവയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചു. ബ്രിക്‌സ്‌ അംഗരാജ്യങ്ങൾ പ്രാദേശിക കറൻസികളിലെ വ്യാപാരവും കറൻസി കൈമാറ്റ ക്രമീകരണങ്ങളും ചർച്ച ചെയ്‌തു. അതിർത്തി കടന്നുള്ള പേമെന്റുകൾക്കുള്ള നടപടികളും അജൻഡയിലുണ്ട്‌. ബ്രിക്‌സ്‌ ക്രോസ്‌ ബോർഡർ പേമെന്റ്‌ ഇനിഷ്യേറ്റീവിനെക്കുറിച്ച്‌ ചർച്ച തുടരാനും ബ്രിക്‌സ്‌ പേമെന്റ്‌ ടാക്‌സ്‌ഫോഴ്‌സ്‌ (BPTF) സംവിധാനങ്ങളുടെ കൂടുതൽ കാര്യക്ഷമമായ പരസ്‌പര പ്രവർത്തനങ്ങൾക്കുള്ള സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനെ പിന്തുണയ്‌ക്കുന്നതിനും സാധ്യമായ വഴികൾ തിരിച്ചറിയുന്നതിന്‌ അംഗരാജ്യങ്ങളിലെ നേതാക്കൾ തങ്ങളുടെ രാജ്യങ്ങളിലെ ധനമന്ത്രിമാരെയും കേന്ദ്ര ബാങ്ക്‌ ഗവർണർമാരെയും ചുമതലപ്പെടുത്തുമെന്ന്‌ റിയോ സംയുക്ത പ്രസ്‌താവന വ്യക്തമാക്കുന്നു. ബ്രിക്‌സിന്‌ ഒരു ബദൽ കറൻസി ക്രമീകരിക്കുന്നതിനുള്ള ലക്ഷ്യമൊന്നുമില്ലെങ്കിലും ഡോളറിനെ ആശ്രയിക്കുന്നത്‌ കുറയ്‌ക്കുന്നതിനുള്ള പരിമിതമായ നടപടികൾ പോലും ട്രംപ്‌ ഭരണകൂടത്തെ ഭയപ്പെടുത്തുന്നു.

ചില ബദൽ സ്ഥാപനങ്ങൾ രൂപീകരിക്കുന്നതിൽ ബ്രിക്‌സ്‌ ക്രമേണ പുരോഗതി കൈവരിക്കുന്നുണ്ട്‌. ന്യൂ ഡെവലപ്‌മെന്റ്‌ ബാങ്ക്‌ (എൻഡിബി) സ്ഥാപിക്കപ്പെട്ടത്‌ തന്നെ ഉദാഹരണം. 2015ൽ 100 ബില്യൺ (10,000 കോടി) ഡോളർ മൂലധനത്തോടെ സ്ഥാപിക്കപ്പെട്ട ഈ ബാങ്കിന്റെ ആസ്ഥാനം ഷാങ്‌ഹായ്‌ ആണ്‌. പശ്ചാത്തലസൗകര്യ വികസനത്തിനുള്ള പദ്ധതികൾക്ക്‌ വായ്‌പകൾ നൽകാനാണ്‌ ഈ ബാങ്ക്‌ ശ്രമിക്കുന്നത്‌. ബ്രിക്‌സ്‌ അംഗരാജ്യങ്ങളിലും മറ്റ്‌ ദക്ഷിണേഷ്യൻ രാജ്യങ്ങളിലുമായി 98 പശ്ചാത്തല സൗകര്യ വികസനപദ്ധതികൾക്കായി എൻഡിബി ഇതുവരെ 36 ബില്യൺ ഡോളർ നൽകിയിട്ടുണ്ട്‌. ബ്രസീൽ മുൻ പ്രസിഡന്റ്‌ ദിൽമ റൂസെഫ്‌ ആണ്‌ ഈ ബാങ്കിന്റെ മേധാവി. ന്യൂ ഡെവലപ്‌മെന്റ്‌ ബാങ്കിന്‌ പുറമേ ബ്രിക്‌സ്‌ സെൻട്രൽ ബാങ്കുകൾക്കിടയിൽ നിന്നുള്ള ഒരു പൊതു ഫണ്ട്‌ ഉൾക്കൊള്ളുന്ന ഒരു കണ്ടിജന്റ്‌ റിസർവ്‌ അറേഞ്ച്‌മെന്റ്‌ (സിആർഎ) കൂടിയുണ്ട്‌. കറൻസി പ്രതിസന്ധി വേളയിൽ അംഗരാജ്യങ്ങൾക്ക്‌ സിആർഎ പിന്തുണ വാഗ്‌ദാനം ചെയ്യുന്നു.

ബ്രിക്‌സിന്‌ സ്ഥായിയായ ഒരു സാമ്രാജ്യത്വവിരുദ്ധ അജൻഡയില്ലെന്ന കാരണം പറഞ്ഞ്‌ ഇടതുപക്ഷത്തുനിന്നുള്ള വിമർശകരിൽ ചിലർ ബ്രിക്‌സിനെ നിരാകരിക്കുന്നു. എന്നാൽ അവരുടെ ഈ വിമർശനം അസ്ഥാനത്താണ്‌. ബ്രിക്‌സ്‌ ഒരു സാമ്രാജ്യത്വവിരുദ്ധ വേദിയല്ല. ആഗോളതലത്തിൽ തെക്കൻ രാജ്യങ്ങളുടെ നിലപാട്‌ വ്യക്തമാക്കുകയും അവയുടെ വികസന ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്ന പൊതുവായ ശ്രമങ്ങൾ ആരംഭിക്കുന്നിടത്തോളം, ബഹുധ്രുവത്വം ശക്തിപ്പെടുത്തുന്നതിനുള്ള ലക്ഷ്യത്തെ അത്‌ സഹായിക്കും. ലക്ഷ്യത്തിന്റെയും യോജിപ്പിന്റെയും മേഖലകളിൽ ബ്രിക്‌സ്‌ ഫോറം പുരോഗമിക്കുമ്പോൾ, അമേരിക്ക നയിക്കുന്ന സാമ്രാജ്യത്വക്രമത്തിനും വികസ്വരരാജ്യങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന വൈരുദ്ധ്യത്തിന്റെ പ്രകടനമായിരിക്കും അത്‌. ഇന്ത്യയുൾപ്പെടെ പല ബ്രിക്‌സ്‌ അംഗരാജ്യങ്ങൾക്കും അമേരിക്കയുമായി തന്ത്രപരവും സാന്പത്തികവുമായ ബന്ധമുണ്ട്‌. എന്നാൽ ഈ രാജ്യങ്ങൾക്ക്‌ അവയുടെ ദേശീയതാൽപര്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റുന്ന ഒരു ബഹുധ്രുവ ലോകത്ത്‌ സവിശേഷമായ ഒരു പങ്കുണ്ട്‌. അമേരിക്ക നയിക്കുന്ന സാമ്രാജ്യത്വ ക്രമവുമായി പൊരുത്തപ്പെടുമ്പോൾ തന്നെ, അത്തരം രാജ്യങ്ങൾക്ക്‌ ഒരു പരിധിവരെ തങ്ങളുടെ തന്ത്രപരമായ സ്വയംഭരണം നിലനിർത്താൻ ബ്രിക്‌സിലെ പങ്കാളിത്തം കൂടുതൽ അവസരങ്ങൾ നൽകുന്നു.

ട്രംപ്‌ അമേരിക്കൻ പ്രസിഡന്റായിരിക്കുന്ന വേളയിൽ വ്യാപാരത്തിലും മറ്റെല്ലാ മേഖലകളിലും ഏകപക്ഷീയമായ ആക്രമണങ്ങൾ നടത്തുന്നുണ്ട്‌. ഇത്‌ ആഗോള ദക്ഷിണേഷ്യൻ രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നു; കാനഡ, യുറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണകൊറിയ തുടങ്ങിയ അമേരിക്കയുടെ അടുത്ത സഖ്യകക്ഷികളെ പോലും വ്യപാരയുദ്ധം വെറുതെവിടുന്നില്ല. ഇത്‌ അമേരിക്ക നയിക്കുന്ന സാമ്രാജ്യത്വചേരിയെ ദുർബലപ്പെടുത്തുമ്പോൾ, ആഗോള ദക്ഷിണമേഖലയ്‌ക്കുള്ള ഒരു യഥാർഥ വേദി എന്ന നിലയിൽ ബ്രിക്‌സിന്റെ ആകർഷണവും പ്രസക്തിയും വർധിച്ചുവരികയാണ്‌. കൂടുതൽ കൂടുതൽ രാജ്യങ്ങൾ ബ്രിക്‌സിൽ ചേരാൻ ആഗ്രഹിക്കുന്നു. റിയോ ഉച്ചകോടി ഒരു പുതിയ ‘പങ്കാളിരാജ്യങ്ങൾ’ എന്ന വിഭാഗത്തെ അവതരിപ്പിച്ചു. ബലാറസ്‌, ബൊളീവിയ, ക്യൂബ, കസാക്കിസ്താൻ, മലേഷ്യ, തായ്‌ലൻഡ്‌, ഉഗാണ്ട, ഉസ്‌ബെക്കിസ്‌താൻ എന്നീ എട്ട്‌ രാജ്യങ്ങൾക്ക്‌ ഈ പദവി നൽകി. ഈ നവീകരണത്തോടെ ആഗോള ദക്ഷിണമേഖലയിലെ കൂടുതൽ രാജ്യങ്ങൾ ബ്രിക്‌സുമായി ബന്ധപ്പെടുന്നുണ്ട്‌.

ബ്രിക്‌സിന്റെ അധ്യക്ഷസ്ഥാനം ഒരു വർഷത്തേക്കാണ്‌. 2025ൽ ബ്രസീലിനാണ്‌ അധ്യക്ഷസ്ഥാനം. പ്രസിഡന്റ്‌ ലുലയുടെ നേതൃത്വത്തിൽ മറ്റു ചില സുപ്രധാന നടപടികൾ സ്വീകരിച്ചു. ഐക്യരാഷ്‌ട്രസഭയുടെ വരാനിരിക്കുന്ന കാലാവസ്ഥാ വ്യതിയാന സമ്മേളനമായ കോപ്‌ 30 (Cop 30)ന്‌ മുന്നോടിയായി ബ്രിക്‌സിന്റെ ഏകോപിത നിലപാട്‌ സൂചിപ്പിക്കുന്ന സംയുക്ത പ്രവർത്തനത്തിനായി ബ്രിക്‌സ്‌ ഒരു പുതിയ ചട്ടക്കൂട്‌ അവതരിപ്പിച്ചു. നിർമിതബുദ്ധി ഭരണത്തിന്റെ കാര്യത്തിൽ കൂടുതൽ രാജ്യങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആഗോള ചർച്ചകൾ അനിവാര്യമാണെന്ന്‌ സാങ്കേതികവിദ്യയെ സംബന്ധിച്ച പ്രഖ്യാപനത്തിൽ ബ്രിക്‌സ്‌ ഏകോപനസമിതി വാദിച്ചു. പലപ്പോഴം പ്രാതിനിധ്യം കുറവായ ആഗോള ദക്ഷിണരാജ്യങ്ങളുടെ ആശങ്കകൾ പ്രതിഫലിപ്പിക്കുന്നതായിരുന്നു ബ്രിക്‌സ്‌ സമ്മേളനത്തിൽ നടന്ന ചർച്ചകൾ. നഷ്ടസാധ്യത കുറയ്‌ക്കുന്നതിനായി നിക്ഷേപക ഗ്യാരന്റി നൽകിക്കൊണ്ട്‌ ആഗോള ദക്ഷിണരാജ്യങ്ങളിലുടനീളം പശ്ചാത്തലസൗകര്യ വികസനനിക്ഷേപം സുഗമമാക്കുന്നതിന്‌ ബ്രിക്‌സ്‌ അംഗരാഷ്‌ട്രങ്ങൾക്കിടയിൽ ഗ്യാരന്റി സംരംഭകത്വമാരംഭിക്കണമെന്ന നിർദേശമായിരുന്നു ബ്രിക്‌സ്‌ സമ്മേളനത്തിന്റെ മറ്റൊരു ഗുണപരമായ ഫലം.

2026ൽ ബ്രിക്‌സ്‌ അധ്യക്ഷസ്ഥാനം ഇന്ത്യക്കാണ്‌. ‘‘സഹകരണത്തിനും സുസ്ഥിരതയ്‌ക്കും വേണ്ടിയുള്ള പ്രതിരോധശേഷിയും നവീകരണവും കെട്ടിപ്പടുക്കുക’’ എന്നതായിരിക്കും വിഷയമെന്ന്‌ പ്രധാനമന്ത്രി മോദി പ്രഖ്യാപിക്കുകയുണ്ടായി. ആഗോള ദക്ഷിണ രാജ്യങ്ങളുടെ ശബ്ദമായി മാറാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിട്ടും മോദി ഗവൺമെന്റിന്റെ വിദേശ‐തന്ത്രപരമായ നയങ്ങൾ പൊതുവെ അമേരിക്കയുമായും ഇസ്രയേലുമായും ചേർന്നുനിൽക്കുന്നതാണ്‌. അമേരിക്ക സ്‌പോൺസർ ചെയ്യുന്ന ക്വാഡിൽ (QUAD) ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പിച്ചുനിൽത്താനാണ്‌ ഇന്ത്യ ആഗ്രഹിക്കുന്നത്‌. എന്നിരുന്നാലും ഇന്ത്യയും ട്രംപിസത്തിന്റെ ചാഞ്ചാട്ടങ്ങൾക്ക്‌ വിധേയമാണ്‌. ട്രംപിന്റെ ആക്രമണാത്മക ആവശ്യങ്ങളോട്‌ ഇന്ത്യ എത്രമാത്രം വിട്ടുവീഴ്‌ച ചെയ്യാൻ ശ്രമിച്ചാലും ട്രംപിന്റെ മിക്ക പ്രഹരങ്ങളുടെയും അവസാന ഇര ഇന്ത്യയായിരിക്കും.

ബഹുധ്രുവ ലോകത്തെ പ്രോത്സാഹിപ്പിക്കലാണ്‌ നമ്മുടെ നയമെന്നാണ്‌ ഇന്ത്യാ ഗവൺമെന്റിന്റെ നിലപാട്‌. അതിർത്തിയിലെ സംഘർഷങ്ങൾ കുറയ്‌ക്കുന്നതിനും സാന്പത്തികബന്ധങ്ങളും യാത്രാബന്ധങ്ങളും പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിനും ഇന്ത്യയും ചൈനയും സംയുക്ത നീക്കങ്ങളാരംഭിച്ചിട്ടുണ്ട്‌. ബ്രിക്‌സ്‌ ഫോറത്തിനുള്ളിലെ അംഗരാജ്യങ്ങൾ തമ്മിലുള്ള സുഗമമായ സഹകരണത്തിനുള്ള തടസ്സങ്ങൾ ഇത്‌ നീക്കംചെയ്യും. ആഗോള ദക്ഷിണരാജ്യങ്ങളുടെ കൂട്ടായ താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഒരു അജൻഡ പിന്തുടരുന്നതിനും നടപ്പാക്കപ്പെട്ടിരിക്കുന്ന ബദൽ നയങ്ങളെയും സംവിധാനങ്ങളെയും ദുർബലപ്പെടുത്താനുമുള്ള എല്ലാ ശ്രമങ്ങളെയും ചെറുക്കുന്നതിനും ബ്രിക്‌സിന്റെ നേതൃസ്ഥാനത്തെ മോദി സർക്കാർ ഉപയോഗിക്കുമെന്ന്‌ നമുക്കു പ്രതീക്ഷിക്കാം. l

Hot this week

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

ബദൽ

ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു...

Topics

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

ബദൽ

ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു...

തൊഴിൽ ഉറപ്പിക്കാൻ ആലപ്പുഴ വഴി

2024 ഒക്ടോബറിൽ ഡോ. ടി എം തോമസ് ഐസക് വിളിച്ചു ചേർത്ത...

കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൺഡ്രം (സിഇടി) ക്യാമ്പസ് റിക്രൂട്ട്മെന്റിന്റെ മാതൃക

എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നടത്താനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രവേശനം ലഭിക്കാനായി പരിഗണിക്കുന്ന ഒന്നാമത്തെ സംസ്ഥാനതല...

ദിൻകർ മേത്ത

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ കാര്യമായ വേരോട്ടമുണ്ടാക്കാൻ സാധിച്ച സംസ്ഥാനമല്ല ഗുജറാത്ത്‌. എങ്കിലും ഗുജറാത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img