വർഗസമരവും മാധ്യമങ്ങളും‐ 16

കെ എ വേണുഗോപാലൻ

കേംബ്രിഡ്ജ് അനലിറ്റിക്ക

ഫെയ്സ്ബുക്കും ബിജെപിയും തമ്മിലുള്ള ബന്ധം ചർച്ചയായതിനെ തുടർന്നാണ് വ്യാപകമായ തോതിൽ കേരളത്തിൽ കേംബ്രിഡ്ജ് അനലിറ്റിക്ക ചർച്ച ചെയ്യപ്പെട്ടത്. ഫേസ്ബുക്ക് അവകാശപ്പെടുന്ന നിഷ്പക്ഷത പൊളിച്ചുകട്ടിയ ഒരു സംഭവമായിരുന്നു അത്. ഫേസ്ബുക്ക് അവകാശപ്പെടുന്നത് ലോകത്തെ ആകെ കൂടുതൽ കൂടുതൽ അടുപ്പിക്കുവാൻ സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിന് ജനങ്ങൾക്ക് ശക്തി പകരുക എന്ന ലക്ഷ്യമിട്ടാണ് അവർ പ്രവർത്തിക്കുന്നത് എന്നാണ്. ജനങ്ങൾ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നതിനും ലോകത്തിലാകെ എന്ത് നടന്നുകൊണ്ടിരിക്കുന്നു എന്ന് അറിയുന്നതിനും അവരവരുടെ വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും ആണെന്നാണ്. എന്നാൽ കേംബ്രിഡ്ജ് അനലിറ്റിക്ക പുറത്തുവന്നതോടെ ഈ അവകാശവാദം പൊളിഞ്ഞു പാളീസായി. ഫെയ്സ്ബുക്കിന്റെ അനുബന്ധമായ ട്വിറ്റർ അവകാശപ്പെടുന്നത് ജനം എന്താണോ ഇപ്പോൾ സംസാരിക്കുന്നത് അതാണ് ഞങ്ങൾ എന്നാണ്.

എന്നാൽ കേംബ്രിഡ്ജ് അനലിറ്റിക്ക സാമൂഹ്യ മാധ്യമം എന്ന് അവകാശപ്പെടുന്ന ഫേസ്ബുക്കിന്റെ സാമൂഹ്യവിരുദ്ധസ്വഭാവം തുറന്നു കാണിച്ചു. 2013ൽ കേംബ്രിഡ്ജ് സർവകലാശാലയിലെ ന്യൂറോശാസ്ത്രജ്ഞനായ അലക്സാണ്ടർ കൊഗാൻ ഫേസ്ബുക്കിന്റെ വേദി ഉപയോഗപ്പെടുത്തി വ്യക്തിത്വ വികസനത്തിനുള്ള ഒരു ക്വിസ് പ്രോഗ്രാം നടത്തി. അതിലൂടെ അദ്ദേഹം 9 കോടി ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ ശേഖരിക്കുകയും അത് കേംബ്രിഡ്ജ് അനലിറ്റിക്കക്ക് വിൽക്കുകയും ചെയ്തു. അന്ന് അതിന്റെ വൈസ് പ്രസിഡണ്ട് ആയിരുന്നത് സ്റ്റീവ് ബാനൻ എന്ന വലതുപക്ഷ ചിന്തകനായിരുന്നു. ബാനൻ പിന്നീട് വൈറ്റ് ഹൗസിൽ റൊണാൾഡ് ട്രംപിന്റെ മുഖ്യ ഉപദേശകനായി മാറി.കേംബ്രിഡ്ജ് അനലിറ്റിക്കയിൽ നിന്നും ശേഖരിച്ച വ്യക്തി വിവരങ്ങൾ പിന്നീട് തെരഞ്ഞെടുപ്പ് രംഗത്ത് രാഷ്ട്രീയപ്രചാരണത്തിനായി ഉപയോഗിച്ചു. ഇത് ജനാധിപത്യ വ്യവസ്ഥയെ കാപട്യത്തിന് അടിമപ്പെടുത്താനുള്ള ശ്രമമാണ്. ഇതേ തുടർന്ന് നിരീക്ഷകർ ഫെയ്സ്ബുക്കിന്റെ സാമൂഹ്യവിരുദ്ധ പ്രവണതയെ കുറ്റപ്പെടുത്താൻ ആരംഭിച്ചു. ഫിനാൻഷ്യൽ ടൈംസ് അവരെ സാമൂഹിക വിരുദ്ധ ശൃംഖല എന്നാണ് ആക്ഷേപിച്ചത്. ഈ നിരീക്ഷകർ ഒക്കെ മുമ്പ് എല്ലാറ്റിനെയും മാറ്റി തീർക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സഹായകമായ ഒന്നായാണ് സാമൂഹ്യ മാധ്യമങ്ങളെ കണ്ടിരുന്നത്. എന്നാൽ ഡിജിറ്റൽ മുതലാളിത്തത്തിന്റെ ഉള്ളിൽ അടങ്ങിയിരിക്കുന്ന സാമൂഹ്യവിരുദ്ധതയെ തിരിച്ചറിയാൻ അവർക്ക് അന്ന് കഴിഞ്ഞിരുന്നില്ല.

എന്നാൽ 200 വർഷം മുമ്പ് ജനിച്ച കാൾ മാർക്സിന് മുതലാളിത്തത്തിന്റെ ഈ സാമൂഹ്യവിരുദ്ധ സ്വഭാവത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. “എന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി എനിക്ക് നൽകപ്പെടുന്ന വസ്തുതകൾ ഒരു സാമൂഹിക ഉൽപ്പന്നമാണ്. (ഒരു ചിന്തകനെ സംബന്ധിച്ചിടുത്തോളാം അയാൾ ചിന്തിക്കുന്ന ഭാഷയടക്കം) എന്റെ നിലനിൽപ്പ് ഒരു സാമൂഹിക പ്രവർത്തനമാണ്; അതിനാൽ ഞാൻ രൂപപ്പെടുന്നത് തന്നെ ഒരു സമൂഹത്തിനു വേണ്ടിയാണ്; എന്റെ ബോധം രൂപം കൊള്ളുന്നത് ഒരു സാമൂഹിക ജീവി എന്ന നിലയിലാണ്… വ്യക്തി ഒരു സാമൂഹിക ജീവിയാണ്. അവന്റെ/അവളുടെ ജീവിതാവിഷ്കരണം,അത് സാമൂഹിക ജീവിതത്തിന്റെ പ്രത്യക്ഷമായ ആവിഷ്കരണമായി, മറ്റുള്ളവരുമായുള്ള സഹജീവിതത്തിലൂടെയാണെന്ന് പ്രകടീഭവിക്കുന്നില്ലെങ്കിലും അത് സാമൂഹിക ജീവിതത്തിന്റെ സാധൂകരണവും പ്രകടനവും തന്നെയാണ്. മനുഷ്യന്റെ വ്യക്തിജീവിതവും കൂട്ടായ ജീവിതവും വ്യത്യസ്തമല്ല. ഒരു വ്യക്തിയുടെ വ്യക്തിപരമായ സവിശേഷ അസ്തിത്വം എന്നത് മനുഷ്യവംശത്തിന്റെ പൊതുവായ അസ്തിത്വത്തിന്റെ ഭാഗം തന്നെയാണ്’ എന്ന് 1844 ൽ എഴുതിയ ‘‘സാമ്പത്തികവും പ്രത്യയശാസ്ത്രപരവുമായ കയ്യെഴുത്ത്’’ പ്രതിയിൽ മാർക്സ് വ്യക്തമാക്കിയിട്ടുണ്ട്.

മുതലാളിത്തം മനുഷ്യനെ അവന്റെ സാമൂഹിക സ്വഭാവത്തിൽ നിന്ന് അന്യവൽക്കരിക്കുന്നു. ഈ അന്യവൽക്കരണമാണ് മുതലാളിത്തത്തിന്റെ സാമൂഹ്യവിരുദ്ധസ്വഭാവം. തൊഴിൽ വിഭജനം, വർഗ്ഗ ഘടന, ചരക്കുകളുടെ വിനിമയം എന്നിവയൊക്കെ മുതലാളിത്ത സമൂഹത്തിൽ സാമൂഹ്യവിരുദ്ധമായ ഘടകങ്ങളുടെ മേധാവിത്വത്തിലേക്ക് നയിക്കുന്നു. ഇതിന്റെ ഫലമായി നാലുതലത്തിലുള്ള അന്യവൽക്കരണമാണ് മുതലാളിത്ത സമൂഹത്തിൽ സംഭവിക്കുന്നത്.മനുഷ്യൻ പ്രകൃതിയിൽ നിന്ന് അന്യവൽക്കരിക്കപ്പെടുന്നു; മനുഷ്യൻ അവന്റ ശരീരത്തിൽ നിന്ന്,മനസ്സിൽനിന്ന്, ആത്മനിഷ്ഠതയിൽ നിന്ന് ഒക്കെ അന്യവൽക്കരിക്കപ്പെടുന്നു; മനുഷ്യൻ അവന്റെ അധ്വാനശേഷി ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളിൽ നിന്നും അവന്റെ ജീവിതപ്രവർത്തനങ്ങളിൽ നിന്നും മറ്റു മനുഷ്യരിൽ നിന്നും സമൂഹത്തിൽ നിന്നും ഒക്കെ അന്യവൽക്കരിക്കപ്പെടുന്നു.അത് സമൂഹങ്ങളെയും അതിന്റെ ഘടനകളെയും ഒക്കെ അന്യവൽക്കരിക്കുന്നതിനാൽ മനുഷ്യർക്ക് അവൽ ഉൽപാദിപ്പിക്കുന്ന വസ്തുതകളെ, ഘടനകളെ, വിഭവങ്ങളെ, സാമൂഹ്യബന്ധങ്ങളെ, ഒന്നും തന്നെ നിയന്ത്രിക്കാനാവുന്നില്ല.

മാർക്സിന്റെ അന്യവൽക്കരണം എന്ന ഈ സങ്കല്പനം കൂലിവേലയേയോ ഉൽപാദനോപാധികളുടെ സ്വകാര്യവൽക്കരണത്തെയോ മാത്രം വിമർശന വിധേയമാക്കുന്ന ഒന്നല്ല. സ്വന്തം ജീവിതത്തെ ഭരിക്കുന്നതിൽ നിന്ന് മനുഷ്യനെ അന്യവൽക്കരിക്കുന്ന രാഷ്ട്രീയ വ്യവസ്ഥയെയും സ്ഥാപനങ്ങളെയും അത് വിമർശന വിധേയമാക്കുന്നു. അതായത് മുതലാളിത്ത അന്യവൽക്കരണം എന്ന വിമർശനം രാഷ്ട്രീയവും സാമ്പത്തികവുമായ ആധിപത്യത്തിനെതിരും ഒപ്പം രാഷ്ട്രീയവും സാമ്പത്തികവുമായ ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗവുമാണ്.

കേംബ്രിഡ്ജ് അനലിറ്റിക്ക കുംഭകോണം വ്യാജ വാർത്ത,വ്യാജമായ ശ്രദ്ധ തിരിക്കൽ, വ്യാജ അക്കൗണ്ട്, വ്യാജ വ്യക്തിത്വ പരിശോധന, സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പരസ്യം നൽകൽ എന്നിവ മാത്രമായി ലളിത വൽക്കരിക്കാനാവില്ല. അത് വലതുപക്ഷ ഡിജിറ്റൽ പ്രത്യയശാസ്ത്രം, ഡിജിറ്റൽ മുതലാളിത്തം, ഡിജിറ്റൽ നവലിബറലിസം എന്നിവയുടെ സംയോജനപ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞു വന്ന ഒന്നാണ്. തീവ്ര വലതുപക്ഷ ശക്തികൾ തങ്ങളുടെ പ്രചാരവേല ജനങ്ങളിൽ എത്തിക്കുന്നതിനും രാഷ്ട്രീയ ശത്രുക്കളെ പരാജയപ്പെടുത്തുന്നതിനും ആയി ഡിജിറ്റൽ മീഡിയയുടെ ദുരുപയോഗം അടക്കം എന്തും ചെയ്യാൻ മടിയില്ലാത്തവരാണ്. വ്യാജ വാർത്തയുടെ സംസ്കാരം നവ ലിബറൽ മുതലാളിത്ത ഘട്ടത്തിൽ ഏറ്റവും തീവ്രതരമായിരിക്കുന്നു.

ഡിജിറ്റൽ മുതലാളിത്തത്തിന്റെ ഉത്തമോദാഹരണമാണ് ഫേസ്ബുക്ക്. ലക്ഷ്യാധിഷ്ഠിത പരസ്യങ്ങൾ വിറ്റഴിക്കുന്നതിനുള്ള ഒരു ചരക്കായാണ് അവർ വ്യക്തിപരമായ വിവരങ്ങളെ കണക്കാക്കുന്നത്. 2019 ജൂൺ മുതൽ 2020 ജൂൺ വരെയുള്ള ഒരു വർഷക്കാലത്തിനിടയിൽ ഫേസ്ബുക്കിന്റെ ലാഭം 23.520 ബില്യൺ ഡോളറാണ്. ലക്ഷ്യാധിഷ്ഠിത പരസ്യങ്ങളെ നിയന്ത്രിക്കുന്നത് കമ്പ്യൂട്ടർ പ്രോഗ്രാമിന് ആവശ്യമായ വിവിധ നടപടിക്രമങ്ങളാണ്. ഇതിനെ അൽഗൊരിതം എന്ന് പറയും. പരസ്യപ്പെടുത്തുന്നതിന്റെ ഉള്ളടക്കം എന്ത് എന്ന് അതിന് അറിയില്ല. കാരണം അതൊരു യാന്ത്രിക പ്രക്രിയയാണ്. അതിന്റെ ലക്ഷ്യം ലാഭം കിട്ടുന്നതിന് വേണ്ടി ലക്ഷ്യാധിഷ്ഠിത പരസ്യങ്ങൾ വിറ്റഴിക്കുക മാത്രമാണ്. പരമാവധി പേർ ഉപയോഗിക്കുന്നതിലൂടെ പരസ്യം കൂടുതൽ പേരിൽ എത്തിക്കുന്നതിന് ഫേസ്ബുക്കിന് കഴിയുന്നു. അതായത് ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ് അവർക്ക് വേണ്ടി ഡിജിറ്റൽ രംഗത്ത് ഈ കൂലിയില്ലാ പണി ചെയ്തുകൊണ്ടിരിക്കുന്നത്. പണിയെടുക്കുന്നവർക്ക് ലാഭവിഹിതമോ, കൂലിയോ കൊടുക്കാതെ ലാഭം കുന്നു കൂട്ടുകയാണ് ഫേസ്ബുക്ക് ചെയ്യുന്നത്. അതായത് പരസ്യാധിഷ്ഠിത സാമൂഹ്യ മാധ്യമ വേദികൾ ഉപയോഗിക്കുന്ന ഞാനും നിങ്ങളും ഒക്കെ ഡിജിറ്റൽ രംഗത്ത് കൂലി ഇല്ലാത്ത തൊഴിലാളികളായി മാറുന്നു. മുതലാളിത്തത്തിൽ അന്തിമലക്ഷ്യം ലാഭം ആണെന്നതുകൊണ്ട് സ്വകാര്യത സംരക്ഷണം ഒരു പ്രശ്നമായി വരുന്നില്ല. അത് അവർക്ക് വിറ്റഴിക്കാനുള്ള ഒരു ചരക്ക് മാത്രമാണ്. ബിസിനസ് രംഗത്തെ സ്വയം നിയന്ത്രണം പ്രവർത്തനക്ഷമമല്ലാതാകുന്നു. അത് ജനാധിപത്യത്തിന് ഭീഷണിയായി മാറുന്നു.

ഡിജിറ്റൽ രംഗത്ത് അന്യവൽക്കരണത്തിന്റെ ഒരു തുമ്പു മാത്രമാണ് നാം കേംബ്രിഡ്ജ് അനലിറ്റിക്ക കുംഭകോണത്തിൽ കണ്ടത്. ഉപഭോക്താക്കളുടെ രഹസ്യാത്മകത അന്യവൽക്കരിക്കപ്പെടുന്നു. അവർക്ക് യാതൊരു നിയന്ത്രണവും ചെലുത്താൻ ആവുന്നില്ല. സാമൂഹ്യ മാധ്യമം സാമൂഹ്യവിരുദ്ധമാകുന്നത് ഇങ്ങനെയാണ്.

നവ ലിബറൽ നയങ്ങൾക്ക് ഒരു വർഗ്ഗസ്വഭാവമുണ്ട്. അന്താരാഷ്ട്ര ധനമൂലധനം മുന്നോട്ടുവയ്ക്കുന്ന നയങ്ങളാണ് നവ ലിബറലിസം എന്നറിയപ്പെടുന്നത്. ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ആഗോളവൽക്കരണത്തിന് പിന്നിലെ മുഖ്യ ചാലകശക്തി അന്താരാഷ്ട്ര ധനമൂലധനമാണ്. ഇന്ത്യയിലെ വൻകിട മൂലധന ശക്തികൾ ഈ അന്താരാഷ്ട്ര ധന മൂലധന ശക്തികളുമായുള്ള സഹകരണം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഒരുകൂട്ടം വിപണി സൗഹൃദ നയങ്ങൾ മറ്റൊന്നിന് പകരമായി സ്വീകരിക്കുകയല്ല മറിച്ച് ഒരുകൂട്ടം വർഗ്ഗ നയങ്ങൾക്ക് പകരമായി അതേ വർഗങ്ങളുടെ മറ്റൊരു കൂട്ടം വർഗ്ഗനയങ്ങളെ പകരം വയ്ക്കലാണ് ഇതിലൂടെ നടക്കുന്നത്. ഇത് ഭരണകൂട സ്വഭാവത്തിലും മാറ്റം അനിവാര്യമാക്കുന്നു. ഭരണകൂടത്തിന് പകരം വിപണിയെ പ്രതിഷ്ഠിക്കുന്നു എന്നൊക്കെ പറയുന്നത് വെറുതെയാണ്. ഭരണകൂടത്തിന്റെ സജീവമായ ഇടപെടൽ ഒഴിവാക്കി നിഷ്ക്രിയമാക്കലും അല്ല നടക്കുന്നത്. മറിച്ച് അന്താരാഷ്ട്ര ധന മൂലധന ഇടപെടലുകൾക്ക് പൂർണമായും വഴങ്ങുന്ന വിധത്തിൽ ഭരണകൂടത്തെ മാറ്റി തീർക്കലാണ് നടക്കുന്നത്.

ഭരണകൂടം വർഗോപകരണമായി പ്രവർത്തിക്കുമ്പോൾ തന്നെ പ്രത്യക്ഷത്തിൽ വർഗ്ഗങ്ങൾക്കുപരിയായി, വർഗ്ഗങ്ങൾക്കിടയിലെ മധ്യസ്ഥൻ ആയിട്ടാണ്  പ്രവർത്തിക്കുന്നത് എന്ന പ്രതീതി സൃഷ്ടിക്കാറുണ്ട്. അത് ഭരണകൂടത്തിന്റെ നിലനിൽപ്പിന് ആവശ്യവുമാണ്. എന്നാൽ അത് ഇന്ന് ആഗോളമായി ചലിച്ചു കൊണ്ടിരിക്കുന്ന ധനമൂലധന താൽപര്യങ്ങൾക്ക് ഒത്താശ ചെയ്യുന്നതിൽ മാത്രം ഏർപ്പെട്ടിരിക്കുകയാണ്. ഇതിന്റെ അനന്തരഫലം എന്നോണം ചെറുകിട ഉൽപാദകർക്കും കർഷകർക്കും ഒക്കെ ഭരണകൂടം നൽകിവന്നിരുന്ന പിന്തുണ പിൻവലിക്കപ്പെട്ടിരിക്കുന്നു. ആയതിനാൽ അവരുടെ സാമ്പത്തിക സ്ഥിതി കൂടുതൽ കഷ്ടതരമായി മാറിയിരിക്കുന്നു.

നവലിബറലിസത്തിന്റെതായ ഇക്കാലത്ത് വിദേശികളും സ്വദേശികളുമായ വൻകിട മുതലാളിമാർ ചെറുകിട ഉത്പാദകരെ പുറന്തള്ളുകയും അവരുടെ ആസ്തികൾ തുച്ഛവിലയ്ക്ക് കൈവശപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ഓഹരി വിറ്റഴിക്കലിലൂടെയും സ്വകാര്യവൽക്കരണ നടപടികളിലൂടെയും നക്കാപ്പിച്ചക്ക് പൊതുമേഖലാ സ്ഥാപനങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നു. നവ ലിബറൽക്കാലത്ത് ഭരണകൂടത്തിന്റെ സ്വഭാവത്തിൽ ഈ മാറ്റം സംഭവിക്കുന്നത് ഘടനാപരമായ കാരണങ്ങളാലാണ്. ഭരണകൂടം ദേശരാഷ്ട്രാധിഷ്ഠിതമായി തുടരുമ്പോൾ തന്നെ ധനമൂല ധനം അന്താരാഷ്ട്രവൽക്കരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുനിന്ന് മൂലധനം പുറത്തേക്ക് ഒഴുകുന്നത് തടയുന്നതിന് വേണ്ടി അന്താരാഷ്ട്രവൽക്കരിക്കപ്പെട്ട ധനമൂലധനത്തിന്റെ തിട്ടൂരങ്ങൾക്ക് വഴങ്ങാൻ ഭരണകൂടം നിർബന്ധിതമായി ത്തീരുന്നു. അല്ലാത്തപക്ഷം മൂലധനം പുറത്തേക്കൊഴുകുകയും അത് രാജ്യത്തെ ദുരിതത്തിൽ ആഴ്ത്തുകയും വികസനം തടയപ്പെടുകയും ചെയ്യുന്നു. ഭരണകൂടത്തിന്റെ സ്വഭാവത്തിൽ ഉണ്ടായ ഈ മാറ്റം ഗവൺമെന്റ് സമീപനങ്ങളിലും നയങ്ങളിലും സമ്പൂർണ്ണമായ മാറ്റം ഉണ്ടാക്കുന്നു. സർക്കാർ നിയന്ത്രണം നിലനിന്ന കാലഘട്ടവുമായി താരതമ്യപ്പെടുത്താനാവാത്ത വിധം മാറ്റങ്ങൾ കാർഷികരംഗത്തും അനുഭവവേദ്യമാകുന്നുണ്ട്. കൃഷിയിലും ജലസേചനം ഉൾപ്പെടെയുള്ള പാശ്ചാത്തല വികസനത്തിലും പൊതുനിക്ഷേപം വെട്ടിക്കുറക്കപ്പെടുന്നു. പൊതു വ്യാപന സേവനങ്ങൾ ഇല്ലാതാകുന്നു. സർക്കാർതലത്തിൽ നടന്നുവന്നിരുന്ന ഗവേഷണ ‐വികസന നീക്കങ്ങൾ അപ്രത്യക്ഷമാവുന്നു. വിത്തും കീടനാശിനിയും വിൽക്കുന്ന ബഹുരാഷ്ട്ര കുത്തകകളുടെ ചൂഷണത്തിന് കർഷകർ വിധേയമാകേണ്ടിവരുന്നു. ലോക വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കൊത്ത് ആഭ്യന്തര വിപണി ആടിയുലയുന്നു. ഉൽപാദനോപാധികളുടെ സബ്സിഡികൾ വെട്ടിക്കുറക്കപ്പെടുന്നു. പൊതുവിതരണ സംവിധാനം ദുർബലപ്പെടുത്തുന്നു. കർഷകർക്ക് സ്ഥാപനപരമായ വായ്പ നിഷേധിക്കപ്പെടുകയും അവർ സ്വകാര്യ പണമിടപാടുകാരുടെ കഴുത്തറുപ്പൻ പലിശയ്ക്ക് വായ്പ എടുക്കേണ്ടതായും വരുന്നു. ഇത് ഗ്രാമീണരംഗത്തെ തൊഴിലില്ലായ്മ വർധിപ്പിക്കുകയും ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് കൂട്ടപ്പാലായനം നടത്തുന്നതിന് ജനങ്ങൾ നിർബന്ധിതരായി തീരുകയും ചെയ്യുന്നു.

ഇത് ഒരു വർഗ്ഗനയത്തിന്റെ അനന്തരഫലമാണ്. ഇത് മാറ്റണമെങ്കിൽ ഒരു ബദൽ വികസന തന്ത്രം ആവശ്യമാണ്. എന്നാൽ വ്യത്യസ്തമായ സ്വഭാവത്തോടുകൂടിയ ഒരു ഭരണകൂടത്തിന്റെ പിന്തുണയോടെ മാത്രമേ ഈ ബദൽ വികസന തന്ത്രം നടപ്പിലാക്കാനാവു. തൊഴിലാളികളുടെയും കർഷകരുടെയും പിന്തുണയാൽ ഭരിക്കപ്പെടുന്ന ഒന്നായിരിക്കണം ആ ഭരണകൂടം. ഒരു ജനാധിപത്യ സംവിധാനത്തിൽ നിലവിലുള്ള ഭരണഘടനയ്ക്കകത്തു പോലും അത്തരം ഗവൺമെന്റുകൾ സാധ്യമാണ്. എന്നാൽ അവയ്ക്ക് വ്യത്യസ്തമായ ഒരു ദിശാബോധം ഉണ്ടായിരിക്കണം. ഒപ്പം ഭരണകൂട വർഗ്ഗസ്വഭാവത്തിൽ ഘട്ടം ഘട്ടമായി മാറ്റം വരുത്താൻ കഴിയുകയും വേണം. എന്നാൽ അത് അന്താരാഷ്ട്ര ധനമൂലധന ശക്തികളിൽ നിന്നും അവർ നിയന്ത്രിക്കുന്ന ഭരണകൂട ശക്തികളിൽ നിന്നും കടുത്ത എതിർപ്പ് വിളിച്ചുവരുത്തും. മറുഭാഗത്ത് അതിനെതിരായ പോരാട്ടം ജനങ്ങളിൽ നിന്ന് ഉയർന്നു വരികയും ചെയ്യും. എന്നാൽ മിക്കപ്പോഴും ഇത്തരം ഗവൺമെന്റുകൾ തുടക്കത്തിൽ തന്നെ കുഴപ്പത്തിലകപ്പെടുകയും അനായാസം ധൈഷണികമായ അധീശത്വത്തിന് വിധേയമാവുകയും ചെയ്യും. ഈ ഭീഷണികളിലൂടെ അധീശത്വം പ്രയോഗിക്കുന്നത് സാമ്രാജ്യത്വ ശക്തികളാണ്. “മറ്റൊരു ബദൽ ഇല്ല ” ,നവലിബറൽ വികസനത്തിലൂടെ ദാരിദ്ര്യം കുറഞ്ഞു വരികയാണ് എന്നിത്യാദി മുദ്രാവാക്യങ്ങൾ പ്രചരിപ്പിക്കുന്നതിനായി മാധ്യമങ്ങളെ ഉപയോഗിക്കുന്നതിലൂടെയാണ് ഈ ധൈഷണിക അധീശത്വം രൂപപ്പെടുത്തിയെടുക്കുന്നത്. ഒപ്പം തന്നെ വാർത്തകളുടെ പൈങ്കിളിവൽക്കരണത്തിലൂടെയും സ്തോഭജനകമായ വാർത്തകൾ പ്രചരിപ്പിച്ചും ജാതീയ, വർഗീയ, ചിന്താഗതികൾ പ്രചരിപ്പിച്ചും തൊഴിലാളി ‐ കർഷക ജനവിഭാഗങ്ങളെ അവരുടെ ദൈനംദിന ജീവിതാനുഭവങ്ങളുടെ തീക്ഷ്‌ണതയിൽ നിന്ന് മറ്റൊരു പ്രതീത്യാത്മക ലോകത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതാണ് നവലിബറൽ കാലത്ത് കുത്തകമാധ്യമങ്ങൾ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഇന്ത്യയിൽ എങ്ങനെ നടക്കുന്നു എന്നാണ് നാമിനി പരിശോധിക്കുന്നത്. l

Hot this week

സഹകരണപ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളും പ്രതീക്ഷകളും

കേരളത്തിന്റെ സാമൂഹികഭദ്രത നിലനിർത്തുന്നതിൽ സഹകരണമേഖലയ്ക്ക് നിർണ്ണായകസ്ഥാനമുണ്ട്. ഗ്രാമങ്ങളിലെ സാധാരണക്കാരെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിലൂടെ,...

കനക്‌ മുഖർജി

ബംഗാളിനെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവും മഹിളാ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളുമാണ്‌ കനക്‌...

വെളിച്ചം വരയ്‌ക്കുന്ന ക്യാമറക്കാഴ്‌ചകൾ

കാഴ്‌ചയുടെ സാധ്യതകൾ കണ്ണിന്റെ ഗുണത്തിനപ്പുറം ബോധമണ്ഡലത്തിന്റെ ഗുണങ്ങളെയും സ്വാധീനിക്കുന്നു/ആശ്രയിക്കുന്നു. പുതിയതും സങ്കീർണവുമായ...

പുതുവർഷം ;പ്രതീക്ഷകളും ആശങ്കകളും 

ആശങ്ക 2025 ന് വെടിമരുന്നിന്റെയും മരണത്തിന്റെയും ഗന്ധമാണെന്നു പറയാം . എല്ലാ സാർവദേശീയ...

വർഗസമരവും മാധ്യമങ്ങളും‐ 15

വിനോദ് ദുവ 2020 ആഗസ്റ്റ് 22ന്റെ ഹിന്ദു ദിനപത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു...

Topics

സഹകരണപ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളും പ്രതീക്ഷകളും

കേരളത്തിന്റെ സാമൂഹികഭദ്രത നിലനിർത്തുന്നതിൽ സഹകരണമേഖലയ്ക്ക് നിർണ്ണായകസ്ഥാനമുണ്ട്. ഗ്രാമങ്ങളിലെ സാധാരണക്കാരെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിലൂടെ,...

കനക്‌ മുഖർജി

ബംഗാളിനെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവും മഹിളാ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളുമാണ്‌ കനക്‌...

വെളിച്ചം വരയ്‌ക്കുന്ന ക്യാമറക്കാഴ്‌ചകൾ

കാഴ്‌ചയുടെ സാധ്യതകൾ കണ്ണിന്റെ ഗുണത്തിനപ്പുറം ബോധമണ്ഡലത്തിന്റെ ഗുണങ്ങളെയും സ്വാധീനിക്കുന്നു/ആശ്രയിക്കുന്നു. പുതിയതും സങ്കീർണവുമായ...

പുതുവർഷം ;പ്രതീക്ഷകളും ആശങ്കകളും 

ആശങ്ക 2025 ന് വെടിമരുന്നിന്റെയും മരണത്തിന്റെയും ഗന്ധമാണെന്നു പറയാം . എല്ലാ സാർവദേശീയ...

വർഗസമരവും മാധ്യമങ്ങളും‐ 15

വിനോദ് ദുവ 2020 ആഗസ്റ്റ് 22ന്റെ ഹിന്ദു ദിനപത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു...

ബംഗ്ലാദേശിലെ സംഭവഗതികളും സിഐഎയുടെ അസ്ഥിരീകരണ അജൻഡയും

ദക്ഷിണേഷ്യൻ ഭൂമേഖലയിലാകെ സാമ്രാജ്യത്വത്തിന്റെ അസ്ഥിരീകരണ പ്രക്രിയക്ക് ആവശ്യമായ രീതിയിൽ ആഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്...

റംബ്രാന്റ്‌: പ്രകാശം കീഴടക്കിയ ചിത്രകാരൻ

ഡച്ച്‌ കലയുടെ സുവർണ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ചിത്രകാരനായിരുന്നു റംബ്രാന്റ്‌ (റംബ്രാന്റ്‌ വാൻജിൻ)...

അഹല്യ രങ്കനേക്കർ

മഹാരാഷ്‌ട്രയിലെ ഐതിഹാസികമായ നിരവധി സമരങ്ങളിലെ ധീരനായികയായിരുന്നു അഹല്യ രങ്കേനേക്കർ. ഇരുപത്തൊന്നാം വയസ്സിൽ...
spot_img

Related Articles

Popular Categories

spot_imgspot_img