(ഇറാനുനേരെ അമേരിക്കയും, ഇസ്രയേലും നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിൽനിന്ന് രാജ്യത്തേയ്ക്ക് തിരിച്ച് വന്ന ആമിനാത്തയുടെ വീടിന്റെ അടുക്കളയോടനുബന്ധിച്ചുള്ള ചായിപ്പാണ് വേദി. ആമിനാത്തയ്ക്ക് പ്രായം എഴുപത് കഴിഞ്ഞു. ഗ്യാസ് സറ്റൗവിന് പകരം വിറകടുപ്പാണ് ഉപയോഗിക്കുന്നത്. അടുപ്പിനടുത്തായി കാലിയായ ഗ്യാസ് സിലിണ്ടറുണ്ട്. വിറകടുപ്പിൽ തീകൂട്ടുന്ന ആമിനാത്ത തീപിടിക്കാത്തതിന്റെ ദേഷ്യം തീർക്കുന്നത് സിലിണ്ടറിലാണ്. ഗ്യാസ് സിലിണ്ടറിനെ ചവിട്ടിത്തള്ളിയിട്ടുകൊണ്ട് സംഭാഷണം ആരംഭിക്കുന്നു. വേഷം പർദ്ദ. തലയിൽ തട്ടം… കൂളിംഗ്ലാസും അണിഞ്ഞിട്ടുണ്ട്.)
ആമിനാത്ത: പണ്ടാരടങ്ങാൻ കത്തുന്നില്ല….. ഞമ്മളിപ്പോൾ ആരെയാണ് ചവിട്ടീതെന്ന് അറിയൊങ്ങക്ക്…
ഇങ്ങള് ബിസാരിക്കും ഈ ഗ്യാസിൻ കുറ്റിനെയാണെന്ന്…
എന്നാൽ അല്ല (ഗ്യാസ് സിലിണ്ടർ പ്രേക്ഷകർ കാണത്തക്കവിധം തിരിച്ചുവെക്കുന്നു. ഇതിൽ ഡൊണാൾഡ് ട്രംപ്, നെതന്യാഹു നരേന്ദ്രമോദി എന്നിവരുടെ ചിത്രം പതിച്ചിട്ടുണ്ട്)
ഇവരെയാണ് ഞമ്മളിങ്ങനെ ചവിട്ടണത്.
ദിവസം നാല് നേരം ഈ പണി ഞമ്മള് ചെയ്യണണ്ട്. ഇങ്ങനെ ചെയ്യുന്നില്ലങ്കിൽ ഞമ്മക്കൊരു സമാധാനവും ഉണ്ടാവൂല…
അതെന്താണെന്ന് ഇങ്ങക്കറിയൊ…
എന്നാൽ കേട്ടോളിൻ. ഈ ദുനിയാവിന്റകത്തുള്ള മുയിമൻ മനിസ്സന്മാരേയും ഹലാക്കിലാക്കിയ പഹയന്മാരാണ് ഇവര്.
(സിലിണ്ടറിൽ പതിച്ച ചിത്രം പറിച്ചെടുക്കുന്നു. ട്രംപിന്റെ ചിത്രം ഉയർത്തിക്കാണിച്ചുകൊണ്ട് സംസാരിക്കുന്നു)
ഈ ചെയ്ത്താൻ… ഇവനൊരു ഹറാംപിറന്നോനാണ്. തലയ്ക്ക് വെളിവില്ലാത്തോൻ ഇവന്റെ പേരെന്താന്നറിയൊ ഇങ്ങക്ക് എന്നാൽ കേട്ടോളി ട്രംപ്…
മുയിമൻ പേര് ഡൊണാൾഡ് ട്രംപ്.
(രണ്ടാമത്തെ ചിത്രം ഉയർത്തിക്കാണിക്കുന്നു)
[ട്രപിന്റെയും നെതന്യാഹുവിന്റെയും ചിത്രം ഒരുമിച്ചുവെച്ച് പ്രേക്ഷകർക്ക് കാണിച്ചുകൊണ്ട്] ഇത് ഇബന്റെ ഒരു ചങ്ങായിയാണ്…
ഇവന്റെ പേരെന്താണെന്നറിയൊ ഇങ്ങക്ക്. (പ്രേക്ഷകരോട് ചോദിക്കുന്നു അവരെക്കൊണ്ട് പേര് പറയാൻ പ്രേരിപ്പിക്കുന്നു)
ഉം… പറയി… അതെ… അത്തന്നെ നെതന്യാഹു. ഈ ചെങ്ങായി മുയിത്ത പിരാന്തനാണ്. യുദ്ധവെറി പിടിച്ച് നടക്കണ ഒരു പിരാന്തൻ. ഇതുപോലൊരു പിരാന്തനെ ചരിത്രത്തിൽ ഞമ്മള് കണ്ടിട്ടില്ല.
ഇങ്ങളൊന്നാലോയിച്ച് നോക്കി… ആ പലസ്തീനികളെ കൊലചെയ്യാൻ തുടങ്ങിയിട്ട് എത്രനാളായി ഇപ്പോയും ഓന്റെ പൂതി തീർന്നിട്ടില്ല.
ആ തെമ്മാടിയെക്കൊണ്ട് അതെല്ലാം ചെയ്യിപ്പിക്കുന്നത് ഞമ്മള് നേരത്തെ കാണിച്ച ആ പഹയനുണ്ടല്ലൊ. അമേരിക്കൻ പ്രസിഡണ്ട് ട്രംപാണ്. ഓനാണെങ്കിൽ ഇബനേക്കാട്ടീ ബലിയ പിരാന്തനാണ്.
ഈ രണ്ട് പിരാന്തന്മാരും ഒന്നിനൊന്നു മെച്ചപ്പെട്ട പിരാന്തന്മാരാണ്.
(നരേന്ദ്രമോദിയുടെ ചിത്രം ഉയർത്തിക്കാണിക്കുന്നു)
ഇത് ഞമ്മടെ രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഈ രണ്ട് പിരാന്തന്മാരുടെയും ബലിയ സുഹൃത്താണ്. ട്രംപ് തൂറണ്ടാന്ന് പറഞ്ഞാൽ തൂറൂല അത്രയ്ക്കും ഭയഭക്തി ബഹുമാനമാണ് മൂപ്പർക്ക് ട്രംപിനോട്.
ഇങ്ങിനെ ഒന്നിനൊന്ന് മെച്ചപ്പെട്ട പിരാന്തന്മാരാൽ നയിക്കപ്പെടുന്ന ലോകത്ത് യുദ്ധമല്ലാതെ മറ്റെന്താ ഉണ്ടാവുകല്ലെ മക്കളെ.
ഇങ്ങളൊന്നാലോയിച്ചോക്കി. ഞമ്മളെ നാട്ടിൽ കാക്കേനെ ആട്ടാൻ ഉപയോഗിക്കുന്ന കവണ മാത്രമേ പലസ്തീൻകാരുടെ കയ്യിലുള്ളൂ. അവരെ നേരിടാൻ മിസൈല് കൊണ്ട് യുദ്ധം ചെയ്യുന്ന ഇസ്രയേലിനെപ്പറ്റി എന്ത് പറയാൻ. എന്നാലും പലസ്തീൻ കുട്ടികൾ കവണക്കല്ല് കൊണ്ട് മിസൈലിനെ നേരിടുന്നുണ്ട്.
മുയിത്ത പിരാന്തനായ നെതന്യാഹു പലസ്തീനിലെ ആളില്ലാത്ത ഗോൾപോസ്റ്റിലേക്ക് ഗോളടിച്ച് രസിക്കുന്നതിന്റെ എടേല് ഈ ചെങ്ങായി ഒരു മിസൈല് ഇറാനിലേക്ക് വിട്ട്.
ഇത് വിടുന്നതിന്റെ തലേദിവസം 2026 ഫെബ്രുവരി 27-ന് ഞമ്മളെ പ്രധാനമന്ത്രി നരേന്ത്രമോദി ഇസ്രയേൽ പാർലമെന്റിൽ പ്രസംഗിച്ചിട്ടുണ്ടെന്ന് ഓർക്കണം.
നെതന്യാഹു ആ മിസൈല് വിട്ടത് എങ്ങോട്ടാണ്. പെൺകുട്ടികൾ മാത്രം പഠിക്കുന്ന മിനാബിലെ എലിമെന്ററി സ്കൂളിന് നേരെയാണ്. 168 പെൺകുട്ടികളാണ് മരിച്ച് വീണത്. അവരെ പഠിപ്പിക്കുന്ന ടീച്ചർമാരും. കൊയപ്പങ്ങൾക്കെല്ലാം കാരണം അതാണ്.
നരേന്ദ്രമോദിയുടെ ഗുജറാത്തിൽ സംഭവിച്ചത് നിങ്ങൾക്കോർമ്മയില്ലെ. ഗർഭിണിയായ മുസ്ലിം പെൺകുട്ടിയുടെ വയറ്റിലേക്ക് തൃശൂലം കയറ്റി കുട്ടിയെ പുറത്തേക്കെടുത്ത് പെട്രോളിൽ മുക്കി കത്തിച്ച സംഭവം ഓർമ്മയില്ലെ ഇങ്ങക്ക്.
നെതന്യാഹു ബിസാരിച്ചിട്ടുണ്ടാവെന്താന്നറിയൊ ങ്ങക്ക്… പലസ്തീൻകാരെപ്പോലെ ആയിരിക്കും ഇറാൻകാരെന്നാണ്.
പച്ചേങ്കില് സംഭവിച്ചതെന്താണ്…
(പൊട്ടിച്ചിരിക്കുന്നു)
ആ പിരാന്തൻ മിസൈല് ബിട്ടതെ ഓർമ്മയുള്ളൂ. ബോധം ബന്ന് കണ്ണ് തൊറന്നപ്പൊൾ ഇസ്രയേലാകെ തബിട് പൊടി ആയതാണ് കാണുന്നത്.
അപ്പോളുണ്ട് അമേരിക്കേന്റെ ട്രംപും ഓന്റെ കൂട്ടാളികളും അതാരാണെന്നറിയൊ ഇങ്ങക്ക്? ഞമ്മളെ നാവിന്റെ തുമ്പത്തുണ്ട് ആ പേര്… ഓ… എന്തായിരുന്നു അത് (പ്രേക്ഷകരെക്കൊണ്ട് പറയിപ്പിക്കുന്നു). നാ… നാ… നാറ്റൊ അതെന്നെ നാറ്റൊ സഖ്യരാജ്യങ്ങൾ അബരെല്ലാം കൂടി ഇറാന്റെ നേരെ ഒന്ന് കണ്ണുരുട്ടി ഇറാന്റെ സർവ്വ സൈന്യാധിപനേയും കുടുംബത്തേയും ബോംബിട്ട് കൊന്ന്.
ഇറാൻ അതോടെ തകർന്നെന്നാണ് ഓല് ബിസാരിച്ചത്.
എന്നാല് പിടിച്ചതിനേക്കാൾ ബലുത് മാളത്തിലെന്ന ശേല്ക്കാണ് പിന്നെ സംഭവിച്ചത്.
(അരി കഴുകി അടുപ്പിലെ പാത്രത്തിലേക്ക് ഇടുന്നു)
ഇതാ… ഇത്പോലെ ഇറാന്റെ മിസൈല് തുരുതുരാന്ന് ഇസ്രേയേയിലെക്കും അമേരിക്കൻ പട്ടാളത്തിന് നേരെയും അയച്ച് ബിടാൻ തൊടങ്ങിതോടെ ഓല്ക്ക് ചെലതൊക്കെ ബോദ്ധ്യം വന്ന് തൊടങ്ങിട്ട്ണ്ട്.
നെത്തോലി ഒരു ചെറിയ മീനല്ലാന്ന് പറഞ്ഞപോലെ ഇറാൻ ഒരു ചെറിയ രാജ്യമല്ലാന്ന് മാത്രമല്ല അമേരിക്കയെവരെ വെല്ലുവിളിക്കാൻ കെല്പുള്ള രാജ്യമാണെന്ന് ലോകരാജ്യങ്ങൾ മനസ്സിലാക്കിവരികയാണിപ്പോൾ.
യുദ്ധം അത്പ്പം ഏത് യുദ്ധമായാലും അത് ഉണ്ടാകുന്നത് അധികാരം തന്റെ കൈകളിൽ ബദ്രമാണെന്ന് ഉറപ്പുവരുത്താൻ വേണ്ടി മാത്രമാണ്.
അത് മാത്രമാണൊന്ന് ഇങ്ങക്ക് സംശയം ഉണ്ടാകും.
എന്നാൽ കേട്ടോളിൻ അധികാരം ഉണ്ടായാൽ മാത്രം പോര ആ അതികാരം നിലനിർത്താൻ പണം വേണം. ആ പണം കണ്ടെത്താൻ സ്വന്തം രാജ്യത്തെ ജനങ്ങളെ കൊളളയടിക്കും.
ഇപ്പം ഞമ്മടെ പ്രധാനമന്ത്രി പെട്രോളിനും, ഡീസലിനും, ഗ്യാസിനും അങ്ങിനെ എല്ലാത്തിനും ബെല വർദ്ധിപ്പിച്ച് കൊള്ളയടിക്കുംപോലെ… ഏത് ഇങ്ങക്ക് മനസ്സിലാകുന്നുണ്ടൊ?
എന്നിട്ടും തികയാതെവരുംമ്പോൾ പണ്ട്കാലത്ത് ക്ഷേത്രങ്ങൾ കൊള്ളയടിക്കലായിരുന്നു പതിവ്.
എന്നാലിപ്പോൾ ക്ഷേത്രങ്ങളും പള്ളികളും പൊളിച്ച് ജനശ്രദ്ധ തിരിച്ച് ബിടും.
ബാബറി മസ്ജിദ് അടക്കമുള്ള ആരാധനാലയങ്ങൾ തകർത്തപ്പോൾ ഉണ്ടായ കലാപങ്ങളൊക്കെ ഇങ്ങക്കറിയാലൊ.
മറ്റ് രാജ്യങ്ങൾ ചെയ്യുന്നത് അവിടുത്തെ ജനങ്ങൾ തമ്മിൽ തല്ലിച്ചാവാൻ പാകത്തിലുള്ള പ്രശ്നങ്ങളായിരിക്കും മുന്നോട്ട് വെക്കുക.
എന്നിട്ടും തികയാതെ വരുംമ്പോഴാണ് അയൽരാജ്യങ്ങളിലെ സമ്പത്ത് കൊള്ളയടിക്കുക.
അപ്പോൾ ആ രാജ്യങ്ങൾ അതിനെ ചെറുക്കും. അതിനെയാണ് യുദ്ധം എന്ന് പറയുന്നത്.
ഇത് വ്യത്യസ്ത രൂപത്തിൽ മനുഷ്യരുണ്ടായ കാലം മുതലുണ്ട്. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന ചൊല്ല് അങ്ങിനെ ഉണ്ടായതാണ്.
അങ്ങിനെയാണ് ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോക മഹായുദ്ധവും ഉണ്ടായത്.
അമേരിക്ക ഇപ്പം ചെയ്യണത്, ഓല് ഇണ്ടാക്കുന്ന ആയുധങ്ങൾ ചെലവാകണം. അതിന് ഓരോ കാരണങ്ങളുണ്ടാക്കി യുദ്ധം ചെയ്യുകയാണ്.
ഇപ്പം അമേരിക്ക പറയുന്നത് എന്താണെന്നറിയൊ ഇങ്ങക്ക്… ഇറാന്റെ കയ്യില് ആണവായുധം ഉണ്ടൊലെ.
മുമ്പ് സദ്ദാം ഹുസൈന്റെ ഇറാഖിൽ ആണവായുധം ഉണ്ടെന്ന് പറഞ്ഞാണ് ആ രാജ്യത്തലവൻ സദ്ദാം ഹുസൈനെ തൂക്കിക്കൊന്നും രാജ്യത്തെ ആകെ തകർത്ത് തരിപ്പണമാക്കിയുമാണ് അവിടെ പരിശോധിച്ചത്.
പരിശോധന കഴിഞ്ഞപ്പൊൾ ഒരാണവായുധവും അമേരിക്കയ്ക്ക് കിട്ടിയില്ല.
എന്നാലൊ ഈ അമേരിക്ക ഇസ്പതിനായിരം ആണവായുധങ്ങൾ കയ്യിൽ ബെച്ചാണ്. മറ്റ്ള്ളൊരുടെ അടുക്കള തെരയുന്നത്.
പണ്ട് 2008-ൽ ഒന്നാം UPA സർക്കാറിന് എടത്പച്ചം പിന്തുണ പിൻവലിക്കാനുള്ള കാരണം എന്തായിരുന്നു.
ഇങ്ങക്കോർമ്മയില്ലെ… [ഓരോരുത്തരോടെന്നപോലെ ചോദിക്കുന്നു]
അന്ന് അമേരിക്ക ആണവനിരായുധീകരണ കരാറിൽ ഒപ്പിടാൻ പറഞ്ഞപ്പോൾ മൻമോഹൻ സിങ്ങും കോൺഗ്രസ്സും അതിൽ ഒപ്പിടാൻ വലിയ വാശി കാണിച്ചു.
ഇടതുപക്ഷം അത് പാടില്ലെന്ന് പറഞ്ഞു. അത് ഒപ്പിടുന്നതോട്കൂടി ഞമ്മൾ അമേരിക്കയുടെ അടിമരാജ്യമാകും അതുകൊണ്ട് അത് പാടില്ലന്നവർ പറഞ്ഞു.
അത് ധിക്കരിച്ച്കൊണ്ടാണ് കോൺഗ്രസ്സ് പ്രധാനമന്ത്രി മൻമോഹൻസിങ് ഒപ്പുവെച്ചത്.
ഒരു കാര്യം ഞമ്മള് മനസ്സിലാക്കേണ്ടത് അമേരിക്കയുടെ ആസനം താങ്ങി നടക്കുന്ന പതിവ് നരേന്ദ്രമോദിക്ക് മാത്രമല്ല അത് തുടങ്ങിവെച്ചത് ഇന്ദിരാഗാന്ധിക്ക് ശേഷമുള്ള കോൺഗ്രസ്സാണ്.
ഇപ്പോൾ തന്നെ ഇങ്ങളൊന്നാലോചിച്ച് നോക്കി. യുദ്ധം തൊടങ്ങിയപ്പൊൾ അമേരിക്ക ഞമ്മളോട് റഷ്യേന്റെ എണ്ണ മാങ്ങരുത് ന്ന് പറഞ്ഞപ്പോൾ മുട്ടിലിഴഞ്ഞ് റാൻ മൂളിയത് ഞമ്മള് കണ്ടതല്ലെ.
ഹോർമുസ് കടലിടുക്ക് അടച്ചപ്പോൾ റഷ്യയിൽനിന്ന് എണ്ണ മാങ്ങാൻ അമേരിക്കയോട് സമ്മതം ചോദിച്ചപ്പോൾ ഇങ്ങള് ഒരു മാസത്തേയ്ക്ക് മാങ്ങിക്കൊളിന്ന് പറഞ്ഞപ്പോൾ ഒരു ഉളുപ്പുമില്ലാതെ അത് കേട്ടു പോന്ന നാടിന്റെ പ്രധാനമന്ത്രിയാണ് ഞമ്മളെ നരേന്ദ്രമോതി.
ഈ നാണംകെട്ട അടിമത്തത്തിന് ഞങ്ങൾ തയ്യാറാണെന്ന ഒപ്പാണ് 2008-ൽ മൻമോഹൻ സിങ് വെച്ചത്.
അമേരിക്കയുടെ ബർത്തമാനം കേട്ടാൽ ഓലെ കയ്യില് ഒരാണവായുധവുമില്ലാന്നാണ് തോന്നുക.
ഇന്നാൽ കേട്ടോളിൻ ഈ ലോകത്തെ നൂറ് വട്ടം നശിപ്പിക്കാൻ ശേഷിയുള്ള മാരകമായ ആണവായുധമുള്ള രാജ്യമാണ് അമേരിക്ക.
ഞമ്മക്കെന്തും ആവാം.. എന്ന നിലപാടാണ് അമേരിക്കയ്ക്കുള്ളത്.
ഞമ്മളെ ചെലാളേൾക്ക് യുദ്ധംന്ന് പറഞ്ഞാൽ മൊബൈൽ ഫോണിൽ കാണുന്ന പൂരക്കാഴ്ചപോലെയാണ്.
പൊട്ടുന്ന പടക്കത്തിന്റെയും ബാണത്തിന്റെയും, മത്താപ്പൂവിന്റെയും വർണ്ണങ്ങൾകണ്ട് രസിക്കുംമ്പോലെയാണ്. ചെല ആളുകൾ യുദ്ധത്തെ കാണുന്നത്.
ഞമ്മളെ കുട്ട്യേളെ പറഞ്ഞിട്ട് കാര്യല്ല്യാന്ന്. ഓൽക്ക് യുദ്ധത്തിന്റെ അനുഭവം ഇല്ല്യാലൊ.
ഞമ്മളെ ഈ നാട് ഒരു രാജ്യത്തിന്റെയും അതിർത്തി പങ്ക് വക്കുന്നില്ലല്ലൊ അതോണ്ട് ഞമ്മക്ക് യുദ്ധത്തിന്റെ ഒരു പ്രയാസവും ഇതുവരെ ഉണ്ടായിട്ടില്ലല്ലൊ.
അതോണ്ട് ഓല്ക്ക് ആകാശത്തില് ബാണം ബിട്ട് കളിക്കണ കുട്ടിക്കളി മാത്രമാണ് യുദ്ധം.
എന്നാൽ ഇപ്പോളതല്ല ഞമ്മളെ ഓരോ വീടിന്റെ അടുക്കളയിലേക്ക് യുദ്ധം എത്തിക്കഴിഞ്ഞു മക്കളെ.
ബീട്ടിലെ ആണങ്ങളെല്ലാ മര്യാദക്കാരായിട്ടുണ്ട് ഇപ്പള്.
അതെന്തോണ്ടന്നറിയൊ ഇങ്ങക്ക്. യുദ്ധത്തിന് മുമ്പ് ചായ എടുക്കാൻ ബൈഗ്യാൽ ഒറ്റ പോക്കാണ്. ഓൽക്ക് ചായ പീട്യേന്ന് കുടിക്കായിരുന്നു. എന്നാൽ ഇപ്പൊൾ ചായയ്ക്ക് പകരം സർബത്താണുള്ളത് പീട്യേല്.
ഹോട്ടലായ ഹോട്ടലിലെല്ലാം ബിരിയാണി മാത്രമെ ഉള്ളൂ. ചോറും കറിയും ഇല്ലാതായി.
അന്യസംസ്ഥാന തൊഴിലാളികളെല്ലാം അവരവരുടെ നാട്ടിലേക്ക് പോയി.
ഇപ്പം ഏതാണ്ട് ഞമ്മള് മാത്രമെ ഉള്ളൂ.
(വിറക് കൊത്തി മുറിക്കുന്നു). ഇനി വെറക് ഉണ്ടാക്കാൻ ഞമ്മളെന്നെ മയുവുമായി ഇറങ്ങണം (ദേഷ്യത്തോടെ കയ്യിലുള്ള വിറക് കഷ്ണം എടുത്ത് ഗ്യാസ് സിലണ്ടറിനെ അടിക്കുന്നു).
(ദേഷ്യത്തോടെ) യുദ്ധംന്ന് പറഞ്ഞാൽ ബാണം ബിട്ട് കളിക്കലല്ലാ.
കോടികൾ വിലമതിക്കുന്ന മിസൈലുകളും വിമാനങ്ങളും കപ്പലുകളെല്ലാം ഉപയോഗിച്ചുള്ളതാണ്.
ശത്രുവിന്റെ സ്ഥാവര ജംഗമ സ്വത്തുക്കൾ മുഴുവൻ നശിപ്പിക്കുക മാത്രമല്ല അത് ചെയ്യുന്നത്.
സ്ത്രീകളേയും കുട്ടികളേയും മടക്കം ലക്ഷങ്ങളെ കൊന്നു തീർക്കലും കൂടിയാണ്.
ഇവിടെനിന്ന് നോക്കുമ്പോൾ നിങ്ങൾക്കത് ഒരു പൂരം കാണുന്ന ചേലാണ്.
എന്നാൽ ഇപ്പോൾ യുദ്ധം നമ്മുടെ ജീവിതത്തിൽ ഇടപെട്ടുകൊണ്ടിരിക്കുകയാണ്.
എല്ലാ യുദ്ധങ്ങളും ജനജീവിതത്തെ ബാധിക്കും.
പക്ഷേ… നമുക്കതിനെ അതിജീവിക്കാൻ കഴിയുമായിരുന്നു.
ഇപ്പൊൾ നമ്മുടെ അടുക്കളയെ ബാധിച്ച് കഴിഞ്ഞിരിക്കുന്നു.
പാകം ചെയ്യാനുള്ള സിലിണ്ടർ തീർന്നത് മാത്രമല്ല രാസവളം ഇല്ലാതാകുന്നതോടെ ലോകം പട്ടിണി മരണങ്ങളിലേക്ക് കുതിക്കും.
കൊറോണാകാലത്തെന്നപോലെ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയില്ല. ഇന്ധനക്ഷാമം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
ഇപ്പൊഴാണ് നമ്മളിൽ ചിലർ യുദ്ധത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ തുടങ്ങിയത്.
അമേരിക്ക പശ്ചിമേഷ്യയെ ലക്ഷ്യംവെച്ച് കൊണ്ട് എന്തിനാണ് യുദ്ധം ചെയ്യണതെന്നറിയൊ ഇങ്ങക്ക്?
അത് ഇപ്പം ഇങ്ങക്കെല്ലാവർക്കും അറിയാല്ലെ. ഇന്നാലും ഞമ്മളൊരു ചോദ്യം ചോയിക്കാണ്.
ഉത്തരം, എണ്ണ ഉള്ള രാജ്യങ്ങളാണെല്ലാം. അതോണ്ടാണ്.
ഇങ്ങളൊന്നാലോയിച്ച് നോക്കി. ഞമ്മളെ ബീട്ടിൽ എന്തൊക്കെ സാമാനങ്ങൾ വേണം. അതൊക്കെ മാങ്ങാൻ പീട്യേളും ഉണ്ട്. അവിടെ പോയി ഞമ്മക്കാവശ്യള്ള സാമാനങ്ങളെല്ലാമാങ്ങി പൈസ കൊടുക്കാതെ പോന്നാൽ ആ കച്ചോടക്കാർ ഞമ്മളെ വെറുതെ ബിഡോ… ഇല്ല…
എന്നാൽ ചെലെ ഗുണ്ടകളത് ചെയ്യും. പീടികമുറി ചവിട്ടിപ്പൊളിക്കും. കച്ചോടക്കാരനെ കുത്തിമലർത്തും. എന്നിട്ട് അത് സ്വന്താക്കും.
ഇതുലെയാണ് അമേരിക്ക. ഓന്റെ ബിസാരം ഓൻ ഒരാഗോള ഗുണ്ടയാണെന്നാണ്.
അതോണ്ടാണ് ഈ രാജ്യങ്ങളിൽ കയറി അവരുടെ സമ്പത്ത് കൊള്ളയടിക്കാൻ കടൽകൊള്ളക്കാരെപ്പോലെ ആക്രമിക്കുന്നത്.
ആ രാജ്യങ്ങളിലെ ഭരണാധികാരികളെ കൊന്നിട്ടാണ് അത് സാധ്യമാകുന്നതെങ്കിൽ അതും ചെയ്യും.
സദ്ദാം ഹുസൈനെ കൊന്ന് തള്ളിയപോലെ.
അതുമല്ലെങ്കിൽ വെനിസ്വേവലൻ പ്രസിഡണ്ട് ഭാര്യാസമേതം വീട്ടിൽ കിടന്നുറങ്ങുമ്പോൾ വാതിൽ ചവിട്ടിപ്പൊളിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് പോലെ.
അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങുന്നവരെ പാവകളാക്കും. അവിടെ അമേരിക്കയുടെ ഇംഗിതത്തിനനുസരിച്ച് ഭരിക്കും. അല്ലാത്തവരെ കൊന്നൊടുക്കുകയൊ ജയിലിലടയ്‌ക്കുകയൊ ചെയ്യും.
ഈ രാജ്യങ്ങളെല്ലാം അമേരിക്കയെപ്പോലെ, ഞമ്മടെ ഇന്ത്യയെപ്പോലെ സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളാണ്.
ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെമ്മാടിത്തമാണ് അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്നത്.
ഇങ്ങനെയൊക്കെ ചെയ്യാൻ അമേരിക്ക ലോകത്തിന് മുന്നിൽ വെക്കുന്ന ഒരു ഞൊണ്ടിന്യായമുണ്ട് അതാണ് ബഹുരസം.
ഈ രാജ്യങ്ങളുടെ കയ്യിൽ ആണവായുധം ഉണ്ടെന്ന് പറയും അത് ലോകത്തുള്ള എല്ലാ പത്രങ്ങളും ടി.വി ചാനലുകളും ഭീകരമായി പ്രചരിപ്പിക്കും.
ഈ പത്രങ്ങളും ടി.വി ചാനലുമൊക്കെ ഞമ്മടെ രാജീവ് ചന്ദ്രശേഖരനെപ്പോലുള്ള വൻകിട മുതലാളിമാരുടെ കയ്യിലാണല്ലൊ. ഓലത് നല്ലോണം പ്രചരിപ്പിക്കും.
മുമ്പ് ഇറാഖിനെ പിടിക്കാൻ ഇതായിരുന്നു ഇറക്കിയ ആരോപണം അവസാനം പരിശോധിച്ച് കയിഞ്ഞപ്പോൾ ആണവായുധം കിട്ടിയതുമില്ല. അതിന്റെ അരിശം തീർക്കാനെന്നോണം സദ്ദാമിനെ തൂക്കിക്കൊല്ലുകയും ചെയ്തു.
ഇപ്പം അമേരിക്ക പറയുന്നത് ഇറാനിൽ ആണവായുധശേഖരം ഉണ്ടെന്നാണ്.
അത് പരിശോധിക്കാൻ ഞങ്ങൾക്ക് അധികാരം ഉണ്ടെന്ന ചേലിലാണ് അമേരിക്കയുടെ പരിശോധനം.
സദ്ദാം ഹുസൈനെ കൊന്ന് ഇറാഖിന്റെ അധികാരം എങ്ങിനെയാണോ പിടിച്ചെടുത്തത് അതുപോലെ ഇറാന്റെ ഭരണം പിടിച്ചെടുത്ത് സമ്പത്ത് കൊള്ളയടിക്കണം.
ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യം ഇറാനാണ്. ആണവോർജ്ജം ഉത്പ്പാദിപ്പിക്കാനുള്ള ഒരു സാധനംണ്ട് അതെന്തെയിനു… ഓ… മറന്നോയി… ങാ… ങാ… യുറേനിയം അതും ഓലകയ്യിൽ ഇഷ്ടംപോലെയുണ്ട്.
ഇറാന്റെ ഈ സമ്പത്തെല്ലാം കിട്ട്യാൽ പിന്നെ തിരിഞ്ഞുനോക്കണ്ടൊൽക്ക്.
അമേരിക്കയുടെ മുഖ്യ ശത്രുരാജ്യം ചൈനയാണ്. നേരിട്ട് ഏറ്റ്മുട്ടിയാൽ കളിപാളും.
ഏത് ചേല്ക്ക് ഞമ്മടെ മുഖ്യമന്ത്രി വി.ഡി.ശതീശനും, കെ.സി.വേണുഗോപാലും പോലെ കാണുമ്പോൾ ലോഹ്യം പറയുമെങ്കിലും കൊന്നുതിന്നാനുള്ള ദേഷ്യമുണ്ട് കെ.സി. വേണുഗോപാലിന്. അത്പോലെയാണ്. അമേരിക്കയ്ക്ക് ചൈനയോട്.
ചൈനയടക്കമുള്ള അമേരിക്കൻ വിരുദ്ധർ എണ്ണ വാങ്ങുന്നത് ഇറാനിൽനിന്നാണ്.
അത് മാത്രമാണൊ? എണ്ണയുടെ വിലയായി ഡോളറല്ല കൊടുക്കുന്നത്. ചൈനയുടെ യുവാനാണ്. പോരേ പൂരം.
അമേരിക്ക ഇറാനെതിരെ തിരിയുന്നതിന്റെ കാരണം പുടികിട്ടിയൊ?
ഇനി ഇതും കൂടി കേട്ടോളിൻ. ഇറാനിലെ ഒട്ടുമിക്ക വികസനപ്രവർത്തനങ്ങളും നടത്തുന്നത് ചൈനയാണ്. ഇതാണ് അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്.
യഥാർത്ഥത്തിൽ യുദ്ധം അമേരിക്കയും ചൈനയും തമ്മിലാണ് പ്രത്യക്ഷത്തിൽ അത് ഇസ്രയേലും ഇറാനും തമ്മിലാണെന്ന് തോന്നും.
അമേരിക്ക ഇറാൻ പിടിച്ചടക്കിയാൽ കിട്ടുന്നത് സമ്പത്ത് മാത്രമല്ല. ചൈനയെ തകർക്കാൻ എളുപ്പവഴിയുമാകും.
അതുകൊണ്ട്തന്നെ ഇറാൻ തോല്ക്കാൻ പാടില്ലെന്നത് ചൈനയുടെയും ആവശ്യമാണ്.
അത് ലോകസമാധാനം ആഗ്രഹിക്കുന്നവരുടെയും ആഗ്രഹമാണ്.
ഇറാന് ചൈനയുടെ പിന്തുണ ഉണ്ടെന്നറിഞ്ഞുകൊണ്ടു തന്നെയാണ് ട്രംപ് ചൈന സന്ദർശിക്കുന്നത്.
മറ്റൊന്നുകൊണ്ടുമല്ല ഇറാനോട് തോല്ക്കാൻ അമേരിക്കയ്ക്ക് കഴിയില്ല.
അങ്ങിനെ സംഭവിച്ചാൽ, അമേരിക്ക ഇന്ന് ലോകം അറിയപ്പെടുന്നത് പുലിയെന്ന നിലയിലാണ്. അത് പൂച്ചയാണെന്നറിഞ്ഞാൽ അമേരിക്ക തകർന്നു.
അത് ഇല്ലാതാക്കാൻ ചൈനയുടെ മുമ്പിൽ കീഴടങ്ങി തല്ക്കാലം യുദ്ധം അവസാനിപ്പിക്കാൻ ഒരു അടവ് മാത്രമാണ് ട്രംപിന്റെ ചൈന സന്ദർശനം.
ചൈനയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കാതെ മുന്നോട്ട് പോവുകയാണെങ്കിൽ ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ലോകം പ്രവേശിക്കും തീർച്ച.
അങ്ങിനെ സംഭവിക്കാതിരിക്കാൻ മുഴുവൻ സമാധാനപ്രേമികൾക്കും ഉത്തരവാദിത്വമുണ്ട്.
അതുകൊണ്ട് മക്കളെ ഈ യുദ്ധത്തെ ആരും അത്ര ചെറുതായിക്കാണണ്ട.
ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് അമേരിക്ക-ഇസ്രയേൽ തെമ്മാടിത്തത്തിനെതിരെയുള്ള സമരം എന്ന നിലയിൽ നമുക്ക് അംഗീകരിക്കാം.
ഈ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെ മേൽ മറ്റ് രാജ്യങ്ങൾക്ക് സമ്മർദ്ദം ചെലുത്താൻ ഇത് ഒരു കാരണമാക്കാൻ കഴിഞ്ഞാൽ ഇറാന്റെ യുദ്ധതന്ത്രം വിജയിക്കും.
ഇല്ലെങ്കിൽ യുദ്ധം തുടരും.
അങ്ങിനെ സംഭവിച്ചാൽ ലോകജനതയ്ക്കാവശ്യമായ ഭക്ഷ്യധാന്യം ഉത്പ്പാദിപ്പിക്കുന്നതിന്നാവശ്യമായ വളം ലഭ്യമാവാത്ത സാഹചര്യം വന്ന് കഴിഞ്ഞാൽ
ലോകം പട്ടിണി മരണത്തിലേക്ക് കുതിക്കും.
അത് മാത്രമല്ല വ്യാവസായിക മേഖല തകരും.
മനുഷ്യരുടെ എല്ലാ വരുമാനമാർഗ്ഗവും അടഞ്ഞുപോകും.
അങ്ങിനെ സംഭവിച്ചാൽ ലോകം അരാജകത്വത്തിലേക്ക് കുതിക്കും.
അങ്ങിനെ സംഭവിക്കാതിരിക്കണമെങ്കിൽ നാം ഓരോരുത്തരം യുദ്ധത്തിനെതിരായ പോരാട്ടത്തിൽ അണിനിരക്കണം.
ആര് ജയിക്കും ആര് തോൽക്കും എന്നു ഫുട്‌ബോൾ കമന്ററി കേൾക്കുന്ന ലാഘവത്വം അവസാനിപ്പിക്കാൻ സമയമായിരിക്കുന്നു.
ഇനിയും നമ്മൾ അമാന്തിച്ചുനിന്നാൽ മുതലാളിത്തത്തിന്റെ പ്രതിരൂപമായ അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വചേരി ലോകം കീഴടക്കാൻ ശ്രമിക്കും.
രണ്ടാം ലോകമഹായുദ്ധം അവസാനിപ്പിച്ച ഘട്ടത്തിൽ ഒരു തരത്തിലുമുള്ള പ്രകോപനങ്ങളൊന്നുമില്ലാതിരുന്ന ഘട്ടത്തിൽ അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും വർഷിച്ച ആറ്റംബോംബിനേക്കാൾ മാരകശേഷിയുള്ള ആണവായുധങ്ങൾ ഉപയോഗിച്ചുള്ള യുദ്ധമായിരിക്കും അമേരിക്ക നടത്തുക.
അങ്ങിനെ സംഭവിച്ചാൽ ഭൂമുഖത്ത് ജീവജാലങ്ങളൊന്നും അവശേഷിക്കുകയില്ല. ഈ ഭൂഗോളം ശൂന്യമാകും. കാലങ്ങളോളം അത് തുടരും.
പിന്നീട് ഈ ലോകം ഒരു കാടായി രൂപാന്തരപ്പെടുകയും അമീബയിൽനിന്ന് ജീവകണങ്ങൾ പിറവിയെടുത്തപോലെ മൃഗങ്ങളുടെ ആവാസകേന്ദ്രമാവുകയും ഡാർവിന്റെ പരിണാമസിദ്ധാന്തം പുനരവതരിക്കുംവരെ മനുഷ്യരൂപങ്ങൾ ഇല്ലാത്ത ലോകമായ് നമ്മുടെ ലോകം മാറും.
അങ്ങിനെ വരാതിരിക്കാൻ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മിനിമം പക്വമതിയായ ഭരണാധികാരിയാവേണ്ടതുണ്ട്.
അപ്പോൾ മാത്രമേ ഇസ്രയേലടക്കമുള്ള സാമ്രാജ്യത്വ രാജ്യതലവന്മാർ പക്വമതികളാവുകയുള്ളൂ. എങ്കിൽ മാത്രമെ ഇന്ത്യൻ പ്രധാനമന്ത്രിയടക്കമുള്ള രാഷ്ട്രത്തലവന്മാർ മനുഷ്യ പക്ഷത്ത് നിന്ന് ചിന്തിക്കുകയുള്ളൂ.
അങ്ങിനെ ചിന്തിക്കുമ്പോൾ മാത്രമേ ലോകജനതയുടെ ജീവിതവിജയം ഉറപ്പുവരുത്താൻ കഴിയുകയുള്ളൂ.
ചൈനയുടെ പാത അതാണ്. ആ പാത മനുഷ്യനന്മയുടെ പാതയാണ്. അതിലേക്ക് ലോകജനത ഉയർന്നുവരേണ്ടതുണ്ട്. അതിനാവട്ടെ നമ്മുടെ പോരാട്ടം.
അതായിരിക്കണം യുദ്ധവിരുദ്ധപോരാട്ടത്തിന്റെ ദിശാമുഖം. l
(അവസാനിച്ചു)





