
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം, കിസാൻ സഭ അഖിലേന്ത്യാ ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച കെ വരദരാജൻ സിപിഐ എമ്മിന്റെ സമുന്നത നേതാക്കളിലൊരാളായിരുന്നു. തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനവും കർഷകപ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കാണ് അദ്ദേഹം വഹിച്ചത്. തൃശ്‌നാപ്പള്ളിയിൽ കർഷകസമരങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടാണ് സിപിഐ എമ്മിന്റെ മുൻനിരയിലേക്കെത്തിയത്. നിരവധിതവണ കേരളം സന്ദർശിച്ചിട്ടുള്ള അദ്ദേഹം എന്നും കേരള രാഷ്‌ട്രീയത്തിൽ അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ കർഷകരുടെ പ്രശ്‌നങ്ങൾ സൂക്ഷ്‌മമായി പഠിക്കുവാൻ അദ്ദേഹം എന്നും താൽപര്യം കാട്ടി. കർഷകപ്രശ്‌നങ്ങൾ ഉയർത്തി സമരം നയിക്കുന്നതിൽ സവിശേഷമായ സാമർഥ്യമാണദ്ദേഹം പ്രകടിപ്പിച്ചതെന്ന് സമകാലികർ ചൂണ്ടിക്കാട്ടുന്നു.
ആരെയും ആകർഷിക്കുന്ന മികവുറ്റ വ്യക്തിത്വത്തിനുടമയായിരുന്നു കെ വരദരാജൻ എന്ന് ദീർഘകാലം അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്ന എ കെ പത്മനാഭൻ ചൂണ്ടിക്കാട്ടി. ‘‘പരിചയപ്പെടുന്നവർക്ക് ഒരിക്കലും മറക്കാനാകാത്ത സവിശേഷമായ പെരുമാറ്റരീതിയായിരുന്നു അദ്ദേഹത്തിന്റേത്. തമിഴ് സാഹിത്യം, നാടൻപാട്ടുകൾ, കവിത, പുരാണം, ചരിത്രം എന്നിവയിൽ ആഴത്തിലുള്ള അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. പാർട്ടി പ്രചാരണത്തിന് പാട്ടുകൾ എഴുതുന്നതിൽ വരദരാജന് പ്രതേയക സാമർഥ്യമുണ്ടായിരുന്നു.’’‐ എ കെ പി അനുസ്‌മരിച്ചു. പുതിയ ആളുകളെ പാർട്ടിയിലേക്ക് ആകർഷിക്കുവാനും അവരെ പാർട്ടി അംഗങ്ങളാക്കി മാറ്റുവാനും അസാമാന്യമായ പാടവമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
1946 ഒക്ടോബർ 4ന് തമിഴ്‌നാട്ടിലെ ശ്രീരംഗത്താണ് വരദരാജൻ ജനിച്ചത്. രംഗനാഥസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കുടുംബത്തിലായിരുന്നു ജനനം. സിവിൽ എൻജിനിയറിങ്ങിൽ ഡിമ്ലോമ നേടിയ അദ്ദേഹം പാളയംകോട്ടയിൽ പൊതുമരാമത്തുവകുപ്പിൽ ജീവനക്കാരനായി പ്രവർത്തിച്ചു.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ആകൃഷ്‌ടനായ അദ്ദേഹം പാർട്ടിയെക്കുറിച്ച് കൂടുതൽ അറിയാൻ താൽപര്യം കാട്ടി. 1968ൽ സിപിഐ എമ്മിൽ അംഗമായി.
താമസിയാതെ പാർട്ടിയുടെ മുഴുവൻസമയം പ്രവർത്തകനായി മാറാൻ അദ്ദേഹം തീരുമാനിച്ചു. അതോടെ ജോലി രാജിവെച്ചു. കർഷകരെ സംഘടിപ്പിക്കുകയെന്ന ദൗത്യമാണ് പാർട്ടി അദ്ദേഹത്തെ ഏൽപ്പിച്ചത്. അത് അദ്ദേഹം സ്‌തുത്യർഹമായി നിർവ്വഹിക്കുകയും ചെയ്‌തു. കർഷകരുടെ സവിശേഷമായ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് നിരവധി സമരങ്ങൾക്ക് വരദരാജൻ നേതൃത്വം നൽകി.
1974ൽ അദ്ദേഹം കർഷകസംഘത്തിന്റെ തിരുച്ചിറപ്പള്ളി ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇക്കാലയളവിൽ നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ വരദരാജൻ പൊലീസിന്റെ നോട്ടപ്പുള്ളിയായി. ആ വർഷം തന്നെ സിപിഐ എം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1986 വരെ തൽസ്ഥാനത്ത് തുടർന്നു. 1986ൽ കിസാൻസഭയുടെ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ആ വർഷം അദ്ദേഹം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗമായും തിരഞ്ഞെടുക്കപ്പെട്ടു.
അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹമായിരുന്നു സിപിഐ എം തിരിച്ചിറപ്പള്ളി ജില്ലാ സെക്രട്ടറി. ഒളിവിലിരുന്നാണ് അദ്ദേഹം ഈ കാലയളവിൽ പാർട്ടിയെ നയിച്ചത്. ശ്രീരംഗത്തെ വീട് ജപ്‌തി ചെയ്‌തുകൊണ്ടാണ് പൊലീസ് അദ്ദേഹത്തോട് പകവീട്ടിയത്. ശ്രീരംഗം ക്ഷേത്രവുമായി ബന്ധപ്പെട്ട കുടുംബത്തിൽ റെയ്‌ഡ് നടക്കുകയെന്നത് അന്ന് വലിയ അപമാനമായാണ് സ്വന്തക്കാരും നാട്ടുകാരാുമൊക്കെ കരുതിയത്. എന്നാൽ വരദരാജന്റെ തികഞ്ഞ കമ്യൂണിസ്റ്റ് ബോധ്യത്തിനു മുന്നിൽ അധികാരികളുടെ പേപ്പിടിയൊന്നും വിലപ്പോയില്ല. അതിനെയെല്ലാം അദ്ദേഹം ചങ്കൂറ്റത്തോടെ നേരിട്ടു.
1986ൽ അദ്ദേഹം കിസാൻസഭയുടെ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ആ വർഷം തന്നെ വരദരാജൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.
1998ൽ കിസാൻസഭയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വരദരാജൻ കാർഷികപ്രശ്‌നങ്ങൾ സമൂഹത്തിന്റെയാകെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചു.
‘കൃഷിയെ രക്ഷിക്കൂ, ഇന്ത്യയെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി ഈ കാലയളവിൽ വരദരാജൻ നയിച്ച അഖിലേന്ത്യാ ജാഥ ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രാദേശികവും ദേശീയവുമായ കർഷകപ്രശ്‌നങ്ങൾ എന്തെല്ലാമാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞ ജാഥയായിരുന്നു അത്.
ജാഥകളിൽ ഗായകസംഘത്തോടൊപ്പം ദോലക് കൊട്ടി പാട്ടുപാടാനും വരദരാജൻ തയ്യാറായിരുന്നുവെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി അനുസ്‌മരിച്ചു. വർഗീയതയ്‌ക്കെതിരെയും ജനാധിപത്യത്തിനുവേണ്ടിയും തൊഴിലാളിവർഗത്തിന്റെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിലും വരദരാജന്റെ മാതൃക എന്നും പ്രേചോദനമാണ്. തികച്ചും സാധാരണക്കാരനെപോലെയുള്ള പെരുമാറ്റവും നർമവും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നുവെന്ന് എം എ ബേബി അനുസ്‌മരിച്ചു.
1998 ഒക്ടോബർ അഞ്ചുമുതൽ പതിനൊന്നുവരെ കൽക്കത്തയിൽ നടന്ന പതിനാറാം പാർട്ടി കോൺഗ്രസിൽ വരദരാജൻ കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2005 ഏപ്രിലിൽ ന്യൂഡൽഹിയിൽ നടന്ന പാർട്ടി കോൺഗ്രസിൽ അദ്ദേഹം പൊളിറ്റ് ബ്യൂറോ അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.
വരദരാജന്റെ കുടുംബം കമ്യൂണിസ്റ്റ് പ്രസ്ഥാനവും ബഹുജനസംഘടനകളുമായും വളരെയേറെ അടുപ്പമുള്ളവരായിരുന്നു. മൂത്ത സഹോദരൻ കെ ലക്ഷ്‌മണൻ അഖിലേന്ത്യാ ഇൻഷ്വറൻസ് അസോസിയേഷന്റെ നേതാവായിരുന്നു. ഇളയസഹോദരൻ കെ അനന്തരാജൻ പാർട്ടി മുഖപത്രമായ ‘തീക്കതിറി’ന്റെ ജനറൽ മാനേജരായി സേവനമനുഷ്‌ഠിച്ചിരുന്നു.
വാച്ചാത്തി ഗ്രാമത്തിൽ പൊലീസ്‐വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അതിക്രൂരമായ അഴിഞ്ഞാട്ടം തുറന്നുകാട്ടുന്നതിനും കുറ്റക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതിനും എ നല്ലശിവനൊപ്പം കെ വരദരാജനും വലിയ പങ്കാണ് വഹിച്ചത്. ആദിവാസി വീടുകളിൽ കടന്നുകയറിയ പൊലീസ്‐വനംവകുപ്പ് ഉദ്യോഗസ്ഥർ പുരുഷന്മാരെ ക്രൂരമായി മർദിച്ചു; വീടുകളിൽനിന്ന് അവരെ ഓടിച്ചു. അതിനുശേഷം സ്‌ത്രീകളെ കെട്ടിയിട്ട് ബലാത്സംഗം ചെയ്‌തു; കുടിലുകൾ കത്തിച്ചു. കാട്ടുകള്ളൻ വീരപ്പന്റെ സംഘമാണെന്നാണ് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രചരിപ്പിച്ചത്. സത്യവുമായി ഒരു ബന്ധവുമില്ലാത്ത ഈ കള്ളക്കഥയ്‌ക്കെതിരെ വരദരാജൻ അതിശക്തമായ നിലപാടെടുത്തു. ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന നിലപാടെടുത്ത സംസ്ഥാന സർക്കാരിനെതിരെ സിപിഐ എം കോടതിയെ സമീപിച്ചു. പാർട്ടിയെ പ്രതിനിധീകരിച്ച് എ നല്ലശിവൻ ഉന്നയിച്ച വാദങ്ങൾ അംഗീകരിച്ചാണ് കോടതി കുറ്റവാളികളെ ശിക്ഷിച്ചത്. എ നല്ലശിവൻ വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് തമിഴ്‌നാട് എന്ന പേരിൽ പ്രശസ്‌തമാണ് ഈ കേസ്.
മൂന്നു പതിറ്റാണ്ടുകൾ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് അതിജീവിതകൾക്ക് നീതി ലഭിച്ചത്. പൊലീസുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമായ 215 പേരെ കോടതി ശിക്ഷിച്ചു. ഐഎഫ്എസ് ഉദ്യോഗസ്ഥർ മുതൽ പൊലീസ് കോൺസ്റ്റബിൾ വരെയുള്ളവരാണ് ശിക്ഷിക്കപ്പെട്ടത്.
2005 മുതൽ 2008 വരെ കെ വരദരാജൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. പാർട്ടി കേഡർമാരെ കണ്ടെത്തുന്നതിലും അവരെ വർഗബോധമുള്ളവരായി വളർത്തിക്കൊണ്ടുവരുന്നതിലും അദ്ദേഹം എന്നും പ്രത്യേകം ശ്രദ്ധിച്ചു.
കർഷകപ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഈടുറ്റ സംഭാവനകൾ നൽകിയ കെ വരദരാജൻ 2020 മെയ് 16ന് അന്തരിച്ചു. l




