
മതനൂനപക്ഷങ്ങളെ, വിശേഷിച്ച് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും സാമ്പത്തികമായും സാമൂഹികമായും ബഹിഷ്കരിക്കാനുള്ള പരസ്യമായ ആഹ്വാനങ്ങൾ ഹിന്ദു ഏകീകരണത്തിനുള്ള ഒരു പ്രധാന ഉപകരണമായി മാറിയിട്ടുണ്ട്. വിപണികൾ, തൊഴിലിടങ്ങൾ, പാർപ്പിടം, സാമൂഹിക ജീവിതം എന്നിവയിൽ നിന്ന് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഒഴിവാക്കാൻ ഹിന്ദുത്വപ്രാസംഗികർ ജനങ്ങളോട് പരസ്യമായി ആവശ്യപ്പെടുന്ന സംഭവങ്ങൾ വർദ്ധിച്ചു വരികയാണ്. 2025ലെ ഹേറ്റ് ലാബ് ഇന്ത്യ കണക്കുകൾ അനുസരിച്ച് ഇത്തരത്തിലുള്ള 120 സംഭവങ്ങളാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഇതിൽ മുസ്ലിങ്ങൾക്കെതിരായി ഏറ്റവും കൂടുതൽ വിദ്വേഷപ്രസംഗങ്ങൾ നടന്നത് മഹാരാഷ്ട്ര സംസ്ഥാനത്തിലാണ്. അവിടെ ഇത്തരത്തിലുള്ള 31 പ്രസംഗങ്ങളാണ് രേഖപ്പെടുത്തപ്പെട്ടത്. അതായത് രാജ്യത്ത് ആകെ നടന്ന ബഹിഷ്കരണ ആഹ്വാനങ്ങളിൽ 26 ശതമാനവും നടന്നത് മഹാരാഷ്ട്രയിലാണ്. തൊട്ടുപുറകിൽ നിൽക്കുന്ന ഉത്തർപ്രദേശിൽ അത്തരത്തിലുള്ള 28 പ്രസംഗങ്ങൾ നടന്നു. മധ്യപ്രദേശിനാണ് മൂന്നാംസ്ഥാനം. അവിടെ നടന്നത് 13 പ്രസംഗങ്ങളാണ്. നിത്യജീവിതത്തിലെ പരസ്പരബന്ധങ്ങളെ മാറ്റിമറിക്കാൻ ലക്ഷ്യമിട്ടുള്ള കൃത്യമായ നിർദ്ദേശങ്ങളാണ് ഈ പ്രസംഗങ്ങളിൽ വന്നിട്ടുള്ളത്. നിങ്ങൾ ആരിൽനിന്നും സാധനങ്ങൾ വാങ്ങണം, ആരെ ജോലിക്ക് വെക്കണം, ആർക്കാണ് വീട് വാടകയ്ക്ക് നൽകേണ്ടത്, ആരോടൊപ്പമാണ് യാത്ര ചെയ്യേണ്ടത്, ആരോട് ഇടപഴകണം എന്നൊക്കെ കൃത്യമായി നിശ്ചയിക്കുകയും വിവരിച്ചു കൊടുക്കുകയും ചെയ്യുന്നതിലൂടെ അന്യമതവിദ്വേഷത്തെ ഒരു ദൈനംദിന ജീവിതശീലമാക്കി മാറ്റാനാണ് ഇത്തരം പ്രസംഗങ്ങളിലൂടെ ശ്രമിക്കുന്നത്.
ആർഎസ്എസ് ‐ ബിജെപി നേതാക്കൾ, തീവ്ര വലതുപക്ഷ സന്യാസിമാർ, ഹിന്ദു സംഘടനകളുമായി ബന്ധപ്പെട്ട നേതാക്കൾ എന്നിവരാണ് ഇത്തരം പ്രസംഗങ്ങൾ മുഖ്യമായും നടത്തുന്നത്. ഇങ്ങനെ നടത്തുന്ന ബഹിഷ്കരണം ഒരു പൗരധർമ്മമാണെന്നും അത് ഹിന്ദു ഐക്യത്തിന്റെയും അച്ചടക്കത്തിന്റെയും സ്വയം പ്രതിരോധത്തിന്റെയും പ്രകടനമാണെന്നും ഇവർ ആവർത്തിച്ച് പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. പ്രായോഗികമായി ഇതൊക്കെ നടപ്പിലാക്കേണ്ടത് എങ്ങനെ എന്നതിനെ സംബന്ധിച്ച കൃത്യമായ നിർദ്ദേശങ്ങളും ഇവർ ജനങ്ങൾക്ക് നൽകുന്നുണ്ട്.
ഇതിന്റെയൊക്കെ ഫലമായി ബഹിഷ്കരണത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കപ്പെടുകയും ന്യൂനപക്ഷങ്ങളെ മാറ്റിനിർത്തുന്നത് ഒരു സ്ഥിരം സംവിധാനമായി മാറിത്തീരുകയും ചെയ്തിരിക്കുന്നു. ഉപഭോക്തൃ തെരഞ്ഞെടുപ്പുകൾ, തൊഴിൽ നിഷേധം, പാർപ്പിടവിവേചനം, സാമൂഹികമായ ഒറ്റപ്പെടുത്തൽ എന്നിവയിലൂടെ ഇവർ ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനത്തെ ഒരു സ്ഥിരം പ്രായോഗിക സംവിധാനമായി മാറ്റിയിരിക്കുന്നു. പലപ്പോഴും ഹിന്ദു സംരക്ഷണത്തിന്റെ മറവിലാണ് ഇതൊക്കെ അവതരിപ്പിക്കപ്പെടുന്നത്. അനൗദ്യോഗികമായാണ് ഇത്തരം ക്യാമ്പയിനുകൾ നടക്കുന്നതെങ്കിലും അത് വളരെ ശക്തമായ ഒരു സാമ്പത്തിക ശിക്ഷാരീതിയും സാമൂഹികമായ വേർതിരിവും സൃഷ്ടിക്കുന്നു. ഇതിന്റെ ഫലമായി ന്യൂനപക്ഷ മതവിഭാഗങ്ങൾ പൊതുവിപണിയിൽനിന്ന് പിന്മാറാൻ നിർബന്ധിതരാകുന്നു. അവരുടെ ഉപജീവനമാർഗങ്ങൾ നഷ്ടപ്പെടുന്നു. കൂടാതെ അവർ കൂടുതൽ പീഡനങ്ങൾക്കും ആക്രമണങ്ങൾക്കും ഇരയാക്കപ്പെടുകയും ചെയ്യുന്നു.
ഈ പ്രസംഗങ്ങളിലുടനീളം കണ്ടുവരുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ശൈലി ന്യൂനപക്ഷങ്ങളെ രാജ്യത്തിനകത്തെ ശത്രുക്കളായി ചിത്രീകരിക്കുക എന്നതാണ്. അവരുടെ സാമ്പത്തികമായ സാന്നിധ്യം പോലും അപകടകരമാണെന്ന് വരുത്തിത്തീർക്കുന്നു. പലചരക്ക് സാധനങ്ങൾ വാങ്ങുന്നതോ തൊഴിലാളികളെ നിയമിക്കുന്നതോ റിക്ഷയിൽ യാത്ര ചെയ്യുന്നതോ വീട് വാടകയ്ക്ക് കൊടുക്കുന്നതോ ആയ സാധാരണ ഇടപാടുകൾ പോലും സുരക്ഷയുടെയും നിലനിൽപ്പിന്റെയും പ്രശ്നങ്ങളായി കാണണമെന്നാണ് പ്രാസംഗികർ ആവർത്തിച്ച് ആവശ്യപ്പെടുന്നത്.
ഇതുകൂടാതെ അശുദ്ധി വരുത്തുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങളെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിനും ശ്രമം നടക്കുന്നുണ്ട്. മുസ്ലിം കച്ചവടക്കാർ ഹിന്ദുക്കളെ അശുദ്ധരാക്കാൻ ഭക്ഷണത്തിൽ മന:പൂർവം തുപ്പലോ മൂത്രമോ കലർത്തുന്നു എന്നതാണ് ഒരു ആരോപണം. ഇതിലൂടെ ഭക്ഷണരീതികളെപ്പോലും ജൈവപരവും മതപരവുമായ അപകട സാധ്യതയാക്കി മാറ്റാനാണ് ശ്രമം നടക്കുന്നത്.
ഇതിനോട് ചേർന്ന് നടത്തുന്ന മറ്റൊരു പ്രവർത്തനമാണ് സൂക്ഷ്മ നിരീക്ഷണത്തിലൂടെ ബഹിഷ്കരണം നടത്തുന്നത്. സാധനങ്ങൾ വാങ്ങുന്നതിന് മുമ്പ് കച്ചവടക്കാരുടെ ഐഡന്റിറ്റി പരിശോധിക്കുക, പേര് ചോദിക്കുക, ഡിജിറ്റൽ പെയ്മെൻ്റുകൾ നടത്തുമ്പോൾ പേര് പരിശോധിച്ച് ഉറപ്പുവരുത്തുക, ആധാർ കാർഡുകൾ പരിശോധിക്കുക, മുസ്ലിം ഡ്രൈവർമാരെയും വീട്ടുജോലിക്കാരെയും ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ഇത്തരം പ്രസംഗങ്ങളിലൂടെ നൽകപ്പെടുന്നുണ്ട്. കടകളിൽ നെയിം പ്ലേറ്റുകൾ വയ്ക്കണമെന്നും ആധാർ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ വേണമെന്നുമുള്ളത് ഇപ്പോൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഒരു പ്രധാനപ്പെട്ട ആവശ്യമായി മാറിയിരിക്കുന്നു. ഹിന്ദുക്കൾ അബദ്ധത്തിൽ പോലും മുസ്ലീങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ഇങ്ങനെ ഐഡൻറിറ്റി വെളിപ്പെടുത്താനാവശ്യപ്പെടുന്നത്.
2025 ജനുവരി 22ന് മഹാരാഷ്ട്രയിലെ പൂനയിലുള്ള ആന്തിയിൽ നടന്ന ഹിന്ദുമഹോത്സവത്തിൽ ബിജെപി നിയമസഭാംഗവും മഹാരാഷ്ട്ര തുറമുഖ വികസന മന്ത്രിയുമായ നിതേഷ് റാണെ ഈ വിവേചന രീതികളെ പ്രായോഗിക നിർദ്ദേശങ്ങളായി അവതരിപ്പിച്ചു. എവിടെ നിന്ന് സാധനങ്ങൾ വാങ്ങണമെന്ന കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ജനക്കൂട്ടത്തിന് മുന്നറിയിപ്പ് നൽകി. ചില കച്ചവടക്കാർ ജയ് ശ്രീറാം തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രദർശിപ്പിക്കും എങ്കിലും അവർ യഥാർത്ഥത്തിൽ അബ്ദുള്ളമാരാണെന്ന് അദ്ദേഹം ആരോപിച്ചു. അങ്ങനെയുള്ളവരുടെ ആധാർ കാർഡുകൾ പരിശോധിക്കുവാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. നിങ്ങൾ അവർക്ക് പാൽ നൽകുന്നു; അവരാകട്ടെ ഇന്ത്യയെ ഒരു ഇസ്ലാമിക രാജ്യമാക്കി മാറ്റാൻ ഗൂഢാലോചന നടത്തുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദു ടു ഹിന്ദു ഇക്കോണമി (ഹിന്ദുക്കൾ തമ്മിലുള്ള സാമ്പത്തിക ഇടപാട്) ഒരു ധാർമിക ഉത്തരവാദിത്തമായി ചിത്രീകരിക്കുകയാണ് ഇവർ ചെയ്യുന്നത്. മുസ്ലീങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങുന്നത് ജിഹാദിനെ സഹായിക്കുന്നതിനും ഗൂഢാലോചനകൾക്ക് പണം നൽകുന്നതിനും ശത്രുക്കളെ ശക്തിപ്പെടുത്തുന്നതിനും തുല്യമാണെന്ന് ഇവർ പ്രസംഗിക്കുന്നു.
2025 ഫെബ്രുവരി 12ന് മഹാരാഷ്ട്രയിലെ നന്ദൂർ ബാർ ജില്ലയിലുള്ള നവപ്പൂർ ശിവാജി ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ തീവ്ര വലതുപക്ഷ ഡിജിറ്റൽ ഇൻഫ്ലുവൻസറായ ഗൗതം ഖട്ടർ കച്ചവടത്തിന് പുറമേ സാമൂഹിക ജീവിതത്തിലേക്ക് ബഹിഷ്കരണം വ്യാപിപ്പിക്കാൻ ആഹ്വാനം ചെയ്തു. സനാതനികൾ മറ്റു സനാതനികളിൽ നിന്നു മാത്രം സാധനങ്ങൾ വാങ്ങുകയും അവരോട് മാത്രം ഇടപഴകുകയും വേണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
ഏപ്രിൽ 14ന് പഞ്ചാബിൽ നടത്തിയ ഒരു പ്രസംഗത്തിൽ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയ പറഞ്ഞത് ഹിന്ദുക്കൾ അപകടത്തിലാണെന്നും 2045 ഓടെ അവർ ന്യൂനപക്ഷമായി മാറും എന്നുമാണ്. ആ യോഗത്തിൽ പങ്കെടുത്തവരെ കൊണ്ട് ഹിന്ദുക്കളിൽനിന്ന് മാത്രം സാധനങ്ങൾ വാങ്ങുകയും ഹിന്ദുക്കൾക്ക് മാത്രം ജോലി നൽകുകയും ചെയ്യും എന്ന് അദ്ദേഹം പ്രതിജ്ഞയെടുപ്പിച്ചു.
ഓഗസ്റ്റ് 9ന് മഹാരാഷ്ട്രയിൽ നടന്ന ഒരു പ്രസംഗത്തിൽ മുസ്ലിം പഴക്കച്ചവടക്കാർ ഉൽപ്പന്നങ്ങളിൽ വന്ധ്യത ഉണ്ടാക്കുന്ന പദാർത്ഥങ്ങൾ കലർത്തുന്നുവെന്ന് പ്രാസംഗികൻ ആരോപിക്കുകയും മുസ്ലിം പ്രസവ ശുശ്രൂഷകരെ ഒഴിവാക്കാൻ സ്ത്രീകളോട് ആവശ്യപ്പെടുകയും ചെയ്തു.
മതപരമായ വേർതിരിവ് ഉണ്ടാക്കുന്നതിനും അതിനെ രാഷ്ട്രീയമായി മുതലാക്കുന്നതിനും വേണ്ടിയുള്ള സംഘടിതമായ ശ്രമമാണ് സംഘപരിവാർ ശക്തികൾ ഇന്ന് ഇന്ത്യയിൽ ഒട്ടുക്കും നടത്തിക്കൊണ്ടിരിക്കുന്നത്. പരസ്യവും രഹസ്യവുമായ ഇത്തരത്തിലുള്ള നിരവധി പ്രചാരണ പരിപാടികൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. സൂക്ഷ്മമായി നിരീക്ഷിക്കുകയും ഇടപെടുകയും ചെയ്തില്ലെങ്കിൽ ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന മതനിരപേക്ഷത എന്നെന്നേക്കുമായി ഇല്ലാതാക്കപ്പെടുന്ന അവസ്ഥയിലേക്കാണ് നാം നീങ്ങിയേക്കാം. l
(തുടരും)




