
കോഴിക്കോട് കോർപ്പറേഷനിലെ നികുതി അപ്പീൽ സമിതി അധ്യക്ഷപദവി ബിജെപിക്ക് എത്തിച്ചുകൊടുത്തത് ആരാണ്? കോൺഗ്രസ് തന്നെ. കോഴിക്കോട്ടെ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കും തർക്കവും മൂലം അവർക്ക് ഒരാസൂത്രണവം തയ്യാറെടുപ്പും സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പുലർത്താൻ കഴിഞ്ഞില്ലെന്നതാണ് വസ്തുത. അതൊക്കെ മറച്ചുപിടിച്ച് ബിജെപിക്ക് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷപദവി കിട്ടിയത് സിപിഐ എമ്മിന്റെ നിലപാട് കൊണ്ടാണെന്ന് പ്രചരിപ്പിക്കുന്ന കോൺഗ്രസുകാരും ലീഗിലെ കമ്യൂണിസ്റ്റ്‌വിരോധം കൊണ്ട് തിളയ്ക്കുന്നവരും ഒരു കാര്യം മനസ്സിലാക്കണം, ഇന്ത്യയുടെ ചരിത്രത്തിലുടനീളം ഹിന്ദുത്വവർഗീയതയെ താലോലിച്ചും അവരുമായി രഹസ്യവും പരസ്യവുമായി കൂട്ടുകൂടിയതും കോൺഗ്രസ് മാത്രമാണ്. താമരക്കുളത്തിന് വെള്ളമൊഴിച്ചവർ മറ്റാരുമല്ല കോൺഗ്രസുകാരും ലീഗുകാരും തന്നെയാണെന്ന ചരിത്രം കോഴിക്കോട്ടുകാർക്ക് നന്നായി അറിയാം. അതവിടെ നിൽക്കട്ടെ വിശദാംശങ്ങൾ പിറകെ പറയാം.
കോർപ്പറേഷൻ കൗൺസിലിൽ 35 അംഗങ്ങളുള്ള എൽഡിഎഫ് കൃത്യമായ ആസൂത്രണത്തോടെ പരമാവധി ലഭ്യമാകാവുന്ന 6 സ്ഥിരം സമിതികളും നേടിയപ്പോൾ 28 കൗൺസിലർമാരുള്ള യുഡിഎഫിന് 2 സമിതികൾ നേടാമായിരുന്നല്ലോ. അതിനവർക്ക് കഴിയാതെപോയത് കോൺഗ്രസ് കൗൺസിലറായ ശോഭിതയെ ഒതുക്കാനുള്ള കോഴിക്കോട്ടെ കോൺഗ്രസ് നേതൃത്വത്തിന്റെ കളികളായിരുന്നു എന്ന വസ്തുത ആർക്കാണ് അറിയാത്തത്. അരമനരഹസ്യങ്ങളെല്ലാം അങ്ങാടിയിൽ പാട്ടാണെന്ന കാര്യം കോഴിക്കോട്ടെ കോൺഗ്രസ് നേതാക്കളും അവർക്കുവേണ്ടി സോഷ്യൽമീഡിയയിൽ തള്ളുന്ന പ്രചാരകപണ്ഡിറ്റുകളും ഓർക്കുന്നത് നന്ന്.
ക്ഷേമം, നികുതി അപ്പീൽ സമിതിയിലേക്കുള്ള ബിജെപി വിജയം എങ്ങനെയുണ്ടായി എന്നതിന് കോൺഗ്രസും യുഡിഎഫുമാണ് ഉത്തരം പറയേണ്ടത്. കോൺഗ്രസിന്റെ അധികാരക്കൊതിയും ഗ്രൂപ്പുവഴക്കും തന്നെയാണ് സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയസാധ്യത ഉണ്ടാക്കിക്കൊടുത്തത്. ആകെ 76 അംഗങ്ങളുള്ള കോർപ്പറേഷൻ കൗൺസിലിൽ ബിജെപിക്ക് 13 അംഗങ്ങൾ മാത്രമാണുള്ളത്. 28 യുഡിഎഫിനും 35 എൽഡിഎഫിനുമാണ്. ഈ കണക്ക് പ്രകാരം എൽഡിഎഫിന് 6 സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷപദവിയും യുഡിഎഫിന് 2 ഉം ഉറപ്പായും കിട്ടേണ്ടതാണ്. ഇതനുസരിച്ചാണ് എൽഡിഎഫ് വിവിധ കമ്മറ്റികളിലേക്ക് അംഗങ്ങളെ നിശ്ചയിച്ചതും അവർക്ക് മുൻഗണനാ വോട്ടുകൾ നൽകിയതും. യുഡിഎഫിന് കിട്ടേണ്ട ക്ഷേമം, നികുതി അപ്പീൽ കമ്മറ്റികളാണ് എൽഡിഎഫ് ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും അവർക്കറിയാമായിരുന്നു.
ഒരുവേള മാധ്യമ വാർത്തകൾ ഉണ്ടാക്കിയ ഹരത്തിൽ കൂടുതൽ സമിതികൾ പിടിക്കാമെന്ന് യുഡിഎഫ് വ്യാമോഹിച്ചിരിക്കാം. അങ്ങനെയാവാം യാതൊരുവിധ മുന്നൊരുക്കവും നടത്താതെ തോന്നിയതുപോലെ കമ്മിറ്റികളിലേക്ക് മത്സരിച്ച് അവർക്ക് കിട്ടുമായിരുന്ന കമ്മിറ്റി ചെയർമാൻ സ്ഥാനം ലഭിക്കാനാവശ്യമായ അംഗങ്ങളെ നഷ്ടപ്പെടുത്തിയത്. ഇടതുപക്ഷം ക്ഷേമം, നികുതി അപ്പീൽ കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനങ്ങളിലേക്ക് മത്സരിക്കുകയോ വോട്ട് ചെയ്യുകയോ ചെയ്തിട്ടില്ല. എന്നാൽ തങ്ങൾക്ക് ലഭിക്കാൻ സാധ്യതയില്ലാത്ത മരാമത്ത്, വിദ്യാഭ്യാസ കമ്മിറ്റി അധ്യക്ഷപദവികളിലേക്ക് യുഡിഎഫുകാർ മത്സരിച്ച് പരാജയപ്പെടുകയും ചെയ്തു. യഥാർത്ഥത്തിൽ യുഡിഎഫിന്റെ ആസൂത്രണമില്ലായ്മയും മുന്നൊരുക്കമില്ലായ്മയുമാണ് അവർക്ക് ക്ഷേമം, നികുതി അപ്പിൽ സമിതിയുടെ അധ്യക്ഷപദവി നഷ്ടപ്പെടുത്തിയത്.
എൽഡിഎഫ് അംഗങ്ങൾ അവരുടെ പ്രഖ്യാപിത നിലപാടിൽ നിന്ന്, വോട്ടിംഗിൽ നിന്ന് മാറിനിൽക്കുകയാണ് ചെയ്തത്. തങ്ങളുടെ ഗ്രൂപ്പ് കളിയും അതൊക്കെ സൃഷ്ടിച്ച മുന്നൊരുക്കമില്ലായ്മയുമാണ് ബിജെപിക്ക് വിജയമുണ്ടാക്കിക്കൊടുത്തത് എന്ന വസ്തുത മറച്ചുപിടിക്കാൻ കോൺഗ്രസുകാരും ലീഗുകാരും നടത്തുന്ന പ്രചാരവേലകൾ മലർന്നുകിടന്ന് മേലോട്ട് തുപ്പുന്നതിന് തുല്യമാണെന്നേ പറയാനുള്ളൂ. സിപിഐ എം ബിജെപിയുമായി അഡ്ജസ്റ്റ് ചെയ്യുകയാണെന്ന ആഖ്യാനനിർമിതിക്കുവേണ്ടി കരാറെടുത്തിട്ടുള്ള എല്ലാവരോടും പറയാനുള്ളത് ഈ തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ച പല വാർഡുകളിലും ബിജെപി വോട്ട് കുറഞ്ഞുപോയതും ബിജെപി ജയിച്ച പല വാർഡുകളിലും കോൺഗ്രസ് വോട്ടിന് അതിദയനീയമായ ശോഷണം സംഭവിച്ചതും എന്തുകൊണ്ടാണെന്ന് ആലോചിക്കണം. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് ജയിച്ചുകയറാൻ കഴിഞ്ഞ 40 ലേറെ സീറ്റുകളിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോയി എന്നുമാത്രമല്ല അവരുടെ വോട്ട് അതിദയനീയമാംവിധം കുറയുകയാണുണ്ടായത്.
ഗോവയെയും അരുണാചൽപ്രദേശിനെയും ഓർമിപ്പിക്കുന്ന തരത്തിലാണ് മറ്റത്തൂർ പഞ്ചായത്തിൽ ബിജെപിയുമായുള്ള ധാരണപ്രകാരം ജയിച്ചുവന്ന 8 പഞ്ചായത്ത് മെമ്പർമാരും കൂട്ടത്തോടെ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയോടൊപ്പം ചേർന്നത്. ഇതിന് കേരളത്തിലെ കോൺഗ്രസ് നേതൃത്വം എന്തു മറുപടിയാണ് പറഞ്ഞതെന്നും നമ്മൾ കണ്ടതാണ്. വയനാട്ടിലെ സുൽത്താൻബത്തേരി പഞ്ചായത്തിലും കാസർകോട്ടെ പൈഹളിക പഞ്ചായത്തിലും കോൺഗ്രസ് അംഗങ്ങളുടെ സഹായം ബിജെപിക്ക് കൊടുത്തത് എന്തുകൊണ്ടാണെന്നും കേരളത്തിലെ കോൺഗ്രസ്, ലീഗ് നേതാക്കൾ വിശദീകരിക്കേണ്ടതല്ലേ? ബിജെപിക്ക് മണ്ണൊരുക്കിക്കൊടുക്കുന്നതും താമരക്കുളങ്ങളിൽ വെള്ളമൊഴിച്ചുകൊടുക്കുന്നതും പതിവ് പരിപാടിയാക്കി മാറ്റിയവരാണ് ഉളുപ്പില്ലാതെ ഇടതുപക്ഷത്തെ ആക്ഷേപിക്കാനിറങ്ങിയിരിക്കുന്നത്.
അരുണാചൽപ്രദേശിൽ 2016-ൽ മുഖ്യമന്ത്രിയായിരുന്ന പേമഖഡുവിന്റെ നേതൃത്വത്തിൽ 43 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് ഒഴുകുകയായിരുന്നു. കോൺഗ്രസ് വിട്ട് പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ രൂപീകരിച്ച് അതുവഴി ബിജെപിയിലേക്ക് പതിക്കുകയായിരുന്നു കോൺഗ്രസ് എംഎൽഎമാർ. ഇതേ രീതിയിൽതന്നെയാണ് ആസാമിൽ കോൺഗ്രസ് മുഖ്യമന്ത്രിയും മന്ത്രിമാരും കോൺഗ്രസ് പിസിസി നേതൃത്വമാകെയും തൃണമൂൽ വഴി ബിജെപിയിൽ ചെന്നു പതിച്ചത്. 2019-ൽ കർണാടകയിൽ ഓപ്പറേഷൻ ലോട്ടസ് വഴി സഖ്യസർക്കാരിൽ നിന്ന് 13 കോൺഗ്രസ് എംഎൽഎ മാരാണ് ബിജെപിയിലേക്ക് പോയത്. 2020-ൽ ജ്യോതിരാദിത്യസിന്ധ്യയടക്കം 22 കോൺഗ്രസ് എംഎൽഎമാരാണ് മധ്യപ്രദേശിൽ ബിജെപിയിലെത്തിയത്. അങ്ങനെയാണ് കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അവിടെ നിലംപൊത്തിയത്.
2019-ൽ ഗോവയിൽ ആകെയുള്ള 15 കോൺഗ്രസ് എംഎൽഎമാരിൽ 10 പേരും ബിജെപിയിൽ ചേരുകയായിരുന്നു. 2022-ലെ അസംബ്ലി തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾക്കുള്ളിലാണ് കോൺഗ്രസുകാരനായ മുൻമുഖ്യമന്ത്രി ദിഗംബർകാമത്ത്, മൈക്കൽലോബോ എന്നിവർ ബിജെപിയിൽ ചേർന്നത്. അവരോടൊപ്പം 8 എംഎൽഎമാരും ബിജെപിയിൽ ചേർന്നു. 2020-ൽ ഗുജറാത്തിൽ 8 കോൺഗ്രസ് എംഎൽഎമാർ രാജിവെച്ച് ബിജെപിയിൽ ചേർന്നു. ഇപ്പോഴിതാ ബീഹാറിലെ കോൺഗ്രസ് എംഎൽഎമാർ ഒട്ടാകെ എൻഡിഎയിൽ ചേക്കേറാൻ നീക്കങ്ങളാരംഭിച്ചിരിക്കുന്നുവെന്നാണ് അവിടെനിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ കാണിക്കുന്നത്. ബീഹാറിലെ കോൺഗ്രസ് നിയമസഭാകക്ഷി ഒന്നടങ്കം ബിജെപിയിൽ ചേരുകയായിരുന്നു. 6 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. ഇന്ത്യാ സഖ്യത്തിൽ വലിയ വിലപേശൽ നടത്തിയാണ് 61 സീറ്റുകളിൽ ബീഹാറിൽ കോൺഗ്രസ് മത്സരിച്ചത്. എന്നാൽ ജയമുണ്ടായത് 6 ഇടത്ത് മാത്രമായിരുന്നു. ആ 6 എംഎൽഎമാരും തിരഞ്ഞെടുപ്പ് കഴിഞ്ഞ് 2 മാസം കഴിയുംമുമ്പെ ബിജെപിയോടൊപ്പം ചേരുന്നുവെന്നത് എന്താണ് കാണിക്കുന്നത്? ഇന്ന് ഇന്ത്യയുടെ പാർലമെന്റിലുള്ള ബിജെപിയുടെ എംപിമാരിൽ ഭൂരിപക്ഷവും കോൺഗ്രസ് നേതാക്കളാണെന്ന വസ്തുത സിപിഐ എമ്മിനെ താമരക്കുളം നനയ്ക്കുന്നവരായി ആക്ഷേപിക്കാൻ ഉത്സാഹം കാണിക്കുന്നവർ ഓർമിക്കുന്നത് നല്ലതാണ്.
ഓർമയെന്നത് ഓരോ വ്യക്തിയുടെയും ജനതയുടെയും ചരിത്രബോധമാണ്. കമ്യൂണിസ്റ്റ് വിരോധത്തിന്റെയും അധികാരമോഹത്തിന്റെയും അന്ധതയിൽ ചരിത്രബോധം നഷ്ടപ്പെട്ടവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. എങ്കിലും കോൺഗ്രസ് നേതാക്കളുണ്ടാക്കിക്കൊടുത്ത ആൾബലത്തിലാണ് രാജ്യം വർഗീയഫാസിസ്റ്റുകളുടെ കയ്യിലെത്തിയിരിക്കുന്നതെന്ന് നമ്മളെല്ലാം ഓർമിച്ചേപറ്റൂ. ആർ.എസ്.എസിന്റെ ഹിന്ദുത്വ അജൻഡയ്ക്ക് എല്ലാക്കാലത്തും കോൺഗ്രസ് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തിരുന്നു. ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും നേതാക്കൾ ഒരേ സാമ്പത്തിക അടിത്തറയിൽ നിന്നാണ് വന്നവരും ഭൂരിപക്ഷവർഗീയതയുടെ ഗുണകാംക്ഷികളുമാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
നെഹ്‌റു ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിനിധാനം ചെയ്തിരുന്ന മതനിരപേക്ഷ ജനാധിപത്യധാരയ്‌ക്കെതിരെ എല്ലാക്കാലത്തും കോൺഗ്രസിനകത്തുതന്നെ ഹിന്ദുത്വവാദികളോടൊപ്പം നിന്ന് അവരുടെ അജൻഡയ്ക്ക് ഒത്താശചെയ്തുകൊടുത്തവരാണ് കോൺഗ്രസിലെ ഭൂരിപക്ഷ നേതാക്കളും. ഗോവിന്ദ് വല്ലഭ്ഭായ് പന്ത് മുതൽ നരസിംഹറാവു വരെ… ബാബ്‌റിമസ്ജിദ് തുറന്നുകൊടുക്കാനും ശിലാന്യാസം നടത്താനും അനുമതികൊടുത്ത രാജീവ്ഗാന്ധിവരെ… പള്ളി തകർത്ത സ്ഥലത്ത് അമ്പലം പണിയാൻ വെള്ളിശിലകൾ നൽകിയ പ്രിയങ്കാഗാന്ധി വരെ… ആ നിര തുടരുകയാണ്.
ദിവസത്തിൽ 24 തവണയെങ്കിലും മോദിയെ സ്തുതിക്കു ദിഗ്‌വിജയ്‌സിങ്ങുമാരും ശശി തരൂരുമാരും ഇപ്പോഴും കോൺഗ്രസിന്റെ വർക്കിങ് കമ്മിറ്റിയിൽ അംഗങ്ങളാണ്. നിയമസഭയിൽ ഗണഗീതമാലപിക്കുകയും ആർഎസ്എസിന്റെ വിദ്യാഭ്യാസരംഗത്തെ സേവനങ്ങളെ പുകഴ്ത്തുകയും ചെയ്‌ത ഡി കെ ശിവകുമാർ കർണാടകത്തിലെ മാത്രമല്ല കേരളത്തിലെയും കോൺഗ്രസുകാരുടെയും ലീഗുകാരുടെയും ആരാധ്യപുരുഷനാണ്. ആർഎസ്എസിന്റെ സംഘടനാശക്തിയെ ആരാധനയോടെ പുകഴ്‌ത്തുന്ന നേതാക്കളാണ് എഐസിസിയിലെ പ്രമുഖരെല്ലാം. കമ്യൂണിസ്റ്റ് വിരോധംകൊണ്ട് ചരിത്രവും വർത്തമാനവും പഠിക്കാനും നോക്കിക്കാണാനും കഴിയാത്ത കോൺഗ്രസ് ‐ ലീഗ് പ്രചാരകരോട് പറഞ്ഞിട്ട് കാര്യമില്ല. l





