
ഒരു പകലിന്റെ തീക്ഷ്ണത ലോപിച്ച് എരിഞ്ഞടങ്ങുന്ന സന്ധ്യയുടെ മങ്ങലിനെ നേർത്തതാക്കി അമ്പലമണികളിൽനിന്ന് നാദമുയരുന്നു.. ആലിലവിടവുകളിലൂടെ ചന്ദന സുഗന്ധമുള്ളൊരു കാറ്റ് കടന്നുപോകുന്നു. നെയ്‌വിളക്കുകളിൽ നിറഞ്ഞുകത്തുന്ന തിരി നാളങ്ങൾ… സന്ധ്യയ്ക്ക് ഒരു കോവിൽനടയിലാണെങ്കിൽ നിങ്ങളുടെ മനസ്സ് സുഖകരമായൊരു കുളിർമയിർപ്പെടാം! ഉത്കണ്ഠകളില്ലാത്ത ഹൃദയം സുഖകരമായ വിശ്രാന്തിയിൽ തുടിക്കാം. കണ്ണിലൂടെ കയറിയ വെളിച്ചം കണ്ട് തലച്ചോറിലെ കുഞ്ഞു പയറുമണിയോളം പോന്ന പീനിയൽ ഗ്രന്ഥി ആകെയങ്ങ് കോർമയിർക്കൊള്ളും!
ഒരു ദിവസത്തിന്റെ അന്ത്യയാമങ്ങളിൽ, സൂര്യൻ പടിഞ്ഞാറ് മറയുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ തോന്നാറുണ്ടോ? കാരണമില്ലാതെ കണ്ണ് നിറയുന്ന, ജീവിതം ഭാരമായി തോന്നുന്ന ആ നിമിഷം – മെലൻകോളിക് (Melancholic Depression) ഡിപ്രഷൻ അനുഭവിക്കുന്നവർക്ക് ഇത് “സൺസെറ്റ് ഡ്രെഡ്’ ( SunSet Dread) ആണ്. ഇവിടെയാണ് ഒരു സന്ധ്യാരാഗത്തിന്റെ സാന്ത്വനം, നിറദീപങ്ങളുടെ തെളിമപോലെ, നമ്മെ ഉണർത്തുന്ന മണിനാദങ്ങൾ പോലെ ഒരു ഔഷധമായി മാറുന്നത്. വെളിച്ചം മങ്ങുമ്പോൾ മനസ്സും മങ്ങുന്നു. മേജർ ഡിപ്രസീവ് ഡിസോർഡറിന്റെ ഏറ്റവും കാഠിന്യമേറിയ ഉപവിഭാഗമാണ് മെലൻകോളിക് ഡിപ്രഷൻ. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ: Anhedonia – സന്തോഷം നൽകിയിരുന്ന കാര്യങ്ങളിൽപോലും താല്പര്യം നഷ്ടപ്പെടുക,Diurnal Variation – രാവിലെ എഴുന്നേൽക്കുമ്പോൾ മൂഡ് ഏറ്റവും മോശം. സന്ധ്യയാകുമ്പോൾ നേരിയ ആശ്വാസം, പക്ഷേ സൂര്യാസ്തമയ സമയത്ത് വീണ്ടും വിഷാദം, കുറ്റബോധം കൂടുന്നു, Psychomotor Retardation -ശരീരവും മനസ്സും മന്ദഗതിയിലാകുക, പ്രതികരണശേഷിയില്ലായ്മ. സന്തോഷവാർത്ത കേട്ടാലും മൂഡ് മാറുന്നില്ല. എന്തു കഷ്ടമാണ് ഹേ. സൂര്യനൊന്ന് മാറാൻ കാത്തുനിൽക്കുവാണ് മൊത്തത്തിലങ്ങോട്ട് ശോകമടിപ്പിക്കാൻ. അരക്ഷിതബോധമുണ്ടാക്കാൻ.! ഈ തലച്ചോറിൽ എന്തൊക്കെയാണപ്പോൾ സംഭവിക്കുന്നത്, ഇവിടെ മൂന്ന് ന്യൂറോകെമിക്കലുകൾ പ്രധാനമാണ് സെറോടോണിൻ (Serotonin), നോറെപിനെഫ്രിൻ (Nor epinephrine), ഡോപമിൻ (Dopamine). ഇവ മൂന്നും കുറയുമ്പോഴാണ് മെലൻകോളിക് ഡിപ്രഷൻ ഉണ്ടാകുന്നത്. ഇതിൽ സെറോടോണിനാണ് നമ്മുടെ “സ്റ്റെബിലിറ്റി ഹോർമോൺ’ (Stability Hormones) അഥവാ സുസ്ഥിര ഹോർമോൺ. സൂര്യാ നീ പോകരുത്. എന്റെ ഹൃദയമൊന്ന് നിലയുറയ്ക്കട്ടെ. സുസ്ഥിരമാകട്ടെ എന്നു പലവട്ടം തലയും ഹൃദയവുമൊക്കെ മന്ത്രിക്കുന്നുണ്ടാവാം. നമ്മുടെ മൂഡിനെ നിയന്ത്രിക്കുന്നത് സൂര്യനാണ് എന്നു പറഞ്ഞാൽ അതിശയോക്തിയില്ല. തിളച്ചുമറിയുന്ന സൂര്യൻ ചൂടു മാത്രമല്ല, അനുഗ്രഹമാർന്ന ഉൾത്തണുപ്പുമാണ്. പ്രണയം ബോധം മറയ്ക്കുന്ന ലഹരി മാത്രമല്ല, പ്രതീക്ഷയ്‌ക്കു പ്രേരകമാകുന്ന മനോഹര നിറങ്ങളുമാണെന്നതു പോലെ! പകൽ സൂര്യപ്രകാശം കണ്ണിലൂടെ തലച്ചോറിലെ പീനിയൽ ഗ്രന്ഥിയി (Pineal Gland)ൽ എത്തുമ്പോൾ സെറോടോണിൻ ഉത്പ്പാദിപ്പിക്കപ്പെടുന്നു. ഇത് നമുക്ക് ശാന്തത, സംതൃപ്തി, ഫോക്കസ് എന്നിവ നൽകുന്നു. ഇരു മസ്തിഷ്കഗോളങ്ങൾക്കിടയിൽ (Cerebral Hemispheres), എപ്പിതലാമസി (Epithalamus)നോടു ചേർന്ന് ശിരസ്സിലെ മൂന്നാമത്തെ അറയ്ക്ക് പിന്നിലായാണ് പീനിയൽ ഗ്രന്ഥി സ്ഥിതിചെയ്യുന്നത്. ഈ ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന മെലാടോണിൻ ആണ് ഉറക്കത്തിന്റെ ഹോർമോൺ. പീനിയൽ ഗ്രന്ഥി നമ്മുടെ ഉറക്കം, -ഉണർച്ച (Sleep- Wake Cycle) ചക്രത്തെ നിയന്ത്രിക്കുന്ന ജൈവഘടികാര (Circadian Rhythm)മായി വർത്തിക്കുന്നു. സന്ധ്യാനേരം വെളിച്ചംകുറയുമ്പോൾ ശരീരം സെറോടോണിനെ മെലടോണിൻ (Melatonin) ആക്കി മാറ്റാൻ തുടങ്ങുന്നു. പ്രശ്നം എവിടെ? മെലൻകോളിക് ഡിപ്രഷൻ ഉള്ളവരിൽ അടിസ്ഥാനപരമായിത്തന്നെ സെറോടോണിൻ കുറവാണ്. സന്ധ്യയാകുമ്പോൾ, ബാക്കിയുള്ള കുറച്ച് സെറോടോണിനും കൂടി മെലടോണിൻ ആയി മാറുമ്പോൾ, “ബാറ്ററി മൊത്തം തീർന്ന’ അവസ്ഥയുണ്ടാകുന്നു. അതാണ് സൂര്യാസ്തമയ സമയത്തെ ആ വിങ്ങൽ, ശൂന്യത. ഇതിനെയാണ് “Light- Dependent Depression’ എന്നു വിളിക്കുന്നത്. നെതർലാന്റ് പോലെ ശൈത്യകാലത്ത് പകൽ കുറവുള്ള രാജ്യങ്ങളിൽ ഇത് കൂടുതലായി കാണാം. ഇന്ത്യൻ സംഗീതശാസ്ത്രം സന്ധ്യയ്ക്ക് പാടേണ്ട രാഗമായി യമൻ കല്യാണിനെ നിശ്ചയിച്ചത് വെറുതെയാവില്ല. അതിന്റെ ഓരോ സ്വരവും നമ്മുടെ നാഡീവ്യവസ്ഥയോട് സംസാരിക്കുന്നു. സൂര്യാസ്തമയ സമയത്ത് കോർട്ടിസോൾ (Cortisol) ഹോർമോൺ കൂടും. യമന്റെ ശാന്തമായ ചലനം Parasympathetic Nervous System-ത്തിനെ ഉണർത്തി Cortisol കുറയ്ക്കുന്നു. അങ്ങനെ Sunset Anxiety കുറയുന്നു.
യമൻ രാഗത്തെക്കുറിച്ചുള്ള ഉസ്താദ് ധ്യാനേഷ് ഖാന്റെ ആ ഉപമ ഓർക്കാം– “യമനിലെ ശുദ്ധ മധ്യമം പർദ്ദയണിഞ്ഞ സുന്ദരിയുടെ മുഖം പോലെ’.
യമനിൽ പ്രധാനം ‘‘തീവ്ര മധ്യമം” ആണ്. “ശുദ്ധ മധ്യമം’ അവിടെ “നിഷിദ്ധ’മാണ്. പക്ഷേ വലിയ ഗായകർ ഇടയ്ക്ക് ഒരു നിമിഷം, ഒരു കണിക പോലെ ശുദ്ധ മധ്യമത്തെ തൊട്ടിട്ട് പെട്ടെന്ന് തീവ്ര മധ്യമത്തിലേക്ക് തിരിച്ചുകയറും. അത് കൃത്യം പർദ്ദയുടെ മറനീക്കി ഒന്നു നോക്കി, കണ്ണിൽ കണ്ണിൽ നോക്കി, ചിരിയുടെ ഒരു മിന്നലാട്ടം കാട്ടി, വീണ്ടും മറയ്ക്കുള്ളിലേക്ക് മറയുന്ന സുന്ദരിയെ പോലെയാണ്.
യമനിൽ ശുദ്ധ മധ്യമം വരരുത് എന്നാണ് വ്യാകരണം. ആ “അരുത്’ എന്ന വിലക്ക് തന്നെയാണ് അതിനിത്ര ഭംഗി കൊടുക്കുന്നത്, വിലക്കപ്പെട്ടതിന്റെ സൗന്ദര്യംപോലെ, കിട്ടാക്കനി പോലെ! ശുദ്ധമധ്യമത്തിലെ പരന്ന/നിരപ്പായ ‘‘മാ..” അധികനേരം നിന്നാൽ രാഗം യമൻ അല്ലാതാകും, കല്യാണിൽ നിന്ന് മാറിപ്പോകും. അതുകൊണ്ട് ഒരു “കാണാപ്പുറം’ കാട്ടി മറയണം. ആ നഷ്ടബോധമാണ് രാഗത്തിന് വിരഹത്തിന്റെ, പ്രണയത്തിന്റെ മധുരം കൊടുക്കുന്നത്. ഹാ ക്ഷണികതയുടെ സൗന്ദര്യമേ! “തീവ്ര മധ്യമം’ എന്നത് ഗാംഭീര്യം, ആത്മവിശ്വാസം ആണെങ്കിൽ, ഇടയ്ക്ക് വരുന്ന നിരപ്പായ ശുദ്ധമധ്യമം എന്നത് നാണം, ദുഃഖം, പ്രണയാർദ്രതയാണ്. ഒരു രാഗത്തിൽ രണ്ട് ഭാവങ്ങൾ! സംഗീതസംവിധായകർ ഈ തന്ത്രം സിനിമാപ്പാട്ടിൽ അതിമനോഹരമായി ഉപയോഗിച്ചിട്ടുണ്ട്.
“അഭി ന ജാഓ ഛോഡ് കർ’ – എന്ന ഗാനത്തിൽ, മുഹമ്മദ് റഫിയുടെ ആലാപനത്തിൽ “കഹാ തോ ഭീ ദിൽ ഭരാ നഹീ’ എന്നിടത്ത് വരുന്ന ചെറിയ ഒരു വിഷാദഛായ. കൂർത്ത മധ്യമത്തിൽ നിന്ന് ഒരു നിമിഷം നിരപ്പിലേക്ക് ഊർന്നിറങ്ങി തിരിച്ചുകയറുന്നത് കേൾക്കാം. ആ “ഭരാ നഹീ’ എന്ന നഷ്ടബോധം – അതാണ് പർദ്ദ മാറ്റി മുഖം കാണിച്ചത്.
“ജബ് ദീപ് ജലേ ആനാ’– എന്നു തുടങ്ങുന്ന ഗാനത്തിൽ, യേശുദാസ് “തേരേ ലിയേ ഹീ ജിയാ ജായേ’ എന്ന വരിയിൽ. “ജിയാ’ എന്നിടത്ത് ഒരു നേർത്ത “പരന്ന മാ’യുടെ സ്പർശം. പ്രണയം തുറന്നുപറയുമ്പോഴുള്ള നാണം പോലെ, വന്നു പെട്ടെന്ന് പോകുന്നു.
“ചന്ദൻ സാ ബദൻ’ – ഇവിടെ മുകേഷിന്റെ ആലാപനത്തിൽ “യൂംഹീ തും മുഝേ പ്യാർ കരോ’ എന്നിടത്ത്. തീവ്ര മധ്യമത്തിന്റെ ഗാംഭീര്യത്തിനിടയിൽ ശുദ്ധ മധ്യമം ഒരു നെടുവീർപ്പുപോലെ വന്ന് പോകും. പർദ്ദയ്ക്കുള്ളിൽ നിന്ന് വരുന്ന സുഗന്ധം പോലെ.
“ഏരി മൈ തോ പ്രേം ദിവാനീ’ എന്നു തുടങ്ങുന്ന – ( മീരാ ഭജൻ) എന്നു തുടങ്ങുന്ന ഗാനം പണ്ഡിറ്റ് ഭീംസെൻ ജോഷി പാടുമ്പോൾ “മേരാ ദർദ് ന ജാനേ കോയ്’ എന്നിടത്ത് ആ “ദർദ്’ൽ ആണ് ‘നിരപ്പായ മ’ യുടെ ഒളിഞ്ഞുനോട്ടം, ഭക്തിയിലെ വിരഹം! യമൻ കല്യാൺ എന്നത് വെറും സ്വരങ്ങളുടെ കൂട്ടമല്ല. അത് അച്ചടക്കവും സ്വാതന്ത്ര്യവും തമ്മിലുള്ള നൃത്തമാണ്. തീവ്ര മധ്യമം എന്നത് രാജാവിന്റെ അച്ചടക്കമാണെങ്കിൽ, ഇടയ്ക്ക് വരുന്ന ശുദ്ധമധ്യമം എന്നത് അന്തഃപുരത്തിലെ റാണിയുടെ ഒളിഞ്ഞുനോട്ടമാണ്. കാണുന്നവന് കാണാം, അറിയുന്നവന് അറിയാം.
യമൺ കല്യാൺ സ്വരങ്ങൾ കൊണ്ട് മനസ്സിനെ തുന്നിച്ചേർക്കുമ്പോൾ, പ്രത്യേകിച്ച് മെലൻകോളിക് ഡിപ്രഷൻ എന്ന “മനസ്സിന്റെ ശിശിരകാലത്ത്’ ഇത് വസന്തമാകുന്നത് എങ്ങനെയാണ്. യമൻ കല്യാണിലെ തീവ്ര മധ്യമം മനസ്സിന്റെ അലച്ചിലിന് ഒരു അങ്കുശം! സപ്തസ്വരങ്ങളിൽ ഏറ്റവും “കൂർത്ത’, സ്വരമുണർത്തുന്നത് തീവ്ര മധ്യമമാണ്. സാ-രി-ഗ കഴിഞ്ഞ് മാ വരുമ്പോൾ ഒരു lift ഫീൽ ചെയ്യും. കേൾക്കുന്ന ആളുടെ നട്ടെല്ല് ഒന്ന് നിവരും. മെലൻകോളിക് ഡിപ്രഷന്റെ പ്രധാന ശത്രു Rumination ആണ് – ഒരേ ചിന്തകൾ ചവച്ചുതുപ്പുന്നത്- “എന്റെ ജീവിതം വെറുതെയായി’, “ഞാൻ ഒരു പരാജയമാണ്’, “എന്തിനാണ് ഞാൻ ജീവിക്കുന്നത്’ എന്ന ലൂപ്പ്. ഇത് Default Mode Network (DMN) അമിതമായി പ്രവർത്തിക്കുമ്പോൾ സംഭവിക്കുന്നതാണ്. ‘മാ’എന്ന കൂർത്ത സ്വരം കൃത്യമായി ഈ DMN-നെ interrupt ചെയ്യുന്നു. ഒരു ധ്യാനത്തിൽ നിന്ന് ആരെങ്കിലും കൈകൊട്ടി വിളിച്ചുണർത്തുന്ന പോലെ. പെട്ടെന്ന് ശ്രദ്ധ “ഇപ്പോൾ, ഈ നിമിഷത്തിലേക്ക്’ വരുന്നു. മണിച്ചിത്രത്താഴിലെ നകുലന്റെ ‘‘ഗംഗേ” എന്ന ഒരൊറ്റ വിളിയിൽ ഗംഗ വർത്തമാനത്തിലേക്ക് മടങ്ങിവന്നതു പോലെ.
‘‘മ” പോലെ ശ്രദ്ധ പിടിച്ചുനിർത്തുന്ന ശബ്ദങ്ങൾ നോറെപിനെഫ്രിൻ (Norepinephrine) ഉത്പാദനം കൂട്ടും. മെലൻകോളിക് ഡിപ്രഷനിൽ സെറോടോണിൻ മാത്രമല്ല, നോറെപിനെഫ്രിനും കുറവാണ്. അതുകൊണ്ടാണ് വെനലാഫാക്‌സിൻ പോലുള്ള SNRI മരുന്നുകൾ കൊടുക്കുന്നത്. യമൻ സ്വാഭാവികമായി ഒരു “SNRI (SNRI = Serotonin-Norepinephrine Reuptake Inhibitor) രാഗം’ ആണ്. ലളിതമായി പറഞ്ഞാൽ, തലച്ചോറിലെ 2 പ്രധാന “സന്തോഷ/ഊർജ്ജ’ രാസവസ്തുക്കളെ കൂടുതൽ സമയം നിലനിർത്തുന്ന മരുന്ന്. നമ്മുടെ നാഡീകോശങ്ങൾ തമ്മിൽ സംസാരിക്കുന്നത് സെറോടോണിൻ, നോറെപ്പിനെഫ്രിൻ (Serotonin, Norepinephrine) എന്ന ന്യൂറോ ട്രാൻസ്മിറ്റേഴ്സ് (neurotransmitters) വഴിയാണ്. ഒരു നാഡീകോശം Serotonin/Norepinephrine പുറത്തുവിടും‐ അടുത്ത കോശത്തിലേക്ക് സിഗ്നൽ പോകും. ജോലി കഴിഞ്ഞാൽ, ആദ്യത്തെ കോശം അത് തിരികെ വലിച്ചെടുക്കും – ഇതാണ് “Reuptake’. SNRI ഈ Reuptake-നെ തടയുന്നു (Inhibit) ചെയ്യുന്നു. ഫലം Serotonin-ഉം Norepinephrine-ഉം സിനാപ്സിൽ കൂടുതൽ സമയം നിൽക്കും ‐ കൂടുതൽ സിഗ്നൽ ‐ മൂഡ്, ഊർജ്ജം, ശ്രദ്ധ എന്നിവ മെച്ചപ്പെടും.
ഒരു സരളരാഗമായ യമനിലെ വക്രസഞ്ചാരമില്ലാത്ത ആരോഹണ -അവരോഹണം, ഉറപ്പിന്റെ പാത തുറക്കുന്നു. Predictable patterns കേൾക്കുമ്പോൾ Dorsal Raphe Nucleus-ൽ നിന്ന് സെറോടോണിൻ സുസ്ഥിരമായി release ചെയ്യപ്പെടുന്നു. ജാസ് പോലെ unpredictable സംഗീതം Anxiety കൂട്ടും, യമൻ അത് കുറയ്ക്കും. “എല്ലാം ശരിയാണ്’ എന്ന തോന്നൽ GABA എന്ന Inhibitory neurotransmitter-നെ കൂട്ടുന്നു. GABA ആണ് തലച്ചോറിന്റെ “ബ്രേക്ക്’. അതായത് ഓടിക്കൊണ്ടിരിക്കുന്ന ഉത്കണ്ഠ ചിന്തകൾക്ക് ബ്രേക്ക് ഇടുന്നു. Benzodiazepine മരുന്നുകൾ ചെയ്യുന്നത് GABA കൂട്ടുകയാണ്. യമൻ അത് സ്വാഭാവികമായി ചെയ്യുന്നു. കണ്ണടച്ച് യമൻ ആലാപനം കേൾക്കുക. ‘സാ’ മുതൽ ‘നീ’വരെ പോയി തിരിച്ചുവരുമ്പോൾ ഒരു “വൃത്തം പൂർത്തിയായി’ എന്ന ഫീൽ കിട്ടും. ജീവിതം അരക്ഷിതമാണെന്ന് തോന്നുന്ന ഒരാൾക്ക്, 3 മിനിറ്റെങ്കിലും “എല്ലാം അതിന്റെ സ്ഥാനത്ത് ഭദ്രമാണ്’ എന്ന് തോന്നിപ്പിക്കാൻ യമനു കഴിയും. അതാണ് അതിന്റെ മാജിക്.
യമന്റെ ഗംഭീരവും ശാന്തവുമായ ഭാവം നിങ്ങൾക്ക് അന്തസ്സോടെയുള്ള ഒരു കരച്ചിൽ പ്രധാനം ചെയ്യുന്നു. സംഗീതത്തിൽ യമൻ ഒരു “രാജരാഗം’ ആണ്. ദർബാറിൽ പാടുന്ന രാഗം. അതിന് ദുഃഖമുണ്ട്, പക്ഷേ തകർന്നുപോകുന്ന ദുഃഖമല്ല. തല ഉയർത്തിപ്പിടിച്ചുള്ള ദുഃഖമാണ്. “രാജാവ് കരഞ്ഞാലും സിംഹാസനത്തിൽ ഇരുന്നുകൊണ്ടേ കരയൂ’ എന്ന പോലെ.
മെലൻകോളിക് ഡിപ്രഷന്റെ ഏറ്റവും വേദനാജനകമായ ലക്ഷണം Anhedonia ആണ് – സന്തോഷം മാത്രമല്ല, സങ്കടവും തോന്നാതെയാകുന്ന അവസ്ഥ. മരവിപ്പ് അഥവാ Numbness. “കരയാൻ പോലും കഴിയുന്നില്ല’ എന്ന് രോഗികൾ പറയും. യമൻ ഇവിടെ ഒരു “Emotional Bridge’ ആയി പ്രവർത്തിക്കുന്നു. ഇത് നിങ്ങളെ ബലമായി സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നില്ല. പകരം, “നിന്റെ ദുഃഖത്തിന് ഒരു അന്തസ്സുണ്ട്, അത് അനുഭവിക്കാൻ നിനക്ക് അവകാശമുണ്ട്’ എന്ന് പറയുന്നു. ഗ്രീക്ക് നാടകത്തിലെ പോലെ, സുരക്ഷിതമായ ഒരു സാഹചര്യത്തിൽ ദുഃഖത്തെ അരങ്ങേറാൻ അനുവദിക്കുക. “ജബ് ദീപ് ജലേ ആനാ’ കേൾക്കുമ്പോൾ കരച്ചിൽ വന്നില്ലെങ്കിലും, നെഞ്ചിലെ ഒരു കല്ല് ഉരുകിപ്പോകുന്ന പോലെ തോന്നും. അതാണ് Catharsis – കരയാതെയുള്ള കരച്ചിൽ. വൈകാരികമായി connect ചെയ്യപ്പെടുമ്പോൾ Oxytocin + Endorphins, റിലീസ് ചെയ്യപ്പെടുന്നു. Anhedonia ഉള്ള ഒരു തലച്ചോറിൽ, മറ്റൊന്നിനും തൊടാൻ കഴിയാത്ത വികാരങ്ങളെ സംഗീതം തൊടുന്നു.
“ഞാൻ ഇപ്പോഴും മനുഷ്യനാണ്, എനിക്ക് ഇപ്പോഴും ഫീൽ ചെയ്യാൻ കഴിയും’ എന്ന തിരിച്ചറിവ് – അതാണ് വലിയ മരുന്ന്. ഒരു മെലൻകോളിക് രോഗിയോട് “ചിരിക്ക്’ എന്ന് പറഞ്ഞാൽ അയാൾക്ക് കഴിയില്ല. പക്ഷേ യമൻ കേൾപ്പിച്ചാൽ, അയാളുടെ മുഖത്ത് ഒരു നിമിഷം ഒരു വിഷാദച്ഛായ വരും. അത് “ജീവനുള്ള വേദന’യാണ്. മരവിപ്പിനേക്കാൾ എത്രയോ ഭേദം! ഉസ്താദ് ധ്യാനേഷ് ഖാൻ പറഞ്ഞ ആ “പർദ്ദയണിഞ്ഞ സുന്ദരി’യായ ശുദ്ധ മധ്യമം പോലും, ഈ ഗാംഭീര്യത്തിനിടയിൽ ഒരു നിമിഷം വന്ന്, “നീ തനിച്ചല്ല’ എന്നു പറഞ്ഞിട്ട് പോകുന്നു.
മെലൻകോളിക് ഡിപ്രഷൻ ഉള്ളവർക്ക് സൂര്യാസ്തമയ സമയം “Danger Zone’ ആണ്. ഇതിനെ “Healing Zone’ ആക്കി മാറ്റാം-. സൂര്യൻ അസ്തമിക്കുന്നതിന് 1 മണിക്കൂർ മുമ്പ് 10,000 lux Light Therapy Lamp-ന് മുന്നിൽ 20 മിനിറ്റ് ഇരിക്കുക. ഇത് സെറോടോണിൻ സ്റ്റോർ ചെയ്യാൻ സഹായിക്കും. ഇത് “സെറോടോണിൻ ബാങ്കിൽ’ നിക്ഷേപിക്കുന്നതുപോലെയാണ്.
പകൽ നൽകിയ സൂര്യൻ രാത്രിക്കുവേണ്ടി വഴിമാറുമ്പോൾ പണ്ഡിറ്റ് ഭീംസെൻ ജോഷിയുടെയോ ഉസ്താദ് റാഷിദ് ഖാന്റെയോ യമൻ ആലാപനം കുറഞ്ഞ ശബ്ദത്തിൽ കേട്ടുകൊണ്ട് പടിഞ്ഞാറ് ദർശനമുള്ള ജനലിനരികിൽ ഇരിക്കുക. കണ്ണടച്ച് ‘മ’ യിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് തലച്ചോറിലെ Default Mode Network-നെ ശാന്തമാക്കുന്നു. സൂര്യൻ മറഞ്ഞുകഴിഞ്ഞാൽ പെട്ടെന്ന് ഇരുട്ടാക്കരുത്. ഒരു മഞ്ഞ വെളിച്ചം കത്തിക്കുക. ചൂടു ചായ ഊതിക്കുടിക്കുക. “ഇന്ന് ഞാൻ ഈ സന്ധ്യയെ അതിജീവിച്ചു’ എന്ന് സ്വയം പറയുക. ഇത് തലച്ചോറിന് “Completion’ എന്ന സിഗ്നൽ നൽകുന്നു.
രാഗം ഒരു ഔഷധമല്ല, അനുബന്ധമാണ് എന്ന് മറക്കരുത്. യമൻ കല്യാൺ ഒരു മികച്ച “de-stresser’ ആണ്. അത് സെറോടോണിൻ പ്രവർത്തനത്തെ സഹായിക്കും, കോർട്ടിസോൾ കുറയ്ക്കും, ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടും. എന്നാൽ മെലൻകോളിക് ഡിപ്രഷൻ ഒരു ക്ലിനിക്കൽ അവസ്ഥയാണ്.
സൂര്യൻ അസ്തമിക്കുന്നത് ലോകം അവസാനിക്കുന്നതുകൊണ്ടല്ല, നാളെ വീണ്ടും ഉദിക്കാൻ വേണ്ടിയാണ്. യമൻ രാഗം നമ്മെ ഓർമ്മിപ്പിക്കുന്നതും അതാണ് – ഇരുട്ടിന് ശേഷം വെളിച്ചമുണ്ട്, നിശബ്ദതയ്ക്ക് ശേഷം ഒരു താരാട്ടുണ്ട്. സന്ധ്യയെ ഒറ്റയ്ക്ക് നേരിടേണ്ടതില്ല. ഒരു രാഗത്തിന്റെ കൂട്ടുണ്ടെങ്കിൽ, ഒരു കപ്പ് ചായയുടെ ചൂടുണ്ടെങ്കിൽ, നമ്മുടെ മനസ്സിനെ നമുക്ക് തന്നെ തലോടാം! രാത്രി 9 മണിക്ക് വയലും നോക്കിയിരുന്ന് യമൻ കേൾക്കുമ്പോൾ, നിങ്ങളുടെ Locus Coeruleus-ൽ ‘തീവ്ര മാ’ തൊടുന്നത് സങ്കൽപ്പിച്ചുനോക്കൂ. l




