‘ഊരുഭംഗ’ത്തിലെ ദുര്യോധനൻ: നായകനാകുന്ന പ്രതിനായകൻ

രേണു രാമനാഥ്‌

പുരാണത്തിന്റെ ചട്ടക്കൂടുകളിൽ നിന്നും പുറത്തുകടന്ന്‌ ലോകത്തെ നോക്കിക്കാണുകയും, അതോടൊപ്പം തങ്ങളെ ലോകത്തിനു കാണിച്ചു കൊടുക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് ഭാസൻ സൃഷ്ടിച്ചവരിലധികവും. ആരാണീ ‘ഭാസൻ’ എന്നോ, ഏതു കാലത്താണു ഭാസൻ ജീവിച്ചിരുന്നതെന്നോ കൃത്യമായി ചൂണ്ടിക്കാണിക്കാൻ ഇന്നുവരെ ആർക്കുമാവില്ലെന്നിരിക്കെത്തന്നെ, ഭാസവിരചിതമെന്ന പേരിൽ നമുക്ക് ലഭിച്ചിട്ടുള്ള പതിമൂന്നോളം പ്രാചീന സംസ്കൃത നാടകങ്ങൾക്ക് ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിയാനാവുന്ന വിധമുള്ള പൊതുസ്വഭാവങ്ങളുണ്ട് എന്നതുമൊരു യാഥാർത്ഥ്യമാണ്.

ക്രിസ്തുവിനു മുമ്പുള്ള നാലാം നൂറ്റാണ്ടിനും, ക്രിസ്തുവിനു ശേഷമുള്ള നാലാം നൂറ്റാണ്ടിനും ഇടയ്ക്കെപ്പോഴോ ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്ന ‘ഭാസൻ’ എന്ന പേരു മാത്രം നമുക്കു ലഭിച്ചിട്ടുള്ള ആ അജ്ഞാത കവിയുടേതെന്ന് കരുതപ്പെടുന്ന പതിമൂന്ന് നാടകങ്ങൾ കണ്ടെടുത്തത് 1910-ലാണ്. ടി. ഗണപതി ശാസ്ത്രിയെന്ന പണ്ഡിതൻ, തിരുവനന്തപുരത്തിനടുത്തുള്ള ഒരു ചെറുഗ്രാമത്തിൽ നിന്നു കണ്ടെടുത്ത ഈ ഗ്രന്ഥങ്ങളുടെയെല്ലാം രചയിതാവ് ഒരാളായിരിക്കാമെന്ന നിഗമനത്തിലെത്തിച്ചേർന്നതും അദ്ദേഹം തന്നെയായിരുന്നു.

രംഗാവതരണരീതികളെപ്പറ്റിയും, അഭിനയത്തെപ്പറ്റിയുമൊന്നും ‘നാട്യശാസ്ത്രം’ നിഷ്കർഷിക്കുന്ന ചട്ടങ്ങളെയൊന്നും ഭാസകൃതികൾ വകവെയ്ക്കുന്നില്ല. പുരാണനായകന്മാരെ ചോദ്യം ചെയ്തും, വില്ലന്മാരായി നിജപ്പെടുത്തിയവരെ മുഖ്യകഥാപാത്രങ്ങളാക്കിക്കൊണ്ട്, പുരാണങ്ങളിലെ നന്മ-തിന്മാവകഭേദങ്ങളെത്തന്നെ കശക്കിയെറിയുകയും ചെയ്തിട്ടുണ്ട് ഭാസൻ. അങ്ങനെ കശക്കിയെറിഞ്ഞ് പുനർനിർമ്മിച്ച മഹത്തായ രചനകളിലൊന്നാണ് ‘ഊരുഭംഗം.’

മഹാഭാരതത്തിലെ ഏറ്റവും ദുരന്തപൂർണ്ണമായ മുഹൂർത്തങ്ങളിലൊന്നാണ്, അങ്ങേയറ്റം ‘ഡ്രാമാറ്റിക്’ ആയ രീതിയിൽ ഭാസൻ ‘ഊരുഭംഗ’ത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. തുടകൾ തകർന്ന് യുദ്ധഭൂമിയിൽ മരണാസന്നനായി വീണുകിടക്കുന്ന ദുര്യോധനനാണ് ‘ഊരുഭംഗ’ത്തിലെ നായകൻ. ദുര്യോധനന്റെ തുടകളെ ഭീമൻ അടിച്ചു തകർത്തതാണെങ്കിൽ, യുദ്ധനിയമങ്ങളുടെ നഗ്നമായ ലംഘനത്തിലൂടെയും. അരയ്ക്കുതാഴെ അടിയ്ക്കാൻ പാടില്ല എന്ന ഗദയുദ്ധത്തിലെ നിയമം ലംഘിച്ചുകൊണ്ട് ഭീമൻ ദുര്യോധനന്റെ തുടകൾ അടിച്ചു തകർക്കുകയാണ്. അതിനു കൂട്ടുനിന്നത്, തേരിലിരുന്ന് സ്വന്തം തുടയിൽ മെല്ലെ താളംപിടിച്ചു കാണിച്ച കൃഷ്ണനും. ‘അധർമ്മമല്ലേ തന്നോടു പ്രവർത്തിച്ചതെന്ന ദുര്യോധനന്റെ ചോദ്യത്തിനും മറുപടിയുണ്ടവർക്ക്. നേരത്തേ അധർമ്മം പ്രവർത്തിച്ച (കള്ളച്ചൂതുകളി, ദ്രൗപദിയുടെ വസ്ത്രം വലിച്ചഴിച്ച് രാജസഭയിൽ അപമാനിച്ചത് തുടങ്ങിയ സംഭവങ്ങൾ ഉദാഹരണം) ദുര്യോധനനു ധർമ്മത്തെപ്പറ്റി പറയാനർഹതയില്ലെന്ന്.

അങ്ങേയറ്റം നാടകീയമുഹൂർത്തങ്ങളുള്ള, സാധാരണ സംസ്കൃതനാടകങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായ ഘടനയുള്ള ‘ഊരുഭംഗം’ ഇന്ത്യൻ നാടകവേദിയിൽ, രത്തൻ തീയവും, കാവാലം നാരായണപ്പണിക്കരുമുൾപ്പെടെ പലരും അരങ്ങിലെത്തിച്ചിട്ടുണ്ട്. പക്ഷേ, കേരളത്തിന്റെ തനതായ സംസ്കൃതനാടകാവതരണ സങ്കേതമായ കൂടിയാട്ടത്തിന്റെ അരങ്ങിൽ ‘ഊരുഭംഗം’ അവതരിപ്പിക്കപ്പെട്ടത് ഏതാനും വർഷം മുമ്പു മാത്രമായിരുന്നു. ഇരിങ്ങാലക്കുടയിലെ നടനകൈരളിയുടെ ആഭിമുഖ്യത്തിൽ ഗുരു ജി. വേണുവാണ് ‘ഊരുഭംഗ’ത്തെ കൂടിയാട്ടരൂപത്തിൽ ചിട്ടപ്പെടുത്തി അവതരിപ്പിച്ചത്.

കൂടിയാട്ടത്തിന്റെ ഏറ്റവും വലിയ സവിശേഷത, നാടകത്തിലെ ഓരോ കഥാപാത്രത്തെയും, ഓരോ അഭിനയമുഹൂർത്തത്തെയും വ്യത്യസ്തമായ ഏകാംഗാഭിനയങ്ങളായി വികസിപ്പിക്കാനുള്ള സാധ്യതയാണല്ലോ. ആ സാധ്യത ഉപയോഗപ്പെടുത്തിക്കൊണ്ട്, പ്രശസ്ത കൂടിയാട്ടകലാകാരനായ സൂരജ് നമ്പ്യാർ, ഈയടുത്തിടെ ‘ഊരുഭംഗം’ കൂടിയാട്ടത്തിലെ ദുര്യോധനനെ ഏകാംഗാഭിനയരൂപത്തിൽ ആദ്യമായി അരങ്ങിലെത്തിച്ചു. തീർത്തും പരീക്ഷണാത്മകമായി ചെയ്ത ഈ ഏകാംഗാവതരണത്തിന്റെ ആദ്യാവതരണം നടന്നത് എറണാകുളത്തെ സ്റ്റുഡിയോ ഫോൺ ടിയേരയിലായിരുന്നു.

ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതാണ് ‘ഊരുഭംഗ’ത്തിലെ ദുര്യോധനന്റെ വേഷം. സാധാരണ കൂടിയാട്ടത്തിൽ പതിവുള്ളപോലെയല്ല കഥാപാത്രത്തിന്റെ പ്രവേശം തന്നെ. തുടകൾ തകർന്ന ദുര്യോധനനെ മുഴുവൻ സമയവും ഇരുന്നുകൊണ്ടേ അവതരിപ്പിക്കാനാവൂ. തിരശ്ശീലയ്ക്കു പുറകിൽ ദുര്യോധനൻ പ്രവേശിക്കുന്നതു തന്നെ നിലത്തിരുന്ന് നിരങ്ങിയാണ്.

നിയമങ്ങൾ പാലിക്കപ്പെടാത്ത ഗദയുദ്ധത്തിൽ നിലത്തു വീണ ദുര്യോധനൻ, കിടന്ന കിടപ്പിൽക്കിടന്ന് തന്റെ പതനത്തെക്കുറിച്ചും, ആ അവസാനമുഹൂർത്തത്തിലേക്കു നയിച്ച ജീവിതയാത്രയെക്കുറിച്ചും മനനം ചെയ്യുന്നതാണ് ഏതാണ്ട് ഒന്നേകാൽ മണിക്കൂറോളമുള്ള ഏകാംഗാഭിനയത്തിൽ സൂരജ് നമ്പ്യാർ വരച്ചു കാണിച്ചിരിക്കുന്നത്.

ആളൊഴിഞ്ഞ പടക്കളത്തിൽ, കാത്തിരിക്കുന്ന കഴുകന്മാർക്കിടയിൽ ഏകാകിയായി മരണത്തെ കാത്തുകിടക്കുന്ന ദുര്യോധനന്റെ ആത്മസംഘർഷവും, മാതാപിതാക്കളെയും പുത്രനെയും കാണുമ്പോഴുള്ള ദുഃഖവും, അവരോട് അന്ത്യയാത്ര ചൊല്ലുന്നതും, ഒടുവിൽ അല്പാല്പമായി അന്ത്യശ്വാസങ്ങൾ വലിച്ച് മരണത്തിനു കീഴടങ്ങുന്നതും സൂരജ് കാണികളെ പിടിച്ചു കുലുക്കുമാറ് അവതരിപ്പിച്ചു. തന്റെ തുട തകർത്തെറിഞ്ഞ ശേഷം, പാണ്ഡവരാൽ വലയിതനായി പടക്കളം വിടുന്ന ഭീമനെ നോക്കുമ്പോഴുള്ള രോഷവും, ഒടിഞ്ഞുനുറുങ്ങിയ തുടകളുണ്ടാക്കുന്ന വേദനയും, തന്റെ പതനമോർത്തുള്ള വ്യസനവും ദുര്യോധനനിൽ മാറിമാറി നിഴലിക്കുന്നു. ഈ ഭാവമാറ്റങ്ങളും, യുദ്ധക്കളത്തിൽ ഭീമനെ ആദ്യം നിലം പതിപ്പിച്ചതും, അതു കണ്ട് വേദവ്യാസൻ അത്ഭുതസ്തബ്ധനാവുന്നതും, പാണ്ഡവർ ദുഃഖിതരാവുന്നതും കാണുന്നതിനിടയിൽ, കൃഷ്ണൻ സ്വന്തം തുടയിൽ തട്ടി ഭീമനു നേരെ നോക്കുന്നത് കാണുന്ന ദുര്യോധനൻ എന്താണു സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുമ്പ്, വർദ്ധിതവീര്യനായി എഴുന്നേറ്റ ഭീമൻ ഗദ കൊണ്ട് ദുര്യോധനന്റെ തുടകളിലടിച്ച് വീഴ്ത്തിക്കഴിഞ്ഞിരുന്നു. ഈ രംഗങ്ങളെല്ലാം തന്നെ ഇരുന്നയിരിപ്പിലാണ് അഭിനയിച്ചു തീർത്തത് എന്നതാണിവിടത്തെ സവിശേഷത.

വൈദ്യുതിവിളക്കുകൾ തീരെ ഉപയോഗിക്കാതെ, നിലവിളക്കിന്റെയും, മൺചെരാതുകളുടെയും പ്രകാശം മാത്രമായിരുന്നു അരങ്ങിൽ ഉപയോഗിച്ചത്. കാണികളേറെയും ഇരുന്നത് നിലത്ത് വിരിച്ച പായകളിലായിരുന്നതുകൊണ്ട്, ഇരുന്നാടുന്ന ദുര്യോധനനെ കൂടുതൽ മിഴിവോടെ കാണാൻ ഈ ദീപാലങ്കാരം ഏറെ സഹായിച്ചു.

‘ഊരുഭംഗ’ത്തിലെ ദുര്യോധനന്റെ ചമയത്തിലുമുണ്ട് സവിശേഷതകൾ. സാധാരണ പതിവുള്ള കടലാസ് ചുട്ടിക്കു പകരം, അരിമാവു കൊണ്ടുള്ള പഴയ തരം ചുട്ടിയാണുപയോഗിക്കുന്നത്. കടലാസ് ചുട്ടിയേക്കാൾ വലിപ്പവും പൊലിമയും കുറവു തന്നെയാണ് അരിമാവു കൊണ്ടുള്ള ചുട്ടിക്ക്. അരിമാവു ചുട്ടിക്ക് സൗന്ദര്യം പോരെന്നു തോന്നിയിട്ടാണല്ലോ കഥകളിയരങ്ങിൽ കടലാസു ചുട്ടി പ്രചാരത്തിലായത്. വലിപ്പവും മിനുപ്പും സൗന്ദര്യത്തെ നിർണ്ണയിക്കുന്നിടത്ത് അരിമാവു ചുട്ടി പ്രാകൃതമാണ്. ആ ‘പ്രാകൃതത്വം’ (ruggedness) ലഭിക്കാൻ തന്നെയാവണം വേണുജി ‘ഊരുഭംഗ’ത്തിലെ ദുര്യോധനനു അരിമാവ് ചുട്ടി നിശ്ചയിച്ചത്. കലാമണ്ഡലം വൈശാഖാണ് ചുട്ടിയൊരുക്കിയത്. മിഴാവു വായിച്ചത് കലാമണ്ഡലം രാജീവും, കലാമണ്ഡലം വിജയുമായിരുന്നു. l

Hot this week

വിശ്വാസി സമൂഹങ്ങളും മാർക്‌സിസ്റ്റുകളും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...

തീപ്പൊരി ആക്ഷൻ നിറഞ്ഞ ബൾട്ടി

ആക്ഷന്‌ പ്രാധാന്യം നൽകി സ്ഥിരം മാസ്‌ മസാല ചേരുവകൾ കൃത്യമായി ചേർത്ത...

Topics

വിശ്വാസി സമൂഹങ്ങളും മാർക്‌സിസ്റ്റുകളും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...

തീപ്പൊരി ആക്ഷൻ നിറഞ്ഞ ബൾട്ടി

ആക്ഷന്‌ പ്രാധാന്യം നൽകി സ്ഥിരം മാസ്‌ മസാല ചേരുവകൾ കൃത്യമായി ചേർത്ത...

സ്‌ത്രീകൾ മാത്രം കെട്ടിയാടുന്ന തെയ്യം

മലബാറിലെ നാറൂറോളം കാവുകളിലായി നൂറിൽപരം തെയ്യങ്ങൾ ഇപ്പോൾ കെട്ടിയാടുന്നുണ്ട്. ഇതിൽ ഒരു...

ലെനിൻ: സെെദ്ധാന്തിക തെളിമകൾക്കായുള്ള 
പോരാട്ടങ്ങൾ- 2

‘‘ലെനിൻ തന്നെ വിപ്ലവം. അദ്ദേഹം ജീവിച്ചതും ശ്വസിച്ചതും മരിച്ചതും വിപ്ലവത്തിനുവേണ്ടിയായിരുന്നു.’’ ലൂയി...

ആർ ഉമാനാഥ്‌

അത്യുത്തര കേരളത്തിൽ ജനിച്ച്‌ കോഴിക്കോട്ട്‌ രാഷ്‌ട്രീയപ്രവർത്തനം ആരംഭിച്ച്‌ തമിഴകത്തെ തലമുതിർന്ന കമ്യൂണിസ്റ്റ്‌...
spot_img

Related Articles

Popular Categories

spot_imgspot_img