

Meloidae കുടുംബത്തിൽപ്പെട്ട വണ്ടുകളാണ് Blister beetles എന്ന ‘പൊള്ളും വണ്ടുകൾ ‘. തൊലിപ്പുറത്ത് പൊള്ളലും നീറ്റലും മൂലം കുമിളകൾ ഉണ്ടാക്കാൻ ശേഷിയുള്ള ‘കാന്താരിഡിൻ’ (cantharidin) എന്ന, ഒരു പദാർത്ഥം പ്രതിരോധമെന്ന നിലയിൽ പുറപ്പെടുവിക്കുന്നതിനാലാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്. നമ്മുടെ ‘കാന്താരി’ യെന്ന വാക്കുമായുള്ള അർത്ഥസാമ്യം പരിശോധിക്കാവുന്നതാണ്. ലോകമെമ്പാടുമായി ഏകദേശം 2,500-ഓളം ഇനങ്ങൾ ഇവയിലുണ്ട്. ഇവയിൽ പലതിനും തങ്ങളെ വേട്ടയാടാൻ സാധ്യതയുള്ള ജീവികൾക്കു തങ്ങളുടെ ശരീരത്തിലെ വിഷത്തെക്കുറിച്ചു മുന്നറിയിപ്പു നൽകാൻ സഹായിക്കുന്ന.പ്രത്യേകതരം നിറങ്ങളുണ്ട് (aposematic coloration). ‘Meloidae’ എന്ന വാക്കിനർത്ഥം ‘ആപ്പിളിന്റെ ആകൃതിയിലുള്ളത്’ എന്നാണ്. വിവിധ സസ്യങ്ങളെയും അവയുടെ വേര്, തണ്ട്, ഇല, പൂവ്, ഫലം തുടങ്ങിയ വിവിധ ഭാഗങ്ങളെയും ഇവ ആഹാരമാക്കുന്നു. പുഴുദശയിലോ പ്രായപൂർത്തിയായ ഘട്ടത്തിലോ, അല്ലെങ്കിൽ ഇവ രണ്ടിലുമോ, ഇവയ്ക്ക് ആഹാരം കഴിക്കാൻ സാധിക്കും. ലൈംഗിക ഫെറോമോണുകൾ ഉപയോഗിച്ച് തേനീച്ചകളെ ആകർഷിക്കുകയും, തുടർന്ന് അവയുടെ കൂടുകളിലേക്ക് യാത്ര ചെയ്ത് തേനീച്ചമുട്ടകൾ ഭക്ഷിക്കുകയും ചെയ്യുന്ന സ്വഭാവം ഇവയ്ക്കുണ്ട്.
‘കാന്താരിഡിൻ’ (cantharidin) ജൈവരീതിയിൽ ഉൽപ്പാദിപ്പിക്കാനുള്ള കഴിവ് ഇവയെ സാമ്പത്തികമായി പ്രാധാന്യമുള്ളവയാക്കുന്നു. ചരിത്രത്തിലുടനീളം, അരിമ്പാറ നീക്കം ചെയ്യുന്നതിനും കാമോദ്ദീപകൗഷധങ്ങളും വിഷങ്ങളും നിർമ്മിക്കുന്നതിനും കാന്താരിഡിൻ വൈദ്യശാസ്ത്രപരമായി ഉപയോഗിച്ചുവരുന്നു. എന്നിരുന്നാലും, ഈ വണ്ടുകളുടെ വലിയ കൂട്ടങ്ങൾ വിളകളെ ദോഷകരമായി ബാധിക്കാറുണ്ട്; പ്രത്യേകിച്ച് പയർവർഗ്ഗ വിളകളുടെ പൂക്കൾ ഇവ ഭക്ഷിക്കുന്നതുമൂലം വലിയ നാശനഷ്ടമുണ്ടാകാറുണ്ട്.

ഇവിടെ കാണുന്ന Orange blister beetle (Mylabris pustulata), ഇന്ത്യ, ശ്രീലങ്ക, ചൈന തുടങ്ങിയ രാജ്യങ്ങളിൽ കണ്ടുവരുന്ന ഒരു ഇനം പൊള്ളുംവണ്ടാണ്. ഫ്രഞ്ച് കീടശാസ്ത്രജ്ഞനും പ്രകൃതിശാസ്ത്രജ്ഞനുമായ Guillaume-Antoine Olivier (1756–1814) ആണ് 1795-ൽ ഇതിനെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്. 12 വർഷം മുമ്പ് ഞാൻ പകർത്തിയ ചിത്രങ്ങളാണിവ. ഇണചേരുന്നതിനിടയിൽ മറ്റൊരു വണ്ടിനെക്കൂടി തങ്ങളോടൊപ്പം ചേരാൻ അനുവദിക്കുന്നതായി ഞാൻ കണ്ടിട്ടുള്ള ഒരേയൊരു പ്രാണി ഇതാണ്.





