ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 30

ജി വിജയകുമാർ

‘‘ജനങ്ങൾക്കിടയിൽ വിപ്ലവാവേശം ശക്തിപ്പെടുകയായിരുന്നു. 1917 ജൂൺ 10ന്‌ ഒരു പ്രകടനം നടത്താൻ ബോൾഷെവിക്കുകൾ തീരുമാനിച്ചിരുന്നു. എന്നാൽ മൂന്നു ദിവസത്തിനിടയ്‌ക്ക്‌ ഒരു പ്രകടനവും പാടില്ലെന്ന്‌ ഉത്തരവിട്ടുകൊണ്ട്‌ സോവിയറ്റുകളുടെ കോൺഗ്രസ്‌ ആ പ്രകടനം നിരോധിച്ചു. അതിനെ തുടർന്ന്‌ പെട്രോഗ്രാഡ്‌ പാർട്ടി കമ്മിറ്റിയുടെ പ്രകടനം നടത്താനുള്ള തീരുമാനം പിൻവലിക്കണമെന്ന്‌ ഇലിച്ച്‌ വാശിപിടിച്ചു. നമ്മൾ സോവിയറ്റുകളുടെ അധികാരം അംഗീകരിക്കുന്നതുകൊണ്ടുതന്നെ സോവിയറ്റുകളുടെ കോൺഗ്രസിന്റെ ഉത്തരവ്‌ അനുസരിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്‌ എന്ന നിലപാടാണ്‌ ലെനിൻ സ്വീകരിച്ചത്; അത്തരമൊരു നിലപാട്‌ സ്വീകരിക്കാതിരിക്കുകയാണെങ്കിൽ ശത്രുക്കളുടെ കൈകളിൽ കളിക്കുന്നതുപോലെയാകും അത്‌. എന്നാൽ ജനവികാരത്തിനു കീഴടങ്ങിയ സോവിയറ്റുകളുടെ കോൺഗ്രസ്‌ തന്നെ ജൂൺ 18ന്‌ (പഴയ കലണ്ടർ പ്രകാരം) പ്രകടനം നടത്താൻ ആഹ്വാനം ചെയ്‌തു. പക്ഷേ, അതിനു വേണ്ടത്ര തയ്യാറെടുപ്പ്‌ നടത്തിയിരുന്നില്ല. എന്നിട്ടും, 40 ലക്ഷത്തോളം തൊഴിലാളികളും സൈനികരും ആ പ്രകടനത്തിൽ പങ്കെടുത്തു. 90 ശതമാനത്തോളം ബാനറുകളിലും പോസ്റ്ററുകളിലുമുണ്ടായിരുന്നത്‌ ബോൾഷെവിക്‌ സെൻട്രൽ കമ്മിറ്റിയുടെ മുദ്രാവാക്യങ്ങളായിരുന്നു. ‘‘എല്ലാ അധികാരവും സോവിയറ്റുകൾക്ക്‌’’, ‘‘മുതലാളിത്തപക്ഷത്തെ പത്ത്‌ മന്ത്രിമാർ അധികാരമൊഴിയുക’’: മൂന്ന്‌ പോസ്റ്ററുകൾ മാത്രമേ പ്രൊവിഷണൽ ഗവൺമെന്റിനെ പിന്താങ്ങിയുള്ളൂ. ജൂൺ 18ന്റെ പ്രകടനത്തെക്കുറിച്ച്‌ ഇലിച്ച്‌ പറഞ്ഞത്‌ അതൊരു വഴിത്തിരിവായിരുന്നു എന്നാണ്‌’’
‐ എൻ കെ ക്രൂപ്‌സ്‌കായ, ‘‘ലെനിനെക്കുറിച്ചുള്ള ഓർമകൾ’’

ഏപ്രിൽ തീസിസിനെ സംബന്ധിച്ച വ്യാഖ്യാനങ്ങൾ എന്തൊക്കെയാണെങ്കിലും, സംശയാതീതമായി പറയാവുന്ന ഒരു കാര്യം അതോടെ റഷ്യൻ വിപ്ലവപ്രസ്ഥാനത്തിന്റെ മുൻനിരയിലേക്ക്‌ ലെനിൻ വീണ്ടുമെത്തിയെന്നതാണ്‌. ലാർസ്‌ ടി ലി ഏപ്രിൽ തീസിസിനെക്കുറിച്ച്‌ എഴുതുന്നതിങ്ങനെ: ‘‘പെട്രോഗ്രാഡിൽ മടങ്ങിയെത്തിയ ഉടൻ ലെനിൻ മുന്നോട്ടുവെച്ച ഏപ്രിൽ തീസിസ്‌ എന്നറിയപ്പെടുന്നത്‌ ലെനിന്റെ കാഴ്‌ചപ്പാടിൽ വന്ന അതിപ്രധാനമായ ചുവടുമാറ്റം എന്നാണ്‌ പരന്പരാഗതമായി പരിഗണിച്ചുപോരുന്നത്‌; എന്നിരുന്നാലും ഈ തീസിസിൽ തികച്ചും പുതിയതായി എന്താണുള്ളതെന്ന്‌ കൃത്യമായി കണ്ടെത്തുന്ന കാര്യം തികച്ചും ബുദ്ധിമുട്ടാണ്‌. ഏപ്രിൽ തീസിസിലെ സുപ്രധാനമായ ഭാഗങ്ങളെല്ലാം 1915 ഒക്ടോബറിൽ ലെനിൻ പ്രസിദ്ധീകരിച്ച ഒരുകൂട്ടം തീസിസുകളിൽ കാണാൻ കഴിയും‐ യുദ്ധം തുടരുന്നതിന്‌ ലക്ഷ്യംവെക്കുന്ന ‘വിപ്ലവകാരികളായ സങ്കുചിത ദേശീയവാദികളുടെ ഗവൺമെന്റിനോടുള്ള ശക്തമായ എതിർപ്പ്‌, എല്ലാ അധികാരവും സോവിയറ്റുകൾക്ക്‌, അടിയന്തരമായും ഭൂപ്രഭുക്കളുടെ ഭൂമി പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട്‌ കർഷകരുടെ പിന്തുണ നേടിയെടുക്കൽ, സാമ്രാജ്യത്വ യുദ്ധത്തെ ആഭ്യന്തരയുദ്ധമാക്കി മാറ്റൽ എന്നിവയാണ്‌ അവ. ഈ നിലയിൽ ഏപ്രിൽ തീസിസിനെ ഒക്ടോബർ തീസിസെന്നും വിളിക്കാവുന്നതാണ്‌’’.

1915ലെ തീസിസിലും സ്വിറ്റ്‌സർലണ്ടിൽ നിന്ന്‌ യാത്ര തിരിക്കുന്നതിന്‌ തൊട്ടുമുന്പുവരെയും ലെനിൻ രണ്ട്‌ വ്യത്യസ്‌ത രീതിയിലുള്ള വിപ്ലവങ്ങളെക്കുറിച്ച്‌ പറഞ്ഞിരുന്നു. റഷ്യയിൽ ജനാധിപത്യവിപ്ലവവും പശ്ചിമ യൂറോപ്പിൽ സോഷ്യലിസ്റ്റ്‌ വിപ്ലവവും. ഈ രണ്ട്‌ വിപ്ലവങ്ങളും തമ്മിൽ പരസ്‌പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന്‌ മാത്രമല്ല, അതേസമയംതന്നെ അവയ്‌ക്ക്‌ വേറിട്ട അസ്‌തിത്വവുമുണ്ട്‌. യൂറോപ്പിലെ സോഷ്യലിസ്റ്റ്‌ വിപ്ലവത്തിന്‌ മുൻപായോ അതിൽനിന്ന്‌ സ്വതന്ത്രമായോ റഷ്യയിൽ സോഷ്യലിസ്റ്റ്‌ പരിവർത്തനം സാധ്യമാണെന്ന്‌ ലെനിൻ കരുതിയിരുന്നില്ല. സാറിനെ അധികാരഭ്രഷ്‌ടമാക്കിയതുകൊണ്ടുമാത്രം അദ്ദേഹത്തിന്റെ ഈ കാഴ്‌ചപ്പാടിൽ മാറ്റം വന്നില്ല. ജനാധിപത്യ വിപ്ലവത്തിന്റെ കടമകൾ പൂർത്തീകരിക്കുന്നതുവരെ അജൻഡയിൽ മാറ്റമൊന്നും വരുത്തേണ്ടതില്ലയെന്ന ഉറച്ച നിലപാടിലായിരുന്നു അപ്പോഴും അദ്ദേഹം. പിന്നീട്‌ യൂറോപ്യൻ സോഷ്യലിസ്റ്റ്‌ വിപ്ലവം ആദ്യം എന്ന സമീപനം അദ്ദേഹം കൈവെടിഞ്ഞെങ്കിലും ജനാധിപത്യവിപ്ലവം പൂർത്തിയാക്കുകയെന്നതാണ്‌ റഷ്യയെ സംബന്ധിച്ച്‌ ആദ്യം വെണ്ടത്‌ എന്നതിൽ ലെനിൻ ഉറച്ചുനിന്നു.

റഷ്യയിൽനിന്ന്‌ 1917 ഫെബ്രുവരിയിൽ സാറിസത്തിനെതിരായ വിപ്ലവത്തിന്റെ വിജയത്തെക്കുറിച്ചുള്ള വാർത്തകൾ കേട്ടയുടനുള്ള ലെനിന്റെ പ്രതികരണംതന്നെ താൻ ഒന്നരവർഷംമുന്പ്‌ (1915 ഒക്ടോബർ) പറഞ്ഞത്‌ അക്ഷരംപ്രതി ശരിയാകുന്നുവെന്നായിരുന്നു. എന്നാൽ 1917 ഏപ്രിൽ 8ന്‌ എഴുതിയ ഒരു റിപ്പോർട്ടിൽ മാത്രമാണ്‌ റഷ്യയിൽ സംഭവിക്കുന്നത്‌ സോഷ്യലിസത്തിലേക്കുള്ള ഒരു ചുവടുവെയ്‌പാണെന്ന്‌ ആദ്യമായി പറഞ്ഞത്‌. അപ്പോഴും, ഏപ്രിൽ തീസിസിൽപോലും ലെനിൻ റഷ്യയിൽ സോഷ്യലിസ്റ്റ്‌ വിപ്ലവം എന്ന ആശയം അവതരിപ്പിക്കുന്നില്ല. എന്നാൽ ‘സോഷ്യലിസത്തിലേക്കുള്ള ഒരു ചുവടുവെയ്‌പ്‌’ എന്ന കാഴ്‌ചപ്പാട്‌ അദ്ദേഹം അതേവരെ സ്വീകരിച്ചതിൽനിന്നും വ്യത്യസ്‌തമാണ്‌. അതൊരു പുതിയ നിലപാട്‌ തന്നെയെന്നതിൽ സംശയത്തിനവകാശമില്ല. യൂറോപ്യൻ വിപ്ലവത്തിനു മുന്പുതന്നെ റഷ്യയിൽ സോഷ്യലിസത്തിലേക്കുള്ള നീക്കം ആരംഭിക്കാനാകുമെന്ന്‌ ലെനിൻ പ്രസ്‌താവിക്കുന്നത്‌ ഇതാദ്യമാണ്‌.

1917 മാർച്ച്‌ 2ന്‌ (പഴയ കലണ്ടർ) സാർ അധികാരത്തിൽനിന്ന്‌ പുറത്താക്കപ്പെട്ട ഉടൻതന്നെ പെട്രോഗ്രാഡിൽ രണ്ട്‌ അധികാരകേന്ദ്രങ്ങൾ ഉയർന്നുവന്നു; ഒന്ന്‌, പെട്രോഗ്രാഡ്‌ സോവിയറ്റ്‌‐ 1905ലെ വിപ്ലവാനുഭവത്തിന്റെ ഓർമയിൽനിന്ന്‌ ഉരുവംകൊണ്ട തൊഴിലാളികളുടെയും സൈനികരുടെയും സോവിയറ്റ്‌; രണ്ട്‌, സാറിസ്റ്റ്‌ ദൂമയിലെ അംഗങ്ങൾ രൂപംനൽകിയ പ്രൊവിഷണൽ ഗവൺമെന്റ്‌. സാറിസ്റ്റ്‌ നയങ്ങളുടെ തുടർച്ചയും പ്രമാണിവർഗ താൽപര്യവുമാണ്‌ മുഖ്യമായും ഇത്‌ പ്രതിനിധാനം ചെയ്‌തിരുന്നത്‌. പ്രൊവിഷണൽ ഗവൺമെന്റിനെക്കാൾ നിയമസാധുതയും ജനസ്വീകാര്യതയും പെട്രോഗ്രാഡ്‌ സോവിയറ്റിനാണ്‌ ഉണ്ടായിരുന്നത്‌. സോവിയറ്റ്‌ സംവിധാനത്തിന്റെ നേതൃത്വം ഔദ്യോഗിക സർക്കാർ സംവിധാനത്തെ ചലിപ്പിക്കുകയെന്ന ചുമതല ഏറ്റെടുക്കാൻ താൽപര്യപ്പെടാത്തതുകൊണ്ട്‌ ആ സംവിധാനത്തിന്റെ ഔദാര്യത്തിൽ മാത്രമാണ്‌ പ്രൊവിഷണൽ ഗവൺമെന്റ്‌ നിലനിന്നിരുന്നത്‌. അതുകൊണ്ട്‌ സോവിയറ്റിന്റെ നയങ്ങൾ നടപ്പാക്കുന്നിടത്തോളം മാത്രമേ ഈ പിന്തുണ നിലനിൽക്കുന്നുള്ളൂ. അതിനർഥം ഈ രണ്ട്‌ അധികാരകേന്ദ്രങ്ങളും തമ്മിലുള്ള താൽപര്യസംഘർഷങ്ങൾ നിരന്തരം ഉണ്ടായിക്കൊണ്ടിരുന്നുവെന്നാണ്‌.

അതേസമയം റഷ്യയിലെ സാഹചര്യം അതിവേഗം വഷളായി വരികയായിരുന്നു. പ്രതിസന്ധികൾ ഒന്നിനുപുറമേ ഒന്നായി വന്നുകൊണ്ടിരുന്നു. അതിനുള്ള മൂലകാരണം റഷ്യ അപ്പോഴും ജർമനിക്കും ആസ്‌ട്രിയയ്‌ക്കുമെതിരായി യുദ്ധം തുടരുകയായിരുന്നുവെന്നതാണ്‌. റഷ്യ വൻശക്തിയാണെന്ന പരന്പരാഗതമായി നിലനിന്നിരുന്ന ബോധംമൂലം യുദ്ധം തുടരുകയെന്ന നിലപാടിലായിരുന്നു പ്രൊവിഷണൽ ഗവൺമെന്റ്‌. എന്നാൽ, ജനാധിപത്യപരമായി സമാധാനം സ്ഥാപിക്കുന്നതിന്‌ നയതന്ത്രപരമായ നീക്കങ്ങളിലായിരുന്നു സോവിയറ്റ്‌ സംവിധാനം. അതേസമയം, സോവിയറ്റിന്റെ നേതൃത്വമാകട്ടെ ‘വിപ്ലവപരമായ രാജ്യസുരക്ഷ’ എന്ന സമീപനമായിരുന്നു കൈക്കൊണ്ടിരുന്നത്‌. എന്നാൽ ജനങ്ങൾക്കു വേണ്ടാത്തതും രാജ്യത്തിനുമേൽ ബാധ്യതയുണ്ടാക്കുന്നതുമായ യുദ്ധവുമായി മുന്നോട്ടുപോകാൻ പറ്റാത്ത ഭൗതികസാഹചര്യവുമായിരുന്നു റഷ്യയിൽ നിലനിന്നിരുന്നത്‌. ഇതു മനസ്സിലാക്കാതെ ജൂണിൽ പുതിയൊരു കടന്നാക്രമണത്തിനു തുനിഞ്ഞത്‌ റഷ്യയെ സംബന്ധിച്ചിടത്തോളം ദുരന്തത്തിലാണ്‌ കലാശിച്ചത്‌.

ലെനിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും കൂടി ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്‌. ലെനിനും ക്രൂപ്‌സ്‌കായയും സ്വിറ്റ്‌സർലണ്ടിൽനിന്ന്‌ ദീർഘകാലത്തിനുശേഷം പെട്രോഗ്രാഡിൽ മടങ്ങിയെത്തിയപ്പോൾ സഹോദരി അന്നയുടെ വീട്ടിലാണ്‌ ആദ്യം താമസിച്ചത്‌. ആ വീട്ടിൽ തന്നെയായിരുന്നു ഇളയ സഹോദരി മറിയയും പാർത്തിരുന്നത്‌. അങ്ങനെ ഉറ്റ സ്‌നേഹബന്ധം നിലനിർത്തിയിരുന്ന ആ കുടുംബത്തിലെ അംഗങ്ങളുടെ പുനഃസമാഗമം കൂടിയായി ഫെബ്രുവരി വിപ്ലവത്തെ തുടർന്നുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ്‌. ലെനിന്റെയും ക്രൂപ്‌സ്‌കായയുടെയും കിടപ്പുമുറിയുടെ മുകളിലായി ആ വീട്ടിലെ കുട്ടികൾ ഒരു ബാനർ തൂക്കിയതായി ലെനിനെക്കുറിച്ചുള്ള ഓർമക്കുറിപ്പിൽ ക്രൂപ്‌സ്‌കായ രേഖപ്പെടുത്തുന്നു. ആ ബാനറിൽ എഴുതിയിരുന്നതിങ്ങനെ: ‘‘ലോകത്തെങ്ങുമുള്ള തൊഴിലാളികളെ സംഘടിക്കുവിൻ!’’ അവർ തുടർന്നെഴുതുന്നു: ‘‘ആ രാത്രിയിൽ ഞാൻ ഇലിച്ചിനോട്‌ അധികമൊന്നും സംസാരിച്ചതേയില്ല‐ അന്നത്തെ ഞങ്ങളുടെ അനുഭവം, മനോവികാരം… അത്‌ പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്നതായിരുന്നു സത്യം. വാക്കുകളിലൂടെയല്ലാതെ തന്നെ എല്ലാ കാര്യങ്ങളും വ്യക്തമായിരുന്നു, പരസ്‌പരം മനസ്സിലാകുമായിരുന്നു’’ (ക്രൂപ്‌സ്‌കായ, ലെനിനെക്കുറിച്ചുള്ള ഓർമകൾ)

സന്തോഷകരമായ അനുഭവത്തിനൊപ്പം ദഃഖകരമായ ഒരോർമകൂടി ആ വീട്ടിൽ തളംകെട്ടി നിന്നിരുന്നു. ലെനിന്റെ പ്രിയപ്പെട്ട മാതാവ്‌ മറിയ ഉല്യാനോവ്‌ന അവർ പെട്രോഗ്രാഡിൽ മടങ്ങിയെത്തുന്നതിനു മുന്പ്‌ 1916 ജൂലൈ 12ന്‌ (പുതിയ കലണ്ടർ പ്രകാരം ജൂലൈ 25ന്‌) മരണപ്പെട്ടിരുന്നു. അതുകൊണ്ട്‌ പെട്രോഗ്രാഡിൽ എത്തിയ ലെനിന്‌ ആദ്യം നിർവഹിക്കേണ്ടിയിരുന്ന ദൗത്യം തന്റെ മാതാവിന്റെയും വളരെ മുന്പുതന്നെ മരണപ്പെട്ട അദ്ദേഹത്തിന്റെ പ്രിയങ്കരിയായ ഇളയ സഹോദരി വോൾഗയുടെയും ശവകുടീരങ്ങൾ സന്ദർശിക്കുകയായിരുന്നു. അതിനുശേഷമാണ്‌ അദ്ദേഹം പ്രവർത്തനരംഗത്തേക്ക്‌ കടന്നത്‌.

ലെനിന്റെ ഏപ്രിൽ തീസിസിനെ തള്ളിപ്പറഞ്ഞ്‌ കമനേവ്‌ പ്രാവ്‌ദയിൽ ലേഖനമെഴുതിയ പശ്ചാത്തലത്തിൽ അദ്ദേഹംകൂടി അംഗമായിട്ടുള്ള പാർട്ടി പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡിനെതിരെ ലെനിൻ അതിരൂക്ഷമായ ആക്രമണമഴിച്ചുവിട്ടു. പ്രാവ്‌ദയിൽ കൗട്‌സ്‌കിയിസത്തിന്റെ സ്വാധീനം കടന്നുകൂടിയിട്ടുണ്ടെന്നും അത്‌ തിരുത്തപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ യുദ്ധകാല രചനകളും (പ്രത്യേകിച്ച്‌ 1915 നവംബർ) ഏപ്രിൽ തീസിസിനും മുന്നോട്ടുവെച്ച ആശയങ്ങൾ അദ്ദേഹം ആവർത്തിച്ചുറപ്പിക്കുകയായിരുന്നു. Letters on Tactics എന്ന കൃതിയിൽ ലെനിൻ ‘പഴയ ബോൾഷെവിക്കുകളെ’ അതിരൂക്ഷമായി വിമർശിക്കുന്നുണ്ട്‌. ആവർത്തിച്ചുപഴകിയ ചില സൂത്രവാക്യങ്ങൾ ഉരുവിടുന്നവരെ അദ്ദേഹം കണക്കിന്‌ കളിയാക്കുന്നുണ്ട്‌. കമനേവിന്റെ പേരെടുത്തു പറഞ്ഞ്‌ വിമർശിക്കുകയാണ്‌ ലെനിൻ ഈ ലേഖനത്തിൽ; അതേസമയം പെട്രോഗ്രാഡ്‌ പാർട്ടി കമ്മിറ്റിയുടെ നേതൃത്വമാകെ തിരുത്തേണ്ടതാണെന്നും സൂചിപ്പിക്കുന്നു. പക്ഷേ, ഈ അഭിപ്രോയവ്യത്യാസങ്ങൾ അത്ര ഗുരുതരമോ നീണ്ടുനിന്നതോ ആയിരുന്നില്ല. ബോൾഷെവിക്‌ പക്ഷക്കാരെല്ലാവരും ലെനിനൊപ്പം ഉറച്ചുനിൽക്കുകയായിരുന്നു.

പുതിയ സാഹചര്യത്തെക്കുറിച്ച്‌ ലെനിൻ എഴുതുന്നു: ‘‘തൊഴിലാളിവർഗത്തിന്റെയും കർഷകജനതയുടെയും വിപ്ലവ ജനാധിപത്യ സർവാധിപത്യം ഇതിനകംതന്നെ യാഥാർഥ്യമായിക്കഴിഞ്ഞു (ഒരു പരിധിവരെയും ഒരുതരത്തിലും)‐ ‘തൊഴിലാളികളുടെയും സൈനികരുടെയും ഡെപ്യൂട്ടികളുടെ സോവിയറ്റ്‌’‐ അതിൽ തൊഴിലാളിവർഗത്തിന്റെയും കർഷകജനതയുടെയും വിപ്ലവ ജനാധിപത്യ സർവാധിപത്യം ഇതിനകംതന്നെ സാക്ഷാത്‌കരിക്കപ്പെട്ടിരിക്കുന്നു’’. (Letters on Tactics, Collected Works Vol. 24, Page 44)

ഏപ്രിൽ തീസിസിൽ കൃത്യമായി അവതരിപ്പിച്ച കാര്യങ്ങൾ കൂടുതൽ വ്യക്തതയോടെ ആവർത്തിക്കുകയാണ്‌ ലെനിൻ. ഇരട്ട അധികാരകേന്ദ്രമാണ്‌ ഇന്ന്‌ കാണുന്നത്‌ എന്നും ലെനിൻ വ്യക്തമാക്കുന്നു. ‘‘നമ്മുടെ വിപ്ലവത്തിന്റെ ഏറെ ശ്രദ്ധേയമായ സവിശേഷത അതിലൂടെ ഇരട്ട അധികാരകേന്ദ്രമാണ്‌ സ്ഥാപിക്കപ്പെട്ടതെന്നാണ്‌. ഈ വസ്‌തുതയാണ്‌ പ്രഥമവും പ്രധാനവുമായി നാം തിരിച്ചറിയേണ്ടത്‌; ഇതിനു കഴിഞ്ഞില്ലെങ്കിൽ നമുക്ക്‌ മുന്നോട്ടു നീങ്ങാനാവില്ല… എന്താണ്‌ ഇരട്ട അധികാരകേന്ദ്രം? ബൂർഷ്വാസികയുഗടതായ പ്രൊവിഷണൽ ഗവൺമെന്റിനൊപ്പം മറ്റൊരു ഗവൺമെന്റും കൂടി ഉയർന്നുവന്നിരിക്കുന്നു. അതെത്രത്തോളം ദുർബലവും പ്രാരംഭ ദശയിയിലുള്ളതാണെങ്കിലും നിശ്ചയമായും യഥാർഥത്തിൽ നിലനിൽക്കുന്ന ഒരു ഗവൺമെന്റ്‌ തന്നെയാണത്‌; അത്‌ വളരുകയുമാണ്‌‐ തൊഴിലാളികളുടെയും സൈനികരുടെയും ഡെപ്യൂട്ടികളുടെ സോവിയറ്റ്‌ (Dual Power, Collected Works, Vol. 24, Page 38)

പെട്രോഗ്രാഡിൽ മടങ്ങിയെത്തുംമുനപ്‌ ലെനിന സോവിയറ്റുകളെക്കുറിച്ച്‌ ചിന്തിച്ചിരുന്നില്ല. അദ്ദേഹം മടങ്ങിയെത്തിയപ്പോൾ തെളിഞ്ഞുകണ്ടത്‌ വിപ്ലവത്തിൽ സൈനികർ വഹിക്കുന്ന കൃത്യമായ പങ്കാണ്‌. വിപ്ലവം യാഥാർഥ്യമാക്കുന്നതിൽ സൈനികരെക്കൂടി ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഉടൻ അദ്ദേഹം മനസ്സിലാക്കി. എന്നാൽ അദ്ദേഹത്തിന്റെ വിമർശകർക്കാകട്ടെ ഇക്കാര്യം ഉൾക്കൊള്ളാനായില്ല. Dual Power എന്ന ലഘുലേഖയുടെ അവസാനം അദ്ദേഹം മൂന്നു കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്‌. ഒന്നാമത്തേത്‌ ബൂർഷ്വാ ഗവൺമെന്റിനെ പുറത്തക്കെണമെന്നതാണ്‌; കാരണം, സമാധാനം, ഭക്ഷണം, സ്വാതന്ത്ര്യം എന്ന ജനാഭിലാഷം സാക്ഷാത്‌കരിക്കാൻ ശേഷിയില്ലാത്ത ബൂർഷ്വാ ഗവൺമെന്റാണത്‌. രണ്ടാമത്തെ കാര്യം, ഇപ്പോൾതന്നെ, ഉടൻ അതിനെ പുറത്താക്കാനാവില്ലയെന്നതാണ്‌. മൂന്നാമത്‌, ‘സാധാരണ രീതിയിൽ’ അതിനെ പുറത്താക്കാനാവില്ലയെന്നതാണ്‌; കാരണം അത്‌ ഊന്നിനിൽക്കുന്നത്‌, രണ്ടാമത്തെ ഗവൺമെന്റിന്റെ, സോവിയറ്റുകളുടെ, പിന്തുണയുയെ ആശ്രയിച്ചാണ്‌. അദ്ദേഹം എത്തിച്ചേരുന്ന നിഗമനം അധികാരകേന്ദ്രമായി മാറണമെങ്കിൽ വർഗബോധമുള്ള തൊഴിലാളികഹ പറുപക്ഷത്തു നിൽക്കുന്ന ഭൂരിപക്ഷത്തിന്റെ പിന്തുണയാർജിക്കണമെന്നാണ്‌. ബ്ലാങ്കിസ്റ്റുകളെ പോലെ ന്യൂനപക്ഷം അധികാരം പിടിച്ചെടുക്കണമെന്ന നിലപാടല്ല ലെനിൻ ഉയർത്തിപ്പിടിച്ചത്‌.

ഏപ്രിൽ തീസിസിലും തുടർന്നെഴുതിയ ലേഖനങ്ങളിലും ലെനിൻ മുഖ്യമായും ശ്രമിച്ചത്‌ പാർട്ടിയെ മുന്നോട്ടുനയിക്കുന്നതിനാണ്‌. പാർട്ടിയുടെ നിയന്ത്രണത്തിനായുള്ള പോരാട്ടം തുടരാൻ ലെനിനെ പ്രാപ്‌തനാക്കിയത്‌ ഈ സംവാദമാണ്‌. ചുരുങ്ങിയ നാളുകൾക്കുശേഷം, ഏപ്രിൽ 27 മുതൽ മെയ്‌ 5 വരെ (പഴയ കലണ്ടർ) ചേർന്ന ബോൾഷെവിക്‌ പാർട്ടിയുടെ ഏഴാമത്‌ അഖില റഷ്യൻ സമ്മേളനത്തിൽ അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടുകളോടുള്ള കടുത്ത വിയോജിപ്പ്‌ ഉയർന്നുവന്നു. എന്നിരുന്നാലും സമ്മേളനം ഉദ്‌ഘാടനം ചെയ്‌തതും പ്രധാന റിപ്പോർട്ട്‌ അവതരിപ്പിച്ചതും ലെനിനായിരുന്നു; ഏറ്റവുമധികം വോട്ടു നേടി അദ്ദേഹം സെൻട്രൽ കമ്മിറ്റിയിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. അദ്ദേഹം സ്ഥാപിച്ചതും പരിപാലിച്ചതുമായ പ്രസ്ഥാനത്തിന്റെ അനിഷേധ്യമായ നേതാവായി അദ്ദേഹം ഉയരുകയാണുണ്ടായത്‌.

തന്റെ പാർട്ടിക്കുമേൽ നിയന്ത്രണം ലെനിനുണ്ടായിരുന്നുവെന്നത്‌ വസ്‌തുതയാണ്‌. അതിന്‌ അധികാരം പിടിച്ചെടുക്കാനുള്ള കരുത്തോ സ്വാധീനമോ ആ ഘട്ടത്തിൽ നേടാനായില്ല. അപ്പോഴും ബോൾഷെവിക്‌ പാർട്ടി ന്യൂനപക്ഷവും ദുർബലവും തന്നെ ആയിരുന്നു. റഷ്യയിലുടനിീളം വിപ്ലവത്തിന്റെ മലവെള്ളപ്പാച്ചിൽ കാണാമായിരുന്നു; എന്നാൽ, ലെനിന്റെ പ്രത്യയശാസ്‌ത്ര നിലപാടുകൾ ആ വിപ്ലവമുന്നേറ്റത്തെ അപ്പോഴും സ്വാധീനിച്ചിരുന്നില്ല. ഗ്രാമീണമേഖലയിൽ കർഷകർ തങ്ങളുടേതായ കമ്മിറ്റികൾക്ക്‌ രൂപനൽകി; പാട്ടം കുറയ്‌ക്കാൻ ഭൂ ുടമകളെ നിർബന്ധിതരാക്കി; കൂലി വർധിപ്പിക്കപ്പെട്ടു; ഭൂ ഉടമകൾ ഉപേക്ഷിച്ചുപോയ കൃഷിയിടങ്ങളിൽ അവർ വിത്തുവിതച്ചു. സൈനികരും നാവികരും തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനായി കമ്മിറ്റികളുടെ ശൃംഖലകൾക്ക്‌ രൂപം നൽകി. തൊഴിലാളികൾ ജനകീയസേനകൾക്ക്‌ രൂപം നൽകി. തങ്ങളുടെ ഫാക്ടറികളും പാർപ്പിടങ്ങളും സംരക്ഷിക്കാനായിരുന്നു ഈ ജനകീയസേന. തൊഴിലാളികൾ കൂട്ടത്തോടെ, വൻതോതിൽ ട്രേഡ്‌ യൂണിയനുകളിൽ അണിനിരന്നു.

ബോൾഷെവിക്കുകളുടെ നിർദേശാനുസരണമായിരുന്നില്ല ഈ ജനവിഭാഗങ്ങൾ ഇതെല്ലാം ചെയ്‌തത്‌. ഭൂരിപക്ഷം പേർക്കും ബോൾഷെവിക്കുകളെക്കുറിച്ച്‌ കേട്ടറവുപോലുമുണ്ടായിരുന്നില്ല. എന്നാൽ തനിക്കുചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ലവപ്രക്രിയകളെക്കുറിച്ച്‌ ലെനിൻ സൂക്ഷ്‌മമായി നിരീക്ഷിക്കുകയും ഉൾക്കൊള്ളുകയും ചെയ്‌തിരുന്നു. പാരീസ്‌ കമ്യൂണിനെ സംബന്ധിച്ച്‌ മാർക്‌സ്‌ എഴുതിയ കൃതികളെ ആധാരമാക്കി ലെനിൻ പുതിയതരം വിപ്ലവ ഭരണകൂടത്തെക്കുറിച്ച്‌ സൈദ്ധാന്തിക നിലപാട്‌ കൈക്കൊണ്ടു. 1871ലെ പാരീസിലുണ്ടായതിനു സമാനമായി സ്വമേധയാ പൊട്ടിപ്പുറപ്പെട്ട വിപ്ലവപരമായ സർഗാത്മക മുന്നേറ്റമാണ്‌ 1917ലെ റഷ്യയിലും ലെനിൻ കണ്ടത്‌.

നിലവിലുള്ള ഭരണകൂടത്തെ തകർക്കുകയും നേരിട്ട്‌ തിരഞ്ഞെടുക്കപ്പെടുന്നവരും തിരികെ വിളിക്കാവുന്നവരുമായ അധികൃതരെ തൽസ്ഥാനത്തെത്തിക്കുകയും ദേശവ്യാപകമായി ജനകീയസേന രൂപീകരിക്കുകമെന്നതാണ്‌ ലെനിൻ മുന്നോട്ടുവെച്ച വിപ്ലവ ഭരണകൂട മാതൃക. ഇതെല്ലാം സോവിയറ്റ്‌ സംവിധാനത്തെ ആധാരമാക്കിയുള്ളതുമായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

1917 ഏപ്രിൽ മുതൽ ജൂൺവരെയുള്ള കാലത്ത്‌ രാജ്യം കലങ്ങിമറിഞ്ഞ അവസ്ഥയിലായിരുന്നു. ഫെബ്രുവരി വിപ്ലവാനന്തരം രൂപീകരിക്കപ്പെട്ട പ്രൊവിഷണൽ ഗവൺമെന്റ്‌ ദൂമയിൽ പരാജയപ്പെടുകയും കെറെൻസ്‌കിയുടെ നേതൃത്വത്തിൽ പുതിയൊരു കൂട്ടുകക്ഷി ഗവൺമെന്റ്‌ രൂപപ്പെടുകയും ചെയ്‌തു. ഈ പശ്ചാത്തലത്തിൽ ഔദ്യോഗിക സോവിയറ്റ്‌ നേതൃത്വവുമായും പ്രൊവിഷണൽ ഗവൺമെന്റുമായും എതിർപ്പുണ്ടായിരുന്ന ബോൾഷെവിക്‌ പാർട്ടി ജൂൺ 10ന്‌ പെട്രോഗ്രാഡിൽ പ്രകടനം നടത്താൻ ആഹ്വാനം ചെയ്‌തു. എന്നാൽ ഒരാഴ്‌ചയ്‌ക്കുശേഷം ജൂൺ 18ന്‌ ഔദ്യോഗികമായി തന്നെ സോവിയറ്റ്‌ നേതൃത്വം പ്രൊവിഷണൽ ഗവൺമെന്റിനെതിരെ പ്രകടനം നടത്താൻ തീരുമാനിച്ചതോടെ ലെനിന്റെ നിർദേശാനുസരണം ബോൾഷെവിക്‌ പാർട്ടിയും പ്രകടനം ആ ദിവസത്തേക്ക്‌ മാറ്റി. ബോൾഷെവിക്‌ വിഭാഗത്തിന്റെ ശക്തിയും ജനപിന്തുണയും വെളിപ്പെടുത്തുന്നതായിരുന്നു ആ പ്രകടനം. ബോൾഷെവിക്‌ മുദ്രാവാക്യങ്ങളായിരുന്നു അതിൽ മുഴങ്ങിക്കേട്ടത്‌. പ്രൊവിഷണൽ ഗവൺമെന്റിന്റെയും സോവിയറ്റുകളുടെ വലതുപക്ഷ നേതൃത്വത്തിന്റെയും സമീപനങ്ങളിൽ ജനങ്ങൾക്കുണ്ടായ അസംതൃപ്‌തി പ്രകടമാക്കുന്നതായിരുന്നു ആ പ്രകടനം. എന്നാൽ തങ്ങൾ ജയിച്ചുകയറുകയാണെന്ന ആവേശത്തിമിർപ്പിലായിരുന്നില്ല ലെനിൻ. ഈ സമയത്തെ ലെനിന്റെ ലേഖനങ്ങളും പ്രസംഗങ്ങളുമെല്ലാം ജാഗ്രതയോടെയുള്ളതായിരുന്നു.

ഇടതുപക്ഷം ശക്തിയാർജിക്കുന്നത്‌ വലതുപക്ഷ പ്രതിവിപ്ലവത്തിനിടയാക്കുമോയെന്ന ഉത്‌കണ്‌ഠയായിരുന്നു ലെനിനുണ്ടായിരുന്നത്‌. ഇത്തരതൊരു ഉത്‌കണ്‌ഠ നിലനിന്നതുകൊണ്ടു കൂടിയാണ്‌ ലെനിൻ ജൂൺ 10ന്റെ പ്രകടനം മാറ്റാൻ നിർദേശിച്ചത്‌. ബോൾഷെവിക്കുകൾക്കെതിരെ ഉയർന്നുവന്നിരുന്ന വലതുപക്ഷ ഭീഷണിയെ ലെനിൻ ഗൗരവത്തിൽ തന്നെ കണ്ടു. തൊഴിലാളി‐സൈനിക ഡെപ്യൂട്ടികളുശട ഒന്നാം അഖില റഷ്യൻ കോൺഗ്രസിനെ അഭിസംബോധന ചെയ്‌ത്‌ ലെനിൻ ഇങ്ങനെ പ്രസ്‌താവിച്ചു‐ ‘‘പരമാവധി ശാന്തതയും ജാഗ്രതയും സംയമനവും പുലർത്തിക്കൊണ്ടായിരിക്കണം തൊഴിലാളിവർഗം മറുപടി പറയേണ്ടത്‌… ഒരുവിധത്തിലും നമ്മെ ആക്രമിക്കാനുള്ള ഒഴികഴിവായി നമ്മുടെ വാക്കോ പ്രവൃത്തിയോ മാറാൻ പാടില്ല’’‐ (Collected Works, Vol 25, Page 80). എന്നാൽ സോവിയറ്റ്‌ ഔദ്യോഗിക നേതൃത്വം ബോൾഷെവിക്കുകൾ അധികാരം പിടിച്ചെടുക്കാൻ തക്കംപാർത്തിരിക്കുകയാണെന്ന ധാരണയിലായിരുന്നു. അപ്പോഴും സോവിയറ്റിൽ ബോൾഷെവിക്കുകൾ ന്യൂനപക്ഷമായിരുന്നു. ഒന്നാം അഖില റഷ്യൻ സോവിയറ്റ്‌ കോൺഗ്രസിൽ (1917 ജൂൺ 3‐24) ആയിരത്തിലേറെ പ്രതിനിധികൾ പങ്കെടുത്തതിൽ വെറും 105 പേർ മാത്രമാണ്‌ ബോൾഷെവിക്കുകാരായുണ്ടായിരുന്നത്‌. അതുകൊണ്ടുതന്നെയാണ്‌ ലെനിൻ ഓരോ വാക്കും ജാഗ്രതയോടെയുള്ളഭായിരുന്നു.

ജൂൺ 24ന്‌ സോവിയറ്റുകളുടെ കോൺഗ്രസ്‌ സമാപിച്ചതോടെ ലെനിനെ സംബന്ധിച്ചിടത്തോളം മാനസിക സംഘർഷത്തിന്‌ അയവ്‌ വന്നു. കുറച്ചുദിവസം വിശ്രമത്തിനായി ഒരിടവേള വേണമെന്ന ക്രൂപ്‌സ്‌കായയുടെ വാക്കുകൾ ചെവികൊടുക്കാൻ ലെനിൻ തയ്യാറായി. എന്നാൽ അദ്ദേഹത്തോടൊപ്പം യാത്രചെയ്യാൻ അവർക്ക്‌ കഴിഞ്ഞില്ല. പകരം ലെനിന്റെ സഹോദരി മരിയയാണ്‌ അദ്ദേഹത്തോടൊപ്പം ഈ യാത്രയിൽ അനുഗമിച്ചത്‌. ജൂൺ 28നാണ്‌ അദ്ദേഹം പെട്രോഗ്രാഡിൽനിന്ന്‌ ഫിൻലാൻഡിലെ ഒരു ഗ്രാമത്തിലേക്ക്‌ തന്റെ പഴയകാല സുഹൃത്തും സഖാവുമായ വ്‌ളദിമീർ ബോഞ്ച്‌ബ്രുയേവിച്ചിനൊപ്പം (Vladimir Bonch Bruevich) താമസിക്കാനായി പോയത്‌. ശുദ്ധവായു ശ്വസിച്ച്‌ വനമേഖലയിലൂടെ നടക്കാൻ അദ്ദേഹത്തിന്‌ വീണ്ടും അവസരമായി. അപ്പോഴും ചിന്തയും എഴുത്തും വായനമുമൊന്നും അവസാനിപ്പിച്ചില്ല. ആകെയുണ്ടായ ഒരു മാറ്റം യോഗങ്ങളിലും ചർച്ചകളിലും ഏർപ്പെടാതിരിക്കാൻ കഴിഞ്ഞുവെന്നതാണ്‌. പക്ഷേ റഷ്യയിൽ വിപ്ലവം പുതിയ വഴിത്തിരിവിലേക്ക്‌ നീങ്ക്ഷോണെന്നറിഞ്ഞയുടൻ ലെനിൻ ജൂലൈ 4ന്‌ (പഴയ കലണ്ടർ) പെട്രോഗ്രാഡിലേക്ക്‌ മടങ്ങി. l
(തുടരും)

Hot this week

അനുഭൂതിയുടെ തിരക്കാഴ്ച

രേഖകളില്ലാതെ നമ്മുടെ വ്യവ്യസ്ഥയിൽനിന്നും പുറന്തള്ളപ്പെടുന്ന മനുഷ്യരുടെ പ്രതിനിധികളാണ്‌ ബാലനിലെ അമ്മയും മകനും....

വി ഡി സതീശന്റെ ഡീലിനു പിന്നിൽ വർഗതാൽപര്യം തന്നെ

"മുതലാളിത്ത വികസനപാത പിന്തുടരുന്നതിനായി വിദേശ ഫിനാൻസ് മൂലധനവുമായി കൂടുതൽ കൂടുതൽ സഹകരിക്കുന്നതും...

പി എം ശ്രീയെന്ന ഇരുതലമൂരി

ദേശീയ വിദ്യാഭ്യാസനയം 2020 പ്രാബല്യത്തിൽ വന്നതോടെ വിദ്യാഭ്യാസത്തെ ഭാരതീയ വൽക്കരിക്കുന്നതിന്റെ ഭാഗമായി...

ഐ.വി.ദാസ് മനുഷ്യന്റെ പച്ച

കടമ്മനിട്ടയുടെ 'മകനോട്' എന്ന കവിതയിൽ “മകനേ നീ മാന്യനാകാതിന്ന് മനുഷ്യന്റെ പച്ചയായ്ത്തീരൂ”...

ആരാണ് മുണ്ടു മുറുക്കി ഉടുക്കേണ്ടത്?

മേയ് 10-ന് തെലങ്കാനയിലെ ഹൈദരാബാദിൽ ബി.ജെ.പി. റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി...

Topics

അനുഭൂതിയുടെ തിരക്കാഴ്ച

രേഖകളില്ലാതെ നമ്മുടെ വ്യവ്യസ്ഥയിൽനിന്നും പുറന്തള്ളപ്പെടുന്ന മനുഷ്യരുടെ പ്രതിനിധികളാണ്‌ ബാലനിലെ അമ്മയും മകനും....

വി ഡി സതീശന്റെ ഡീലിനു പിന്നിൽ വർഗതാൽപര്യം തന്നെ

"മുതലാളിത്ത വികസനപാത പിന്തുടരുന്നതിനായി വിദേശ ഫിനാൻസ് മൂലധനവുമായി കൂടുതൽ കൂടുതൽ സഹകരിക്കുന്നതും...

പി എം ശ്രീയെന്ന ഇരുതലമൂരി

ദേശീയ വിദ്യാഭ്യാസനയം 2020 പ്രാബല്യത്തിൽ വന്നതോടെ വിദ്യാഭ്യാസത്തെ ഭാരതീയ വൽക്കരിക്കുന്നതിന്റെ ഭാഗമായി...

ഐ.വി.ദാസ് മനുഷ്യന്റെ പച്ച

കടമ്മനിട്ടയുടെ 'മകനോട്' എന്ന കവിതയിൽ “മകനേ നീ മാന്യനാകാതിന്ന് മനുഷ്യന്റെ പച്ചയായ്ത്തീരൂ”...

ആരാണ് മുണ്ടു മുറുക്കി ഉടുക്കേണ്ടത്?

മേയ് 10-ന് തെലങ്കാനയിലെ ഹൈദരാബാദിൽ ബി.ജെ.പി. റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി...

1991 ആവർത്തിക്കുമോ?

മറ്റു പ്രമുഖ സമ്പദ്‌വ്യവസ്ഥകളേക്കാൾ മികച്ച പ്രകടനമാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കാഴ്ചവയ്ക്കുന്നത് എന്ന...

സാരിയും കാൻസറുണ്ടാക്കുമോ?

ഇന്ത്യൻ സ്‌ത്രീകളുടെ പരമ്പരാഗത വസ്‌ത്രമാണ്‌ സാരി. ഏതുതരം ശരീരഘടനയുള്ളവർക്കും ഏത്‌ സന്ദർഭത്തിനും...

മേഘം വന്ന് തൊടാതെ പോകുമ്പോൾ ….

കാത്തിരിപ്പിന്റെ ഒടുവിൽ എന്താണ് ബാക്കിയുള്ളത് ? വീണ്ടുമൊരു കണ്ടുമുട്ടൽ? പണ്ടെങ്ങോ ഓർക്കാൻ...
spot_img

Related Articles

Popular Categories

spot_imgspot_img