ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 26

ജി വിജയകുമാർ

ദേശീയപ്രശ്‌നം എങ്ങനെ കൈകാര്യംചെയ്യാം?

‘‘സർക്കാർ സംവിധാനം എത്രത്തോളം ജനാധിപത്യപരമാകുന്നുവോ അത്രത്തോളം വ്യക്തമായി മുതലാളിത്ത തിന്മയുടെ അടിവേര്‌ തൊഴിലാളികൾക്ക്‌ കാണാനാവുന്നു; ജനാധിപത്യ അവകാശങ്ങളുടെ അഭാവത്തിൽ അത്‌ കാണാനാവില്ല. ദേശീയ തുല്യത എത്രത്തോളമുണ്ടോ നിലവിലെ ദേശീയ സംവിധാനത്തിൽനിന്ന്‌ (വേറിട്ടുപോകാനുള്ള സ്വാതന്ത്ര്യമില്ലാതെ ദേശീയ തുല്യതയും പൂർണമാകില്ല), അത്രത്തോളം വ്യക്തമായി തങ്ങൾ നേരിടുന്ന അടിച്ചമർത്തലിന്റെ മൂലകാരണം മുതലാളിത്തമാണെന്ന്‌ മർദിത രാഷ്‌ട്രങ്ങളിലെ തൊഴിലാളികൾക്ക്‌ കാണാനാവും; അവകാശങ്ങളുടെ അഭാവവും മറ്റുമൊന്നുമല്ല അതെന്നും വ്യക്തമാകും’’.
‐ലെനിൻ, A Caricature of Marxism and Imperialist Economism Collected Works, Vol: 23

Page 61 ദേശീയപ്രശ്‌നത്തെ സംബന്ധിച്ചുള്ള ലെനിന്റെ ഗൗരവപൂർണമായ രചനകൾ പ്രധാനമായും എഴുതപ്പെട്ടത്‌ 1912നും 1916നും ഇടയ്‌ക്കുള്ള കാലത്താണ്‌. വിഷയങ്ങളെക്കുറിച്ച്‌ ആഴത്തിലറിയാനുള്ള അദ്ദേഹത്തിന്റെ ജിജ്ഞാസയും വ്യഗ്രതയും ഈ രചനകളിൽ കൃത്യമായി പ്രകടമാകുന്നുണ്ട്‌. ഇനിയുള്ള കാലത്ത്‌ ദേശീയപ്രശ്‌നത്തിന്‌ സവിശേഷമായ പ്രാധാന്യമുണ്ടെന്ന്‌ ലെനിൻ 1912 മുതൽതന്നെ വാദിക്കാൻ തുടങ്ങി. ദേശീയ പ്രസ്‌ഥാനങ്ങളും തൊഴിലാളിവർഗ വിപ്ലവപ്രസ്ഥാനങ്ങളും ഒരുമിച്ച്‌ പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം മനസ്സിലാക്കി.

1897ലെ സെൻസസ്‌പ്രകാരം റഷ്യയിൽ 12,89,24,289 ആളുകളാണ്‌ ഉണ്ടായിരുന്നത്‌. ഇവർ വിവിധ ദേശീയ വിഭാഗങ്ങളിൽപെട്ടവരായിരുന്നു. റഷ്യൻ സാമ്രാജ്യത്തിലെ 10 ശതമാനത്തോളം ആളുകൾ ഏഷ്യൻ മേഖലയിലുള്ളവരായിരുന്നു. അതിനർത്ഥം, 20‐ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽപോലും മധ്യേഷ്യയിലെയും കോക്കസസ്‌ പ്രദേശത്തേയും ജനങ്ങളാകെ ചേർന്നാലും റഷ്യൻ സാമ്രാജ്യത്തിലെ വളരെ ചെറിയൊരു വിഭാഗം മാത്രമേ വരൂ എന്നാണ്‌. ഒട്ടേറെ ദേശീയ ജനവിഭാഗങ്ങൾ ചേർന്നതാണ്‌ റഷ്യൻ സാമ്രാജ്യത്തിലെ ജനസംഖ്യ: ഖാർക്കോവിൽ മാത്രം 45 വിവിധ ദേശീയ ജനവിഭാഗങ്ങൾ പാർത്തിരുന്നു; ഒഡേസയിൽ 50ൽ അധികം ഭാഷകൾ സംസാരിക്കുന്നവരുണ്ടായിരുന്നു. ഇവയെയാകെ ഏകീകരിക്കുന്നതും സാറിസ്റ്റ്‌ വാഴ്‌ചയിൽ നടമാടിയിരുന്നതുമായ റഷ്യവൽക്കരണ പ്രവണതയുടെ അവിഭാജ്യ ഭാഗമായിരുന്നു വംശീയമായ അടിച്ചമർത്തൽ.

എന്നാൽ, ദേശീയപ്രശ്‌നവുമായി ബന്ധപ്പെട്ട്‌ ലെനിനുണ്ടായിരുന്ന പ്രത്യേകമായ നിലപാടും താൽപര്യവും ഏതെങ്കിലും രൂപത്തിലുള്ള വ്യക്തിഗതമായ ഇഷ്ടാനിഷ്ടങ്ങളുടെയോ പ്രതിബദ്ധതയുടെയോ അടിസ്ഥാനത്തിലുള്ളതായിരുന്നില്ല. ദേശീയ ന്യൂനപക്ഷ ജനവിഭാഗങ്ങളോട്‌ സാറിസ്റ്റ്‌ സ്വേച്ഛാധിപത്യ വാഴ്‌ച പുലർത്തിയിരുന്ന അടിച്ചമർത്തൽ നയത്തെ ലെനിൻ ശക്തമായി എതിർത്തിരുന്നു.

1903ൽ ചേർന്ന റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക്‌ ലേബർ പാർട്ടിയുടെ (RSDLP) രണ്ടാം കോൺഗ്രസിലായിരുന്നു ദേശീയപ്രശ്‌നത്തെക്കുറിച്ചും രാഷ്‌ട്രങ്ങളുടെ സ്വയംനിർണയാവകാശത്തെക്കുറിച്ചും ആദ്യമായി നിർവചനം നൽകിയതും അതിലുപരി ആ പ്രശ്‌നത്തിന്റെ രാഷ്‌ട്രീയ പ്രാധാന്യത്തെക്കുറിച്ച്‌ വ്യക്തത വരുത്തിയതും. ആ കോൺഗ്രസിൽ പങ്കെടുത്തിരുന്ന 46 പ്രതിനിധികൾ 26 സോഷ്യൽ ഡെമോക്രാറ്റിക്‌ സംഘടനകളിൽനിന്നുള്ളവരായിരുന്നു. ആ സമ്മേളനത്തിൽ ലെനിനും പ്ലെഖാനോവും മാർത്തോവും മുൻകൈയെടുത്ത്‌ ജൂത തൊഴിലാളിസംഘടനയായ ബുന്ദിനെ (Bund) സംബന്ധിച്ച നിലപാട്‌ വ്യക്തമാക്കുന്ന ഒരു പ്രമേയം പാസാക്കുകയുണ്ടായി. ദേശീയതകളുടെ അടിസ്ഥാനത്തിൽ പാർട്ടിയെ ഫെഡറൽ ഘടനയുള്ളതാക്കി പുനഃസംഘടിപ്പിക്കണമെന്ന വാദത്തെ ആ പ്രമേയം നിരാകരിച്ചു. വർഗാടിസ്ഥാനത്തിലുള്ള ഒരു പാർട്ടിയെന്ന നിലയിൽ, റഷ്യയിലാകെയുള്ള തൊഴിലാളികളുടെ പാർട്ടിയെന്ന നിലയിൽ ആർഎസ്‌ഡിഎൽപിയെ ദേശീയ ജനവിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ വേർതിരിക്കാനാവില്ലെന്നും പ്രമേയം വ്യക്തമാക്കി.

പാർട്ടി പരിപാടിപ്രകാരംതന്നെ ദേശീയതകളുടെ സ്വയംനിർണയാവകാശം അംഗീകരിക്കുന്ന ആദ്യത്തെ കിഴക്കൻ യൂറോപ്യൻ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയാണ്‌ ആർഎസ്‌ഡിഎൽപി. എന്നാൽ, ലെനിന്റെ രചനകളും പാർട്ടി രേഖകളും വ്യക്തമാക്കുന്ന മറ്റൊരു കാര്യം, സ്വയംനിർണയത്തിനും വേറിട്ടുപോകുന്നതിനുമുള്ള ദേശീയതകളുടെ അവകാശം അംഗീകരിക്കുന്നതിനെ ഏതെങ്കിലുമൊരു ദേശീയവിഭാഗം പരമാധികാര രാഷ്‌ട്രമായി (Sovereign State) മാറുന്നത്‌ ഉചിതവും പ്രായോഗികമായി ശരിയുമാണോയെന്ന പ്രശ്‌നവുമായി കൂട്ടിക്കുഴയ്‌ക്കാൻ പാടില്ലായെന്നാണ്‌. മുതലാളിത്ത വ്യവസ്ഥയ്‌ക്കു കീഴിൽ പ്രവർത്തിക്കുന്ന തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആഭ്യന്തരവികാസം സാധ്യമാക്കുന്നതിന്‌ ദേശീയാടിസ്ഥാനത്തിൽതന്നെയുള്ള തൊഴിലാളിപ്രസ്ഥാനത്തിന്റെ ഐക്യം കെട്ടിപ്പടുക്കുകയെന്ന അജൻഡ അനിവാര്യമാണെന്നും ആർഎസ്‌ഡിഎൽപി പരിപാടി വ്യക്തമാക്കുന്നുണ്ട്‌.

1913 അവസാനവും 1914 ആദ്യവുമുള്ള തന്റെ രചനകളിൽ സങ്കീർണമായ ഈ വൈരുദ്ധ്യങ്ങൾക്ക്‌ സൈദ്ധാന്തികമായ പരിഹാരം ലെനിൻ അവതരിപ്പിക്കുന്നുണ്ട്‌. ദേശീയതകളുടെ വിഷയവുമായി ബന്ധപ്പെട്ട്‌ മുതലാളിത്തവികാസത്തിൽ സമാന്തരമായി രണ്ട്‌ പ്രവണതകൾ ഉയർന്നുവരുന്നുവെന്ന പ്രശസ്തമായ സിദ്ധാന്തം ഈ ഘട്ടത്തിൽ ലെനിൻ മുന്നോട്ടുവയ്‌ക്കുന്നുണ്ട്‌. ഇതിൽ ഒന്നാമത്തെ പ്രവണത ദേശീയമുന്നേറ്റങ്ങളിലെ ഉണർവാണ്‌; അതായത്‌ എല്ലാ രൂപങ്ങളിലുമുള്ള ദേശീയ അടിച്ചമർത്തലുകൾക്കെതിരായ പോരാട്ടങ്ങൾ ശക്തിപ്പെടുന്നതും ദേശരാഷ്‌ട്രങ്ങളെ സംബന്ധിച്ചിടത്തോളം ‘‘ദേശീയ കമ്പോള’’ത്തിന്റെ വികാസവുമാണ്‌.

ചരിത്രപരമായ രണ്ടാമത്തെ പ്രവണത ദേശീയതകൾ തമ്മിലുള്ള സാമ്പത്തികവും വ്യാപാരപരവും ശാസ്‌ത്രീയവുമായ ബന്ധങ്ങളുടെ വികാസമാണ്‌. ആഗോളതാൽപര്യങ്ങളുടെയും അന്താരാഷ്‌ട്ര മൂലധനത്തിന്റെ വിപുലീകരണത്തിന്റെയും ഉദ്‌ഗ്രഥനത്തിന്‌ അനുയോജ്യമായവിധം ദേശീയമായ അതിർവരമ്പുകൾ ഇല്ലാതാകുന്ന പ്രവണതയും ഇതിന്റെ ഭാഗമായി കാണാം. വിപ്ലവപരമായ വർഗസമരത്തിന്റെ പശ്ചാത്തലത്തിൽ, തൊഴിലാളിവർഗ ഐക്യത്തിന്റെ രാഷ്‌ട്രീയത്തെ സംബന്ധിച്ചിടത്തോളം ദേശീയപ്രശ്‌നത്തിന്‌ വലിയ പ്രാധാന്യമുണ്ടെന്ന്‌ ലെനിൻ വ്യക്തമാക്കുന്നുണ്ട്‌. മുതലാളിത്ത വികാസത്തിൽ ഉയർന്നുവരുന്ന പ്രവണതകളെയെല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കണം സോഷ്യൽ ഡെമോക്രാറ്റുകൾ രാഷ്‌ട്രീയപരിപാടിക്ക്‌ രൂപംനൽകേണ്ടത്‌ എന്നാണ്‌ ലെനിൻ മുന്നോട്ടുവെച്ച ആശയം.

എല്ലാ ദേശീയവിഭാഗങ്ങൾക്കും ദേശീയ ഭാഷകൾക്കും തുല്യ പ്രാധാന്യമുണ്ടായിരിക്കണമെന്നും ഏതെങ്കിലുമൊന്നിന്‌ പ്രത്യേക പ്രാധാന്യമോ മേൽക്കൈയോ അനുവദിച്ചുകൊടുക്കാനാവില്ലെന്നും ലെനിൻ വ്യക്തമാക്കുന്നുണ്ട്‌. എന്നാൽ ബൂർഷ്വാ ദേശീയവാദവുമായി തൊഴിലാളിവർഗ പ്രസ്ഥാനത്തെ കൂട്ടിക്കെട്ടുന്ന പ്രവണതകൾക്കെല്ലാമെതിരായി ശക്തമായി പൊരുതണമെന്നും ലെനിൻ അഭിപ്രായപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിലാണ്‌ ബൂർഷ്വാ ജനാധിപത്യ ദേശീയപ്രസ്ഥാനങ്ങൾ വികസിച്ചുവന്നതെന്നും ദേശീയസമരങ്ങൾ ശക്തമായതെന്നും ലെനിൻ ചൂണ്ടിക്കാണിക്കുന്നുണ്ട്‌.

A Caricature of Marxism and Imperialist Economism എന്ന തന്റെ കൃതിയിൽ ലെനിൻ മുതലാളിത്തവികാസത്തെയും സോഷ്യലിസ്റ്റ്‌ വിപ്ലവത്തെയും സംബന്ധിച്ച്‌ ഇങ്ങനെ എഴുതുന്നു: ‘‘ലോകത്തെ മിക്കവാറും രാജ്യങ്ങളും ഭൂരിപക്ഷം ജനവിഭാഗങ്ങളും മുതലാളിത്ത വികാസത്തിന്റെ ഘട്ടത്തിൽ എത്തിയിട്ടുപോലുമില്ല. അഥവാ കഷ്ടിച്ച്‌ ആ ഘട്ടത്തിലേക്ക്‌ എത്തുന്നതേയുള്ളൂവെന്ന ഒറ്റക്കാരണത്താൽ ലോകവിപ്ലവം എല്ലാ രാജ്യങ്ങളിലെയും തൊഴിലാളികളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ സാധ്യമാക്കാൻ കഴിയില്ല… പശ്ചിമ യൂറോപ്പിലെ വികസിതരാജ്യങ്ങളും വടക്കേ അമേരിക്കയും മാത്രമേ സോഷ്യലിസത്തിന്‌ പാകമാകുന്നുള്ളൂ’’ (Collected Works, Volume 23 Page 22).

എന്നാൽ കൊളോണിയൽ രാജ്യങ്ങളിൽ ദേശീയസ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ പോലും ആരംഭദശയിലായിരുന്നു; എന്നിട്ടും അക്കാലത്തുതന്നെ ലെനിൻ ദീർഘവീക്ഷണത്തോടെ കണ്ടത്‌, ആ രാജ്യങ്ങൾ സ്വതന്ത്രമായാലും ഏതെങ്കിലും വിധത്തിൽ കൊളോണിയൽ കാലഘട്ടത്തിലെ സാഹചര്യങ്ങളിലേക്ക്‌ തിരികെപോകാൻ നിർബന്ധിതമാകുമെന്നാണ്‌; കാരണം, അന്താരാഷ്‌ട്രതലത്തിൽ സുസംഘടിതമായ മുതലാളിത്ത സ്ഥാപനങ്ങൾ, അതായത്‌ ബാങ്കുകളും വൻകിട കുത്തകകളും, നവസ്വതന്ത്രമായ ദേശരാഷ്‌ട്രങ്ങളെ സ്വന്തം സാമ്പത്തികവളർച്ചയ്‌ക്കുള്ള സ്ഥാപനങ്ങളാക്കി മാറ്റുകയും ആഗോളവൽകൃത മൂലധനത്തിന്റെയും അതിന്റെ സ്ഥാപനങ്ങളുടെയും പ്രവർത്തനമേഖലകളിലൊന്ന്‌ അതായി മാറുകയും ചെയ്യുമെന്നും ലെനിൻ അക്കാലത്തുതന്നെ മനസ്സിലാക്കി. രണ്ടാം ലോകയുദ്ധാനന്തരം കോളനികൾ സാമ്രാജ്യത്വശക്തികളുടെ നുകത്തിൽനിന്നും മോചനം നേടിയപ്പോൾ നാം കണ്ടത്‌ ലെനിൻ ദശകങ്ങൾക്കുമുമ്പ്‌ ദീർഘദർശനം നടത്തിയ അതേ പ്രക്രിയയെ തന്നെയാണ്‌.

1914ൽ രാഷ്‌ട്രങ്ങളുടെ സ്വയംനിർണയാവകാശത്തെക്കുറിച്ച്‌ ലെനിൻ എഴുതിയ കൃതി പ്രധാനമായും റോസ ലക്‌സംബെർഗിന്റെ ഈ വിഷയത്തിലെ നിലപാടുകളോടുള്ള വിമർശനമാണ്‌. സ്വയം നിർണയിക്കാനുള്ള രാഷ്‌ട്രങ്ങളുടെ അവകാശത്തെ ലക്‌സംബെർഗ്‌ അംഗീകരിച്ചിരുന്നില്ല. എന്നാൽ, ആ നിലപാട്‌ സോഷ്യൽ ഡെമോക്രാറ്റിക്‌ പ്രസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിന്‌ ഹാനികരമായിരിക്കുമെന്ന സമീപനമാണ്‌ ലെനിൻ കൈക്കൊണ്ടത്‌. കോളനി വാഴ്‌ചയ്‌ക്കെതിരായ ദേശീയ വിമോചന പോരാട്ടങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരെയും സാറിസ്റ്റ്‌ സ്വേച്ഛാധിപത്യത്തിനെതിരെ പൊരുതുന്ന ദേശീയ ന്യൂനപക്ഷവിഭാഗങ്ങളിലെ വിപ്ലവകാരികളെയും സോഷ്യൽ ഡെമോക്രാറ്റിക്‌ പ്രസ്ഥാനത്തോടൊപ്പം അണിനിരത്താൻ പര്യാപ്‌തമല്ല റോസയുടെയും മറ്റും നിലപാടുകൾ എന്നാണ്‌ ലെനിൻ വാദിച്ചത്‌.

ഒന്നാം ലോകയുദ്ധം ആരംഭിച്ചശേഷം 1914 ഡിസംബറിൽ എഴുതിയ On the National Pride of the Great Russians എന്ന കൃതിയിൽ സോഷ്യൽ ഡെമോക്രസിയുടെ ലിബറൽ വാദങ്ങളെ ലെനിൻ നിശ്ശിതമായി വിമർശിക്കുന്നതു കാണാം. ലെനിന്റെ അഭിപ്രായത്തിൽ, പുരോഗമനപരമായ ദേശീയ സംസ്‌കാരം എന്നതിന്റെ അർത്ഥം വിശാലാടിസ്ഥാനത്തിലുള്ള റഷ്യൻ മാനവികസംസ്‌കാരം എന്നാണ്‌; അതിൽ റഷ്യൻ ജനതയ്‌ക്കാകെ അഭിമാനംകൊള്ളാവുന്നതാണ്‌. ഈ സംസ്‌കാരം സാറിസത്തിന്റെയും റഷ്യൻ ബൂർഷ്വാസിയുടെയും ഭൂപ്രഭുക്കളുടെയും പുരോഹിതരുടെയും താൽപര്യങ്ങൾക്കെതിരെ നിൽക്കുന്ന സംസ്‌കാരമാണ്‌. അടിമത്തത്തിൽനിന്നു മോചനം നേടുന്നതിനായി പൊരുതാൻ മഹാഭൂരിപക്ഷം ജനങ്ങൾക്കും എത്രത്തോളം ശേഷിയുണ്ട്‌ എന്നതുമായും സ്വാതന്ത്ര്യം എന്ന ആശയത്തെയും ബന്ധപ്പെട്ടാണ്‌ ‘‘ദേശീയമായ അഭിമാനബോധം’’ എന്ന സങ്കൽപ്പനം ചർച്ചചെയ്യപ്പെടേണ്ടത്‌ എന്നും ലെനിൻ വ്യക്തമാക്കി.

കൊളോണിയൽ പ്രശ്‌നത്തിന്റെ ശരിക്കുമുള്ള ചരിത്രപ്രാധാന്യം മനസ്സിലാക്കിയിട്ടുള്ള ആദ്യത്തെ സോഷ്യൽ ഡെമോക്രാറ്റും മാർക്‌സിസ്റ്റുമാണ്‌ ലെനിൻ. കോളനി വാഴ്‌ചയ്‌ക്കെതിരായ പ്രക്ഷോഭങ്ങളും ദേശീയ ജനവിഭാഗങ്ങളുടെ പ്രക്ഷോഭങ്ങളും തമ്മിൽ പരസ്‌പരം ബന്ധപ്പെട്ടിരിക്കുകയാണെന്നുള്ള സുപ്രധാനമായ രാഷ്‌ട്രീയ നിഗമനത്തിലാണ്‌ ലെനിൻ എത്തിച്ചേർന്നത്‌; എന്നുമാത്രമല്ല, ഇവ രണ്ടും തമ്മിലെന്നതുപോലെ ഇവയും വികസിത മുതലാളിത്തരാജ്യങ്ങളിലെ തൊഴിലാളിപ്രസ്ഥാനവും തമ്മിലും ബന്ധപ്പെട്ടിരിക്കുന്നുവെന്നും ലെനിൻ വ്യക്തമാക്കി. എന്നാൽ ലേബർ അരിസ്റ്റോക്രസി എന്ന്‌ അദ്ദേഹം പൊതുവെ പരിഹസിച്ചിരുന്ന വികസിത മുതലാളിത്ത രാജ്യങ്ങളിലെ വലതുപക്ഷ ട്രേഡ്‌ യൂണിയനുകൾ, കോളനി രാജ്യങ്ങളെയാകെ കൊള്ളയടിച്ച്‌ ‘വികസിത’ രാജ്യങ്ങളുണ്ടാക്കുന്ന സന്പത്തിൽ ഒരുഭാഗം പറ്റുന്നതിന്റെ ഫലമായി താരതമ്യേന മെച്ചപ്പെട്ട സ്ഥിതിയിൽ എത്തിയിരിക്കുന്നുവെന്നും ഇങ്ങനെ മെച്ചപ്പെട്ട സ്ഥിതിയിലായ തൊഴിലാളിപ്രസ്ഥാനങ്ങൾ മുതലാളിത്ത വ്യവസ്ഥയെ താങ്ങിനിർത്തുകയാണെന്നും ലെനിൻ തന്നെ പലവട്ടം ചൂണ്ടിക്കാണിക്കുന്നുണ്ട്‌. നിലവിലുള്ള വ്യവസ്ഥയോട്‌ ഒട്ടിച്ചേർന്നുനിൽക്കുന്ന വിഭാഗങ്ങളെ സാമ്രാജ്യത്വശക്തികൾ പ്രോത്സാഹിപ്പിച്ച്‌ കൂടെനിർത്തുന്ന കാര്യവും ലെനിൻ പറയുന്നുണ്ട്‌.

എന്നാൽ വിപ്ലവ സോഷ്യൽ ഡെമോക്രാറ്റിക്‌ പ്രസ്ഥാനത്തിന്റെ സഖ്യശക്തികൾ രാഷ്‌ട്രങ്ങളുടെ സ്വയംനിർണയാവകാശം എന്ന രാഷ്‌ട്രീയതത്വത്തിന്റെയും പ്രത്യയശാസ്‌ത്ര നിലപാടിന്റെയും പ്രാ‌ധാന്യത്തെക്കുറിച്ച്‌ ഗൗരവപൂർവം കാണുന്നുണ്ടെന്നും ലെനിൻ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. അതേസമയം ലെനിനുമായി പല കാര്യങ്ങളിലും യോജിച്ചുനിന്നിരുന്ന റോസ ലെക്‌സംബെർഗും ആർഎസ്‌ഡിഎൽപിയിലെ ലെനിന്റെ അനുയായികളായി അറിയപ്പെട്ടിരുന്ന ബുഖാറിൻ, റാഡെക്‌, പൃത്താക്കോവ്‌ തുടങ്ങിയ ‘‘കേവല സാർവദേശീയവാദികളും ദേശീയപ്രസ്ഥാനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചോ രാഷ്‌ട്രങ്ങളുടെ സ്വയംനിർണയാവകാശത്തെക്കുറിച്ചോ ഗൗരവപൂർവം കാണാൻ തയ്യാറായിരുന്നില്ല. രണ്ടുതരത്തിലുള്ള വ്യതിയാനമാണ്‌ ഈ വിഭാഗക്കാർ പ്രകടിപ്പിക്കുന്നത്‌ എന്നാണ്‌ ലെനിൻ ചൂണ്ടിക്കാണിച്ചത്‌. ഒന്നാമത്തേത്‌, ‘‘സാന്പത്തികമാത്രവാദം’’, അതായത്‌ വലതുപക്ഷ വ്യതിയാനം; മർദിത ജനവിഭാഗങ്ങളുടെ മോചനത്തെയും വെട്ടിപ്പിടിക്കലിനും ഏകീകരിക്കലിനുമെതിരായ പോരാട്ടത്തെയും തിരസ്‌കരിക്കുന്നു. ഇതേ വിഭാഗക്കാർതന്നെ മറ്റൊരു തരത്തിൽ ‘‘ഇടതുപക്ഷ വ്യതിയാന’’വും പ്രകടിപ്പിക്കുന്നു. അതായത്‌, ഇവർ ജനാധിപത്യത്തിനും പരിഷ്‌കരണത്തിനും വേണ്ടിയുള്ള പോരാട്ടത്തോടും പിന്തിരിഞ്ഞുനിൽക്കുന്നു.

ജനാധിപത്യത്തിലെ മൗലികവും പരമപ്രധാനവുമായ വിഷയമാണ്‌ രാഷ്‌ട്രങ്ങളുടെ സ്വയംനിർണയാവകാശം എന്നായിരുന്നു ലെനിന്റെ അഭിപ്രായം. തൊഴിലാളിവർഗ വിപ്ലവകാരികൾക്ക്‌ ഒരിക്കലും അതിന്റെ പ്രാധാന്യം കുറച്ചുകാണാനാവില്ല. രാജ്യങ്ങളുടെ അതിർത്തികൾ മാറ്റിനിർണയിക്കുന്ന സാമ്രാജ്യത്വ രാഷ്‌ട്രീയത്തിനെതിരായ നിലപാടെടുക്കുകയെന്നാൽ ഭാവിയിൽ സോഷ്യലിസ്റ്റ്‌ വിപ്ലവാനന്തരം അതിർത്തികൾ പൂർവസ്ഥിതിയിലാക്കുകയെന്ന ജനാധിപത്യ പാരന്പര്യം നടപ്പിലാക്കുമെന്നാണർഥം. ജനാധിപത്യവും സോഷ്യലിസവും തമ്മിലുള്ള പരസ്‌പരബന്ധം മനസ്സിലാക്കിയപ്പോൾതന്നെ മുതലാളിത്തം ചില സവിശേഷ ചരിത്രസാഹചര്യത്തിൽമാത്രമേ ജനാധിപത്യത്തെ അംഗീകരിക്കൂവെന്ന്‌ ലെനിന്‌ ബോധ്യമുണ്ടായിരുന്നു. The Discussion on Self Determination Summed Up എന്ന കൃതിയിൽ ലെനിൻ എഴുതുന്നു, ‘‘നാം സോഷ്യലിസത്തെ കൈവെടിയാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, നമ്മുടെ മുഖ്യശത്രുവായ വൻകിട രാഷ്‌ട്രങ്ങളിലെ ബൂർഷ്വാസിക്കെതിരായ എല്ലാ കലാപങ്ങളെയും നാം പിന്താങ്ങണം; എന്നാൽ അത്‌ പിന്തിരിപ്പൻ വർഗങ്ങൾ നടത്തുന്ന കലാപമായിരിക്കാൻ പാടില്ലെന്നു മാത്രം’’ (Lenin, Collected Works, Vol 22, Page 333)

മാർക്‌സും എംഗത്സും 1848ലെ ഹംഗേറിയൻ കലാപത്തെ സംബന്ധിച്ചു രൂപംനൽകിയ കാഴ്‌ചപ്പാടുകളെക്കുറിച്ചും 1848‐49ലെ അനുഭവങ്ങളെ വിലയിരുത്തിയതിനെക്കുറിച്ചും പഠിച്ച ലെനിൻ എത്തിച്ചേർന്ന നിഗമനം, മാർക്‌സും എംഗത്സും ചെക്കുകാരുടെയും തെക്കൻ സ്ലാവ്‌ ജനതയുടെയും ദേശീയപ്രസ്ഥാനങ്ങളെ എതിർത്തത്‌ ഈ വിഭാഗങ്ങൾ സാറിന്റെ പക്ഷംപിടിച്ച്‌ ഹംഗേറിയൻ ദേശീയ വിമോചനത്തിനും ജനാധിപത്യ വിപ്ലവത്തിനായുള്ള മുന്നേറ്റത്തിനുമെതിരായി നിന്നുവെന്നതുകൊണ്ടുമാത്രമാണ്‌ എന്നാണ്‌. ചെറുരാഷ്‌ട്രങ്ങളിലെ പ്രവിശ്യാവാദത്തിൽ കാണുന്ന വൈരുദ്ധ്യങ്ങളുടെ ദൃഷ്ടാന്തങ്ങൾ എന്ന നിലയിൽ പോളണ്ടിനെയും അയർലണ്ടിനെയും കണക്കിലെടുത്ത്‌ അദ്ദേഹം വ്യക്തമാക്കിയത്‌, വേറിട്ടുപോകാനുള്ള അവകാശത്തിന്‌ എവിടെയെല്ലാം പിന്തുണ നൽകണമെന്നും എവിടെ പിന്തുണ നൽകരുതെന്നുമാണ്‌. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം പോളണ്ടിന്റെ കാര്യത്തിൽ സോഷ്യൽ ഡെമോക്രാറ്റുകാർ ദേശീയമായി വേറിട്ടുപോകാനുള്ള ഡിമാൻഡ്‌ ഉന്നയിക്കേണ്ടതില്ല; കാരണം അത്‌ യാഥാർഥ്യമായാൽ പോളണ്ട്‌ ഏതെങ്കിലുമൊരു സാമ്രാജ്യത്വശക്തിയുടെ പാദസേവ നടത്തുന്ന രാജ്യമായി മാറുമെന്നതുതന്നെയാണ്‌. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക്‌ വേറിട്ടുപോകാനുള്ള അവകാശം അനുവദിക്കണമോ എന്ന വിഷയം 1964ൽ സിപിഐഎം പാർട്ടി പരിപാടിക്ക്‌ രൂപം നൽകിയ വേളയിൽ ഉയർന്നുവന്നിരുന്നു. ശക്തമായ ഭിന്നാഭിപ്രായങ്ങൾ നേതൃനിരയിൽതന്നെ ഉയർന്നുവന്നതിനെ തുടർന്ന്‌ 1964ൽ 7‐ാം പാർട്ടി കോൺഗ്രസ്‌ ആ വിഷയം വിശദമായ ചർച്ചകൾക്കും പഠനത്തിനുംശേഷം തീർപ്പുകൽപ്പിക്കാനായി മാറ്റിവെച്ചു. അന്ന്‌ വ്യത്യസ്‌ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചവരെല്ലാം ലെനിനെ ഉദ്ധരിക്കുകയാണുണ്ടായത്‌. പക്ഷേ മാർക്‌സും എംഗത്സും ലെനിനുമെല്ലാം വ്യക്തമാക്കിയ വൈരുദ്ധ്യാത്മക നിലപാടും, പോളണ്ടിന്റെ കാര്യത്തിൽ ലെനിൻ ചൂണ്ടിക്കാണിച്ച കാര്യവും ഉൾപ്പെടെ വ്യക്തമാക്കിയാണ്‌ ഒടുവിൽ 1972ൽ മധുരയിൽ ചേർന്ന 9‐ാം പാർട്ടി കോൺഗ്രസ്‌ സംസ്ഥാനങ്ങൾക്ക്‌ വേറിട്ടുപോകാനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്ന വാദത്തെ നിരാകരിച്ചത്‌.

പോളണ്ടിന്റെ കാര്യത്തിൽനിന്നും വ്യത്യസ്‌തമായ ഒരു നിലപാടാണ്‌ അയർലണ്ടിന്റെ പ്രശ്‌നത്തിൽ ലെനിൻ സ്വീകരിച്ചത്‌. ആ കാലത്ത്‌ നടന്നുകൊണ്ടിരുന്ന ഐറിഷ്‌ കലാപത്തെ സൂചിപ്പിച്ചുകൊണ്ട്‌ ലെനിൻ പറഞ്ഞത്‌, യൂറോപ്പിലെ ചെറിയ രാജ്യങ്ങളിലെയും കോളനികളിലെയും കലാപങ്ങൾ കൂടാതെ ഒരു സാമൂഹ്യവിപ്ലവവും നടക്കില്ലെന്നാണ്‌; ഈ സാമൂഹ്യവിപ്ലവങ്ങൾ സ്വാഭാവികമായിതന്നെ സാമ്രാജ്യത്വവിരുദ്ധ സ്വഭാവമുള്ളതുമായിരിക്കും; അത്തരത്തിലുള്ളതാണ്‌ 1916ൽ നടന്ന ഐറിഷ്‌ കലാപം എന്നും ലെനിൻ വ്യക്തമാക്കി. ഇത്തരം കലാപങ്ങൾ സാമ്രാജ്യത്വത്തിനെതിരായ തൊഴിലാളിവർഗത്തിന്റെ പോരാട്ടത്തെ സഹായിക്കുകയേയുള്ളൂ; കാരണം, അവ കോളനിമേധാവികളായ സാമ്രാജ്യത്വശക്തികളുടെ സാമൂഹ്യവും രാഷ്‌ട്രീയവുമായ ആന്തരിക കെട്ടുറപ്പിനെ തകർക്കും. ലെനിൻ എഴുതുന്നു: ‘‘അയർലണ്ടിൽ നടക്കുന്ന കലാപം ഇംഗ്ലണ്ടിലെ സാമ്രാജ്യത്വ ബൂർഷ്വാസിയുടെ ശക്തിക്കെതിരെയുള്ള കനത്ത ഒരു പ്രഹരമായിരിക്കും; ഏഷ്യയിലോ ആഫ്രിക്കയിലോ നൽകപ്പെടുന്ന പ്രഹരത്തെക്കാൾ കൂടുതൽ രാഷ്‌ട്രീയമായ പ്രാധാന്യം ഇതിനുണ്ട്‌’’ (മേൽപറഞ്ഞ കൃതി, പേജ്‌ 358).

ട്രോട്‌സ്‌കിയെയും മാർത്തോവിനെയും പോലെയുള്ള റഷ്യൻ ഇന്റർനാഷണലിസ്റ്റുകളെ ദേശീയപ്രശ്‌നത്തിൽ അവർ സ്വീകരിച്ച അയവില്ലാത്ത നിലപാടുകളുടെ പേരിൽ ലെനിൻ തന്റെ രചനകളിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്‌. Discussion on Self Determination Summed Up എന്ന കൃതിയിൽ തന്നെ ട്രോട്‌സ്‌കിയുടെ അഴകൊഴന്പൻ നിലപാടുകളെ ലെനിൻ കൃത്യമായി കളിയാക്കുന്നതും കാണാം.

1917ലെ ഫെബ്രുവരി വിപ്ലവത്തെ തുടർന്ന്‌ സംജാതമായ രാഷ്‌ട്രീയ സ്വാതന്ത്ര്യത്തിന്റെ സാഹചര്യത്തിൽ ലെനിനും ബോൾഷെവിക്കുകളും ദേശീയപ്രശ്‌നം സംബന്ധിച്ച ഒരുകൂട്ടം പ്രായോഗികപ്രശ്‌നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്‌. പ്രൊവിഷണൽ ഗവൺമെന്റിലെ കാഡറ്റ്‌ പാർട്ടിക്കാരനായ വിദേശകാര്യമന്ത്രി പി മില്യൂക്കോവ്‌ 1917 മെയ്‌ മാസത്തിൽ അവരുടെ പാർട്ടി സമ്മേളനത്തിൽ പ്രഖ്യാപിച്ചത്‌, രാജ്യത്തെ നിരവധി സ്വതന്ത്ര പരമാധികാര യൂണിറ്റുകളായി വിഭജിക്കുന്നത്‌ തെല്ലും സ്വീകാര്യമല്ലെന്നാണ്‌. ഇത്‌, 1917 ഏപ്രിൽ മാസത്തിൽ ചേർന്ന ബോൾഷെവിക്‌ പാർട്ടി കോൺഗ്രസ്‌ മുന്നോട്ടുവെച്ച നിലപാടിന്‌ പാടെ എതിരായ നിലപാടായിരുന്നു. ബോൾഷെവിക്‌ പാർട്ടി കോൺഗ്രസ്‌ ഊന്നിപ്പറഞ്ഞത്‌, വേറിട്ടുപോകാനുള്ള അവകാശം സാക്ഷാത്‌കരിക്കുന്നതും അതിലേക്ക്‌ നയിക്കുന്ന പ്രചാരണവുമല്ല തൊഴിലാളിവർഗ വിപ്ലവത്തിന്റെ യഥാർത്ഥ ലക്ഷ്യം എന്നാണ്‌. നേരെമറിച്ച്‌, സോഷ്യലിസ്റ്റ്‌ വിപ്ലവത്തിന്റെ അടിസ്ഥാനലക്ഷ്യം ആത്യന്തികമായി സോഷ്യലിസ്റ്റ്‌ സോവിയറ്റ്‌ ഭരണകൂടം സ്ഥാപിക്കലാണ്‌. 1913 സെപ്‌തംബറിൽ ചേർന്ന ബോൾഷെവിക്‌ പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി അംഗീകരിച്ച പ്രമേയം സ്റ്റാലിൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു: വേറിട്ടുപോകാനുള്ള ജനങ്ങളുടെ അവകാശം; ഒരു രാഷ്‌ട്രത്തിന്റെ അതിർത്തികൾക്കുള്ളിൽ നിൽക്കവെതന്നെ ഭൂമിശാസ്‌ത്രപരമായ സ്വയംഭരണാവകാശം (Territorial autonomy) ആഗ്രഹിക്കുന്ന ജനങ്ങൾക്ക്‌ അത്‌ അനുവദിച്ചുകൊടുക്കൽ; ദേശീയ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക്‌ തങ്ങളുടേതായ സ്വതന്ത്ര വികാസം ഉറപ്പുനൽകുന്ന പ്രത്യേക നിയമനിർമാണം; എല്ലാ ദേശീയ വിഭാഗങ്ങളിലെയും തൊഴിലാളിവർഗത്തെ സേവിക്കുന്ന ഏകോപിതവും അവിഭാജ്യവുമായ പാർട്ടി. ലെനിന്റെ നിർദേശാനുസരണം, സ്റ്റാലിൻ എഴുതിയ Marxism and the National Question എന്ന കൃതിയിൽ മുന്നോട്ടുവെച്ച ആശയങ്ങളാണിവ. ദേശീയതയുടെ പേരിലുള്ള വിവേചനങ്ങളും അടിച്ചമർത്തലുകളും പൂർണമായും ഇല്ലാതാക്കുന്നതിനുള്ള മാർഗമെന്ന നിലയിലാണ്‌ ഈ നിർദേശങ്ങൾ ബോൾഷെവിക്‌ പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗീകരിച്ചത്‌. അതേസമയംതന്നെ ദേശീയമായ അതിർവരന്പുകളില്ലാത്ത സാർവദേശീയ വിപ്ലവം എന്ന യാന്ത്രിക നിലപാടായിരുന്നു പൃത്താക്കോവ്‌, സെൻഷിൻസ്‌കി, ബുഖാറിൻ തുടങ്ങിയ ബോൾഷെവിക്‌ പാർട്ടിയിലെ ഒരുവിഭാഗം ‘കേവല സാർവദേശീയ വാദികൾ’ സ്വീകരിച്ചത്‌. ഈ വാദത്തെ ലെനിൻ പാടെ നിരാകരിച്ചു. സ്റ്റാലിൻ, കമാനേവ്‌, സീനോവീവ്‌ എന്നീ ബോൾഷെവിക്‌ നേതാക്കളും ലെനിനൊപ്പം ഈ ആശയങ്ങൾ ഉയർത്തിപ്പിടിച്ചു. ഒക്ടോബർ വിപ്ലവാനന്തരം ദേശീയവും വംശീയവുമായ പ്രശ്‌നങ്ങൾ പുതിയ സംഘർഷങ്ങൾക്കിടയാക്കിയിരുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന സോവിയറ്റ്‌ ഭരണകൂടം സ്ഥാപിക്കുകയെന്ന ദൗത്യം തത്വാധിഷ്‌ഠിതമായി നടപ്പിലാക്കുന്നതിൽ ലെനിന്‌ മുഖ്യ പങ്കുവഹിക്കാൻ കഴിഞ്ഞു. l
(തുടരും)

Hot this week

രാഷ്‌ട്രീയം പറയരുതെന്ന്..!!!

അക്ഷരങ്ങളും എഴുത്തുകാരുമാണ് മനുഷ്യസമൂഹത്തിന്റെ ജ്ഞാനസ്രോതസ്സെന്ന് അറിയാവുന്നവർ കുരീപ്പുഴ ശ്രീകുമാറിനെ പോലുള്ളവർ എന്തു...

സാമ്പത്തിക അച്ചടക്കത്തിന്റെ രാഷ്ട്രീയം

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച...

മഹാനടന്മാർ ഒന്നിച്ചെത്തുന്ന തിരശീല

മലയാള സിനിമയിലെ രണ്ടു മഹാനടന്മാർ നീണ്ട ഇടവേളയ്‌ക്കു ശേഷം ഒരുമിച്ചെത്തുന്ന ചിത്രമെന്നതായിരുന്നു...

പിയർ ഒഗസ്റ്റിൻ റെന്വയുടെ ചിത്രപ്രപഞ്ചം

ഫ്രാൻസ് ലോക ചിത്രകലയിൽ ഒരുപാട് മഹാരഥൻമാരെ സംഭാവന ചെയ്ത നാടാണ്. കലയുടെ...

യുഡിഎഫ്‌ വന്ദേമാതരത്തിൽ അലിഞ്ഞുചേരുമ്പോ

മുസ്ലിംലീഗിലെയും കോൺഗ്രസിലെയും സുഹൃത്തുക്കൾക്ക് ഫൗസിയ ഷെയ്ഖിനെയും റുബിന ഇഖ്ബാലിനെയും അറിയുമോ? ഈ...

Topics

രാഷ്‌ട്രീയം പറയരുതെന്ന്..!!!

അക്ഷരങ്ങളും എഴുത്തുകാരുമാണ് മനുഷ്യസമൂഹത്തിന്റെ ജ്ഞാനസ്രോതസ്സെന്ന് അറിയാവുന്നവർ കുരീപ്പുഴ ശ്രീകുമാറിനെ പോലുള്ളവർ എന്തു...

സാമ്പത്തിക അച്ചടക്കത്തിന്റെ രാഷ്ട്രീയം

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച...

മഹാനടന്മാർ ഒന്നിച്ചെത്തുന്ന തിരശീല

മലയാള സിനിമയിലെ രണ്ടു മഹാനടന്മാർ നീണ്ട ഇടവേളയ്‌ക്കു ശേഷം ഒരുമിച്ചെത്തുന്ന ചിത്രമെന്നതായിരുന്നു...

പിയർ ഒഗസ്റ്റിൻ റെന്വയുടെ ചിത്രപ്രപഞ്ചം

ഫ്രാൻസ് ലോക ചിത്രകലയിൽ ഒരുപാട് മഹാരഥൻമാരെ സംഭാവന ചെയ്ത നാടാണ്. കലയുടെ...

യുഡിഎഫ്‌ വന്ദേമാതരത്തിൽ അലിഞ്ഞുചേരുമ്പോ

മുസ്ലിംലീഗിലെയും കോൺഗ്രസിലെയും സുഹൃത്തുക്കൾക്ക് ഫൗസിയ ഷെയ്ഖിനെയും റുബിന ഇഖ്ബാലിനെയും അറിയുമോ? ഈ...

ചരിത്രത്തിൽ ഇടം നിഷേധിക്കപ്പെട്ടവരുടെ ചരിത്രം

1757ലെ സാമ്രാജ്യത്വത്തിനെതിരെയുള്ള പ്ലാസി യുദ്ധം മുതലിങ്ങോട്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 25

മാർക്‌സിസത്തെ പുനർനിർമിക്കുന്ന ലെനിൻ ‘‘ഇരുപതാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട സുപ്രധാന കൃതികളിലൊന്നാണ്‌ ലെനിന്റെ...

ആനന്ദഭൈരവിയിൽ അലിഞ്ഞുതീരുന്ന വേദന!

കാലം 1800കൾ, മുത്തുസ്വാമി ദീക്ഷിതർ ഉത്തരേന്ത്യാ യാത്രയിൽ... -കാശി, വാരാണസി, ഗംഗാതീരം...
spot_img

Related Articles

Popular Categories

spot_imgspot_img