
കേരളത്തിൽ പ്രത്യേകിച്ച് എറണാകുളം ജില്ലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനവും ട്രേഡ് യൂണിയനുകളും കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് എം എം ലോറൻസ്. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം, എൽഡിഎഫ് കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിലുള്ള ലോറൻസിന്റെ സംഭാവനകൾ അമൂല്യമാണ്.
ഫോർട്ട് കൊച്ചി മുളവുകാട് മാടമാക്കൽ വീട്ടിൽ അവര മാത്യുവിന്റെയും മേരിയുടെയും മകനായി 1929 ജൂൺ 15നാണ് ലോറൻസ് ജനിച്ചത്. അവര‐മേരി ദന്പതികളുടെ പന്ത്രണ്ടു മക്കളിൽ നാലാമനായിരുന്നു ലോറൻസ്. അധ്യാപകനും യുക്തിവാദിയുമായിരുന്നു അവര. മൂത്ത സഹോദരൻ എബ്രഹാം മാടമാക്കൽ സ്വാതന്ത്ര്യസമര സേനാനിയും കവിയുമായിരുന്നു. ഈ രണ്ടുപേരുടെയും സ്വാധീനം കുട്ടിക്കാലം മുതലേ ലോറൻസിനുണ്ടായിരുന്നു. വിദ്യാർഥിയായിരിക്കെ തന്നെ ലോറൻസ് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ ആകൃഷ്‌ടനായി.
മകൻ നന്നായി ഇംഗ്ലീഷ് പഠിക്കണമെന്ന് ആഗ്രഹിച്ച അവര, ലോറൻസിനെ ഒന്നാംക്ലാസ് കഴിഞ്ഞയുടനെ സെന്റ് ആർബർട്ട്‌സ് സ്‌കൂളിലേക്ക് മാറ്റി. ഒന്നാം ക്ലാസിൽ ഇംഗ്ലീഷ് പഠിക്കാത്തതിനാൽ ഒരുവർഷം കൂടി ഒന്നാം ക്ലാസിൽ ഇരിക്കാൻ കൊച്ചു ലോറൻസ് നിർബന്ധിതനായി. അക്കാലത്ത് കത്തോലിക്ക കുടുംബങ്ങളിൽനിന്നു വരുന്ന കുട്ടികൾ വേദപാഠ ക്ലാസിൽ ഇരിക്കണമെന്നത് നിർബന്ധമായിരുന്നു. ലോറൻസിന് അത് അംഗീകരിക്കാനായില്ല. നിരീശ്വരവാദിയായ പിതാവും ലോറൻസിന് പിന്തുണ നൽകി. അത് ലോറൻസിന് വലിയ കരുത്തായി. അതോടെ സ്‌കൂളിൽനിന്ന് അദ്ദേഹത്തെ പുറത്താക്കി.
നൂറുൾ ഇസ്ലാം സ്‌കൂളിൽ ലോറൻസിനെ ചേർക്കാൻ പിതാവ് തയ്യാറായി. പത്താം ക്ലാസ് വരെ പഠിച്ചത് ഈ സ്‌കൂളിലാണ്. സ്‌കൂൾ പഠനകാലത്തും വിശ്വാസത്തെചൊല്ലി സഹപാഠികളും സുഹൃത്തുക്കളുമായി തർക്കത്തിലേർപ്പെടുക എന്നത് ലോറൻസിന്റെ സ്ഥിരം സ്വഭാവാമായിരുന്നു. ഒരിക്കൽ ലോറൻസ് കൂട്ടുകാരുമായി തർക്കത്തിലേർപ്പെട്ട സമയത്ത് തേങ്ങ അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ തലയിൽ വീണു. അത് അവിശ്വാസികൾക്ക് ദൈവം കൊടുത്ത ശിക്ഷയെന്നാണ് കൂട്ടുകാരിൽ ചിലർ കളിയാക്കിയത്. എന്നാൽ ലോറൻസ് കുലുങ്ങിയില്ല. തന്റെ നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു.
രാഷ്‌ട്രീയ ജീവിതത്തിൽ, തന്നെ ഏറെ സ്വാധീനിച്ചിട്ടുള്ള വ്യക്തി ഇ എം എസ് ആണെന്ന് ലോറൻസ് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. 1945ൽ രാജേന്ദ്ര മൈതാനത്ത് ഇ എം എസ് നടത്തിയ പ്രസംഗം കേൾക്കാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട സംഭവമായിരുന്നുവെന്ന് അദ്ദേഹം അനുസ്‌മരിച്ചിട്ടുണ്ട്. അന്ന് വിദ്യാർഥി ഫെഡറേഷൻ പ്രവർത്തകനായിരുന്നു ലോറൻസ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ നടന്ന പൊതുയോഗത്തിൽ വി വിശ്വനാഥമേനോൻ, പി കെ ശിവദാസൻ, വിജയകുമാർ (ജസ്റ്റിസ് ജാനകിയമ്മയുടെ സഹോദരൻ) തുടങ്ങിയവർക്കൊപ്പം ലോറൻസും സദസ്സിന്റെ മുൻനിരയിലെത്തി. ഇ എം എസിന്റെ പ്രസംഗം ആദ്യന്തം ശ്രദ്ധയോടെ കേട്ട ലോറൻസിനും സഹപാഠികൾക്കും കമ്യൂണിസ്റ്റ് പാർട്ടിയോട് കൂടുതൽ അടുക്കാൻ പ്രേരണയേകി. ഇ എം എസുമായി വളരെയടുത്ത ആത്മബന്ധമായിരുന്നു ലോറൻസിനുണ്ടായിരുന്നത്.
1946ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുമ്പോൾ ലോറൻസിന് വെറും പതിനേഴ് വയസ്സേ ഉണ്ടായിരുന്നുള്ളൂ. തൊഴിലാളികളെ സംഘടിപ്പിക്കുക എന്നതായിരുന്നു പാർട്ടി അദ്ദേഹത്തെ ഏൽപിച്ച പ്രധാനപ്പെട്ട ജോലി. തോട്ടിത്തൊഴിലാളികൾ മുതൽ വ്യവസായത്തൊഴിലാളികൾ വരെയുള്ളവരെ സംഘടിപ്പിക്കുന്നതിൽ അദ്ദേഹം പ്രകടിപ്പിച്ച വൈഭവം ഏറെ ശ്രദ്ധിക്കപ്പെട്ടു. നിരവധി ട്രേഡ് യൂണിയനുകളടെ നേതൃത്വത്തിൽ അദ്ദേഹം പ്രവർത്തിച്ചു. എഐടിയുസിയുടെ ജില്ലയിലെ പ്രമുഖ നേതാക്കളിലൊരാളായി അദ്ദേഹം മാറി.
ഇടപ്പള്ളി പൊലീസ് സ്‌റ്റേഷൻ ആക്രമണക്കേസിലെ പ്രതി
ഇടപ്പള്ളി പൊലീസ് സ്‌റ്റേഷൻ ആക്രമണക്കേസിലെ പ്രധാന പ്രതികളിലൊരാളാണ് ലോറൻസ്. 1950ൽ ആ സംഭവം നടക്കുമ്പോൾ അദ്ദേഹത്തിന് കേവലം 21 വയസ്സേയുള്ളൂ. റെയിൽവേ തൊഴിലാളികൾ നടത്തുന്ന പണിമുടക്കിന് എല്ലാവിധ പിന്തുണയും നൽകിയിരിക്കയാണ് കമ്യൂണിസ്റ്റ് പാർട്ടി. ലോറൻസും മറ്റു സഖാക്കളും സമരത്തിന് നൽകേണ്ട പിന്തണയെക്കുറിച്ച് ആലോചനയിലാണ്. അപ്പോഴാണ് ഇടപ്പള്ളി പൊലീസ്, എൻ കെ മാധവൻ, വറൂതൂട്ടി എന്നീ രണ്ടു പാർട്ടി സഖാക്കളെ അറസ്റ്റു ചെയ്‌ത് ഭീകരമായി മർദിച്ച വിവരം അറിഞ്ഞത്. പിടിക്കപ്പെട്ടവരിൽ ഒരാൾ കൊല്ലപ്പെട്ടുവെന്നാണ് പ്രചരിച്ചത്. മറ്റെയാളെ മോചിപ്പിച്ചില്ലെങ്കിൽ ആ സഖാവിനെയും പൊലീസ് കൊല്ലുമെന്നാണ് അറിഞ്ഞത്. കെ സി മാത്യുവും എം എം ലോറൻസും ഉൾപ്പെടെയുള്ളവർ പൊലീസ് സ്‌റ്റേഷൻ ലക്ഷ്യമാക്കി പുറപ്പെട്ടു. കയ്യിൽ പണമില്ലാതിരുന്നതിനാൽ കള്ളവണ്ടി കയറി. മൂന്ന് കൈബോംബും നാല് വാക്കത്തിയും കുറച്ച് മുളവടിയും മാത്രമാണ് ആയുധമായിട്ടുള്ളത്. പുലർച്ചെ രണ്ടുമണിക്ക് 17 പേർ സ്‌റ്റേഷനിലേക്ക് മാർച്ച് ചെയ്‌തു. കാവൽക്കാരൻ ബയണറ്റ് ഘടിപ്പിച്ച തോക്കുകൊണ്ട് ഒരാളെ കുത്തി. നേരെ കൊണ്ടില്ല. രണ്ടാമനെ കുത്താൻ അയാൾ ശ്രമിച്ചപ്പോൾ കെ സി മാത്യു ബയണറ്റിൽ കടന്നുപിടിച്ചു. അദ്ദേഹത്തിന്റെ കൈ മുറിഞ്ഞു. അപ്പോഴേക്കും ആരോ കാവൽക്കാരനെ അടിച്ചു നിലത്തിട്ടു. പാർട്ടി സഖാക്കൾ പൊലീസ് സ്‌റ്റേഷനുള്ളിലേക്ക് കടന്നപ്പോൾ പൊലീസുകാരിൽ പലരും ജീവനുംകൊണ്ട് ഓടി. പൊലീസിൽനിന്ന് താക്കോൽ പിടിച്ചുവാങ്ങി ലോക്കപ്പ് തുറന്ന് സഖാക്കളെ രണ്ടുപേരെയും രക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ താക്കോൽ കൈവശമുണ്ടായിരുന്നു പൊലീസുകാരൻ ഗംഗാധരൻപിള്ള വീട്ടിലേക്ക് പോയിരുന്നു. താക്കോൽ ലഭിക്കാതായപ്പോൾ സംഘർഷമായി. പൊലീസുകാരിൽ ചിലർക്ക് അടികിട്ടി. രണ്ടു പൊലീസുകാർ കൊല്ലപ്പെട്ടു.
പൊലീസ് നേരത്തെ പിടിച്ചുകൊണ്ടുപോയ രണ്ടു സഖാക്കളും അവിടെ ലോക്കപ്പിലുണ്ടായിരുന്നു. ആരും മരിച്ചിട്ടില്ല. ലോക്കപ്പ് തുറക്കാനുള്ള താക്കോൽ എല്ലായിടത്തും പരതി. പക്ഷേ കിട്ടിയില്ല. ചാഞ്ചൻ എന്ന സഖാവ് ശാരീരികമായി നല്ല കരുത്തുള്ളയാളാണ്. അദ്ദേഹം തോക്കിൻപട്ടകൊണ്ട് അഴിയിൽ ഇടിച്ചു. ശബ്ദംകേട്ട് ചുറ്റുപാടുമുള്ള വീട്ടുകാർ ലൈറ്റിട്ടു. കുഴപ്പം മണത്ത അവർ ലൈറ്റ് വേഗം ഓഫ് ചെയ്‌തു. ആക്രമണത്തിന് മുന്പുതന്നെ ഫോൺ കട്ട് ചെയ്‌തിരുന്നു. എത്ര അടിച്ചിട്ടും ലോക്കപ്പ് തുറക്കാൻ കഴിഞ്ഞില്ല. പതിനഞ്ചു മിനിട്ട് പിന്നിട്ടു. കൂടുതൽ പൊലീസുകാർ എത്താൻ സാധ്യതയുണ്ട്. ഇനിയും അവിടെ തങ്ങുന്നത് അപകടമാണ്. ലോറൻസും കൂട്ടരും വേഗം സ്ഥലംവിട്ടു.
കെ സി മാത്യു, എം എം ലോറൻസ്, കെ എ വറൂതൂട്ടി, കുഞ്ഞൻബാവ, കുഞ്ഞുമോൻ, വി പി സുരേന്ദ്രൻ, എൻ കെ ശ്രീധരൻ, എം എ അരവിന്ദാക്ഷൻ, കെ എ രാജൻ, വി ശൗരിമുത്തു, ഒ രാഘവൻ, പയ്യപ്പിള്ളി ബാലൻ, വി വിശ്വനാഥമേനോൻ, എ വി ജോസഫ്, മുൻപ് സൈന്യത്തിൽ സേവനമനുഷ്‌ഠിച്ച കെ യു ദാസ് തുടങ്ങിയവരായിരുന്നു പ്രതികൾ. കെ യു ദാസ് പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടു.
പിന്നീട് പൊലീസ് നടത്തിയത് അക്ഷരാർഥത്തിൽ നരനായാട്ടായിരുന്നു. വീടുവീടാന്തരം കയറി ഭീകരമായി മർദിച്ചു. സ്‌ത്രീകളെ കുട്ടികളെയും വൃദ്ധജനങ്ങളെയും ഒന്നും മർദനത്തിൽനിന്ന് ഒഴിവാക്കിയില്ല.
ലോറൻസ് ഉൾപ്പെടെ മുഴുവൻ ആളുകളും ഒരുമാസത്തിനുള്ളിൽ അറസ്റ്റിലായി. അതിഭീകരമായ മർദനമാണ് അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്. എറണാകുളം, പെരുന്പാവൂർ, ആലുവ എന്നിവിടങ്ങളിലെ ലോക്കപ്പുകളിൽ പാർപ്പിച്ച് ലോറൻസിനെയും മാത്യുവിനെയും ഭീകരമായി മർദിച്ചു.
‘‘ചില ആവശ്യങ്ങളുന്നയിച്ച് ഞങ്ങൾ ജയിലിനുള്ളിൽ നിരാഹാരസമരം ആരംഭിച്ചു. ഇത് അധികൃതരുടെ കോപവും വൈരാഗ്യവും വർധിക്കാനിടയാക്കി. നിരാഹാരസമരം 16 ദിവസം പിന്നിട്ടു. ഞങ്ങൾ മരണത്തിന്റെ വക്കിലാണെന്ന് പരിശോധിച്ച ഡോക്ടർ വ്യക്തമാക്കി. ഞങ്ങൾക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തി. ഒരു മജിസ്‌ട്രേട്ട് വന്ന് ഞങ്ങളുടെ മൊഴികൾ രേഖപ്പെടുത്തി. ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ മജിസ്‌ട്രേട്ട്, പൊലീസിനോട് ആവശ്യപ്പെട്ടു’’‐ എം എം ലോറൻസ് അനുസ്‌മരിച്ചു.
ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്‌ജി ജസ്റ്റിസ് അന്ന ചാണ്ടിയാണ് ഹൈക്കോടതിയിൽ ഈ കേസ് കേട്ടത്. പത്തുപേർക്ക് തടവ് ശിക്ഷ ലഭിച്ചു. ബാക്കിയുള്ളവരെ വെറുതെവിട്ടു. 1957ലെ ഇ എം എസ് സർക്കാർ പ്രതികളെ എല്ലാവരെയും ജയിൽമോചിതരാക്കി.
22 മാസക്കാലം ഇടപ്പള്ളി പൊലീസ് ആക്രമണക്കേസിൽ ലോറൻസിന് ജയിലിൽ കിടക്കേണ്ടിവന്നു. പിന്നീട് പല ഘട്ടങ്ങളിലായി നാലുവർഷവും; അങ്ങനെ ആറുവർഷക്കാലത്തെ ജയിൽജീവിതം അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നു.
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ മണ്ഡലം സെക്രട്ടറിയായും ജില്ലാകമ്മിറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചു. 1964ൽ പർട്ടി ഭിന്നിച്ചതിനെത്തുടർന്ന് സിപിഐ എമ്മിനൊപ്പം അദ്ദേഹം നിലകൊണ്ടു. സിപിഐ എമ്മിന്റെ പ്രഥമ സംസ്ഥാനകമ്മിറ്റിയിൽ അദ്ദേഹം അംഗമായി. 1968ൽ സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1978ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റംഗമായി തിരഞ്ഞെടുക്കപ്പെടുന്നതുവരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. 1986ൽ ലോറൻസ് കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1998 വരെ തൽസ്ഥാനത്ത് തുടർന്നു. 1986 മുതൽ 1998 വരെ അദ്ദേഹം എൽഡിഎഫ് കൺവീനറായിരുന്നു.
പാർട്ടി അച്ചടക്ക നടപടിയെ തുടർന്ന് 1998ൽ അദ്ദേഹത്തെ എറണാകുളം ഏരിയകമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. എന്നാൽ അച്ചടക്കനടപടിക്ക് പൂർണമായും കീഴ്‌പ്പെട്ട ലോറൻസ് ഉത്തമനായ കമ്യൂണിസ്റ്റ് എന്ന് തെളിയിച്ചു. 2002ൽ അദ്ദേഹം എറണാകുളം ജില്ലാകമ്മിറ്റി അംഗമായും 2005ൽ സംസ്ഥാനകമ്മിറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.
2006 മുതൽ 2013 വരെ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയായും ദേശീയ വൈസ് പ്രസിഡന്റുമായി അദ്ദേഹം പ്രവർത്തിച്ചു.
1969ൽ കൊച്ചി കോർപറേഷൻ കൗൺസിലറായി എം എം ലോറൻസ് തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്രർ ഉൾപ്പെടെ പതിമൂന്നുപേർ ഇടതുപക്ഷത്തുണ്ട്. ലോറൻസ് മേയറാകുമെന്ന് ഏതാണ്ട് ഉറപ്പായി. എന്നാൽ ഇടതുപക്ഷത്തുണ്ടായിരുന്ന ഒരു സ്വതന്ത്രൻ കോൺഗ്രസിന് അനുകൂലമായി വോട്ടുചെയ്‌തു. ഇരുപക്ഷത്തിനും തുല്യ വോട്ടുകൾ ലഭിച്ചതിനെത്തുടർന്ന് നറുക്കെടുപ്പ് നടത്തി. അതിൽ കോൺഗ്രസിലെ കെ എ കൊച്ചുണ്ണിയെയാണ് ഭാഗ്യം തുണച്ചത്. അങ്ങനെ ലോറൻസിന് കൊച്ചി കോർപറേഷന്റെ പ്രഥമ മേയർ എന്ന സ്ഥാനം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടു.
1980ൽ അദ്ദേഹം ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പാർലമെന്റേറിയൻ എന്ന അംഗീകാരം നേടാൻ അദ്ദേഹത്തിന് സാധിച്ചു. 2024 സെപ്‌തംബർ 21ന് 94‐ാം വയസ്സിൽ എം എം ലോറൻസ് അന്തരിച്ചു. ജീവിതപങ്കാളി പരേതയായ ബേബി ലോറൻസ്. അഡ്വ. എ എൽ സജീവൻ, പരേതനായ അഡ്വ. എ എൻ എബ്രഹാം, എം എൽ സുജാത, എം എൽ ആശ എന്നിവർ മക്കൾ. മൃതദേഹം എം എം ലോറൻസിന്റെ ആഗ്രഹമനുസരിച്ച് എറണാകുളം മെഡിക്കൽ കോളേജിന് വിട്ടുനൽകി. അങ്ങനെ മരണത്തിലും അദ്ദേഹം മാതൃകയായി. l





