ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 13

ജി വിജയകുമാർ

നിലപാടുകളിൽ വിട്ടുവീഴ്‌ചയില്ലാതെ

‘‘പാർട്ടി കോൺഗ്രസ്‌ കഴിഞ്ഞ്‌ ഞങ്ങൾ ജനീവയിൽ മടങ്ങിയെത്തിയപ്പോൾ ഞങ്ങളെ സംബന്ധിച്ചിടത്തോളം ക്ലേശകരമായ ദിനങ്ങളായിരുന്നു. ഒന്നാമതായി വിദേശരാജ്യങ്ങളിലുണ്ടായിരുന്ന മറ്റു റഷ്യൻ പ്രവാസികേന്ദ്രങ്ങളിൽനിന്നും റഷ്യൻ പ്രവാസികൾ ഒഴുകിയെത്തിയിരുന്നു. ‘‘കോൺഗ്രസിൽ എന്താണ്‌ സംഭവിച്ചത്‌? എന്തായിരുന്നു കുഴപ്പം? എന്തിനെക്കുറിച്ചായിരുന്നു ഭിന്നിപ്പ്‌?….’’ റഷ്യയിൽനിന്നും ആളുകൾ വരാൻ തുടങ്ങി (എല്ലാവർക്കും ചോദിക്കാനുണ്ടായിരുന്നത്‌ ഇതേ കാര്യങ്ങൾതന്നെ).. പണം തന്നും രഹസ്യത്താവളങ്ങൾക്ക്‌ സ്വന്തം കെട്ടിടങ്ങൾ വിട്ടുതന്നും സോഷ്യൽ ഡെമോക്രാറ്റുകൾക്ക്‌ സഹായം നൽകിയിരുന്ന പലയാളുകളും ഭിന്നിപ്പിനെ തുടർന്ന്‌ മെൻഷെവിക്കുകളുടെ സ്വാധീനത്തിന്റെ ഫലമായി ആ സഹായം പിൻവലിച്ചു’’.
‐ എൻ കെ ക്രൂപ്‌സ്‌കായ (Reminiscences of Lenin)

1898ൽ മിൻസ്‌കിൽ ചേർന്ന സമ്മേളനത്തെയാണ്‌ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക്‌ ലേബർ പാർട്ടിയുടെ (RSDLP) സ്ഥാപകസമ്മേളനവും ഒന്നാം കോൺഗ്രസുമായി കണക്കാക്കപ്പെടുന്നത്‌. എന്നാൽ 1903ൽ രണ്ടാം കോൺഗ്രസ്‌ ചേരുന്നതുവരെ പാർട്ടിയുടെ പരിപാടിയെയും സംഘടനാരൂപത്തെയും മെമ്പർഷിപ്പിനെയും കുറിച്ചൊന്നും വ്യക്തത വരുത്തിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അഖിലറഷ്യൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കെട്ടുറപ്പുള്ള ഒരു തൊഴിലാളിവർഗ വിപ്ലവ രാഷ്‌ട്രീയസംഘടനയായി അതിന്‌ വളരാനും കഴിഞ്ഞില്ല. അതുകൊണ്ട്‌ 1903ൽ ബ്രസൽസിൽ ചേർന്ന രണ്ടാം കോൺഗ്രസാണ്‌ പാർട്ടിയുടെ സ്ഥാപകസമ്മേളനം എന്നു കരുതുന്നവരുമുണ്ട്‌.

1903 ജൂലൈ 30നാണ്‌ ബ്രസൽസിലെ പഴയൊരു വെയർഹൗസിൽ ആർഎസ്‌ഡിഎൽപിയുടെ രണ്ടാം കോൺഗ്രസ്‌ രഹസ്യമായി ചേർന്നത്‌. എന്നാൽ ആഗസ്റ്റ്‌ 6 ആയപ്പോൾ സമ്മേളനം നടക്കുന്ന വിവരം പൊലീസ്‌ കണ്ടെത്തിയതായി അറിഞ്ഞതിനെത്തുടർന്ന്‌ സമ്മേളനത്തിന്റെ തുടർനടപടികൾ ലണ്ടനിലേക്ക്‌ മാറ്റി. ആഗസ്റ്റ്‌ 23 വരെ സമ്മേളനം നീണ്ടു. സോഷ്യൽ ഡെമോക്രാറ്റുകാരെന്ന പേരിൽ അക്കാലത്ത്‌ റഷ്യയിൽ പ്രവർത്തിച്ചിരുന്ന എല്ലാ ഗ്രൂപ്പുകളുടെയും‐ ഇസ്‌ക്ര, സാര്യ എന്നിവയ്‌ക്കു പുറമെ സാമ്പത്തികസമരവാദികളും ബുന്ദ്‌ എന്നറിയപ്പെട്ടിരുന്ന ജൂവിഷ്‌ വർക്കേഴ്‌സ്‌ പാർട്ടിയും ഉൾപ്പെടെ‐ പ്രാതിനിധ്യം സമ്മേളനത്തിലുണ്ടായിരുന്നു. വോട്ടവകാശമുള്ള 43 പേരുൾപ്പെടെ 53 പ്രതിനിധികളും അവർക്കു പുറമെ വോട്ടവകാശമില്ലെങ്കിലും ചർച്ചയിൽ പങ്കെടുക്കാനവകാശമുള്ള 14 കൺസൾട്ടേറ്റീവ്‌ അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു. ലെനിനും പ്ലെഖാനോവും മാർത്തോവുമെല്ലാം ഉൾപ്പെടുന്ന ഇസ്‌ക്ര, സാര്യ വിഭാഗത്തിന്‌ 33 വോട്ടുള്ള 27 പ്രതിനിധികളുണ്ടായിരുന്നു‐ അതായത്‌ മൊത്തം പ്രതിനിധികളിൽ വ്യക്തമായ ഭൂരിപക്ഷം. ഏഴ്‌ സാമ്പത്തികസമരമാത്രവാദികളും (ഇക്കണോമിസ്റ്റുകൾ) അഞ്ച്‌ ബുന്ദ്‌ പ്രതിനിധികളും ഈ വിഭാഗങ്ങളിലൊന്നും ഉൾപ്പെടാത്ത 4 പേരുമാണുണ്ടായിരുന്നത്‌.

അന്ന ഉല്ല്യാനോവ

പാർട്ടി പരിപാടി സംബന്ധിച്ച പ്രാഥമിക ചർച്ചകൾക്കുശേഷം പാർട്ടി കോൺഗ്രസ്‌, ഭരണഘടനയെ സംബന്ധിച്ച ചർച്ചയിലേക്ക്‌ നീങ്ങി. പാർട്ടി അംഗത്തെ സംബന്ധിച്ച ഭരണഘടനയിലെ ആദ്യ ഖണ്ഡികയെ സംബന്ധിച്ച ചർച്ച തുടങ്ങിയപ്പോൾതന്നെ (ആഗസ്റ്റ്‌ 15) തർക്കവും തുടങ്ങി. തുടക്കത്തിൽ ഒന്നിച്ചുനിന്നിരുന്ന ഇസ്‌ക്ര ഗ്രൂപ്പും മെമ്പർഷിപ്പ്‌ സംബന്ധിച്ച വിശദാംശങ്ങളിലേക്ക്‌ ചർച്ച കടന്നതോടെ രണ്ട്‌ ചേരിയായി. മാർത്തോവിന്റെ അഭിപ്രായത്തിൽ പാർട്ടിയുടെ തീരുമാനങ്ങളെ പിന്തുണയ്‌ക്കുന്ന ആർക്കും പാർട്ടി അംഗമാകാം. ലെനിൻ മുന്നോട്ടുവെച്ച നിർവചനം പാർട്ടി അംഗം പാർട്ടിയുടെ ഏതെങ്കിലുമൊരു സംഘടനയിൽ പ്രവർത്തിക്കുന്ന ആളായിരിക്കണം എന്നതാണ്‌. അതായത്‌, അനുഭാവികളെയാകെ പാർട്ടി അംഗങ്ങളാക്കാം എന്ന്‌ മാർത്തോവ്‌ വാദിച്ചപ്പോൾ ലെനിൻ സംഘടനയിൽ പ്രവർത്തിക്കുന്നവരെ മാത്രം അംഗങ്ങളാക്കിയാൽ മതിയെന്ന ഉറച്ച നിലപാടെടുത്തു. ലെനിന്റെ അഭിപ്രായത്തെ 23 പ്രതിനിധികൾ അനുകൂലിച്ചപ്പോൾ മാർത്തോവിന്‌ 28 പേരുടെ പിന്തുണ ലഭിച്ചു. ബുന്ദ്‌ പ്രതിനിധികളും ഇക്കണോമിസ്റ്റുകളും മാർത്തോവിനെയാണ്‌ പിന്തുണച്ചത്‌. ആഗസ്‌ത്‌ 18ന്‌ രണ്ട്‌ ഇക്കണോമിസ്റ്റുകളും ബുന്ദ്‌ പ്രതിനിധികളാകെയും കോൺഗ്രസ്‌ വിട്ടുപോയതോടെ കോൺഗ്രസിൽ ലെനിന്റെ അഭിപ്രായക്കാർക്ക്‌ ഭൂരിപക്ഷമായി (മാർത്തോവ്‌ പക്ഷത്തിൽ 21 പേരും ലെനിനൊപ്പം 23 പേരുമായി). വിശദമായ ചർച്ചകൾക്കുശേഷം അന്തിമ തീരുമാനത്തിലെത്തിയപ്പോൾ ലെനിനൊപ്പം 24 പേരും മാർത്തോവ്‌ പക്ഷത്ത്‌ 20 പേരും എന്ന സ്ഥിതിയായി. ഇങ്ങനെയാണ്‌ ലെനിനിസ്റ്റുകൾ ബോൾഷെവിക്കുകളെന്നും (ഭൂരിപക്ഷ പിന്തുണയുള്ളവർ) മറ്റുള്ളവർ മെൻഷെവിക്കുകളെന്നും (ന്യൂനപക്ഷം) അറിയപ്പെട്ടുതുടങ്ങിയത്‌.

അവസാനം കേന്ദ്രകമ്മിറ്റിയിലേക്കും ഇസ്‌ക്ര എഡിറ്റോറിയൽ ബോർഡിലേക്കും തിരഞ്ഞെടുപ്പ്‌ നടന്നപ്പോൾ ലെനിനെ അനുകൂലിച്ചവർക്ക്‌ മേധാവിത്വം ലഭിച്ചു. പ്ലെഖാനോവ്‌ ഈ ഘട്ടത്തിലും ലെനിനൊപ്പം, അതായത്‌ ബോൾഷെവിക്‌ പക്ഷത്തുതന്നെയായിരുന്നു. മാർത്തോവിനെ ഇസ്‌ക്ര എഡിറ്റോറിയൽ ബോർഡിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ന്യൂനപക്ഷമായി തുടരാൻ തയ്യാറല്ലെന്ന നിലപാടിൽ അദ്ദേഹം പത്രാധിപസമിതിയിൽ ചേരാൻ വിസമ്മതിച്ചു. ആദ്യത്തെ പത്രാധിപസമിതി അംഗങ്ങളെയാകെ (മാർത്തോവ്‌ പക്ഷക്കാരായിരുന്നു ഭൂരിപക്ഷവും) ഉൾപ്പെടുത്തണമെന്ന മാർത്തോവിന്റെ ശാഠ്യത്തിന്‌ പ്ലെഖാനോവും വഴങ്ങുകയും നിലപാടുകളിൽ വെള്ളംചേർക്കാൻ അദ്ദേഹം തയ്യാറാവുകയും ചെയ്‌തതോടെ ഇസ്‌ക്ര പത്രാധിപസമിതിയിൽനിന്ന്‌ രാജിവെക്കാൻ ലെനിൻ നിർബന്ധിതനായി. പാർട്ടി കോൺഗ്രസ്‌ ആഗസ്റ്റ്‌ 23ന്‌ അവസാനിക്കുകയും 24ന്‌ പ്രതിനിധികൾ ലണ്ടനിൽ ഹൈഗേറ്റ്‌ സെമിത്തേരിയിലെ മാർക്‌സിന്റെ ശവകുടീരം സന്ദർശിച്ചശേഷം പിരിയുകയും ചെയ്‌തു. പാർട്ടി കോൺഗ്രസ്‌ അവസാനിച്ചശേഷവും നവംബർ 6 വരെ ലെനിൻ ഇസ്‌ക്ര പത്രാധിപസമിതിയിൽ തുടർന്നു. പാർട്ടി കേന്ദ്രകമ്മിറ്റിയെ നയിച്ചിരുന്നത്‌ ലെനിനായിരുന്നെങ്കിലും പാർട്ടിയെ സംബന്ധിച്ചിടത്തോളം നിർണായകമായിരുന്ന മുഖപത്രത്തിന്റെ (ഇസ്‌ക്രയുടെ) നിയന്ത്രണം മെൻഷെവിക്കുകൾക്കായി. പ്ലെഖാനോവിന്റെ പിന്തുണയോടെയാണ്‌ (പാർട്ടി ഐക്യമെന്ന നിലയിൽ) മാർത്തോവിന്‌ ഇസ്‌ക്രയുടെ നിയന്ത്രണം ലഭിച്ചത്‌.

മറിയ ഉല്ല്യാനോവ

നാല്‌ വർഷത്തോളം അഹോരാത്രം പ്രവർത്തിച്ച്‌ കെട്ടിപ്പടുത്ത ഇസ്‌ക്രയ്‌ക്കുമേൽ തനിക്ക്‌ യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥയായതിൽ ലെനിന്‌ കടുത്ത ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ്‌ ഇസ്‌ക്രയിൽനിന്ന്‌ ലെനിൻ രാജിവെച്ചൊഴിഞ്ഞത്‌. അടിസ്ഥാന നിലപാടുകളിൽ തരിമ്പും വിട്ടുവീഴ്‌ചയ്‌ക്കും ഒത്തുതീർപ്പിനും അദ്ദേഹം തയ്യാറായിരുന്നില്ല. ദീർഘകാലം ഒന്നിച്ച്‌ പ്രവർത്തിച്ച ഉറ്റ ചങ്ങാതികളായിരുന്നു ലെനിനും മാർത്തോവും. പ്ലെഖാനോവിനെയാകട്ടെ, ലെനിൻ ഗുരുതുല്യനായി കണക്കാക്കുകയും ചെയ്‌തിരുന്നു. എങ്കിലും ഇവരാരുമായും അടിസ്ഥാന നിലപാടുകളിൽ സന്ധിചെയ്യാൻ അദ്ദേഹം തയ്യാറായില്ല. എന്നാൽ ഇതൊരുക്കലും വ്യക്തിപരമായ ശത്രുതയായി ലെനിൻ പരിഗണിച്ചതുമില്ല. 1917ലെ ഒക്ടോബർ വിപ്ലവാനന്തരം പ്ലെഖാനോവിന്റെ സൈദ്ധാന്തികമായ കൃതികൾ സോവിയറ്റ്‌ യൂണിയനിൽ തുടർന്നും പ്രസിദ്ധീകരിക്കാൻ ലെനിൻ നിഷ്‌കർഷ പുലർത്തിയിരുന്നു. ഒക്ടോബർ വിപ്ലവത്തെയും സോവിയറ്റ്‌ ഗവൺമെന്റിനെയും പ്ലെഖാനോവും മാർത്തോവും നിശിതമായി വിമർശിക്കുമ്പോഴും അവയ്‌ക്ക്‌ മറുപടി നൽകുന്നതിനപ്പുറം വ്യക്തിപരമായി ലെനിൻ ശത്രുത പ്രകടിപ്പിച്ചിരുന്നില്ല.

പാർട്ടിയിൽ അഭിപ്രായഭിന്നത രൂക്ഷമായതിനെത്തുടർന്ന്‌ ലെനിൻ ബോൾഷെവിക്‌ വിഭാഗത്തെ ശക്തിപ്പെടുത്താൻ ഉറച്ച നിലപാടെടുത്തു. മെൻഷെവിക്കുകളുടെ പ്രചാരണത്തെ തുടർന്ന്‌ ലെനിന്‌ പ്രവർത്തിക്കാനാവശ്യമായ പണവും വിഭവങ്ങളും സ്വാധീനവും നഷ്ടപ്പെടാൻ തുടങ്ങി; തുടർന്ന്‌ ബോൾഷെവിക്‌ വിഭാഗത്തെ കരുത്തുറ്റ സംഘടനയാക്കി കെട്ടിപ്പടുക്കാൻ അദ്ദേഹം തയ്യാറായി. ലെനിനും അദ്ദഹത്തെ പിന്തുണച്ചവരും ശരിയായ വിപ്ലവനയം ഉയർത്തിപ്പിക്കാൻ ജാഗ്രത പുലർത്തി; വിപ്ലവപരമായ പ്രതിബദ്ധതയിൽ അയവുവരുത്തുന്നത്‌ ക്രമേണ വിപ്ലവതത്വങ്ങളിൽനിന്ന്‌ പ്രസ്ഥാനം അകന്നുപോകുന്നതിനും പരിഷ്‌കരണവാദ നിലപാടിൽ എത്തിച്ചേരുന്നതിനും ഇടയാക്കുമെന്ന്‌ അവർ കരുതി. ഇത്‌ തടയുന്നതിനാണ്‌ അടിസ്ഥാനതത്വങ്ങളിൽ കടുകിട വിട്ടുവീഴ്‌ചയ്‌ക്ക്‌ ലെനിൻ തയ്യാറാകാതിരുന്നത്‌. 1902നും 1904നുമിടയ്‌ക്കുള്ള കാലത്ത്‌ ലെനിൻ തന്റെ നിലപാട്‌ പ്രത്യേകിച്ചും സാമ്പത്തിക സമരമാത്രവാദികളോടുള്ള കടുത്ത വിയോജിപ്പ്‌‐ കടുപ്പിക്കുകയാണുണ്ടായത്‌.

ദിമിത്രി ഇല്ലിച്ച് ഉല്ല്യാനോവ്

മുതലാളിത്തത്തെ മാറ്റേണ്ടതില്ലെന്നും അതിനെ പരിഷ്‌കരിച്ചാൽ മതിയെന്നുമുള്ള ബേൺസ്റ്റീന്റെ പരിഷ്‌കരണവാദ നിലപാട്‌ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക്‌ ലേബർ പാർട്ടിക്കുള്ളിൽ അതിവേഗം നുഴഞ്ഞുകയറുകയായിരുന്നു. രണ്ടാം പാർട്ടി കോൺഗ്രസിൽ മാർത്തോവിനൊപ്പം ഇക്കണോമിസ്റ്റുകൾ ഉറച്ചുനിന്നത്‌ ഇതിന്റെ പ്രതിഫലനമായിരുന്നു. തൊഴിലാളിവർഗ വിപ്ലവപാർട്ടിയെ കേവലം മുതലാളിത്ത വ്യവസ്ഥയ്‌ക്കുള്ളിൽ പരിഷ്‌കരണങ്ങൾക്കായിമാത്രം നിലപാടെടുക്കുന്ന, മുതലാളിത്തത്തെ മാറ്റേണ്ടതില്ലെന്ന്‌ വാദിക്കുന്ന ബേൺസ്റ്റിനിസ്റ്റ്‌ പാർട്ടിയാക്കി മാറ്റുന്നതിനുള്ള ഏതു നീക്കത്തെയും തടയണമെന്ന ഉറച്ച നിലപാടായിരുന്നു ലെനിൻ രണ്ടാം കോൺഗ്രസിലും തുടർന്നും കൈക്കൊണ്ടത്‌.

ലെനിന്റെ ആദ്യകാല രാഷ്‌ട്രീയ നിലപാടുകളിലെ പ്രധാന ഘടകങ്ങൾ ഇവയാണ്‌: (1) സാറിസ്റ്റ്‌ സ്വേച്ഛാധിപത്യത്തെ തകർക്കുകയെന്നതാണ്‌ അടിയന്തര കടമ. (2) റഷ്യയെ ഒരു ബൂർഷ്വാ ജനാധിപത്യ റിപ്പബ്ലിക്കാക്കുന്നതിൽ അവസാനിക്കുന്നതല്ല രാഷ്‌ട്രീയലക്ഷ്യം. (3) തൊഴിലാളിവർഗ വിപ്ലവം വിജയിപ്പിക്കണമെങ്കിൽ തൊഴിലാളിവർഗത്തിന്‌ ജനാധിപത്യം ജീവവായുപോലെ അനുപേക്ഷണീയമാണ്‌. (4) സാറിസ്റ്റ്‌ സ്വേച്ഛാധിപത്യത്തിനെതിരായ പോരാട്ടത്തിൽ സാറിസത്തിനെതിരായ എല്ലാ ശക്തികളെയും യോജിപ്പിച്ചണിനിരത്തണം. (5) യാതൊരുവിധ പ്രവർത്തനസ്വാതന്ത്ര്യവും അനുവദിച്ചിട്ടില്ലാതിരുന്ന സാറിസ്റ്റ്‌ സ്വേച്ഛാധിപത്യത്തിൻ കീഴിൽ പ്രവർത്തിക്കാൻ തൊഴിലാളിവർഗത്തിന്‌ രഹസ്യസ്വഭാവത്തോടെ ഒളിവിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ്‌ വേണ്ടത്‌. (6) അതിനർഥം വ്യക്തിഗത സാഹസികതയെ അടിസ്ഥാനമാക്കിയ 1860‐1850കളിലെ നരോദ്‌നിക്‌‌ പ്രവർത്തനശൈലി ലെനിൻ അംഗീകരിക്കുന്നുവെന്നല്ല. ഇക്കണോമിസത്തെയെന്നപോലെ തന്നെ ലെനിൻ വ്യക്തിഗത സാഹസികതയെയും നഖശിഖാന്തം എതിർത്തിരുന്നു. (7) തൊഴിലാളികൾക്ക്‌ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള പ്രാഥമികമായ ട്രേഡ്‌ യൂണിയൻ ബോധത്തിനപ്പുറം, സംഘടിക്കാനും തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാനുമുള്ള കേവല വർഗബോധത്തിനപ്പുറം സ്വമേധയാ മുന്നോട്ടുപോകാനാവില്ല. (8) സോഷ്യലിസ്റ്റ്‌ ബോധം തൊഴിലാളികളിൽ സൃഷ്ടിക്കുന്നതിന്‌, തൊഴിലാളിവർഗത്തിന്‌ പുറമെനിന്നുള്ള, അതായത്‌ സ്വത്തുടമാവർഗത്തിൽനിന്നുള്ള വിപ്ലവകാരികളായ ബുദ്ധിജീവികൾക്കേ കഴിയൂ. അവരുടെ പ്രവർത്തനത്തിന്റെയും ഇടപെടലുകളുടെയും ഫലമായാണ്‌ ജർമൻ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ നേതാവായി തൊഴിലാളിവർഗത്തിൽപെട്ട അഗസ്റ്റ്‌ ബെബലിനെ പോലുള്ള വിപ്ലവകാരികൾ ഉയർന്നുവന്നത്‌.

തന്റെ ബോധ്യങ്ങൾ, തന്റെ ധാരണകൾ കൂടുതൽ വ്യക്തതയാർജിച്ചു വരുന്നതോടെ ലെനിൻ അവയ്‌ക്ക്‌ കൃത്യമായ നിർവചനങ്ങൾ നൽകിയിരുന്നു. ഈ ധാരണകൾ ഉരുത്തിരിഞ്ഞുവരുന്നതാകട്ടെ, നിരന്തരമുള്ള പഠനങ്ങളിലൂടെയും പ്രവർത്തനാനുഭവങ്ങളിലൂടെയുമാണ്‌. രണ്ടാം പാർട്ടി കോൺഗ്രസിന്റെ ഘട്ടമായപ്പോൾ ലെനിൻ പഠനകാലം പിന്നിട്ട ആ അറിവിന്റെ നിർവഹണഘട്ടത്തിലേക്ക്‌, പ്രയോഗത്തിന്റെ ഘട്ടത്തിലേക്ക്‌ കടന്നിരുന്നു. അതാണ്‌ തന്റെ ആശയങ്ങൾക്കും അവയുടെ പ്രയോഗത്തിനും എതിർവശത്തു നിൽക്കുന്നവരുമായി എത്രമാത്രം സൗഹൃദം ഉണ്ടായിരുന്നാലും അവയെല്ലാം പൊട്ടിച്ചെറിഞ്ഞ്‌ അവരെ നിശിതമായ ഭാഷയിൽ വിമർശിക്കാൻ അദ്ദേഹത്തിന്‌ മടിയില്ലാതിരുന്നത്‌. എന്നാൽ മാക്‌സിം ഗോർക്കിയെപോലെ അപൂർവം ചിലരെ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രപരവുമായ കാര്യങ്ങളിൽ എതിർക്കുമ്പോൾതന്നെ ഒപ്പംനിർത്താനും അദ്ദേഹം തയ്യാറായിരുന്നുവെന്നും ക്രിസ്റ്റഫർ റീഡിനെ പോലെയുള്ള ജീവചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നുണ്ട്‌.

1903‐04 കാലത്തെ പാർട്ടിക്കുള്ളിലെ പോരാട്ടങ്ങൾ ലെനിന്റെ ആരോഗ്യസ്ഥിതി കൂടുതൽ മോശപ്പെട്ട അവസ്ഥയിലാക്കിയിരുന്നു. എങ്കിലും അദ്ദേഹം ആ കാലമെല്ലാം തരണംചെയ്‌തു. പാർട്ടിക്കുള്ളിൽ നിരന്തരം ഉണ്ടായിക്കൊണ്ടിരുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിന്‌ ഏറെ ഊർജം ചെലവഴിക്കേണ്ടതായി വന്നിരുന്നെങ്കിലും ലെനിനും ക്രൂപ്‌സ്‌കായയും ഏറെക്കുറെ സന്തുഷ്ടമായ ജീവിതമാണ്‌ ആ പ്രവാസകാലത്ത്‌ നയിച്ചിരുന്നത്‌.

1903ൽ ലണ്ടനിൽനിന്ന്‌ ജനീവയിലേക്ക്‌ മടങ്ങുന്നതിനുമുന്പുള്ള കാലത്ത്‌ ക്രൂപ്‌സ്‌കായ അവരുടെ ജീവിതത്തെക്കുറിച്ച്‌ നിരന്തരം ലെനിന്റെ മാതാവിന്‌ കത്തുകളെഴുതിയിരുന്നു. അതിൽ ഒരു കത്തിൽ അവർ എഴുതിയതിങ്ങനെ: ‘‘ഇവിടെ ഞങ്ങൾ ഒരു വിനോദവുമില്ലാതെ വരണ്ട ജീവിതമാണ്‌ നയിക്കുന്നതെന്ന്‌ നിങ്ങൾ കരുതുന്നുണ്ടാവും. എന്നാൽ യഥാർഥത്തിൽ മിക്കവാറും എല്ലാ സായാഹ്നങ്ങളിലും ഞങ്ങൾ എവിടെയെങ്കിലും കറങ്ങാൻ പോകുമായിരുന്നു. ഒട്ടേറെ പ്രാവശ്യം ഞങ്ങൾ ഇവിടുത്തെ ജർമൻ തിയേറ്ററിൽ സംഗീതപരിപാടികൾ ആസ്വദിക്കാനായി പോയിട്ടുണ്ട്‌. അതുപോലെതന്നെ ഇവിടുത്തെ ആളുകളെക്കുറിച്ചും അവരുടെ പ്രാദേശിക ജീവിതരീതികളെക്കുറിച്ചും ഞങ്ങൾ പഠിച്ചു. ഇവിടെ കാര്യങ്ങൾ നിരീക്ഷിച്ചു മനസ്സിലാക്കാൻ മറ്റെവിടത്തെയുംകാൾ എളുപ്പമാണ്‌. ഇത്തരം നിരീക്ഷണങ്ങൾ നടത്തുന്ന കാര്യത്തിൽ വൊളോദിയ (ലെനിൻ) അതീവ ശ്രദ്ധാലുവുമാണ്‌. മറ്റേതുകാര്യവും ചെയ്യുന്നതുപോലെതന്നെ ആവേശത്തോടെയും സന്തോഷത്തോടെയും തന്നെയാണ്‌ ഈ നിരീക്ഷണങ്ങളിൽ ഏർപ്പെട്ടിരുന്നത്‌’’ (ലെനിൻ സന്പൂർണ കൃതികൾ, വോള്യം 37, പേജ്‌ 606).

ഇതേകാലത്ത്‌ ലെനിൻ വളരെയേറെ സമയം പശ്ചിമ യൂറോപ്പിലാകെ സഞ്ചരിച്ച്‌ ബുദ്ധിജീവികളായ ശ്രോതാക്കൾക്കു മുന്നിൽ പ്രഭാഷണങ്ങൾ നടത്തുകയും തുടർച്ചയായി തൊഴിലാളികളുടെ യോഗങ്ങളിൽ സംസാരിക്കുകയുമായിരുന്നു. ഇതിനൊപ്പംതന്നെ നിരന്തരം വിവിധ പ്രസിദ്ധീകരണങ്ങളിൽ തുടർച്ചയായി എഴുതുന്നതിനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഇസ്‌ക്രയിൽനിന്നു പുറത്തുകടന്നശേഷം വ്‌പെരാദ്‌ (Vpered), പ്രോളിത്താറി (Proletari), ഒടുവിൽ പ്രവ്‌ദ (Pravda) എന്നീ പേരുകളിൽ ലെനിൻ ബോൾഷെവിക്‌ ആശയങ്ങളുടെ പ്രചാരണത്തിനായി മാഗസിനുകൾ പുറത്തിറക്കി. അവയിൽ അത്ഭുതപ്പെടുത്തുംവിധം അസംഖ്യം ലേഖനങ്ങൾ എഴുതുകയുമുണ്ടായി. വ്‌പെരാദിന്റെ ആദ്യലക്കം പുറത്തിറങ്ങിയത്‌ 1905 ജനുവരിയിലും അവസാനലക്കം മെയ്‌ 18നുമായിരുന്നു. ഈ ലക്കങ്ങളിൽ ലെനിൻ 40 ലേഖനങ്ങളാണ്‌ പ്രസിദ്ധീകരിച്ചത്‌. അതിന്റെ പ്രസിദ്ധീകരണം മുടങ്ങിയപ്പോൾ പകരം പ്രോളിത്താറി (തൊഴിലാളികൾ) എന്ന പേരിൽ പുതിയൊരെണ്ണം തുടങ്ങി. 1905 മെയ്‌ മുതൽ നവംബറിൽ റഷ്യയിലേക്ക്‌ പോകുന്നതുവരെയുള്ള കാലത്ത്‌ ആഴ്‌ചയിൽ മൂന്നുദിവസം വീതം അദ്ദേഹം അതിന്റെ പ്രവർത്തനത്തിനായി മാറ്റിവെച്ചു. അതിന്റെ 26 ലക്കങ്ങളിലായി അദ്ദേഹം 90 ലേഖനങ്ങളെഴുതി.

റഷ്യയിൽ മടങ്ങിയെത്തിയതുമുതൽ മാക്‌സിം ഗോർക്കിയുടെ നൊവായ ഷിസു (Novaia Zhizu‐ നവയുഗം) എന്ന പ്രസിദ്ധീകരണം നിന്നുപോയ ഡിസംബർവരെ അതിൽ അദ്ദേഹം എഴുതിയത്‌ 20 ലേഖനങ്ങളാണ്‌. അദ്ദേഹം ഇത്രയേറെ എഴുതിയിരുന്നപ്പോഴും അതിലൊന്നുംതന്നെ അൽപവും സൂക്ഷ്‌മതക്കുറവോ ആശയവ്യക്തതയില്ലായ്‌മയോ ഉണ്ടായിരുന്നില്ല. സംവാദാത്മകമായിരുന്നു ഈ ലേഖനങ്ങളിലേറെയും. മിക്കവാറുമുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങൾ സാധാരണ വായനക്കാർക്ക്‌ അനായാസം മനസ്സിലാകുന്നവയായിരുന്നില്ല. കാരണം, ബുദ്ധിജീവിവിഭാഗത്തെ ലാക്കാക്കിയായിരുന്നു അദ്ദേഹം എഴുതിയിരുന്നത്‌. സാധാരണക്കാരിലേക്ക്‌ തന്റെ ആശയങ്ങൾ നേരിട്ടെത്തിക്കാൻ കഴിയുന്ന എഴുത്തുശൈലി പൊതുവെ അദ്ദേഹത്തിന്‌ കുറവായിരുന്നുവെന്നു പറയേണ്ടിയിരിക്കുന്നു. എന്നിരുന്നാലും മാധ്യമപ്രവർത്തനം‐ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കലും എഴുത്തും‐ അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന ദൗത്യമായി മാറി. കാറൽ മാർക്‌സിനെപോലെതന്നെ ലെനിനും പ്രൊഫഷണൽ വിപ്ലവകാരിയെന്ന നിലയിൽ മുഴുവൻസമയ രാഷ്‌ട്രീയ വിശകലനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നതിലായിരുന്നു കേന്ദ്രീകരിച്ചത്‌.

ലെനിന്റെ ജീവിതം എഴുത്തിലും നിരന്തരമുള്ള ചർച്ചകളിലും വളരെ കുറച്ചുമാത്രം വിശ്രമത്തിലുമേർപ്പെട്ട്‌ മുന്നോട്ടുപോവുകയാണുണ്ടായത്‌. അദ്ദേഹത്തിന്റെ ജീവിതത്തിന്‌ ആശ്വാസം പകർന്നത്‌‐ പ്രത്യേകിച്ചും 1903‐05 കാലത്ത്‌, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും രണ്ടാം കുടുംബമെന്ന്‌ പറയാവുന്ന അടുത്ത സുഹൃത്തുക്കളും അനുയായികളുമായിരുന്നു. 1903നു മുന്പ്‌ അദ്ദേഹത്തിന്റെ ഉറ്റ ചങ്ങാതി മാർത്തോവായിരുന്നു; എന്നാൽ രാഷ്‌ട്രീയവും സംഘടനാപരവുമായ നിലപാടുകളിലെ ഭിന്നതയുണ്ടായപ്പോൾ ആ ബന്ധം വിച്ഛേദിക്കാൻ അദ്ദേഹം ഒട്ടും മടിച്ചില്ല. അതുപോലെതന്നെ അദ്ദേഹത്തോടൊപ്പം പർവതപ്രദേശങ്ങളിൽ നടക്കാനും ചർച്ചചെയ്യാനും കൂടിയിരുന്ന ബഗ്‌ദനോവിനെയും രാഷ്‌ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾമൂലം ക്രമേണ ആ ചെറിയ സുഹൃദ്‌വലയത്തിൽനിന്നും അദ്ദേഹം ഒഴിവാക്കിയിരുന്നു. അടിയുറച്ച രാഷ്‌ട്രീയബോധ്യങ്ങൾക്ക്‌ വിഘാതമായി ഒരു സൗഹൃദവും നിർത്താൻ ലെനിൻ തയ്യാറായിരുന്നില്ല.

ഒരിക്കലും വ്യതിചലിക്കാത്ത പിന്തുണ ലഭിച്ചത്‌ കുടുംബത്തിൽനിന്നുതന്നെ, പ്രത്യേകിച്ചും കാമുകിയും ജീവിതപങ്കാളിയും സെക്രട്ടറിയുമെല്ലാമായിരുന്ന ക്രൂപ്‌സ്‌കായയിൽനിന്ന്‌. ലെനിന്റെ പ്രവർത്തനങ്ങളെക്കുറിച്ച്‌ അദ്ദേഹത്തിന്റെ മാതാവിനെയും സഹോദരനെയും സഹോദരിമാരെയും പലപ്പോഴും അറിയിച്ചിരുന്നതും ക്രൂപ്‌സ്‌കായയാണ്‌. അമ്മയുടെയും സഹോദരന്റെയും സഹോദരിമാരുടെയും ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു ലെനിൻ. സഹോദരങ്ങളെല്ലാം സജീവമായി വിപ്ലവപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയുമായിരുന്നു. അങ്ങനെ ഉല്യാനോവ്‌ കുടുംബത്തെ ഒരു വിപ്ലവകുടുംബമെന്ന്‌ നിസ്സംശയം വിശേഷിപ്പിക്കാവുന്നതാണ്‌. 1903 അവസാനവും 1904 ആദ്യവുമായി ലെനിന്റെ ഇളയ സഹോദരൻ ദിമിത്രിയും സഹോദരിമാരായ അന്നയും മറിയയും കീവിൽ വെച്ച്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടു. ലെനിന്റെ അമ്മ മാത്രമാണ്‌ സജീവ രാഷ്‌ട്രീയപ്രവർത്തനത്തിൽ ഏർപ്പെടാതെ പുറത്തുനിന്നത്‌. l
(തുടരും)

Hot this week

ഗണേശ്‌ശങ്കർ വിദ്യാർഥി

ഗണേശ്‌ദാ എന്ന പേരിലറിയപ്പെടുന്ന ഗണേശ്‌ശങ്കർ വിദ്യാർഥി എഐഎസ്‌എഫിലൂടെയാണ്‌ പൊതുരംഗത്തെത്തിയത്‌. അദ്ദേഹം ബീഹാറിൽ...

വർഗസമരവും മാധ്യമങ്ങളും‐ 14

മാധ്യമ നൈതികത  ഇടത്തരക്കാരോ മേൽത്തട്ട് ഇടത്തരക്കാരോ ആയ ബുദ്ധിജീവികളാണ് ഇന്ത്യയിൽ മാധ്യമരംഗത്ത് തുടക്കത്തിൽ...

ബാബ്‌റി മസ്ജിദ്: നിരന്തരം ഇന്ത്യക്കാരെ ഓർമിപ്പിക്കുന്നത്

ഇന്ത്യൻ ഫാസിസത്തിന്റെ കാലാൾപ്പടയായ ആർ.എസ്എസ് നേതൃത്വം നൽകിയ കർസേവകർ ബാബ്‌റി മസ്ജിദ്...

കലയുടെ ശക്തി ആവാഹിക്കുന്ന പ്രകൃതിയും മനുഷ്യനും

വാക്കുകൾക്കതീതമായ രൂപവർണങ്ങളിലൂടെ പ്രമേയവൈവിധ്യവും നവീനമായ സൗന്ദര്യശാസ്‌ത്രചിന്തകളും ആഴത്തിൽ സ്വാധീനിച്ചിരുന്ന കലാകാരന്മാരാൽ സമ്പന്നമാണ്‌...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 12

വിപ്ലവരാഷ്‌ട്രീയവും വിപ്ലവസംഘടനയും ‘‘സ്വമേധയാ ഉണ്ടാകുന്ന ഘടകം എന്നതിന്റെ അന്തസ്സത്ത പ്രതിനിധാനം ചെയ്യുന്നത്‌ ഭ്രൂണാവസ്ഥയിലുള്ള...

Topics

ഗണേശ്‌ശങ്കർ വിദ്യാർഥി

ഗണേശ്‌ദാ എന്ന പേരിലറിയപ്പെടുന്ന ഗണേശ്‌ശങ്കർ വിദ്യാർഥി എഐഎസ്‌എഫിലൂടെയാണ്‌ പൊതുരംഗത്തെത്തിയത്‌. അദ്ദേഹം ബീഹാറിൽ...

വർഗസമരവും മാധ്യമങ്ങളും‐ 14

മാധ്യമ നൈതികത  ഇടത്തരക്കാരോ മേൽത്തട്ട് ഇടത്തരക്കാരോ ആയ ബുദ്ധിജീവികളാണ് ഇന്ത്യയിൽ മാധ്യമരംഗത്ത് തുടക്കത്തിൽ...

ബാബ്‌റി മസ്ജിദ്: നിരന്തരം ഇന്ത്യക്കാരെ ഓർമിപ്പിക്കുന്നത്

ഇന്ത്യൻ ഫാസിസത്തിന്റെ കാലാൾപ്പടയായ ആർ.എസ്എസ് നേതൃത്വം നൽകിയ കർസേവകർ ബാബ്‌റി മസ്ജിദ്...

കലയുടെ ശക്തി ആവാഹിക്കുന്ന പ്രകൃതിയും മനുഷ്യനും

വാക്കുകൾക്കതീതമായ രൂപവർണങ്ങളിലൂടെ പ്രമേയവൈവിധ്യവും നവീനമായ സൗന്ദര്യശാസ്‌ത്രചിന്തകളും ആഴത്തിൽ സ്വാധീനിച്ചിരുന്ന കലാകാരന്മാരാൽ സമ്പന്നമാണ്‌...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 12

വിപ്ലവരാഷ്‌ട്രീയവും വിപ്ലവസംഘടനയും ‘‘സ്വമേധയാ ഉണ്ടാകുന്ന ഘടകം എന്നതിന്റെ അന്തസ്സത്ത പ്രതിനിധാനം ചെയ്യുന്നത്‌ ഭ്രൂണാവസ്ഥയിലുള്ള...

വിമല രണദിവേ

മഹാരാഷ്‌ട്രയിലെ എന്നല്ല ഇന്ത്യയിലെ തന്നെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സമുന്നതനേതാക്കളിലൊരാളാണ്‌ വിമല രണദിവെ....

കുത്തി റാത്തീബ് : ഇസ്ലാമിക സമുദായത്തിൽ നിലനിന്നിരുന്ന പ്രത്യേക ആയുധാഭ്യാസകല

  തീയിൽ ചാടുന്ന തെയ്യം പോലെ ഇസ്ലാമിക ജീവിതത്തിൽ അക്രമോൽസുകമായ കല എന്നു...

അധിനിവേശത്തിന്റെ കനൽവഴികളിലെ പലസ്തീൻ പ്രത്യാശകൾ: ഒരു ജനതയുടെ അതിജീവനഗാഥ

  30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള കേവലം സിനിമാ കാഴ്ചകൾക്കപ്പുറം ലോകത്തിന്റെ...
spot_img

Related Articles

Popular Categories

spot_imgspot_img