അക്ഷരങ്ങളും എഴുത്തുകാരുമാണ് മനുഷ്യസമൂഹത്തിന്റെ ജ്ഞാനസ്രോതസ്സെന്ന് അറിയാവുന്നവർ കുരീപ്പുഴ ശ്രീകുമാറിനെ പോലുള്ളവർ എന്തു പറയുന്നുവെന്ന് കാതോർക്കും; മറിച്ചൊരു തോന്നൽ ഈ സമൂഹത്തിനുണ്ടാവില്ല. നമ്മൾ പ്രബുദ്ധരായ മലയാളികളാണ്. ആ നമ്മളിൽ നിന്നുതന്നെ ഇന്ന് അപസ്വരങ്ങൾ കേട്ടുതുടങ്ങിയിരിക്കുന്നു. പറയുന്നത് കേൾക്കാൾ തയ്യാറല്ലാതായിരിക്കുന്നു; കേൾക്കണം എന്നു തീരുമാനിപ്പിക്കപ്പെട്ടിരിക്കുന്നത് പറഞ്ഞാൽ മതിയെന്ന് നിർദ്ദേശിച്ചുതുടങ്ങിയിരിക്കുന്നു. രാഷ്ട്രീയം പറയേണ്ടയെന്ന് ആജ്ഞാപിച്ചിരിക്കുന്നു. തികഞ്ഞ ഇടതുപക്ഷ രാഷ്ട്രീയ കവിയായ; താനൊരു രാഷ്ട്രീയ കവിയാണെന്ന് പറഞ്ഞ ശ്രീ കുരിപ്പുഴ ശ്രീകുമാറിനോട് സംഘപരിവാരം ആക്രോശിച്ചിരിക്കുന്നു രാഷ്‌ട്രീയം പറയേണ്ടായെന്ന്!
കേരളത്തിലെ മുൻമന്ത്രിയും എംപിയുമായ CPI (M) എന്ന രാഷ്‌ട്രീയ പാർട്ടിയുടെ ദേശീയ നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ അദ്ധ്യക്ഷയുമായിരിക്കുന്ന സഖാവ് പി കെ ശ്രീമതി ടീച്ചറിനെ തൊഴിലിന്റെ പേരിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ ശ്രീലേഖ വ്യക്തിയധിക്ഷേപം നടത്തി നിസ്സാരവത്ക്കരിക്കുന്നു.
ഭക്ത്യാദരപൂർവ്വം മതനിരപേക്ഷ മൂല്യബോധ്യത്തോടെ നാട്ടിലെ ക്ഷേത്രോത്സവത്തോട് ഏറെ സാഹോദര്യത്തോടെ സഹായികളായി മാറിയ ക്രിസ്തുമത വിശ്വാസികളെ പേരെടുത്തു പറഞ്ഞ് അവരുടെ നന്മയെ പ്രകീർത്തിച്ചുകൊണ്ട് അവർക്ക് സമർപ്പിച്ചു കൊണ്ട് കർണ്ണാടിക് രാഗത്തിൽ ചിട്ടപ്പെടുത്തിയ ക്രിസ്തു ഭക്തിഗാനം ആലപിച്ചതിന് നന്ദഗോവിന്ദം ഭജൻസിനെതിരെ മതവിദ്വേഷം വമിപ്പിച്ചുകൊണ്ട് വിലക്കിയിരിക്കുന്നു. ആ ഭജനഗാനം നേരിട്ട് കേട്ടവരല്ല വിലക്കിയത്; മറിച്ച് അവരത് ആസ്വദിച്ചു പ്രോത്സാഹിപ്പിച്ചു, ആ ക്ഷേത്രവുമായി ബന്ധപ്പെട്ടവർ തന്നെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു അതിൽ ഭക്തരുണ്ട്; ഭാരവാഹികളുണ്ട്; ഹിന്ദുക്കളും അല്ലാത്തവരുമായ ആ നാട്ടുകാരുണ്ട്. അവരാരും ആ ക്ഷേത്ര സന്നിധിയിൽ അത് പാടേണ്ടയെന്ന് പറഞ്ഞില്ല. പക്ഷേ ക്രിസ്തീയ ഗാനം ക്രിസ്ത്യാനികളുടെ ആരാധനാലയങ്ങളിൽ മതിയെന്ന് ശശികല ടീച്ചർ തീരുമാനിച്ചുറപ്പിക്കുന്നു. ഹിന്ദു ഗാനങ്ങൾ ക്രിസ്തീയ ദേവാലയങ്ങളിൽ പാടേണ്ടായെന്നും അവർ കാർക്കശ്യത്തോടെ പറയുന്നു.
ഭരണഘടനപരമായി, വ്യക്തിയുടെ ആരാധനാസ്വാതന്ത്ര്യമായാലും അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യമായാലും പൗരാവകാശത്തിൽ നിയന്ത്രണം വിധിക്കാൻ ശശികല ടീച്ചറെ പോലെയുള്ളവർക്ക് എന്ത് അവകാശമാണുള്ളത്.
സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായ ബി അശോക് പിണറായി സർക്കാരിനെ വിമർശിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുന്നു; തന്നെ ജോലിയിൽനിന്ന് പുറത്താക്കട്ടെയെന്ന് വെല്ലുവിളിയ്ക്കുന്നു. ഹിറ്റും റേറ്റിങ്ങും കൂട്ടേണ്ട മാധ്യമങ്ങൾക്കും എന്തിനും ഏതിനും ബദലായി സംസാരിച്ചുകേൾക്കുന്നതിൽ ഹരംകൊള്ളുകയെന്നത് ശീലമാക്കിയ വ്യക്തിത്വ പ്രവരന്മാർക്കും ഇതൊക്കെ കേൾക്കുമ്പോൾ ഈ ഉദ്യോഗസ്ഥൻ കേമനാണെന്ന് തോന്നുകയും വീരശൃംഖല സമ്മാനിക്കുകയും ചെയ്യാം. പക്ഷേ ഈ പറച്ചിലിന്റെയും സമ്മാനത്തിന്റെയും കാരണമാകുന്ന അല്പജ്ഞാനവും, ഭരണഘടനയും സർവ്വീസ് ചട്ടങ്ങളും അനുസരിച്ചുള്ള അച്ചടക്കമില്ലായ്മയും ഇന്ത്യ പോലുള്ള ഒരു രാഷ്‌ട്രത്തിന്റെ ജനാധിപത്യ അച്ചടക്കത്തിന് അഭികാമ്യമല്ല. ഈ പ്രവണത സൃഷ്‌ടിക്കുന്നതും അരാഷ്ട്രീയതയാണ് സാമൂഹിക അരാജകത്വമാണ്. ബി അശോകനെ പോലെയൊരാൾ ഇരുന്ന തസ്തികകളിലെല്ലാം ഈ പ്രതിഭാസം തുടർന്നിട്ടുണ്ട്.
വികസനത്തിന് യാതൊരു രാഷ്ട്രീയവും ആവശ്യമില്ലെന്ന നിലപാട് ഭരണഘടനാടിസ്ഥാനത്തിൽ ഭരിക്കപ്പെടുന്ന രാജ്യത്തിന് അഭികാമ്യമല്ല. തികഞ്ഞ മോദിഭക്തനും സംഘപരിവാർ ആശ്രിതനും അത് അത്രയ്ക്ക് തുറന്നു പ്രകടമാക്കാൻ തല്പരനുമല്ലാത്ത ഇദ്ദേഹത്തിന്റെ പ്രവൃത്തികൾ വളരെ ബോധ്യത്തോടെ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് സാമൂഹിക രാഷ്‌ട്രീയ അച്ചടക്കമില്ലായ്മയാണ്. ഭരണനടത്തിപ്പുകളും പദ്ധതികളും ഉന്നത ഉദ്യോഗസ്ഥരുടെയോ വകുപ്പ് മേധാവികളുടെയോ ഭാവനയോ ആവശ്യങ്ങളോ അനുസരിച്ച് നടത്തേണ്ടതല്ല പകരം ഓരോ പദ്ധതിയും അതാത് സർക്കാരിന്റെ നയങ്ങളുമായി ബന്ധപ്പെട്ടതാണ്.
രാജ്യത്തെ വൈറൽ താരസുന്ദരി
ഇഷ്‌ടപ്പെട്ട പുരുഷനെ കല്യാണം കഴിക്കാൻ കുംഭമേളയിലെ വൈറൽ താരം മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് ഒളിച്ചോടി കേരളത്തിൽ വന്നു. കാരണം ഭരണഘടനാപരമായ അവകാശത്തോടെ മതവംശീയ വ്യത്യാസമില്ലാതെ മനുഷ്യർക്ക് മനുഷ്യരായി ജീവിക്കാൻ കഴിയുന്നയിടം കേരളമാണ്. മാനവിക സംസ്‌ക്കാരത്തിൽ ലോകത്തിന് മാതൃകയാണിവിടം.
പക്ഷേ ഇതേ വിഷയത്തിൽ അവരുടെ നാട്ടിൽ ആളുകളെ വെട്ടിക്കൊല്ലും. മാത്രമല്ല പ്രായപൂർത്തി വോട്ടവകാശമുള്ള വൈറൽ താരം മൊണാലിസയുടെ വോട്ടവകാശം റദ്ദ് ചെയ്‌ത് പ്രായം കുറച്ചുകാണിച്ച് വ്യാജ ID യുണ്ടാക്കി മതസ്പർദ്ധ വർദ്ധിപ്പിക്കാൻ മദ്ധ്യപ്രദേശിലെ രാഷ്‌ട്രീയാധികാരത്തെ ദുർവിനിയോഗം ചെയ്യുകയും കേസെടുപ്പിക്കുകയും അവിടുത്തെ പൊലീസ് സന്നാഹത്തോടെ കേരളത്തിലേക്ക് വരുകയുമാണ് സംഘപരിവാർ ചെയ്തത്. പക്ഷേ നമ്മുടെ കേരളം നിയമപരമായി അതിനെ ശക്തമായി നേരിട്ടു.
കേരളത്തിൽ അരാഷ്ട്രീയവത്ക്കരണത്തിലൂടെ സാമൂഹിക അരാജകത്വം സൃഷ്‌ടിക്കുകയാണ് വലതുപക്ഷത്തിന്റെ ഉദ്ദേശ്യം. തെരഞ്ഞെടുപ്പുകളിലെ NDA മുന്നണിയുടെ സ്ഥാനാർത്ഥിത്വങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചുനോക്കൂ. വൺ നേഷൻ വൺ ടാക്സ് വൺ ഇലക്ഷൻ വൺ ലാംഗേജ് എന്നിങ്ങനെ എത്തിയെത്തി വൺ റിലീജിയൻ എന്നത് രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രമായ സംഘപരിവാർ സംഘം എങ്ങനെയാണ് കേരളത്തിൽ ട്വിന്റി ട്വിന്റിയെ തങ്ങളുടെ ഘടകമുന്നണിയാക്കിയത്? തൃപ്പൂണിത്തുറപോലെ NDAയുടെ എ ക്ലാസ്സ് മണ്ഡലമായി പോലും കാണാൻ കഴിയുന്നിടത്ത് ട്വിന്റി ട്വിന്റിയ്ക്ക് സീറ്റ് നൽകിയത് എങ്ങിനെയാണ്? ആ സീറ്റിൽ നിയമസഭാ സമാജികത്വം എന്നാൽ എന്തെന്നോ മുന്നണി രാഷ്‌ട്രീയമെന്തന്നോ ഇന്ത്യയിലെ ഫെഡറൽ സംവിധാനത്തിൽ എംഎൽഎ ഏത് ഭരണഘടനാസ്ഥാപന പങ്കാളിയാണെന്നോ എന്തിന് രാഷ്ട്രീയത്തിന്റെ എബിസിഡി അറിയാത്ത, ഒരു നാട്ടിലെ വികസന പ്രവർത്തനങ്ങൾ എംഎൽഎയുടെ സ്വകാര്യ സംഭാവനയായും എംഎൽഎ സ്ഥാനം സാബു സാറിന്റെ ഔദാര്യമായും തന്റെ നിയമസഭാമണ്ഡല വികസനങ്ങൾ മോദിജിയുടെ ദാനമായും കാണുന്ന അതിലൂറ്റം കൊള്ളുന്ന, ഒരു ജനാധിപത്യ രാഷ്ട്രത്തിൽ പൗരന്റെ അന്തസ്സും വിലയും പ്രസക്തിയും അറിയാത്ത, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വോട്ടവകാശമുള്ള സമ്മതിദായകന്റെ ജനാധിപത്യ രാഷ്ട്രീയ പരമാധികാരം എന്തെന്നറിയാത്തയാൾ സ്ഥാനാർത്ഥിയായത് ഏത് അടിസ്ഥാനത്തിലാണ്? അത് തൃപ്പൂണിത്തുറയിൽ മാത്രമല്ല മറ്റ് രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കപ്പെട്ടവർക്ക് വോട്ടവകാശം നിലവിലില്ലായെന്നതുകൊണ്ട് സ്ഥാനാർത്ഥിത്വം ഒഴിവാക്കി കളംവിട്ടു.
അതിലൊരാൾ എനിക്കിഷ്ടമുള്ളപ്പോഴല്ലേ ഞാൻ വോട്ടു ചെയ്യേണ്ടത് എന്ന് യാതൊരു വൈക്ലബ്യവുമില്ലാതെ നമ്മോടൊക്കെ ചോദിക്കുന്നു. ഇനിയും പറയാനുണ്ട് ഈ സംഘത്തിന്റെ ഈ വക പൊതു പല കാര്യങ്ങൾ. ഇവയിലെല്ലാം ഒരേയൊരു സന്ദേശമാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. പലപ്പോഴും ആ സന്ദേശം ഒളിച്ചുകടത്താനാണ് ശ്രമിച്ചിരുന്നത് എന്നാൽ ഇപ്പോൾ തെളിച്ച് പറഞ്ഞുതുടങ്ങിയിരിക്കുന്നു ആക്രോശിച്ചുതുടങ്ങിയിരിക്കുന്നു. അതാണ് വളരെ വ്യക്തമായി കുരിപ്പുഴ ശ്രീകുമാർ എന്ന ഇടതുപക്ഷ രാഷ്‌ട്രീയ കവിയോട് — രാഷ്‌ട്രീയം പറയരുതെന്ന് സംഘപരിവാർ പറഞ്ഞത്. ഇടതുപക്ഷ രാഷ്ട്രീയം വേണ്ടാ എന്നുതന്നെയാണ് അതിന്റെയർത്ഥം. കേരളത്തെ കേരളമാക്കി നിലനിർത്തുന്ന മനുഷ്യപക്ഷരാഷ്ട്രീയം വേണ്ട എന്നുതന്നെയാണ് പറഞ്ഞത്. സംഘപരിവാർ അവരുടെ വർഗ്ഗീയ ഫാസിസ്റ്റ് രാഷ്‌ട്രീയം പല പ്രകാരേണയും കേരളത്തിൽ വേരുറപ്പിക്കാൻ നോക്കിയതാണ്. ആർഎസ്‌എസിന്റെ തുടക്കംമുതലുള്ള ഏതാണ്ട് 100 വർഷത്തെ കാലഗണനയും ഈ ശ്രമങ്ങൾക്കുണ്ട്. എന്നാൽ ഇന്ത്യൻ നവോത്ഥാന പ്രവർത്തനങ്ങളിൽ ഉരുത്തിരിഞ്ഞ മൂല്യങ്ങളെ നാരായണഗുരുവും അയ്യങ്കാളിയും സ്വാമി വിവേകാനന്ദനും വാഗ്‌ഭടാനന്ദനും ഒക്കെ കൈമാറി ഭട്ടതിരിപ്പാടുമാരും നമ്പൂതിരിപ്പാടും എകെജിയും സഖാവും വി.എസും നായനാരും സഖാവ് പിണറായി വിജയനും നെഞ്ചോട് നെഞ്ചോരം ചേർത്ത് വളർത്തിയെടുത്ത മാനവിക മൂല്യങ്ങളെ നയങ്ങളായി ഭരിക്കപ്പെട്ട ഇടതുപക്ഷത്തിന്റെ ചുവന്ന മണ്ണുള്ള നവവൈജ്ഞാനിക വികസിത കേരളത്തിന്റെ മതേതര കോട്ടകൊത്തളങ്ങളിൽ ഒരു തലനാരിഴയുടെ വിള്ളൽ വീഴ്‌ത്താൻ ഈ സവർണ്ണ രാഷ്‌ട്രീയ മനുവാദികൾക്കായില്ലായിരുന്നു.
അവിടെ പുതിയ തന്ത്രം അരാഷ്ട്രീയത! അതിലുരുത്തിരുന്ന അരാജകത്വം!! അവിടെ ശിഥിലമാകുന്ന സാമൂഹിക സമത്വം, ജനാധിപത്യ അച്ചടക്കം.
ബോധപൂർവ്വം സൃഷ്‌ടിച്ചെടുക്കുന്ന ആ വിള്ളലിലൂടെ അവിശുദ്ധ പങ്കാളിത്ത രാഷ്‌ട്രീയ കച്ചവടത്തിലൂടെയുള്ള നുഴഞ്ഞു കയറ്റം, അതിനു കളമൊരുക്കുന്നവരാണ് അധികാരമോഹികളായ കേരളീയ ജനാധിപത്യത്തിന്റെ ഒറ്റുകാർ. അന്താരാഷ്‌ട്ര കുത്തകകൾക്കൊപ്പം നാട്ടുകുത്തകകളയും ചേർത്ത് നിർത്തി കച്ചവടത്തിലൂടെ കേരള രാഷ്ട്രീയാധികാരം സ്വന്തമാക്കാൻ ശ്രമിക്കുകയാണവർ. ഇന്ത്യയിലെവിടെയുമുള്ള മനുഷ്യവിരുദ്ധ ഫാസിസത്തിനതിരെയുള്ള ബദൽ രാഷ്‌ട്രീയത്തെ നശിപ്പിക്കാൻ കൂടുചേർന്ന ശ്രമം അതാണ് മുണന്നി സംവിധാനത്തിന്റെ പേരിൽ സി എസ് ആർ ഫണ്ടിൽ ഉടയോനാവുന്ന ട്വിന്റി ട്വിന്റി സാബു സാറിന്റെ സെലിബ്രിറ്റി സ്ഥാനാർത്ഥികളുടെ ദേശസ്‌നേഹം, അതിനുവേണ്ടിയാണ് സർവ്വീസ് ചട്ടങ്ങളെ മറികടന്ന് വികസനങ്ങളുടെ പുതുഭരണ തല്പര ഉദ്യോഗസ്ഥ മേധാവികളുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും രാഷ്‌ട്രീയ നേതൃത്വത്തിനെരായ വിമർശന മൂർച്ചയും, അവിടെയാണ് ജാതി മത വൈജാതിയമായി കലാപ്രകടനവേദികൾ തരംതിരിക്കപ്പെടനമെന്ന സദാചാര ബോധ്യം. രാഷ്‌ട്രീയം വേണ്ടയെന്ന ബീഭത്‌സമായ ഈ ശബ്‌ദത്തിന്റെ ഉറവിട രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രവും അതു തന്നെ.
അതെ, നാലായിരത്തിലധികം ജാതികളുള്ള ഇന്ത്യയിലെ എല്ലാ മനുഷ്യരെയും വർഗ്ഗ വർണ്ണ രാഷ്ട്രീയ വ്യത്യാസമില്ലാതെ സോദരത്വേന ഒന്നിച്ചുനിർത്തുന്ന നിങ്ങളുടെ രാഷ്ട്രീയം വേണ്ടായെന്ന്!
16-‐ാം നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും ഇടതുപക്ഷ രാഷ്‌ട്രീയ ക്ഷേമം വേണ്ടയെന്ന് തന്നെയാണ്!
പക്ഷേ 15‐-ാം തീയതി യഥാർത്ഥത്തിൽ പുതുയുഗ യാത്ര ആരംഭിക്കാൻ തയ്യാറായി കേരളത്തിൽ കുറെ സ്ത്രീകൾ ബസ്സിൽ കയറി. കേരളത്തിലെ നിയുക്ത ടീം യുഡിഎഫ് സർക്കാരിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവും പാലക്കാട്ടെ സെലിബ്രിറ്റി എംഎൽഎയും ഇതുപോലെ ബസ്സിൽ വച്ച് 15‐-ാം തീയതി മുതൽ നിങ്ങൾ സൗജന്യ യാത്രയായിരിക്കും എന്ന് ഉറപ്പ് നൽകിയെത്രെ!! അതുകൊണ്ട് ഇന്ന് മുതൽ സൗജന്യമായി ഞങ്ങളെ ക്ഷേത്രത്തിലും ആശുപത്രിയിലും വിനോദസഞ്ചാരത്തിനും അങ്ങനെ അങ്ങനെ ഞങ്ങൾക്ക് പോവേണ്ടിടത്തൊക്കെ ടിക്കറ്റെടുക്കാതെ കൊണ്ടുപോകാനല്ലെങ്കിൽ നിങ്ങൾ സ്റ്റാന്റിൽ നിന്ന് ബസ്സ് ഇറക്കേണ്ട. ഈ പറയുന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നതല്ല; ജനാധിപത്യത്തിൽ ഞങ്ങൾക്കുള്ള അവകാശമാണ്, അധികാരമാണ് വെറും അധികാരമല്ല – ജനകീയ പരമാധികാരം. പക്ഷേ ഈ അധികാരം അങ്ങനെയങ്ങ് പ്രയോഗിക്കാൻ പറ്റുമോ? ചില നടപടിക്രമങ്ങളൊക്കെയില്ലേ? അതെ ഉണ്ട് ആ നടപടിക്രമങ്ങളാണ് രാഷ്ട്രീയത. അതില്ലാത്തതാണ് അരാഷ്ട്രീയത. ഈ അരാഷ്ട്രീയത മതിയെന്നാണ് മേൽ ഉദ്ധരിച്ച പലരും പറഞ്ഞത്. ഈ അരാഷ്ട്രീയത ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോൾ അവകാശമായി മാറുന്ന, എന്തുമാകാമെന്ന അരാജകത്വം സൃഷ്‌ടിക്കും എന്നാണ് ശക്തമായ ഇടതുപക്ഷ രാഷ്‌ട്രീയം പറയുന്ന ഓരോരുത്തരും പറഞ്ഞത്. അവിടെയാണ് രാഷ്‌ട്രീയം വേണ്ടായെന്ന ചിലരുടെ ശാഠ്യം.
എന്തു ചെയ്യാം, കാണാം പുതുയുഗം!
നോക്കാം ഈ പുതുയുഗ യാത്രകൾ.!!
ഒന്നുമാത്രം ഓർമ്മിപ്പിക്കട്ടെ കഴിഞ്ഞ പത്തുവർഷംകൊണ്ട് ടീം ഏതായാലും കേരളത്തിൽ ചില ശീലങ്ങളുണ്ട്. ഇലക്ഷന് മുമ്പ് വോട്ടിന് വേണ്ടി എന്തൊക്കെ വാഗ്ദാനം കിട്ടിയിട്ടുണ്ടോ അതൊക്കെ നടത്തിക്കിട്ടിയിട്ടുമുണ്ട്. രാഷ്ട്രീയമായി ജനാധിപത്യപരമായി പൗരാവകാശമായി കേരളജനത നേടിയിട്ടുണ്ട്. അഴിമതിയില്ലാതെ കണക്കുകൾ ഉദ്ധരിച്ചുതന്നെ ഇടതുപക്ഷ സർക്കാർ രാഷ്‌ട്രീയ ബോധ്യത്തോടെ സാമൂഹിക അരാജകത്വത്തിനിടംകൊടുക്കാതെ നവകേരളയുഗം ഭരിച്ചിട്ടുണ്ട്. l



