ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 11

ജി വിജയകുമാർ

ലെനിന്റെ വിപ്ലവപദ്ധതിയും ഇസ്‌ക്രയും

‘‘1905ൽ ലെനിന്റെ ആദ്യകാല സഹപ്രവർത്തകനും പിൽക്കാലത്തെ കടുത്ത ശത്രുവുമായ അലക്‌സാണ്ടർ പൊത്രേസോവ്‌ വാദിച്ചത്‌ തന്റെ ജനസമ്മതിക്ക്‌ ലെനിൻ കടപ്പെട്ടിരിക്കുന്നത്‌ വിട്ടുവീഴ്‌ചയില്ലാത്ത കൃത്യതയോടാണെന്നാണ്‌… ഏറെക്കാലത്തിനുശേഷം 1920ൽ സംഘടനാപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ലെനിന്റെ ആദ്യകാല കൃതികളുടെ പ്രാധാന്യത്തെക്കുറിച്ച്‌ സ്റ്റാലിൻ വാഴ്‌ത്തി; അതിന്റെ കാരണം ആ കൃതികൾ പൂർണമായും റഷ്യൻ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെട്ടിരിക്കുന്നുവെന്നതാണ്‌; മികച്ച വിപ്ലവപ്രവർത്തകന്റെ (അക്കൂട്ടത്തിലൊരാളായാണ്‌ ലെനിൻ സ്വയം അടയാളപ്പെടുത്തിയത്‌) സംഘടനാപരമായ അനുഭവങ്ങളെ അദ്ദേഹം അതീവ വൈദഗ്‌ധ്യത്തോടെ പൊതുവൽക്കരിക്കുകയും ചെയ്‌തു’’.
‐ ലാർസ്‌ ടി ലി

ആർഎസ്‌ഡിഎൽപി നേതൃത്വത്തിലുണ്ടായ ഭിന്നിപ്പിന്റെ കാരണം കേവലം ഇസ്‌ക്ര പത്രാധിപസമിതിയിൽ എത്ര അംഗങ്ങളുണ്ടാകണം, ആരൊക്കെയായിരിക്കണം എന്ന പ്രശ്‌നത്തിൽമാത്രം ഒതുക്കി കാണാനാവില്ല. റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക്‌ ലേബർ പാർട്ടിയുടെ രൂപീകരണംമുതൽ ഉരുവംകൊണ്ട രാഷ്‌ട്രീയവും സംഘടനാപരവുമായ തർക്കപ്രശ്‌നങ്ങൾ രൂക്ഷമായതിന്റെ പ്രതിഫലനമാണ്‌ രണ്ടാം കോൺഗ്രസിൽ ബോൾഷെവിക്‌ എന്നും മെൻഷെവിക്കെന്നും പാർട്ടി രണ്ടായി പിരിഞ്ഞത്‌.

ഇസ്‌ക്ര രൂപീകരണംമുതൽ അതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ ചില പ്രശ്‌നങ്ങൾ ഉയർന്നിരുന്നു. പ്രസിദ്ധീകരണത്തിന്റെ നിയന്ത്രണം ആർക്കായിരിക്കണമെന്നതായിരുന്നു ആദ്യം ഉയർന്ന പ്രശ്‌നം. തങ്ങളാണ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കൾ എന്നും അതുകൊണ്ടുതന്നെ സ്വാഭാവികമായും പ്രസ്ഥാനത്തിന്റെയും മുഖപത്രത്തിന്റെയും നിയന്ത്രണം തങ്ങൾക്കായിരിക്കണമെന്നുമാണ്‌ പ്ലെഖാനോവും ആക്‌സൽറോഡും അവകാശപ്പെട്ടത്‌. എന്നാൽ ലെനിനെയും മാർത്തോവിനെയും പോലെയുള്ള യുവതലമുറ അതംഗീകരിക്കാൻ തയ്യാറല്ലായിരുന്നു. നീണ്ടകാലത്തെ പ്രവാസജീവിതം ഈ ആദ്യപഥികരുടെ വിപ്ലവാവേശം ചോർത്തിക്കളഞ്ഞിരിക്കുന്നൂവെന്നാണ്‌ യുവതലമുറ വാദിച്ചത്‌. പക്ഷേ, ഇരുകൂട്ടർക്കും പരസ്‌പരം സഹകരിച്ചുമാത്രമേ മുന്നോട്ടുപോകാൻ കഴിയുമായിരുന്നുള്ളൂ. മാത്രമല്ല, പ്രാരംഭഘട്ടത്തിൽതന്നെ, അതും പ്രസ്ഥാനം തീരെ ദുർബലാവസ്ഥയിലായിരിക്കെ, ചേരിതിരിയുന്നത്‌ മുന്നോട്ടുപോക്കിന്‌ തെല്ലും സഹായകമാവില്ലെന്നും ഇരുകൂട്ടരും തിരിച്ചറിഞ്ഞിരുന്നു.

ഈ പശ്ചാത്തലത്തിൽ ഒരൊത്തുതീർപ്പിന്‌ ആ ഘട്ടത്തിൽ അവർ തയ്യാറായി. അങ്ങനെ രണ്ട്‌ പത്രങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു. ലെനിന്റെയും മാർത്തോവിന്റെയും നേതൃത്വത്തിൽ ഇസ്‌ക്രയും (തീപ്പൊരി) പ്ലെഖാനോവിന്റെയും മറ്റും നേതൃത്വത്തിൽ സാര്യ (Zarya‐ പ്രഭാതം)യും പ്രസിദ്ധീകരിച്ചു തുടങ്ങി. രണ്ടിന്റെയും പേരിനുതന്നെ ഒരു പ്രതീകാത്മകതയുണ്ട്‌. റഷ്യ തീപിടിക്കാൻ തയ്യാറായിക്കഴിഞ്ഞു (ഒരു തീപ്പൊരി മതി അത്‌ ആളിപ്പടരും) എന്നു കരുതുന്നവരുടെ മുൻകൈയിലുള്ള പത്രം‐ ഇസ്‌ക്ര.

സാര്യ (പ്രഭാതം) എന്ന പേരിൽതന്നെ ഒരു മെല്ലെപ്പോക്ക്‌ കാണാം‐ മാറ്റത്തിന്‌ പരിവർത്തനപരമായ പ്രക്രിയയുടെ സാണ്ടെന്ന സൂചന. മാത്രമല്ല, മുടക്കമില്ലാതെ കൃത്യമായ ഇടവേളകളിൽ അത്‌ പ്രസിദ്ധീകരിച്ചതുമില്ല. ഈ ഒത്തുതീർപ്പൊന്നും സുഗമമായി മുന്നോട്ടുപോകാൻ പര്യാപ്‌തമായില്ല. പാർട്ടിയിൽ സന്പൂർണമായ ഐക്യം, ആശയപരമായ ചേർച്ച അപ്പോഴും ഏറെ അകലെയായിരുന്നു. ഉയർന്നുവരുന്ന ഓരോ വിഷയങ്ങളിന്മേലും അടിക്കടി തർക്കങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. ഇസ്‌ക്രയിലും സാര്യയിലും ലെനിനും പ്ലെഖാനോവും മാർത്തോവുമെല്ലാം എഴുതിയ ലേഖനങ്ങളിൽ ഈ അഭിപ്രായവ്യത്യാസങ്ങളുടെ പ്രതിഫലനം കാണാവുന്നതാണ്‌. 1902 മെയ്‌ മാസത്തിൽ ലെനിൻ പ്ലെഖാനോവിനെഴുതിയ ഒരു കത്തിൽ ഈ ഭിന്നത കൃത്യമായി പ്രതിഫലിക്കുന്നുണ്ട്‌. താൻ സാര്യയിൽ പ്രസിദ്ധീകരിക്കാൻ നൽകിയ ഒരു ലേഖനത്തിൽ പ്ലെഖാനോവ്‌ വരുത്തിയ മാറ്റത്തിലുള്ള വിയോജിപ്പും പ്രതിഷേധവുമാണ്‌ തന്റെ കത്തിൽ ലെനിൻ രേഖപ്പെടുത്തിയത്‌. ‘‘താങ്കളുടെ ലക്ഷ്യം അടിച്ചേൽപ്പിക്കുകയാണ്‌ ഉദ്ദേശ്യമെങ്കിൽ അധികംവൈകാതെ ഈ പ്രൊജക്ടിൽനിന്ന്‌ പിന്മാറാൻ താൻ നിർബന്ധിത’’നാകുമെന്ന്‌ ആ കത്തിൽ ലെനിൻ തറപ്പിച്ചു പറയുന്നുണ്ട്‌. എന്നാൽ അപ്പോൾതന്നെ വഴിപിരിയാൻ ലെനിൻ താൽപര്യപ്പെട്ടിരുന്നുമില്ല. പിന്നീട്‌ രണ്ടാം കോൺഗ്രസിൽ പാർത്തോവും കൂട്ടരും മുന്നോട്ടുവെച്ച നിലപാടുകൾക്കെതിരെ ലെനിന്‌ പ്ലെഖാനോവിന്റെ പിന്തുണ ലഭിച്ചിരുന്നൂവെന്നും കാണണം. ഈ തർക്കവിതർക്കങ്ങൾക്കിടയിലാണ്‌ ലെനിൻ തന്റെ അടിസ്ഥാന സിദ്ധാന്തങ്ങളിൽ പലതും മുന്നോട്ടുവെച്ച പ്രമുഖ കൃതിയായ ‘എന്തുചെയ്യണം?’ എഴുതി 1902 മാർച്ചിൽ ഇസ്‌ക്രയിൽ പ്രസിദ്ധീകരിച്ചത്‌. ഒരു കാര്യം നാം ഓർക്കേണ്ടത്‌ പ്ലെഖാനോവുമായും മാർത്തോവുമായുമുള്ള തർക്കങ്ങളെല്ലാം നിലനിൽക്കവെതന്നെ ലെനിൻ അവർ ഇരുവരെയും ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്‌തിരുന്നു എന്നതാണ്‌. ക്രൂപ്‌സ്‌കായ വളരെ കൃത്യമായും അടയാളപ്പെടുത്തുന്നത്‌ ഇസ്‌ക്ര ലെനിന്റെ കുഞ്ഞെന്ന നിലയിൽ തന്നെയാണ്‌. ലെനിൻ ആ കാലഘട്ടത്തിൽ തന്റെ ഊർജവും സമയവും ഏറെയും ചെലവഴിച്ചത്‌ ഇസ്‌ക്രയുടെ പ്രസിദ്ധീകരണത്തിനും അത്‌ റഷ്യയിലുടനീളം എത്തിക്കുന്നതിനും വേണ്ടിയായിരുന്നു. 1900 ഡിസംബറിനും 1903 ഒക്ടോബർ 22നും ഇടയ്‌ക്ക്‌‐ അതായത്‌ ഇസ്‌ക്രയുടെ ആദ്യലക്കം പുറത്തിറങ്ങിയതുമുതൽ മെൻഷെവിക്കുകൾ ആധിപത്യം സ്ഥാപിക്കുന്നതുവരെയുള്ള കാലത്ത്‌‐ ലെനിൻ ചീഫ്‌ എഡിറ്ററായി ഇസ്‌ക്രയുടെ 51 ലക്കങ്ങൾ പുറത്തിറക്കിയിരുന്നു. ഇക്കാലമത്രയും റഷ്യൻ വിപ്ലവത്തിന്റെ, അതായത്‌ വിപ്ലവ സോഷ്യൽ ഡെമോക്രസിയുടെ, മുഖപത്രമെന്ന നിലയിൽ ഉറച്ച നിലപാടുകൾ തന്നെയായിരുന്നു ഇസ്‌ക്രയുടെ പേജുകളിലൂടെ മുന്നോട്ടുവെയ്‌ക്കപ്പെട്ടത്‌. സൈബീരിയയിലെ നിർബന്ധിത പ്രവാസജീവിതകാലത്തുതന്നെ ലെനിൻ സാറിസ്റ്റ്‌ വാഴ്‌ചയ്‌ക്കെതിരായ പോരാട്ടത്തിന്റെ മുഖമായി ഒരു അഖിലറഷ്യൻ വിപ്ലവപത്രം പ്രസിദ്ധീകരിക്കുന്നതിനുവേണ്ട പദ്ധതികൾക്ക്‌ മനസ്സിൽ രൂപം നൽകിയിരുന്നു. മാത്രമല്ല, ഇസ്‌ക്രയിൽ തന്നെ പ്രസിദ്ധീകരിച്ച എന്തുചെയ്യണം? എന്ന അദ്ദേഹത്തിന്റെ കൃതിയുടെ രൂപരേഖയും ലെനിൻ അക്കാലത്തുതന്നെ മനസ്സിൽ തയ്യാറാക്കിക്കഴിഞ്ഞിരുന്നുവെന്നും ലെനിൻ അക്കാലത്തെഴുതിയ കത്തുകളും ക്രൂപ്‌സ്‌കായയുടെ ഓർമക്കുറിപ്പുകളും വ്യക്തമാക്കുന്നുണ്ട്‌. അങ്ങനെയാണ്‌, കൃത്യമായും ആ ലക്ഷ്യത്തോടെയാണ്‌ സൈബീരിയയിൽനിന്ന്‌ മോചിപ്പിക്കപ്പെട്ടതോടെ ലെനിൻ തന്നെപ്പോലെതന്നെ സൈബീരിയയിൽനിന്ന്‌ മോചിതനായ മാർത്തോവുമായും വിപ്ലവപ്രവർത്തകനെന്നതിലുപരി എഴുത്തുകാരനായ പൊത്രേസോവുമായും ബന്ധം സ്ഥാപിക്കുകയും അവർക്കൊപ്പം വിദേശത്തേക്ക്‌ കടക്കാൻ തീരുമാനിക്കുകയും ചെയ്‌തത്‌.

ഇസ്‌ക്രയെ സംബന്ധിച്ച ലാർസ്‌ ടി ലിയുടെ വാക്കുകൾ ഇങ്ങനെയാണ്‌: ‘‘ലേ ഔട്ടിന്റെയും രൂപകൽപനയുടെയും പേരിലുള്ള ഇന്നത്തെപോലുള്ള ജേണലിസ്റ്റിക്‌ അവാർഡുകൾക്കൊന്നും അർഹമാകുമായിരുന്നില്ല ഇസ്‌ക്ര. മൂന്ന്‌ കോളങ്ങളിൽ പതിവായി 6 പേജുകളിലാണ്‌ അത്‌ പ്രസിദ്ധീകരിച്ചിരുന്നത്‌. ഓരോ പേജിന്റെയും അറ്റംവരെ അച്ചുനിരത്തിയിരുന്നു. ചെറിയ ടൈപ്പിൽ വലിയ വാക്കുകളായിരുന്നു ഓരോ പേജിലും ഉണ്ടായിരുന്നത്‌. ചില നിരീക്ഷകർ പരാതിപ്പെട്ടിരുന്നത്‌ തൊഴിലാളികളായ വായനക്കാർക്ക്‌ ഉൾക്കൊള്ളാൻ കഴിയുന്നതിലുമപ്പുറമായിരുന്നു അതെന്നാണ്‌; പക്ഷേ അതിന്റെ എഡിറ്റർമാർക്ക്‌ കൃത്യമായ ആത്മവിശ്വാസം ഉണ്ടായിരുന്നത്‌, ചുരുങ്ങിയപക്ഷം ‘ലക്ഷ്യബോധമുള്ളവരും കൂടുതൽ ഉന്നത നിലവാരത്തിലെത്തിയവരുമായ’ തൊഴിലാളിവിഭാഗങ്ങൾക്ക്‌ അത്‌ പിന്തുടരാൻ കഴിയുമെന്നും മറ്റു വായനക്കാരിലേക്ക്‌ അത്‌ പകർന്നുനൽകാൻ കഴിയുമെന്നുമാണ്‌. വിദേശത്തുവെച്ചാണ്‌ അത്‌ എഴുതപ്പെടുകയും എഡിറ്റ്‌ ചെയ്യപ്പെടുകയും അച്ചടിക്കപ്പെടുകയും ചെയ്‌തിരുന്നതെങ്കിലും കൃത്യമായ ഇടവേളകളിൽ മുടങ്ങാതെ അതിന്റെ പ്രസിദ്ധീകരണം നടന്നുന്നു എന്ന കാര്യത്തിൽ അതേവരെയുള്ള അണ്ടർഗ്രൗണ്ട്‌ പ്രസിദ്ധീകരണങ്ങളുടെ റിക്കാർഡ്‌ ഭേദിച്ചു ഇസ്‌ക്ര.’’ (ലാർസ്‌ ടി ലി, ലെനിൻ, പേജ്‌ 73, 74)

വിദേശത്തുനിന്ന്‌ രഹസ്യമായി പ്രസിദ്ധീകരിച്ച്‌ റഷ്യയിലെത്തിച്ച്‌ വിതരണം ചെയ്യുന്ന മറ്റേതൊരു പ്രസിദ്ധീകരണവുംപോലെ മാത്രമാകരുത്‌ ഇസ്‌ക്ര എന്നതായിരുന്നു ലെനിന്റെ കാഴ്‌ചപ്പാട്‌. മറിച്ച്‌, റഷ്യയിലെ യഥാർഥ സംഭവവികാസങ്ങൾ സൂക്ഷ്‌മമായി വിശകലനം ചെയ്യുന്നതായിരിക്കണം ഇസ്‌ക്രയിലെ ലേഖനങ്ങൾ. റഷ്യയിൽ ഒളിവിൽ പ്രവർത്തിച്ചിരുന്ന പ്രാദേശിക സോഷ്യൽ ഡെമോക്രാറ്റിക്‌ കമ്മിറ്റികൾ അപ്പപ്പോൾ അവിടെയുണ്ടാകുന്ന സംഭവങ്ങളെക്കുറിച്ചുള്ള ജേണലിസ്റ്റിക്‌ റിപ്പോർട്ടുകൾ ഇസ്‌ക്ര പത്രാധിപസമിതിക്ക്‌ അയച്ചുകൊടുത്തിരുന്നു. ഇസ്‌ക്രയുടെ ഓരോ ലക്കവും കൃത്യമായി അവർക്കെത്തിച്ചുകൊടുക്കാൻ പത്രാധിപസമിതിയും ശ്രദ്ധിച്ചു. വ്യാജ പാസ്‌പോർട്ടുകൾ ഉപയോഗിച്ച്‌, സ്യൂട്ട്‌കേസുകളുടെ അടിത്തട്ടിൽ രഹസ്യ അറയുണ്ടാക്കി, റഷ്യയിലുടനീളം ഇസ്‌ക്ര എത്തിക്കുന്നതിനുള്ള നെറ്റ്‌വർക്കിനുതന്നെ രൂപംനൽകി. അങ്ങനെ ഇസ്‌ക്രയ്‌ക്ക്‌ അഖിലറഷ്യൻ പ്രാധാന്യം കൈവന്നു. ഈ രഹസ്യ വിതരണശൃംഖല സംഘടിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം ഓസിപ്‌ പിയാറ്റ്‌നിറ്റ്‌സ്‌കി (Osip Pianitsky) എന്ന പൂർണസമയ യുവ വിപ്ലവകാരിക്ക്‌ (വിപ്ലവം തൊഴിലാക്കിയയാൾ) നൽകപ്പെട്ടു. അതിർത്തികടത്തി തങ്ങളുടെ മതഗ്രന്ഥങ്ങൾ റഷ്യയിലെത്തിച്ചിരുന്ന ചില ലിത്വാനിയൻ മതസംഘങ്ങളെയും അദ്ദേഹം അതിനായി കൂട്ടുപിടിച്ചു (അക്കാലത്ത്‌ ലിത്വാനിയൻ ഭാഷയിലുള്ള കൃതികൾ റഷ്യയിൽ നിരോധിച്ചിരുന്നു). ലിത്വാനിയക്കാർക്കും സോഷ്യൽ ഡെമോക്രാറ്റുകൾക്കും തങ്ങളോരോരുത്തരും സദ്‌വാർത്തകളായി കണ്ടിരുന്നവ പ്രചരിപ്പിക്കാൻ ഈ പരസ്‌പര സഹകരണം സഹായകമായി.

ക്രൂപ്‌സ്‌കായയുടെ സഹായത്തോടെ ലെനിനായിരുന്നു ഇസ്‌ക്ര പ്രസിദ്ധീകരിക്കുന്നതിന്റെ നടുനായകത്വം വഹിച്ചത്‌: മറ്റുള്ളവരിൽനിന്ന്‌ ലേഖനങ്ങൾ വാങ്ങൽ, സ്വയം ലേഖനങ്ങൾ തയ്യാറാക്കൽ, കത്തിടപാടുകൾ നടത്തൽ, പ്രസിദ്ധീകരണം എത്തിച്ചുകൊടുക്കുന്നതിന്റെ മേൽനോട്ടം എന്നിവയെല്ലാം അദ്ദേഹംതന്നെ നിർവഹിച്ചു. ഒരു ജോലിയും, അത്‌ വലിയൊരു പദ്ധതി യാഥാർഥ്യമാക്കുന്നതിനുവേണ്ടിയാണെങ്കിൽ, ലെനിനെ സംബന്ധിച്ചിടത്തോളം നിസ്സാരമായിരുന്നില്ല. വർഗപരമായ നേതൃത്വം കെട്ടിപ്പടുക്കുന്നതിന്‌ ആവേശവും കരുത്തും പകരുകയെന്ന വിപ്ലവപദ്ധതി യാഥാർഥ്യമാക്കാൻ ലെനിൻ തന്റെ സമയമാകെ അക്കാലത്ത്‌ ഇസ്‌ക്രയ്‌ക്കായി ഉഴിഞ്ഞുവെച്ചു. ജർമൻ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ മാതൃകയായിരുന്നു ഇതിനായി ലെനിൻ പിൻപറ്റിയത്‌. അദ്ദേഹത്തിന്റെ ആത്യന്തികലക്ഷ്യം റഷ്യയിലുടനീളം സജീവമായി പ്രവർത്തിക്കുന്ന വിപ്ലവ പാർട്ടി കെട്ടിപ്പടുക്കുകയായിരുന്നു.

തങ്ങളുടെ ആശയം ജനങ്ങൾക്കിടയിൽ എത്തിക്കുന്നതിന്‌ പത്രങ്ങളും ആനുകാലികങ്ങളും സഹായിക്കുമെന്ന കാഴ്‌ചപ്പാട്‌ ആദ്യം അവതരിപ്പിച്ച്‌ നടപ്പാക്കിയത്‌ ജർമൻ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയാണ്‌ (എസ്‌പിഡി). അക്കാര്യത്തിൽ മാതൃകയും അവരായിരുന്നു. 1914ൽ ഒന്നാം ലോകയുദ്ധം ആരംഭിച്ച കാലത്ത്‌ എൻപതിലധികം പത്രങ്ങളാണ്‌ എസ്‌പിഡിക്കുണ്ടായിരുന്നത്‌. എന്നാൽ റഷ്യയെ സംബന്ധിച്ചിടത്തോളം അതത്ര അനായാസമായിരുന്നില്ല. പത്രസ്വാതന്ത്ര്യം നിലവിലില്ലാതിരുന്ന സാറിസ്റ്റ്‌ റഷ്യയിൽ നിയമവിരുദ്ധമായി പത്രങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കാൻ പ്രാദേശികമായി പ്രവർത്തിച്ചിരുന്ന സംഘടനകൾക്ക്‌ എളുപ്പമായിരുന്നില്ല. എന്നാൽ പീറ്റേഴ്‌സ്‌ബർഗിൽനിന്ന്‌ റബോച്ചയെ മിസൽ (Rabochaia Mysl‐ തൊഴിലാളി ചിന്ത), സരാത്തോവിൽനിന്ന്‌ റെബോച്ചായെ ഗസറ്റ (Rabochaia Gazetta‐ തൊഴിലാളി വാർത്ത) എന്നിവ പ്രസിദ്ധീകരിച്ചിരുന്നു. പൊലീസിന്റെ കടുത്ത അടിച്ചമർത്തലുകൾ നേരിട്ടായിരുന്നു അവ പ്രസിദ്ധീകരിച്ചിരുന്നത്‌. അതുകൊണ്ടുതന്നെ പലപ്പോഴും അവയുടെ പ്രസിദ്ധീകരണം മുടങ്ങിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ്‌ ലെനിൻ വിദേശത്തുനിന്ന്‌ അഖിലറഷ്യൻ അടിസ്ഥാനത്തിൽ പത്രം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്‌.

ദേശീയാടിസ്ഥാനത്തിൽ രഹസ്യമായി പ്രവർത്തിക്കുന്ന ഒരു പാർട്ടി സംഘടന രൂപപ്പെടുത്തുകയെന്ന ലെനിന്റെ പദ്ധതി പ്രാവർത്തികമാക്കുന്നതിലും ഇസ്‌ക്ര സുപ്രധാന പങ്കുവഹിച്ചു. ഇസ്‌ക്രയുടെ പ്രസിദ്ധീകരണത്തിലും വിതരണത്തിലും അവിഭാജ്യ ഭാഗമായി മാറാൻ പ്രാദേശിക സോഷ്യൽ ഡെമോക്രാറ്റിക്‌ കമ്മിറ്റികളോട്‌ ഇസ്‌ക്ര അഭ്യർഥിച്ചു. അങ്ങനെയാണ്‌ ദേശീയ പദ്ധതിയുടെ ഭാഗമായി പ്രാദേശിക കമ്മിറ്റികൾ ഒരുമിച്ച്‌ പ്രവർത്തിക്കാൻ തുടങ്ങിയത്‌. പത്രം റഷ്യയിലേക്ക്‌ കടത്തുന്നതിനു രൂപപ്പെട്ട സംഘടനയാണ്‌ പിന്നീട്‌ പ്രാദേശിക ഘടകങ്ങളെയും കേന്ദ്ര നേതൃത്വത്തെയും തമ്മിൽ ബന്ധിപ്പിച്ച പ്രൊഫഷണൽ വിപ്ലവകാരികളുടേതായ ദേശീയ സംഘടനയുടെ ബീജരൂപമായി മാറിയത്‌. മാത്രമല്ല, ഈ പത്രമാണ്‌ പരിപാടിപരമായ ഒരൈക്യത്തിനും മാർഗരേഖയായത്‌. തുടക്കത്തിൽ ഏതാനും കുറച്ചുപേരുടെ ഒരു സ്വകാര്യ വിഷയമായിരുന്ന പത്രം, ഇസ്‌ക്ര, അങ്ങനെ വിപ്ലവ പ്രവർത്തനത്തിന്റെ ശരിയായ ശബ്ദവും കേന്ദ്ര സംഘടനാരൂപവുമായി മാറി.

ലെനിൻ ലക്ഷ്യമാക്കിയതും ഇതുതന്നെയായിരുന്നു. റഷ്യയിൽ ദേശീയാടിസ്ഥാനത്തിലുള്ള ഒരു രാഷ്‌ട്രീയ ഘടകമായി മാറുന്നതിന്‌ റഷ്യൻ സോഷ്യൽ ഡെമോക്രസിയെ സഹായിക്കുന്നതിൽ ഇസ്‌ക്ര വഹിച്ച പങ്ക്‌ സവിശേഷമാണ്‌. മാത്രമല്ല, റഷ്യൻ സാഹചര്യങ്ങളെക്കുറിച്ച്‌ കൃത്യമായി ലെനിന്റെ കണ്ണടയിലൂടെ ഇസ്‌ക്ര വായനക്കാരിലെത്തിക്കുകയും ചെയ്‌തു. തൊഴിലാളികൾക്കും കർഷകർക്കും വിവിധ ദേശീയ ജനവിഭാഗങ്ങൾക്കും മാത്രമല്ല, ഒരുവിഭാഗം സംരംഭകർക്കും ഭൂപ്രഭുക്കൾക്കുംപോലും സാറിസ്റ്റ്‌ വാഴ്‌ച്ചയിൽ അസംതൃപ്‌തിയുണ്ടായിരുന്നു. ഈ അസംതൃപ്‌തി പ്രതിഷേധമായും അത്‌ പ്രക്ഷോഭമായും വളർന്നുകൊണ്ടിരുന്നു. തൊഴിലാളികളുടെ പ്രക്ഷോഭങ്ങൾ അടിക്കടി വ്യാപകമായി വളർന്നുകൊണ്ടിരുന്നത്‌ വിപ്ലവ പ്രതിസന്ധിയായി മാറി. തൊഴിലാളികളുടെ പ്രതിഷേധപ്രക്ഷോഭങ്ങൾ സാന്പത്തികാവശ്യങ്ങൾ കേന്ദ്രീകരിച്ച്‌ മുതലാളിമാർക്കെതിരെ നടത്തുന്നവ മാത്രമായിരുന്നില്ല. കൃത്യമായ രാഷ്‌ട്രീയ മുദ്രാവാക്യങ്ങളുയർത്തി സാറിസ്റ്റ്‌ വാഴ്‌ച്ചയ്‌ക്കെതിരെ ലക്ഷ്യമിട്ടവയുമായിരുന്നു ഈ പ്രക്ഷോഭങ്ങൾ. സാറിസ്റ്റ്‌ സ്വേച്ഛാധിപത്യം നിലനിൽക്കുന്നതാണ്‌ തങ്ങളുടെ പ്രശ്‌നങ്ങൾക്കെല്ലാമുള്ള മൂലകാരണമെന്ന തിരിച്ചറിവിലേക്ക്‌ റഷ്യൻ തൊഴിലാളികൾ എത്തിച്ചേരുകയായിരുന്നു. എന്നാൽ അതിനെ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകാൻ വേണ്ട കരുത്തുറ്റ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ അഭാവം പ്രകടമായിരുന്നു. അത്‌ പരിഹരിക്കുകയെന്ന ദൗത്യമാണ്‌ ലെനിൻ ഇസ്‌ക്രയിലൂടെ നടത്തിയത്‌.

‘എന്തുചെയ്യണം?’ എന്ന കൃതിക്കുപുറമെ ലെനിന്റെ നാട്ടിൻപുറത്തെ പട്ടിണിപ്പാവങ്ങളോട്‌ (കർഷകരെ സംബന്ധിച്ച്‌ സോഷ്യൽ ഡെമോക്രാറ്റുകൾ എന്താണ്‌ ചെയ്യാൻ ആഗ്രഹിക്കുന്നത്‌ എന്നതിന്റെ വിശദീകരണം) എന്ന കൃതിയും ഇസ്‌ക്രയിലൂടെയാണ്‌ ആദ്യം വായനക്കാരിലെത്തിയത്‌. വൈവിധ്യമാർന്ന വിഷയങ്ങളാണ്‌ ഇസ്‌ക്രയിലൂടെ ലെനിനും മറ്റു ലേഖകരും വായനക്കാരുടെ മുന്നിൽ അവതരിപ്പിച്ചത്‌. എന്നാൽ അവയിലെല്ലാംതന്നെ റഷ്യയിൽ സാറിസ്റ്റ്‌ വാഴ്‌ചയ്‌ക്ക്‌ അറുതിവരുത്തുന്നതിനുള്ള ലെനിന്റെ വിപ്ലവപദ്ധതി അടങ്ങിയിരുന്നു. ഇസ്‌ക്രയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളിലെ വിഷയവൈവിധ്യത്തെ ഇങ്ങനെ കാണാം: സാറിസം നേരിട്ടിരുന്ന മൊത്തത്തിലുള്ള പ്രതിസന്ധിയും അതിവേഗം സമീപിച്ചുകൊണ്ടിരുന്ന അതിന്റെ ആത്യന്തികമായ തകർച്ചയെ ഫലപ്രദമായി ചെറുക്കാനുള്ള സാറിസത്തിന്റെ ശേഷി നഷ്ടപ്പെട്ടതും, കർഷകരുടെ ധീരോദാത്തമായ പ്രതിഷേധങ്ങളും റഷ്യൻ സമൂഹത്തിലാകെ അതിന്റെ സ്വാധീനവും, സാറിസ്റ്റുവിരുദ്ധ കൂട്ടായ്‌മയിലെ അവിഭാജ്യ ഭാഗമെന്ന നിലയിലുള്ള കർഷകജനതയുടെ പ്രാധാന്യം വംശീയ ന്യൂനപക്ഷങ്ങളുടെ ദേശീയത, വ്യക്തിഗത ഭീകരപ്രവർത്തനവും വിപ്ലവ പോരാട്ടത്തിൽ അതുണ്ടാക്കുന്ന വിനാശകരമായ അനന്തരഫലങ്ങളും, ലിബറലുകളുടെയും സോഷ്യലിസ്റ്റ്‌ റവല്യൂഷണറികളുടെയും പോരായ്‌മകൾ എന്നിവയെല്ലാം ഇസ്‌ക്ര കൈകാര്യം ചെയ്‌ത വിഷയങ്ങളാണ്‌.

റഷ്യയിലുടനീളം ദുർബലാവസ്ഥയിൽ ചിന്നിച്ചിതറി കിടന്നിരുന്ന സോഷ്യൽ ഡെമോക്രാറ്റിക്‌ യൂണിറ്റുകളെ ഏകോപിപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും ഇസ്‌ക്ര വഹിച്ച പങ്ക്‌ ഏറെ പ്രധാനമാണ്‌. 1903 ഏപ്രിൽ മാസത്തിൽ ഇസ്‌ക്ര പത്രാധിപസമിതിയിൽനിന്ന്‌ ഒഴിഞ്ഞശേഷം മനസ്സില്ലാമനസ്സോടെയാണ്‌ ലെനിനും ക്രൂപ്‌സ്‌കായയും ലണ്ടനിൽനിന്ന്‌ ജനീവയിലേക്ക്‌ താമസം മാറ്റിയത്‌. റഷ്യൻ സോഷ്യൽ ഡെമോക്രസിയിൽ ക്രമേണ ഉയർന്നുവന്ന ആഴത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ രണ്ടാം പാർട്ടി കോൺഗ്രസായപ്പോൾ ബോൾഷെവിക്കുകളെന്നും മെൻഷെവിക്കുകളെന്നും പാർട്ടി രണ്ടായി പിരിയുന്നതിലാണ്‌ കലാശിച്ചത്‌. രണ്ടാം കോൺഗ്രസിൽ ലെനിനായിരുന്നു ആധിപത്യം വഹിച്ചത്‌. അതാണ്‌ ഭൂരിപക്ഷവിഭാഗമെന്ന നിലയിൽ ലെനിനും സഖാക്കൾക്കും ബോൾഷെവിക്കുകൾ എന്ന പേര്‌ ലഭിച്ചത്‌. ബോൾഷെവിക്ക്‌ നയത്തിനും സംഘടനയ്‌ക്കും അടിത്തറ പാകിയതിൽ ഇസ്‌ക്രയും ലെനിന്റെ ‘എന്തുചെയ്യണം?’ എന്ന കൃതിയും നിർണ്ണായക പങ്കുവഹിച്ചു. l
(തുടരും)

Hot this week

മല്ലു സ്വരാജ്യം

തെലങ്കാന സമരനായികയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവുമായിരുന്നു മല്ലു...

ദിലീപ്  കേസിന്റെ പ്രാധാന്യവും  നൈതികപ്രശ്നങ്ങളും

ദിലീപ് കേസ്‌  എന്നറിയപ്പെടുന്ന കൊട്ടേഷൻ ബലാത്സംഗസംഭവം നിയമ ,സാമൂഹ്യ,ലിംഗനീതി,മനുഷ്യാവകാശ  ചരിത്രത്തിൽ പല...

കതിർക്കനമുള്ള പെണ്ണുങ്ങളുടെ ലോകം

കെ.ആർ. മീരയുടെ കൃതികളിലെ പെൺമയുടെ ഈടുവെപ്പുകളെക്കുറിച്ച് പി.കെ. അനിൽകുമാർ രചിച്ച പഠനഗ്രന്ഥമാണ്...

ജീവിതവും കുറ്റാന്വേഷവും ഉൾച്ചേരുന്ന കാന്ത

1950 കാലഘട്ടത്തിലെ മദ്രാസിലെ സിനിമാമേഖലയാണ്‌ കാന്തയുടെ പശ്ചാത്തലം. തമിഴ്‌ സിനിമയിലെ താരമായ...

വർഗസമരവും മാധ്യമങ്ങളും‐ 12

പത്രപ്രവർത്തന ചരിത്രം ഇന്ത്യ ബ്രിട്ടീഷ്- കോളനി ആയിരുന്ന കാലത്താണ് നമ്മുടെ പത്രപ്രവർത്തന ചരിത്രം...

Topics

മല്ലു സ്വരാജ്യം

തെലങ്കാന സമരനായികയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവുമായിരുന്നു മല്ലു...

ദിലീപ്  കേസിന്റെ പ്രാധാന്യവും  നൈതികപ്രശ്നങ്ങളും

ദിലീപ് കേസ്‌  എന്നറിയപ്പെടുന്ന കൊട്ടേഷൻ ബലാത്സംഗസംഭവം നിയമ ,സാമൂഹ്യ,ലിംഗനീതി,മനുഷ്യാവകാശ  ചരിത്രത്തിൽ പല...

കതിർക്കനമുള്ള പെണ്ണുങ്ങളുടെ ലോകം

കെ.ആർ. മീരയുടെ കൃതികളിലെ പെൺമയുടെ ഈടുവെപ്പുകളെക്കുറിച്ച് പി.കെ. അനിൽകുമാർ രചിച്ച പഠനഗ്രന്ഥമാണ്...

ജീവിതവും കുറ്റാന്വേഷവും ഉൾച്ചേരുന്ന കാന്ത

1950 കാലഘട്ടത്തിലെ മദ്രാസിലെ സിനിമാമേഖലയാണ്‌ കാന്തയുടെ പശ്ചാത്തലം. തമിഴ്‌ സിനിമയിലെ താരമായ...

വർഗസമരവും മാധ്യമങ്ങളും‐ 12

പത്രപ്രവർത്തന ചരിത്രം ഇന്ത്യ ബ്രിട്ടീഷ്- കോളനി ആയിരുന്ന കാലത്താണ് നമ്മുടെ പത്രപ്രവർത്തന ചരിത്രം...

പോൾ ഗോഗിനും സ്വതന്ത്രചിന്തയുടെ ആവിഷ്‌കാരങ്ങളും

സാമ്പ്രദായിക രീതിയിൽനിന്ന്‌ മാറി ടാഹിറ്റിയിലെ കറുത്ത മനുഷ്യരെ ചേർത്തുപിടിക്കുകയും അവരുടെ ജീവിതവഴികളോടൊപ്പം...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 10

ഇസ്‌ക്രാദിനങ്ങൾ ‘‘ലെനിനെ സംബന്ധിച്ചിടത്തോളം യൂറോപ്യൻ ജീവിതം ഒരു ഒഴിവുകാലം ചെലവഴിക്കലായിരുന്നില്ല. അദ്ദേഹം റഷ്യയ്‌ക്കു...

ബാബ്‌റി മസ്ജിദ്: നിരന്തരം ഇന്ത്യക്കാരെ ഓർമ്മിപ്പിക്കുന്നത്

ഇന്ത്യൻ ഫാസിസത്തിന്റെ കാലാൾപ്പടയായ ആർഎസ്എസ് നേതൃത്വം നൽകിയ കർസേവകർ ബാബ്‌റി മസ്ജിദ്...
spot_img

Related Articles

Popular Categories

spot_imgspot_img