അനിശ്ചിതാവസ്ഥയിലുള്ളത് എന്നർഥം വരുന്ന Precarious (‘പ്രെക്കേറിയസ്’) എന്ന പദവും , തൊഴിലാളിവർഗ്ഗം എന്നർഥം വരുന്ന Proletariate (പ്രൊലെറ്റേറിയറ്റ്) എന്ന പദവും കൂട്ടിച്ചേർത്തുണ്ടായ പുതിയ വാക്കാണ് Precariate (പ്രെക്കേറിയറ്റ്). സമകാലിക രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയിലും സമൂഹശാസ്ത്രത്തിലും ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന ഒരു ആശയത്തെയാണ് ഈ വാക്ക് പ്രതിനിധീകരിക്കുന്നത്. ബ്രിട്ടീഷ് സാമ്പത്തികശാസ്ത്രജ്ഞനായ ഗൈ സ്റ്റാൻഡിങ്, 2011-ൽ പുറത്തിറക്കിയ ‘ദി പ്രെക്കേറിയറ്റ്: ദി ന്യൂ ഡേഞ്ചറസ് ക്ലാസ്’ (The Precariat: The New Dangerous Class) എന്ന കൃതിയാണ് ഈ പദത്തിന് വ്യാപകമായ പ്രചാരം നൽകിയത്. കേവലം കുറഞ്ഞ വരുമാനം കൊണ്ട് മാത്രമല്ല, മറിച്ച് തൊഴിൽ സുരക്ഷിതത്വത്തിന്റെ അഭാവം, തൊഴിൽസാധ്യതകളുടെ അപ്രവചന സ്വഭാവം എന്നിവകൊണ്ട് അടയാളപ്പെടുത്തപ്പെടുന്ന, ആഗോളതലത്തിൽ ഉയർന്നുവരുന്ന ഒരു സാമൂഹിക-സാമ്പത്തിക ജനവിഭാഗത്തെയാണ് ഈ പദം വിവരിക്കുന്നത്.
ഡിജിറ്റൽ മൂലധനത്തിന്റെ വളർച്ച, അൽഗോരിതമിക് മാനേജ്മെന്റ് (algorithmic management), ഗിഗ് എക്കോണമി (gig economy), നവ-ലിബറൽ തൊഴിൽ വിപണി, ഉദാരവൽക്കരണം എന്നിവയെല്ലാം ചേർന്ന് രൂപപ്പെടുത്തിയിരിക്കുന്ന ഈ തൊഴിൽ വിഭാഗം തൊഴിലാളിവർഗ്ഗത്തിന്റെ ഒരു ഉപവിഭാഗം മാത്രമല്ല; മറിച്ച് തനതായ അസ്ഥിരതകളും, ഉത്പാദനപ്രക്രിയയുമായുള്ള വ്യവസ്ഥാപിത ബന്ധങ്ങളും അത് സൃഷ്ടിക്കുന്ന രാഷ്ട്രീയമായ അമർഷങ്ങളും എല്ലാം ഒത്തുചേർന്ന് രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പുതിയ വർഗ്ഗമാണ് എന്നാണ് ഗൈ സ്റ്റാൻഡിങ്ങിന്റെ വാദം. തൊഴിലാളികളെന്നാൽ ഉല്പാദനോപാധികൾ സ്വന്തമായില്ലാത്തവർ എന്ന പരമ്പരാഗത മാർക്സിസ്റ്റ് നിർവചനത്തിനു പുറത്താണ് ഈ പ്രയോഗം എന്ന വാദം ഉയർത്തുന്നവരുമുണ്ട്. ഈ വിഷയം വിശദമായി പരിശോധിക്കുന്നതിന് മുൻപ് പ്രെക്കേറിയറ്റ് എന്ന് വിളിക്കപ്പെടുന്ന വിഭാഗങ്ങളുടെ സ്വഭാവത്തെ ഗൈ സ്റ്റാൻഡിങ് വിശദീകരിക്കാൻ ശ്രമിച്ചത് എങ്ങിനെയെന്ന് നോക്കാം.
അരക്ഷിതാവസ്ഥ അടിസ്ഥാന നിർവ്വചനമാകുന്ന തൊഴിൽ വിഭാഗം
കുറഞ്ഞ കൂലി വാങ്ങി തൊഴിലെടുക്കുന്നവർ എന്ന സാമ്പത്തിക മാനദണ്ഡം മാത്രം മതിയാകില്ല പ്രെക്കേറിയറ്റ് എന്ന വിഭാഗത്തെ മനസ്സിലാക്കാൻ. ഗൈ സ്റ്റാൻഡിംഗ് ചൂണ്ടിക്കാണിക്കുന്നതുപോലെ, തൊഴിൽ സുരക്ഷിതത്വത്തെ വ്യവസ്ഥാപിതമായി ഇല്ലാതാക്കുന്ന പ്രക്രിയയാണ് ഇതിന് അടിസ്ഥാനം. ഇവിടെ വ്യവസ്ഥാപിതം എന്ന വാക്ക് അടിവരയിട്ടു പറയേണ്ടതുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലുണ്ടായിരുന്ന പരമ്പരാഗത സോഷ്യൽ ഡെമോക്രാറ്റിക് മാതൃകകൾ തൊഴിലാളിവർഗ്ഗത്തിന് പല തരത്തിലുള്ള തൊഴിൽ സുരക്ഷിതത്വം ഉറപ്പുനൽകാൻ ശ്രമിച്ചിരുന്നു. ഇത്തരം തൊഴിൽ സുരക്ഷിതത്വത്തിന്റെ അഭാവമാണ് പ്രെക്കേറിയറ്റിനെ പ്രധാനമായും അടയാളപ്പെടുത്തുന്നത്.
രണ്ടാം ലോക യുദ്ധത്തിനു ശേഷമുള്ള രണ്ടു പതിറ്റാണ്ടുകൾ മുതലാളിത്തത്തിന്റെ സുവർണയുഗമായിട്ടാണ് കാണാക്കപ്പെടുന്നത്. വലിയ തോതിലുള്ള സാമ്പത്തിക വളർച്ച, തൊഴിലില്ലായ്മ നിരക്കിലെ കുറവ് എന്നിവ ഈ കാലഘട്ടത്തിന്റെ സവിശേഷതയായിരുന്നു. ലോകമാകെ കമ്മ്യൂണിസത്തിലേക്ക് നീങ്ങുമോ എന്ന ഭയത്തിൽ നിന്നുടലെടുത്ത ന്യൂ ഡീൽ (New Deal ) പോലുള്ള തൊഴിലാളി പക്ഷപാത നയങ്ങൾ ആ കാലത്തെ തൊഴിൽ മാനദണ്ഡങ്ങൾ നിശ്ചയിച്ച മറ്റൊരു ഘടകമായിരുന്നു. എന്നാൽ പുതിയ നൂറ്റാണ്ടിന്റെ തുടക്കം മുതൽ തന്നെ പാശ്ചാത്യ മുതലാളിത്ത ലോകം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങി. ഡിജിറ്റൽ സാങ്കേതിക വിദ്യകളെ ആസ്പദമാക്കിയുള്ള പുതിയ ഉല്പാദനരീതികൾ Jobless growth എന്ന പ്രതിഭാസത്തിലേക്ക് ലോകത്തെയാകെ നയിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പ്രെക്കേറിയറ്റ് തൊഴിൽ വിഭാഗങ്ങളുടെ വലിയ തോതിലുള്ള വളർച്ചയുണ്ടാകുന്നത്. താഴെ പറയുന്ന ഘടകങ്ങൾ ഈ വിഭാഗത്തിന്റെ സവിശേഷതയാണ് .
● തൊഴിൽ വിപണിയിലെ സുരക്ഷിതത്വമില്ലായ്മ: അനുയോജ്യമായ വരുമാനമാർഗ്ഗങ്ങൾ കണ്ടെത്താനുള്ള മതിയായ അവസരങ്ങളുടെ അഭാവം. ലഭ്യമായ തൊഴിലുകൾ തന്നെ താൽക്കാലികം മാത്രം. ഇതിന്റെയൊക്കെ ഫലമായി സാമ്പത്തിക പരാധീനതകളും നിരന്തരമായ തൊഴിലന്വേഷണവും.
● ഏതു നിമിഷവും പിരിച്ചുവിടപ്പെടാം എന്ന അവസ്ഥ : കാരണങ്ങളില്ലാതെ പിരിച്ചുവിടുക എന്ന ഭീഷണി ഡെമോക്ലസിന്റെ വാൾ പോലെ തെഴിലാളികളുടെ തലയ്ക്കു മീതെ എപ്പോഴും തൂങ്ങി കിടക്കുകയാണ്. ഏതു നിമിഷവും മുൻകൂട്ടി അറിയിപ്പില്ലാതെ പിരിച്ചുവിടപ്പെടാം എന്ന നിരന്തരമായ ഭീതിയിലാണ് പ്രെക്കേറിയറ്റ് വിഭാഗത്തിൽ പെട്ട തൊഴിലാളികൾ ജീവിക്കുന്നത്.
● കൃത്യമായി നിർവചിക്കപ്പെട്ട ഒരു തൊഴിൽ മേഖലയുടെ അഭാവം: പരസ്പരബന്ധമില്ലാത്ത, ചിതറിക്കിടക്കുന്ന ജോലികളാണ് പ്രെക്കേറിയറ്റ് ചെയ്യുന്നത്; ഇത് അവർക്ക് സ്ഥാപനപരമായ ഒരു വ്യക്തിത്വമോ, ഔദ്യോഗിക വളർച്ചയോ നൽകുന്നില്ല.
● തൊഴിലിടത്തിലെ സുരക്ഷിതത്വമില്ലായ്മ: തൊഴിലിടത്തിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് പലതരത്തിലുള്ള നിയന്ത്രണ സംവിധാനങ്ങൾ മുൻപ് നിലനിന്നിരുന്നു. ഇതെല്ലം പുതിയ തൊഴിൽ നിയമങ്ങൾ വഴി ലഘൂകരിക്കപ്പെട്ടു. ഇത് തൊഴിലിടങ്ങളിലെ അപകടങ്ങൾ, മാനസിക സമ്മർദ്ദം എന്നിവയ്ക്ക് വഴി തെളിക്കുന്നു.
● തൊഴിൽ നൈപുണ്യ വികാസ പദ്ധതികളുടെ അഭാവം: അപ്രന്റീസ്ഷിപ്പുകളിലൂടെയോ പരിശീലനങ്ങളിലൂടെയോ പുതിയ തൊഴിൽ നൈപുണ്യങ്ങൾ നേടിയെടുക്കാനുള്ള അവസരങ്ങൾ മുൻപ് നിലനിന്നിരുന്നു. പ്രെക്കേറിയറ്റ് വിഭാഗമാകട്ടെ തങ്ങളുടെ നൈപുണ്യ വികസനത്തിനുള്ള ചെലവുകൾ സ്വന്തമായി തന്നെ വഹിക്കേണ്ടി വരുന്നു; എങ്കിൽപ്പോലും സാങ്കേതികവിദ്യയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ ഇത്തരം യോഗ്യതകളെ ഒറ്റയടിക്ക് റദ്ദ് ചെയ്യാറുണ്ട്.
● വരുമാന സുരക്ഷിതത്വത്തിന്റെ അഭാവം: കഷ്ടിച്ച് ജീവിച്ചു പോകാൻ മാത്രം ഉതകുന്ന വളരെ കുറഞ്ഞ വരുമാനം, മാത്രമാണ്. പ്രെക്കേറിയറ്റ് വിഭാഗത്തിന് പൊതുവെ കിട്ടാറുള്ളത്. ഇതാകട്ടെ അസ്ഥിരവുമാണ്. കൂടാതെ യാതൊരുവിധ സാമൂഹിക സുരക്ഷിതത്വ വലയങ്ങളുടെയും (social safety nets) പിന്തുണയും ഇവർക്ക് ഉണ്ടാകാറുമില്ല.
● പ്രാതിനിധ്യ സുരക്ഷിതത്വം: കൂട്ടായ ചർച്ചകൾക്കുള്ള വേദികൾ അല്ലെങ്കിൽ ട്രേഡ് യൂണിയൻ അംഗത്വം പോലുള്ള സ്ഥാപനപരമായ പിന്തുണ പ്രെക്കേറിയറ്റ് വിഭാഗത്തിനില്ല. ഇവർ നിലവിൽ അടിസ്ഥാനപരമായി യൂണിയനുകളിൽ ഇല്ലാത്തവരും രാഷ്ട്രീയമായി പ്രാതിനിധ്യമില്ലാത്തവരുമാണ്.
ആരാണ് ഈ വർഗ്ഗത്തിൽ ഉൾപ്പെടുന്നവർ?
പ്രെക്കേറിയറ്റ് എന്നത് ഒരേ സ്വഭാവമുള്ള ഒരു ജനസഞ്ചയമല്ല; മറിച്ച് ഒരേ സാമ്പത്തിക സാഹചര്യത്തിലേക്ക് തള്ളിവിടപ്പെട്ട, വ്യത്യസ്ത ജനസംഖ്യാപരമായ (demographic) ഗ്രൂപ്പുകൾ ഉൾക്കൊള്ളുന്ന, അങ്ങേയറ്റം വിഭജിതമായ ഒരു കൂട്ടായ്മയാണ്. വ്യത്യസ്തമായ ഘടനാപരമായ സമ്മർദ്ദങ്ങളാലും രാഷ്ട്രീയ ആശങ്കകളാലും നയിക്കപ്പെടുന്ന പ്രെക്കേറിയറ്റിനെ ഗൈ സ്റ്റാൻഡിങ് മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി തിരിക്കുന്നു.
ദി അറ്റാവിസ്റ്റുകൾ/ഭൂതകാലാഭിമുഖ്യമുള്ളവർ: പരമ്പരാഗത തൊഴിലാളിവർഗ്ഗ പശ്ചാത്തലത്തിൽ നിന്നോ, മാതാപിതാക്കൾക്ക് സ്ഥിരതയുള്ള വ്യവസായ-പൊതുമേഖലാ ജോലികൾ ഉണ്ടായിരുന്ന കുടുംബങ്ങളിൽ നിന്നോ വരുന്ന വ്യക്തികളാണിവർ. ഉത്പാദന മേഖലകൾ തകരുകയും ഓട്ടോമേഷൻ വ്യാപകമാവുകയും ചെയ്തതോടെ, ഈ വ്യക്തികൾ കുറഞ്ഞ വേതനമുള്ള, യൂണിയനുകളില്ലാത്ത സേവന മേഖലകളിലേക്ക് തള്ളിവിടപ്പെട്ടു.ആ നഷ്ടബോധം ഉള്ളിൽ പേറുന്നവരാണ് ഇവർ. സ്ഥിരതയുള്ള തൊഴിലുണ്ടായിരുന്ന ഒരു ഭൂതകാലത്തെ ഏറെ വൈകാരികമായിട്ടാണ് അവർ നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ, സങ്കുചിതമായ ദേശീയതാവാദ ചിന്തകൾക്കു അല്ലെങ്കിൽ പിന്തിരിപ്പൻ രാഷ്ട്രീയ പ്രകോപനങ്ങൾക്കും മുദ്രാവാക്യങ്ങൾക്കും വളരെ എളുപ്പത്തിൽ അവർ ഇരകളാകുന്നു.
അഭയാർത്ഥികൾ, കുടിയേറ്റക്കാർ, ന്യൂനപക്ഷങ്ങൾ: പ്രെക്കേറിയറ്റ് ഘടനയുടെ ഏറ്റവും താഴത്തെ തട്ടിലുള്ളത് ഈ വിഭാഗമാണ്. അവർ കടുത്ത അവകാശനിഷേധങ്ങൾ അനുഭവിക്കുന്നവരാണ്— അതായത്, തങ്ങൾ ജോലിചെയ്യുന്ന സ്ഥലങ്ങളിൽ അടിസ്ഥാനപരമായ രാഷ്ട്രീയ, പൗരത്വ, സാമ്പത്തിക അവകാശങ്ങൾ ഇവർക്ക് ലഭിക്കാറില്ല. നിയമപരമായ ഈ അരക്ഷിതാവസ്ഥ കാരണം, കടുത്ത ചൂഷണങ്ങൾ നിറഞ്ഞതും അനൗപചാരികവുമായ തൊഴിൽ സാഹചര്യങ്ങൾ അംഗീകരിക്കാൻ ഇവർ നിർബന്ധിതരാകുന്നു; മുതലാളിത്തത്തിന് ആവശ്യാനുസരണം ഉപയോഗിക്കാനും ഉപേക്ഷിക്കാനും സാധിക്കുന്ന അങ്ങേയറ്റം വഴക്കമുള്ള ഒരു ‘തൊഴിൽ കരുതൽ സേന’യായി (reserve army of labor) ഇവർ മാറുന്നു.
വിദ്യാസമ്പന്നരായ പ്രെക്കേറിയറ്റ്/അനോമിക് എലൈറ്റ്: ഇത് ആധുനിക കാലഘട്ടത്തിന്റെ വലിയൊരു വൈരുദ്ധ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. വലിയ അളവിൽ ബുദ്ധിമുട്ടി പഠിച്ച്, കടങ്ങൾ പേറി ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടും, സ്ഥിരതയുള്ള ഒരു തൊഴിൽമേഖല പോലും മുന്നിൽ കാണാനില്ലാത്ത വ്യക്തികളാണിവർ. വിദ്യാഭ്യാസ യോഗ്യതകളിലൂടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുമെന്ന് കരുതി വഞ്ചിതരായ ഇവർ താൽക്കാലിക കരാറുകളിലോ ഫ്രീലാൻസ് ഇന്റേൺഷിപ്പുകളിലോ ഗിഗ്-ജോലികളിലോ (gig-work) കുടുങ്ങിക്കിടക്കുകയാണ്. നിലവിലുള്ള സാമൂഹിക-സാമ്പത്തിക വ്യവസ്ഥിതി പൂർണ്ണമായും തകർന്നതാണെന്ന് തിരിച്ചറിയുന്ന ഈ വിഭാഗം കടുത്ത അന്യവൽക്കരണവും ദിശാബോധമില്ലായ്മയും അനുഭവിക്കുന്നു. ‘അറ്റാവിസ്റ്റുകളിൽ’ നിന്ന് വ്യത്യസ്തമായി, ഇവർ മാറ്റങ്ങൾക്കായി ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ സാമൂഹിക മാറ്റത്തിനായി നിലകൊള്ളുന്ന പുരോഗമനരാഷ്ട്രീയത്തെയോ, ഇതിന്റെ വിപരീത ദിശയിൽ, അപര വിദ്വേഷത്തിലധിഷ്ഠിതമായ നവ ഫാസിസ്റ്റുകൾ പോലെയുള്ള ഗ്രൂപ്പുകളുടെയോ ചാലകശക്തിയായി ഇവർ മാറാം.
ഗിഗ് എക്കോണമിയും ഡിജിറ്റൽ മൂലധനവും
അസ്ഥിരമായ തൊഴിൽസാഹചര്യങ്ങൾ മനുഷ്യചരിത്രത്തിലുടനീളം നിലനിന്നിരുന്നതാണ് .ഇന്നും നമ്മുടെ നാട്ടിൽ തന്നെയുള്ള ദിവസ കൂലിക്കാർ ഇതിനുദാഹരണം. എന്നാൽ, സമകാലിക പ്രെക്കേറിയറ്റിനെ വ്യത്യസ്തമാക്കുന്നത്, വളരെ വ്യവസ്ഥാപിതമായി നടത്തപ്പെടുന്ന, അൽഗോരിതമിക് മൂലധനവുമായും ഡിജിറ്റൽ മൂലധനവുമായും അത് ചേർന്നുകിടക്കുന്നു എന്നതിനാലാണ്.
ഊബർ പോലുള്ള റൈഡ് ഷെയറിംഗ് സർവീസുകൾ (ടാക്സി ആപ്പുകൾ), സ്വിഗിയും സൊമാറ്റോയും പോലുള്ള ഡെലിവറി ആപ്പുകൾ, റിമോട്ട് ഫ്രീലാൻസിങ് വിപണികൾ എന്നിവയിലൂടെയൊക്കെ പ്രതിനിധീകരിക്കപ്പെടുന്ന പ്ലാറ്റ്‌ഫോം മുതലാളിത്തത്തിന്റെ (platform capitalism) വ്യാപനം അസ്ഥിരതയെ വ്യവസ്ഥാപിതമാക്കി മാറ്റിയിരിക്കുന്നു. ‘വഴക്കമുള്ള തൊഴിൽസാഹചര്യങ്ങൾ’, ‘സംരംഭകത്വ സ്വയംഭരണാവകാശം’ എന്നിവയുടെ മറവിൽ, പ്രമുഖ സാങ്കേതികവിദ്യാ കമ്പനികൾ തങ്ങളുടെ ബിസിനസ്സിന്റെ പ്രവർത്തനച്ചെലവുകളും നഷ്ടസാധ്യതകളും തൊഴിലാളികളുടെ മേൽ വിജയകരമായി കെട്ടിവെച്ചിരിക്കുകയാണ്.
ഈ സംവിധാനത്തിൽ, തൊഴിലാളികളെ ജീവനക്കാരായിട്ടല്ല, മറിച്ച് നിയമപരമായി ‘സ്വതന്ത്ര കരാറുകാർ’ (independent contractors) ആയിട്ടാണ് തരംതിരിച്ചിരിക്കുന്നത്. ഈ വാചകക്കസർത്തിലൂടെ കുറഞ്ഞ വേതനം, ആരോഗ്യ ഇൻഷുറൻസ്, ശമ്പളത്തോടുകൂടിയ അവധി, അല്ലെങ്കിൽ പിരിച്ചുവിടുമ്പോൾ നൽകേണ്ട ആനുകൂല്യങ്ങൾ എന്നിവ നൽകുന്നതിൽ നിന്നും പ്ലാറ്റ്‌ഫോമുകൾ പൂർണ്ണമായും ഒഴിവാകുന്നു. ഇവിടെ തൊഴിലിടങ്ങൾ നിയന്ത്രിക്കുന്നത് മനുഷ്യരായ മേലധികാരികളല്ല, മറിച്ച് നിഗൂഢമായ അൽഗോരിതങ്ങളാണ്. തത്സമയ (real-time) ഡിമാൻഡ് അനുസരിച്ച് വേതനം നിശ്ചയിക്കുന്നതും, ഓട്ടോമേറ്റഡ് സംവിധാനങ്ങളിലൂടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തുകൊണ്ട് (de-platforming) അച്ചടക്കനടപടി സ്വീകരിക്കുന്നതും, മില്ലിസെക്കൻഡ് അടിസ്ഥാനത്തിൽ ഉത്പാദനക്ഷമത നിരീക്ഷിക്കുന്നതുമെല്ലാം ഈ അൽഗോരിതങ്ങളാണ്.
കൂടാതെ, പ്രെക്കേറിയറ്റ് വിഭാഗം ‘തൊഴിലിനായുള്ള അധ്വാനം’ (work -for -labor) എന്ന പ്രതിഭാസത്താൽ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്—അതായത്, കൂലിയുള്ള ഒരു ജോലി നേടിയെടുക്കാൻ വേണ്ടി മാത്രം വ്യക്തികൾ മണിക്കൂറുകളോളം പ്രതിഫലമില്ലാത്ത സമാനമായ മറ്റ് ജോലികൾ ചെയ്യേണ്ടി വരുന്ന അവസ്ഥ. ഡിജിറ്റൽ പ്രൊഫൈലുകൾ കൃത്യമായി സൂക്ഷിക്കുക, ഓർഡറുകൾക്കായി കാത്തിരിക്കുക, പ്ലാറ്റ്‌ഫോമിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കുക, നിരന്തരം പുതിയ നൈപുണ്യങ്ങൾ ആർജ്ജിക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇതിനൊന്നിനും തന്നെ യാതൊരു പ്രതിഫലവും ലഭിക്കാത്തതിനാൽ, യഥാർത്ഥത്തിൽ ഇവർക്ക് ലഭിക്കുന്ന കൂലിനിരക്കുകൾ വാസ്തവത്തിൽ ലഭിക്കുന്ന കൂലിയെക്കാൾ വളരെ കുറവാണ്.
അന്യവൽക്കരണവും അരക്ഷിതാവസ്ഥയുടെ മാനസികാഘാതങ്ങളും
പ്രെക്കേറിയറ്റ് അവസ്ഥയ്ക്കുള്ളിൽ ജീവിക്കുന്നവർ കടന്നുപോകുന്നത് ആഴമേറിയ മാനസിക പ്രത്യാഘാതങ്ങളിലൂടെയാണ്. സമയത്തെയും സമൂഹത്തെയും സ്വന്തം ആത്മാഭിമാനത്തെയും വീക്ഷിക്കുന്ന രീതിയെത്തന്നെ ഇത് അടിസ്ഥാനപരമായി മാറ്റിമറിക്കുന്നു. പ്രെക്കേറിയറ്റിന്റെ ഈ മാനസികാവസ്ഥയെ ഗൈ സ്റ്റാൻഡിങ് “ഫോർ എ -കൾ’ (Four A’s) എന്നറിയപ്പെടുന്ന നാല് ഘടകങ്ങളിലൂടെയാണ് വിശദീകരിക്കുന്നത്:
● ക്രോധം (Anger ): സുസ്ഥിരമായ ഒരു ജീവിതത്തിനു മുന്നിൽ വ്യവസ്ഥാപിതമായ തടസ്സങ്ങൾ മാത്രം വെച്ചുനീട്ടുന്ന ഒരു ലോകത്തോടുള്ള കടുത്ത നിരാശയും അമർഷവും. കഠിനാധ്വാനവും നിയമങ്ങൾ അനുസരിക്കലും സ്വന്തമായി ഒരു വീട് അല്ലെങ്കിൽ സുരക്ഷിതമായ വിരമിക്കൽ ജീവിതം പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പുനൽകുന്നില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ഈ ക്രോധം ഉണ്ടാകുന്നത്.
● അനോമി/ദിശാബോധമില്ലായ്മ (Anomie): സുസ്ഥിരമായ ഒരു ജീവിതശൈലിയോ അർത്ഥവത്തായ ഔദ്യോഗിക വ്യക്തിത്വമോ ഇല്ലാത്തതിൽ നിന്ന് ഉടലെടുക്കുന്ന നിഷ്ക്രിയമായ നിരാശയും ശൂന്യതാബോധവും. ജീവിതം എന്നത് പരസ്പരം ബന്ധമില്ലാത്ത, താൽക്കാലികമായ ചില ഗിഗ്-ജോലികൾ മാത്രമായി ചുരുങ്ങുമ്പോൾ, ദീർഘകാല ലക്ഷ്യങ്ങളുള്ള ഒരു വ്യക്തിജീവിതം കെട്ടിപ്പടുക്കുകയെന്നത് അസാധ്യമായി മാറുന്നു.
● ആകാംക്ഷ/നിരന്തരമായ ഭീതി (Anxiety): തൊട്ടടുത്ത ഭാവിയെക്കുറിച്ചുള്ള വിട്ടുമാറാത്തതും ഒടുങ്ങാത്തതുമായ ഭയം. ഒരു മെഡിക്കൽ ബില്ലോ, വണ്ടിയുടെ പെട്ടെന്നുള്ള കേടുപാടുകളോ, അല്ലെങ്കിൽ ഒരു അൽഗോരിതമിക് പിഴയോ ഉണ്ടായാൽ പൂർണ്ണമായ സാമ്പത്തിക തകർച്ചയിലേക്ക് വീഴാവുന്ന അവസ്ഥയിലാണ് പ്രെക്കേറിയറ്റ് എപ്പോഴും ജീവിക്കുന്നത്. നിരന്തരമായ ഈ മാനസിക സമ്മർദ്ദം അവരുടെ ചിന്താശേഷിയെയും ദീർഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണങ്ങളെയും ദോഷകരമായി ബാധിക്കുന്നു.
● അന്യവൽക്കരണം(Alienation ): സ്വന്തം അധ്വാനത്തിൽ നിന്നും സമൂഹത്തിൽ നിന്നുമുള്ള ഒറ്റപ്പെടൽ. ഡിജിറ്റൽ ഡാഷ്‌ബോർഡുകളിലൂടെ പ്രെക്കേറിയറ്റ് തൊഴിലാളികൾ പലപ്പോഴും കടുത്തതും അതിവ്യക്തികേന്ദ്രീകൃതവുമായ മത്സരങ്ങളിലേക്ക് പരസ്പരം തള്ളിവിടപ്പെടുന്നതിനാൽ, തൊഴിലിടങ്ങളിലെ ഐക്യദാർഢ്യമോ പങ്കിടലിലൂടെ സൃഷ്ടിക്കപ്പെടുന്ന സൗഹാർദമോ രൂപപ്പെടാനുള്ള സാധ്യതകൾ കുറയുന്നു.
‘അപകടകാരിയായ’ വർഗ്ഗങ്ങൾ സൃഷ്ടിക്കാനിടയുള്ള രാഷ്ട്രീയ പ്രത്യാഘാതങ്ങൾ
ഒരു ‘അപകടകാരിയായ വർഗ്ഗം’ എന്ന് ഗൈ സ്റ്റാൻഡിങ് പ്രെക്കേറിയറ്റിനെ വിശേഷിപ്പിക്കാൻ കാരണം അതിന്റെ അസ്ഥിരവും നിയന്ത്രണമില്ലാത്തതുമായ രാഷ്ട്രീയ ഊർജ്ജമാണ്. ഒരു നിയോ ലിബറൽ ചട്ടക്കൂടിനുള്ളിൽ, നിലവിലുള്ള രാഷ്ട്രീയ സ്ഥാപനങ്ങളോ മുഖ്യധാരാ മധ്യവർത്തി രാഷ്ട്രീയ പാർട്ടികളോ തങ്ങളെ പരിഗണിക്കുന്നില്ല എന്ന ബോധം ഈ വിഭാഗത്തിനിടയിൽ സൃഷ്ടിക്കപ്പെടുന്നു. ഇത് പലപ്പോഴും തീവ്രമായ ബദൽ രാഷ്ട്രീയങ്ങളിലേക്ക് എളുപ്പത്തിൽ ആകർഷിക്കപ്പെടുന്നു. കുതിച്ചുയരുകയും അതെ പോലെ തന്നെ വളരെ എളുപ്പത്തിൽ കെട്ടടങ്ങുകയും ചെയ്ത, സമീപകാലത്ത് പല രാജ്യങ്ങളിലുമുണ്ടായ യുവാക്കളുടെ മുന്നേറ്റങ്ങൾ ഇതിനെ സാധൂകരിക്കുന്നതാണ്.
ഈ തീവ്ര രാഷ്ട്രീയ ഊർജ്ജം തികച്ചും വളരെ വ്യത്യസ്‍തമായ ദിശകളിലേക്ക് തിരിയാം.
വലതുപക്ഷ പോപ്പുലിസ്റ്റ്/ജനകീയ പ്രവണതകൾ
ആഗോളവൽക്കരണത്താലും സാങ്കേതിക പുരോഗതിയാലും തങ്ങൾ കൈയൊഴിയപ്പെട്ടു എന്ന് കരുതുന്ന പ്രെക്കേറിയറ്റിലെ ‘അറ്റാവിസ്റ്റ്’ (ഭൂതകാലാഭിമുഖ്യമുള്ള) വിഭാഗത്തെ സ്വേച്ഛാധിപത്യ, നവ-ഫാസിസ്റ്റ് അല്ലെങ്കിൽ തീവ്ര ദേശീയതാവാദ രാഷ്ട്രീയ പദ്ധതികൾക്ക് വളരെ എളുപ്പത്തിൽ ചൂഷണം ചെയ്യാൻ സാധിക്കും. കുടിയേറ്റക്കാർക്കും, ന്യൂനപക്ഷങ്ങൾക്കുമെതിരെ ഇത് വളരെ വേഗം തിരിയാം. ഇത്തരം വിഭാഗങ്ങളിലേക്ക് പ്രെക്കേറിയറ്റിന്റെ വ്യവസ്ഥാപിത അരക്ഷിതാവസ്ഥകളെ തിരിച്ചുവിട്ടുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രസ്ഥാനങ്ങൾ വിജയം കാണുന്നത്. ഈ അപരരെ മാറ്റിനിർത്തിക്കൊണ്ട്, സുസ്ഥിരമായ ഒരു പഴയ ഭൂതകാലത്തിലേക്ക് തിരികെ കൊണ്ടുപോകാമെന്ന വാഗ്‌ദാനമാണ് ഈ നിയോ ഫാസിസ്റ്റ് പ്രസ്ഥാനങ്ങൾ നൽകുന്നത്.
ഇടതുപക്ഷമുന്നേറ്റങ്ങളുടെ സാധ്യതകൾ: മേൽ സൂചിപ്പിച്ചത്തിനു വിരുദ്ധമായി, വിദ്യാസമ്പന്നരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങൾ പലപ്പോഴും പുരോഗമനപരമോ മുതലാളിത്ത വിരുദ്ധമോ ആയ ജനകീയ മുന്നേറ്റങ്ങൾക്ക് ചാലകശക്തിയായി മാറാറുണ്ട്. 2010-കളുടെ തുടക്കത്തിലുണ്ടായ ‘ഒക്യുപൈ’ (Occupy) പ്രസ്ഥാനങ്ങൾ മുതൽ പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ തൊഴിലവകാശങ്ങൾക്കായി ഇന്ന് ആഗോളതലത്തിൽ നടക്കുന്ന സമരങ്ങൾ വരെ, പ്രെക്കേറിയറ്റിലെ ഈ വിഭാഗം വ്യവസ്ഥാപിതവും ദീർഘവീക്ഷണമുള്ളതുമായ മാറ്റങ്ങളാണ് ആവശ്യപ്പെടുന്നത്. ‘പൂർണ്ണ തൊഴിൽ ഉറപ്പാക്കൽ’ പോലുള്ള പഴയ സോഷ്യൽ ഡെമോക്രാറ്റിക് മാതൃകകളെ (തൊഴിലിടങ്ങളിലെ പഴയകാല നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടവയായി ഇവർ ഇതിനെ കാണുന്നു) നിരസിക്കുന്ന ഇവർ, പകരം സമൂലമായ ഘടനാപരമായ അഴിച്ചുപണികൾക്കായി വാദിക്കുന്നവരായും മാറാം.
ചെറിയ തോതിലുള്ള വേതന വർദ്ധനയോ, തൊഴിൽ പരിശീലന പരിപാടികളോ പ്രെക്കേറിയറ്റ് വിഭാഗത്തെ സംബന്ധിച്ച് അടിസ്ഥാനപരമായി ഒട്ടും പര്യാപ്തമല്ല. കാരണം, അസ്ഥിരമായ ഉത്പാദനബന്ധങ്ങളെ ആശ്രയിച്ചു കഴിയേണ്ടി വരുന്ന ഇവരുടെ ഘടനാപരമായ പ്രശ്നങ്ങളെ അടിസ്ഥാനപരമായി പരിഹരിക്കാൻ ഇത്തരം നടപടികൾക്ക് സാധിക്കില്ല. സാമൂഹിക കരാറുകളിൽ സമഗ്രമായ ഒരു പുനഃക്രമീകരണമാണ് ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിസ്ഥാനപരമായി വേണ്ടത് എന്ന ചിന്ത ഇപ്പോൾ പ്രബലമാണ്.
യാതൊരുവിധ നിബന്ധനകളുമില്ലാത്ത, മാനദണ്ഡങ്ങൾ നോക്കാതെയുള്ള ഒരു സാർവത്രിക അടിസ്ഥാന വരുമാനം (Universal basic income) നടപ്പിലാക്കുക എന്ന ഒരു നിർദേശം ഇതുമായി ബന്ധപ്പെട്ട് വലതുപക്ഷ ചിന്താഗതിക്കാരായ പല സാമൂഹിക ശാസ്ത്രജ്ഞരും ഉയർത്താറുണ്ട്. അടിസ്ഥാനപരമായ സാമ്പത്തിക നിലനിൽപ്പിനെ വിപണിയിലെ തൊഴിലിൽ നിന്നും വേർപെടുത്തുന്നതിലൂടെ, പ്രെക്കേറിയറ്റ് വിഭാഗത്തിന് സ്ഥിരതയുള്ള ഒരു സാമ്പത്തിക അടിത്തറ ഇത് നൽകുമെന്നും ഇത് തൊഴിലാളികളും മൂലധനവും തമ്മിലുള്ള അധികാര സമവാക്യങ്ങളെ അടിസ്ഥാനപരമായിത്തന്നെ മാറ്റിമറിക്കുമെന്നുമാണ് ഇവരുടെ വാദം: കടുത്ത ചൂഷണങ്ങൾ നിറഞ്ഞതോ അപകടകരമോ ആയ ജോലികളോട് ‘വേണ്ട’ എന്ന് പറയാനുള്ള കരുത്ത് ഇത് അസ്ഥിരരായ തൊഴിലാളികൾക്ക് നൽകും. മാന്യമായ തൊഴിൽ സാഹചര്യങ്ങളും മികച്ച വേതനവും വാഗ്ദാനം ചെയ്യാൻ പ്ലാറ്റ്‌ഫോമുകളും തൊഴിലുടമകളും നിർബന്ധിതരായിത്തീരും. ഇതൊക്കെയാണ് ഈ വാദഗതി ഉയർത്തുന്നവർ പൊതുവെ ഉന്നയിക്കാറുള്ളത്.
നിരന്തരമായ ഡിജിറ്റൽ കണക്റ്റിവിറ്റിയിലൂടെയും പ്രതിഫലമില്ലാത്ത ‘തൊഴിലിനായുള്ള അധ്വാനത്തിലൂടെയും’ ആധുനിക മൂലധനം പ്രെക്കേറിയറ്റിന്റെ സമയത്തെ പൂർണ്ണമായും കൈയടക്കിയിരിക്കുകയാണ്. അതിനാൽ, സാധാരണ പ്രവൃത്തിദിനങ്ങളുടെ സമയം കുറച്ചുകൊണ്ടും ഡിജിറ്റൽ കണക്റ്റിവിറ്റിയുടെ പരിധികൾ നിയമപരമായി നിശ്ചയിച്ചുകൊണ്ടും സമയത്തിന്മേലുള്ള നിയന്ത്രണം തിരിച്ചുപിടിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ, പൊതുസ്വത്തുക്കളെയും ഇടങ്ങളെയും പുനരുജ്ജീവിപ്പിക്കുന്നതു വഴി അടിസ്ഥാന ജീവിതച്ചെലവുകൾ കുറയ്ക്കാനും അസ്ഥിരമായ വേതനത്തെ ആശ്രയിക്കുന്നത് ലഘൂകരിക്കാനും പൗരർക്ക് സാധിക്കും.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ യാഥാർത്ഥ്യങ്ങൾക്ക് അനുസൃതമായി തൊഴിൽ നിയമങ്ങൾ പൂർണ്ണമായും മാറ്റിയെഴുതേണ്ടതുണ്ട്. പ്ലാറ്റ്‌ഫോം- ഗിഗ് തൊഴിലാളികളെക്കൂടി ഉൾക്കൊള്ളുന്ന രീതിയിൽ ‘ജീവനക്കാരൻ’ (employee) എന്ന ആശയത്തെ നിയമപരമായി പുനർനിർവചിച്ചാൽ മാത്രമേ ഡിജിറ്റൽ സംരംഭകർക്ക് തങ്ങളുടെ ഘടനാപരമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ കഴിയാതിരിക്കൂ. ഇതിനുപുറമെ, പ്ലാറ്റ്‌ഫോം സഹകരണ സംഘങ്ങൾ (ആപ്പുകളുടെ ഉടമസ്ഥതയും ഭരണവും തൊഴിലാളികൾ തന്നെ ജനാധിപത്യപരമായി നിർവഹിക്കുന്ന സംവിധാനം), ഡിജിറ്റൽ യൂണിയനുകൾ തുടങ്ങിയ പുതിയ കൂട്ടായ്മകൾ പ്രെക്കേറിയറ്റിന് ശക്തമായ ഒരു പ്രാതിനിധ്യ സുരക്ഷിതത്വം ഉറപ്പാക്കാൻ അത്യന്താപേക്ഷിതമാണ്.
മാർക്സിയൻ കാഴ്ചപ്പാടിൽ പ്രെക്കേറിയറ്റിനെ സമീപിക്കുമ്പോൾ
മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ നോക്കുമ്പോൾ, തൊഴിലാളിവർഗ്ഗത്തിൽ നിന്ന് വേറിട്ടൊരു പ്രത്യേക വർഗ്ഗമായി പ്രെക്കേറിയറ്റിനെ നിർവചിക്കുന്നത് യുക്തിരഹിതമാണ്. ആധുനിക കാലത്തെ തൊഴിൽ യാഥാർത്ഥ്യത്തെ ചിത്രീകരിക്കുവാൻ ഇത് സഹായകമാണെങ്കിലും, വർഗ്ഗവിശകലന ഉപകരണമെന്ന നിലയിൽ ഇത് അപര്യാപ്തമാണ്.
വർഗ്ഗവും ജനവിഭാഗവും
ഒരു വർഗ്ഗം നിർണ്ണയിക്കപ്പെടുന്നത് വരുമാന പരിധികളോ, തൊഴിൽ സുരക്ഷിതത്വമോ, അല്ലെങ്കിൽ വ്യക്തിഗത ജീവിതശൈലിയോ നോക്കിയല്ല; മറിച്ച് ഉത്പാദനോപാധികളുമായി ആ വ്യക്തിക്കുള്ള വസ്തുനിഷ്ഠമായ ബന്ധത്തെ അടിസ്ഥാനമാക്കിയാണ്. 2 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഒരു സോഫ്റ്റ്‌വെയർ ആർക്കിടെക്റ്റും 10000 രൂപ മാത്രം വാങ്ങുന്ന അതേ സ്ഥാപനത്തിലെ ഹൗസ് കീപ്പിങ് ജീവനക്കാരനും സാങ്കേതികമായി തൊഴിലാളി തന്നെയാണ്. ഉല്പാദനപ്രക്രിയയിൽ ഏർപ്പെടുമ്പോൾ കേവലം അധ്വാന ശക്തിമാത്രം കൈമുതലായുള്ളവരാണ് തൊഴിലാളികൾ. ഫാക്ടറികളോ, സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമുകളോ, മറ്റ് ഉപകരണങ്ങളോ സ്വന്തമായില്ലാത്തതിനാലും, നിലനിൽപ്പിനായി സ്വന്തം അധ്വാനശക്തി വിൽക്കാൻ നിർബന്ധിതരാകുന്നതിനാലും പ്രെക്കേറിയറ്റ് വിഭാഗം തൊഴിലാളിവർഗ്ഗത്തിന്റെ തന്നെ ഭാഗമാണ്. ഗിഗ് തൊഴിലാളികൾ, സീറോ-അവർ കോൺട്രാക്ട് ജീവനക്കാർ, ഫ്രീലാൻസർമാർ, ഔട്ട്സോഴ്സ്ഡ് തൊഴിലാളികൾ എന്നിവർ തങ്ങളുടെ അധ്വാനശക്തി വിൽക്കുന്നത് യൂബർ, ആമസോൺ അല്ലെങ്കിൽ കോർപ്പറേറ്റ് ഏജൻസികൾ പോലുള്ള മൂലധന ഉടമകൾക്കാണ്. അവരുടെ അധ്വാനശക്തിയാണ് മുതലാളിമാരുടെ മിച്ചമൂല്യത്തിന്റെ ഉറവിടം. അതിനാൽ, പ്രെക്കേറിയറ്റ് എന്നത് ഒരു പുതിയ വർഗ്ഗമല്ല, മറിച്ച് കടുത്ത ചൂഷണത്തിന് ഇരയാകുന്ന തൊഴിലാളി വർഗ്ഗത്തിന്റെ ഒരു ഉപവിഭാഗം മാത്രമാണ്. വേറിട്ടൊരു വർഗ്ഗമായി ഈ വിഭാഗത്തെ ചിത്രീകരിക്കുന്നത് മൂലധനവും അധ്വാനവും തമ്മിലുള്ള അടിസ്ഥാനപരമായ വൈരുദ്ധ്യത്തെ മൂടിവെക്കാൻ മാത്രമേ ഉപകരിക്കൂ.
ആഗോളവൽക്കരണത്തിന്റെയും നവ-ലിബറലിസത്തിന്റെയും തികച്ചും പുതിയൊരു ഉപോൽപ്പന്നമായാണ് ഗൈ സ്റ്റാൻഡിങ് തൊഴിൽരംഗത്തെ ഈ അസ്ഥിരതയെ കാണുന്നത്. എന്നാൽ മൂലധനത്തിൽ ഇതേ പ്രതിഭാസത്തെക്കുറിച്ച് മാർക്സ് വിശദമായി എഴുതിയിട്ടുണ്ട്; ഇതിനെ ‘വ്യവസായ റിസർവ് സേന’ (Industrial Reserve Army) എന്നാണ് മാർക്സ് വിഭാവനം ചെയ്തത്.
തൊഴിൽരംഗത്തെ ഈ അസ്ഥിരതയെ മാർക്സിന്റെ റിസർവ് സേനാ ചട്ടക്കൂടിലൂടെ വീക്ഷിക്കുമ്പോൾ, മുതലാളിത്ത ചട്ടക്കൂടിൽ നിന്നും മാറിനിന്ന് പരിശോധിക്കേണ്ട ഒന്നല്ല, മറിച്ച് മൊത്തം സമ്പദ്‌വ്യവസ്ഥയിലുടനീളം വേതനം അടിച്ചമർത്തുന്നതിനും തൊഴിലാളികളുടെ അച്ചടക്കത്തെ ദുർബലപ്പെടുത്തുന്നതിനുമായി മുതലാളിമാർ ഉപയോഗിക്കുന്ന രീതിയാണ് എന്നു കാണാം. മുതലാളിത്തത്തിൽ അന്തർലീനമായ ഘടനാപരമായ അനിവാര്യതയാണിത്.
വർഗ്ഗബോധം
പ്രെക്കേറിയറ്റ് വിഭാഗത്തിന് ഏകീകൃതമായ ഒരു വർഗ്ഗ വ്യക്തിത്വം ഇല്ലെന്നും, അവർ പലപ്പോഴും പരമ്പരാഗത തൊഴിലാളിവർഗ്ഗത്തിൽ നിന്നും ഒറ്റപ്പെട്ടു കഴിയുന്നതായി അനുഭവപ്പെടുന്നുണ്ടെന്നും സ്റ്റാൻഡിങ് വാദിക്കുന്നു; ഇത് ഈ വിഭാഗത്തിലെ അംഗങ്ങളെ പിന്തിരിപ്പൻ രാഷ്ട്രീയത്തിലേക്ക് നയിക്കാൻ പലപ്പോഴും കാരണമാകുന്നുണ്ട്.
നിലവിൽ ഒരു ‘സ്വയം നിലനിൽക്കുന്ന വർഗ്ഗമായി’ (Class- in-itself- ഒരേ വസ്തുനിഷ്ഠമായ സാമ്പത്തിക യാഥാർത്ഥ്യം പങ്കിടുന്നവർ) പ്രെക്കേറിയറ്റ് നിലകൊള്ളുന്നുണ്ടെങ്കിലും, സമൂഹത്തെ മാറ്റിമറിക്കാനുള്ള തങ്ങളുടെ കൂട്ടായ ശക്തിയെക്കുറിച്ച് ബോധമുള്ള ‘തങ്ങൾക്കായുള്ള ഒരു വർഗ്ഗമായി (Class -for -itself)’ മാറാനുള്ള സംഘടനാശേഷി അവർ ഇനിയും കൈവരിച്ചിട്ടില്ല എന്നത് ഒരു യാഥാർഥ്യമാണ്.
പ്രെക്കേറിയറ്റിനെ ഒരു പ്രത്യേക വർഗ്ഗമായി കാണുന്നത്, സ്ഥിരതയുള്ള തൊഴിലുകളിൽ ഏർപ്പെടുന്നവരും യൂണിയനുകളിൽ അംഗത്വം ഉള്ളവരുമായ തൊഴിലാളികൾക്കും അസ്ഥിരരായ തൊഴിലിൽ ഏർപ്പെടുന്ന ഗിഗ് തൊഴിലാളികൾക്കും ഇടയിൽ രാഷ്ട്രീയമായ ഭിന്നത ഉണ്ടാക്കാൻ മാത്രമേ സഹായിക്കൂ. യഥാർത്ഥ വിപ്ലവ രാഷ്ട്രീയം ആവശ്യപ്പെടുന്നത് ഈ രണ്ട് വിഭാഗങ്ങളും തമ്മിലുള്ള അകലം ഇല്ലാതാക്കുക എന്നതാണ്— അതായത്, അവരെ പരസ്പരം മത്സരിക്കുന്ന വ്യത്യസ്ത രാഷ്ട്രീയ ശക്തികളായി കാണുന്നതിന് പകരം, തങ്ങൾ രണ്ടുപേരും നേരിടുന്നത് ഒരേ ശത്രുവിനെയാണ് (മൂലധനത്തെ) എന്ന് ബോധ്യപ്പെടുത്തുകയാണ്.
ഡിജിറ്റൽ യുഗത്തിലെ മുതലാളിത്ത ചൂഷണത്തിന്റെ തീവ്രതയെ വ്യക്തമാക്കുന്ന മികച്ചൊരു വിവരണാത്മക പദമാണ് ‘പ്രെക്കേറിയറ്റ്’എന്നതിൽ സംശയമില്ല. അൽഗോരിതമിക് മാനേജ്മെന്റും വഴക്കമുള്ള തൊഴിൽ സാഹചര്യങ്ങളും ഉണ്ടാക്കുന്ന മാനസികാഘാതങ്ങളെ ഇത് കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. എങ്കിലും, ശാസ്ത്രീയമായ വിശകലനത്തിൽ ഈ വിഭാഗം തൊഴിലാളിവർഗ്ഗത്തിന്റെ ഒരു ഭാഗം മാത്രമാണ്, അല്ലാതെ സ്വതന്ത്രമായ ഒരു വർഗ്ഗമല്ല. ഇതൊരു പുതിയ വർഗ്ഗമാണെന്ന വാദം, മൂലധനത്തിന്റെ ഉടമസ്ഥത ആർക്ക് എന്ന ചോദ്യം ഉയരുന്നതിനു പകരം തൊഴിൽ സാഹചര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇടയാക്കുകയും, അതിലൂടെ മുതലാളിത്തത്തിന്റെ കാതലായ പ്രവർത്തനരീതികളെ വിമർശനങ്ങളിൽ നിന്ന് സംരക്ഷിക്കാൻ കാരണമാവുകയും ചെയ്യും. l




