ബൂർഷ്വാ ജനാധിപത്യവിപ്ലവം കഴിഞ്ഞു… ഇനിയെങ്ങോട്ട്?
‘‘പെട്രോഗ്രാഡിൽ എത്തിയശേഷം ഞാൻ ഇലിച്ചിനെ അപൂർവമായി മാത്രമേ കണ്ടിരുന്നുള്ളൂ. അദ്ദേഹം കേന്ദ്രകമ്മിറ്റിയുടെയും പ്രാവ്‌ദയുടെയും പ്രവർത്തനത്തിലും യോഗങ്ങളിൽ സംസാരിക്കുന്നതിലും മുഴുകിയിരുന്നു. ക്രെസിൻസ്‌കാ മാൻഷെനിൽ പ്രവർത്തിച്ചിരുന്ന സെൻട്രൽ കമ്മിറ്റിയുടെ സെക്രട്ടറിയറ്റിൽ പ്രവർത്തിക്കാനായി പോയി; എന്നാൽ വിദേശത്തോ 1905‐07 കാലത്തോ ചെയ്‌തിരുന്നതുപോലെയുള്ള സെക്രട്ടേറിയൽ ജോലിയായിരുന്നില്ല അത്… ഞങ്ങളെ കാണാനെത്തിയ പാർട്ടി പ്രവർത്തകരുമായി സംസാരിക്കുന്നതടക്കമുള്ള ജോലിയിലാണ് ഞാൻ ഏർപ്പെട്ടിരുന്നത്; പക്ഷേ, ആ ദിവസങ്ങളിൽ പ്രാദേശികമായി നടന്നിരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് എനിക്ക് വളരെ കുറച്ചേ അറിയാമായിരുന്നുള്ളൂ… ക്രമേണ എനിക്കു ചുറ്റുമുള്ള ജീവിതത്തിലേക്ക് ഞാൻ മുഴുകി. ആ ദിനങ്ങളിലെ തെരുവുകൾ കൗതുകകരമായ ഒരു ദൃശ്യമായിരുന്നു. എവിടെ നോക്കിയാലും ജനങ്ങൾ ചെറുസംഘങ്ങളായി കൂടിനിൽക്കുന്നതു കാണാം‐ ചൂടുപിടിച്ച വാദപ്രതിവാദങ്ങളും ഏറ്റവും പുതിയ സംഭവങ്ങളെക്കുറിച്ചുള്ള ചർച്ചകളുമായിരുന്നു അവിടെയെല്ലാം. ഞാൻ ഈ ജനക്കൂട്ടത്തിൽ അലിഞ്ഞുചേർന്നു; അവരുടെ വാക്കുകൾ ശ്രദ്ധിച്ചു… പാതിരാത്രി പിന്നിട്ട് ഒരു മണിക്കൂറിനുശേഷവും സംഭാഷണശകലങ്ങൾ നമുക്ക് കേൾക്കാം‐ ‘‘ബോൾഷെവിക്കുകൾ, മെൻഷെവിക്കുകൾ…’’. അതിരാവിലെ മൂന്നുമണിക്ക്, ‘‘മില്യൂക്കോവ്, ബോൾഷെവിക്കുകൾ…’’ അഞ്ചുമണിക്ക്‐ അപ്പോഴും അതേ തെരുവുയോഗം, സംഭാഷണം, രാഷ്‌ട്രീയം… പെട്രോഗ്രാഡിലെ നിലാവുള്ള ആ രാത്രികൾ എന്റെ മനസ്സിൽ രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന രാഷ്‌ട്രീയ വാദപ്രതിവാദങ്ങളായാണ് ഇന്നും നിറഞ്ഞുനിൽക്കുന്നത്.
‘‘ഏപ്രിൽ 21ന് എനിക്ക് ഡാൻസ്‌കോയിയിൽവെച്ച് ഇലിച്ചിനെ കണ്ടു. നം. 3, സ്റ്റാറോനെവ്‌സ്‌കി (Staro‐Nevsky) എന്ന മേൽവിലാസമായിരുന്നു എനിക്ക് നൽകിയിരുന്നത്. നെവ്‌സ്‌കി പ്രോസ്‌പെക്ടിന്റെ അറ്റംവരെ ഞാൻ നടന്നെത്തി. തൊഴിലാളികളുടെ വലിയൊരു പ്രകടനം വെന്‌വ്‌കായ സസ്‌താവ (Nevskaya Zastava)യിൽ നിന്നും വന്നുകൊണ്ടിരുന്നു. നടപ്പാതകളിൽ തടിച്ചുകൂടിയ തൊഴിലെടുക്കുന്ന ആളുകൾ പ്രകടനം കടന്നുപോകുമ്പോൾ അഭിവാദ്യം ചെയ്‌തു. വഴിയോരത്തു നിന്നിരുന്ന ഒരു സ്‌ത്രീയോട് പ്രകടനത്തിൽ പങ്കെടുത്തിരുന്ന മറ്റൊരു യുവ തൊഴിലാളിസ്‌ത്രീ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു‐ ‘‘ഞങ്ങൾക്കൊപ്പം അണിചേരൂ’’. ‘‘ഈ രാത്രി മുഴുവൻ ഞങ്ങൾ പ്രകടനം നടത്താൻ പോവുകയാണ്!’’ മറ്റൊരു ദിശയിൽനിന്ന് ഹാറ്റും ബൗളേഴ്‌സും ധരിച്ച വേറൊരു ജനക്കൂട്ടം വരുന്നുണ്ടായിരുന്നു. നടപ്പാതകളിൽ നിന്നിരുന്ന ഹാറ്റും ബൗളേഴ്‌സും ധരിച്ച ജനക്കൂട്ടം ഇവരെ അഭിവാദ്യം ചെയ്യുന്നു… ഈ ആൾക്കൂട്ടങ്ങൾക്കിടയിൽ, ലെനിൻ തൊഴിലാളികളെ ജർമൻ സ്വർണനാണയം കൈമടക്കായി കൊടുത്ത് വഴിതെറ്റിക്കുന്നതെങ്ങനെയെന്നൊരു കഥ കാതോടുകാതോരം പ്രചരിക്കുന്നുണ്ടായിരന്നു; അതുകൊണ്ടാണ് തൊഴിലാളികൾ ലെനിനൊപ്പം നിൽക്കുന്നതെന്ന കഥയും ഇവർ മെനഞ്ഞിരുന്നു. ‘‘നമ്മൾ ലെനിനെ തല്ലണം.’’ നന്നായി വേഷം ധരിച്ച ഒരു യുവതി അലറിവിളിച്ചു. ‘‘ആ തെമ്മാടികളെയെല്ലാം കൊന്നുകളയണം’’ ബൗളർ ധരിച്ചുനിന്ന ഒരാൾ വിളിച്ചുകൂവി. വർഗം വർഗത്തിനെതിരെ! തൊഴിലാളിവർഗം ലെനിനൊപ്പം ഉറച്ചുനിന്നു.
‐ലെനിനെക്കുറിച്ചുള്ള ഓർമക്കുറിപ്പുകൾ, എൻ കെ ക്രൂപ്‌സ്‌കായ
ലെനിന്റെ വാദഗതികളെ പുച്ഛിച്ചുതള്ളുന്ന പ്ലെഖാനോവിന്റെ ലേഖനം പുറത്തുവന്നതിനെത്തുടർന്ന് തൊഴിലാളികളുടെ യോഗത്തിൽ ലെനിൻ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം പ്രാവ്‌ദയിൽ പ്രസിദ്ധീകരിച്ചു. ബോൾഷെവിക്കുകൾക്കിടയിലും ഇതുസംബന്ധിച്ച് ഏകാഭിപ്രായമല്ലെന്ന് വ്യക്തമാക്കുന്ന ലേഖനം തൊട്ടടുത്ത ദിവസം പ്രാവ്‌ദയിൽതന്നെ കമനേവ് എഴുതി. ലെനിൻ പറഞ്ഞ കാര്യങ്ങൾ പ്രാവ്‌ദയുടെയോ കേന്ദ്രകമ്മിറ്റിയുടെയോ അഭിപ്രായമല്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ ചിന്തകൾ മാത്രമാണെന്നുമാണ് കമനേവ് എഴുതിയത്. ബോൾഷെവിക്കുകൾക്കിടയിൽ‐ കേന്ദ്രകമ്മിറ്റിയിലും പ്രാവ്‌ദ പത്രാധിപസമിതിയിലും‐ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നുവെന്നാണ് ഇത് വ്യക്തമാക്കിുന്നത്. മുഖ്യ പത്രാധിപരെന്ന നിലയിൽ സ്റ്റാലിനാണ് ലെനിന്റെ പ്രസംഗം പ്രാവ്‌ദയിൽ പ്രസിദ്ധീകരിച്ചത്. അതിനോടുള്ള എതിർപ്പാണ് കമനേവ് തന്റെ ലേഖനത്തിലൂടെ പ്രകടിപ്പിച്ചത്. ഇത് ഭാവിപരിപാടികൾ സംബന്ധിച്ച് ബോൾഷെവിക് പാർട്ടിക്കുള്ളിൽതന്നെ ആശയസമരത്തിന് തുടക്കമിടുകയാണുണ്ടായത്.
സാറിസ്റ്റ് വാഴ്‌ചയ്‌ക്ക് അറുതിവരുത്തിയ ഫെബ്രുവരി വിപ്ലവത്തിന്റെ വാർത്ത അറിഞ്ഞതുമുതൽ ലെനിൻ ഇനിയെന്തെന്നതിനെക്കുറിച്ചുള്ള പഠനത്തിലും ചിന്തയിലുമായിരുന്നു. സൂറിച്ചിലായിരുന്നപ്പോഴും പെട്രോഗ്രാഡിൽ എത്തുന്നതുവരെയുള്ള യാത്രാവേളയിലും അദ്ദേഹം അതിൽതന്നെ മുഴുകിയിരുന്നു. പിന്നീട് പ്രസിദ്ധമായ ഏപ്രിൽ തീസിസ് എന്നറിയപ്പെട്ട തൊഴിലാളികളുടെ യോഗത്തിലെ ലെനിന്റെ പ്രസംഗം സൃഷ്ടിച്ചത് ‘പെട്ടെന്നോരു കൈബോംബ് എറിഞ്ഞതുപോലെയുള്ള ആഘാത’മാണെന്നാണ് ജീവചരിത്രകാരനായ ക്രിസ്റ്റഫർ റീഡ് (Lenin: A Revolutionary Life) എഴുതുന്നത്. അത് പല ബോൾഷെവിക് നേതാക്കളെതന്നെയും ഞെട്ടിച്ചിരുന്നു. ‘ഭ്രാന്തന്റെ ജൽപനങ്ങൾ’ എന്നാണ് ഒരുവിഭാഗം ബോൾഷെവിക്കുകൾ പോലും പറഞ്ഞതെന്നും ‘‘ലെനിന് വട്ടുപിടിച്ചുപോയോ എന്ന ഭീതിയിലായി ഞാൻ’’ എന്നാണ് ലെനിന്റെ ജീവിതപങ്കാളിയും ബോൾഷെവിക് വിപ്ലവകാരിയുമായ നടേഷ്‌ദ ക്രൂപ്‌സ്‌കായതന്നെ പ്രതികരിച്ചതെന്നുമാണ് ലെനിനെയും അദ്ദേഹത്തിന്റെ സിദ്ധാങ്ങളെയും സംബന്ധിച്ച് പഠനം നടത്തിയ നീൽ ഹാർഡിങ് Leninism എന്ന കൃതിയിൽ എഴുതിയത്. ഈ കോലാഹലങ്ങളിൽനിന്ന് നാം മനസ്സിലാക്കേണ്ട കാര്യം, തന്റെ അടുത്ത സഹപ്രവർത്തകരെക്കാൾ ലെനിൻ വളരെ മുന്നിലായിരുന്നു, ഏറെ ഉയരത്തിലായിരുന്നുവെന്നതാണ്. ലെനിന്റെ ഉറ്റ അനുയായികൾക്കുപോലും ലെനിന്റെ വാക്കുകൾ പൂർണമായി ദഹിച്ചിരുന്നില്ല. അതിന്റെ പ്രതിഫലനമായിരുന്നു പ്രാവ്‌ദയിൽ കമനേവ് എഴുതിയ ലേഖനം. കമനേവിനെപോലെ സ്റ്റാലിൻ പരസ്യമായി ലെനിനെ തള്ളിപ്പറഞ്ഞില്ലെന്നേയുള്ളൂ. മാത്രമല്ല, ലെനിന്റെ പ്രസംഗം പ്രാവ്‌ദയിൽ പ്രസിദ്ധീകരിക്കാൻ മുൻകൈയെടുക്കുകയും ചെയ്‌തു.
പെട്രോഗ്രാഡിൽ വിദേശത്തുനിന്ന് ആദ്യം മടങ്ങിയെത്തിയത് ലെനിനായിരുന്നില്ല. സ്റ്റാലിനും കമനേവും ഉൾപ്പെടെയുള്ള പല ബോൾഷെവിക് വിപ്ലവകാരികളും അദ്ദേഹം എത്തുന്നതിനു മുന്പുതന്നെ പെട്രോഗ്രാഡിൽ എത്തുകയും ലെനിന്റെ അഭാവത്തിൽ അവർ, പ്രത്യേകിച്ചും സ്റ്റാലിനും കമനേവും, തങ്ങൾക്ക് ഉചിതമെന്നു തോന്നിയ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്‌തു. തൊഴിലാളികളുടെയും സൈനികരുടെയും സോവിയറ്റുകളിലെ ഭൂരിപക്ഷം പേരും പ്രൊവിഷണൽ ഗവൺമെന്റിനെ പൊതുവെ അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്; ഒപ്പം സാറിസ്റ്റ് വാഴ്‌ചയെ തകർത്തെറിഞ്ഞ രാഷ്‌ട്രീയ പരിസരത്തെ ദൃഢപ്പെടുത്തുന്നതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്‌തു. സോവിയറ്റുകളെ നയിക്കുന്ന പ്രതിനിധികളിൽ രൂഢമൂലമായിരുന്ന ചിന്താഗതി, അവർ പ്രൊവിഷണൽ ഗവൺമെന്റിനെ എതിർക്കുകയാണെങ്കിൽ ആ സംവിധാനംതന്നെ ഇല്ലാതാകുന്നതിനിടയാകുമെന്നും തങ്ങൾ പ്രതിനിധാനം ചെയ്യുന്ന ഇടത്തരക്കാർ വീണ്ടും സാറിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ പിടിയിലാകുമെന്നുമായിരുന്നു. ഈ ചിന്താഗതിക്കാരായിരുന്നു ഫെബ്രുവരി വിപ്ലവാനന്തരം സ്ഥാപിക്കപ്പെട്ട സോവിയറ്റുകളെ നിയന്ത്രിച്ചിരുന്നത്.
ഫെബ്രുവരിയിൽ നടന്ന ബൂർഷ്വാ ജനാധിപത്യവിപ്ലവത്തിന്റെ സ്ഥാനത്ത് തൊഴിലാളിവർഗത്തിന്റെ സോഷ്യലിസ്റ്റ് വിപ്ലവത്തെ പ്രതിഷ്‌ഠിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചതന്നെ അകാലികമാണെന്നാണ് മെൻഷെവിക്കുകളിൽ പൊതുവിലും ബോൾഷെവിക്കുകളിൽ ഒരുവിഭാഗവും ചിന്തിച്ചത്. മൂന്നാഴ്‌ചയോളം നീണ്ടുനിന്ന തീവ്രമായ ഉൾപ്പാർട്ടി സമരത്തിനൊടുവിലാണ് പാർട്ടിയിലെ ഭൂരിപക്ഷം പേരും ലെനിന്റെ നിലപാടാണ് ശരിയെന്ന് അംഗീകരിച്ചത്. തന്റെ സഖാക്കൾക്ക് പലവട്ടം തന്റെ നിലപാടിന്റെ സാംഗത്യം ക്ഷമയോടുകൂടി ലെനിന് വിശദീകരിച്ചുകൊടുക്കേണ്ടതായി വന്നു.
ഏറ്റവുമധികം അഭിപ്രായവ്യത്യാസത്തിനിടയാക്കിയത് ‘‘പ്രൊവിഷണൽ ഗവൺമെന്റിനെ പാർട്ടി പിന്തുണയ്‌ക്കേണ്ടതില്ലെ’’ന്ന ലെനിന്റെ കർക്കശമായ നിലപാടാണ്. തുടക്കത്തിൽ, റഷ്യൻ തൊഴിലാളിവർഗം സാറിസ്റ്റ് വാഴ്‌ച അവസാനിപ്പിച്ച് അധികാരത്തിലെത്തിയ ബൂർഷ്വാസിയുടെ ഭരണത്തെ പുറത്താക്കാൻ തയ്യാറാകുമോയെന്നും അതിനുള്ള ശേഷി റഷ്യൻ തൊഴിലാളിവർഗം കൈവരിച്ചോയെന്നും ലെനിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ, അപ്പോഴും ലെനിൻ തൊഴിലാളിവർഗ വിപ്ലവത്തിനായി തയ്യാറെടുക്കണമെന്ന ഉറച്ച നിലപാടുകാരനായിരുന്നു. അവിടംകൊണ്ട് അവസാനിപ്പിക്കാതെ യൂറോപ്പിന്റെ ഇതര ഭാഗങ്ങളിലേക്കുകൂടി തൊഴിലാളിവർഗ വിപ്ലവം വ്യാപിപ്പിക്കണമെന്ന ആത്യന്തികമായ ലക്ഷ്യവും അദ്ദേഹത്തിനുണ്ടായിരുന്നു.
ഒടുവിൽ ബോൾഷെവിക്കുകളുടെ പെട്രോഗ്രാഡ് സിറ്റി കോൺഫറൻസ് ചേർന്നു. ഏപ്രിൽ 14 മുതൽ 22 വരെ (8 ദിവസം) നീണ്ടുനിന്ന ബോൾഷെവിക് സമ്മേളനം ലെനിന്റെ സിദ്ധാന്തത്തെ അംഗീകരിച്ചു. ഇതിന്റെ തുടർച്ചയായി ബോൾഷെവിക്കുകളും മെൻഷെവിക്കുകളും ഉൾപ്പെടുന്ന സംയുക്ത സമ്മേളനംകൂടി ചേർന്നാണ് ഏപ്രിൽ തീസിസ് അംഗീകരിച്ചത്.
എന്നാൽ, പ്രാവ്‌ദയിൽ ലെനിന്റെ തീസിസ് പ്രസിദ്ധീകരിച്ച ഏപ്രിൽ 7നുതന്നെ പെട്രോഗ്രാഡ് സോവിയറ്റിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ‘‘സ്വാതന്ത്ര്യത്തിനായുള്ള വായ്‌പ’’ (Liberty Loan)യ്‌ക്കനുകൂലമായി വോട്ടുചെയ്‌തു. അതായത്, പ്രൊവിഷണൽ ഗവൺമെന്റിന് യുദ്ധം തുടരാനുള്ള അംഗീകാരമായിരുന്നു അത്. അതേസമയം ബൂർഷ്വാ പത്രങ്ങളും രാജ്യരക്ഷാവാദികളുടെ (വലതുപക്ഷ സോഷ്യൽ ഡെമോക്രാറ്റുകൾ) പത്രങ്ങളും ബോൾഷെവിക്കുകൾക്കും ലെനിനുമെതിരായി നികൃഷ്ടമായ പ്രചാരണം അഴിച്ചുവിടാൻ തുടങ്ങിയിരുന്നു. ഇവർ രാജ്യദ്രോഹികളാണെന്നും ജർമൻ ചാരന്മാരാണെന്നുമായിരുന്നു പ്രചാരണം. യഥാർഥത്തിൽ, ലെനിനെതിരായ ഈ വിദ്വേഷപ്രചരണം അദ്ദേഹത്തിന്റെ തീസിസിന് ജനങ്ങൾക്കിടയിൽ പ്രചരണം നൽകുന്നതായി മാറി; അതിനു തൊഴിലാളികളുടെയും സൈനികരുടെയും സ്വീകാര്യതയും നേടാനായി. കാരണം, ലെനിൻ വാദിക്കുന്നത് യുദ്ധം അവസാനിപ്പിക്കുന്നതിനും യഥാർഥ സമാധാനം സ്ഥാപിക്കുന്നതിനും വേണ്ടിയാണെന്ന് ജനങ്ങൾക്ക് വ്യക്തമായി. ജനങ്ങളാകട്ടെ, യുദ്ധത്തിന്റെ ദുരിതങ്ങളിൽനിന്ന് കരകയറാൻ എത്രയുംവേഗം സമാധാനം സ്ഥാപിക്കണമെന്നാണ് ആഗ്രഹിച്ചത്.
ഏപ്രിൽ 10ന് ലെനിൻ പെട്രോഗ്രാഡിലെ ഇസ്‌മയ്‌ലോവ്‌സ്‌കി (Izmailovsky) റെജിമെന്റിലെ പട്ടാളക്കാരുടെയും നാവികരുടെയും യോഗത്തെ അഭിസംബോധന ചെയ്‌തു. ഏപ്രിൽ 15ന് സോൾഡാസ്‌കായ പ്രാവ്‌ദ (Soldatskaya Pravda‐ സൈനികസത്യം) എന്ന മാഗസിൻ പ്രസിദ്ധീകരണം ആരംഭിച്ചു. ഏപ്രിൽ 16ന് പെട്രോഗ്രാഡിലെ പട്ടാളക്കാരും നാവികരും, ലെനിനും ബോൾഷെവിക്കുകൾക്കുമെതിരായി നടന്നിരുന്ന വിദ്വേഷപ്രചരണത്തിനെതിരെ പ്രതിഷേധപ്രകടനം നടത്തി. ഏപ്രിൽ 18ലെ (പുതിയ കലണ്ടർ പ്രകാരം മെയ് ഒന്ന്) തൊഴിലാളിപ്രകടനം റഷ്യയിലുടനീളം വലിയ പങ്കാളിത്തത്തോടെ നടന്നു; മുൻപൊരിക്കലും ഉണ്ടാകാത്തത്ര ഗംഭീര മെയ്‌ദിന പ്രകടനമായിരുന്നു 1917ൽ നടന്നത്. സാറിസ്റ്റ് സ്വേച്ഛാധിപത്യത്തെ കടപുഴക്കിയെറിഞ്ഞ തൊഴിലാളിവർഗത്തിന്റെ ആവേശപ്രകടനമായി അതുമാറി.
ഏപ്രിൽ തീസിസിന്റെ ഉള്ളടക്കത്തിലേക്കുകൂടി കടക്കേണ്ടതുണ്ട്. കാരണം റഷ്യയിൽ തൊഴിലാളിവർഗ വിപ്ലവത്തെ വിജയത്തിലെത്തിച്ച ലെനിന്റെ സൈദ്ധാന്തികമായ നിലപാടായിരുന്നു അത്. ലെനിന്റെ കാഴ്‌ചപ്പാടുകളുടെ സൈദ്ധാന്തികമായ ആധാരശില, റഷ്യ പങ്കാളിയായിട്ടുള്ള ഈ യുദ്ധം ലോകത്തെ പങ്കിട്ടെടുക്കുന്നതിനുള്ള കവർച്ചാസ്വഭാവത്തോടുകൂടിയ സാമ്രാജ്യത്വ യുദ്ധമാണെന്നതാണ്. അതുകൊണ്ടുതന്നെ രാജ്യരക്ഷാവാദം ഉയർത്തുന്നതിനെയും അതിന്റെ പേരിൽ ധനവിനിയോഗത്തിന് അനുമതി നൽകുന്നതിനെയും അംഗീകരിക്കാനാവില്ല എന്ന ഉറച്ച നിലപാടായിരുന്നു ലെനിന്റേത്. റഷ്യ ഇപ്പോൾ ജനാധിപത്യ രാജ്യമായി മാറിയതിനാൽ റഷ്യക്കുവേണ്ടി പൊരുതണമെന്ന വാദത്തെ നിരാകരിച്ച ലെനിൻ പറയുന്നത് ഈ വാദമുയർത്തുന്നവർ ഇപ്പോഴത്തെ ഗവൺമെന്റിന്റെ (പ്രൊവിഷണൽ ഗവൺമെന്റ്) മുതലാളിത്ത സ്വഭാവത്തെ കാണുന്നില്ലെന്നാണ്. കടന്നാക്രമണങ്ങളെ തള്ളിക്കളയുകയും മുതലാളിത്ത താൽപര്യങ്ങളുമായി യാതൊരു ബന്ധവും ഇല്ലാതിരിക്കുകയും ചെയ്യുന്ന തൊഴിലാളികളുടെയും ദരിദ്ര കർഷകരുടെയും ഗവൺമെന്റിനു മാത്രമേ വിപ്ലവപരമായ ചെറുത്തുനിൽപ്പ് യുദ്ധം നടത്താനാവൂ എന്നതായിരുന്നു ലെനിൻ മുന്നോട്ടുവെച്ച ആശയം.
ഈ ആശയവുമായി ബന്ധപ്പെട്ടാണ് ലെനിൻ വിപ്ലവത്തിന്റെ ഘട്ടം സംബന്ധിച്ച വിഷയം മുന്നോട്ടുവെയ്‌ക്കുന്നത്. നിലവിൽ വിപ്ലവത്തിന്റെ ആദ്യ ഘട്ടമാണ്, അതായത് ബൂർഷ്വാ ജനാധിപത്യവിപ്ലവത്തിന്റെ ഘട്ടമാണെന്നും രണ്ടാമത്തെ ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ലെനിൻ വ്യക്തമാക്കി. രണ്ടാമത്തെ ഘട്ടത്തിൽ അധികാരം തൊഴിലാളിവർഗത്തിന്റെയും ദരിദ്ര കർഷകജനതയുടെയും കൈകളിലെത്തുമെന്നും അദ്ദേഹം നിരീക്ഷിച്ചു. ഇപ്പോൾ വിപ്ലവം അതിന്റെ ആദ്യഘട്ടത്തിൽ, ബൂർഷ്വാഘട്ടത്തിൽ മാത്രമാണെന്നും രണ്ടാമത്തെ ഘട്ടത്തിലേക്ക്, തൊഴിലാളിവർഗ ഘട്ടത്തിലേക്ക് കടക്കാത്തതെന്തുകൊണ്ടെന്നും അദ്ദേഹം ഏപ്രിൽ തീസിസിൽ വിവരിക്കുന്നുണ്ട്. തൊഴിലാളികളുടെ വർഗബോധവും തൊഴിലാളിവർഗത്തിന്റെ സംഘടനയും അപ്പോഴും വേണ്ടത്ര വികസിച്ചിട്ടില്ല എന്ന പ്രശ്‌നത്തിലേക്കാണ് ലെനിൻ വിരൽചൂണ്ടിയത്. അതായത് റഷ്യൻ തൊഴിലാളിവർഗത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ച് അദ്ദേഹം ഒരിക്കൽകൂടി ഓർമിപ്പിക്കുകയാണിവിടെ.
ലെനിനിസ്റ്റ് സിദ്ധാന്തങ്ങളുടെയാകെ രത്നച്ചുരുക്കം വ്യക്തതയോടുകൂടി ഏപ്രിൽ തീസിസിൽ ലെനിൻ അവതരിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ നായകസ്ഥാനത്ത് തൊഴിലാളികളുടെ സോവിയറ്റുകളായിരിക്കണം എന്ന് ലെനിൻ വ്യക്തമാക്കുന്നു. നിലവിലുള്ള പൊലീസ് സംവിധാനത്തെയും സൈന്യത്തെയും ബ്യൂറോക്രസിയെയുമെല്ലാം പൊളിച്ചുകളയണമെന്നാണ്, അതായത് നിലവിലുള്ള ഭരണയന്ത്രത്തെ തകർക്കണമെന്നാണ് ലെനിൻ പറഞ്ഞത്. പാരീസ് കമ്യൂണിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ മാർക്‌സ് അവതരിപ്പിച്ച സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണവുമാണിത്. അതിന്റെ അർഥം, പൊലീസും പട്ടാളവും ഉദ്യോഗസ്ഥസംവിധാനവുമൊന്നുമില്ലാത്തതാണ് തൊഴിലാളിവർഗ ഭരണകൂടമെന്നല്ല; മറിച്ച്, നിലവിലുള്ള ഭരണകൂടത്തെ തകർത്ത് പകരം തൊഴിലാളിവർഗത്തിന്റെ ഭരണകൂടം സ്ഥാപിക്കുകയെന്നതാണ് മാർക്‌സും ലെനിനും പറഞ്ഞത്. ഭരണകൂടമേ വേണ്ടയെന്നത് ബക്കുനിന്റെ അരാജകവാദ സിദ്ധാന്തമാണ്. അതുമായുള്ള ഏറ്റുമുട്ടലിലൂടെയാണ് മാർക്‌സ് തന്റെ സിദ്ധാന്തം വികസിപ്പിച്ചത്.
ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട തന്റെ കാഴ്‌ചപ്പാടും ലെനിൻ ഏപ്രിൽ തീസിസിൽ അവതരിപ്പിക്കുന്നുണ്ട്. രാജ്യത്തെ ഭൂമിയാകെ ഗവൺമെന്റ് ഉടൻ പിടിച്ചെടുക്കണമെന്നും തുടർന്ന് ഭൂമി മുഴുവൻ ദേശസാത്‌കരിക്കണമെന്നുമുള്ള നിർദേശമാണ് ലെനിൻ മുന്നോട്ടുവെയ്‌ക്കുന്നത്. ദേശസാത്‌കരിക്കപ്പെടുന്ന ഭൂമി കർഷകത്തൊഴിലാളികളുടെയും കർഷകരുടെയും ഡെപ്യൂട്ടികളടങ്ങുന്ന പ്രാദേശിക സോവിയറ്റുകളുടെ നിയന്ത്രണത്തിൽ കൊണ്ടുവരണമെന്നാണ് ലെനിൻ വ്യക്തമാക്കിയത്. വൻകിട എസ്‌റ്റേറ്റുകളെ തുണ്ടുതുണ്ടാക്കരുതെന്നും അവയെ മാതൃകാ കൃഷിക്കളങ്ങളാക്കി പ്രാദേശിക സോവിയറ്റുകളുടെ നിയന്ത്രണത്തിൽ നിലനിർത്തണമെന്നും ഏപ്രിൽ തീസിസ് വ്യക്തമാക്കുന്നു. ചെറുകിട കൃഷിയെക്കാൾ ഭാവിയിലേക്ക് വേണ്ടത് വൻകിട കൃഷിയാണെന്ന് കൃഷിക്കാരെ ബോധ്യപ്പെടുത്തുന്നതിന് മാതൃകാ കൃഷിക്കളങ്ങളാണ് നല്ലതെന്ന അഭിപ്രായമാണ് ലെനിനുണ്ടായിരുന്നത്. എന്നാൽ, കർഷകർ സ്വയം കൃഷിചെയ്യുന്ന ചെറുകിട സംവിധാനം റഷ്യയുടെ പുരോഗതിയെ പിന്നോട്ടുപിടിക്കുന്ന ഒന്നായി ലെനിൻ ഒരിക്കലും കണ്ടിരുന്നതുമില്ല. അതേസമയം നഗരവാസികൾക്കും സൈന്യത്തിനും വേണ്ട ഭക്ഷണസാധനങ്ങൾ ലഭിക്കുന്നത് വൻകിട എസ്‌റ്റേറ്റുകൾ ഉൽപാദിപ്പിക്കുന്ന മിച്ചത്തിൽനിന്നാണെന്ന് ലെനിന് ബോധ്യമുണ്ടായിരുന്നു. ഈ വൻകിട എസ്‌റ്റേറ്റുകൾ കൈവശപ്പെടുത്താൻ കർഷകജനതയെ അനുവദിക്കുകയാണെങ്കിൽ ഗ്രാമീണേതര ജനവിഭാഗങ്ങൾക്ക് ഭക്ഷണസാധനങ്ങൾ ലഭിക്കുന്നതിന് തടസ്സമുണ്ടാകുമെന്നും കാരണം കർഷകജനത മിച്ച ഉൽപാദനത്തെ കമ്പോളത്തിൽ എത്തിക്കുന്നതിലായിരിക്കില്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ലെനിൻ വിലയിരുത്തിയിരുന്നു.
പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, പ്രാദേശിക സോവിയറ്റുകൾ മൊത്തത്തിൽ കർഷകരുടെ കൈപ്പിടിയിൽ ഒതുങ്ങരുതെന്നും മറിച്ച് കർഷകത്തൊഴിലാളികൾക്കും ദരിദ്രകർഷകർക്കുമായിരിക്കണം കാർഷികപരിപാടിയിൽ മുൻഗണന നൽകേണ്ടതെന്നും ലെനിൻ വ്യക്തമാക്കിയിരുന്നുവെന്നതാണ്. മാത്രമല്ല സന്പന്ന കർഷകവിഭാഗങ്ങൾക്കൊപ്പമല്ലാതെ ദരിദ്ര കർഷകരെയും കർഷകത്തൊഴിലാളികളെയും വെവ്വേറെയും സംഘടിപ്പിക്കണമെന്നും ലെനിൻ നിർദേശിക്കുന്നുണ്ട്. ഇത് വിരൽചൂണ്ടുന്നത്, വിവിധ കർഷകവിഭാഗങ്ങൾ തമ്മിലുള്ള വർഗസമരം പിന്നെയും മുന്നോട്ടു കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യത്തിലേക്കാണ്. കർഷകർക്കിടയിൽ വർഗവിഭജനത്തെക്കുറിച്ചുള്ള ചർച്ച ലെനിൻ തുടങ്ങിയത് പൊടുന്നനെ ആയിരുന്നില്ല; 1890കളുടെ തുടക്കംമുതൽ കാർഷികപ്രശ്‌നം സംബന്ധിച്ച ലെനിന്റെ ചർച്ചകളിലെല്ലാം മുഴച്ചുനിന്നിരുന്നതാണ് ഇക്കാര്യം. എന്നാൽ വിപ്ലവാനന്തരമുള്ള വർഷങ്ങളിൽ പലവട്ടം ഇക്കാര്യങ്ങളിൽ ചില മാറ്റങ്ങൾ നിരന്തരം വരുത്തിയിരുന്നുവെന്നതും നാം കാണേണ്ടതാണ്. അതിനർഥം ഒരു കാര്യത്തെയും ലെനിൻ യാന്ത്രികമായോ ശാശ്വതമായ ഒന്നെന്ന നിലയിലോ അല്ല സമീപിച്ചത്, മറിച്ച് വസ്‌തുനിഷ്‌ഠ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈരുദ്ധ്യാത്മക പരിശോധന അനിവാര്യമാണെന്ന നിലയിലാണ്.
‘‘സോഷ്യലിസത്തിലേക്ക് നീങ്ങലല്ല നമ്മുടെ അടിയന്തര കടമ’’ എന്ന ഏപ്രിൽ തീസിസിലെ ലെനിന്റെ വാക്കുകൾ ആദ്യം തൊഴിലാളികൾക്കു മുന്നിൽ അവതരിപ്പിച്ചപ്പോൾ അത് സദസ്യരെ അന്ധാളിപ്പിച്ചു. പക്ഷേ, ലെനിൻ നേരത്തെതന്നെ പറഞ്ഞുകൊണ്ടിരുന്ന ഒരാശയം കൂടുതൽ ശക്തമായി ഇവിടെ അവതരിപ്പിക്കുകയായിരുന്നുവെന്നു മാത്രം. ഉടൻ സോഷ്യലിസത്തിലേക്കു നീങ്ങുന്നതിനുപകരം ഏപ്രിൽ തീസിസിൽ ലെനിൻ മുന്നോട്ടുവയ്‌ക്കുന്ന പരിപാടി ‘‘തൊഴിലാളി ഡെപ്യൂട്ടികളുടെ സോവിയറ്റിന്റെ മേൽനോട്ടത്തിൽ (നിയന്ത്രണത്തിൽ) ഉടൻതന്നെ സാമൂഹ്യ ഉൽപാദനവും ഉൽപന്നങ്ങളുടെ വിതരണവും നടപ്പാക്കുക’’യെന്നതായിരുന്നു. അതുപോലെതന്നെ ഒരൊറ്റ ദേശീയ ബാങ്കായി രാജ്യത്തെ ബാങ്കുകളെ സംയോജിപ്പിക്കുകയും അതിനെ സോവിയറ്റിന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്യുകയെന്നതും ലെനിൻ മുന്നോട്ടുവെച്ച മറ്റൊരു നിർദേശമായിരുന്നു. ഒരു കാലഘട്ടത്തിന്റെ സംസ്‌കാരത്തിന്റെയും രാഷ്‌ട്രീയത്തിന്റെയുമാകെ അടിത്തറ, സന്പദ്‌ഘടനയാണെന്ന മാർക്‌സിസ്റ്റ് സൈദ്ധാന്തിക നിലപാടിനെ അംഗീകരിക്കവെതന്നെ ലെനിൻ ഏപ്രിൽ തീസിസിൽ ഊന്നൽനൽകുന്നത് രാഷ്‌ട്രീയത്തിനാണെന്നതും ശ്രദ്ധേയമാണ്.
ഈ പ്രധാന പോയിന്റുകൾ മുന്നോട്ടുവെയ്‌ക്കുന്നതിനൊപ്പം തന്നെ, യുദ്ധവുമായി ബന്ധപ്പെട്ട് രാജ്യരക്ഷാവാദികളായ മെൻഷെവിക്കുകളെയും ഇതിനകംതന്നെ ശിഥിലമായ രണ്ടാം ഇന്റർനാഷണലിലെ കൗട്‌സ്‌കിയെയും കൂട്ടരെയും ലെനിൻ രൂക്ഷമായി വിമർശിക്കുന്നുണ്ട്. പുതിയൊരു ഇന്റർനാഷണൽ സ്ഥാപിക്കുന്നതിന്റെ ആവശ്യകതയെ സംബന്ധിച്ചും ലെനിൻ സൂചിപ്പിക്കുന്നുണ്ട്. സാർവദേശീയമായി വർഗ സൗഹാർദം സ്ഥാപിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് വ്യക്തമായി ഇതിൽ പറയുന്നു. പാർട്ടിയുടെ നിലവിലുള്ള പേരുതന്നെ (സോഷ്യൽ ഡെമോക്രാറ്റിക്) മാറ്റേണ്ടതിനെക്കുറിച്ചും ലെനിൻ പറയുന്നുണ്ട്.
പ്രൊവിഷണൽ ഗവൺമെന്റിനെ പിന്തുണയ്‌ക്കരുതെന്ന് ശക്തമായി വിശദീകരിക്കുന്ന ലെനിൻ പക്ഷേ, പ്രൊവിഷണൽ ഗവൺമെന്റിനെ ഉടൻ അട്ടിമറിക്കണമെന്നും പറയുന്നില്ല. ഏപ്രിൽ തീസിസിൽ മുന്നോട്ടുവയ്‌ക്കുന്ന ആശയങ്ങൾ ലെനിൻ തുടക്കംമുതൽ പല ഘട്ടങ്ങളിലായി വിശദീകരിച്ചുകൊണ്ടിരുന്ന ആശയങ്ങളുടെ പുനരാവിഷ്‌കാരമാണ്. ലെനിന്റെ പിൽക്കാലത്തെ പ്രധാന രചനകളിലൊന്നായ The State and Revolution (ഭരണകൂടവും വിപ്ലവവും) ഏപ്രിൽ തീസിസിൽ മുന്നോട്ടുവച്ച ആശയങ്ങളുടെ വിപുലീകരണവും വ്യക്തത വരുത്തലുമാണെന്നും കാണാം. l




