
ഉത്തരകേരളത്തിലെ ഫുട്ബോള്‍ മത്സരങ്ങള്‍ ആ മനുഷ്യരുടെ ജീവനും ജീവിതവുമായി തീവ്രമായി ബന്ധപ്പെട്ടതാണ്. അത് കേവല വിനോദത്തിനുമാത്രമുള്ള മത്സരങ്ങളേ അല്ല. ഓരോ ക്ലബ്ബിലെയും കളിക്കാരോ സംഘാടകരോ സൂക്ഷിക്കുന്ന അത്രയും വാശിയും വീറും എല്ലാ മനുഷ്യര്‍ക്കുമുണ്ട്. കളി കാണാനായി ആവേശപൂര്‍വ്വം എത്ര ദൂരം സഞ്ചരിക്കാനും അവര്‍ക്ക് ഒരു പ്രയാസവും ഉണ്ടാവില്ല. അത്തരം ആവേശപൂര്‍വ്വമായ അതിലേറെ വാശിയേറിയ ഒരു ഫുട്ബോള്‍ കളിയുടെ പശ്ചാത്തലത്തിലൂടെ വടക്കന്‍ മലബാറിലെ പൊയിലോത്ത് എന്ന ഗ്രാമത്തിലേക്ക് സംഘപരിവാറിന്‍റെ കടന്നുവരവിനെ അവതരിപ്പിക്കുകയാണ് ഹരികൃഷ്ണന്‍ തച്ചാടന്‍.
“പൊയിലോത്ത് ഡെര്‍ബി”എന്ന നോവലിലൂടെ (ഒരേ പ്രദേശത്തെ രണ്ട് ടീമുകള്‍ തമ്മില്‍ നടക്കുന്ന വാശിയേറിയ മത്സരമാണ് ഡെര്‍ബി) പൊയിലോത്ത് എന്ന മലയോര ഗ്രാമത്തില്‍ ജന്മിക്കുടുംബമായ എളമ്പിലാക്കലുകാരുടെ ഏറ്റവും വലിയ ശത്രു ക്രോമ്രെഡ് അപ്പുമാഷായിരുന്നു. മാഷോട് സ്നേഹവും ബഹുമാനവുമൊക്കെ ഉണ്ടെങ്കിലും എളമ്പിലാക്കലെ അടിയാന്മാരും പണിക്കാരുമായ ഗ്രാമീണജനത മാഷിന്റെ ഒപ്പം പരസ്യമായി രംഗത്ത് വന്നില്ല. കര്‍ഷക തൊഴിലാളികളെയും ചെത്തു തൊഴിലാളികളെയും ചേര്‍ത്ത് ഒരു കണ്‍വെന്‍ഷന്‍ നടത്താന്‍ പാര്‍ട്ടി നിര്‍ദ്ദേശം കിട്ടുമ്പോള്‍ അപ്പുമാസ്റ്ററുടെ മുന്നിലുള്ള പ്രതിസന്ധി ഒരു പറമ്പായിരുന്നു. സ്റ്റേജ് കെട്ടാന്‍ ഒരിടം നാടുമുഴുവനും സ്വന്തമായ എളുമ്പിലാക്കലെ മാധവന്‍ നായരോടുതന്നെയാണ് അപ്പുമാസ്റ്റര്‍ ചോദിക്കുന്നത്.”സഖാവ് ഗോപാലന്‍ വരുന്നുണ്ട് സ്റ്റേജ് കെട്ടാന്‍ ഒരു തൊടി വേണം” എന്ന തന്‍റെ ആവശ്യം ഉന്നയിക്കാന്‍ അപ്പുമാസ്റ്റര്‍ക്ക് മുഖവുരയോ ഭയമോ ഇല്ലായിരുന്നു. അത്തരം ഒരു ചോദ്യവും ആവശ്യവും ആ ജന്മിക്ക് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. പക്ഷേ, അതിനോട് അയാള്‍ കയര്‍ക്കുകയോ ആവശ്യം നിഷേധിക്കുകയോ ചെയ്തില്ല. നാട്ടുകാരുടെ മുഴുവനും തീട്ടപ്പറമ്പായ തണ്ടാസ് കണ്ടം ചൂണ്ടിക്കാണിച്ച് അവിടെ സ്റ്റേജ് കെട്ടാന്‍ അനുവാദം കൊടുക്കുന്നു .

കൊടുക്കുന്നതിനു മുമ്പ് ജന്മിയുടെ പ്രതികരണങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ‘മാധവന്‍ നായര്‍ തിരിഞ്ഞു നിന്ന് നിലത്ത് അമര്‍ത്തിച്ചവുട്ടി കാല്‍വണ്ണയിലേക്ക് കയറി വന്ന ഉറുമ്പുകളെ കുടഞ്ഞുകളഞ്ഞു. കോട്ടിലെ മുറുക്കാന്‍ ചണ്ടി വടിച്ചുകളഞ്ഞ്, പടിഞ്ഞാറ് ഈച്ചയാര്‍ത്തു കിടക്കുന്ന തണ്ടാസ് കണ്ടത്തിലേക്ക് അലസമായി വിരല്‍ ചൂണ്ടി’ ആ പറച്ചിലിന്‍റേയും പ്രവര്‍ത്തികളുടേയും പരിഹാസം അപ്പുമാഷ്ക്ക് മനസ്സിലാവാഞ്ഞിട്ടല്ല, താന്‍ ഒറ്റക്കാണ് ഈ ദേശത്തെ സംഘടിത പിന്‍തിരിപ്പന്‍ ശക്തികളോട് പൊരുതുന്നതെന്ന ബോദ്ധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടാണ് തനിയെ തണ്ടാസ് കണ്ടം വൃത്തിയാക്കി സ്റ്റേജ് കെട്ടുന്നത്. എല്ലാവരെയും യോഗത്തിന് വീടുകളില്‍ പോയി ക്ഷണിക്കുന്നത്. സമ്മേളനത്തിനായി ഒരുക്കി വൃത്തിയാക്കിയ സ്ഥലം എന്നത്തേക്കാളും വൃത്തികേടാക്കി ഇടാന്‍ ജന്മിക്കും പരിവാരങ്ങള്‍ക്കും വലിയ പ്രയാസമൊന്നും ഇല്ലായിരുന്നു. അപ്പുമാഷ് നിരാശനായെങ്കിലും സഖാവ് ഗോപാലന്‍ നീണ്ട് നിവര്‍ന്ന് അതേ സ്റ്റേജില്‍ കയറി സംസാരിക്കുന്നു. അങ്ങനെ ഒരു മനുഷ്യനെയും ആ സംസാരത്തെയും അത്ഭുതത്തോടെ നോക്കി നിന്ന പൊയിലോത്തെ സാമാന്യജനം ആ ദുര്‍ഗന്ധവും വൃത്തികേടുകളും മറന്ന് തണ്ടാസ് കണ്ടത്തിലേക്ക് ഇറങ്ങിവരുന്നു. “കമ്മ്യൂണിസ്റ്റ് വ്രണം” എന്ന് എളമ്പിലാക്കലുകാര്‍ വിശേഷിപ്പിച്ചിരുന്ന പാര്‍ട്ടിയുടെ ആശയങ്ങള്‍ പൊയിലോത്ത് ദൃഢമായ വേരോട്ടം ഉണ്ടാവുന്നത് ആ സംഭവത്തോടെയാണ്.
താന്‍ വളര്‍ത്തികൊണ്ടുവരേണ്ടത് പുതിയ തലമുറയെ ആണ് എന്ന ബോദ്ധ്യത്തില്‍ നിന്ന് മാഷ് ദേശത്തെ കുട്ടികളെ കടുംകാപ്പിയും റസ്കും കൊടുത്ത് കഥപറഞ്ഞ് അക്ഷരവും കണക്കും ഒപ്പം മാനുഷീകതയും പഠിപ്പിക്കുന്നു. മനുഷ്യനെ മനുഷ്യരായി കാണാന്‍ കഴിയുകയാണ് ജീവിത്തിനാവശ്യം എന്ന ബോദ്ധ്യം വളര്‍ത്തി എടുത്തതിലൂടെ തങ്ങളെ കീടങ്ങളായി മാത്രം കണ്ടിരുന്ന ജന്മിസമൂഹത്തിനും ഉന്നതകുലജാതര്‍ക്കുമെതിരെ പോരാടാനും പൊരുതാനും ആത്മവിശ്വാസമുള്ള ഒരു കൂട്ടം അവിടെ വളര്‍ന്നുവന്നു. ദാരിദ്ര്യത്തിന്‍റെ പരമകാഷ്ഠയില്‍ പടുതാള് ഊ രാന്‍പോയ സതീശന് തന്‍റെ ചെവിക്കല്ല് അടിച്ചുപൊട്ടിച്ച ജന്മിയോടുള്ള പക തീരാത്തതാണ്. അവനെ കണ്ടെത്തുന്നതും പത്താം ക്ലാസ് പാസ്സാവാന്‍ സഹായിക്കുന്നതും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടുവന്ന് ശ്രവണ സഹായിയന്ത്രം വെച്ചു കൊടുക്കുന്നതും അപ്പുമാസ്റ്ററാണ്. അതിന്‍റെ മെഷീനാണ് ട്രാന്‍സിസ്റ്ററായി പൊയിലോത്തുകാര്‍ കാണുന്നതും അവനെ ട്രാന്‍സിസ്റ്റര്‍ സതീശന്‍ എന്നു വിളിക്കുന്നതും. ജന്മിത്വത്തോട് അടങ്ങാത്ത അമര്‍ഷത്തിനെതിരെ നിന്നതുപോലെ തന്നെ എല്ലാ മനുഷ്യരോടും ബഹുമാനവും സ്നേഹവും സതീശനുണ്ടായിരുന്നു. ചാഴി സുധിഷും പറങ്ങോടനും ചേര്‍ന്ന ഒരു സംഘം അയാള്‍ക്കൊപ്പമുണ്ടായിരുന്നു. ജന്മിമാരുടേയും അവരുടെ ചോറുണ്ടു വളര്‍ന്ന കുറി സംഘത്തിന്‍റേയും എല്ലാ കടന്നാക്രമണങ്ങളെയും അവര്‍ ചെറുത്തു നില്‍ക്കുന്നു.
എളുമ്പിലാക്കലെ മാധവന്‍ നായര്‍ മരിക്കുന്നത് 1991 ലാണ്. സോവിയറ്റ് യൂണിയന്‍ തകര്‍ന്ന സന്തോഷത്തിലാണ് അയാള്‍ മരിച്ചതെന്നാണ് അപ്പുമാഷും ശിഷ്യരും വിശ്വസിക്കുന്നത്. പക്ഷേ മരണത്തിനുമുന്‍പ് എളുമ്പിലാക്കല്‍ തറവാടില്‍ ഒരു കളരി പണിയാനും കുറിസംഘത്തിന് ഇരിപ്പിടവും പ്രവേശനവും ഉണ്ടാക്കാനും അയാള്‍ക്കായി . അത് അപ്പുമാസ്റ്ററോടും കൂട്ടരോടുമുള്ള ശത്രുത കൂടിയായിരുന്നു. വായനശാലയുടെ വാര്‍ഷികപരിപാടി തല്ലിപ്പൊളിക്കാന്‍ കുറിക്കാര്‍ വരുന്നതുവരെ അവരുടെ വളര്‍ച്ചയെപ്പറ്റി സതീശനുള്‍പ്പെടെയുള്ള സഖാക്കള്‍ക്ക് ധാരണ ഇല്ലായിരുന്നു. അവരെ തല്ലി ഓടിക്കുമ്പോള്‍ ഇനി ഇവിടെ കാണരുത് എന്ന മുന്നറിയിപ്പുമാത്രമേ അപ്പുമാസ്റ്റര്‍ നല്‍കുന്നുള്ളു. അവരാരും പൊയിലോത്തുകാര്‍ അല്ല എന്ന വ്യക്തമായ ധാരണയിലാണ് മാഷ് അത്തരം ഒരു താക്കീത് കൊടുക്കുന്നത്. അതിന് എളുമ്പിലാക്കലുകാര്‍ തിരച്ചടിക്കുന്നത് അപ്പുമാഷ്ടെ തലവെട്ടി വായനശാലയുടെ മതിലില്‍ വെച്ചുകൊണ്ടാണ്. മാഷാണ് ഈ യുവതയുടെ ശക്തി എന്നും മാഷെ ഇല്ലാതെയാക്കിയാല്‍ അവര്‍ അവസാനിക്കും എന്നുമുള്ള വ്യാമോഹമാണ് ഈ തലവെട്ടലിലേക്ക് നയിക്കുന്നതെങ്കിലും ഓരോ രക്തസാക്ഷിയുടേയും ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ ഉയര്‍ന്നുവരും എന്ന പറച്ചിലിനെ അന്വര്‍ത്ഥമാക്കുമാറ് ജന്മിമാര്‍ കമ്മ്യൂണിസ്റ്റ് വ്രണം എന്നു വിളിച്ച പ്രസ്ഥാനം വളര്‍ന്നു പടര്‍ന്നു.
മാധവന്‍ നായരുടെ മരണശേഷമാണ് എളമ്പിലാക്കലുകാര്‍ അദ്ദേഹത്തിന്‍റെ പേരിലുള്ള എവര്‍ റോളിങ്ങ് ട്രോഫിക്കായുള്ള മത്സരം ഏര്‍പ്പെടുത്തുന്നത്. സംഘധ്വനി എന്ന പേരില്‍ ഒരു ടീമും ഉണ്ടാവുന്നു. മാധവന്‍ നായരുടെ മരണത്തിന്‍റേയോ ഓര്‍മ്മയുടേയോ സ്മാരകം എന്ന നിലയിലല്ല, സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയുടെ തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യത്തിന്‍റെ തകര്‍ച്ചയുടെ ആഘോഷമായിട്ടാണ് എളമ്പിലാക്കലുകാര്‍ ആ ക്ലബ്ബും ഫുട്ബോള്‍ മത്സരവും ഏര്‍പ്പാടാക്കിയതെന്ന് സഖാക്കള്‍ക്ക് കൃത്യമായി മനസ്സിലായിരുന്നു. എളമ്പിലാക്കലുകാരുടെ സംഘധ്വനിക്കെതിരെ സതീശനും കൂട്ടരും ബോള്‍ഷെവിക് പൊയിലോത്ത് എന്ന ഫുട്ബോള്‍ ടീം ഉണ്ടാക്കുന്നു. ഒരു ജന്മി മരണമടഞ്ഞു എങ്കിലും അതൊരു പരമ്പരയാണെന്നും അത് അവസാനിക്കുന്നില്ലന്നും സതീശനും സഖാക്കളും തിരിച്ചറിയുകയും ഏത് തരത്തിലും അതിനെ പ്രതിരോധിക്കാന്‍ ശക്തി സംഭരിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. കമ്മ്യൂണിസ്റ്റ്കാരോടുള്ള ജന്മിമാരുടെ വിരോധത്തിന് പല കാരണങ്ങളുണ്ടായിരുന്നു. അയാളുടെ നരാനായാട്ടിന്‍റെയും പെണ്‍നായാട്ടിന്‍റേയും നിര്‍ബാധമായ പോക്കിനെപ്പോലും ധീരമായി നേരിട്ടവരായിരുന്നു. പറങ്ങോടനും ട്രാന്‍സിസ്റ്ററും ചാഴിയും ഉള്‍പ്പെടയുള്ളവര്‍. മനുഷ്യന് മനുഷ്യരായി ജീവിക്കാനുള്ള അഭിമാനത്തോടെ നിവര്‍ന്നു നില്‍ക്കാനുള്ള അവസരമുണ്ടാക്കുക എന്ന അടിസ്ഥാനപ്രമാണത്തിലൂന്നിയ പ്രവര്‍ത്തനങ്ങളായിരുന്നു അവരുടേത്. അടിയാത്തിയുടെ മാനം ജന്മിക്കവകാശപ്പെട്ടതാണെന്ന ദൃഢമായ വിശ്വാസത്തിനാണ് അവര്‍ അടികൊടുക്കുന്നത്. അതിനുള്ള പ്രതികാരം എന്ന നിലയിലാണ് പറങ്ങോടന്‍റെ അച്ഛനായ തെയ്യനെ പശുവിനെ നോക്കുന്ന പണിയില്‍ നിന്നും ജന്മിമാര്‍ പിരിച്ചുവിടുന്നത്. അതല്ലാതെ ഒരു ജീവിതം അറിയാത്തതിനാലാവാം തെയ്യന്‍ ആത്മഹത്യ ചെയ്യുന്നത്. തങ്ങള്‍ക്കെതിരെ നീങ്ങുന്നവരെ ഇല്ലായ്മ ചെയ്യാന്‍ നേരിട്ടുള്ള ഏറ്റുമുട്ടല്‍ മാത്രമല്ല ഏത് കുടിലതന്ത്രവും പ്രയോഗിക്കാന്‍ ജന്മിവര്‍ഗ്ഗം തയ്യാറാവുന്നതിന്‍റെ ഉദാഹരണമായികൂടി ഈ നീക്കത്തെ കാണണം.
മനുഷ്യനെ മൃഗസമാനമാക്കി അടിമത്വത്തിന്‍റെ നുകം വെച്ചുകൊടുത്ത് ഭയപ്പെടുത്തി നിര്‍ത്തിയിരുന്ന ജന്മിത്തമ്പുരാത്തന്മാരുടെ ഇടയിലേക്ക് ആ വ്യവസ്ഥിതിയെ തകര്‍ക്കാന്‍ വരുന്ന ആരെയും ഇല്ലായ്മ ചെയ്യാന്‍ ജന്മി വര്‍ഗ്ഗം ഏതു വഴിയും പ്രയോഗിക്കും . പ്ലാന്‍റര്‍ ഇരട്ടിയവിരയുടെ മകന്‍ തോമസ് പട്ടാളസേവനം കഴിഞ്ഞ് വയനാട്ടില്‍ കൃഷി ചെയ്യാനായി സ്ഥലം സമ്പാദിക്കുന്നു. എളുമ്പിലാക്കലെകാരണവരെ കണ്ട് രണ്ടു മലയും പൊയിലോത്ത് അങ്ങാടിയില്‍ പീടികമുറിക്കുള്ള സ്ഥലവും തോമസ് സ്വന്തമാക്കുന്നുണ്ട്. കാപ്പികൃഷിയാണ് ലക്ഷ്യം എന്നു പറയുന്നുണ്ടെങ്കിലും ലക്ഷ്യം അതായിരുന്നില്ല. ബ്രിട്ടീഷ് പട്ടാളത്തിലായിരുന്നു എന്ന അറിവുവെച്ച് ജന്മി കാര്യമായി വര്‍ത്തമാനം പറയുകയും കാപ്പിയുടെ ബിസ്സിനസ്സില്‍ താന്‍ സഹായിക്കാം എന്ന് ഏല്‍ക്കുകയും ചെയ്യുന്നു. പണിക്ക് പണിയന്മാരെ വിളിക്കാനും വല്ല പുകയിലയോ മറ്റോ കൊടുത്താല്‍ മതി എന്ന് ഉപദേശിക്കുകയും ചെയ്യുന്നു. നോവലിസ്റ്റ് തോമസിനെ പരിചയപ്പെടുത്തുന്ന അദ്ധ്യായത്തിന് “വിശുദ്ധന്” എന്നാണ് പേരു നല്‍കുന്നത്.
ജന്മിയുടെ ചില വാദങ്ങളില്‍ തെളിയുന്ന അയാളുടെ വിഷം നിറഞ്ഞ ചിന്തകളോട് ചേര്‍ത്താണ് ഈ വിശുദ്ധന്‍ എന്നു വിശേഷണത്തെ സ്വീകരിക്കേണ്ടത്. ഹിറ്റ്ലറുടെ മുന്നേറ്റം സോവിയറ്റ് യൂണിയനെ നശിപ്പിച്ചേനെ എന്നും അതില്ലാതായത് കുറച്ച് വിഷമമായി എന്നും പറയുന്നതിനോട് ആഗതന്‍ പ്രതികരിക്കുന്നില്ല. അയാള്‍ തന്‍റെ വിശ്വസ്തനായ നായ്ക്കും ജന്മിക്കും ഒരേപോലെ ഓരോ ബിസ്കറ്റ് കൊടുക്കുമ്പോള്‍ ആ പ്രവൃത്തിയിലൂടെ ജന്മിക്ക് കൃത്യമായ സന്ദേശം നല്‍കുന്നുണ്ട്. ജന്മിയുടെ പുച്ഛങ്ങളോടും മോഹഭംഗങ്ങളോടുമുള്ള നിസ്സാരതയായിരുന്നു ആ പ്രവൃത്തിയുടെ സന്ദേശം .അത് അഹംഭാവത്തിന്‍റെ മൂര്‍ത്തിമദ്ഭാവമായ ജന്മിക്ക് മനസ്സിലാവുന്നുമില്ല. തോമസ് പണിയന്മാരായ പണിക്കാരെ മേല്‍ക്കുപ്പായവും കാല്‍സരായിയും ധരിപ്പിക്കുകയും ബ്രിട്ടീഷ് രൂപക്കൂലി കൊടുക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യുന്നു എന്ന അറിവുതന്നെ ജന്മിതമ്പുരാക്കന്മാരെ വിറളി പിടിപ്പിക്കുന്നു. പൊയിലോത്ത് കവലയില്‍ തോമസിന്‍റെ ഒരു പണിക്കാരന്‍ ബ്രിട്ടീഷ് രൂപയുമായി ബീഡിവാങ്ങാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ നാട്ടുകാര്‍ അവനെ അടിച്ച് പതം വരുത്തുന്നു. പണിക്കാരനെ പരിഷ്ക്കാരിക്കാന്‍ ശ്രമക്കുന്ന തോമസ് എന്ന വരത്തനുള്ള മുന്നറിയിപ്പായിരുന്നു അത്.
തോമസ് ഒരു കമ്മ്യൂണ്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ജന്മി മുതലാളിത്തം നിലനില്‍ക്കുന്ന പൊയിലോത്ത് അത്തരമൊരു സമത്വ സുന്ദരലോകം അത്രവേഗം സാദ്ധ്യമല്ല എന്ന് അയാള്‍ക്കും അറിയാമായിരുന്നു. പൊയിലോത്ത് എത്തുന്ന ദിവസം അയാള്‍ വായിക്കുന്ന “നാളിതുവരെ നില നിന്ന എല്ലാ സമൂഹങ്ങളുടെയും ചരിത്രം വര്‍ഗ്ഗ സമരങ്ങളുടെ ചരിത്രമാണ്” എന്ന വാചകം അയാളുടെ ജീവിതത്തിന്‍റെയും പ്രവര്‍ത്തികളുടെയും അടിസ്ഥാന പ്രമാണമാണ്. അതനുസരിച്ചാണ് മുന്നോട്ടുപോവുന്നതും. ജന്മിബ്രിട്ടീഷ് ഗവണ്‍മെന്‍റിന് പരാതി കൊടുത്ത് ജയിലടപ്പിച്ച് ആ മോഹം തന്നെ പൊളിച്ചു കളയുന്നു. തോമസിന്‍റെ കടമുറികളിലാണ് അപ്പുമാഷ് താമസിക്കുന്നതും പിന്നീട് പാര്‍ട്ടി ഓഫീസായി മാറുന്നതും. ഓരോ തരത്തില്‍ നശിപ്പിക്കാന്‍ നോക്കുമ്പോഴും അത് നശിക്കാതെ നില്‍ക്കും എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്.
എളുമ്പിലാക്കല്‍ മാധവന്‍ നായര്‍ മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിക്കു വേണ്ടി മത്സരങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സംഘധ്വനി ഒഴികെ ആരും ജയിക്കുന്നില്ല. ആ ട്രോഫി എളമ്പിലാക്കലെ ഷോകേസ് വിട്ട് എവിടേയും പോകുന്നിമില്ല. അത് കിട്ടിയെ മതിയാവു എന്ന വാശിയിലാണ് ഭരണസ്വാധീനമുപയോഗിച്ച് പോലീസുകാരനായി ടോണി സെബാസ്റ്റ്യനെ ബോള്‍ഷവിലേക്ക് കളിക്കാനായി സതീശന്‍ കൊണ്ടു വരുന്നത്. ടോണിയുടെ കളി കണ്ട് ആരാധന മൂത്തിട്ടാണ് അത്രയും കഷ്ടപ്പെടുന്നത്. അയാള്‍ വന്നാല്‍ ആ ട്രോഫി തങ്ങള്‍ക്ക് കിട്ടും എന്ന ഉറപ്പ് സതീശനും കൂട്ടര്‍ക്കും ഉണ്ടായിരുന്നു. അതീവരഹസ്യമായിട്ടാണ് നീക്കങ്ങള്‍ നടത്തുന്നതെങ്കിലും പൊയിലോത്ത് അതിര്‍ത്തിയിലെത്തുമ്പോള്‍ തന്നെ ടോണിയെയും കൊണ്ടുവന്ന ലാന്‍സ് നായിക് ഭാസ്കരന്‍റെ ജീപ്പ് ആക്രമിക്കപ്പെടുകയും ടോണിസെബാസ്റ്റ്യന്‍റെ കാലിന് വെട്ടേല്‍ക്കുകയും ചെയ്യുന്നു. സതീശന്‍റെ വലംകൈയായ ചാഴി സുധീഷ് കൊല്ലപ്പെടുന്നു. അതും സതീശന്‍റെ വാശി വര്‍ദ്ധിപ്പിക്കുന്നതേ ഉള്ളു. ബോള്‍ഷെവിക് പൊയിലോത്തിന്‍റെ ഗെയിംപ്ലാനുകള്‍ ഉരുത്തിരിഞ്ഞതും സതീശന്‍റെ തലയിലായിരുന്നു.
തനിക്ക് ആ ട്രോഫി വേണം എന്ന വാശി ഉണ്ടാവാന്‍ കാരണങ്ങള്‍ പലതുണ്ടായിരുന്നു. ഒന്നാമത്തേത് പാര്‍ട്ടിയാപ്പീസിന്‍റെ മതിലില്‍ വെട്ടിവെച്ച അപ്പുമാഷ്ടെ തലയായിരുന്നു. മറ്റൊന്ന് സഹോദരതുല്യം കരുതികൊണ്ടുനടന്ന ചാഴിയുടെ നഷ്ടമായിരുന്നു. അതേ വാശിയുള്ള പലരും അവിടെ ഉണ്ടായിരുന്നു. കാലുകള്‍ക്ക് സ്വാധീനം നഷ്ടപ്പെട്ട് വീല്‍ ചെയറില്‍ ഇരിക്കുന്ന ടോണി സെബാസ്റ്റ്യനെ ബോള്‍ഷെവിക് പൊയിലോത്തിന്‍റെ കോച്ചാവാന്‍ സതീശന്‍ ക്ഷണിക്കുന്നു. തനിക്ക് ആരോടും സ്നേഹമില്ലാത്തതിനാല്‍ പകയുമില്ല എന്നു പറയുന്ന ടോണിയോട് പക്ഷേ നിങ്ങടെ കാലിന് അതുണ്ട് എന്നു പറയുന്ന സതീശന്‍ ആ ഒറ്റ വാചകത്തിലൂടെ ടോണിയെ സമ്മതിപ്പിക്കുന്നു. ടോണി ഏറ്റെടുക്കുന്ന ആ കളിയില്‍ ബോള്‍ഷെവിക് പൊയിലോത്ത് ജയിക്കുകയും ട്രാന്‍സിസ്റ്റര്‍ സതീശന്‍ എന്ന ടീം മാനേജര്‍ ട്രോഫി സ്വന്തമാക്കുകയും ചെയ്യുന്നു. ഒരാളുടെ വിചാരങ്ങളെയും വികാരങ്ങളെയും സമര്‍ത്ഥമായി ഉപയോഗിക്കാന്‍ സതീശന് അറിയാമായിരന്നു. ടീമിന്‍റെ വിജയത്തെപ്പറ്റി ചെറിയ സന്ദേഹങ്ങള്‍ പുലര്‍ത്തുന്ന ലാന്‍സ് നായിക് ഭാസ്കരനെ ഉഷാറാക്കാനായി സതീശന്‍ മാമാങ്കത്തിന്‍റെ കഥ പറയുന്നു. “തോല്‍ക്കുന്ന് ഒറപ്പുള്ള കളി ഉശിരോടെ കളിച്ച് ഇല്ലാണ്ടാവുന്നേലും ബല്ത് എന്താണ്ടാ ജീവിതത്തില് ഉള്ളത് ?” എന്ന ചോദ്യം കൊണ്ട് സംശയങ്ങളെ ഇല്ലാതെയാക്കുക മാത്രമല്ല നായിക് ഭാസ്കരനെപ്പോലെയുള്ള സംശയാലുക്കളെ പ്രചോദിപ്പിക്കാനും സതീശന് കഴിഞ്ഞിരുന്നു.
അടിമുടി പ്രതികാരദാഹിയായിരുന്ന സതീശന്‍ ഇങ്ങോട്ട് ചെയ്തയ്തിന്‍റെ അതേ അളവിലും തൂക്കത്തിലും തിരികെ കൊടുക്കണം എന്നത് സതീശന്‍റെ ജീവിത ശാസ്ത്രത്തില്‍പ്പെട്ട കാര്യമാണ്. അപ്പുമാഷെ ഘാതകന്മാരെ തെരഞ്ഞു പിടിച്ച് തീര്‍ത്തു കളഞ്ഞിട്ടും ചെല്ലന്‍റെ മകന്‍ ഗിരീശനെ തന്‍റെ കൈയ്യില്‍ കിട്ടിയിട്ടില്ല എന്നത് സതീശന്‍റെ പ്രതികാരം കൂട്ടിയതേഉള്ളു. അവനെ തിരഞ്ഞ് കല്‍ക്കത്തയില്‍ എത്തി ഒരു അഘോരി സന്യാസിയുടെ രൂപത്തില്‍ കണ്ടെത്തുമ്പോള്‍ അവന് വേഗം സതീശനെ മനസ്സിലാവുന്നു. “നീ എന്നെ തിരഞ്ഞ് വരും എന്ന് എനിക്കറിയാമായിരുന്നു” എന്നു പറയുമ്പോള്‍ സതീശന്‍റെ പക നിറഞ്ഞ സ്വഭാവം അയാള്‍ക്കും അറിയാമായിരുന്നു എന്ന് വ്യക്തമാവുന്നു. അവനെ തീര്‍ത്ത് തിരികെ വരുമ്പോള്‍ പാര്‍ട്ടിയില്‍ നിന്നും കിട്ടുന്ന അച്ചടക്ക നടപടികളൊന്നും സതീശനെ ബാധിക്കുന്നില്ല.
എളമ്പിലാക്കല്‍ മാധവനായരുടെ സ്മാരക ട്രോഫി കൈക്കലാക്കുക എന്നതും പ്രതികാരം തന്നെയാണ്. സംഘധ്വനിക്കാരോട് കളിക്കിറങ്ങുമ്പോള്‍ ബോള്‍ഷെവിക്ക് പോയിലോത്തിന്‍റെ കളിക്കാരോട് സതീശന്‍ പറയുന്ന കുറച്ച് വാചകങ്ങളുണ്ട്. ആ വരികളിലും നിറഞ്ഞു നില്‍ക്കുന്നത് പ്രതികാരം തന്നെയാണ് . കളിക്കാരെ ഉത്തേജിപ്പിക്കാനായി സതീശന്‍ പറയുന്ന ഈ വാക്കുകള്‍ ഇന്നേവരെ ഒരു ടീം മാനേജരും കളിക്കാരോട് പറഞ്ഞിട്ടുണ്ടാവില്ല. ‘നിങ്ങളിപ്പ കളിക്കാന്‍ പോണ വയ്ല്ണ്ടല്ലോ….. അതീ ദേശത്തെ കര്‍ഷകത്തൊഴിലാളിന്‍റെ തോളില് നുകം വച്ച് ഓന്‍ ഉഴുതുമറിച്ച നെലാണ്. പന്തിന്‍റെ പിന്നാലെ പായുമ്പോ ഓറെ ചോരേല് വഴുക്കാണ്ട് നോക്കണം . പോസ്റ്റിലേക്ക് ഉന്നം വെയ്ക്കുമ്പോ ഓന്‍റെ തലയാണ് കാല്‍ചോട്ടിലെന്ന് കരുതണം…..’ ബോള്‍ഷെവിക്കുകള്‍ കളി തുടങ്ങിയ കാലം മുതലേ ഏതു പുതിയ കളിക്കാരനും ആ ടൂര്‍ണമെന്‍റിന്‍റെയും ദേശത്തിന്‍റേയും ചരിത്രം ഗ്രഹിച്ചിരിക്കും അവസാനം ബോള്‍ഷെവിക്കുകള്‍ കളിക്കുന്ന ദിവസം കുറിക്കാര്‍ സതീശനെ വെട്ടുന്നു. അതിനെ തടുത്ത് വയറ്റില്‍ കിട്ടിയ വെട്ടിനെ അവഗണിച്ചാണ് ടീം മാനേജര്‍ ബോള്‍ഷെവിക്കിനായി ട്രോഫി ഏറ്റുവാങ്ങുന്നത്. അതുമായി പഴയ തീട്ടപ്പറമ്പിലേക്ക് ഓടുന്ന സതീശന്‍ അതിന്‍റെ മുകളില്‍ കയറി ഇരുന്ന് വിസര്‍ജിച്ച് തന്‍റെ പ്രതികാരം പൂര്‍ത്തിയാക്കുന്നു. ഒരേ ഒരു പ്രാവശ്യം മതി തനിക്ക് ആ ട്രോഫി എന്നതും അതൊരു വെറും ട്രോഫിയല്ല ആ ജന്‍മിയാണ് എന്ന പറച്ചിലും അയാളെപ്പറ്റിയുള്ള ഓര്‍മ്മ തന്നെ ചെവിയിലെ നെല്ലുകുത്തിന്‍റെ ശബ്ദമായി മാറുന്നതും ഒക്കെ ചേര്‍ന്ന് ഉളവാക്കുന്ന മനോഭാവമാണ് ആ ട്രോഫിക്കുമേല്‍ കയറി ഇരിക്കാന്‍ അയാളെ പ്രേരിപ്പിക്കുന്നത്.
ട്രാന്‍സിസ്റ്റര്‍ സതീശൻ തികഞ്ഞ മനുഷ്യസ്നേഹിയായ കമ്മ്യൂണിസ്റ്റുകാരനായിരുന്നു. അപരന്‍റെ ശബ്ദം സംഗീതമായിത്തീരാന്‍ എപ്പോഴും പരിശ്രമിച്ചവന്‍. അതുകൊണ്ടാണ് തണ്ടാസ് കണ്ടത്തിലെ അജ്ഞാതശവം ഏറ്റുവാങ്ങാനും അതുമായി ശ്മശാനത്തില്‍ പോവാനും അയാള്‍ക്കാവുന്നത്. ആ ദിവസം ബോള്‍ഷെവിക് പൊയിലോത്തിന്‍റെ സെമിഫൈനല്‍ മത്സരമായിരുന്നതു പോലും അയാളെ ബാധിക്കുന്നതേയില്ല. തീവ്രവാദി എന്ന് മുദ്രകുത്തി ജയിലിലടയ്ക്കുന്ന മുത്തുറാവുത്തരെ ജയിലില്‍ സന്ദര്‍ശിക്കുന്ന ഏക വ്യക്തി സതീശനാണ് . രാജ്യ ദ്രോഹിയായി മുദ്രകുത്തി അയാളെ തൂക്കികൊന്നു എന്നും അയാളുടെ സ്വത്തുക്കള്‍ അയാള്‍ സതീശന് എഴുതി വെച്ചിട്ടുണ്ടെന്നും പറഞ്ഞു വരുന്ന വക്കീലിനോട് മുത്തുറാവുത്തരുടെ ബോഡി എങ്ങനെ സംംസ്കരിച്ചു എന്നു ചോദിക്കുന്ന സതീശനാണ് ഏറ്റവും നല്ല മനുഷ്യസ്നേഹി. മുത്തുറാവുത്തര്‍ വിശ്വാസിയായതിനാല്‍ അര്‍ഹമായ മരണാനന്തര ചടങ്ങുകള്‍ കിട്ടണം എന്ന ദൃഢമായ വിശ്വാസമാണത്. സതീശന്‍ വിശ്വാസിയല്ല എന്നും ഓര്‍ക്കേണ്ടതുണ്ട്. വക്കീല്‍ പറയുന്ന മുത്തു റാവുത്തരുടെ സ്വത്തിന്‍റെ കാര്യം സതീശന്‍ ശ്രദ്ധിക്കുന്നതേയില്ല. സതീശന്‍റെ വിവാഹവും അങ്ങനെയായിരുന്നു. രംഭ എന്ന പെണ്‍കുട്ടി ഒറ്റക്കായതോടെ നാട്ടുകാര്‍ക്ക് അവളില്‍ ഒരു കണ്ണുണ്ട് എന്ന തിരിച്ചറിവില്‍ നിന്ന് അവളെ സംരക്ഷിക്കാനാണ് അയാളവളെ വിവാഹം കഴിക്കുന്നത്. ഒരു നോട്ടത്തില്‍പ്പോലും അവര്‍ പരസ്പരം പുലര്‍ത്തുന്ന ബഹുമാനത്തെക്കുറിച്ച് എഴുത്തുകാരനും ബഹുമാനത്തോടെ പറയുന്നുണ്ട്.
ഹരികൃഷ്ണന്‍ തച്ചാടന്‍ പറയുന്നത് ഒരു പന്തുകളിയുടെ ചരിത്രം മാത്രമല്ല. അത് വടക്കന്‍ കേരളത്തിലെ ഒരു ഗ്രാമത്തിന്‍റെ ചെറുത്തു നില്‍പ്പിന്‍റെ കഥയാണ്. സതീശന്‍ തന്നെ പറയുന്നതുപോലെ കൊണ്ടും കൊടുത്തും വളരുന്ന പ്രതിരോധത്തിന്‍റെ ചരിത്രം. പണവും സമ്പത്തും സ്വാധീനവും കൊണ്ട് വളരുന്ന കുറിക്കാരുടെ സംഘത്തോട് പാര്‍ട്ടി പ്രതിബധത മാത്രം കൈമുതലാക്കിയവരുടെ ഏറ്റുമുട്ടലുകളുടെ ചരിത്രം. വയറ്റില്‍ വടിവാളിന്‍റെ വെട്ടേറ്റ് നില്‍ക്കുമ്പോഴും രംഭയോട് അതിമനോഹരമായി ചിരിക്കുന്ന സതീശന്‍ എന്ന സഖാവിന്‍റെ ചരിത്രവും ബോള്‍ഷെവിക് പൊയിലോത്തിന്‍റെ ചരിത്രവും പ്രതിരോധത്തിന്‍റെ വലിയ പാഠങ്ങള്‍ നമുക്ക് തരുന്നുണ്ട്. പൊയിലോത്ത് ഡെര്‍ബി എന്ന നോവലിന്‍റെ പ്രത്യയശാസ്ത്ര വായന വളരെ ആവശ്യമായ ഒരു കാലത്താണ് നാം ജീവിക്കുന്നത് എന്നതുതന്നെ ഈ പുസ്തകത്തിന്‍റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.





