
ലെനിനിസത്തിന് അടിത്തറയാകുന്നു
‘‘ലെനിനെ സംബന്ധിച്ചിടത്തോളം സ്വകാര്യ ഇടം ഒരു പരിധിയോളം മറ്റുള്ളവർ കടന്നുകയറാൻ പാടില്ലാത്തതും പരമപവിത്രവുമാണെന്ന് കരുതുമ്പോൾതന്നെ, വ്യക്തികളുടെ അനിയന്ത്രിതവും കടിഞ്ഞാണില്ലാത്തതുമായ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രസ്ഥാനത്തിന്റെ മോഹവലയത്തിൽ കഴിയുന്ന വിപ്ലവകാരികളോട് ഒരിക്കലും തെല്ലും അനുകമ്പ വച്ചുപുലർത്തിയില്ല. തന്റെ സ്വകാര്യ ജീവിതത്തെ അദ്ദേഹം രാഷ്‌ട്രീയലക്ഷ്യത്തിനു കീഴ്‌പ്പെടുത്തി മാത്രമേ കണ്ടിരുന്നുള്ളൂ; മറ്റുള്ളവരും അങ്ങനെ ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചു’’.
‐ തമാസ് ക്രൗസ് Reconstructing Lenin: An intellectual Biography, പേജ് 47
ലെനിന്റെയും ക്രൂപ്‌സ്‌കായയുടെയും (നദീയ എന്നാണവർ വിളിക്കപ്പെട്ടിരുന്നത്) ജീവിതം സന്തോഷകരമായി മുന്നോട്ടുനീങ്ങി. വീട്ടുജോലികളിൽ നല്ലൊരു പങ്കും ക്രൂപ്‌സ്‌കായയുടെ അമ്മതന്നെയാണ് നിർവഹിച്ചത്. ക്രൂപ്‌സ്‌കായയ്‌ക്കാകട്ടെ, പാചകം ചെയ്യുന്നതിലും സമാനമായ മറ്റു വീട്ടുജോലികളിലും തെല്ലും താൽപര്യവുമുണ്ടായിരുന്നില്ല. അവർ വീട്ടുജോലികളിൽ മുഴുകി കഴിയണമെന്ന് ലെനിനും താൽപര്യപ്പെട്ടിരുന്നില്ല. ബൗദ്ധികവും സംഘടനാപരവുമായ കാര്യങ്ങളിൽ തനിക്കൊപ്പം നിൽക്കുന്ന ജീവിതപങ്കാളിയായാണ് ലെനിൻ അവരെ കണ്ടത്. ക്രൂപ്‌സ്‌കായ തിരിച്ചും അതേ നിലയിൽതന്നെയാണ് നിലകൊണ്ടത്.
ലെനിനെ സംബന്ധിച്ചിടത്തോളം വിപുലമായ വായനയ്‌ക്കുള്ള അവസരമായി സൈബീരിയൻ വാസം മാറി. വേട്ടയാടുന്നതിൽ വലിയ താൽപര്യമുണ്ടായിരുന്ന ലെനിൻ അതിനും സമയം കണ്ടെത്തി. പകൽസമയം കുറച്ചുനേരം മൃഗയാവിനോദത്തിൽ സുഹൃത്തുക്കൾക്കൊപ്പം ഏർപ്പെടുന്ന ലെനിൻ ഏറെ സമയവും ചെലവഴിച്ചത് വായനയ്‌ക്കായായിരുന്നു. ഹെഗലിന്റെയും ഇമ്മാനുവൽ കാന്റിന്റെയും ഫ്രഞ്ച് നാച്വറലിസ്റ്റ് തത്വചിന്തകരുടെയും കൃതികൾ സൈബീരിയൻ വാസത്തിനിടയിൽ ലെനിൻ വായിച്ചതായാണ് ക്രൂപ്‌സ്‌കായ ഓർമക്കുറിപ്പുകളിൽ രേഖപ്പെടുത്തുന്നത്. ഗൗരവസ്വഭാവമുള്ള കനപ്പെട്ട കൃതികൾ വായിച്ച് ക്ഷീണിക്കുമ്പോൾ പുഷ്‌കിന്റെയും ലെർമാന്തോവിന്റെയും നെക്രാസോവിന്റെയും സാഹിത്യകൃതികളും വായിച്ചിരുന്നു. തുർഗെനീവിന്റെയും (Turgenev) ടോൾസ്‌റ്റോയിയുടെയും കൃതികളും അദ്ദേഹം വീണ്ടും വീണ്ടും വായിച്ചു. പ്രത്യേകിച്ചും എടുത്തുപറയേണ്ടത് ചെർണിഷേവ്‌സ്‌കിയുടെ What Is To be Done? (എന്തുചെയ്യണം?) എന്ന നോവൽ വിദ്യാഭ്യാസകാലത്തുതന്നെ പലവട്ടം വായിച്ചതാണെങ്കിലും അതും സൈബീരിയൻ വാസകാലത്ത് അദ്ദേഹം ആവർത്തിച്ചു വായിച്ചിരുന്നു എന്നതാണ്. ഇവയ്‌ക്കും പുറമെ അലക്‌സാണ്ടർ ഹെർസന്റെയും എമിലി സോളയുടെയും കൃതികളും അദ്ദേഹത്തിന്റെ വായനാ പട്ടികയിൽ പ്രധാന ഇടംപിടിച്ചു.
ക്രൂപ്‌സ്‌കായയും ലെനിനുംചേർന്ന് ഇക്കാലത്ത് ബ്രിട്ടീഷ് സോഷ്യലിസ്റ്റുകളായ സിഡ്‌നി വെബ്ബിന്റെയും ബിയാട്രീസ് വെബ്ബിന്റെയും The History of Trade Unionism എന്ന പ്രശസ്ത ഗ്രന്ഥം റഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. ഇംഗ്ലീഷ് ഭാഷയിലെ മൂലകൃതി കൈവശം ഇല്ലാതിരുന്നതിനാൽ അതിന്റെ ജർമൻ പരിഭാഷയാണ് അവർ ഉപയോഗിച്ചത്. അതിന്റേതായ പോരായ്‌മകൾ ഉണ്ടായിരുന്നെങ്കിലും താൽക്കാലികാവശ്യത്തിന് കുറച്ച് പണം ലഭ്യമാക്കാൻ ഈ പരിഭാഷ തങ്ങളെ സഹായിച്ചുവെന്ന് ക്രൂപ്‌സ്‌കായ രേഖപ്പെടുത്തുന്നു.
തന്റെ ആദ്യ പ്രധാനകൃതിയായ The Development of Capitalism in Russia (റഷ്യയിൽ മുതലാളിത്തത്തിന്റെ വികാസം) ലെനിൻ എഴുതിയത് സൈബീരിയൻ ജീവിതകാലത്താണ്. അതിന്റെ കരട് അവർ ഇരുവരും ചേർന്ന് വായിച്ച് തിരുത്തുകയും ചെയ്‌തു. നരോദ്‌നിക്കുകൾക്കെതിരായ തന്റെ പോരാട്ടത്തിന്റെ ഭാഗമായാണ് അദ്ദേഹം ഈ കൃതിയും രചിച്ചത്; അതായത് What the Friends of The People എന്ന ആദ്യകൃതിയുടെ തുടർച്ച എന്നു പറയാവുന്ന കൃതി. സാറിസ്റ്റ് റഷ്യയിൽ നിലനിന്നിരുന്ന സാഹചര്യത്തെ മാർക്‌സിസ്റ്റ് രീതിയിൽ വിശകലനം ചെയ്യുന്ന ഉജ്വലമായ രചനയാണിത്.
കർഷകജനതയെ, പ്രത്യേകിച്ച് ഗ്രാമീണ കാർഷിക കമ്യൂണുകളെ നരോദ്‌നിക്കുകൾ കണ്ടത് റഷ്യയിൽ മുതലാളിത്ത വികാസത്തെ ചെറുത്തുനിൽക്കുന്ന കരുത്തുറ്റ ശക്തിയായാണ്. റഷ്യയിൽ നടന്നുകൊണ്ടിരുന്ന മുതലാളിത്ത വളർച്ചയെ നരോദ്‌നിക്കുകൾക്ക് അവഗണിക്കാനായില്ലെങ്കിലും ആ വളർച്ച തടയേണ്ടതും അനഭിലഷണീയമായതുമെന്നാണ് അവർ കരുതിയത്. വ്യാവസായികമായി വളർന്നുകൊണ്ടിരുന്ന റഷ്യൻ പ്രവിശ്യകളിൽ, പ്രത്യേകിച്ച് റഷ്യയുടെ യൂറോപ്യൻ മേഖലയിലും റഷ്യയുടെ മധ്യഭാഗത്തുള്ള അർധഫ്യൂഡൽ മേഖലകളിലും പോലും, ഭൂപ്രഭുക്കളുടെ എസ്‌റ്റേറ്റുകളിലും ഒരുതരം തുല്യത നിലനിന്നിരുന്ന ഗ്രാമീണ സമൂഹത്തിലുമടക്കം, മുതലാളിത്തബന്ധങ്ങൾ രൂപപ്പെട്ടുവരികയാണെന്ന് ലെനിന്റെ അത്യുജ്വലമായ ഈ പഠനം വ്യക്തമാക്കി. റഷ്യയിലുടനീളം മുതലാളിത്ത ബന്ധങ്ങൾ ശക്തിപ്പെട്ടുവരികയും ബൂർഷ്വാസിയും തൊഴിലാളിവർഗവും തമ്മിലുള്ള വർഗപരമായ വൈരുദ്ധ്യങ്ങൾ മൂർച്ഛിച്ചു തുടങ്ങുകയും ചെയ്യുന്നതിനനുസരിച്ച് കർഷക കമ്യൂണുകൾ അപ്രസക്തമാകുകയും തകരുകയും ചെയ്യുമെന്നാണ് ലെനിൻ വ്യക്തമാക്കിയത്.
1861ൽ റഷ്യയിൽ അടിയാളത്തം അവസാനിപ്പിച്ചുകൊണ്ടുള്ള സാർ ചക്രവർത്തിയുടെ വിളംബരം കാർഷിക പരിഷ്‌കരണമായിരുന്നു. അതുമുതലുള്ള റഷ്യയിലെ സാമൂഹ്യ‐സാമ്പത്തിക വികാസമാണ് ലെനിൻ പഠനവിധേയമാക്കിയത്. പ്രഭുക്കളുടെ അടിയാളരായി കൃഷിക്കാർ ഭൂമിയിൽ പണിയെടുക്കുന്ന സമ്പ്രദായമാണ് നിലനിന്നിരുന്നത്; വളരെ പ്രാകൃതമായ കാർഷികരീതിയാണ് ആധിപത്യം വഹിച്ചിരുന്നത്. എസ്‌റ്റേറ്റുകളെ പ്രഭുക്കളുടെ ഭൂമിയും കർഷകർക്കായി അനുവദിക്കപ്പെട്ട ഭൂമിയുമായി വിഭജിച്ചത്, സ്വാഭാവിക (Natural) സമ്പദ്‌ഘടനയുടെ സ്വയംപര്യാപ്‌ത ഘടകമാക്കി അതിനെ മാറ്റി. മുതലാളിത്ത കമ്പോളത്തിൽനിന്നുള്ള മത്സരം പഴയ സമ്പ്രദായത്തിനുമേൽ സമ്മർദം ശക്തമാക്കിയതോടെ അതിൽ ഒരു ശിഥിലീകരണപ്രക്രിയ ആരംഭിച്ചു. ലെനിൻ രേഖപ്പെടുത്തുന്നു‐ ‘‘ഭൂപ്രഭുക്കൾ വിൽപനയ്‌ക്കായി ധാന്യം ഉൽപാദിപ്പിച്ചത് (അടിയാളത്തത്തിന്റെ അവസാനകാലത്താണ് ഇത് വികസിച്ചുതുടങ്ങിയത്) പഴയ വ്യവസ്ഥിതിയുടെ പതനത്തിന്റെ അടയാളപ്പെടുത്തലായി’’. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഭൂപ്രഭുക്കൾ പരിഷ്‌കരണത്തിന് നിർബന്ധിതരായത്.
റഷ്യയും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വർധിച്ചതോടെ ഭൂപ്രഭുക്കൾ മുതലാളിത്തപാതയിലേക്ക് തിരിയുകയും അതേസമയം തന്നെ കർഷകരുടെ കലാപങ്ങൾ രൂക്ഷമാവുകയും ചെയ്‌തു; മാത്രമല്ല അടിക്കടി ഇത്തരം കലാപങ്ങൾ റഷ്യയിലെ ഗ്രാമീണമേഖലയാകെ പടർന്നുപിടിക്കുകയും ചെയ്‌തു. ആ കാലത്തെ റഷ്യയിലെ ഏറ്റവും വലിയ ഭൂപ്രഭുവായിരുന്നു സാർ അലക്‌സാണ്ടർ രണ്ടാമൻ. അദ്ദേഹം ഭൂപ്രഭുക്കളുടെ ഉള്ളിലിരിപ്പ്, അതായത് അടിയാളത്തം അവസാനിപ്പിക്കാൻ എന്തുകൊണ്ട് തീരുമാനിച്ചൂവെന്ന് ഇങ്ങനെ വെളിപ്പെടുത്തി; ‘‘അടിത്തട്ടിൽനിന്ന് അടിയാളത്തം സ്വയം ഇല്ലാതാക്കപ്പെടുന്നതുവരെ കാത്തിരിക്കുന്നതിനേക്കൾ നല്ലത് മുകളിൽനിന്നുള്ള പ്രഖ്യാപനത്തിലൂടെ അതിനെ ഇല്ലാതാക്കലാണ്’’. ഈ പരിഷ്‌കരണത്തിന്റെ ഭാഗമായി ഭൂപ്രഭുക്കൾ കർഷകർക്ക് (അടിയാളാവസ്ഥയിൽനിന്ന് മോചിതരായവർക്ക്) ഭൂമി വിട്ടുകൊടുക്കണമെങ്കിൽ കർഷകർ അവർക്ക് നഷ്ടപരിഹാരം നൽകണമായിരുന്നു; അങ്ങനെ നഷ്ടപരിഹാരം നൽകിയാൽ തന്നെ കർഷകർക്ക് കൈമാറുന്നത് ഉൽപാദനക്ഷമത തീരെ കുറഞ്ഞ ഭൂമിയായിരിക്കും. അടിയാളർ ‘മോചിപ്പിക്കപ്പെട്ടു’ എന്ന പേരിൽ അവരെ മറ്റു വിധത്തിൽ കീഴടക്കുകയും കൊള്ളയടിക്കുകയുമാണ്.
നിയമപരമായി അടിയാളത്തം അവസാനിപ്പിച്ചെങ്കിലും കർഷകർക്ക് ഭൂപ്രഭുക്കളെ ആശ്രയിക്കാതെ ഒരുവിധത്തിലും മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥതന്നെയാണ് തുടർന്നും നിലനിന്നത്. അടിയാളത്തം നിലനിന്നപ്പോൾ പൊതുമേച്ചിൽപ്പുറങ്ങൾ, വിറകുശേഖരിക്കാനുള്ള കാടുകൾ, മൈതാനങ്ങൾ, ജലസേചനസൗകര്യങ്ങൾ എന്നിവയെല്ലാമുണ്ടായിരുന്നു. അടിയാളത്തം നിയമപരമായി അവസാനിപ്പിച്ചതോടെ ഈ സൗകര്യങ്ങളെല്ലാം കർഷകർക്ക് നിഷേധിക്കപ്പെട്ടു. അതായത് ഈ സൗകര്യങ്ങളെല്ലാം അവർക്ക് ലഭിക്കണമെന്നുണ്ടെങ്കിൽ അവർ തുടർന്നും ഭൂപ്രഭുക്കളുടെ ഭൂമിയിൽ വേല ചെയ്യണമായിരുന്നു. കർഷകർ ഉപയോഗിക്കുന്ന പൊതുസൗകര്യങ്ങളുടെ പാട്ടത്തുക നൽകുന്നതിനും അവർക്കാവശ്യത്തിനുള്ള പണം കടമായി ലഭിക്കുന്നതിനുമായിട്ടാണ് ഭൂപ്രഭുക്കൾക്കായി അവർ ഇങ്ങനെ പണിയെടുക്കേണ്ടിയിരുന്നത്. ഭൂപ്രഭുക്കൾ പുതിയ കാർഷികരീതികളിലേക്ക് കടക്കുകയും ഉപകരണങ്ങൾ നവീകരിക്കുകയും ചെയ്‌തതോടെ ക്രമേണ മുതലാളിത്ത രീതിയിലുള്ള കൂലിവേല സമ്പ്രദായം നിലവിൽവരാൻ തുടങ്ങി.
കർഷകർക്ക് ഭൂപ്രഭുക്കൾ ഭൂമി വിട്ടുകൊടുത്തത് ഓരോ കുടുംബത്തിലുമുള്ള അധ്വാനിക്കാൻ കഴിയുന്ന പുരുഷന്മാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്. നിയമപരമായി ഈ ഭൂമി വിൽപന നടത്താനോ മേൽപ്പാട്ടത്തിനു നൽകാനോ കഴിയില്ല. മാത്രമല്ല, ഭൂപ്രഭുക്കൾ അടയ്‌ക്കേണ്ട ഭൂനികുതിയുടെ ഒരു വിഹിതം കർഷകരിൽനിന്ന് ഈടാക്കുകയും ചെയ്യുമായിരുന്നു. ഇത്തരമൊരവസ്ഥയെയാണ് നരോദ്‌നിക്കുകൾ ‘സമത്വ’ സ്വഭാവമുള്ള ‘സഹകരണസമൂഹ’മായി വാഴ്‌ത്തിയത്. ഈ കർഷക സാമൂഹ്യവ്യവസ്ഥയെ ആദർശവൽക്കരിച്ച നരോദ്‌നിക്കുകൾ ഗ്രാമങ്ങളിൽ നടമാടിയിരുന്ന വർഗപരമായ വേർതിരിവുകൾ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. മഹാഭൂരിപക്ഷം കർഷകരും ഉപജീവനത്തിനായി കൂലിവേലക്കാരായി മാറുകയായിരുന്നു, അതായത്, മാർക്‌സ് പറഞ്ഞതുപോലെ കൂലി അടിമകളായി മാറുകയായിരുന്നു; അതിനു തയ്യാറായില്ലെങ്കിൽ ഒന്നുകിൽ അവർക്ക് ജീവിക്കാനായി ഭിക്ഷതെണ്ടണമായിരുന്നു, അല്ലെങ്കിൽ പട്ടിണി കിടക്കണമായിരുന്നു. അതേസമയം വളരെ കുറച്ചുപേർ സ്വയംപര്യാപ്‌തത നേടി സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്‌തു; അതിലും ചെറിയൊരു ന്യൂനപക്ഷം എല്ലാ അർഥത്തിലുമുള്ള മുതലാളിത്ത കർഷകരായി മാറുകയും ചെയ്‌തു. ഇതിനർഥം അടിയാളത്തത്തിൽനിന്ന് ‘മോചിത’രായ കർഷകരെയാകെ ഒരേനിലയിൽ കാണാനാവില്ലെന്നാണ്. ഗ്രാമീണമേഖലയിലെ വർഗപരമായ വേർതിരിവുകളെ നരോദ്‌നിക്കുകളിൽനിന്ന് വ്യത്യസ്‌തമായി ലെനിൻ അടയാളപ്പെടുത്തുകയായിരുന്നു.
ഇത്തരമൊരവസ്ഥ എങ്ങനെയാണ് സംജാതമായതെന്നും റഷ്യയിൽ മുതലാളിത്തത്തിന്റെ വികാസം എന്ന കൃതിയിൽ ലെനിൻ വിശകലനം ചെയ്യുന്നു. കർഷകർക്ക് ലഭിച്ച ഭൂമി മിക്കവാറും പലവിധത്തിൽ നഷ്ടസാധ്യത കൂടുതലുള്ളതായിരുന്നു. അനിയന്ത്രിതമായ വിധമായിരുന്നു നികുതി ചുമത്തിയിരുന്നത്. പുറമേ ഏറെക്കുറെ അടിമവേലയും ചെയ്യണമായിരുന്നു. ഈ അവസ്ഥയിൽ ഏതെങ്കിലും വിധത്തിൽ കൃഷിനാശംകൂടി സംഭവിച്ചാൽ ഭൂരിപക്ഷം കർഷകരും പാപ്പരീകരിക്കപ്പെടുകയും ചെയ്യുമായിരുന്നു. നരോദ്‌നിക്കുകൾ ചിന്തിച്ചത് തുല്യനിലയിൽ ഭൂമി വിഭജിക്കപ്പെട്ട സ്ഥിതിയിൽ ഒരുവിധത്തിലും മുതലാളിത്തത്തിന് ഗ്രാമീണമേഖലയിൽ പിടിമുറുക്കാനാവില്ലെന്നാണ്. എന്നാൽ ലെനിൻ വ്യക്തമാക്കുന്നത് ഭൂ ഉടമസ്ഥതയുടെ സ്വഭാവം ഏതുവിധത്തിലായാലും അതിനൊന്നുംതന്നെ മുതലാളിത്തത്തിന്റെ കടന്നുവരവിനെയും വികാസത്തെയും തടയാനാവില്ലെന്നാണ്. നിയമപരമായി കർഷകർ ഭൂമിയുമായി ബന്ധിപ്പിക്കപ്പെട്ടിരുന്നെങ്കിലും ഫലത്തിൽ 50 ശതമാനത്തിലേറെ കർഷകരും തങ്ങളുടെ കൈവശം വന്നുചേർന്ന ഭൂമി തുച്ഛമായ നിരക്കിൽ പാട്ടത്തിനു നൽകാൻ നിർബന്ധിതരായിരുന്നു. കാരണം ആദായകരമായി സ്വന്തം നിലയിൽ കൃഷിയുമായി മുന്നോട്ടുപോകാൻ അവർക്ക് കഴിയുമായിരുന്നില്ല. ഈ ദരിദ്രകർഷകർക്ക് ഉപജീവനത്തിനു മറ്റു തൊഴിൽ തേടണമായിരുന്നു. പലപ്പോഴും തങ്ങൾതന്നെ പാട്ടത്തിനു കൊടുത്ത ഭൂമിയിൽ (ഇത് പാട്ടത്തിനെടുക്കുന്നതാകട്ടെ അവരെക്കാൾ താരതമ്യേന മെച്ചപ്പെട്ട സ്ഥിതിയിലായ കർഷകരായിരിക്കും) അവർ കർഷകത്തൊഴിലാളികളായി പണിയെടുക്കുകയാണുണ്ടായത്.
വേർതിരിക്കപ്പെടലിന്റേതായ ഈ പ്രക്രിയ അറിയപ്പെട്ടത് ‘അപകർഷകവത്‌കരണം’ എന്നാണ്; ഇതുമൂലം പരസ്‌പരം എതിരിടുന്ന രണ്ടു വിരുദ്ധചേരികൾ രൂപപ്പെട്ടു. ഒന്ന്, എണ്ണത്തിൽ കുറവെങ്കിലും സാമ്പത്തികമായി കരുത്തരായ ഗ്രാമീണ ബൂർഷ്വാസിയും മറുവശത്ത് എണ്ണംകൂടി വരുന്ന ഗ്രാമീണ തൊഴിലാളിവർഗവും. റഷ്യയിൽ മുതലാളിത്തത്തിനുവേണ്ട ആഭ്യന്തരവിപണി വികസിച്ചുവരില്ലെന്നാണ് നരോദ്‌നിക്കുകളുടെ അഭിപ്രായം; അതിനു കാരണമായി അവർ പറഞ്ഞത് ചെറുകിട കർഷകർ കൂലിവേലക്കാരായി മാറുന്നതോടെ അവരുടെ വാങ്ങൽശേഷി ഇല്ലാതാകുകയും ആഭ്യന്തരവിപണി ചുരുങ്ങുകയും ചെയ്യുമെന്നാണ്. ലെനിൻ ഈ വാദത്തെ നിരാകരിച്ചു. അദ്ദേഹം സ്ഥാപിച്ചത് ഗ്രാമീണമേഖലയിൽ വർഗപരമായ വേർതിരിവ് രൂപപ്പെട്ടതോടെതന്നെ ആഭ്യന്തരവിപണി സൃഷ്ടിക്കപ്പെട്ടുവെന്നാണ് . പാപ്പരീകരിക്കപ്പെട്ട കർഷകരുടെ ഭൂമിതന്നെ ചരക്കായി മാറുകയും അത് പുതിയ ആളുകളുടെ കൈവശമെത്തുകയും ചെയ്‌തു. മുമ്പ് ദരിദ്രകർഷകർ ഉൽപാദിപ്പിക്കുകയും സ്വയം ഉപഭോഗം നടത്തുകയും ചെയ്‌തിരുന്നിടത്ത്, ഇപ്പോൾ ഈ ഭൂമിയിലെ ഉൽപന്നങ്ങൾ വിലകൊടുത്തു വാങ്ങാൻ അവർ നിർബന്ധിതരായി. അങ്ങനെ തനിക്കാവശ്യമുള്ള ഉൽപന്നങ്ങൾ വാങ്ങണമെന്നുണ്ടെങ്കിൽ അയാൾ തന്റെ അധ്വാനശേഷി വിൽക്കണമായിരുന്നു. അങ്ങനെ വിൽക്കുന്ന അധ്വാനശേഷിയുടെ വില നൽകി കമ്പോളത്തിൽനിന്ന് അയാൾ തനിക്കുവേണ്ട ഉൽപന്നങ്ങൾ വാങ്ങുന്ന അവസ്ഥയാണ് പുതുതായി സൃഷ്ടിക്കപ്പെട്ടത്.
നരോദ്‌നിക്ക് സാമ്പത്തികവിദഗ്‌ധരുടെ അഭിപ്രായത്തിൽ, മൂലധനം സഞ്ചയിക്കുന്നതിനുവേണ്ട മിച്ചമൂല്യം സമാഹരിക്കുന്നതിന് മുതലാളിമാർക്ക് വിദേശവിപണിയുടെ അടിസ്ഥാനത്തിൽ മാത്രമേ കഴിയൂ; എന്നാൽ റഷ്യൻ മുതലാളിത്തം രംഗത്തെത്തിയത് വളരെ വൈകിയായതിനാൽ അതിന് മത്സരശേഷി കുറവാകുമെന്നും നരോദ്‌നിക്കുകൾ കരുതി. എന്നാൽ ഈ നരോദ്‌നിക്ക് വാദഗതികളാകെ അബദ്ധമാണെന്ന് ലെനിൻ ‘റഷ്യൻ മുതലാളിത്തത്തിന്റെ വികാസം’ എന്ന കൃതിയിൽ തെളിയിച്ചു. പുതിയ ഫാക്ടറികളിലെ യന്ത്രസാമഗ്രികൾക്കും മറ്റുൽപാദനോപാധികൾക്കും വേണ്ടിയുള്ള ഡിമാന്റിനുതന്നെ ഉപഭോഗ ചരക്കുകൾക്കായുള്ള കമ്പോളത്തെക്കാൾ അതിവേഗം വികസിക്കുന്ന കമ്പോളം സൃഷ്ടിക്കാൻ കഴിയും. പിൽക്കാലത്ത് തന്റെ ‘സാമ്രാജ്യത്വം: മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം’ എന്ന പ്രശസ്‌ത കൃതിയിൽ ലെനിൻ വികസിപ്പിച്ച കമ്പോളവുമായി ബന്ധപ്പെട്ട ആശയങ്ങളുടെ മൂലരൂപം റഷ്യയിൽ മുതലാളിത്തത്തിന്റെ വികാസം എന്ന കൃതിയിൽ കാണാം.
ഇതേസമയംതന്നെ, യൂറോപ്യൻ റഷ്യയുടെ ജനവാസം താരതമ്യേന കുറഞ്ഞ തെക്കും കിഴക്കുമുള്ള പ്രദേശങ്ങളിൽ പുതിയ കൃഷിക്കളങ്ങൾ സ്ഥാപിക്കപ്പെട്ടു. പക്ഷേ ഇത് പഴയ രീതിയിലുള്ള ഫ്യൂഡൽ അടിസ്ഥാനത്തിലല്ല, മറിച്ച് മുതലാളിത്ത അടിസ്ഥാനത്തിലായിരുന്നു. ഈ പുതിയ കൃഷിക്കളങ്ങളെല്ലാംതന്നെ വളരെയേറെ വിസ്‌തൃതമായിരുന്നു. ആരംഭകാലം മുതൽ തന്നെ ചരക്കുൽപ്പാദനത്തിന്റെ ആവശ്യം പരിഗണിച്ചുള്ളവയായിരുന്നു ഇവിടുത്തെ ഉൽപന്നങ്ങൾ. ഈ കാർഷികോൽപന്നങ്ങൾക്കു പകരമായി മധ്യറഷ്യൻ പ്രവിശ്യകളിൽ ഉൽപാദിപ്പിക്കപ്പെടുന്ന വ്യാവസായികോൽപന്നങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടു. ഈ മേഖലകളിൽ മുതലാളിത്ത വ്യവസായവും കൃഷിയും പരസ്‌പരപൂരകമായിട്ടാണ് വികസിച്ചുവന്നത്. രണ്ടിന്റെയും കമ്പോളം അതിവേഗം വളരുന്നതിന് ഇതിടയാക്കി. തെക്കൻ പ്രദേശങ്ങളിലേക്കും കിഴക്കൻ പ്രദേശങ്ങളിലേക്കും കൂലിവേലക്കാരുടെ സംഘങ്ങൾ കുടിയേറുകയുണ്ടായി. 20 ലക്ഷത്തോളം ഗ്രാമീണ തൊഴിലാളികൾ ഇങ്ങനെ കുടിയേറി. ജനവാസമേറിയതും അർധഫ്യൂഡലുമായ മധ്യറഷ്യയിൽ തങ്ങൾക്കു ലഭിച്ച ഭൂമി ഉപേക്ഷിച്ചാണ് ഈ കർഷകർ കെട്ടുപാടുകളില്ലാത്ത തൊഴിലവസരങ്ങൾ തേടി കുടിയേറിയത്.
കർഷകർ ഭൂമി ഉപേക്ഷിച്ച് തൊഴിൽതേടി പോകുന്നതെന്തുകൊണ്ടെന്ന് മനസ്സിലാക്കാൻ നരോദ്‌നിക്കുകൾക്കു കഴിഞ്ഞിരുന്നില്ല. അവർക്ക് മറ്റു തൊഴിലുകൾ ചെയ്യുക മാത്രമാണ് താൽപര്യമെങ്കിൽ എന്തുകൊണ്ട് അതാത് പ്രദേശങ്ങളിൽ തന്നെ തൊഴിൽതേടിക്കൂടാ എന്നത് പ്രസക്തമായ ചോദ്യമാണ്. ചില പ്രദേശങ്ങളിൽ തൊഴിലാളിക്ഷാമം ഉണ്ടാകുന്ന വിധത്തിൽപോലും കുടിയേറ്റങ്ങളുണ്ടായി. യാത്രയ്‌ക്കുവേണ്ട ചെലവും അതുമൂലമുള്ള ബുദ്ധിമുട്ടുകളും കണക്കിലെടുക്കുകയും എപ്പോഴും തൊഴിൽ ലഭിക്കാറില്ലെന്നത് വസ്‌തുതയായിരിക്കുകയും ചെയ്യവെ ഈ പ്രവണതകൊണ്ട് ചെറിയൊരു വിഭാഗത്തിനു മാത്രമേ നേട്ടമുണ്ടാകൂവെന്നും കർഷകർക്കാകെ വലിയ നഷ്ടമാണ് ഇതുണ്ടാക്കുന്നതെന്നും നരോദ്‌നിക്കുകൾ വാദിച്ചു.
എന്നാൽ ലെനിൻ അഭിപ്രായപ്പെട്ടത്; ഇത് തികച്ചും പുരോഗമനപരമായ ഒരു സംഭവവികാസമാണെന്നാണ്. തൊഴിൽശക്തിക്ക് ഡിമാന്റ് കൂടുതലുള്ള പ്രദേശങ്ങളിലേക്ക് തൊഴിലാളികൾ കുടിയേറുന്നത് ജീവിതനിലവാരം വലുതായി ഉയരുന്നതിന് ഇടയാക്കിയിട്ടുണ്ടെന്നും ലെനിൻ ചൂണ്ടിക്കാണിച്ചു. കൂലിവേലക്കാരായി മാറിയ മുൻകർഷകർ, ഒറ്റപ്പെട്ട ഗ്രാമങ്ങളിലെ അജ്ഞതയിൽനിന്നും പിന്നോക്കാവസ്ഥയിൽ നിന്നും കരകയറി.
റഷ്യയിലെ മുതലാളിത്തത്തിന്റെ വികാസവുമായി ബന്ധപ്പെട്ട വൈരുദ്ധ്യങ്ങളുടെയും അതിന്റെ ഇരുണ്ട വശങ്ങളുടെയും വളരെയേറെ വിശദാംശങ്ങളിലേക്ക് ലെനിൻ കടക്കുന്നുണ്ട്. ലെനിൻ ഇങ്ങനെ വ്യക്തമാക്കുന്നു: ‘‘മരംകൊണ്ടുള്ള കലപ്പയുടെയും കറ്റമെതിക്കുന്ന കമ്പിന്റേതുമായ റഷ്യയുടെ, കൈത്തറിയുടെയും ചക്രംചവിട്ടി ജലസേചനം നടത്തുകയും ചെയ്യുന്ന റഷ്യയുടെ, സ്ഥാനം ക്രമേണ ഇരുമ്പു കലപ്പയുടെയും മെതിയന്ത്രത്തിന്റെയും റഷ്യയായി പരിവർത്തനം ചെയ്‌തു തുടങ്ങി; ആവിയന്ത്രവും യന്ത്രത്തറികളും വന്നുതുടങ്ങി.’’ ചരിത്രപരമായി വികസിതമായ വസ്‌തുതകളുടെ ഈ ശാസ്‌ത്രീയ വിശകലനമാണ് മാർക്‌സിസത്തിന്റെ രീതിശാസ്‌ത്രം, അതായത് ചരിത്രപരമായ ഭൗതികവാദത്തിന്റെ രീതിശാസ്‌ത്രം. മാർക്‌സിസ്റ്റ് എന്ന നിലയിൽ ലെനിൻ ഈ സാമൂഹ്യവികാസത്തിന്റെ പുരോഗമനപരമായ സ്വഭാവം തിരിച്ചറിഞ്ഞു; ഇത് ഉൽപാദനശക്തികളെ വികസിപ്പിച്ചുവെന്നതിലുപരി സമൂഹത്തെ കൂടുതൽ ഉയർന്ന രൂപത്തിലേക്ക് പരിവർത്തനപ്പെടുത്തുകയും ചെയ്‌തു.
പുതിയ ഉൽപാദനശക്തികളെ സൃഷ്ടിച്ചും ശക്തമായ തൊഴിലാളിവർഗത്തിന്റെ നിലനിൽപ്പ് ഉറപ്പാക്കിയും മുതലാളിത്തം സോഷ്യലിസ്റ്റ് വിപ്ലവത്തിനുവേണ്ട അടിത്തറ പാകിയിരിക്കുകയാണെന്നുള്ളതാണ് വസ്‌തുത. ‘റഷ്യയിൽ മുതലാളിത്തത്തിന്റെ വികാസം’ എന്ന കൃതിയിൽ ചരിത്രപരമായ വസ്‌തുതകൾ നിരത്തി മാർക്‌സിസ്റ്റ് വിശകലനത്തിലൂടെ നരോദ്‌നിക്കുകളുടെ വികലമായ വാദഗതികളെ, റഷ്യയിൽ മുതലാളിത്തം വികസിക്കാതെതന്നെ സ്വയംപര്യാപ്‌ത ഗ്രാമസമൂഹത്തിൽനിന്ന് നേരിട്ട് സോഷ്യലിസത്തിലെത്തുമെന്ന വാദത്തെ, ലെനിൻ പൊളിച്ചടുക്കുകയാണുണ്ടായത്. ‘എന്താണീ ജനങ്ങളുടെ മിത്രങ്ങൾ’ എന്ന ആദ്യകൃതിയെ തുടർന്ന് ‘റഷ്യയിൽ മുതലാളിത്തത്തിന്റെ വികാസം’ എന്ന കൃതിയുടെ രചനയും കൂടി കഴിഞ്ഞപ്പോൾ റഷ്യയിൽ മാർക്‌സിസത്തിന്റെ പ്രയോഗം സംബന്ധിച്ച രൂപരേഖയാണ് ലെനിൻ അവതരിപ്പിച്ചത്. അങ്ങനെ സൈബീരിയൻ പ്രവാസകാലത്തോടെ ലെനിനിസം ബീജാവാപം ചെയ്യപ്പെട്ടുവെന്ന് പറയാം. l
(തുടരും)





