സുകാക് : അരികുവത്കൃതരുടെ അരങ്ങും അഭയവും 

 രേണു രാമനാഥ് 

രേണു രാമനാഥ്

‘സുകാക്’ (zoukak)എന്നാൽ ‘ഇടവഴി’.  അറബിഭാഷയാണ്.  ഇംഗ്ലീഷിൽ ‘alleyway’ എന്നു പറയാം. 2006-ലെ ബെയ് റൂട്ടിൽ, ഇസ്രായേലിന്റെ  ആക്രമണം വീണ്ടും ആരംഭിച്ച നാളുകളിൽ, അഭയാർത്ഥികളായെത്തിയ കുട്ടികൾക്കിടയിൽ നാടകമവതരിപ്പിക്കാൻ തുടങ്ങിയ ഒരു കൂട്ടം യുവാക്കൾക്ക് സംശയമൊന്നുമുണ്ടായില്ല, തങ്ങളുടെ നാടകസംഘത്തെ എന്തു വിളിക്കണമെന്ന്.  അരങ്ങിന്റെ തിളങ്ങുന്ന പതിവു രാജവീഥികളിൽ നിന്നു മാറി സഞ്ചരിക്കാൻ തീരുമാനിച്ചവർക്ക് ഇണങ്ങുന്ന പേരു തന്നെയായിരുന്നു സുകാക് തിയേറ്റർ എന്നത്.  അരങ്ങിന്റെയും, ജീവിതത്തിന്റെയും ഇടവഴികളിലൊതുങ്ങിപ്പോയവർക്കുള്ള ഇടം കൂടിയായി മാറി സുകാക്.

പത്തൊമ്പതാണ്ടിനിപ്പുറം, സുകാക് തിയേറ്റർ, ലെബനോണിലെ നാടകപ്രേമികൾക്ക്, പ്രത്യേകിച്ച് നാടകം ചെയ്യാനാഗ്രഹിക്കുന്ന, എന്നാലതിനുള്ള സാമ്പത്തികപശ്ചാത്തലമില്ലാത്ത, യുവതലമുറയ്ക്ക് തണലേകുന്ന വൻമരമായി പടർന്നു പന്തലിച്ചു കഴിഞ്ഞിരിക്കുന്നു.  ഒട്ടും എളുപ്പമല്ലായിരുന്നു ഈ യാത്ര.

കേരളത്തിലെ നാടകാസ്വാദകർക്ക് പരിചയപ്പെടുത്തേണ്ടതില്ല സുകാക് തിയേറ്റർ കമ്പനിയെ.  ഇറ്റ് ഫോക്കെന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ വേദിയിൽ ഒന്നല്ല രണ്ടു വർഷം എത്തിയിട്ടുണ്ട് സുകാക് തിയേറ്റർ.  2015-ലും, 2016-ലും ഒന്നിലേറെ നാടകങ്ങളുമായി തൃശൂരിലെത്തിയ സുകാകിന്റെ പ്രവർത്തകർ,  തൃശൂരിൽ ഏറെ സൗഹൃദങ്ങളുറപ്പിച്ചിട്ടാണു മടങ്ങിയത്.

പാലത്തിനടിയിലൂടെ കലങ്ങിമറിഞ്ഞ വെള്ളം ഏറെയൊഴുകിപ്പോയല്ലോ അതിനു ശേഷം.  പശ്ചിമേഷ്യയിലെ അശാന്തിപർവ്വങ്ങൾക്കിടയിൽ, ഏതു കൊടുങ്കാറ്റടിച്ച് താഴെ വീണാലും തങ്ങളെണീറ്റു നിൽക്കുമെന്ന വാശിയോടെ ഉറച്ചു നിൽക്കുകയാണ് സുകാകിന്റെ പ്രവർത്തകർ.

മായാ സ് ബീബ്

ഏതെങ്കിലുമൊരു സംവിധായകന്റെ അല്ലെങ്കിൽ സംവിധായികയുടെ നിയന്ത്രണത്തിൻ കീഴിൽ പ്രവർത്തിക്കുന്ന നാടകസംഘമല്ല സുകാക്. രൂപീകരണഘട്ടം മുതൽ അവരൂന്നുന്നത്,  കൂട്ടായ്മയിലാണ്. “ഞങ്ങൾ ഹയറാർക്കികളിൽ വിശ്വസിക്കുന്നില്ല,”  സൂകാകിന്റെ സ്ഥാപകരിലൊരാളും, ഇപ്പോഴത്തെ അഞ്ച് ആർട്ടിസ്റ്റിക് ഡയറക്ടർമാരിലൊരാളുമായ മായാ സ് ബീബ് പറഞ്ഞു.  സൂം വിൻഡോയിൽ മായയും ഞാനും കണ്ടുമുട്ടിയത് ഏറെ ആഴ്ചകളിലെ ആശയവിനിമയത്തിനു ശേഷമായിരുന്നു. എന്റെ തിരക്കല്ല. മായയുടെ യാത്രകൾ, പരിപാടികൾ.  കെയ് റോയിൽ സമാപിച്ച ഡി-കാഫ്  – ഡൗൺ ടൗൺ കണ്ടെമ്പററി ആർട്സ് ഫെസ്റ്റിവൽ – എന്ന സാംസ്കാരികോത്സവത്തിൽ പങ്കെടുത്ത്, സുകാകിന്റെ ഏറ്റവും പുതിയ നാടകമായ   ‘സ്റ്റോപ്പ് കോളിങ്ങ് ബെയ് റൂട്ട്’ അവതരിപ്പിച്ച് തിരിച്ചെത്തിയതേയുള്ളൂ മായയും സംഘവും.

“മായാ, എങ്ങനെയുണ്ട് ബെയ് റൂട്ടിപ്പോൾ?” എന്ന് ഞാൻ ചോദിച്ചതേയുള്ളൂ. സൂം വിൻഡോയിൽ മായയുടെ മുഖം നിശ്ചലമായി. അവിടെ ഇൻ്റർനെറ്റ് പോയിരിക്കുന്നു.  “കണക് ഷൻ പോയി!”  മായയുടെ വാട് സ് ആപ്പ് സന്ദേശം വന്നു. “എങ്ങനെയുണ്ട് ബെയ് റൂട്ട് എന്നു ചോദിച്ചതേയുള്ളൂ, ആ നിമിഷം കണക് ഷൻ പോയി, അല്ലെ?” ഞാൻ ചോദിച്ചു. മായ ചിരിച്ചു. അതാണ് ബെയ്റൂട്ട്.

“ഞങ്ങളെ സംബന്ധിച്ച് യുദ്ധമെന്നത് ഒരിക്കലും അവസാനിക്കുന്നില്ല,” മായ പറഞ്ഞു. ഔപചാരികമായി, വെടിനിർത്തലാണെങ്കിലും, തെക്കൻ ലെബനോണിൽ ഇപ്പോഴും ഇസ്രായേലിന്റെ  ബോംബാക്രമണങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു.  ബെയ് റൂട്ടിന്റെ ആകാശത്തിൽ, ഇസ്രായേലി ഡ്രോണുകൾ രാപ്പകലില്ലാതെ മൂളിപ്പറന്നു കൊണ്ടിരിക്കുന്നു, താഴെ നഗരവീഥികളിലെ ഓരോ ചലനത്തെയും നിരീക്ഷിച്ചു കൊണ്ട്.  പിന്നെയെങ്ങനെ യുദ്ധം തീർന്നെന്നാശ്വസിക്കും…..

ലെബനോൺകാർ കാലം കണക്കാക്കുന്നത് യുദ്ധങ്ങളിലൂടെയാണ്. നമ്മുടെ പഴയ കാരണവന്മാർ പറയാറുണ്ടല്ലോ, ‘തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിന്റെ രണ്ടു കൊല്ലം മുമ്പാ അവളെ പെറ്റത്..” എന്നൊക്കെ.  അതുപോലെ ലെബനോൺകാർ പറയും, “2006-ലെ യുദ്ധത്തിന്റെ സമയത്താണ് ഞങ്ങൾ….” “സിവിൽ യുദ്ധത്തിന്റെ സമയത്താണു ഞങ്ങൾ….”

1948-ൽ, ബ്രിട്ടീഷധീനതയിലായിരുന്ന അറബ് മണ്ണിൽ അവകാശം സ്ഥാപിച്ചു കൊണ്ട് ഇസ്രായേൽ രൂപം കൊണ്ട നാൾ മുതൽ ഇല്ലാതായതാണ് ലെബനോണെന്ന കൊച്ചു രാജ്യത്തിന്റെ ശാന്തിയും സമാധാനവും.  ‘നക്ബ’യെന്ന പേരിലറിയപ്പെട്ട, ആധുനിക മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ പലായനത്തിന്റെ ആഘാതം ഏറ്റവുമധികം ബാധിച്ചത് തൊട്ടപ്പുറത്തുള്ള ലെബനോണിനെയായിരുന്നു.  ലക്ഷക്കണക്കിനു പാലസ്തീൻകാരാണന്ന് ലെബനോണിലേക്കൊഴുകിയെത്തിയത്.   ലെബനോണിലെ ഇത്തിരിവട്ടം മണ്ണിൽ നാടും വീടും നഷ്ടപ്പെട്ടെത്തിയ മനുഷ്യർ അഭയാർത്ഥികളായി കുടിയിരുന്നു. തലമുറകൾക്കും പതിറ്റാണ്ടുകൾക്കും ശേഷം ഇന്നും അവരിൽ ഏതാണ്ടെല്ലാവരും അഭയാർത്ഥികളായിത്തന്നെ കഴിയുന്നു.  സ്വാഭാവികമായും പാലസ്തീൻജനതയുടെ വിമോചനപ്പോരാട്ടങ്ങളുടെ ആസ്ഥാനവുമായി മാറി ലെബനോൺ.  എത്ര മണ്ണു കിട്ടിയാലും, പ്രകൃതിവിഭവങ്ങൾ കിട്ടിയാലും ആർത്തി തീരാത്ത നവകൊളോണിയലിസത്തിന്റെയും,  മുതലാളിത്തകമ്പോളത്തിന്റെയും കഴുകൻ കണ്ണുകൾ ലെബനോണിലെ മനോഹരമായ മണ്ണിലും പതിഞ്ഞതിന്റെ ദുരന്തഫലമാണു പതിറ്റാണ്ടുകളായി അവിടത്തെ മനുഷ്യർ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

ഭൂമുഖത്ത് മനുഷ്യസംസ്കാരം ഉടലെടുത്ത സ്ഥലമാണ് ലെബനോൺ എന്നു വേണമെങ്കിൽ പറയാം.  ആയിരക്കണക്കിനു വർഷങ്ങൾ തുടർച്ചയായി മനുഷ്യവാസമുണ്ടായിട്ടുള്ള ഇടങ്ങളാണു ലെബനോണിലെ പല പട്ടണങ്ങളും, ഗ്രാമങ്ങളും.  മാനവസംസ്കൃതിയുടെ കളിത്തൊട്ടിൽ.  മരുഭൂമിയില്ലാത്ത, മണൽപ്പരപ്പില്ലാത്ത അറബ് നാട്. പകരം മഞ്ഞുമൂടിയ മലനിരകൾ.  ‘മദ്ധ്യപൂർവ്വദേശത്തെ സ്വിറ്റ്സർലണ്ട്’ എന്ന് യൂറോപ്യന്മാർ വിളിച്ച സ്ഥലം.

“2006-ൽ ഇസ്രായേൽ വീണ്ടും ആക്രമിച്ച സമയത്താണ് ഞങ്ങൾ സുകാക് തിയേറ്റർ രൂപീകരിക്കുന്നത്,” മായ പറഞ്ഞു.  ഞങ്ങൾ എന്നാൽ, അന്ന് സർവ്വകലാശാലാ വിദ്യാർത്ഥികളായിരുന്ന ഒരു സംഘം യുവാക്കൾ.  ബെയ്റൂട്ടിലെ ലെബനീസ് യൂണിവേഴ് സിറ്റിയിൽ നിന്ന് തിയേറ്ററിൽ ബിരുദം നേടിയ ശേഷം, ലണ്ടൻ യൂണിവേഴ് സിറ്റിയിലെ ഗോൾഡ്സ്മിത്തിലേക്ക് സ്കോളർഷിപ്പ് നേടി പോകാൻ തയ്യാറെടുക്കുകയായിരുന്നു മായയപ്പോൾ.  ചെറുപ്പം മുതൽ കവിതയെഴുതാനും, ചിത്രം വരയ്ക്കാനും നൃത്തം ചെയ്യാനുമൊക്കെ താല്പര്യം കാണിച്ചിരുന്ന മായ, ഇതെല്ലാമുൾക്കൊള്ളുന്ന തിയേറ്റർ തന്നെ പഠനവിഷയമായി തെരഞ്ഞെടുക്കുകയായിരുന്നു.  തിയേറ്ററിലാവുമ്പോൾ ഈപ്പറഞ്ഞതെല്ലാം ഒരുമിച്ച് ചെയ്യാമല്ലോ !

ഗോൾഡ് സ്മിത്തിൽ പെർഫോമൻസ് മേക്കിങ്ങ് (എം എ)ക്ക് ചേരാൻ പുറപ്പെട്ടിരുന്ന സമയത്താണ്, ഇസ്രായേലിന്റെ 2006-ലെ ആക്രമണം ആരംഭിച്ചത്.  അതോടെ തൽക്കാലം യാത്രയെല്ലാം മുടങ്ങിയ സ്ഥിതിക്ക്,  സുഹൃത്തുക്കളെല്ലാം ചേർന്ന്, യുദ്ധം ഏറ്റവുമധികം ബാധിച്ചിരുന്ന തെക്കൻ ലെബനോണിൽ നിന്ന് അഭയാർത്ഥികളായി ബെയ് റൂട്ടിലെത്തിയവരുടെ കുട്ടികൾക്കിടയിൽ നാടകം ചെയ്യാനാരംഭിക്കുകയായിരുന്നു.  അന്നത്തെ യുദ്ധം പക്ഷെ 33 ദിവസമേ നീണ്ടു നിന്നുള്ളൂ.  യുദ്ധാനന്തരം മായ ലണ്ടനിലേക്ക് പോയി. ഉപരിപഠനം മുഴുവനാക്കി.

അതിനിടക്ക് സുഹൃത്തുക്കളെല്ലാം ചേർന്ന് സുകാക് തിയേറ്റർ കമ്പനി രൂപീകരിച്ചു.   ഒരു സംവിധായകന്റെ നേതൃത്വത്തിലുള്ള നാടകസംഘം എന്നതായിരുന്നു അന്ന് ലെബനോണിലെയും പൊതുരീതി. അതിൽ നിന്ന് വ്യത്യസ്തമായി, വ്യക്തികേന്ദ്രിതമല്ലാത്ത, എല്ലാവർക്കും തുല്യഉത്തരവാദിത്വമുള്ള ഒരു കൂട്ടായ്മയായിരിക്കണം സുകാക് എന്ന കാഴ്ചപ്പാടാണ് അവരെ നയിച്ചത്. ലണ്ടനിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, വിദേശത്തു തന്നെ തുടരാനുള്ള അവസരങ്ങൾ വേണ്ടെന്നു വെച്ച് മായ ബെയ് റൂട്ടിലേക്ക് തിരിച്ചെത്തി, സുകാകിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാവുകയായിരുന്നു.

“പ്രത്യേകിച്ചൊരു അധികാരശ്രേണി – ഹയറാർക്കി – ഇല്ലാത്ത ഒരു നാടകസംഘമായി നിലനിൽക്കുക എന്നത് അന്നേ  ഞങ്ങളുടെ തീരുമാനമായിരുന്നു,” മായ പറഞ്ഞു.  നാടകത്തിലൂടെ എന്ത് പറയണമെന്നും, എങ്ങനെ പറയണമെന്നും കൂട്ടായ ചർച്ചയിലൂടെ തീരുമാനിക്കുക. നാടകമെന്ന തങ്ങളുടെ മാദ്ധ്യമമുപയോഗിച്ച് സമൂഹത്തിൽ എങ്ങനെയൊക്കെ ഇടപെടാമെന്നു കണ്ടെത്തുക.  സ്വയം പഠിക്കുക. ഒപ്പം, ഒരു പുതുതലമുറയെക്കൂടി പരിശീലിപ്പിക്കുക. നാടകത്തിലേക്ക് കടന്നുവരാനാഗ്രഹിക്കുന്ന യുവാക്കൾക്ക് അതിനുള്ള അവസരമൊരുക്കുക – ഇതൊക്കെയായിരുന്നു ആ യുവസംഘത്തിന്റെ ലക്ഷ്യം.

“എല്ലാ സമയവും പ്രതിസന്ധികളെ നേരിട്ടു കൊണ്ടിരിക്കുന്ന രാജ്യമാണു ഞങ്ങളുടേത്,” മായ പറഞ്ഞു.  “ഞങ്ങൾ ജനിച്ചതിനു ശേഷം മാത്രം, നിരവധി യുദ്ധങ്ങളാണുണ്ടായിട്ടുള്ളത്.”

യുദ്ധങ്ങൾക്കു പുറമേ, മതമൗലികവാദികളും യാഥാസ്ഥിതികരും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വേറേയും.  ഒരു വശത്ത് യൂറോപ്യൻമൂല്യങ്ങളും, വിദ്യാഭ്യാസവും, പരിഷ്കാരങ്ങളും സ്വീകരിക്കുമ്പോഴും, ലെബനോണിലെ സമൂഹം ആത്യന്തികമായി യാഥാസ്ഥിതികരാണ്.  18 മതവിഭാഗങ്ങളുള്ള ലെബനോണിൽ വ്യക്തിനിയമങ്ങളെ നിയന്ത്രിക്കുന്നത് മതങ്ങൾ തന്നെയാണ്.  മറ്റ് അറബ് രാജ്യങ്ങളെ അപേക്ഷിച്ച് ലൈംഗികന്യൂനപക്ഷങ്ങളും, ക്വീർ കമ്യൂണിറ്റിയും ഏറെക്കുറെ പരസ്യമായിത്തന്നെ ലെബനോണിൽ നിലനിൽക്കുന്നുണ്ടെങ്കിലും ഇവരൊക്കെ ഏതു നിമിഷവും, മതമൗലികവാദികളുടെ ആക്രമണത്തെ നേരിടാമെന്ന അവസ്ഥയുമുണ്ട്.  ഇതിനൊക്കെപ്പുറമെയാണ് വീട്ടുവേലക്കാരായി എത്തിപ്പെടുന്ന വിദേശീയരായ സ്ത്രീകൾ നേരിടുന്ന ദുരവസ്ഥ. മിക്കവാറും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഫിലിപ്പീൻസ് അടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നും എത്തുന്ന ഇവർ നേരിടുന്ന ചൂഷണങ്ങളും പീഡനങ്ങളും അവിടെ ഏറെ ചർച്ചാവിഷയമായിട്ടുണ്ട്.

ഇത്തരത്തിൽ സാമൂഹ്യ അരക്ഷിതാവസ്ഥയും ചൂഷണങ്ങളും നേരിടുന്ന വിഭാഗങ്ങൾക്ക് സുരക്ഷിതമായ ഒരു സാംസ്കാരിക ഇടം നൽകുകയെന്ന ഭാരിച്ച ഉത്തരവാദിത്തവും സുകാക് ഏറ്റെടുത്തിട്ടുണ്ട്.

2020 ആഗസ്റ്റ് 4-നു ബെയ് റൂട്ടിനെ തകർത്തെറിഞ്ഞു കൊണ്ടുണ്ടായ ഭീകരമായ സ്ഫോടനത്തിൽ, സുകാക് തിയേറ്ററിനു ഗണ്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു.  സ്ഫോടനമുണ്ടായ തുറമുഖത്തെ ഗോഡൗണിൽ നിന്ന് വെറും രണ്ടു കിലോമീറ്റർ മാത്രം ദൂരമേയുണ്ടായിരുന്നുള്ളൂ സുകാകിന്റെ തിയേറ്ററിന്.  ഭാഗ്യവശാൽ പ്രവർത്തകർക്കാർക്കും പരിക്കൊന്നും പറ്റിയില്ലെങ്കിലും, മനോഹരമായ ആ തിയേറ്റർ മൊത്തം തകർന്നുപോയി. കഷ്ടപ്പെട്ട് ശേഖരിച്ചിരുന്ന വിലയേറിയ ലൈറ്റുകളും ഒട്ടുമുക്കാലോളം നശിച്ചു. ബെയ് റൂട്ടിലെ പ്രധാനപ്പെട്ട തിയേറ്ററുകൾ ഏതാണ്ടെല്ലാം തന്നെ ആ സ്ഫോടനത്തിൽ കനത്ത നാശനഷ്ടങ്ങളെ നേരിട്ടിരുന്നു.

രണ്ടു വർഷത്തോളം പണിപ്പെട്ട്, പലവിധത്തിലുള്ള പിന്തുണകളുടെ സഹായത്തോടെ,   സുകാകിന്റെ  തിയേറ്റർ വീണ്ടും പ്രവർത്തനക്ഷമമായി. ആ സമയത്തും, ഇടവേളകളില്ലാതെ അവർ നാടകപ്രവർത്തനങ്ങൾ തുടർന്നു കൊണ്ടേയിരുന്നിരുന്നു.  പ്രതിസന്ധികൾ മൂലം നിർത്തിവെയ്ക്കാൻ പറ്റുന്നതല്ല ലെബനോൺകാരെ സംബന്ധിച്ച് ഒന്നും തന്നെ. അത് നാടകവും സിനിമയും സംഗീതവുമായാലും ശരി, ജീവിതമായാലും ശരി.

“എനിക്കു ശേഷം പ്രളയം” എന്നതല്ല സുകാക് പ്രവർത്തകരുടെ കാഴ്ചപ്പാട്.  തിയേറ്ററെന്ന മാദ്ധ്യമമുപയോഗിച്ച് സമൂഹത്തിൽ ക്രിയാത്മകമായി ഇടപെടാൻ ശേഷിയുള്ള ഒരു പുതിയ തലമുറ പരിശീലകരെ വാർത്തെടുക്കുന്നതിലാണ് സുകാക് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.   “ആറു വയസ്സുള്ള കുട്ടികൾ മുതൽ സുകാകിന്റെ പരിപാടികളിൽ പങ്കെടുക്കാനെത്തുന്നുണ്ട്.   കുട്ടികളായിരിക്കുമ്പോൾ ഡ്രാമാ തെറാപ്പി പരിപാടികളിൽ പങ്കെടുക്കാൻ സുകാകിൽ വന്നു തുടങ്ങുന്നവർ പിന്നെ, പത്തു പതിനാറ് വയസ്സാവുമ്പോൾ, മെൻ്റർഷിപ്പ് പ്രോഗ്രാമിനു അപേക്ഷിക്കുന്നു, സ്വന്തം നാടകങ്ങൾ അവതരിപ്പിക്കുന്നു,  പിന്നെ പതിനെട്ടു വയസ്സാവുമ്പോൾ അവർ സ്വയം പരിശീലകരായി മാറുന്നു, മറ്റുള്ളവരെ പഠിപ്പിച്ചു തുടങ്ങുന്നു.  പുതിയ തലമുറ അങ്ങനെ വളർന്നു വരുന്നതു കാണുന്നത് ഏറെ സന്തോഷകരമാണ്,” മായ പറഞ്ഞു.

മായാ സ്ബീബിനു പുറമെ, ഒമർ അബി അസർ, ലാമിയാ അബി അസർ, ജുനൈദ് സരീയദീൻ, മൊഹമ്മദ് ഹംദാൻ എന്നിവരാണ് സുകാകിന്റെ ഇപ്പോഴത്തെ ആർടിസ്റ്റിക് ഡയറക്ടർമാർ. പുറമേ, ലെബനോണിലും വിദേശരാജ്യങ്ങളിലുമായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഒമ്പത് ട്രസ്റ്റിമാരും ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കുന്ന എക്സിക്യൂട്ടീവ് ടീമും സുകാകിനെ നയിക്കാൻ സഹായിക്കുന്നു.

2016-ൽ ആരംഭിച്ച സുകാക് സൈഡ് വാക്ക്സ് ഫെസ്റ്റിവൽ, ലെബനോണിൽ നിന്നും വിദേശങ്ങളിൽ നിന്നുമുള്ള നാടകങ്ങളെ അരങ്ങിലെത്തിക്കുന്ന മികച്ച നാടകോത്സവമാണ്. ലെബനോണിലെ പുതിയ തലമുറ  നാടകപ്രവർത്തകർക്ക്, മുതിർന്ന സംവിധായകർക്കൊപ്പം ഇടം കൊടുക്കുന്നു സൈഡ് വാക്ക് ഫെസ്റ്റിവലിൽ.   യുദ്ധം മൂലം കഴിഞ്ഞ വർഷം ഫെസ്റ്റിവൽ നടത്താനായില്ല.

പത്തൊമ്പതു വർഷത്തെ ചരിത്രത്തിലാദ്യമായി, സാമാന്യം വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് സുകാക് ഈ ദിവസങ്ങളിൽ. വർഷങ്ങൾ ചെലവിട്ട് പടുത്തുയർത്തിയ മനോഹരമായ തിയേറ്റർ സ്പേസും, റിഹേഴ്സലിനുള്ള ഇടങ്ങളുമെല്ലാം നഷ്ടപ്പെട്ടേക്കുമെന്ന ഭീതി. ലെബനോൺ നേരിടുന്ന സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, അവരുടെ തിയേറ്റർ ഇരിക്കുന്ന സ്ഥലത്തിന്റെ  വാടക ഇരട്ടിയായി ഉയർത്തിയിരിക്കുകയാണിപ്പോൾ.  “ഞങ്ങളുടെ സുന്ദരമായ തിയേറ്ററിനു പകരം, അവർക്കവിടെ ഒരു ഗോഡൗണോ മറ്റോ ഉണ്ടാക്കാം, കൂടുതൽ വാടക തരുന്നവർക്കായി,” മായ ദുഃഖത്തോടെ പറഞ്ഞു. വേറെ വഴിയില്ലാത്തതു കൊണ്ട് കുത്തനെ കൂട്ടിയ വാടക കൊടുക്കാൻ തീരുമാനിക്കുമ്പോൾ, സുകാകിനു നഷ്ടമാവുക പുതിയ തലമുറയിലെ നാടകപ്രവർത്തകർക്കു നൽകേണ്ട പ്രോജക്റ്റുകളും പദ്ധതികളുമായിരിക്കും.

നാടകാവതരണങ്ങൾ കൊണ്ടു മാത്രം നിലനിൽക്കാനോ, ജീവിക്കാനോ സാധിക്കുന്ന സ്ഥലമല്ല ലെബനോൺ.  ഇന്ത്യയെപ്പോലെത്തന്നെ എന്നു പറയാം.  പ്രത്യേകിച്ച് സുക്കാകിനെപ്പോലെ പരീക്ഷണ നാടകവേദിയിലും സാമൂഹ്യപ്രാധാന്യമുള്ള പ്രവർത്തനങ്ങളിലും ഏർപ്പെടുന്ന ഒരു സംഘത്തെ സംബന്ധിച്ച്.  അതുകൊണ്ടു തന്നെ, വിദേശത്തു നിന്നുള്ള ഗ്രാൻ്റുകളെയും ഫണ്ടുകളെയും ആശ്രയിച്ചാണു സുകാകിന്റെ  പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. മാറുന്ന അന്തർദ്ദേശീയ രാഷ്ട്രീയാവസ്ഥയാണെങ്കിൽ, പശ്ചിമേഷ്യയിലേക്കും, പിന്നോക്കാവസ്ഥയിലുള്ള അറബ് രാജ്യങ്ങളിലേക്കുമുള്ള സാമ്പത്തികസഹായങ്ങളെ പ്രതികൂലമായി ബാധിക്കുന്നതുമാണല്ലോ.

എങ്കിലും, ഒന്നു കൊണ്ടും തളരാതെ, പുതിയ നാടകാവതരണവുമായി മുന്നോട്ടു പോവുകയാണ് സുകാക്.  നവംബർ 20-ന്, സുകാകിന്റെ ഏറ്റവും പുതിയ നാടകം, ‘ഏകാന്തതയുടെ മൂന്നു കാവ്യഖണ്ഡങ്ങൾ’ (Three Verses of Solitude) അരങ്ങിലെത്തുകയാണ്.   മായാ സ്ബീബിനോടൊപ്പം ആസ്ട്രേലിയൻ നർത്തകനായ ലീ സേളും, ആസ്ട്രേലിയയിൽ നിന്നു തന്നെയുള്ള സംഗീതജ്ഞൻ ബെൻ ഫ്രോസ്റ്റും ചേർന്നുള്ള ഒരു സംയുക്തസംരംഭമാണീ രംഗാവതരണം.  ഏകാന്തതയെന്നത് ഒരേ സമയം വ്യക്തിപരമായ ഒരഭയസ്ഥാനവും, അതേ സമയം, ഒരു പൊതു അനുഭവവും ആയിത്തീരുന്ന അവസ്ഥ.  ഏകാന്തതയിൽ നിന്ന് ഒറ്റപ്പെടലിലേക്കുള്ള യാത്ര.  ഏകാന്തതയെന്നത് അസാന്നിദ്ധ്യമെന്നതിനേക്കാൾ, ഒരു സാദ്ധ്യതയായി മാറുന്നതെങ്ങനെയെന്നത്.  നിശ്ചലതയിൽ, പുതിയ ലോകങ്ങൾ ഉരുത്തിരിയുന്നതെങ്ങനെയെന്നത്.  നിശ്ശബ്ദതയിൽ നിന്നു എങ്ങനെ ഊർജ്ജ്വസ്വലത ഉറവെടുക്കാമെന്നത്.  ഇതൊക്കെയാണ് ‘ഏകാന്തതയുടെ മൂന്നു കാവ്യഖണ്ഡങ്ങൾ.’

ഇപ്പോഴും ഡ്രോണുകൾ രാപ്പകലില്ലാതെ മൂളിത്തിരിയുന്ന ബെയ് റൂട്ടിന്റെ നവംബർ വാനത്തിനു കീഴെ, സുക്കാകിലെ നാടകപ്രവർത്തകർ ഏകാന്തതയെക്കുറിച്ചും, നിശ്ശബ്ദതയെക്കുറിച്ചും പറയാനൊരുങ്ങുകയാണ്. ഒരു നിമിഷം പോലും നിശ്ശബ്ദരായിരിക്കാനോ, നിശ്ചലരായിരിക്കാനോ തങ്ങൾക്കാവില്ലെന്ന് അവർക്കറിയാം.  മിണ്ടിയും പറഞ്ഞും പാടിയും, പരസ്പരം കൈകൾ കോർത്തുപിടിച്ചും അവർ ഇരുൾ പരക്കുന്ന ചക്രവാളത്തിനു മുന്നിൽ നിവർന്നു നിൽക്കുകയാണ്.  അതു മാത്രമാണു പ്രതിരോധമെന്നതു കൊണ്ട്.

Hot this week

കുരിക്കൾ തെയ്യം

ഗുരുക്കൾ തെയ്യം എന്നോ കുരിക്കൾ തെയ്യം എന്നോ അറിയപ്പെടുന്ന തെയ്യക്കോലം കണ്ണൂർ...

മരിച്ചവർക്കായുള്ള കവിത

ഡീയസ് ഇ‍ൗറേ എന്ന ലാറ്റിൻ വാക്കിന്റെ അർഥം മരിച്ചവർക്ക്‌ വേണ്ടിയുള്ള കവിത...

സ്ഥാപനഭഞ്ജകനായ കെ ലോലൻ

സാഹിത്യം എന്ന സ്ഥാപനത്തെത്തന്നെ വിഡംബനത്തിനു വിധേയമാക്കുന്നു എന്നതാണ് വി എസ് അജിത്തിന്റെ...

അമേരിക്കയിലെ സോഷ്യലിസ്റ്റ് മേയർ

ആഗോളമുതലാളിത്തത്തിന്റെ തലസ്ഥാനമാണ് അമേരിക്ക. അമേരിക്കൻ സംസ്ഥാനമായ ന്യൂയോർക്കാണ് ലോകത്തിന്റെയാകെ സാമ്പത്തികചലനങ്ങളുടെ ഉത്ഭവകേന്ദ്രം....

പുതുനിരത്തിളക്കത്തിലും മഹാനടനം

സംസ്ഥാന ചലച്ചിത്ര അവാർഡ്‌ അക്ഷരാർഥത്തിൽ മലയാള സിനിമയുടെ തലമുറ മാറ്റത്തിന്റെ കാഴ്‌ചയായിരുന്നു....

Topics

കുരിക്കൾ തെയ്യം

ഗുരുക്കൾ തെയ്യം എന്നോ കുരിക്കൾ തെയ്യം എന്നോ അറിയപ്പെടുന്ന തെയ്യക്കോലം കണ്ണൂർ...

മരിച്ചവർക്കായുള്ള കവിത

ഡീയസ് ഇ‍ൗറേ എന്ന ലാറ്റിൻ വാക്കിന്റെ അർഥം മരിച്ചവർക്ക്‌ വേണ്ടിയുള്ള കവിത...

സ്ഥാപനഭഞ്ജകനായ കെ ലോലൻ

സാഹിത്യം എന്ന സ്ഥാപനത്തെത്തന്നെ വിഡംബനത്തിനു വിധേയമാക്കുന്നു എന്നതാണ് വി എസ് അജിത്തിന്റെ...

അമേരിക്കയിലെ സോഷ്യലിസ്റ്റ് മേയർ

ആഗോളമുതലാളിത്തത്തിന്റെ തലസ്ഥാനമാണ് അമേരിക്ക. അമേരിക്കൻ സംസ്ഥാനമായ ന്യൂയോർക്കാണ് ലോകത്തിന്റെയാകെ സാമ്പത്തികചലനങ്ങളുടെ ഉത്ഭവകേന്ദ്രം....

പുതുനിരത്തിളക്കത്തിലും മഹാനടനം

സംസ്ഥാന ചലച്ചിത്ര അവാർഡ്‌ അക്ഷരാർഥത്തിൽ മലയാള സിനിമയുടെ തലമുറ മാറ്റത്തിന്റെ കാഴ്‌ചയായിരുന്നു....

ഹനുമാൻ തെയ്യം

കണ്ണൂർ കാസർഗോഡ് ജില്ലകളിലായി എത്ര തെയ്യങ്ങൾ കെട്ടിയാടുന്നുണ്ട് എന്ന ചോദ്യത്തിന് ഉത്തരം...

അടിത്തട്ട് മനുഷ്യരുടെ ഫെമിനിസ്റ്റ് ബോധ്യപ്രപഞ്ചം വികസിക്കുന്ന വിധം

ഫെമിനിസം സിദ്ധാന്തം എന്ന നിലയിൽ ലോകമെമ്പാടും അംഗീകരിക്കപ്പെടുകയും ഒരു പുത്തൻ അവബോധം...

ചരമക്കുറിപ്പ്

ചിമ്പാൻസികളുടെ സുഹൃത്തിന് വിട പ്രൈമേറ്റോളജിയിലെ അതികായയും ചിമ്പാൻസികളെക്കുറിച്ച് ജീവശാസ്ത്രജ്ഞന്മാരുടെയും നരവംശശാസ്ത്രജ്ഞന്മാരുടെയും അറിവ്കേട് നികത്തുന്നതിൽ...
spot_img

Related Articles

Popular Categories

spot_imgspot_img