ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 27

ജി വിജയകുമാർ

1917ലെ ഫെബ്രുവരി വിപ്ലവം

‘‘ഒരുദിവസം, ഉച്ചഭക്ഷണത്തിനുശേഷം ഇലിച്ച്‌ ലൈബ്രറിയിലേക്ക്‌ പോകാനൊരുങ്ങവെ, ഭക്ഷണം കഴിച്ച പാത്രങ്ങൾ ഞാൻ കഴുകിക്കഴിഞ്ഞപ്പോൾ പെട്ടെന്നാണ്‌ ബ്രോൺസ്‌കി (Bronski) കടന്നുവരുന്നത്‌; ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു അയാളുടെ വരവ്‌, ‘‘നിങ്ങളാരും വാർത്ത കേട്ടില്ലേ? റഷ്യയിൽ വിപ്ലവം നടക്കുകയാണ്‌!’’ പത്രങ്ങളുടെ പ്രത്യേക പതിപ്പുകളിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ടുകളെക്കുറിച്ച്‌ അയാൾ ഞങ്ങളോട്‌ പറഞ്ഞു. ബ്രോൺസ്‌കി പോയശേഷം ഞങ്ങൾ തടാകക്കരയിലേക്ക്‌ പോയി; അവിടെ എല്ലാ പത്രങ്ങളും അവ പ്രസിദ്ധീകരിച്ച ഉടൻതന്നെ വായിക്കാൻ പറ്റുന്നവിധം പതിക്കുന്ന രീതിയുണ്ട്‌.

ഞങ്ങൾ ആ റിപ്പോർട്ടുകൾ പലതവണ വായിച്ചു. റഷ്യയിൽ ശരിക്കും വിപ്ലവം ആരംഭിച്ചിരിക്കുകയാണ്‌. തെല്ലും വൈകാതെ ഇലിച്ചിന്റെ മനസ്സ്‌ പ്രവർത്തിച്ചുതുടങ്ങി. അന്നത്തെ പകലിന്റെ ബാക്കിയും രാത്രിയും എങ്ങനെ കടന്നുപോയെന്നറിയില്ല. അടുത്ത ദിവസം ഫെബ്രുവരി വിപ്ലവത്തെ സംബന്ധിച്ച്‌ ഔദ്യോഗിക റിപ്പോർട്ടുകളുടെ രണ്ടാം ബാച്ച്‌ വായിച്ച ഇലിച്ച്‌ സ്റ്റോക്‌ഹോമിലായിരുന്ന കൊല്ലന്തായ്‌ക്ക്‌ (Kollontai) എഴുതുന്നതാണ്‌ കണ്ടത്‌: ‘‘രണ്ടാം ഇന്റർനാഷണലിന്റെ വഴിയിലുടെ ഇനിയും പോകരുത്‌! ഇനിയയൊരിക്കലും കൗട്‌സ്‌കിക്കൊപ്പം നിൽക്കരുത്‌! എല്ലാ മാർഗങ്ങളും ഉപയോഗിച്ച്‌ കൂടുതൽ വിപ്ലവകരമായ ഒരു പരിപാടിക്കും അടവിനും രൂപംനൽകണം’’. വീണ്ടും അദ്ദേഹം ഇങ്ങനെ എഴുതി, ‘‘ മുൻപെന്നത്തെയുംപോലെ, സാർവദേശീയ തൊഴിലാളിവർഗ വിപ്ലവം എന്ന ലക്ഷ്യത്തോടെയും തൊഴിലാളി പ്രതിനിധികളുടെ സോവിയറ്റുകൾ (കാഡറ്റു കള്ളന്മാരല്ല) അധികാരം പിടിച്ചെടുക്കുന്നതിനായുമുള്ള പ്രചാരണവും പ്രക്ഷോഭവും പോരാട്ടവുമാണ്‌ വേണ്ടത്‌’’.

പെട്ടെന്നുതന്നെ ഇലിച്ച്‌ വ്യക്തതയുള്ള, വിട്ടുവീഴ്‌ചയില്ലാത്ത ഒരു നയം സ്വീകരിച്ചു; എന്നാൽ അപ്പോഴും വിപ്ലവത്തിന്റെ വ്യാപ്‌തിയെയും സാധ്യതയെയുംകുറിച്ച്‌ അദ്ദേഹം ശരിക്കും മനസ്സിലാക്കിയിരുന്നില്ല. അദ്ദേഹം 1905ലെ വിപ്ലവത്തിന്റെ പരിധിയിൽനിന്നാണ്‌ പുതിയ സാഹചര്യത്തെയും അളന്നത്‌; നിയമവിധേയമായ പ്രവർത്തനവും നിയമവിരുദ്ധമായ പ്രവർത്തനവും തമ്മിൽ യോജിപ്പിച്ച്‌ മുന്നോടടുപോവുകയെന്നതാണ്‌ ഏറ്റവും പ്രധാനപ്പെട്ട കടമയെന്നും അദ്ദേഹം പറഞ്ഞു.’’
‐ എൻ കെ ക്രൂപ്‌സ്‌കായ (ലെനിനെക്കുറിച്ചുള്ള ഓർമകൾ‐ Last Months in Emigration എന്ന അധ്യായത്തിന്റെ തുടക്കം)

1917 ആദ്യം റഷ്യ ഒരു വിപ്ലവ സാഹചര്യത്തിന്‌ പാകമായിരിക്കുവെന്ന്‌ ബോൾഷെവിക്കുകൾ പോലും ധരിച്ചിരുന്നില്ല; സാറിസ്റ്റ്‌ വാഴ്‌ചയ്‌ക്ക്‌ അറുതിവരുത്താനുള്ള പോരാട്ടത്തിലേക്കിറങ്ങാൻ സമയമായിയെന്ന ധാരണയിൽ എത്തിയിരുന്നുമില്ല. എന്നാൽ അതേസമയം റഷ്യയിൽ വിപ്ലവം ആസന്നമാണെന്ന്‌ കാണാൻ കഴിഞ്ഞ ആർഎസ്‌ഡിഎൽപിയിലെ ബോൾഷെവിക്‌ വിഭാഗം അത്‌ യാഥാർഥ്യമാക്കാൻ സൈന്യത്തിന്റെ പിന്തുണ നേടിയെടുക്കൽ ഉൾപ്പെടെയുള്ള ചില തയാറെടുപ്പുകൾ കൂടി വേണ്ടതുണ്ടെന്ന്‌ കരുതിയിരുന്നു. 1917ലെ മെയ്‌ദിനത്തിൽ പൊതുപണിമുടക്ക്‌ നടത്തുന്നതിനുള്ള പരിപാടി തയാറാക്കിയിരുന്നു. അതിനുമുന്പ്‌ ഫാക്ടറികളിലെ ഒത്തുചേരലുകൾക്കും പ്രതിഷേധങ്ങൾക്കുമപ്പുറം ഭരണകൂടവുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക്‌ പോകേണ്ടതില്ല എന്ന ധാരണയാണ്‌ നിലനിന്നിരുന്നത്‌.

എന്നാൽ ഈ ധാരണകളെയെല്ലാം പാടെ മാറ്റിമറിച്ചുകൊണ്ടാണ്‌ 1917 ഫെബ്രുവരിയിൽ ഉയർന്നുവന്ന തൊഴിലാളിവർഗ മുന്നേറ്റം, പ്രത്യേകിച്ചും സ്‌ത്രീത്തൊഴിലാളികളുടെ മുന്നേറ്റമുണ്ടായത്‌. എം ഐ വാസ്‌ ഫാക്ടറിയിലെ സ്‌ത്രീത്തൊഴിലാളികൾ സാർവദേശീയ വനിതാദിനമായ 1917 ഫെബ്രുവരി 23 (സാർവദേശീയ കലണ്ടർപ്രകാരം മാർച്ച്‌ 8) സ്‌ത്രീകൾക്ക്‌ തുല്യത ആവശ്യപ്പെട്ട്‌ പണിമുടക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു. ആ ഫാക്ടറിയിലെ തൊഴിലാളികളുടെ യോഗം ചേർന്ന്‌ മാർച്ച്‌ 8ന്‌ പണിമുടക്കണമെന്ന നിർദേശം അംഗീകരിച്ചു. മറ്റു ഫാക്ടറികളിലെ തൊഴിലാളികളെയും പണിമുടക്കിനു പ്രേരിപ്പിക്കാൻ പ്രതിനിധികളെ അയയ്‌ക്കാനും തീരുമാനിച്ചു. പണിമുടക്കിലും പ്രകടനങ്ങളിലും അണിനിരക്കാൻ കൂടുതൽ കൂടുതൽ ഫാക്ടറികളിലെ തൊഴിലാളികൾ ആവേശപൂർവം മുന്നോട്ടുവന്നു.

പൊതുവിൽ, തൊഴിലാളികൾക്കിടയിലെ ഏറ്റവും യാഥാസ്ഥിതിക വിഭാഗമായിട്ടാണ്‌ സ്‌ത്രീത്തൊഴിലാളികൾ പരിഗണിക്കപ്പെട്ടിരുന്നത്‌. കുട്ടികളുടെയും കുടുംബത്തിന്റെയും ഉത്തരവാദിത്വം നിറവേറ്റിയിരുന്നത്‌ സ്‌ത്രീകളാണെന്നതിനാൽ ഭരണകൂടവുമായി മുഖാമുഖം ഏറ്റുമുട്ടുന്ന പണിമുടക്കുപോലുള്ള സമരരൂപങ്ങളിലേക്ക്‌ എടുത്തുചാടാൻ അവർ പലപ്പോഴും വിമുഖത കാണിച്ചിരുന്നു. എന്നാൽ 1917 ഫെബ്രുവരിയിൽ ആ വിമുഖതയെല്ലാം മാറ്റിവെച്ച്‌ സ്‌ത്രീകൾ പിൻനിരയിൽനിന്ന്‌ മുന്നിലേക്ക്‌ കുതിച്ചെത്തുന്നതാണ്‌ കണ്ടത്‌.

സെന്റ്‌ പീറ്റേഴ്‌സ്‌ബെർഗിലെ പുട്ടിലോവ്‌ ഫാക്ടറിയിലെ സ്‌ത്രീത്തൊഴിലാളികൾ പണിമുടക്കി തെരുവിലിറങ്ങുക മാത്രമല്ല, പട്ടാളക്കാരുമായി നേരിട്ട്‌ സംസാരിച്ച്‌ അവരെ മേലധികാരികളുടെ ഉത്തരവുപ്രകാരം വെടിവെക്കുന്നതുൾപ്പെടെയുള്ള മർദന നടപടികളിൽനിന്നും പിന്തിരിപ്പിക്കുകയും ചെയ്‌തു. തൽഫലമായി പല സ്ഥലങ്ങളിലും തൊഴിലാളികളുടെ പ്രകടനത്തിനുനേരെ വെടിവയ്‌ക്കാനുള്ള ഉത്തരവ്‌ ലംഘിച്ച പട്ടാളക്കാർ തൊഴിലാളികൾക്കൊപ്പം പ്രകടനത്തിൽ അണിനിരക്കുകയാണുണ്ടായത്‌.

1917 ഫെബ്രുവരി 23ന്‌ (മാർച്ച്‌ 8) അതിരാവിലെ തന്നെ സ്‌ത്രീത്തൊഴിലാളികൾ പണിമുടക്കി തെരുവിലിറങ്ങി. റഷ്യയുടെ അന്നത്തെ രാജകീയ തലസ്ഥാനമായ പെട്രോഗ്രാഡിൽ പടുകൂറ്റൻ റാലികൾ നടത്തി. തങ്ങളോടൊപ്പം അണിനിരക്കാൻ അവർ പുരുഷ തൊഴിലാളികളോടും അഭ്യർഥിച്ചു. ആദ്യദിനത്തിൽതന്നെ 90,000 തൊഴിലാളികളാണ്‌ പെട്രോഗ്രാഡിൽ പണിമുടക്കി തെരുവിലിറങ്ങിയത്‌. ഭക്ഷ്യ ദൗർലഭ്യവും വിലക്കയറ്റവുംമൂലം പട്ടിണിലായ തൊഴിലാളികൾ പണിമുടക്കാൻ നിർബന്ധിതരാവുകയാണുണ്ടായത്‌. ദാരിദ്ര്യത്തിന്റെയും ഭക്ഷ്യക്ഷാമത്തിന്റെയും കെടുതികൾ ഏറ്റവുമധികം അനുഭവിച്ചത്‌ സ്‌ത്രീകളാണ്‌. അസ്ഥിപോലും മരവിച്ചുപോകുന്ന ഫെബ്രുവരിയിലെ കൊടുംതണുപ്പത്ത്‌ മണിക്കൂറുകളോളം, പലപ്പോഴും പകൽ മുഴുവൻ, നീണ്ട ക്യൂവിൽ ഒന്നോ രണ്ടോ തുണ്ട്‌ റൊട്ടിക്കായി കാത്തുനിൽക്കണമായിരുന്നു. പലപ്പോഴും ക്യൂവിന്റെ അറ്റത്തെത്തുമ്പോഴേക്കും ഒരു തുണ്ടുപോലും അവശേഷിച്ചിട്ടുണ്ടാവില്ല. നിരാശയോടെ വിശപ്പ്‌ സഹിച്ച്‌ മടങ്ങുന്നതായിരുന്നു പതിവ്‌. ഈയൊരു സാഹചര്യത്തിലാണ്‌ ഒരാളുടെയും, ഒരു സംഘടനയുടെയും ആഹ്വാനം കൂടാതെ അവർ പണിമുടക്കി തെരുവിലിറങ്ങിയത്‌.

പെട്രോഗ്രാഡിൽ പണിമുടക്കി തെരുവിലിറങ്ങി പ്രതിഷേധിച്ചവരുടെ എണ്ണം രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ഒരുലക്ഷത്തിലേറെയായി. ഓരോ ഫാക്ടറിയിലെയും തൊഴിലാളികൾ ഒന്നിനുപിറകെ ഒന്നായി പണിമുടക്കിൽ അണിചേരുകയായിരുന്നു. തുടക്കത്തിൽ സ്‌ത്രീകൾ മാത്രമായിരുന്നു പണിമുടക്കിയിരുന്നതെങ്കിൽ പിന്നീട്‌ പുരുഷന്മാരും അണിനിരക്കുകയായിരുന്നു. ‘അപ്പ’ത്തിനുവേണ്ടിയോ ‘വിലക്കയറ്റം തടയുന്നതിനു’വേണ്ടിയോ മാത്രമായിരുന്നില്ല അവർ പൊരുതിയത്‌, തങ്ങളുടെ ജീവിതത്തെ ദുരിതക്കയത്തിലാഴ്‌ത്തിയ യുദ്ധത്തിനെതിരെ കൂടിയായിരുന്നു. അവരുയർത്തിയ മുദ്രാവാക്യം ‘അപ്പ’വും ‘സമാധാന’വുമായിരുന്നു (Bread and Peace).

ഒന്നാം ലോകയുദ്ധത്തിന്റെ ആ നാളുകളിൽ പതിനായിരക്കണക്കിന്‌ പട്ടാളക്കാരാണ്‌ പെട്രോഗ്രാഡിൽ തന്പടിച്ചിരുന്നത്‌. തങ്ങളുടെ പ്രക്ഷോഭവുമായി സഹകരിക്കാനും അതിന്‌ ഐക്യദാർഢ്യം പ്രകടിപ്പിക്കാനും പണിമുടക്കിയ സ്‌ത്രീകൾ പട്ടാളക്കാരോട്‌ അഭ്യർഥിച്ചു. അവർ സംഘടിതമായി പട്ടാളത്താവളങ്ങളിൽ കയറി ലഘുലേഖകൾ വിതരണം ചെയ്‌തു. യോഗങ്ങൾ സംഘടിപ്പിച്ചു. അവരുടെ ആ പ്രവർത്തനത്തിന്‌ ഫലവുമുണ്ടായി. പ്രകടനക്കാർക്കുനേരെ വെടിവയ്‌ക്കാനുള്ള ഉത്തരവ്‌ മിക്ക പട്ടാളക്കാരും ചെവിക്കൊണ്ടില്ല; അവർ പണിമുടക്കിയ തൊഴിലാളികൾക്കൊപ്പം വിപ്ലവപക്ഷത്ത്‌ അണിനിരന്നു. പട്ടാളക്കാരും കടുത്ത ദുരിതത്തിലായിരുന്നു. 20,000 പേർക്ക്‌ കഴിയാൻ പറ്റുന്ന ബാരക്കുകളിൽ 1,60,000 പട്ടാളക്കാരെയായിരുന്നു കുത്തിനിറച്ചിരുന്നത്‌. ഓഫീസർമാർ സാധാരണ പട്ടാളക്കാരോട്‌ അടിമകളെപ്പോലെയാണ്‌ പെരുമാറിയിരുന്നത്‌. ഇതെല്ലാം അവരെയും രോഷാകുലരാക്കിയിരുന്നു. സർവോപരി, ലെനിൻ പറഞ്ഞതുപോലെ, പട്ടാളക്കാർ എന്നാൽ തോക്കേന്തിയ കർഷകരും തൊഴിലാളികളുമാണല്ലോ.

ഫെബ്രുവരി 23നെ തുടർന്നുള്ള ദിവസങ്ങളിൽ പണിമുടക്കുകളും പ്രകടനങ്ങളും നാടാകെ പടർന്നുപിടിച്ചു. പൊതുപണിമുടക്കായി, സായുധകലാപമായി അത്‌ ആളിപ്പടർന്നു. പട്ടാളക്കാർ സമരത്തിനൊപ്പം ചേർന്നതിന്റെ തുടക്കം പാവ്‌ലോവ്‌സ്‌കി റെജിമെന്റിൽ നിന്നായിരുന്നു. പ്രകടനക്കാരെ വെടിവയ്‌ക്കാൻ ആജ്ഞാപിച്ച കമാൻഡറെതന്നെ പട്ടാളക്കാർ വെടിവെച്ചുവീഴ്‌ത്തി. മറ്റു റെജിമെന്റുകളിലും ഏറെക്കുറെ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു. പണിമുടക്ക്‌ തുടങ്ങി അഞ്ചാംദിവസം, അതായത്‌ ഫെബ്രുവരി 28ന്‌ (മാർച്ച്‌ 13) സാർ ചക്രവർത്തി അധികാരമൊഴിഞ്ഞു.

അന്നത്തെ അവസ്ഥയെക്കുറിച്ച്‌ യാഥാസ്ഥിതികനായ ഒരു ഡ്യൂമ അംഗം വിവരിച്ചതിങ്ങനെയാണ്‌. ‘‘ഈ വൻനഗരത്തിൽ (പെട്രോഗ്രാഡ്‌) ഗവൺമെന്റിനെക്കുറിച്ച്‌ നല്ലത്‌ പറയുന്ന ആളുകൾ വിരളമാണ്‌’’. ആ അവസ്ഥയിലാണ്‌, ഭരണം നിലനിർത്താൻ ജനങ്ങൾക്കുനേരെ വെടിയുണ്ട പായിക്കാൻ പട്ടാളംപോലും തയ്യാറാകാതെ വന്നപ്പോഴാണ്‌, സാർ നിക്കോളാസ്‌ അധികാരമൊഴിഞ്ഞത്‌. പെട്രോഗ്രാഡിലെ തൊഴിലാളികളുടെ പണിമുടക്കും അത്‌ സാർ നിക്കോളാസിന്റെ രാജിയിൽ കലാശിച്ചതും സംബന്ധിച്ച വാർത്തകളാണ്‌ പ്രവാസികളായി കഴിഞ്ഞിരുന്ന ലെനിൻ ഉൾപ്പെടെയുള്ള വിപ്ലവകാരികളെ ആവേശഭരിതരാക്കിയത്‌.

റഷ്യയിൽ വിപ്ലവം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നതു സംബന്ധിച്ച വാർത്തകൾ വന്നുതുടങ്ങിയ നിമിഷം മുതൽ ലെനിനും സ്വിറ്റ്‌സർലണ്ടിൽ പ്രവാസികളായി കഴിഞ്ഞിരുന്ന മിക്കവാറും റഷ്യൻ വിപ്ലവകാരികളും എത്രയുംവേഗം ഈ സംഭവവികാസങ്ങളുടെ കേന്ദ്രമായ പെട്രോഗ്രാഡിൽ എത്തിച്ചേരാനുള്ള വ്യഗ്രതയിലായി. മാധ്യമവാർത്തകളുടെ കല്ലും നെല്ലും വേർതിരിച്ചെടുത്ത്‌ ഭാവിയിൽ സ്വീകരിക്കേണ്ട അടവുകളെ സംബന്ധിച്ച ആലോചനയിലായി ലെനിൻ. ഒപ്പം പെട്രോഗ്രാഡിൽ എത്തിച്ചേരുന്നതിനുള്ള കരുനീക്കങ്ങളും നടത്തിയിരുന്നു.

അലക്‌സാൺഡ്ര കൊല്ലന്തായ്‌ക്കെഴുതിയ കത്തിൽ ലെനിൻ സൂചിപ്പിച്ചതുപോലെ, രണ്ടാം ഇന്റർനാഷണലിന്റെയും കൗട്‌സ്‌കിയുടെയും പരിഷ്‌കരണവാദപരവും സങ്കുചിത ദേശീയതയെ അടിസ്ഥാനമാക്കിയതുമായ നയങ്ങളിൽ നിന്നും അകലം പാലിക്കണമെന്നതിൽ സംശയമേ ഉണ്ടായില്ല. നിക്കോളാസ്‌ രണ്ടാമൻ രാജിവെച്ചൊഴിഞ്ഞതോടെ പകരം അധികാരമേറ്റത്‌ ലിബറലുകളും രാജപക്ഷപാതികളുമെല്ലാം ഉൾപ്പെടുന്ന ബൂർഷ്വാ പ്രൊവിഷണൽ ഗവൺമെന്റായിരുന്നു. പുതിയ ഗവൺമെന്റിന്റെ നയങ്ങളോടും നടപടികളോടും തൊഴിലാളികൾക്കിടയിൽ പൊതുവിലും ഇടതുപക്ഷക്കാർക്കിടയിൽ പ്രത്യേകിച്ചും എത്രത്തോളം എതിർപ്പുണ്ടെന്നതു സംബന്ധിച്ച സൂക്ഷ്‌മവിവരങ്ങൾ ലെനിൻ അന്വേഷിച്ചുകൊണ്ടിരിരുന്നു. പെട്രോഗ്രാഡിലുണ്ടായിരുന്ന പ്രവർത്തകരുമായി അദ്ദേഹം ബന്ധപ്പെട്ടുകൊണ്ടിരുന്നു. അങ്ങനെ അവിടത്തെ ദൈനംദിന സംഭവവികാസങ്ങളെക്കുറിച്ചുള്ള അവരുടെ കാഴ്‌ചപ്പാടുകളും വികാരവിചാരങ്ങളും ഹൃദയസ്‌പന്ദനങ്ങൾപോലും അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ടാണ്‌ റഷ്യക്ക്‌ പുറത്തായിരിക്കുമ്പോഴും റഷ്യയിലെ മൂർത്തമായ സാഹചര്യങ്ങളെക്കുറിച്ച്‌ കൃത്യമായി അറിയാനും അത്‌ മൂർത്തമായി വിശകലനം ചെയ്യാനും ലെനിന്‌ കഴിഞ്ഞത്‌.

ഫെബ്രുവരി വിപ്ലവത്തെ തുടർന്ന്‌ ബോൾഷെവിക്‌ പാർട്ടി പ്രവർത്തകർ എന്താണ്‌ ചെയ്യേണ്ടതെന്നതിനെക്കുറിച്ചുള്ള നിർദേശങ്ങൾ പരമാവധി അതാതവസരങ്ങളിൽതന്നെ ലെനിൻ നൽകിയിരുന്നു. പ്രവാസിയായിരിക്കെ സ്വിറ്റ്‌സർലണ്ടിൽ വെച്ചെഴുതിയ അകലെനിന്നുള്ള കത്തുകളിൽ (Letters from A far) തുടങ്ങി 1917 ഒക്ടോബർ 24ന്‌ (നവംബർ 6) കേന്ദ്രകമ്മിറ്റിക്കും സഖാക്കൾക്കുമെഴുതിയ കത്തുകൾവരെയുള്ള ലെനിന്റെ രചനകളിൽ കാണുന്ന അദ്ദേഹത്തിന്റെ വൈരുദ്ധ്യാത്മക വിശകലനശേഷിയാണ്‌ റഷ്യൻ വിപ്ലവത്തെ വിജയത്തിലേക്കെത്തിച്ചത്‌. വിപ്ലവത്തിന്റെ ആരംഭദശകളിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്ക്‌ ചെവികൊടുക്കാൻ ചെറിയൊരു ന്യൂനപക്ഷമേ ഉണ്ടായിരുന്നുള്ളൂ. ക്രമേണ അതിന്‌ ഭൂരിപക്ഷത്തിന്റെ പിന്തുണയാർജിക്കാൻ കഴിഞ്ഞുവെന്നത്‌ ചരിത്രം.

1917 മാർച്ചിൽ പെട്രോഗ്രാഡിലേക്ക്‌ പോകുന്നതിനുമുന്പ്‌ പ്രതിസന്ധിയുമായി ബന്ധപ്പെട്ട്‌ തന്റെ സഖാക്കൾക്കുവേണ്ട നിർദേശങ്ങൾ നൽകാനായി ലെനിൻ ഒരു ലേഖനപരന്പര എഴുതി. Letters from A far (അകലെനിന്നുള്ള കത്തുകൾ) എന്ന ശീർഷകത്തിൽ തയ്യാറാക്കിയ ആ പരന്പര മാർച്ച്‌ 21 മുതൽ ബോൾഷെവിക്‌ മുഖപത്രമായ പ്രാവദ്‌യിൽ പ്രസിദ്ധീകരിച്ചു. റഷ്യയിൽ ബൂർഷ്വാ താൽക്കാലിക ഗവൺമെന്റും പെട്രോഗ്രാഡിലെ തൊഴിലാളി ‐ സൈനിക പ്രതിനിധികളുടെ സോവിയറ്റിന്റെ എക്‌സിക്യുട്ടീവും നിലവിൽ വന്നതു സംബന്ധിച്ച്‌ കൃത്യമായ വിവരങ്ങൾ ലഭ്യമായതിനെത്തുടർന്നാണ്‌ ഇതെഴുതാൻ തുടങ്ങിയത്‌.

‘സാമ്രാജ്യത്വയുദ്ധത്തെ ആഭ്യന്തരയുദ്ധമാക്കി’ മാറ്റാൻ റഷ്യൻ സോഷ്യലിസ്റ്റുകൾ ശ്രമിക്കണമെന്ന ആശയമാണ്‌ ലോകയുദ്ധത്തിന്റെ തുടക്കംമുതൽ ലെനിൻ മുന്നോട്ടുവെച്ചത്‌. അങ്ങനെയാകുമ്പോൾ റഷ്യയെ സംബന്ധിച്ച്‌ സാറിസ്റ്റ്‌ ഗവൺമെന്റ്‌ ദുർബലമാവുകയും അത്‌ വിപ്ലവസാഹചര്യം സൃഷ്ടിക്കുകയും ചെയ്യുമെന്ന നിലപാടാണ്‌ 1915 മാർച്ചിൽ ചേർന്ന റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക്‌ ലേബർ പാർട്ടി (RSDLP)യിലെ വിവിധ ഗ്രൂപ്പുകളുടെ യോഗത്തിൽ കൈക്കൊണ്ടത്‌. ആ നിലപാടിന്റെ സാക്ഷാത്‌കാരമായിരുന്നു രണ്ടുവർഷത്തിനകം 1917 ഫെബ്രുവരിയിൽ നടന്നത്‌.

1917 മാർച്ച്‌ 12ന്‌ എഴുതിയ നാലാമത്തെ കത്തിൽ ലെനിൻ ഇങ്ങനെ വ്യക്തമാക്കി: ‘‘ജനാധിപത്യപരമായ സമാധാനത്തിനായി ഈ ഗവൺമെന്റിനോട്‌ ആവശ്യപ്പെടുന്നത്‌, വേശ്യാലയം നടത്തിപ്പുകാരന്‌ സദാചാരബോധമുണ്ടാക്കാൻ ശ്രമിക്കുന്നതുപോലെയാണ്‌’’. യഥാർഥത്തിൽ എന്താണ്‌ ചെയ്യേണ്ടതെന്ന്‌ മൂന്നാമത്തെ കത്തിൽ ലെനിൻ ഇങ്ങനെ രേഖപ്പെടുത്തുന്നു: ‘‘ഇപ്പോൾ കൈവരിച്ച നേട്ടങ്ങൾ ഉയർത്തിപ്പിടിക്കാനും സമാധാനവും ഭക്ഷണവും സ്വാതന്ത്ര്യവും നേടാനായി മുന്നേറാനുമാണ്‌ തൊഴിലാളിവർഗം താൽപര്യപ്പെടുന്നതെങ്കിൽ, മുമ്പേ തയാറാക്കിവെച്ചിട്ടുള്ള ഈ ഭരണകൂടത്തെ തകർക്കുകയും (മാർക്‌സിന്റെ ഒരു പ്രയോഗമാണിത്‌) തൽസ്ഥാനത്ത്‌ പുതിയൊരു ഭരണയന്ത്രത്തെ പ്രതിഷ്‌ഠിക്കുകയുമാണ്‌ വേണ്ടത്‌. ‘‘അതുകൊണ്ട്‌ കെറൻസ്‌കിയുടെ താൽക്കാലിക ഗവൺമെന്റിനെ പിന്തുണയ്‌ക്കുകയല്ല വേണ്ടതെന്നും വിപ്ലവപരമായ സർവാധിപത്യം സ്ഥാപിക്കാൻ തൊഴിലാളികളെയും കർഷകരെയും സൈനികരെയും സജ്ജരാക്കുകയാണ്‌ വേണ്ടതെന്നും ലെനിൻ വ്യക്തമാക്കി. അതിന്‌ ബൂർഷ്വാ പാർലമെന്റായ ഡൂമയുടെ സ്ഥാനത്ത്‌ ജനകീയാധികാരത്തിന്റെ ഉപകരണമായ സോവിയറ്റുകളെ കൊണ്ടുവരണമെന്നും ലെനിൻ വാദിച്ചു. തൊഴിലാളി കർഷകസഖ്യം അധികാരം പിടിച്ചെടുക്കുന്നതിനായി ശ്രമിക്കണമെന്നർത്ഥം.

അത്തരമൊരു നീക്കം നടത്തുന്നതിന്‌ തൊഴിലാളിവർഗത്തിന്റെ വിപ്ലവസംഘടന കെട്ടിപ്പടുക്കണമെന്നും ലെനിൻ വ്യക്തമാക്കി. ‘‘തൊഴിലാളിവർഗ സംഘടനയെന്ന അത്ഭുതം സൃഷ്ടിക്കാൻ നിങ്ങൾക്കു കഴിയുന്നില്ലെങ്കിൽ അടുത്ത, ‘യഥാർഥ’ വിപ്ലവത്തിൽ സുസ്ഥിരവിജയം കൈവരിക്കാൻ കഴിയില്ല’’. എന്നാണ്‌ ലെനിൻ മൂന്നാമത്തെ കത്തിൽ പറയുന്നത്‌.

ഈ ഘട്ടത്തിൽ ലെനിൻ പൊതുവിൽ പറഞ്ഞുവെക്കുന്നത്‌, രാജവാഴ്‌ചയ്‌ക്ക്‌ അറുതിവരുത്തിയെങ്കിലും ജനാധിപത്യവിപ്ലവത്തിന്റെ കടമകൾ ഇനിയും പൂർത്തിയാക്കേണ്ടതുണ്ടെന്നതാണ്‌. ഫെബ്രുവരി വിപ്ലവത്തിന്റെ മുന്നണിയിൽനിന്നു പ്രവർത്തിച്ച തൊഴിലാളികളുടെയും കർഷകരുടെയും സൈനികരുടെയും മുദ്രാവാക്യങ്ങൾ‐ യുദ്ധം അവസാനിപ്പിക്കുക, ഭൂമിയും ഭക്ഷണവും തുടങ്ങിയവ‐ സാക്ഷാത്‌കരിക്കുന്നതിനായി സോഷ്യൽ ഡെമോക്രാറ്റുകൾ സ്വതന്ത്രമായി പ്രവർത്തിക്കുകയും പ്രൊവിഷണൽ ഗവൺമെന്റിൽ സമ്മർദം ചെലുത്തുന്നതിനായി ജനങ്ങളെ അണിനിരത്തുകയും ചെയ്യണമെന്നാണ്‌ ലെനിൻ അഭിപ്രായപ്പെട്ടത്‌. സൂറിച്ചിൽനിന്ന്‌ റഷ്യയിലേക്ക്‌ പുറപ്പെടുന്നതിനു തൊട്ടുമുമ്പെഴുതിയ അഞ്ചാമത്തെ കത്ത്‌ അപൂർണമായി അവസാനിപ്പിച്ചാണ്‌ ലെനിൻ പെട്രോഗ്രാഡിലേക്ക്‌ യാത്രതിരിച്ചത്‌.

1917ൽ ലെനിന്റെ ചിന്തയെ സ്വാധീനിച്ച മുഖ്യഘടകം 1905ലേതിൽനിന്നും വ്യത്യസ്‌തമായി സോവിയറ്റുകളുടെ പങ്കിനെ സംബന്ധിച്ച വിലയിരുത്തലും അതിനോടുള്ള മതിപ്പുമാണ്‌. സാറിസ്റ്റ്‌ സ്വേച്ഛാധിപത്യത്തിന്‌ അറുതിവരുത്തി, മുതലാളിത്ത വികാസത്തിന്‌ മണ്ണൊരുക്കിയ വിപ്ലവം എന്നതായിരുന്നു ഫെബ്രുവരി വിപ്ലവത്തെ സംബന്ധിച്ച പൊതുകാഴ്‌ചപ്പാട്‌. എന്നാൽ, ഈ വിപ്ലവത്തിലൊരിടത്തും ഒരു ഘട്ടത്തിലും ബൂർഷ്വാസി ഒരു പങ്കും വഹിച്ചിരുന്നില്ല. രാജവാഴ്‌ച തുടരുന്നതിനേക്കാൾ ബൂർഷ്വാസി ഏറെ ഭയപ്പെട്ടത്‌ വിപ്ലവകാരികളായ തൊഴിലാളികളെയാണ്‌. അതുകൊണ്ടാണ്‌ സാർ നിക്കോളാസുമായി സന്ധിചെയ്‌ത്‌ തിരക്കിട്ട്‌ താൽക്കാലിക ഗവൺമെന്റ്‌ രൂപീകരിക്കാൻ ബൂർഷ്വാസി മുന്നോട്ടുവന്നത്‌.

1905ൽനിന്ന്‌ വ്യത്യസ്‌തമായി 1917ൽ റഷ്യൻ സാമ്രാജ്യത്തിലുടനീളമുള്ള നഗരങ്ങളിലും പട്ടണങ്ങളിലുമെല്ലാം തൊഴിലാളികളുടെയും കർഷകരുടെയും സോവിയറ്റുകൾ ഉയർന്നുവന്നിരുന്നു. അങ്ങനെ ഫലത്തിൽ 1917 ഫെബ്രുവരി വിപ്ലവത്തെ തുടർന്ന്‌ റഷ്യയിൽ പരസ്‌പരവിരുദ്ധമായ രണ്ട്‌ അധികാരകേന്ദ്രങ്ങൾ ഉയർന്നുവന്നിരുന്നു. ഒന്ന്‌, ബൂർഷ്വാസി നടത്തിയ സാർ നിക്കോളാസുമായുള്ള ഗൂഢാലോചനയുടെ ഫലമായി പെട്രോഗ്രാഡിൽ നിലവിൽവന്ന പ്രൊവിഷണൽ ഗവൺമെന്റ്‌. മറ്റൊന്ന്‌ ബൂർഷ്വാസിയിൽനിന്നും സ്വതന്ത്രമായി പ്രൊവിഷണൽ ഗവൺമെന്റിനെതിരെ ബദൽ അധികാരകേന്ദ്രമായ തൊഴിലാളികളുടെ സോവിയറ്റുകൾ. ഇത്‌ തൊഴിലാളിവർഗ ഭരണകൂടത്തിന്റെ പ്രാഥമിക രൂപമായിരുന്നു.

ഇത്തരമൊരു ബദൽ അധികാരകേന്ദ്രം ഉരുത്തിരിഞ്ഞുകൊണ്ടിരിക്കവെയാണ്‌ ലെനിനും സഖാക്കളും എത്രയുംവേഗം പെട്രോഗ്രാഡിൽ എത്തിച്ചേരാനുള്ള നീക്കമാരംഭിച്ചത്‌. l
(തുടരും)

Hot this week

പോൾ ഗോഗിൻ: പോസ്റ്റ്‌ ഇംപ്രഷനിസ്റ്റ്‌ ധാരയിലെ ചിത്രകാരൻ

വിഖ്യാത ചിത്രകാരൻ പോൾ ഗൊഗേൻ 1848ൽ ജനിച്ചു അന്പത്തിയഞ്ചു വർഷം മാത്രം...

ഹോർമൂസ്‌ (ഏകപാത്രനാടകം)

(ഇറാനുനേരെ അമേരിക്കയും, ഇസ്രയേലും നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിൽനിന്ന് രാജ്യത്തേയ്ക്ക് തിരിച്ച്...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 26

ദേശീയപ്രശ്‌നം എങ്ങനെ കൈകാര്യംചെയ്യാം? ‘‘സർക്കാർ സംവിധാനം എത്രത്തോളം ജനാധിപത്യപരമാകുന്നുവോ അത്രത്തോളം വ്യക്തമായി മുതലാളിത്ത...

രാഷ്‌ട്രീയം പറയരുതെന്ന്..!!!

അക്ഷരങ്ങളും എഴുത്തുകാരുമാണ് മനുഷ്യസമൂഹത്തിന്റെ ജ്ഞാനസ്രോതസ്സെന്ന് അറിയാവുന്നവർ കുരീപ്പുഴ ശ്രീകുമാറിനെ പോലുള്ളവർ എന്തു...

സാമ്പത്തിക അച്ചടക്കത്തിന്റെ രാഷ്ട്രീയം

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച...

Topics

പോൾ ഗോഗിൻ: പോസ്റ്റ്‌ ഇംപ്രഷനിസ്റ്റ്‌ ധാരയിലെ ചിത്രകാരൻ

വിഖ്യാത ചിത്രകാരൻ പോൾ ഗൊഗേൻ 1848ൽ ജനിച്ചു അന്പത്തിയഞ്ചു വർഷം മാത്രം...

ഹോർമൂസ്‌ (ഏകപാത്രനാടകം)

(ഇറാനുനേരെ അമേരിക്കയും, ഇസ്രയേലും നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിൽനിന്ന് രാജ്യത്തേയ്ക്ക് തിരിച്ച്...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 26

ദേശീയപ്രശ്‌നം എങ്ങനെ കൈകാര്യംചെയ്യാം? ‘‘സർക്കാർ സംവിധാനം എത്രത്തോളം ജനാധിപത്യപരമാകുന്നുവോ അത്രത്തോളം വ്യക്തമായി മുതലാളിത്ത...

രാഷ്‌ട്രീയം പറയരുതെന്ന്..!!!

അക്ഷരങ്ങളും എഴുത്തുകാരുമാണ് മനുഷ്യസമൂഹത്തിന്റെ ജ്ഞാനസ്രോതസ്സെന്ന് അറിയാവുന്നവർ കുരീപ്പുഴ ശ്രീകുമാറിനെ പോലുള്ളവർ എന്തു...

സാമ്പത്തിക അച്ചടക്കത്തിന്റെ രാഷ്ട്രീയം

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച...

മഹാനടന്മാർ ഒന്നിച്ചെത്തുന്ന തിരശീല

മലയാള സിനിമയിലെ രണ്ടു മഹാനടന്മാർ നീണ്ട ഇടവേളയ്‌ക്കു ശേഷം ഒരുമിച്ചെത്തുന്ന ചിത്രമെന്നതായിരുന്നു...

പിയർ ഒഗസ്റ്റിൻ റെന്വയുടെ ചിത്രപ്രപഞ്ചം

ഫ്രാൻസ് ലോക ചിത്രകലയിൽ ഒരുപാട് മഹാരഥൻമാരെ സംഭാവന ചെയ്ത നാടാണ്. കലയുടെ...

യുഡിഎഫ്‌ വന്ദേമാതരത്തിൽ അലിഞ്ഞുചേരുമ്പോ

മുസ്ലിംലീഗിലെയും കോൺഗ്രസിലെയും സുഹൃത്തുക്കൾക്ക് ഫൗസിയ ഷെയ്ഖിനെയും റുബിന ഇഖ്ബാലിനെയും അറിയുമോ? ഈ...
spot_img

Related Articles

Popular Categories

spot_imgspot_img