ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 28

ജി വിജയകുമാർ

ജർമനിയിലൂടെ പെട്രോഗ്രാഡിൽ

‘‘ഒരു വിപ്ലവപരമ്പരയ്‌ക്ക്‌ തുടക്കംകുറിച്ചതിന്റെ വലിയ അംഗീകാരം റഷ്യൻ തൊഴിലാളിവർഗത്തിനാണ്‌ ലഭിച്ചത്‌; സാമ്രാജ്യത്വയുദ്ധമാണ്‌ അതിനെ ഒരു വസ്‌തുനിഷ്‌ഠ യാഥാർഥ്യമാക്കി മാറ്റിയത്‌. എന്നാൽ ലോകത്താകെയുള്ള തൊഴിലാളികൾക്കിടയിൽനിന്ന്‌ വിപ്ലവം നടത്താനായി തിരഞ്ഞെടുക്കപ്പെട്ടവരാണ്‌ റഷ്യൻ തൊഴിലാളിവർഗം എന്ന ആശയം നമ്മെ സംബന്ധിച്ചിടത്തോളം തികച്ചും അസ്വീകാര്യമാണ്‌. റഷ്യയിലെ തൊഴിലാളിവർഗം മറ്റു രാജ്യങ്ങളിലെ തൊഴിലാളിവർഗത്തേക്കാൾ വളരെ ചെറുതായി മാത്രമേ സംഘടിതരായിട്ടുള്ളൂ എന്നും അവർ താരതമ്യേന അൽപം മാത്രമേ സജ്ജരായിട്ടുള്ളൂവെന്നും വർഗബോധത്തിന്റെ കാര്യത്തിലും അവർ പിന്നിലാണെന്നും നമുക്ക്‌ കൃത്യമായി അറിയാവുന്നതാണ്‌. റഷ്യൻ തൊഴിലാളിവർഗത്തിന്റെ എന്തെങ്കിലും പ്രത്യേക സവിശേഷതകൊണ്ടല്ല, മറിച്ച്‌ ചരിത്രസാഹചര്യങ്ങളുടെ ഒരു പ്രത്യേക ദശാസന്ധിയിൽ സംഭവിച്ചതാണത്‌; ഒരു നിശ്ചിത കാലഘട്ടമാണ്‌ (ഒരുപക്ഷേ അതൊരു ഹ്രസ്വകാലമായിരിക്കാം) ലോകമാസകലമുള്ള വിപ്ലവ തൊഴിലാളിവർഗത്തിന്റെ മുന്നണിപ്പടയായി റഷ്യൻ തൊഴിലാളിവർഗത്തെ നിയോഗിച്ചത്‌. റഷ്യ ഒരു കാർഷികരാജ്യമാണ്‌, യൂറോപ്പിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന രാജ്യം. അവിടെ സോഷ്യലിസത്തിന്‌ ഉടൻ വിജയിക്കാനാവില്ല. റഷ്യക്ക്‌ നേരിട്ട്‌ സോഷ്യലിസത്തിലേക്ക്‌ മുന്നേറാനുമാവില്ല. എന്നാൽ രാജ്യത്തിന്റെ കാർഷികസ്വഭാവം കാരണം നമ്മുടെ വിപ്ലവം ലോക സോഷ്യലിസ്റ്റ്‌ വിപ്ലവത്തിലേക്കുള്ള ഒരു തുടക്കമായി മാറിയേക്കാം‐ അതിലേക്കുള്ള ഒരു ചുവടുവയ്‌പ്‌.’’
– Farewell Letter to the Swiss Workers, Lenin, Collected Works, Vol 23, Page 371)

ലെനിൻ

റഷ്യയിൽ സാർ നിക്കോളാസ്‌ അധികാരം ഒഴിഞ്ഞെന്നും ഒരു പ്രൊവിഷണൽ ഗവൺമെന്റ്‌ രൂപീകരിക്കപ്പെട്ടെന്നുമുള്ള വാർത്ത സ്വിറ്റ്‌സർലണ്ടിൽ എത്തിയപ്പോൾ തന്നെ ലെനിൻ ഉൾപ്പെടെയുള്ള വിപ്ലവകാരികളായ പ്രവാസികൾ എത്രയുംവേഗം പെട്രൊഗ്രാഡിൽ എത്തിച്ചേരാനുള്ള വ്യഗ്രതയിലായി. സ്വിറ്റ്‌സർലണ്ടിൽ പാർത്തിരുന്ന സാർവദേശീയവാദികളായ പ്രവാസികളുടെ സംഘം റഷ്യയിലേക്ക്‌ മടങ്ങിപ്പോകാനുള്ള മാർഗങ്ങളെക്കുറിച്ച്‌ ചർച്ചചെയ്യാനായി മാർച്ച്‌ 19ന്‌ ഒത്തുചേർന്നു. ജർമനിയിലൂടെ റഷ്യയിലേക്ക്‌ പോകാനുള്ള ഒരു നിർദേശം മാർത്തോവ്‌ മുന്നോട്ടുവെച്ചു; തങ്ങളെ ജർമനിയിലൂടെ കടക്കാനനുവദിച്ചാൽ, റഷ്യയിലുള്ള ജർമൻ, ആസ്‌ട്രിയൻ തടവുകാരെ പകരംകൈമാറാമെന്ന വ്യവസ്ഥ ഉൾക്കൊള്ളുന്നതായിരുന്നു ആ നിർദേശം. പൊതുവെ മാർത്തോവിന്റെ ആ നിർദേശത്തോട്‌ എതിർപ്പുയർന്നെങ്കിലും ലെനിൻ അതിനെ സർവാത്മനാ പിന്താങ്ങി. ഒടുവിൽ സ്വിസ്‌ ഗവൺമെന്റിന്റെ മുൻകൈയിൽ കൂടിയാലോചന നടത്തണമെന്ന തീരുമാനത്തിലെത്തി. റഷ്യയിലെ പ്രൊവിഷണൽ ഗവൺമെന്റിൽനിന്നും അനുകൂലമായ തീരുമാനമൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ കൂടിയാലോചനകൾ നീണ്ടുപോയി. യഥാർഥത്തിൽ, റഷ്യയിലെ പ്രൊവിഷണൽ ഗവൺമെന്റിന്‌ സാർവദേശീയ വാദികളെ റഷ്യയിൽ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ താൽപര്യമില്ലായിരുന്നു.

പെട്രോഗ്രാഡിൽ എത്തിച്ചേരാൻ വ്യഗ്രതയോടെ കാത്തിരുന്ന ആ ഇടവേളയിലാണ്‌ ലെനിൻ Letters From Afar (അകലെനിന്നുള്ള കത്തുകൾ) എഴുതിയത്‌. ഫെബ്രുവരി വിപ്ലവത്തെതുടർന്ന്‌ മാർച്ച്‌ 18 മുതൽ പ്രാവ്‌ദ പെട്രോഗ്രാഡിൽനിന്ന്‌ വിണ്ടും പ്രസിദ്ധീകരണം ആരംഭിച്ചു. അതിൽ പ്രസിദ്ധീകരിക്കുന്നതിനായാണ്‌ ലെനിൻ Letters from Afar എഴുതാനാരംഭിച്ചത്‌. എന്നാൽ ഇതിലെ ആദ്യത്തെ കത്തുമാത്രമേ ആ കാലത്ത്‌ പ്രാവ്‌ദയിൽ പ്രസിദ്ധീകരിച്ചുള്ളൂ‐ The First Stage of the First Revolution (ആദ്യ വിപ്ലവത്തിന്റെ ആദ്യഘട്ടം). രണ്ടും മൂന്നും നാലും ഭാഗങ്ങൾ (The New Government and the Proletariat, Concerning a Proletarian Militia, How to Achieve Peace) പ്രാവ്‌ദ എഡിറ്റർമാരുടെ കൈവശം എത്തിച്ചെങ്കിലും ലെനിന്റെ മരണാനന്തരം 1924ൽ മാത്രമേ അവ പുറത്തുവന്നുള്ളൂ. അഞ്ചാമത്തേത്‌ (The Tasks Connected with the Building of Revolutionary Proletarian State System) എഴുതി പൂർത്തിയാക്കുന്നതിനുമുന്പ്‌ അദ്ദേഹം പെട്രോഗ്രാഡിലേക്ക്‌ യാത്രതിരിച്ചതിനാൽ അപൂർണമായി അവസാനിപ്പിക്കുകയാണുണ്ടായത്‌. ഫെബ്രുവരി വിപ്ലവാനന്തരം അതിനെ സംബന്ധിച്ച ലെനിന്റെ വിശകലനവും വിപ്ലവത്തെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന അദ്ദേഹത്തിന്റെ ചിന്തകളും ഉൾക്കൊള്ളുന്നതാണ്‌ ഈ കത്തുകൾ. ക്രൂപ്‌സ്‌കായയുടെ ഓർമക്കുറിപ്പുകളിൽ കുറിച്ചിട്ടുള്ളതുപോലെ ലെനിന്റെ The State and Revolution (ഭരണകൂടവും വിപ്ലവവും) എന്ന കൃതി ശരിയായി ഉൾക്കൊള്ളണമെങ്കിൽ അദ്ദേഹത്തിന്റെ ഈ അഞ്ച്‌ കത്തുകൾ വായിച്ചിരിക്കണം. ഈ കത്തുകളുടെ രാഷ്‌ട്രീയവും സൈദ്ധാന്തികവുമായ പ്രാ‌ധാന്യം ഇതാണ്‌.

ക്രൂപ്സ്കായ

അനിതരസാധാരണമായവിധം മൂർത്തമായാണ്‌ ലെനിൻ ഈ കത്തുകളിൽ ഓരോ വിഷയവും കൈകാര്യം ചെയ്‌തിരിക്കുന്നത്‌. സ്‌ത്രീപുരുഷ ഭേദമെന്യേ പ്രായപൂർത്തിയായ പൗരരെയാകെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പുതിയതരം സായുധ മിലിഷ്യയ്‌ക്ക്‌ രൂപംനൽകുന്നതിനെക്കുറിച്ചാണ്‌ ലെനിൻ ഇതിൽ എഴുതുന്നത്‌. ഭക്ഷണസാധനങ്ങൾ പൂഴ്‌ത്തിവയ്‌ക്കപ്പെടാതെ പിടിച്ചെടുത്ത്‌ ഓരോ കുടുംബത്തിനും വിതരണം ചെയ്യേണ്ടതെങ്ങനെയെന്നും എല്ലാ കുടുംബങ്ങൾക്കും ഭക്ഷണം ഉറപ്പാക്കേണ്ടതിനെക്കുറിച്ചും എല്ലാ കുട്ടികൾക്കും നിത്യേന ഒരു ഗ്ലാസ്‌ പാൽ ലഭ്യമാക്കണമെന്നും സാനിറ്ററി ഇൻസ്‌പെക്ടർമാർ എങ്ങനെ പ്രവർത്തിക്കണമെന്നും എല്ലാവർക്കും എങ്ങനെ പാർപ്പിടമുറപ്പിക്കണമെന്നുമടക്കം ലെനിൻ അകലെനിന്നുള്ള കത്തുകളിൽ സൂക്ഷ്‌മതയോടെ, കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. സ്‌ത്രീകൾക്ക്‌ പുരുഷന്മാർക്കൊപ്പം തുല്യപ്രാ‌ധാന്യമുള്ള ഒരു ജനകീയ മിലിഷ്യ ഇല്ലാതെ ഈ കാര്യങ്ങളെല്ലാം കൃത്യമായി നടപ്പാക്കാൻ എങ്ങനെ കഴിയുമെന്നും ലെനിൻ ചോദിക്കുന്നുണ്ട്‌.

അഞ്ചാമത്തെ കത്ത്‌ പൂർത്തീകരിക്കുന്നതിനു മുന്പുതന്നെ ആ വിപ്ലവകാരിക്കും സഹപ്രവർത്തകർക്കും പെട്രോഗ്രാഡിലേക്ക്‌ യാത്രതിരിക്കാനുള്ള വഴിയൊരുങ്ങി. സ്വിറ്റ്‌സർലണ്ടിൽ ഉണ്ടായിരുന്ന റഷ്യൻ വിപ്ലവകാരികൾക്ക്‌ റഷ്യയിലേക്ക്‌ മടങ്ങാനുള്ള വഴിയൊരുക്കുന്നതിന്‌ ലെനിന്റെ കർശനമായ നിർദേശത്തെ തുടർന്ന്‌ സാർവദേശീയവാദിയായ സ്വിസ്‌ സോഷ്യലിസ്റ്റ്‌ ഫ്രിറ്റ്‌സ്‌ പ്ലാറ്റൺ (Fritz Platton) ഇടപെടുകയാണുണ്ടായത്‌. എഴുതി തയ്യാറാക്കിയ ഒരു കരാറിൽ പ്ലാറ്റൺ സ്വിറ്റ്‌സർലണ്ടിലെ ജർമൻ അംബാസഡറുമായി എത്തിച്ചേർന്നു. വ്യവസ്ഥകൾ ഇങ്ങനെയാണ്‌: (1) യുദ്ധത്തെ സംബന്ധിച്ച ഓരോരുത്തരുടെയും കാഴ്‌ചപ്പാട്‌ എന്തെന്നു നോക്കാതെ എല്ലാ പ്രവാസികളെയും പെട്രോഗ്രാഡിലേക്ക്‌ പോകാൻ അനുവദിക്കണം, (2) പ്ലാറ്റണിന്റെ അനുമതിയില്ലാത്തവർക്ക്‌ ട്രെയിനിൽ കയറാനാവില്ല. യാത്രക്കാരുടെ പാസ്‌പോർട്ടും ലഗേജുമൊന്നും ആരും പരിശോധിക്കില്ല, (3) പകരമായി ഈ യാത്രക്കാർ റഷ്യൻ തടവറയിലുള്ള ആസ്‌ട്രോ‐ജർമൻ തടവുകാരെ ജർമനിയിക്കു കൈമാറുന്നതിനായി പ്രക്ഷോഭം നടത്തും.

മരണവുമായി മല്ലിട്ടുകൊണ്ട്‌ ദാവോസിൽ കഴിഞ്ഞിരുന്ന രണ്ട്‌ ഉറ്റ സഖാക്കളെ പെട്രോഗ്രാഡിലേക്ക്‌ കൊണ്ടുപോകാൻ കഴിയാത്തതിലെ വേദന ഉള്ളിലൊതുക്കിയാണ്‌ ലെനിൻ യാത്രയ്‌ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചത്‌. ഈ രണ്ടു സഖാക്കൾക്കും‐ കാറലിനും കാസ്‌പറോവിനും‐ വികാരനിർഭരമായ കത്തുകളെഴുതി. വൈകാതെ നമുക്ക്‌ പെട്രോഗ്രാഡിൽവെച്ച്‌ കാണാമെന്ന വാക്കുകളോടെയാണ്‌ ആ കത്ത്‌ അവസാനിപ്പിക്കുന്നത്‌. പക്ഷേ, ലെനിൻ ആശിക്കുകയും ആശംസിക്കുകയും ചെയ്‌തതുപോലെ അവരെ പിന്നീടൊരിക്കലും അദ്ദേഹത്തിന്‌ കാണാൻ കഴിഞ്ഞില്ല. ഏറെനാൾ കഴിയുംമുന്പ്‌ അവർ ഇരുവരും ലോകത്തോട്‌ വിടപറഞ്ഞു.

ഫ്രിറ്റ്സ് പ്ലാറ്റൺ

പെട്രോഗ്രാഡിലേക്ക്‌ തിരിക്കുംമുന്പ്‌ ലെനിൻ ബേണിലും ജനീവയിലും കഴിഞ്ഞിരുന്ന ചില സഖാക്കൾക്കും കത്തെഴുതുകയുണ്ടായി. ഈ ഘട്ടത്തിൽ സൂറിച്ചിൽനിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന ഫോൾസ്‌ ശ്രേഷ്‌ട്‌ (Volk Srecht‐ Popular Law) എന്ന പത്രത്തിലേക്ക്‌ ഒരു ലേഖനവും എഴുതി‐ The Tasks of the Russian Social Democratic Labour Party in the Russian Revolution (റഷ്യൻ വിപ്ലവത്തിൽ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക്‌ ലേബർ പാർട്ടിയുടെ കടമകൾ). ഈ സമയത്ത്‌ എഴുതിയ Farewell Letter to the Swiss Workers (സ്വിസ്‌ തൊഴിലാളികൾക്കുള്ള വിടവാങ്ങൽ കത്ത്‌) ലെനിൻ അവസാനിപ്പിക്കുന്നത്‌ ഇങ്ങനെയാണ്‌. ‘‘യൂറോപ്പിൽ ആരംഭിച്ചിരിക്കുന്ന തൊഴിലാളിവർഗ വിപ്ലവം നീണാൾ വാഴട്ടെ!’’ ജർമൻകാരുടെ തടവറയിൽ കഴിഞ്ഞിരുന്ന സഖാക്കളെ അഭിസംബോധന ചെയ്‌ത്‌ മറ്റൊരു കത്തും‐ To Comrades Languishing in Captivity‐ ലെനിൻ എഴുതി.

പ്ലാറ്റൺ നടത്തിയ അനുരഞ്‌ജന ചർച്ചകൾ വിജയകരമായി പൂർത്തിയാവുകയും യാത്രയുടെ നടപടിക്രമങ്ങൾ സംബന്ധിച്ച്‌ കരാർ ഒപ്പിട്ടതായുള്ള കത്ത്‌ ലഭിക്കുകയും ചെയ്‌തപ്പോൾ തന്നെ ലെനിൻ ചാടിയെഴുന്നേറ്റ്‌ ഇങ്ങനെ പ്രഖ്യാപിച്ചതായി ക്രൂപ്‌സ്‌കായ ഓർക്കുന്നു: ‘‘ആദ്യത്തെ ട്രെയിനിൽ തന്നെ നമുക്ക്‌ പുറപ്പെടാം.’’ ട്രെയിൻ പുറപ്പെടാൻ രണ്ടുമണിക്കൂർ കൂടിയേ ഉണ്ടായിരുന്നുള്ളൂ. ആ രണ്ടു മണിക്കൂറിനുള്ളിൽ വീട്ടുപകരണങ്ങൾ പാക്ക്‌ ചെയ്യണം, വീട്ടുടമസ്ഥയുമായുള്ള സാന്പത്തിക ഇടപാടുകൾ തീർക്കണം, ലൈബ്രറിയിൽനിന്നെടുത്ത പുസ്‌തകങ്ങൾ മടക്കിക്കൊടുക്കണം‐ ഇങ്ങനെ ചില കാര്യങ്ങൾ ചെയ്‌തുതീർക്കണമായിരുന്നു. ചുരുങ്ങിയ സമയംകൊണ്ട്‌ ഇതെല്ലാം കൂടി നിർവഹിക്കാൻ ബുദ്ധിമുട്ടാണെന്നു കണ്ട ക്രൂപ്‌സ്‌കായ ലെനിനോട്‌ ഇപ്പോൾതന്നെ പോകാനും താൻ പിറ്റേന്നത്തെ ട്രെയിനിൽ വന്നോളാമെന്നും പറഞ്ഞെങ്കിലും ലെനിൻ അതനുവദിച്ചില്ല. എല്ലാവരും ഒന്നിച്ച്‌ ഇപ്പോൾതന്നെ പോകണമെന്ന നിലപാടിൽ ലെനിൻ ഉറച്ചുനിന്നു. ഏതുനിമിഷവും എന്തും സംഭവിക്കാവുന്ന ഒരു കാലത്ത്‌ ഒരു കാര്യവും പിന്നീട്‌ ചെയ്യാമെന്ന്‌ മാറ്റിവയ്‌ക്കാൻ പാടില്ലെന്നതായിരുന്നു ലെനിന്റെ എപ്പോഴത്തേയും നിലപാട്‌. അതുകൊണ്ട്‌ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ആ രണ്ടു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി അവർ ബേണിലേക്കുള്ള ആദ്യ ട്രെയിനിൽ തന്നെ കയറി. റഷ്യയിലേക്ക്‌ പോകാനുള്ള സഖാക്കളെല്ലാം ബേണിലുള്ള പീപ്പിൾസ്‌ ഹൗസിൽ ഒത്തുകൂടി. അവർക്ക്‌ അകന്പടിക്കാരനായി ഫ്രിറ്റ്‌സ്‌ പ്ലാറ്റണും എത്തി.

എന്നാൽ ‘രാജ്യരക്ഷാവാദികളാ’യ വലതുപക്ഷ സോഷ്യൽ ഡെമോക്രാറ്റുകൾ (മെൻഷെവിക്കുകൾ) ജർമനിയിലൂടെ യാത്രചെയ്യുന്നതിന്റെ പേരിൽ ബോൾഷെവിക്കുകൾക്കെതിരെ ഭീകരമായ ഒച്ചപ്പാടുണ്ടാക്കി. സ്വാഭാവികമായും, ജർമനിയിലൂടെ യാത്രചെയ്യാൻ ബോൾഷെവിക്കുകളെ ജർമനിയിലെ ഗവൺമെന്റ്‌ അനുവദിച്ചത്‌ ബോൾഷെവിക്‌ വിപ്ലവം റഷ്യയെ സംബന്ധിച്ചിടത്തോളം വിനാശകരമായിരിക്കുമെന്ന ധാരണയിലാണ്‌. ബോൾഷെവിക്കുകളാകട്ടെ, റഷ്യയിൽ തൊഴിലാളിവർഗ വിപ്ലവം, സോഷ്യലിസ്റ്റ്‌ വിപ്ലവം യാഥാർഥ്യമാക്കുന്നതിനുള്ള മണ്ണൊരുക്കൽ തങ്ങളുടെ ചരിത്രപരമായ ദൗത്യമാണെന്ന ദൃഢവിശ്വാസത്തിലുമായിരുന്നു. ജർമനിയിലെ ബൂർഷ്വാ ഗവൺമെന്റ്‌ എന്ത്‌ ചിന്തിച്ചുവെന്നോ അവരുടെ ലക്ഷ്യമെന്തെണെന്നതോ ഒന്നും ബോൾഷെവിക്കുകൾക്ക്‌ പ്രശ്‌നമേയായിരുന്നില്ല.

മെൻഷെവിക്കുകൾ തങ്ങളെ ചെളിവാരിയെറിയുന്നതിനുള്ള അവസരമാക്കി ഈ യാത്രയെ ഉപയോഗിക്കുമെന്ന്‌ ലെനിനും സഖാക്കൾക്കും അറിയാമായിരുന്നു. ആ ഘട്ടത്തിൽ തങ്ങൾ ചെറിയൊരു ന്യൂനപക്ഷമാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ചിന്തിച്ചാൽ ജനങ്ങൾ തങ്ങൾക്കൊപ്പം അണിനിരക്കുമെന്ന ഉറച്ച വിശ്വാസത്തിൽ തന്നെയായിരുന്നു ബോൾഷെവിക്കുകൾ. അതായിരുന്നു യഥാർഥത്തിൽ സംഭവിച്ചതും.

തുടക്കത്തിൽ, അതായത്‌ 1917 മാർച്ച്‌ 27ന്‌, ജർമനിയിലൂടെ യാത്രചെയ്‌ത്‌ റഷ്യയിലേക്ക്‌ പോകാൻ തയ്യാറായത്‌ ബോൾഷെവിക്കുകൾ മാത്രമായിരുന്നു. ആദ്യം ഈ നിർദേശം മുന്നോട്ടുവെച്ച മാർത്തോവ്‌ ഉൾപ്പെടെയുള്ള മെൻഷെവിക്‌ വിഭാഗം അതിനു തയ്യാറായില്ല. എന്നാൽ ബോൾഷെവിക്കുകൾ റഷ്യയിലെത്തി ഒരുമാസം പിന്നിട്ടപ്പോൾ മാർത്തോവും മറ്റു മെൻഷെവിക്കുകളും ഉൾപ്പെടെയുള്ള ഇരുന്നൂറിലേറെ റഷ്യൻ പ്രവാസികൾ ഇതേ ജർമനിയിലൂടെ തന്നെ പെട്രോഗ്രാഡിലേക്ക്‌ യാത്രയായി.

ചരിത്രത്തിൽ ഇടംനേടിയ ആ യാത്രയെക്കുറിച്ച്‌ ക്രൂപ്‌സ്‌കായ എഴുതുന്നു: ‘‘ട്രെയിനിൽ കയറിയ സമയത്ത്‌ ആരും ഞങ്ങളുടെ ലഗേജുകളോ പാസ്‌പോർട്ടോ പരിശോധിച്ചില്ല. ഇലിച്ച്‌ തന്നിലേക്കുതന്നെ ഒതുങ്ങി ചിന്തയിൽ മുഴുകിയിരുന്നു; അദ്ദേഹത്തിന്റെ ചിന്തകൾ റഷ്യയെ ചുറ്റിപ്പറ്റിയായിരുന്നു… ട്രെയിനിന്റെ ജനാലയിലൂടെ പുറത്തേക്കുനോക്കുമ്പോൾ ശ്രദ്ധയിൽപെടുന്ന ഒരു കാര്യം, മുതിർന്ന പുരുഷന്മാരുടെ അഭാവമായിരുന്നു. സ്‌ത്രീകളെയും കൗമാരക്കാരെയും കുട്ടികളെയും മാത്രമേ വഴിയരികിലെ സ്‌റ്റേഷനുകളിലും പാടങ്ങളിലും പട്ടണങ്ങളിലെ തെരുവോരങ്ങളിലുമെല്ലാം കാണാനുണ്ടായിരുന്നുള്ളൂ. പെട്രോഗ്രാഡിൽ ഞങ്ങളെത്തിയ ആദ്യദിനങ്ങളിലും ഇതേ അവസ്ഥതന്നെയാണ്‌ എന്റെ ശ്രദ്ധയിൽ വന്നത്‌; അവിടെ കണ്ട വാഹനങ്ങളിലാകെ പട്ടാളക്കാരെകൊണ്ട്‌ കുത്തിനിറച്ചിരുന്നു’’‐ യുദ്ധത്തിന്റെ ആ നാളുകളെക്കുറിച്ചുള്ള കൃത്യമായ അടയാളപ്പെടുത്തൽ. ലെനിന്റെ ആ ചിന്തയിലും ഈ സാഹചര്യങ്ങളായിരിക്കണം ഉണ്ടായിരുന്നത്‌.

മാർച്ച്‌ 31ന്‌ അവർ സഞ്ചരിച്ച ട്രെയിൻ സ്വീഡനിലെത്തി. അവിടെ അവരെ സ്വീകരിക്കാൻ സാർവദേശീയവാദികളായ സ്വീഡിഷ്‌ സോഷ്യൽ ഡെമോക്രാറ്റിക്‌ എംപിമാർ എത്തിയിരുന്നു. റെയിൽവേ സ്‌റ്റേഷനിലെ വെയിറ്റിങ്‌ റൂമിൽ ഒരു ചെങ്കൊടി പാറിപ്പറക്കുന്നുണ്ടായിരുന്നുവെന്നും അവിടെ ഒരു യോഗം ചേരാനുള്ള ഏർപ്പാടുകൾ ചെയ്‌തിട്ടുണ്ടായിരുന്നുവെന്നും ക്രൂപ്‌സ്‌കായ എഴുതുന്നു. ഫ്രിറ്റ്‌സ്‌ പ്ലാറ്റണിനും റാഡെക്കിനും റഷ്യയിൽ പ്രവേശിക്കുന്നതിന്‌ റഷ്യൻ പ്രൊവിഷണൽ ഗവൺമെന്റിന്റെ അനുവാദം ഉണ്ടായിരുന്നില്ല. എന്നാൽ ലെനിനും ബോൾഷെവിക്കുകളും റഷ്യയിൽ കടക്കുന്നതിനെ എതിർക്കാനുള്ള ധൈര്യം കെറെൻസ്‌കിക്കും കൂട്ടർക്കും ഉണ്ടായിരുന്നില്ല. ഒടുവിൽ, 1917 ഏപ്രിൽ 12ന്‌ അവർ സ്വീഡനിൽനിന്ന്‌ പെട്രോഗ്രാഡിലേക്ക്‌ യാത്രതിരിക്കാനുള്ള നടപടികൾ പൂർത്തീകരിച്ചു. ഏപ്രിൽ 13ന്‌ വൈകുന്നേരം സ്‌റ്റോക്‌ഹോമിൽനിന്ന്‌ തിരിച്ച ലെനിനും സഖാക്കളും ഏപ്രിൽ 16ന്‌ രാത്രി 11 മണിക്ക്‌ പെട്രോഗ്രാഡിലെ ഫിൻലണ്ട്‌ സ്‌റ്റേഷനിലെത്തി. വലിയൊരു ജനക്കൂട്ടം ആ രാത്രിയിൽ ലെനിനെ സ്വീകരിക്കാൻ അവിടെയെത്തിയിരുന്നു. ക്രിസ്റ്റഫൻ റീഡ്‌ എഴുതിയതുപോലെ, ‘‘ലെനിന്റെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ ഘട്ടം ഇതോടെ ആരംഭിക്കുന്നു; വിപ്ലവം ആരംഭിച്ചുകഴിഞ്ഞു’’.

ഫിൻലണ്ട്‌ സ്‌റ്റേഷനിൽ നിന്നും ലെനിനും സഖാക്കളും പോയത്‌ ആർഎസ്‌ഡിഎൽപി സെൻട്രൽ കമ്മിറ്റിയുടെയും പെട്രോഗ്രാഡ്‌ കമ്മിറ്റിയുടെയും ആസ്ഥാനമായിരുന്ന ക്രെസിൻസ്‌കാ മാൻഷനിലേക്കായിരുന്നു (Krzesinska Mansion). അവിടെ സഖാക്കൾ അവർക്ക്‌ ഒരു ടീ പാർട്ടിയും അവരെ സ്വാഗതം ചെയ്യാൻ ഒരു ചെറിയ യോഗവും ഏർപ്പാടാക്കിയിരുന്നു. എന്നാൽ ലെനിൻ ആ അവസരം ഉപയോഗിച്ചത്‌ വിപ്ലവം പിന്തുടരേണ്ട അടവുകളെക്കുറിച്ച്‌ സംസാരിക്കാനായിരുന്നു. ക്രെസിൻസ്‌കാ മാൻഷെനു പുറത്ത്‌ തൊഴിലാളികളും പട്ടാളക്കാരും ഉൾപ്പെടെ ഒരു ജനക്കൂട്ടം ആകാംക്ഷയോടെ കാത്തുനിൽപ്പുണ്ടായിരുന്നു. ആ കെട്ടിടത്തിന്റെ ബാൽക്കണിയിൽനിന്ന്‌ ആ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യേണ്ടത്‌ തന്റെ ബാധ്യതയാണെന്ന്‌ ലെനിൻ കരുതി. യോഗം കഴിഞ്ഞ്‌ ലെനിനും ക്രൂപ്‌സ്‌കായയും, അദ്ദേഹത്തിന്റെ സഹോദരി അന്ന ഇലിനിച്ചിന (Anna Ilynichna)യും അവരുടെ ജീവിതപങ്കാളി മാർക്ക്‌ യെലിസറോവും (Mark Yelizarov) താമസിച്ചിരുന്ന വീട്ടിലേക്ക്‌ പോയി. ലെനിന്റെ ഇളയ സഹോദരി മറിയ ഇലിനിച്ചിനയും അവരോടൊപ്പംതന്നെ താമസിക്കുന്നുണ്ടായിരുന്നു. അങ്ങനെ കുടുംബാംഗങ്ങളുടെ ഒത്തുചേരലും കൂടിയായത്‌.

വളരെയേറെ പ്രധാനപ്പെട്ട ഒരു ഘട്ടത്തിലാണ്‌ ലെനിൻ പ്രവാസജീവിതം അവസാനിപ്പിച്ച്‌ പെട്രോഗ്രാഡിൽ മടങ്ങിയെത്തിയത്‌. അക്കാലത്തെ ഓരോ നിമിഷവും വിലയേറിയതായിരുന്നു. തൊഴിലാളികളുടെയും പട്ടാളക്കാരുടെയും പ്രതിനിധികളുടെ അഖില റഷ്യൻ കോൺഫറൻസിലെ ബോൾഷെവിക്‌ അംഗങ്ങളുടെ യോഗത്തിൽ പങ്കെടുക്കാൻ ലെനിനെ ക്ഷണിക്കാനായി സഖാക്കൾ എത്തുമ്പോൾ പലപ്പോഴും അദ്ദേഹം ഏണീറ്റിട്ടേ ഉള്ളൂവെന്ന സ്ഥിതിയിലായിരുന്നു. രാപകൽ അദ്ദേഹം പ്രവർത്തനനിരതനായിരുന്നു. ലെനിൻ കോൺഫറൻസിൽ പങ്കെടുത്തു സംസാരിച്ചു. തൗദിദ പാലസിന്റെ (Taudida Palace) മുകളിലത്തെ നിലയിലായിരുന്നു ലെനിൻ. പിന്നീട്‌ ഏപ്രിൽ തീസിസ്‌ എന്ന പേരിൽ പ്രസിദ്ധമായ രേഖയുടെ ആദ്യരൂപമായിരുന്നു ഈ പ്രസംഗം.

നിലവിലെ സാഹചര്യത്തെ വിലയിരുത്തിയ ലെനിൻ തുടർന്നു മുന്നോട്ടുവയ്‌ക്കേണ്ട ലക്ഷ്യങ്ങളെന്തെന്നും അവ നേടിയെടുക്കുന്നതിന്‌ പിന്തുടരേണ്ട പാത സംബന്ധിച്ചും വിശദീകരിച്ചു. പല സഖാക്കളും ലെനിന്റെ പ്രഭാഷണം കേട്ട്‌ ഏറെക്കുറെ സ്‌തംഭിച്ചുപോയതായാണ്‌ ക്രൂപ്‌സ്‌കായ ഓർമിക്കുന്നത്‌. തെല്ലും വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറല്ലാത്തവിധം കർക്കശമായാണ്‌ ലെനിൻ വിഷയം അവതരിപ്പിച്ചത്‌. സോഷ്യലിസ്റ്റ്‌ വിപ്ലവത്തെക്കുറിച്ച്‌ ഈ ഘട്ടത്തിൽ സംസാരിക്കുന്നത്‌ അകാലികമല്ലേയെന്നാണ്‌ പല സഖാക്കളും ചിന്തിച്ചത്‌.

അതേസമയം, താഴത്തെ നിലയിൽ മെൻഷെവിക്കുകളുടെ യോഗം ചേരുകയായിരുന്നു. അവിടെനിന്നൊരു സഖാവ്‌ വന്ന്‌ സമാനമായ ഒരു റിപ്പോർട്ട്‌ ബോൾഷെവിക്കുകളുടെയും മെൻഷെവിക്കുകളുടെയും സംയുക്ത യോഗത്തിൽ അവതരിപ്പിക്കണമെന്ന്‌ ശക്തമായി ആവശ്യപ്പെട്ടു. ലെനിൻ എല്ലാ സോഷ്യൽ ഡെമോക്രാറ്റുകളുടെയും യോഗത്തിൽ കാര്യങ്ങൾ വിശദീകരിക്കണമെന്ന നിർദേശം ബോൾഷെവിക്‌ യോഗത്തിലും ഉയർന്നു. ലെനിൻ അതംഗീകരിച്ചു. അതേ കെട്ടിടത്തിലെ താഴത്തെ നിലയിലെ വലിയ ഹാളിൽ സംയുക്ത യോഗം ചേർന്നു.

ക്രൂപ്‌സ്‌കായ ആ യോഗത്തെക്കുറിച്ച്‌ ഓർക്കുന്നതിങ്ങനെ: ‘‘അധ്യക്ഷവേദിയിൽ ഇരുന്നവരിൽ ഒരാൾ ഗോൾഡൻബെർഗ്‌ ആയിരുന്നുവെന്ന്‌ ഞാൻ ഓർക്കുന്നു. 1905ലെ വിപ്ലവകാലത്ത്‌ ഒരുറച്ച ബോൾഷെവിക്കായിരുന്നു ഇദ്ദേഹം; പോരാട്ടത്തിൽ ഞങ്ങൾക്കൊപ്പം വിട്ടുവീഴ്‌ചയില്ലാതെ ഉറച്ചുനിന്നൊരാൾ. ഇപ്പോൾ അദ്ദേഹം പ്ലെഖാനോവിന്റെ പക്ഷം ചേർന്നു; ‘‘രാജ്യസ്‌നേഹി’’യായി ഇയാൾ മാറുകയായിരുന്നു. ആ യോഗത്തിലെ ലെനിന്റെ പ്രഭാഷണം രണ്ടുമണിക്കൂറോളമെടുത്തു. ഗോൾഡൻബെർഗ്‌ ഉടൻതന്നെ ലെനിനെ ഖണ്ഡിച്ചുകൊണ്ട്‌ സംസാരിച്ചു. വിപ്ലവ ജനാധിപത്യവാദികൾക്കിടയിൽനിന്ന്‌ ലെനിൻ ആഭ്യന്തരയുദ്ധത്തെക്കുറിച്ച്‌ സംസാരിക്കുകയാണെന്ന്‌ ഗോൾഡെൻബെർഗ്‌ ശക്തമായ വിമർശനമുന്നയിച്ചു. ഇപ്പോൾ ഞങ്ങൾക്ക്‌ കാണാൻ കഴിഞ്ഞത്‌ ഞങ്ങൾ ഇവരിൽനിന്ന്‌ എത്രമാത്രം അകന്നിരിക്കുന്നുവെന്നാണ്‌. ഞാനോർക്കുന്ന മറ്റൊരു കാര്യം ആ യോഗത്തിലെ കൊല്ലന്തായ്‌യുടെ പ്രസംഗമാണ്‌. അതിൽ അവർ ആവേശപൂർവം ലെനിനെ പിന്തുണച്ചു’’.

തുടർന്നുള്ള വിപ്ലവത്തിന്റെ ഗതി നിർണയിച്ച ലെനിന്റെ ഏപ്രിൽ തീസിസ്‌ മെൻഷെവിക്കുകളിലും ബോൾഷെവിക്കുകളിലും ഒരേപോലെ വ്യത്യസ്‌തമായ അഭിപ്രായങ്ങൾക്കാണ്‌ ഇടയാക്കിയത്‌. പ്ലെഖാനോവ്‌ Yedonstvo (യെദിൻസ്‌തൊ) എന്ന തന്റെ പത്രത്തിൽ ലെനിന്റെ തീസിസിനെ വിശേഷിപ്പിച്ചത്‌ വാലും തുന്പുമില്ലാത്ത ചവറെന്നാണ്‌. l
(തുടരും)

Hot this week

ബോംബെ പ്ലാനും പൊതുമേഖലയും

ബോംബെ പ്ലാൻ ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാമ്പത്തിക വളർച്ച എങ്ങനെയായിരിക്കണം...

ശാന്തമായ ജലാശയത്തിൽ നീന്തുന്ന അരയന്നങ്ങൾ!

പുത്തൻ കാറ്റിന്റെ നേർത്ത ശീതളിമ... പുലരിയുടെ നവോന്മേഷം... ചൂടുള്ള ഒരു ചെറു...

ആഫ്രിക്കയിൽ ലെഫ്റ്റ് കോൺഫറൻസ്

ശിഥിലീകരിക്കപ്പെട്ട്, പരസ്പരം എതിരിട്ടുനിന്നിരുന്ന ദക്ഷിണാഫ്രിക്കയിലെ പുരോഗമന ശക്തികൾ ഒന്നിച്ചു നിൽക്കുവാനുറച്ചു മുന്നോട്ടുവന്നിരിക്കുന്നു....

തൊഴിൽ നിയമങ്ങളിൽ പരിഷ്കാരത്തിനൊരുങ്ങി ബ്രസീൽ

ബ്രസീലിലെ ലുല ഗവൺമെന്റ്‌ രാജ്യത്തെ തൊഴിൽ നിയമവുമായി ബന്ധപ്പെട്ട് ഭരണഘടനയിൽ ഭേദഗതി...

കോക്രോച്ച് ജനതാപാർട്ടിയുടെ രാഷ്‌ട്രീയം

സുപ്രീം കോടതി ജഡ്ജി യുവാക്കളെ പാറ്റ എന്ന് ഒരു സാഹചര്യത്തിലും വിശേഷിപ്പിക്കാൻ...

Topics

ബോംബെ പ്ലാനും പൊതുമേഖലയും

ബോംബെ പ്ലാൻ ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാമ്പത്തിക വളർച്ച എങ്ങനെയായിരിക്കണം...

ശാന്തമായ ജലാശയത്തിൽ നീന്തുന്ന അരയന്നങ്ങൾ!

പുത്തൻ കാറ്റിന്റെ നേർത്ത ശീതളിമ... പുലരിയുടെ നവോന്മേഷം... ചൂടുള്ള ഒരു ചെറു...

ആഫ്രിക്കയിൽ ലെഫ്റ്റ് കോൺഫറൻസ്

ശിഥിലീകരിക്കപ്പെട്ട്, പരസ്പരം എതിരിട്ടുനിന്നിരുന്ന ദക്ഷിണാഫ്രിക്കയിലെ പുരോഗമന ശക്തികൾ ഒന്നിച്ചു നിൽക്കുവാനുറച്ചു മുന്നോട്ടുവന്നിരിക്കുന്നു....

തൊഴിൽ നിയമങ്ങളിൽ പരിഷ്കാരത്തിനൊരുങ്ങി ബ്രസീൽ

ബ്രസീലിലെ ലുല ഗവൺമെന്റ്‌ രാജ്യത്തെ തൊഴിൽ നിയമവുമായി ബന്ധപ്പെട്ട് ഭരണഘടനയിൽ ഭേദഗതി...

കോക്രോച്ച് ജനതാപാർട്ടിയുടെ രാഷ്‌ട്രീയം

സുപ്രീം കോടതി ജഡ്ജി യുവാക്കളെ പാറ്റ എന്ന് ഒരു സാഹചര്യത്തിലും വിശേഷിപ്പിക്കാൻ...

നെഹ്‌റുവിയൻ സോഷ്യലിസമോ?

വി ഡി സതീശൻ നെഹ്‌റൂവിയൻ സോഷ്യലിസ്റ്റാണത്രെ! അങ്ങനെയുമുണ്ടൊ ഒരു സോഷ്യലിസം?1955 ൽ...

ത്രില്ലറുകളുടെ കാഴ്ചാപരിസരം

മലയാളത്തിൽ സമീപകാലത്തുണ്ടായ പല ക്രൈം ത്രില്ലറുകളുടെയും സ്വഭാവം തന്നെയാണ്‌ ‘ദൃഢം’ എന്ന...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 27

1917ലെ ഫെബ്രുവരി വിപ്ലവം ‘‘ഒരുദിവസം, ഉച്ചഭക്ഷണത്തിനുശേഷം ഇലിച്ച്‌ ലൈബ്രറിയിലേക്ക്‌ പോകാനൊരുങ്ങവെ, ഭക്ഷണം കഴിച്ച...
spot_img

Related Articles

Popular Categories

spot_imgspot_img