
ഏറെ അലങ്കാരപ്രിയമായ ഡിസൈൻ ചേർത്തുകൊണ്ടാണ് കിരീടവും വസ്ത്രാലങ്കാരവും നിർവഹിക്കുന്നത്. വ്യക്തിയിൽ അധിഷ്ഠിതമായ ഒരു പുരാവൃത്തത്തിന്റെ ആവിഷ്കാരം കൂടിയായി ഈ തെയ്യത്തെ ഗണിക്കുന്നവരുണ്ട്. ത്യാഗഭരിതമായ നിലയിലും നിസ്വാർത്ഥമായും പ്രവർത്തിച്ച വ്യക്തിയുടെയോ കുടുംബത്തിന്റെയോ പുരോഗതി ഇതിൽ ആകമാനം പരാമർശിക്കുന്നുണ്ട്. വ്യക്തിയോ കുടുംബമോ ലാഭേച്ച കൂടാതെ നടത്തിയ പ്രവർത്തിക്ക് ഒരു ദേശം തിരികെ നൽകുന്ന പ്രതിഫലം കൂടിയായി ഈ തെയ്യാവതരണത്തെ കാണുന്നവരുണ്ട്. പലരും പല നിലയിൽ ഐതിഹ്യങ്ങളുടെ പിന്നാമ്പുറം തേടി പോകാൻ തയ്യാറാവുന്ന നിലയാണ് മണവാളൻ മണവാട്ടി തെയ്യങ്ങളുടെ കാര്യത്തിൽ കാണാൻ കഴിയുന്നത്. മുസ്ലിം തെയ്യങ്ങളുടെ കൂട്ടത്തിൽ പരിഗണിക്കാവുന്ന ഈ തെയ്യം കെട്ടിയാടുന്ന രാവണേശ്വരത്തിന് സമീപത്തെ മടിയൻ കൂലോം ക്ഷേത്രത്തിൽ ഹൈന്ദവ വിശ്വാസ പ്രകാരമുള്ള മറ്റു തെയ്യങ്ങളും കെട്ടി ഇറങ്ങാറുണ്ട്. എല്ലാ വർഷവും മെയ് 22, 23 തീയതികളിൽ ആണ് ഇവിടെ ഉത്സവം നടക്കുന്നത്..
മുസ്ലീം നാമധാരിയാണ് ഈ തെയ്യത്തിലെ കഥാപാത്രം. പുരുഷ കഥാപാത്രം മണവാളൻ തെയ്യമായി കെട്ടി ഇറങ്ങുമ്പോൾ സ്ത്രീ കഥാപാത്രം മണവാട്ടി തെയ്യമായി കെട്ടിയിറങ്ങുന്നു. മുസ്ലീം വിവാഹത്തിന് അണിഞ്ഞൊരുങ്ങുന്ന വരനെ പുയ്യാപ്ല എന്ന നാടൻ പ്രയോഗം അല്ലെങ്കിൽ മണവാളൻ എന്ന് മലബാറിൽ അറിയപ്പെടുന്നു. മണവാളൻ എന്നതിന് പകരം അത് ലോപിച്ചു മണാളൻ തെയ്യം എന്നും അറിയപ്പെടുന്നുണ്ട്. വിവാഹ ദിനത്തിൽ അണിഞ്ഞൊരുങ്ങുന്ന വധുവിനെ പുയ്യെട്ട്യാർ എന്ന് സാധാരണക്കാർ വിളിക്കാറുണ്ട്. മണവാട്ടി എന്നപേര് കാവിന് സമീപക്കാർ മാണാട്ടി തെയ്യം എന്നും ചുരുക്കി പറയാറുണ്ട്. നാടോടി കഥയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ തെയ്യക്കോലം കെട്ടിയാടാൻ തുടങ്ങിയത് എന്ന് പറയുന്നു. കാഞ്ഞങ്ങാട് മടിയൻ കൂലോം ക്ഷേത്രത്തിലാണ് മണവാളൻ മണവാട്ടി തെയ്യങ്ങൾ കെട്ടിയാടുന്നത്. മറ്റൊരിടത്തും ഈ തെയ്യക്കോലം കെട്ടിയാടുന്നതായി അറിവില്ല. തെയ്യക്കോലങ്ങളിൽ അത്യപൂർവ തെയ്യമായി ഇതറിയപ്പെടുന്നു. അതിനു പ്രധാന കാരണം ഈ തെയ്യക്കോലത്തിന്റെ വേഷ വിധാനത്തിലെ പ്രത്യേകത കൂടിയാണ്. മുസ്ലിം വിവാഹത്തിന് വരനും വധുവും നല്ല നിലയിൽ തന്നെ സാധാരണ അണിഞ്ഞൊരുങ്ങാറുണ്ട്. ഇതിന് സമാനമായ രീതിയിൽ തന്നെയാണ് തെയ്യക്കോലവും ഇറങ്ങുന്നത്. ശിരോവസ്ത്രത്തിലും പ്രകൃതി ചായങ്ങളാലുള്ള ശരീര ചിത്രണത്തിലും പുതുമയും പ്രത്യേകതയും കൊണ്ട് ഈ തെയ്യം പേര് കേട്ടതാണ്.
പൊതുവെ ഉയർത്തെഴുന്നേൽപ്പിന്റെയോ പ്രതികാര പ്രകടനത്തിന്റെയോ അവതരണ രൂപങ്ങളായിട്ടാണ് മലബാറിലെ തെയ്യം അവതാരങ്ങളെ കാണാറ്. ജന്മിമാരുടെയോ ഭൂപ്രഭുക്കന്മാരുടെയോ അടിച്ചമർത്തലുകൾ നിർബാധം നടന്നിരുന്ന ഒരു കാലത്ത് അടിച്ചമർത്തലുകൾക്കു വിധേയരായിരുന്ന കീഴാള ജനതയുടെ പ്രതികാരത്തോടെയുള്ള ഉയർത്തെഴുന്നേൽപ്പ് ഇത്തരം തെയ്യങ്ങളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. ആ നിലക്ക് പരിശോധിക്കുമ്പോൾ ആ ദേശക്കാർ വിശ്വസിക്കുന്നത് ആർക്കോ വഴങ്ങാതിരുന്ന ഇസ്ലാമിക ദമ്പതികളെ ഇല്ലാതാക്കിയതിന്റെ ഓർമ്മക്കായി സമർപ്പിച്ച തെയ്യാവതരണമായി ട്ടാണ്. ഒരർത്ഥത്തിൽ പീഡനം എറ്റുവാങ്ങിയ ഒരു സമുദായത്തിന്റെ ഉയർത്തെഴുന്നേൽപ്പ് എന്നും പറയാം. l





