വിദ്വേഷപ്രചാരണങ്ങൾ അതിരു കടക്കുന്നുവോ?

ബിന്നറ്റ് സി ജെ

വിദ്വേഷപ്രസംഗത്തിന്റെ കാര്യത്തിൽ നിയമനിർമാണങ്ങളില്ലെന്നത് തെറ്റിദ്ധാരണയാണെന്നും, ശത്രുത വളർത്തുന്നതും മതവികാരങ്ങളെ പ്രകോപിപ്പിക്കുന്നതും പൊതു സമാധാനം തകർക്കുന്നതുമായ പ്രവൃത്തികളെ നേരിടുന്ന ശിക്ഷാനിയമങ്ങളുടെ അപര്യാപ്തതയില്ലെന്നും, അത് നടപ്പാക്കാത്തതാണ് പ്രശ്നമെന്നുമാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. വർദ്ധിച്ചുവരുന്ന വിദ്വേഷപ്രസംഗങ്ങൾ തടയാൻ മാർഗനിർദ്ദേശങ്ങളാവശ്യപ്പെട്ടുള്ള വിവിധ ഹർജികളിൽ വിധി പറയുകയായിരുന്നു കോടതി. വിദ്വേഷപ്രസംഗങ്ങളും, കിംവദന്തികൾ പ്രചരിപ്പിക്കലും അപരവൽക്കരണത്തിന്റെ മാനസികാവസ്ഥയിൽ നിന്ന് പുറപ്പെടുന്നതാണെന്നും, അത് വൈവിധ്യങ്ങൾ നിലവിലുള്ള സമൂഹത്തിൽ നിന്ന് സാഹോദര്യത്തിന്റെ ഭാവനകളെ ഉന്മൂലനം ചെയ്യാൻ ബോധപൂർവ്വം നടത്തുന്ന ചെയ്തികളാണെന്നുമാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. മറ്റുള്ളവരെ അന്യരായും, തരംതാണവരായും, തുല്യനീതിക്ക് അർഹതരല്ലാത്തവരായും കാണുന്ന രീതിയാണിത്. ഭരണഘടനാമൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ് ഇത്തരം പ്രവൃത്തികളിലൂടെ അനാവൃതമാകുന്നത്.

മതനിരപേക്ഷതയെ നോക്കുകുത്തിയാക്കി വിദ്വേഷ പ്രചാരണം
2024ലെ ദേശീയ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സാക്ഷാൽ മോദിയുടെ പ്രസംഗം തന്നെ ലോകത്തെ അമ്പരപ്പിച്ചതാണ്. ബഹുസ്വരത കൊടിയടയാളമായ ഒരു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിക്ക് ചേർന്ന പ്രസംഗമാണോയെന്ന് ഏവരും അത്ഭുതപ്പെട്ടതാണ്. ഇന്ത്യൻ മുസ്ലീങ്ങൾ നുഴഞ്ഞുകയറ്റക്കാരാണെന്നും, വലിയ കുടുംബങ്ങൾക്ക് രൂപംകൊടുക്കുന്നവരാണെന്നും, വോട്ട് ജിഹാദിൽ ഏർപ്പെടുന്നവരാണെന്നും വരെ പരാജയഭീതി തലയ്ക്കുപിടിച്ച അദ്ധേഹം പറയുകയുണ്ടായി! പാർലമെന്റ് ചർച്ചകളിൽ പോലും വിദ്വേഷപ്രസംഗത്തിന്റെ ബീഭത്സത പ്രകടമായി. 2023 സെപ്തംബർ 23ന് ബിജെപി അംഗമായ രമേഷ് ബിദുരി ബഹുജൻ സമാജ്വാദി പാർട്ടി അംഗമായ കുൻവർ ഡാനിഷ് അലിയെ ഭീകരവാദിയെന്നും, കൂട്ടികൊടുപ്പുകാരനെന്നും വരെ വിളിക്കുന്ന നിലയുണ്ടായി. മുൻ കേന്ദ്രമന്ത്രിയായ ഹർഷ് വർദ്ധൻ ഉൾപ്പെടെയുള്ള ബിജെപി അംഗങ്ങൾ ഇതുകേട്ട് തലയറഞ്ഞു ചിരിക്കുന്ന ജുഗുപ്സാവഹമായ തൽസമയ ദൃശ്യങ്ങൾ വമനേച്ഛയുളവാക്കുന്നതായിരുന്നു. രമേഷ് ബിദുരിക്കെതിരെ ലോക്സഭാ സ്പീക്കറോ, പ്രധാനമന്ത്രിയോ ഒരു വാക്കുപോലം ഉച്ചരിക്കുന്ന നിലപാട് സ്വീകരിച്ചില്ലെന്നത് ഏറെ ഖേദകരമായി തോന്നി. വിദ്വേഷപ്രസംഗങ്ങളുടെ നാൾവഴി പരിശോധിച്ചാൽ അതിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ടാകാമെങ്കിലും പ്രധാനമന്ത്രി മോദിയുടെ ഭരണകാലയളവോടെ അത് കൂടുതൽ വ്യാപകമാകുന്നതായാണ് അനുഭവം. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സുരക്ഷിതത്വം, തുല്യത, സ്വാതന്ത്ര്യം, ആരാധനാ സ്വാതന്ത്ര്യം എന്നീ പൗരാവകാശങ്ങളെ അട്ടിമറിക്കുന്ന ഒരു ഭീകരസത്വമായാണ് വിദ്വേഷപ്രസംഗങ്ങൾ നിലകൊള്ളുന്നത്. വാഷിങ്ടൺ ഡീസി ആസ്ഥാനമായുള്ള ഇന്ത്യ ഹേറ്റ് ലാബ് (IHL) എന്ന റിസർച്ച് ഗ്രൂപ്പിന്റെ പഠനങ്ങൾ പ്രകാരം, 2023ൽ മാത്രം ഇന്ത്യൻ മതന്യൂനപക്ഷങ്ങൾക്കെതിരെ ഓൺലൈനായും, ഓഫ്ലൈനായുമുള്ള വിദ്വേഷപ്രസംഗങ്ങളുടെ എണ്ണം 668 ആണ്! പ്രത്യേകിച്ച് സൂചിപ്പിക്കപ്പെട്ട വർഷത്തിൽ രണ്ടാം പകുതിയിൽ 5 സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് അരങ്ങേറിയപ്പോൾ ഇത് വർദ്ധിക്കുന്ന പ്രവണതയും വെളിവായിട്ടുണ്ട്. 2024 എത്തുന്നതോടെ കുറയുന്ന പ്രത്യേകതയല്ല ദൃശ്യമായത്. അത് വർദ്ധിക്കുകയാണ്. 1165 വിദ്വേഷപ്രസംഗങ്ങളാണ് ആ വർഷം ഉണ്ടായത്. 74.4 ശതമാനത്തിന്റെ വർദ്ധനയാണ് തൊട്ടു മുൻപിലെ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കാണാൻ കഴിയുന്നത്. ഹിന്ദുഭൂരിപക്ഷത്തിന് ഭയവും, അരക്ഷിതാവസ്ഥയും കുത്തിവെച്ചുകൊണ്ട് മതനിരപേക്ഷ ജനാധിപത്യത്തെ നോക്കുകുത്തിയാക്കി തങ്ങളുടെ നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ഹിന്ദുത്വവാദികൾ തയ്യാറാകുന്നത്.

കുറുന്തോട്ടിക്ക് വാതം
വിദ്വേഷപ്രസംഗങ്ങൾ നടത്തുന്നതിൽ ഭൂരിഭാഗവും വിഐപി പരിഗണനയർഹിക്കുന്നവരാണെന്ന പ്രത്യേകതയും കാണാതിരിക്കാനാവില്ല. എൻഡിടിവി 2009 മുതൽ 2022 വരെ ബി.ജെ.പി യുടെ സീനിയർ നേതാക്കളും, കേന്ദ്ര‐സംസ്ഥാന കാബിനറ്റ് മന്ത്രിമാരും നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ കണക്കെടുത്തപ്പോൾ പ്രധാനമന്ത്രി മോദി ഭരണസാരഥ്യമേറ്റെടുത്ത 8 വർഷം തൊട്ടുമുൻപുള്ള യുപിഎ സർക്കാരിന്റെ 5 വർഷത്തെ അപേക്ഷിച്ച് 1130 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിട്ടുള്ളത്! എൻഡിടിവിയുടെ ഉടമസ്ഥാവകാശം അദാനി ഏറ്റെടുത്തതോടെ ആ ദൗത്യത്തിൽ നിന്നും എൻഡിടിവി പിൻവാങ്ങുന്ന സവിശേഷതയും ദൃശ്യമാവുന്നുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും, അസം മുഖ്യമന്ത്രിയായ ഹിമന്ദ ബിശ്വ ശർമയും വിദ്വേഷപ്രസംഗത്തിന്റെ കാര്യത്തിൽ ഒരുപടി മുന്നിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. “വയർ’ എന്ന മാധ്യമസ്ഥാപനം കേവലം മൂന്നു മാസത്തെ യോഗി യുടെ പ്രസംഗങ്ങൾ പരിശോധിച്ചപ്പോൾ 34 പ്രസംഗങ്ങൾ വിദ്വേഷപ്രസംഗങ്ങളായിരുന്നുവെന്നാണ് കണക്കാക്കിയിട്ടുള്ളത്. മുസ്ലീങ്ങളെ ഭീകരവാദികളും, ലൗവ് ജിഹാദികളും, തെരുവ് ഗുണ്ടകളുമായി ചിത്രീകരിക്കുന്നവയായിരുന്നു മേൽ സൂചിപ്പിച്ച പ്രസംഗങ്ങൾ. ഹിമന്ദ് ബിശ്വ ശർമ, സംസ്ഥാനഭരണകൂടം മുസ്ലീം മദ്രസകളെ തച്ചുതകർത്തതിലും, മുസ്ലീം കയ്യേറ്റങ്ങളെ ഒഴിപ്പിച്ചതിലും ഊറ്റം കൊണ്ടുള്ള പ്രസംഗങ്ങളാണ് നടത്തിയത്. പച്ചക്കറി വില കുതിച്ചുയർന്നപ്പോൾ മുസ്ലീം കൃഷിക്കാരാണ് അതിന് കാരണക്കാരെന്നാണ് കണ്ടെത്തിയത്. “ഫെർട്ടിലൈസർ ജിഹാദ്’ എന്ന ഒരു പുതിയ പദവും അദ്ദേഹം സംഭാവന ചെയ്യുന്നുണ്ട്. ബംഗാളി ഒറിജൻ ആയ മുസ്ലീങ്ങൾ രാസവളങ്ങൾ കൂടുതലായി ഉപയോഗിച്ചുകൊണ്ട് മറ്റുള്ളവർക്ക് നേരെ രാസവളയുദ്ധം നടത്തുകയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 2023 ൽ ഹിന്ദുത്വയുടെ തീവ്രനിലപാട് സ്വീകരിക്കുന്ന നേതാവ് പ്രവീൺ തൊഗാഡിയയുടെ അഭിപ്രായത്തിൽ പൊലീസിലും, സിവിൽ ഭരണത്തിലും, ജുഡീഷ്യറിയിലും മുസ്ലീങ്ങൾക്ക് പ്രവേശം നൽകാത്ത വിധത്തിൽ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നായിരുന്നു. ഇന്ത്യ ഹേറ്റ് ലാബ് (IHL) എന്ന റിസർച്ച് ഗ്രൂപ്പിന്റെ പഠനമനുസരിച്ച് 2023ലെ വിദ്വേഷപ്രസംഗങ്ങൾക്ക് നേതൃത്വം കൊടുത്ത സംഘടനകളിൽ പ്രമുഖസ്ഥാനങ്ങളിലുള്ളത് സംഘപരിവാർ സംഘടനകളായ വിശ്വഹിന്ദുപരിഷത്തും, ബജ്രംഗ് ദളുമാണ്. ബിജെപി നേതാക്കളും ഈ രംഗത്ത് നല്ല രീതിയിൽ തന്നെ സേവനമനുഷ്ഠിച്ചവരാണ്. ഹിന്ദുത്വഗ്രൂപ്പുകളായ ഹിന്ദുജാഗ്രത സമിതി, സകൽ ഹിന്ദുസമാജ്, ഹിന്ദുരാഷ്ട്ര സേന, ഗോരക്ഷക് ദൾ എന്നിവയും ഒട്ടും മോശമല്ലാത്ത പങ്കു വഹിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഹിന്ദുസന്ന്യാസിയുടെ വേഷം ധരിക്കുന്ന സാധ്വി പ്രഗ്യാസിങ്‌ താക്കൂറിന്റെ അഭിപ്രായത്തിൽ ഹിന്ദു സ്ത്രീകൾ തങ്ങൾ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തികൾ മൂർച്ച കൂട്ടി വെയ്ക്കണമെന്നും അത് ഉപയോഗിച്ച് ലവ് ജിഹാദുമായി വരുന്നവരെ കൊന്നുതള്ളണമെന്നുമാണ്. ബിജെപിയുടെ പാർലമെന്റ് അംഗം കൂടിയായ ആ നേതാവ് ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്സേയെ രാജ്യസ്നേഹിയെന്നാണ് വ്യവഹരിച്ചത്. Centre for the Study of Society and Secularism (CSSS) എന്ന സംഘടനയുടെ പഠനമനുസരിച്ച് 89 ശതമാനം വിദ്വേഷപ്രസംഗങ്ങളും (മുൻനിരപത്രങ്ങളിൽ പ്രസിദ്ധീകരിച്ച് വരുന്നതിൽ) തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് നിർവ്വഹിക്കുന്നതെന്നതാണ് ഏറെ ഖേദകരം. അത് പ്രധാനമന്ത്രിയിൽ നിന്നാരംഭിച്ച് സംസ്ഥാനനിയമസഭാംഗങ്ങൾ വരെയുള്ളവരെ ഉൾക്കൊള്ളുന്നതാണ്.

സോഷ്യൽ മീഡിയയിലൂടെ വിദ്വേഷപ്രചാരണം
സോഷ്യൽ മീഡിയ വഴിയുള്ള വിദ്വേഷപ്രചാരണങ്ങളും അതിശക്തമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആസ്ട്രേലിയ ആസ്ഥാനമായുള്ള ഇസ്ലാമിക് കൗൺസിൽ ഓഫ് വിക്ടോറിയ അഭിപ്രായപ്പെടുന്നത് ബഹുഭൂരിപക്ഷം ഇസ്ലാമോഫോബിയ ഉണ്ടാക്കുന്ന ട്വീറ്റുകളുടെയും പ്രഭവകേന്ദ്രം ഇന്ത്യയാണെന്നാണ്. അൽജസീറയുടെ അഭിപ്രായത്തിൽ വലിയൊരു പങ്ക് ഇസ്ലാം വിരുദ്ധ പ്രചാരണങ്ങളുടെയും കേന്ദ്രം ഇന്ത്യയാണെന്നാണ്, അതിൽ മുക്കാലേ മുണ്ടാണിയും നിർവ്വഹിക്കുന്നത് ബിജെപിയുടെ ഐടി സെല്ലാണെന്നും അവർ അഭിപ്രായപ്പെടുന്നുണ്ട്.

പോപ്പ് സംഗീതവും വിദ്വേഷ പ്രചാരണവും
പ്രസിദ്ധ മാധ്യമ പ്രവർത്തകനായ കുനാൽ പുരോഹിത് വിദ്വേഷപ്രചാരണം ഹിന്ദുത്വപോപ്പ് സംസ്കാരം വഴി എങ്ങനെ വ്യാപിക്കുന്നുവെന്ന് 5 വർഷം ഗവേഷണം ചെയ്ത വ്യക്തിയാണ്. വിദ്വേഷം പരത്തുന്ന ഗാനങ്ങൾ, കവിതകൾ എന്നിവ പൊതുസ്ഥലങ്ങളിൽ അവതരിപ്പിച്ചുകൊണ്ട് സംഗീതപ്രേമികളായ ശുദ്ധാത്മാക്കളെ പോലും വർഗീയ വിഷം വമിക്കുന്നവരായി മാറ്റിത്തീർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ എങ്ങനെയാണ് ഈ നരാധമൻമാർ നടത്തുന്നതെന്ന് അദ്ദേഹത്തിന്റെ HPop: ‘The secretive world of Hindutve Popstars’ എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. ടെലിവിഷൻ സംവാദങ്ങളിൽ വിദ്വേഷപ്രചാരണം എങ്ങനെയാണ് ഒളിപ്പിച്ചു കടത്തുന്നതെന്ന് പ്രമുഖ പത്രപ്രവർത്തകയായ പമേല ഫിലിപ്പോസ് വിശദീകരിക്കുന്നുണ്ട്. ധ്രുവീകരണത്തിന് നല്ല പോലെ സാധിക്കുന്ന അവതാരകർക്ക് വൻ പ്രതിഫലം നൽകികൊണ്ട് ഈ കർമം നല്ല പോലെ നിർവ്വഹിക്കുന്ന ടെലിവിഷൻ ചാനലുകൾക്ക് ഇന്ന് യാതൊരു കുറവുമില്ലെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. l

 

Hot this week

ഹിന്ദു ടു ഹിന്ദു ഇക്കോണമി

മതനൂനപക്ഷങ്ങളെ, വിശേഷിച്ച് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും സാമ്പത്തികമായും സാമൂഹികമായും ബഹിഷ്കരിക്കാനുള്ള പരസ്യമായ ആഹ്വാനങ്ങൾ...

ചൈന: സോഷ്യലിസവും ഭാവിയും

‘‘ചൈനീസ് സാഹചര്യത്തിനനുസരിച്ച് മാർക്സിസത്തെ പ്രയോഗിക്കുന്ന പ്രക്രിയയെ പൂർവ്വാധികം ശക്തിയോടെ ഞങ്ങൾ മുന്നോട്ടുകൊണ്ടുപോകും....

നൊസ്റ്റാൾജിയയും വൈകാരികതയും ഉൾച്ചേരുന്ന വാഴ

കാഴ്‌ചയുടെ ദൈർഘ്യം വളരെ കുറഞ്ഞ കാലഘട്ടത്തിൽ അതിനു അനുയോജ്യമായ രീതിയിൽ വളരെ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 24

ഹോബ്‌സണിൽനിന്ന്‌ ഹിൽഫെർഡിങ്ങിലൂടെ... ‘‘കൊഴിഞ്ഞ ഇലകൾ നിറഞ്ഞ കാനനപാതയിലൂടെ മണിക്കൂറുകളോളം ഞങ്ങൾ അലഞ്ഞുതിരിഞ്ഞുു. മിക്ക...

ഒരു സന്ധ്യാരാഗത്തിന്റെ സാന്ത്വനം യമൻ കല്യാണും മെലൻകോളിക് ഡിപ്രഷനും

ഒരു പകലിന്റെ തീക്ഷ്ണത ലോപിച്ച് എരിഞ്ഞടങ്ങുന്ന സന്ധ്യയുടെ മങ്ങലിനെ നേർത്തതാക്കി അമ്പലമണികളിൽനിന്ന്...

Topics

ഹിന്ദു ടു ഹിന്ദു ഇക്കോണമി

മതനൂനപക്ഷങ്ങളെ, വിശേഷിച്ച് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും സാമ്പത്തികമായും സാമൂഹികമായും ബഹിഷ്കരിക്കാനുള്ള പരസ്യമായ ആഹ്വാനങ്ങൾ...

ചൈന: സോഷ്യലിസവും ഭാവിയും

‘‘ചൈനീസ് സാഹചര്യത്തിനനുസരിച്ച് മാർക്സിസത്തെ പ്രയോഗിക്കുന്ന പ്രക്രിയയെ പൂർവ്വാധികം ശക്തിയോടെ ഞങ്ങൾ മുന്നോട്ടുകൊണ്ടുപോകും....

നൊസ്റ്റാൾജിയയും വൈകാരികതയും ഉൾച്ചേരുന്ന വാഴ

കാഴ്‌ചയുടെ ദൈർഘ്യം വളരെ കുറഞ്ഞ കാലഘട്ടത്തിൽ അതിനു അനുയോജ്യമായ രീതിയിൽ വളരെ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 24

ഹോബ്‌സണിൽനിന്ന്‌ ഹിൽഫെർഡിങ്ങിലൂടെ... ‘‘കൊഴിഞ്ഞ ഇലകൾ നിറഞ്ഞ കാനനപാതയിലൂടെ മണിക്കൂറുകളോളം ഞങ്ങൾ അലഞ്ഞുതിരിഞ്ഞുു. മിക്ക...

ഒരു സന്ധ്യാരാഗത്തിന്റെ സാന്ത്വനം യമൻ കല്യാണും മെലൻകോളിക് ഡിപ്രഷനും

ഒരു പകലിന്റെ തീക്ഷ്ണത ലോപിച്ച് എരിഞ്ഞടങ്ങുന്ന സന്ധ്യയുടെ മങ്ങലിനെ നേർത്തതാക്കി അമ്പലമണികളിൽനിന്ന്...

ക്ളോദ് മൊനെ

ക്ളോദ് മൊനെ എന്ന വിഖ്യാത ചിത്രകാരൻ വിടപറഞ്ഞിട്ടു നൂറ്റാണ്ടു തികയുന്ന വർഷമാണ്...

ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായ വിപ്ലവകാരി

ബ്രസീലിലെ ആർച്ചു ബിഷപ്പായിരുന്ന ഹെൻഡർ കാമറയുടെ പ്രസിദ്ധമായ ഒരു വാചകമുണ്ട്: “പാവങ്ങൾക്ക്...

രാത്രിയിലൊഴുകുന്ന പ്രണയം

അനുസ്യൂതമിരമ്പുന്ന കടൽ... രാത്രി ഏകാകികൾ വാതിൽ തുറക്കുന്നത് അവസാനിക്കാത്ത ഇമ്പമാർന്ന ആ...
spot_img

Related Articles

Popular Categories

spot_imgspot_img