ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 24

ജി വിജയകുമാർ

ഹോബ്‌സണിൽനിന്ന്‌ ഹിൽഫെർഡിങ്ങിലൂടെ…
‘‘കൊഴിഞ്ഞ ഇലകൾ നിറഞ്ഞ കാനനപാതയിലൂടെ മണിക്കൂറുകളോളം ഞങ്ങൾ അലഞ്ഞുതിരിഞ്ഞുു. മിക്ക സന്ദർഭങ്ങളിലും ഞങ്ങൾ മൂന്നുപേരും‐ ഞാനും ഇന്നെസയും വ്‌ളാദിമീർ ഇലിച്ചും‐ ഈ നടത്തയിൽ ഒരുമിച്ചുണ്ടായിരുന്നു. സാർവദേശീയ തലത്തിലെ പോരാട്ടങ്ങൾക്കായുള്ള തന്റെ പദ്ധതികൾ വികസിപ്പിക്കുകയായിരിക്കും വ്‌ളാദിമീർ ഇലിച്ച്‌; ഇന്നെസ അതെല്ലാം കേട്ട്‌ മനസ്സിനുള്ളിൽ പതിപ്പിച്ചുകൊണ്ടിരുന്നു; ആസന്നമായ ഈ പോരാട്ടത്തിൽ അവൾ പ്രത്യക്ഷത്തിൽ തന്നെ പ്രധാന പങ്കുവഹിക്കാൻ തുടങ്ങി. കത്തിടപാടുകൾ നടത്തൽ, രേഖകൾ ഫ്രഞ്ച്‌, ഇംഗ്ലീഷ്‌ ഭാഷകളിലേക്ക്‌ പരിഭാഷപ്പെടുത്തൽ, ആവശ്യമായ വിവരങ്ങൾ ശേഖരിക്കൽ, ആളുകളുമായി സംസാരിക്കൽ എന്നിങ്ങനെ പ്രധാനപ്പെട്ട ദൗത്യങ്ങളാണ്‌ ഇന്നെസ ഏറ്റെടുത്തത്‌. ചിലപ്പോഴെല്ലാം സൂര്യപ്രകാശമേറ്റ്‌ വൃക്ഷനിബിഡമായ കുന്നിൻചരിവുകളിൽ മണിക്കൂറുകളോളം ഇരിക്കാറുണ്ടായിരുന്നു; ആ സമയം ഇലിച്ച്‌ തന്റെ പ്രസംഗങ്ങൾക്കും ലേഖനങ്ങൾക്കുംവേണ്ട കുറിപ്പുകൾ തയ്യാറാക്കുകയും തന്റെ ആശയങ്ങൾ തേച്ചുമിനുക്കുകയും ചെയ്‌തിരുന്നു. തൗസെയ്‌ൻ (Toussain) ടെക്‌സ്റ്റ്‌ബുക്കിന്റെ സഹായത്താൽ ഞാൻ ഇറ്റാലിയൻ ഭാഷ പഠിച്ചു; ഇന്നെസ ഒരു പാവാട തയ്‌ക്കുകയും ശരത്‌കാല സൂര്യവെളിച്ചത്തിൽ വെയിൽ കായുകയും ചെയ്‌തു‐ എന്നിട്ടും ജയിൽവാസത്തിന്റെ ആഘാതത്തിൽനിന്നും അവർ ഇനിയും മുക്തയായിരുന്നില്ല’’. ‐ ‐ലെനിനെക്കുറിച്ചുള്ള ഓർമക്കുറിപ്പുകൾ, ക്രൂപ്‌സ്‌കായ

ലോകയുദ്ധം തുടങ്ങിയ 1914 ആഗസ്‌തിലും തുടർന്നുള്ള ഏതാനും മാസങ്ങളിലും യൂറോപ്പിലുടനീളം ജനങ്ങൾ ആഹ്ലാദത്തിലും ആവേശത്തിലുമായിരുന്നു. പൊതുവിൽ ഓരോ രാജ്യത്തും ജനങ്ങളിൽ രാജ്യസ്‌നേഹം തിളച്ചുമറിയുകയായിരുന്നു. ‘ശത്രുരാജ്യം’ എന്ന്‌ പറയപ്പെടുന്നവയിലെ പട്ടാളക്കാർ മരിച്ചുവീഴുമ്പോൾ, അവിടങ്ങളിൽ വലിയ നാശനഷ്ടങ്ങളുണ്ടാകുമ്പോൾ, മറുവശത്ത്‌ ആഹ്ലാദപ്രകടനങ്ങളായിരുന്നു. യുദ്ധവാർത്തകൾ ജനങ്ങളെ ആവേശംകൊള്ളിച്ചുകൊണ്ടിരുന്നു. പരസ്‌പരം പോരടിച്ചുകൊണ്ടിരുന്ന, യുദ്ധത്തിൽ ഇരുപക്ഷത്തുമായി അണിനിരന്നിരുന്ന രാജ്യങ്ങളുടെ തലസ്ഥാനനഗരങ്ങളിൽ‐ ബെർലിനിലും വിയന്നയിലും സെന്റ്‌ പീറ്റേഴ്‌സ്‌ബെർഗിലും ലണ്ടനിലും മറ്റുമെല്ലാം‐ ഒരേ കാഴ്‌ചതന്നെയാണ്‌ കണ്ടിരുന്നത്‌. ബാൻഡുവാദ്യങ്ങളും ദേശഭക്തിഗാനങ്ങളും ദേശീയപതാകകളും ബാനറുകളുമായി നഗരവീഥികളിൽ തിമിർത്താടുന്ന, യുദ്ധഭ്രാന്തിൽ മതിമറന്ന ജനക്കൂട്ടങ്ങൾ പൊതുകാഴ്‌ചയായിരുന്നു‐ സങ്കുചിത ദേശീയവികാരത്താൽ അന്ധരാക്കപ്പെട്ട ജനക്കൂട്ടം. ഇതിനിടയിൽ സമാധാനറാലികൾ അപൂർവമായിരുന്നു; നടന്നവയിൽതന്നെ പങ്കാളിത്തം കുറവായിരുന്നു; പലപ്പോഴും സമാധാന റാലികൾക്കെതിരെ യുദ്ധഭ്രാന്തു പിടിച്ച ജനക്കൂട്ടങ്ങൾ ആക്രമണമഴിച്ചുവിട്ടിരുന്നു. സമാധാനത്തെക്കുറിച്ച്‌ പറയുന്നവരുടെ വാക്കുകൾക്ക്‌ ചെവികൊടുക്കാൻ ആളില്ലായിരുന്നുവെന്നു മാത്രമല്ല, സമാധാനകാംക്ഷികൾ നിശബ്ദരാക്കപ്പെടുകയുമായിരുന്നു. അന്ന്‌ അവഗണിക്കപ്പെട്ടെങ്കിലും പിൽക്കാലത്ത്‌ ചരിത്രത്തിലിടംപിടിച്ച വാക്കുകൾ ഉയർന്നത്‌ ഭരണപക്ഷത്തുനിന്നുതന്നെയായിരുന്നു‐ ബ്രിട്ടീഷ്‌ വിദേശകാര്യ സെക്രട്ടറി സർ എഡ്വേർഡ്‌ ഗ്രേ പറഞ്ഞു, ‘‘യൂറോപ്പിലുടനീളം വിളക്കുകൾ അണയുകയാണ്‌; നമ്മുടെ ജീവിതകാലത്തൊരിക്കലും ഇനിയവ പ്രകാശം പരത്തുന്നത്‌ നമുക്ക്‌ കാണാനാവില്ല’’.

ജെ എ ഹോബ്സൺ

ഗ്രേയുടെ വാക്കുകൾ അവഗണിക്കപ്പെടുകയായിരുന്നു. യുദ്ധം പൊട്ടിപ്പുറപ്പെട്ട ആദ്യനാളുകളിൽ തന്നെയായിരുന്നു, 1914 ആഗസ്‌ത്‌ മൂന്നിന്‌ ബ്രിട്ടീഷ്‌ രാഷ്‌ട്രതന്ത്രജ്ഞനായ ഗ്രേ ഇത്‌ പറഞ്ഞത്‌. ഒട്ടേറെ ജീവത്യാഗങ്ങളുടെയും രക്തച്ചൊരിച്ചിലിന്റെയും നിരവധി വർഷങ്ങൾ പിന്നിട്ടശേഷമാണ്‌ അതിന്‌ ചെവികൊടുക്കുന്ന ശ്രദ്ധേയമായൊരു ചെറിയ വിഭാഗം ആളുകളെങ്കിലുമുണ്ടായത്‌. യൂറോപ്പാകെയുണ്ടായ യുദ്ധഭ്രാന്തിന്റേതായ ഒരിളക്കം അറിയാതെയാണ്‌ റഷ്യയുടെ ശത്രുരാജ്യമെന്നറിയപ്പെട്ടിരുന്ന ആസ്‌ത്രിയൻ ഹംഗറിയിലെ ക്രാക്കോവിൽനിന്ന്‌ യുദ്ധത്തിൽ കക്ഷിചേരാത്ത സ്വിറ്റ്‌സർലാൻഡിലേക്ക്‌ ലെനിനും കുടുംബവും യാത്ര തിരിച്ചത്‌. അക്കാലത്തെ മറ്റ്‌ സോഷ്യൽ ഡെമോക്രാറ്റിക്‌ നേതാക്കളിൽനിന്ന്‌ വ്യത്യസ്‌തമായി ലെനിനെ സംബന്ധിച്ചിടത്തോളം ശത്രുരാജ്യമോ മിത്രരാജ്യമോ എന്നൊന്നും ഉണ്ടായിരുന്നില്ല. എല്ലാ രാജ്യങ്ങളിലെയും തൊഴിലാളികൾ, സാധാരണ മനുഷ്യരെല്ലാം സഹോദരങ്ങളാണെന്ന ഉറച്ച നിലപാടിലായിരുന്നു ലെനിൻ. 1912 നവംബറിൽ ചേർന്ന രണ്ടാം ഇന്റർനാഷണലിന്റെ ബാസെൽ കോൺഗ്രസ്‌ അംഗീകരിച്ച പ്രമേയത്തിൽ (ബാസെൽ മാനിഫെസ്‌റ്റോ) ലെനിൻ ഉറച്ചുനിന്നു.

യുദ്ധത്തിന്റെ ദുരിതംപിടിച്ച ആ നാളുകളിലുടനീളം, 1917 മാർച്ചു വരെ, പണ്ഡിതനായ ഒരു എഴുത്തുകാരനെന്ന നിലയിൽ സ്വിറ്റ്‌സർലാൻഡിൽ തന്നെ ജീവിതം തുടർന്നു. ബേണിലേയും സൂറിച്ചിലേയും ലൈബ്രറികളിലും പ്രസിദ്ധീകരണശാലകളിലുമായി അദ്ദേഹം തന്റെ സമയത്തിലേറെയും ചെലവഴിച്ചു. ആ യുദ്ധകാലത്ത്‌ ആശയവിനിമയമോ യാത്രയോ ഏറെക്കുറെ അസാധ്യമായിരുന്നു. എന്നിട്ടും ആ നിയന്ത്രണങ്ങൾക്കും പരിമിതികൾക്കുമിടയിൽ അദ്ദേഹം തന്റെ എഴുത്ത്‌, അതായത്‌ സൈദ്ധാന്തിക പ്രവർത്തനം തുടർന്നു. തന്റെ ശ്രദ്ധാകേന്ദ്രമായ റഷ്യയുമായി നിരന്തരം ബന്ധപ്പെടാനുള്ള സാധ്യത തുലോം വിരളമായിരുന്നു.

ഇസ്‌ക്രയോ പ്രാവ്‌ദയോപോലെ ഒരു പത്രം തുടങ്ങാൻ അന്ന്‌ കഴിയുമായിരുന്നില്ല. എന്നിട്ടും ലെനിൻ അതിനായുള്ള തന്റെ പരിശ്രമം തുടർന്നു. ഒടുവിൽ അത്‌ വിജയിക്കുകതന്നെ ചെയ്‌തു. 1914 നവംബറിൽ അദ്ദേഹം സോത്‌സിയാൽ ദെമോക്രാറ്റ്‌ (Sotsial Demokrat) എന്ന പത്രം പുനരുജ്ജീവിപ്പിച്ചു. 1917 മാർച്ചിൽ റഷ്യയിലേക്ക്‌ മടങ്ങുംവരെ മുടങ്ങാതെ അത്‌ പുറത്തിറക്കാൻ ലെനിന്‌ കഴിഞ്ഞു. തന്റെ ആശയങ്ങൾ വ്യക്തമാക്കാൻ ഒരു പ്രസിദ്ധീകരണമില്ലാതെ ജീവിതം നയിക്കുന്ന കാര്യം ലെനിനെ സംബന്ധിച്ചിടത്തോളം ചിന്തിക്കാൻ കഴിയുമായിരുന്നില്ല.

സ്വിറ്റ്‌സർലാൻഡിൽ തുടക്കത്തിൽ ലെനിനും കുടുംബവും പാർപ്പുറപ്പിച്ചത്‌ ബേണിലായിരുന്നു. ‘വിരസമായ ഒരു ചെറുപട്ടണം, എന്നാൽ ഗലീഷ്യയെക്കാൾ മെച്ചം’ എന്നാണ്‌ ലെനിൻ ബേണിനെക്കുറിച്ച്‌ പറഞ്ഞത്‌. ലൈബ്രറികൾ തോറും കയറിയിറങ്ങി അദ്ദേഹം ബേൺ ജീവിതം രസകരമാക്കി. നാടുകടത്തപ്പെട്ട്‌ സൈബീരിയയിലായിരുന്നപ്പോൾ തുടക്കമിട്ട തത്വശാസ്‌ത്രപഠനം പുനരാരംഭിക്കാൻ ലെനിൻ ഈ അവസരം ഉപയോഗിച്ചു. ഹെഗലിന്റെയും അരിസ്‌റ്റോട്ടിലിന്റെയും ദാർശനിക ഗ്രന്ഥങ്ങൾ അദ്ദേഹം ശ്രദ്ധയോടെ വായിച്ചുപഠിച്ചു. Philosophical Note Books എന്ന കൃതിയിൽനിന്ന്‌ ഈ വായനയുടെ, പഠനത്തിന്റെ ആഴം എത്രയെന്ന്‌ നമുക്ക്‌ മനസ്സിലാക്കാനാകും. തത്വശാസ്‌ത്രത്തെ സംബന്ധിച്ച ഒരു ഗ്രന്ഥരചനയ്‌ക്കായിട്ടല്ല തന്റെ ഈ പഠനം അദ്ദേഹം ഉപയോഗിച്ചത്‌; മറിച്ച്‌ സാമ്രാജ്യത്വത്തെക്കുറിച്ചുള്ള ഗ്രന്ഥരചനയ്‌ക്കും അതിലും പ്രധാനമായി പ്രായോഗിക രാഷ്‌ട്രീയത്തിൽ വൈരുദ്ധ്യവാദസമീപനം കൈക്കൊള്ളുന്നതിനും വേണ്ടിയിട്ടായിരുന്നു. മഹത്തായ ഒക്ടോബർ വിപ്ലവം വിജയിപ്പിക്കാനും സോവിയറ്റ്‌ യൂണിയനിൽ സോഷ്യലിസം കെട്ടിപ്പടുക്കാനും അദ്ദേഹത്തെ പ്രാപ്‌തനാക്കിയത്‌ ഈ ദാർശനികപഠനമാണെന്ന്‌ നിസ്സംശയം പറയാം.

മാർക്‌സിസ്റ്റ്‌ സിദ്ധാന്തത്തിന്‌ ലെനിന്റെ സംഭാവനകളിൽ പ്രധാനപ്പെട്ട ഒന്നാണ്‌ ‘സാമ്രാജ്യത്വം: മുതലാളിത്തത്തിന്റെ പരമോന്നതഘട്ടം’ എന്ന കൃതി. ഒന്നാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോക മുതലാളിത്തത്തെ വിശകലനം ചെയ്യാൻ ലെനിൻ നടത്തിയ ശ്രമത്തിന്റെ ഫലമാണ്‌ ഈ കൃതി. 1870ൽ, അതായത്‌ ലെനിൻ ജനിച്ച വർഷം, ജർമനി ഫ്രാൻസിനെതിരെ യുദ്ധത്തിലേർപ്പെടുകയും വിജയിക്കുകയും ചെയ്‌തു. യൂറോപ്പിൽ പുതിയൊരു വൻശക്തിയുടെ ഉദയമാണ്‌ അതോടെ കുറിക്കപ്പെട്ടത്‌. യൂറോപ്പിൽ അക്കാലത്ത്‌ നിലനിന്നിരുന്ന ശാക്തിക ബലാബലത്തിൽ അത്‌ മാറ്റം വരുത്തി. യൂറോപ്പിലെ മറ്റു പ്രമുഖ വൻശക്തികളായിരുന്ന ആസ്‌ത്രിയ‐ഹംഗറിയും തുർക്കിയും ദുർബലമായി തുടങ്ങി. അവിടങ്ങളിലേക്ക്‌ മെല്ലെ ജർമനി നുഴഞ്ഞുകയറാൻ തുടങ്ങി. ജർമനിയുടെ മിഡിൽ ഈസ്റ്റിലേക്കും ഈജിപ്‌തിലേക്കും മറ്റുമുള്ള കടന്നുകയറ്റത്തെ ബ്രിട്ടനും ഫ്രാൻസും ആശങ്കയോടെയും ഭയത്തോടെയുമാണ്‌ കണ്ടത്‌. ജർമൻ സ്വാധീനം വർധിച്ചുവരുന്നത്‌ റഷ്യയെയും ഭയപ്പെടുത്തി. പാശ്ചാത്യരാജ്യങ്ങളിലേക്കുള്ള റഷ്യയുടെ പ്രധാനപ്പെട്ട രണ്ട്‌ നാവികപാതകൾ, ബാൾട്ടിക്‌ കടലിൽനിന്നും കരിങ്കടലിൽ (Black Sea) നിന്നും പുറത്തുകടക്കാനുള്ള പാതകൾ, ജർമനിയുടെ നിയന്ത്രണത്തിലായി.

ഇങ്ങനെ ശാക്തിക ബലാബലത്തിൽ മാറ്റംവരുകയും അന്താരാഷ്‌ട്രതലത്തിൽ രാജ്യങ്ങൾക്കിടയിലെ ശത്രുതകൾ വർധിക്കുകയും ചെയ്‌തതിനൊപ്പം സമാന്തരമായി രണ്ടാം വ്യവസായവിപ്ലവവും സംഭവിച്ചു. ആവിയന്ത്രത്തിന്റെയും കൽക്കരിയുടെയും ഇരുന്പിന്റെയും റെയിൽവെയുടെയും വരവോടെയാണ്‌ ഒന്നാം വ്യവസായവിപ്ലവമുണ്ടായത്‌. ഉരുക്കിന്റെയും വൈദ്യുതിയുടെയും രാസവസ്‌തുക്കളുടെയും ക്രൂഡോയിലിന്റെയും കണ്ടെത്തലോടെയാണ്‌ രണ്ടാം വ്യവസായവിപ്ലവം സംഭവിച്ചത്‌. ഇത്‌ ദ്രുതഗതിയിൽ സാങ്കേതികവിദ്യയുടെ വികാസത്തിന്‌ വഴിയൊരുക്കി. ലോകവ്യാപകമായി ആശയവിനിമയത്തിനുപകരിക്കുന്ന ടെലഗ്രാഫ്‌, ആവിക്കപ്പലുകൾ, പുതിയ ആയുധങ്ങളും വെടിക്കോപ്പുകളും എന്നിവയുടെ വികാസം രാജ്യങ്ങൾ തമ്മിലുള്ള വർധിച്ചുവരുന്ന ആയുധപന്തയത്തിന്‌ കളമൊരുക്കി.

ലോകത്തെയൊന്നടങ്കം യൂറോപ്പിലെ വൻശക്തികൾ പങ്കിട്ടെടുക്കുന്ന സ്ഥിതിയാണ്‌ ഇതോടെ സംജാതമായത്‌. ഇന്ത്യയും ചൈനയും ആഫ്രിക്കയും ദക്ഷിണ അമേരിക്കയുമെല്ലാം ഏതെങ്കിലുമൊരു യൂറോപ്യൻ വൻശക്തിയുടെ നിയന്ത്രണത്തിലായി. ആഗോള സന്പദ്‌ഘടനയുടെ കേന്ദ്രബിന്ദു ലണ്ടൻ നഗരമായി (City of London) മാറി. ഈ പശ്ചാത്തലത്തിലാണ്‌ ലെനിനും ക്രൂപ്‌സ്‌കായയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ ലണ്ടനിലെത്തുന്നത്‌. മുതലാളിത്തത്തിലെ ആന്തരിക വൈരുദ്ധ്യങ്ങളിലേക്ക്‌ ലെനിൻ ആഴത്തിൽ പഠിക്കാൻ തുടങ്ങിയത്‌ ആദ്യത്തെ ലണ്ടൻ വാസക്കാലം മുതലാണ്‌. 1904ൽ ലെനിനും ക്രൂപ്‌സ്‌കായയും ചേർന്ന്‌ ബ്രിട്ടീഷ്‌ ലിബറൽ സാന്പത്തികശാസ്‌ത്രജ്ഞനായ ജെ എ ഹോബ്‌സണിന്റെ Imperialism: A Study എന്ന ക്ലാസിക്‌ കൃതി റഷ്യൻ ഭാഷയിലേക്ക്‌ പരിഭാഷപ്പെടുത്തി. ശക്തിപ്പെട്ടുകൊണ്ടിരുന്ന മത്സരാധിഷ്‌ഠിത സാന്പത്തികശക്തികളാണ്‌ സാമ്രാജ്യത്വത്തിന്‌ അടിത്തറ പാകിയത്‌ എന്നതായിരുന്നു ഹോബ്‌സണിന്റെ കാഴ്‌ചപ്പാട്‌.

റുഡോൾഫ് ഹിൽഫെർഡിങ്

സ്വതന്ത്രവ്യാപാരത്തിന്റെയും സ്വതന്ത്ര സന്പദ്‌ഘടനയുടെയും സ്ഥാനത്ത്‌ മുതലാളിത്തം കൂടുതൽ സൈനികാടിസ്ഥാനമുള്ളതും ആക്രമണാത്മകവുമായി മാറുകയാണുണ്ടായത്‌. വ്യാവസായിക മുതലാളിത്തത്തിന്റെ ആദ്യവർഷങ്ങളിലുണ്ടായിരുന്ന വലിയ ലാഭമുണ്ടാക്കാനുള്ള എളുപ്പവഴികൾ ക്രമേണ ഇല്ലാതായി; കാരണം മത്സരരംഗത്തുള്ള നിക്ഷേപകരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ കൂടുതൽ വലിയ ലാഭമുണ്ടാക്കാനുള്ള ത്വര മുതലാളിമാരെ കഴുത്തറുപ്പൻ മത്സരങ്ങളിലേക്ക്‌ നയിച്ചു. ഹോബ്‌സണിന്റെ വിശകലനത്തിന്റെ മൗലികമായ രണ്ട്‌ ഘടകങ്ങളെ പല മാർക്‌സിസ്റ്റ്‌ സൈദ്ധാന്തികരും അംഗീകരിക്കുകയുണ്ടായി. ഒന്നാമത്തേത്‌, കൂടുതൽ വലിയ ലാഭമുണ്ടാക്കത്തക്കവിധം മൂലധനനിക്ഷേപം നടത്തുന്നതിന്‌ വർധിച്ചുവരുന്ന മത്സരം തടസ്സമാകുന്നു എന്ന സാന്പത്തിക അടിത്തറയിൽനിന്നാണ്‌ സാമ്രാജ്യത്വം ഉരുവംകൊണ്ടതെന്ന ആശയം. രണ്ടാമത്തേത്‌, സാമ്രാജ്യത്വമെന്ന പ്രതിഭാസത്തിന്റെ ആക്രമണാത്മകവും മനുഷ്യത്വരഹിതവുമായ സ്വഭാവത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ ലിബറൽ വിമർശനത്തെയും ഇവർ പൊതുവെ സ്വീകരിച്ചു. മാർക്‌സിസ്റ്റ്‌ ശൈലിയിലുള്ള ഏറ്റവും നല്ല വിശകലനം വന്നത്‌ ആസ്‌ട്രിയൻ മാർക്‌സിസ്റ്റായ ഹിൽഫെർഡിങ്ങിൽ നിന്നും ജർമൻ മാർക്‌സിസ്റ്റായ റോസ ലക്‌സംബർഗിൽനിന്നുമായിരുന്നു‐ ഹിൽഫെർഡിങ്ങിന്റെ Finance Capital എന്ന കൃതിയും റോസ ലക്‌സംബെർഗിന്റെ Accumulation of Capital എന്ന കൃതിയും.

യൂറോപ്യൻ രാഷ്‌ട്രങ്ങൾക്കിടയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളെയും ആയുധപന്തയത്തെയും ലോകത്തെ പങ്കിട്ടെടുക്കാനുള്ള നീക്കങ്ങളെയും ഹിൽഫെർഡിങ്‌ (Hilferding) അക്കാലത്ത്‌ യൂറോപ്പിൽ ദൃശ്യമായ സാമൂഹികമാറ്റങ്ങളുമായാണ്‌ ബന്ധിപ്പിച്ചത്‌. മൂലധനത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവമാണ്‌ ഹിൽഫെർഡിങ്ങിന്റെ വിശകലനത്തിലെ ആരംഭബിന്ദു. നിക്ഷേപകനും നിക്ഷേപവും തമ്മിലുള്ള നേരിട്ടുള്ള ബന്ധമാണ്‌ ആദ്യകാല മുതലാളിത്തത്തിന്റെ സവിശേഷത, അതായത്‌ മൂലധനം നിക്ഷേപിക്കുന്നയാൾക്ക്‌ അയാൾ ആ നിക്ഷേപം നടത്തുന്ന (അയാൾ പണം നിക്ഷേപിക്കുന്ന) വ്യവസായത്തിന്റെ ഉടമയെ സാധാരണഗതിയിൽ നേരിട്ടറിയാമായിരിക്കും. സ്വന്തം പണം ഏത്‌ വ്യവസായത്തിലാണ്‌ നിക്ഷേപിക്കേണ്ടതെന്ന തീരുമാനമെടുക്കുന്നത്‌ ആ പണം നിക്ഷേപിക്കുന്ന ആൾ തന്നെയായിരിക്കും. എന്നാൽ പിൽക്കാലത്ത്‌ വ്യക്തികൾ ബാങ്കുകളിൽ പണം നിക്ഷേപിക്കുകയും ഏതു വ്യവസായത്തിലാണ്‌ മൂലധനനിക്ഷേപം നടത്തേണ്ടത്‌ എന്ന തീരുമാനമെടുക്കുന്നത്‌ ബാങ്കുകളാവുകയും ചെയ്‌തു. അങ്ങനെ മൂലധനപ്രവാഹത്തെ നിയന്ത്രിക്കുന്നതിൽ ബാങ്കുകളുടെ പങ്ക്‌ അടിക്കടി വർധിച്ചുവന്നു. അങ്ങനെ വ്യക്തികളായ നിക്ഷേപകർ വൻതോതിൽ മൂലധനവിഭവങ്ങൾ കൈവശമുള്ള ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കുമായി വഴിമാറിക്കൊടുത്തു. ഇത്‌ ഈ സ്ഥാപനങ്ങൾ സന്പദ്‌ഘടനയ്‌ക്കുമേൽ പിടിമുറുക്കാൻ അവസരമൊരുക്കി. മത്സരരംഗത്ത്‌ ലക്ഷക്കണക്കിന്‌ നിക്ഷേപകരുണ്ടായിരുന്നിടത്ത്‌ ഒരുസംഘം ബാങ്കുകൾ മാത്രം വരുന്ന സ്ഥിതി സംജാതമായി. ദേശീയ സമ്പദ്‌ഘടനകളുടെ നിയാമകശക്തിയായി ഈ ബാങ്കുകൾ മാറി.

ഇതോടെ നിക്ഷേപപ്രക്രിയ താരതമ്യേന കൂടുതൽ ലളിതമായി എന്നതിനർഥം, അപ്പോഴും അവ പരസ്‌പരം മത്സരിച്ചിരുന്നെങ്കിലും അവയ്‌ക്ക്‌ കമ്പോളത്തെ നിയന്ത്രിക്കുന്നതിനുള്ള സാധ്യത ഉയർന്നുവരാൻ തുടങ്ങിയെന്നാണ്‌. മുതലാളിത്തത്തിന്റെ ആദ്യകാലത്ത്‌ നിക്ഷേപകരും ഉൽപാദകരും തമ്മിൽ അനിയന്ത്രിതമായ മത്സരത്തിലേർപ്പെട്ടിരുന്നു; പുതുതായി വമ്പൻ മുതലാളിത്ത സ്ഥാപനങ്ങൾ നിർമിക്കപ്പെട്ടതിനർഥം അങ്ങനെയാകുമ്പോൾ കമ്പോളത്തിലെ അരാജകത്വത്തിന്‌ അവ വളരെ കുറച്ചുമാത്രമേ വിധേയമാകുന്നുള്ളൂവെന്നാണ്‌. മുതലാളിത്തം മത്സരാധിഷ്‌ഠിതമാണെന്ന പല്ലവിയെല്ലാം മാറ്റിവെച്ച്‌ ഈ കാലഘട്ടത്തിൽ ഉയർന്നുവന്ന സ്ഥാപനങ്ങൾ കമ്പോളത്തെ സ്വന്തം വരുതിയിൽ തളച്ചിടാനുള്ള ആർത്തിയും വ്യഗ്രതയുമാണ്‌ പ്രകടിപ്പിച്ചത്‌. ബാങ്കുകൾ മാത്രമല്ല, ഉൽപാദകരും കൂട്ടുകെട്ടുകളുണ്ടാക്കി വൻകിട സ്ഥാപനങ്ങളായി മാറുകയായിരുന്നു. 20‐ാം നൂറ്റാണ്ടിലെ ആഗോള കുത്തക കോർപറേഷനുകളുടെ മുൻഗാമികളായി വമ്പൻ കമ്പനികൾ ഉയർന്നുവരാൻ തുടങ്ങി. ലക്ഷക്കണക്കിന്‌ തൊഴിലാളികൾ ജോലിചെയ്യുന്ന സീമെൻസിനെയും ബോസ്‌ച്ചിനെയും (Bosch) മറ്റും പോലെയുള്ള കൂറ്റൻ കമ്പനികൾ ഉയർന്നുവന്നു. അവയിൽ പലതും ആയുധനിർമാതാക്കളുമായിരുന്നു. ഹിൽഫെർഡിങ്‌ ഈ വൻകിട സ്ഥാപനങ്ങളെ കുത്തകകൾ (Monopoly) എന്ന്‌ വിശേഷിപ്പിച്ചു. ചുരുക്കം ചില കമ്പനികളിൽ ഉത്‌പാദനം കേന്ദ്രീകരിക്കുന്ന പ്രവണതയിലേക്ക്‌ മുതലാളിത്തം മാറുകയാണെന്നാണ്‌ ഹിൽഫെർഡിങ്‌ നിരീക്ഷിച്ചത്‌. ഈ കുത്തക കമ്പനികൾ പലതും ചേർന്ന്‌ കാർട്ടെലുകൾ (Cartels) രൂപപ്പെടുന്നതോടെ ഈ പ്രവണത ശക്തിപ്പെട്ടു തുടങ്ങിയെന്നും ഹിൽഫെർഡിങ്‌ നിരീക്ഷിച്ചു.

എന്തായിരുന്നു കുത്തക കമ്പനികൾ ചേർന്ന്‌ കാർട്ടലുകൾ രൂപപ്പെടുത്തുന്നതിനു പിന്നിലെ ലക്ഷ്യം? ഹിൽഫെർഡിങ്‌ നിരീക്ഷിച്ചത്‌, കമ്പോളത്തിലെ വിലവ്യതിയാനങ്ങൾ കുറച്ചുകൊണ്ടുവരുകയും തങ്ങളുടെ ഉൽപന്നങ്ങളുടെ വിലകൾ കഴിയുന്നിടത്തോളം ഉയർത്തിനിർത്തുകയുമാണെന്നാണ്‌. മാത്രമല്ല, അവയ്‌ക്കാവശ്യമായ അസംസ്‌കൃത വസ്‌തുക്കളുടെ വിലകൾ പരമാവധി കുറഞ്ഞ നിലയിലാക്കാനും ഇതുവഴി കഴിയുന്നു. ഇങ്ങനെ കാർട്ടെലുകളായി ഒത്തുചേരുമ്പോൾ അവയിലെ എല്ലാ കമ്പനികൾക്കും പരമാവധി ലാഭമുണ്ടാക്കാൻ കഴിയുന്നു. എന്നാൽ അതേസമയം ഒരു കാർട്ടെലിലെ ഓരോ കമ്പനിക്കും കരാറുകൾ നേടിയെടുക്കുന്നതിനും മറ്റും പരസ്‌പരം മത്സരിക്കുകയും ചെയ്യാമെന്ന സൗകര്യവുമുണ്ട്‌. അങ്ങനെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തോടെ, അതായത്‌ ഒന്നാം ലോകയുദ്ധത്തിനു മുമ്പ്‌, ചില സുപ്രധാന വ്യാവസായികമേഖലകളിൽ 70 ശതമാനത്തോളം ആധിപത്യമുറപ്പിച്ച താരതമ്യേന പാപ്പരാകാനോ തകരാനോ സാധ്യത കുറഞ്ഞ പടുകൂറ്റൻ കുത്തകകൾ ഉയർന്നുവന്നു‐ ഉരുക്ക്‌, രാസവസ്‌തുക്കൾ, കൽക്കരി, എണ്ണ എന്നീ ഉൽപന്നങ്ങളുടെ മേഖലയിൽ മാത്രമല്ല ബാങ്കിങ്‌ മേഖലയിലെ കുത്തകയിലൂടെ മൂലധനത്തിന്റെ കാര്യത്തിലും കുത്തകകൾ സ്ഥാപിക്കപ്പെട്ടു. ഇതോടെ ചെറുകിട‐ഇടത്തരം സംരംഭങ്ങൾ മത്സരത്തിൽ പിന്തള്ളപ്പെടുന്ന സ്ഥിതിയുണ്ടായി. എന്നാൽ താരതമ്യേന ചെറിയ കമ്പനികൾ നൂതന പരീക്ഷണങ്ങളിലൂടെ ഉയർന്നുവരുമ്പോൾ, പരീക്ഷണങ്ങൾ വിജയകരമായെന്നുറപ്പാകുമ്പോൾ വൻകിട കമ്പനികൾ ഇവയെ ഏറ്റെടുക്കാനും (Takeover) നോക്കുന്നതായി ഹിൽഫെർഡിങ്‌ നിരീക്ഷിച്ചു.

കുത്തക മുതലാളിത്തത്തിന്റെ മറ്റൊരു പ്രധാന വശംകൂടി ഹിൽഫെർഡിങ്‌ ചൂണ്ടിക്കാണിച്ചു. വൻകിട കമ്പനികൾ കരുത്താർജിക്കുന്നതോടെ ഭരണകൂടവുമായുള്ള അവയുടെ ബന്ധവും ശക്തിപ്പെടുന്നതായും അദ്ദേഹം കണ്ടു. തങ്ങളുടെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ പറ്റിയവിധം, അതായത്‌ തങ്ങളുടെ വ്യാവസായിക സാമ്രാജ്യം വിപുലപ്പെടുത്താനും ലാഭം പരമാവധിയാക്കാനും അനുയോജ്യമായ വിധം നിയമങ്ങളുണ്ടാക്കാനും നയങ്ങൾ രൂപീകരിക്കാനും ഭരണാധികാരികൾക്കുമേൽ സമ്മർദം ചെലുത്താൻ ഇവയ്‌ക്ക്‌ കഴിയുന്നു. ഓരോ രാജ്യത്തും ഇത്‌ വ്യത്യസ്‌തമായിട്ടായിരിക്കും നടക്കുന്നതെന്നും ഹിൽഫെർഡിങ്‌ ചൂണ്ടിക്കാണിച്ചു.

പുതുതായി ഉയർന്നുവരുന്ന ദേശരാഷ്‌ട്രങ്ങൾക്ക്‌ ചുറ്റും സമകാലിക മുതലാളിത്തത്തിന്റെ നീരാളിക്കൈകൾ വലയം ചെയ്‌തിരിക്കുകയാണെന്നും ഹിൽഫെർഡിങ്‌ ചൂണ്ടിക്കാട്ടി. കൊളോണിയൽ നയങ്ങളെയും അന്താരാഷ്‌ട്ര സാമ്പത്തികനയങ്ങളെയും സംബന്ധിച്ച്‌ ഓരോ രാജ്യവും നിലപാടെടുക്കുന്നത്‌ അതാത്‌ രാജ്യത്തെ വൻകിട കമ്പനികളുടെ താൽപര്യങ്ങൾ കണക്കിലെടുത്തായിരിക്കും. ഇതുപ്രകാരം മുതലാളിമാർ തമ്മിലുള്ള മത്സരം വ്യക്തികൾ തമ്മിലുള്ളത്‌ എന്നതിനേക്കാൾ ശാക്തികചേരികൾ തമ്മിലുള്ളതായി മാറുന്നു. തൽഫലമായി അന്താരാഷ്‌ട്ര സംഘർഷങ്ങൾ വർധിക്കുകയും ലോകത്തെ പങ്കിട്ടെടുക്കാനുള്ള പ്രവണത ശക്തിപ്പെടുകയും ചെയ്യുന്നു. ഇത്‌ ആയുധപ്പന്തയത്തിന്‌ വഴിയൊരുക്കുന്നു. സർക്കാരുകളെയും ആയുധക്കമ്പനികളെയും തിരിച്ചറിയാനാകാത്തവിധം അവ അലിഞ്ഞുചേരുന്നു; ഇതിനെയാണ്‌ അമേരിക്കൻ പ്രസിഡന്റായിരുന്ന ഐസനോവർ ഏറെക്കുറെ 5 പതിറ്റാണ്ടിനുശേഷം മിലിറ്ററി ഇൻഡസ്‌ട്രിയൽ കോംപ്ലക്‌സ്‌ എന്നു വിശേഷിപ്പിച്ചത്‌. ഒന്നാം ലോകയുദ്ധാരംഭത്തിനും ഏതാനും വർഷം മുമ്പാണ്‌, 1910ൽ ഹിൽഫെർഡിങ്‌ ഇത്തരമൊരു വിശകലനം നടത്തിയത്‌ എന്ന കാര്യം ശ്രദ്ധേയമാണ്‌.

എന്നാൽ ഇവിടെയൊന്നും അവസാനിക്കുന്നില്ല ഹിൽഫെർഡിങ്‌ നടത്തിയ മുതലാളിത്തത്തെ സംബന്ധിച്ച വിശകലനം. സംഘടിത മുതലാളിത്തത്തിലേക്കുള്ള വലിയൊരു ചുവടുവയ്‌പാണ്‌. ഫിനാൻസ്‌ കാപ്പിറ്റൽ എന്നാണ്‌ ഹിൽഫെർഡിങ്‌ വിലയിരുത്തിയത്‌. മുന്നിലുള്ള സർവതിനെയും തകർത്ത്‌ നശിപ്പിക്കാൻ നിൽക്കുന്ന അപ്രതിരോധ്യമായ ഒരു ശക്തിയാണ്‌ ഫിനാൻസ്‌ കാപ്പിറ്റലിസം എന്നിരിക്കിലും ഈ സംവിധാനം സോഷ്യലിസ്റ്റുകൾക്ക്‌ പ്രതീക്ഷ നൽകുന്നതാണെന്നും ഹിൽഫെർഡിങ്‌ വിലയിരുത്തി. കമ്പോളത്തിന്റെ അരാജകവാഴ്‌ചയുടെ സ്ഥാനത്ത്‌ മനുഷ്യന്റെ ആവശ്യങ്ങൾ കണക്കിലെടുത്ത്‌ വിഭവങ്ങൾക്കുമേലുള്ള നിയന്ത്രണവും വിഭവ വിനിയോഗത്തിൽ ആസൂത്രണവും എന്ന സങ്കൽപ്പനത്തിലേക്ക്‌ ഫിനാൻസ്‌ കാപ്പിറ്റലിസം നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഹിൽഫെർഡിങ്‌ വിലയിരുത്തി. ആസൂത്രണത്തിന്റെയും നിയന്ത്രണത്തിന്റെയും സംവിധാനങ്ങളെയെല്ലാം മുതലാളിത്തം തന്നെ നിർമിക്കാൻ തുടങ്ങുകയാണെന്നും ഹിൽഫെർഡിങ്‌ വിലയിരുത്തി. കുത്തകകളിലൂടെയും കാർട്ടെലുകളിലൂടെയും ഭരണകൂടത്തിനുമേൽ പിടിമുറുക്കിക്കൊണ്ടുമാണ്‌ മുതലാളിത്തം ഇതിലേക്ക്‌ നീങ്ങിയതെന്നും ഹിൽഫെർഡിങ്‌ നിരീക്ഷിച്ചു. ഹിൽഫെർഡിങ്ങിന്റെ ഈ നിരീക്ഷണം ലെനിനെ ഹഠാദാകർഷിച്ചു.

മുതലാളിത്തത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച്‌ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനദശകം മുതൽ മാർക്‌സിസ്റ്റുകൾക്കിടയിൽ ചർച്ച തുടങ്ങിയിരുന്നു. മുതലാളിത്തത്തിന്റെ ആക്രമണാത്മകത കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും സാമൂഹ്യനീതി ഉറപ്പാക്കാൻ അതിനെ പരിഷ്‌കരിക്കാൻ കഴിയുമെന്നുമുള്ള നിരീക്ഷണമാണ്‌ രണ്ടാം ഇന്റർനാഷണലിന്റെ നേതാക്കളിലൊരാളായിരുന്ന എഡ്വേർഡ്‌ ബേൺസ്റ്റീൻ നടത്തിയത്‌. ഇത്‌ യഥാർഥത്തിൽ മാർക്‌സിസത്തിന്റെ വിപ്ലവസത്ത ചോർത്തൽ മാത്രമായിരുന്നില്ല, മാർക്‌സിസത്തിന്റെതന്നെ നിഷേധമായിരുന്നു. ബേൺസ്റ്റീനുള്ള മറുപടിയായിരുന്നു ഹിൽഫെർഡിങ്ങിന്റെ Finance Capital എന്ന കൃതിയിലൂടെ മുന്നോട്ടുവെയ്‌ക്കപ്പെട്ടത്‌. വിപ്ലവകാരികളായ മാർക്‌സിസ്റ്റുകൾ കാത്തിരുന്ന ഒരു വിശകലനമായിരുന്നു ഹിൽഫെർഡിങ്‌ മുന്നോട്ടുവെച്ചത്‌. ഹിൽഫെർഡിങ്ങിന്റെ സങ്കൽപ്പനങ്ങളുടെ തുടർച്ചയും വളർച്ചയുമായിരുന്നു ആദ്യം റോസലക്‌സംബെർഗും പിന്നീട്‌ ലെനിനും മുന്നോട്ടുവെച്ചത്‌. l
(തുടരും)

Hot this week

ഹിന്ദു ടു ഹിന്ദു ഇക്കോണമി

മതനൂനപക്ഷങ്ങളെ, വിശേഷിച്ച് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും സാമ്പത്തികമായും സാമൂഹികമായും ബഹിഷ്കരിക്കാനുള്ള പരസ്യമായ ആഹ്വാനങ്ങൾ...

ചൈന: സോഷ്യലിസവും ഭാവിയും

‘‘ചൈനീസ് സാഹചര്യത്തിനനുസരിച്ച് മാർക്സിസത്തെ പ്രയോഗിക്കുന്ന പ്രക്രിയയെ പൂർവ്വാധികം ശക്തിയോടെ ഞങ്ങൾ മുന്നോട്ടുകൊണ്ടുപോകും....

നൊസ്റ്റാൾജിയയും വൈകാരികതയും ഉൾച്ചേരുന്ന വാഴ

കാഴ്‌ചയുടെ ദൈർഘ്യം വളരെ കുറഞ്ഞ കാലഘട്ടത്തിൽ അതിനു അനുയോജ്യമായ രീതിയിൽ വളരെ...

ഒരു സന്ധ്യാരാഗത്തിന്റെ സാന്ത്വനം യമൻ കല്യാണും മെലൻകോളിക് ഡിപ്രഷനും

ഒരു പകലിന്റെ തീക്ഷ്ണത ലോപിച്ച് എരിഞ്ഞടങ്ങുന്ന സന്ധ്യയുടെ മങ്ങലിനെ നേർത്തതാക്കി അമ്പലമണികളിൽനിന്ന്...

ക്ളോദ് മൊനെ

ക്ളോദ് മൊനെ എന്ന വിഖ്യാത ചിത്രകാരൻ വിടപറഞ്ഞിട്ടു നൂറ്റാണ്ടു തികയുന്ന വർഷമാണ്...

Topics

ഹിന്ദു ടു ഹിന്ദു ഇക്കോണമി

മതനൂനപക്ഷങ്ങളെ, വിശേഷിച്ച് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും സാമ്പത്തികമായും സാമൂഹികമായും ബഹിഷ്കരിക്കാനുള്ള പരസ്യമായ ആഹ്വാനങ്ങൾ...

ചൈന: സോഷ്യലിസവും ഭാവിയും

‘‘ചൈനീസ് സാഹചര്യത്തിനനുസരിച്ച് മാർക്സിസത്തെ പ്രയോഗിക്കുന്ന പ്രക്രിയയെ പൂർവ്വാധികം ശക്തിയോടെ ഞങ്ങൾ മുന്നോട്ടുകൊണ്ടുപോകും....

നൊസ്റ്റാൾജിയയും വൈകാരികതയും ഉൾച്ചേരുന്ന വാഴ

കാഴ്‌ചയുടെ ദൈർഘ്യം വളരെ കുറഞ്ഞ കാലഘട്ടത്തിൽ അതിനു അനുയോജ്യമായ രീതിയിൽ വളരെ...

ഒരു സന്ധ്യാരാഗത്തിന്റെ സാന്ത്വനം യമൻ കല്യാണും മെലൻകോളിക് ഡിപ്രഷനും

ഒരു പകലിന്റെ തീക്ഷ്ണത ലോപിച്ച് എരിഞ്ഞടങ്ങുന്ന സന്ധ്യയുടെ മങ്ങലിനെ നേർത്തതാക്കി അമ്പലമണികളിൽനിന്ന്...

ക്ളോദ് മൊനെ

ക്ളോദ് മൊനെ എന്ന വിഖ്യാത ചിത്രകാരൻ വിടപറഞ്ഞിട്ടു നൂറ്റാണ്ടു തികയുന്ന വർഷമാണ്...

ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായ വിപ്ലവകാരി

ബ്രസീലിലെ ആർച്ചു ബിഷപ്പായിരുന്ന ഹെൻഡർ കാമറയുടെ പ്രസിദ്ധമായ ഒരു വാചകമുണ്ട്: “പാവങ്ങൾക്ക്...

രാത്രിയിലൊഴുകുന്ന പ്രണയം

അനുസ്യൂതമിരമ്പുന്ന കടൽ... രാത്രി ഏകാകികൾ വാതിൽ തുറക്കുന്നത് അവസാനിക്കാത്ത ഇമ്പമാർന്ന ആ...

മെയ് ദിനം :ഇന്ത്യൻ തൊഴിലാളിവർഗം പോരാട്ട വീഥിയിൽ

മെയ് ഒന്ന് സാർവദേശീയ തൊഴിലാളി ദിനമായി പ്രഖ്യാപിച്ചത് 1889 ജൂലൈ 14...
spot_img

Related Articles

Popular Categories

spot_imgspot_img