ചൈന: സോഷ്യലിസവും ഭാവിയും

പി എസ് പൂഴനാട്

‘‘ചൈനീസ് സാഹചര്യത്തിനനുസരിച്ച് മാർക്സിസത്തെ പ്രയോഗിക്കുന്ന പ്രക്രിയയെ പൂർവ്വാധികം ശക്തിയോടെ ഞങ്ങൾ മുന്നോട്ടുകൊണ്ടുപോകും. മാർക്സിസമാണ് ഞങ്ങളെ മുന്നോട്ടുനയിക്കുന്ന അടിസ്ഥാന പ്രത്യയശാസ്ത്രം. ആ പ്രത്യയശാസ്ത്രത്തിന് മുകളിലാണ് ഞങ്ങളുടെ പാർട്ടിയും ഈ രാജ്യവും കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്. മാർക്സിസമാണ് ഞങ്ങളുടെ പാർട്ടിയുടെ ആത്മചോദന. ആ കൊടിക്കീഴിൽ അണിനിരന്നുകൊണ്ടാണ് ഞങ്ങൾ പോരാടിക്കൊണ്ടിരിക്കുന്നത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മാർക്സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ ഉയർത്തിപ്പിടിക്കുന്നു. വസ്തുതകളിൽനിന്നും സത്യത്തെ കണ്ടെത്തുന്നതാണ് അതിന്റെ തത്വം. ചൈനയുടെ യാഥാർത്ഥ്യങ്ങളിൽ ഊന്നിനിന്നുകൊണ്ട്, ഈ കാലഘട്ടത്തിനനുയോജ്യമായ പുതിയ ഉൾക്കാഴ്‌ചകളെ ഞങ്ങൾ വികസിപ്പിച്ചെടുക്കുന്നു. ചരിത്രസമൂർത്തതകൾക്കനുസരിച്ച് പുതിയ അന്വേഷണങ്ങളിലും പര്യവേഷണങ്ങളിലും ഞങ്ങൾ നിരന്തരം വ്യാപൃതരായിക്കൊണ്ടിരിക്കുന്നു. അങ്ങനെയാണ് ഞങ്ങൾ ചൈനീസ് സാഹചര്യങ്ങൾക്കനുസരിച്ചും നമ്മുടെ കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചും മാർക്സിസത്തെ പ്രയോഗിക്കാനുള്ള ശേഷി നേടിയെടുത്തുകൊണ്ടിരിക്കുന്നത്. അങ്ങനെയാണ് ഞങ്ങൾ മഹത്തായ ഞങ്ങളുടെ സാമൂഹ്യവിപ്ലവത്തെ മുന്നോട്ടുനയിക്കാൻ തക്കവിധത്തിൽ ചൈനീസ് ജനതയെ പ്രാപ്തമാക്കിക്കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ പാർട്ടിയുടെ ശേഷികളും ചൈനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസത്തിന്റെ ദൃഢതയും, അടിസ്ഥാനപരമായി, മാർക്സിസം പ്രവർത്തനക്ഷമമായിക്കൊണ്ടിരിക്കുന്നതിന്റെ സാക്ഷ്യപത്രങ്ങളാണ്’’‐ ഷി ജിൻപിങ്‌ (ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി)

സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ആനന്ദനിർഭരമായ രംഗങ്ങളിലൊന്ന് മഹാവിപ്ലവകാരിയായ ലെനിൻ മഞ്ഞുപൊഴിയുന്ന റഷ്യൻ തെരുവോരങ്ങളിൽ സന്തോഷത്താൽ മതിമറന്ന് തുള്ളിച്ചാടിയ കാഴ്ച്ചയാണ്. ലെനിനെ ഇപ്രകാരം സന്തോഷപൂരിതമാക്കിയ ആ ചരിത്രസന്ദർഭം ഏതായിരുന്നു? ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തെ തുടർന്ന് പുതുതായി പടുത്തുയർത്തപ്പെട്ട സോവിയറ്റ് റിപ്പബ്ലിക് എഴുപത്തിരണ്ട് ദിനങ്ങൾ പിന്നിട്ടിരിക്കുന്നു!!

ലോകചരിത്രത്തിലാദ്യമായി സ്ഥാപിക്കപ്പെട്ട സോഷ്യലിസ്റ്റ് ഭരണസംവിധാനമായിരുന്ന പാരീസ് കമ്യൂണിന് എഴുപത്തിരണ്ട് ദിവസങ്ങൾ മാത്രമേ പിടിച്ചുനിൽക്കാനായുള്ളൂ. എഴുപത്തിരണ്ടു ദിവസങ്ങൾക്കുള്ളിൽ പ്രതിവിപ്ലവകാരികൾ ആ പാരീസ് കമ്യൂണിനെ തകർത്തുകളഞ്ഞിരുന്നു. എന്നാൽ പാരീസ് കമ്യൂണിന്റെ ആ ചരിത്രപരീക്ഷണത്തിൽനിന്നും ഒരു ദിവസമെങ്കിലും കൂടുതലായി മുന്നോട്ടുപോകാൻ സോവിയറ്റ് റിപ്പബ്ലിക്കിന്‌ കഴിഞ്ഞിരിക്കുന്നു! ആ വിപ്ലവാത്മകമായ സന്തോഷത്തിൽ മതിമറന്നായിരുന്നു മഞ്ഞുപെയ്യുന്ന തെരുവിൽ ലെനിൻ ആനന്ദനൃത്തമാടിയത്!

1871-ൽ സ്ഥാപിതമായ പാരീസ് കമ്യൂണിനെ ഫ്രാൻസിലെ പ്രതിവിപ്ലവ സംഘങ്ങൾ തകർത്തതിന്റെ കാരണങ്ങൾ കാറൽ മാർക്‌സ്‌ രേഖപ്പെടുത്തിയിരുന്നു. ലോകത്താദ്യമായി സ്ഥാപിതമായ തൊഴിലാളിവർഗ ഭരണസംവിധാനത്തെ കാറൽ മാർക്സ് ഏറ്റവും ആവേശത്തോടെ അഭിവാദ്യം ചെയ്യുന്നുണ്ട്. അതോടൊപ്പം എഴുപത്തിരണ്ട് ദിവസങ്ങൾക്കപ്പുറം ആ പരീക്ഷണത്തിന് മുന്നോട്ടുനീങ്ങാനാവാതെപോയ അതിന്റെ കാരണങ്ങളും മാർക്സ് ചൂണ്ടിക്കാട്ടി. ഏറ്റവും വിപ്ലവാത്മകവും നീതിയുക്തവുമായ ഒരു പരിപ്രേക്ഷ്യത്തെ സൈദ്ധാന്തികമായും പ്രായോഗികമായും പാരീസ് കമ്യൂണിന് വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞു. എന്നാൽ ബൂർഷ്വാഭരണകൂടത്തെ ഉടച്ചുവാർത്ത് തൊഴിലാളിവർഗ്ഗത്തിന് ആധിപത്യമുള്ള ഒരു ഭരണകൂടക്രമത്തെ അവർക്ക് സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ പാരീസ് കമ്യൂണിനെ പെട്ടെന്ന് തകർത്തെറിയാൻ പ്രതിവിപ്ലവ ശക്തികൾക്ക് സാധിച്ചു. പാരീസ് കമ്യൂണിന്റെ പാഠം ലെനിൻ സൈദ്ധാന്തികമായും പ്രായോഗികമായും സ്വാംശീകരിച്ചിരുന്നു.

അതുകൊണ്ടുതന്നെ എഴുപത്തിരണ്ട് ദിവസങ്ങൾക്കപ്പുറം പുതിയ സോവിയറ്റ് റിപ്പബ്ലിക്കിന് നിലനിൽക്കാനായത് ലെനിന്റെ ഭരണകൂടത്തെ സംബന്ധിച്ചുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ നിലപാടുകളുടെ ഗരിമയെ ശരിവയ്ക്കുന്ന ഒന്നുകൂടിയായിരുന്നു. എന്നാൽ എഴുപത്തിരണ്ട് ദിവസങ്ങളല്ല; എഴുപത്തിനാല് വർഷങ്ങൾ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന് എല്ലാതരത്തിലുള്ള സാമ്രാജ്യത്വ- പ്രതിവിപ്ലവ കടന്നാക്രമണങ്ങളെയും തകർത്തുകൊണ്ട് ചരിത്രത്തിന്റെ സമൂർത്തതയിൽ മുഷ്ടിചുരുട്ടി നിലനിൽക്കാനായി. അത്ഭുതാവഹവും അസാധാരണവുമായ ഒരു ചരിത്രാനുഭവമായിരുന്നു അത്!

പാരീസ് കമ്യൂണിന് എഴുപത്തിരണ്ട് ദിനങ്ങൾ മാത്രമേ നിലനിൽക്കാനായുള്ളൂ. സോവിയറ്റ് റിപ്പബ്ലിക്കാകട്ടെ എഴുപത്തിനാല് വർഷങ്ങൾ (1917‐-1991) നിലനിന്നു. എന്നാൽ ജനകീയ ചൈനയാകട്ടെ സോവിയറ്റ് യൂണിയനെയും കടന്ന് എഴുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു!! പാരീസ് കമ്യൂണിന്റെയും സോവിയറ്റ് യൂണിയന്റെയും പാഠങ്ങളാണ് ജനകീയ ചൈനയെ എഴുപത്തിയഞ്ച് വർഷങ്ങൾ പിന്നിടാൻ പ്രാപ്തമാക്കിയത്. ഇങ്ങനെ ജനകീയ ചൈന പിന്നിട്ട എഴുപത്തിയഞ്ച് വർഷങ്ങളുടെ (1949-‐2024) വിലയിരുത്തലിന്റെ സാക്ഷ്യപത്രമാണ് ‘ജനകീയ ചൈന @75 : പതാകയുടെ നിറം ചുവപ്പാണ്’ (People’s China @75: The Flag Stays Red) എന്ന സമരോത്സുകമായ ചെറുഗ്രന്ഥം.

ജനകീയ ചൈനയുടെ എഴുത്തിയഞ്ച് വർഷങ്ങളുടെ സമരോത്സുകമായ പ്രയാണത്തെ അഭിസംബോധനചെയ്തുകൊണ്ട് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും ജനകീയ ചൈനയുടെ പ്രസിഡന്റുമായ ഷി ജിൻപിങ് ഇങ്ങനെ പ്രസ്താവിച്ചു: ‘‘ചൈനയിലെ എല്ലാ വിഭാഗം ജനങ്ങളെയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കൂട്ടിയിണക്കുകയും മുന്നോട്ടുനയിക്കുകയും ചെയ്തു. അങ്ങനെ വേഗതയാർന്ന സാമ്പത്തികവളർച്ചയുടെയും അതിശയിപ്പിക്കുന്ന സാമൂഹ്യസ്ഥിരതയുടെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്‌ അത് ജനങ്ങളെ പ്രാപ്തമാക്കി.’’ കഴിഞ്ഞ എഴുപത്തിയഞ്ച് വർഷങ്ങൾക്കുള്ളിൽ ചൈനയ്ക്ക് കൈവരിക്കാനായ നേട്ടങ്ങളെക്കുറിച്ചും ഇനി നേടിയെടുക്കാനുള്ള ലക്ഷ്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി പ്രതിപാദിച്ചു.

നേരിടേണ്ടിവന്ന തിരിച്ചടികളെക്കുറിച്ചും ഭാവിയിലെ വെല്ലുവിളികളെക്കുറിച്ചും the Great Hall of People- ലെ ആ പ്രഭാഷണം എടുത്തുപറഞ്ഞു.

വേഗതയാർന്ന സാമ്പത്തിക വളർച്ചയും സാമൂഹ്യമായ സുസ്ഥിരതയും പാരിസ്ഥിതിക നാഗരികതയും പരസ്പരം ഇഴുകിച്ചേർന്ന ചൈനീസ് സവിശേഷതകളോടുകൂടിയ ഒരു സോഷ്യലിസ്റ്റുക്രമത്തെ കെട്ടിപ്പടുക്കാനാണ് ചൈന ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിസങ്കീർണ്ണമായ ഒരു നിർമ്മാണപ്രക്രിയയാണിത്.

മുന്നോട്ടുപോക്കും തിരിച്ചടികളും സ്വാഭാവികമാണ്. എന്നാൽ, ഈയൊരു സോഷ്യലിസ്റ്റ് നിർമ്മാണപ്രക്രിയയുടെ സങ്കീർണ്ണതകളെ നിരന്തരം അപഹസിക്കാനും തെറ്റായി രേഖപ്പെടുത്താനുമാണ് അമേരിക്കൻ സാമ്രാജ്യത്വവും അതിന്റെ സഖ്യകക്ഷികളും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌ എന്നതും കാണേണ്ടതുണ്ട്. കള്ളവാർത്തകളുടെയും അസത്യങ്ങളുടെയും ഒരു മഹാപ്രളയത്തെതന്നെ സാമ്രാജ്യത്വവും അതിന്റെ സഖ്യകക്ഷികളും അതിന്റെ പ്രൊപ്പഗാൻഡാ മെഷീനുകളിലൂടെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ചൈനയ്ക്കെതിരെയുള്ള പുതിയ ശീതയുദ്ധം (New Cold War) കൊടുമ്പിരിക്കൊള്ളുന്ന ഒരു സന്ദർഭം കൂടിയാണിത്. അതുകൊണ്ടുതന്നെ ചൈനയ്ക്കെതിരായി നിരന്തരം വിവിധതലങ്ങളിൽ സൃഷ്ടിച്ചെടുത്തുകൊണ്ടിരിക്കുന്ന പ്രചാരണയുദ്ധസാമഗ്രികളാൽ (propaganda war) മുഖരിതമാണ് സമകാലികലോകം. ഈയൊരു സവിശേഷസന്ദർഭത്തിൽ യഥാർത്ഥ ചൈനയെയും അവിടെ നടക്കുന്ന സോഷ്യലിസ്റ്റ് നിർമ്മാണപ്രക്രിയയെയും അതിന്റെ സമഗ്രതയിലും വസ്തുനിഷ്ഠതയിലും വീണ്ടെടുക്കുന്ന അന്വേഷണങ്ങൾക്കും പ്രബന്ധങ്ങൾക്കും പുസ്തകങ്ങൾക്കും അതീവപ്രാധാന്യമാണുള്ളത്. അത്തരത്തിലുള്ള ഏറ്റവും സാർത്ഥകമായ അന്വേഷണപ്രബന്ധങ്ങളുടെ ഒരു സമാഹാരമാണ് ജനകീയ ചൈന @ 75 എന്ന പുസ്തകം. l

Hot this week

നിറങ്ങൾ തൻ നൃത്തം – സോമനാഥ ഹോർ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ആധുനിക...

പ്രകൃതിയിലെ വിസ്മയങ്ങൾ – പൊള്ളും വണ്ടുകൾ

Meloidae കുടുംബത്തിൽപ്പെട്ട വണ്ടുകളാണ് Blister beetles എന്ന 'പൊള്ളും വണ്ടുകൾ '....

ബി എം സുഹറ കഥ പറയുന്നു ,ഒപ്പം ജീവിതവും 

പ്രശസ്ത സാഹിത്യകാരി ബി എം സുഹറയുമായി ആർ പാർവതി ദേവി നടത്തിയ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 34

അധികാരം ബോൾഷെവിക്കുകളിലേക്ക്‌ ‘‘ഒക്ടോബറിൽ അധികാരം പിടിച്ചെടുത്തത്‌ തൊഴിലാളിവർഗത്തിന്റെ പാർട്ടി‐ബോൾഷെവിക്‌ പാർട്ടി‐ ശ്രദ്ധാപൂർവം ചിന്തിച്ചുറപ്പിച്ചതും...

Topics

നിറങ്ങൾ തൻ നൃത്തം – സോമനാഥ ഹോർ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ആധുനിക...

പ്രകൃതിയിലെ വിസ്മയങ്ങൾ – പൊള്ളും വണ്ടുകൾ

Meloidae കുടുംബത്തിൽപ്പെട്ട വണ്ടുകളാണ് Blister beetles എന്ന 'പൊള്ളും വണ്ടുകൾ '....

ബി എം സുഹറ കഥ പറയുന്നു ,ഒപ്പം ജീവിതവും 

പ്രശസ്ത സാഹിത്യകാരി ബി എം സുഹറയുമായി ആർ പാർവതി ദേവി നടത്തിയ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 34

അധികാരം ബോൾഷെവിക്കുകളിലേക്ക്‌ ‘‘ഒക്ടോബറിൽ അധികാരം പിടിച്ചെടുത്തത്‌ തൊഴിലാളിവർഗത്തിന്റെ പാർട്ടി‐ബോൾഷെവിക്‌ പാർട്ടി‐ ശ്രദ്ധാപൂർവം ചിന്തിച്ചുറപ്പിച്ചതും...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 33

ഇനിയൊരവസരമില്ല ‘‘1917 സെപ്‌തംബർ അവസാനത്തോടെ, റഷ്യ സന്ദർശിക്കാനെത്തിയ വിദേശിയായ ഒരു സോഷ്യോളജി പ്രൊഫസർ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 32

ഭരണകൂടവും വിപ്ലവവും ലെനിനും ‘‘ഒരു ജനാധിപത്യ റിപ്പബ്ലിക്കിൽ ‘‘സ്വത്ത്‌’’ സർവശക്തമായിരിക്കുന്നത്‌, രാഷ്‌ട്രീയ സംവിധാനത്തിലെ...

കുംഭമേള 2026ൽ

കുംഭമേളകൾ ഏറ്റവും പ്രധാനപ്പെട്ട നദീ ഉത്സവങ്ങളാണ്. സൂര്യനു ചുറ്റും വ്യാഴത്തിന്റെ പരിക്രമണം...
spot_img

Related Articles

Popular Categories

spot_imgspot_img