ചിന്തയുടെ അതിരുകൾ ഭേദിച്ച പി. ജി

നവീൻ പ്രസാദ് അലക്സ്

 

ആമുഖം

ഒരു ചിന്തകന്റെ ലോകം അയാളുടെ അറിവിന്റെ വ്യാപ്തിയിലും അതിന്റെ ചോദ്യങ്ങളുടെ ആഴത്തിലും മാത്രമല്ല, അയാളുടെ ചിന്തയുടെ വിസ്തൃതിയിലും അളക്കപ്പെടുന്നു. പി. ഗോവിന്ദപ്പിള്ളയുടെ വൈജ്ഞാനിക ലോകത്തിലേക്ക് കടക്കുമ്പോൾ കാണുന്നത് അത്തരമൊരു അന്വേഷണത്തിന്റെ വിസ്തൃതിയാണ്. മാർക്സിസത്തെ ഒരു അടഞ്ഞ സൈദ്ധാന്തിക ചട്ടക്കൂടായല്ല, ശാസ്ത്രത്തെയും സാഹിത്യത്തെയും ചരിത്രത്തെയും കലയെയും സമൂഹത്തെയും വിമർശനാത്മകമായി സമീപിക്കാനുള്ള തുറന്ന രീതിയായാണ് അദ്ദേഹം പ്രയോഗിച്ചത്. അറിവിന്റെ ഓരോ മേഖലയിലും പുതിയ ജാലകങ്ങൾ തുറക്കുകയും അവയിലൂടെ സമൂഹത്തിന്റെ വൈരുധ്യങ്ങളെയും മനുഷ്യന്റെ വിമോചനസാധ്യതകളെയും അന്വേഷിക്കുകയും ചെയ്ത ആ ബൗദ്ധിക ജീവിതം, ചിന്തയും വിമർശനവും രാഷ്ട്രീയപ്രയോഗവും പരസ്പരം പൂരിപ്പിക്കുന്നതെങ്ങനെയെന്നതിന്റെ സവിശേഷമായ ഉദാഹരണമാണ്.

പി. ഗോവിന്ദപ്പിള്ള, കേരളത്തിലെ മാർക്സിസ്റ്റ് സൈദ്ധാന്തിക പാരമ്പര്യത്തിൽ കെ. ദാമോദരനും ഇ.എം.എസിനുമൊപ്പം പേരെടുത്തവരിൽ ഒരാളാണ്. അദ്ദേഹം മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം മുതൽ ശാസ്ത്രചരിത്രം വരെ വ്യാപിച്ച പഠനങ്ങളിൽ ശ്രദ്ധിച്ചു. പത്രപ്രവർത്തകനായി, സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകനായി, പ്രഭാഷകനായി, അധ്യാപകനായി അദ്ദേഹം കേരളത്തിന്റെ പൊതുബോധത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഏറ്റവും സങ്കീർണമായ ആശയങ്ങളെയും സാധാരണക്കാർക്ക് മനസ്സിലാക്കാവുന്ന രീതിയിൽ ലളിതമായി അവതരിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. യുവതലമുറയുമായി സംവദിക്കാനും അവരുടെ ആശയങ്ങളോടും സംശയങ്ങളോടും തുറന്ന സമീപനം പുലർത്താനും കഴിഞ്ഞ അപൂർവ ബൗദ്ധിക നേതാക്കളിൽ ഒരാളായിരുന്നു പി.ജി.

ഈ ലേഖനം ഒരു ജീവചരിത്രം മാത്രമല്ല; പി.ജിയുടെ ബൗദ്ധിക ലോകത്തേക്കുള്ള ഒരു പര്യവേഷണമാണ്. ഫെഡ്രിക്ക്‌ എംഗൽസ്സ് ശരിയായ ചോദ്യങ്ങൾ ചോദിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി എടുത്തു പറഞ്ഞിട്ടുണ്ട്. ചോദ്യങ്ങൾ ഉയർത്താനും നിലവിലുള്ള ധാരണകളെ വിമർശിക്കാനും പുതിയ അറിവുകൾ തേടാനും ഉള്ള തയ്യാറെടുപ്പ് പി.ജിയുടെ ബൗദ്ധിക ജീവിതത്തെ നിർവ്വചിക്കുന്നു. മാർക്സിസം അദ്ദേഹത്തിന് ഒരു അടഞ്ഞ സിദ്ധാന്തമല്ല; സമ്പദ്ശാസ്ത്രം, സാഹിത്യം, ശാസ്ത്രം, ചരിത്രം, മാധ്യമം, മത, സംസ്ക്കാരം എന്നിവയെ വിമർശനാത്മകമായി വായിക്കാനും പുതിയ ചോദ്യങ്ങൾ ഉയർത്താനും അദ്ദേഹം തുറന്ന മനസ്സായിരുന്നു. ഈ വൈജ്ഞാനിക ലോകത്തിന്റെ വിവിധ വാതിലുകൾ തുറന്ന്, പി.ജിയുടെ ചിന്തകളെ ഇപ്പോഴത്തെ പ്രസക്തിയോടെ വായിക്കാനുള്ള ശ്രമമാണ് ഈ ലേഖനം.

ഒരു വായനക്കാരന്റെ രൂപീകരണം

എറണാകുളം ജില്ലയിലെ പുല്ലുവഴിയിൽ ഒരു ഭൂവുടമ കുടുംബത്തില്‍ ജനിച്ച പി.ജി, വിദ്യാർത്ഥിയായിരിക്കെ ദേശീയപ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായി, വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകനത്തിന്റെ ഭാഗമായി. ബോംബെ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി. തുടർന്ന് 1952-ൽ തിരു-കൊച്ചി നിയമസഭയിലേക്കും 1957-ൽ കേരള നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പത്രപ്രവർത്തനത്തിലേക്ക് തിരിഞ്ഞ് ഒരു ദശകത്തിലേറെ ദേശാഭിമാനി ദിനപത്രത്തിന്റെ പത്രാധിപരായി. അവസാനകാലത്ത് പുനഃസംഘടിപ്പിക്കപ്പെട്ട പുരോഗമന കലാസാഹിത്യ സംഘത്തിന്റെ വഴികാട്ടിയായി, ജീവിതാന്ത്യം വരെ അതിനോടൊപ്പം നിന്നു.

പി.ജി. പുസ്‌തകങ്ങളോടും വായനയോടുമുള്ള കടുത്ത അഭിനിവേശം, വലിയ ഒരു വായനാലോകം തന്നെ അദ്ദേഹത്തിന്റെ മുന്നിൽ തുറന്നിട്ടു. വിദ്യാർത്ഥികാലത്ത് തന്നെ അക്കാലത്തെ ഇന്ത്യൻ ആശയ സംവാദമണ്ഡലത്തിലെ ഗാന്ധിയുടെയും നെഹ്‌റുവിന്റെയും നിലപാടുകളും ആർ.പി. ദത്തും ഹിരൺ മുഖർജിയും ഇ.എം.എസും മുന്നോട്ടുവച്ച മാർക്സിസ്റ്റ്‌പക്ഷ ചിന്തകളും അതിനു പുറമെ ക്രിസ്റ്റഫർ കോഡ്വെൽ ഏണസ്റ്റ് ഫിഷർ, ജെ.ബി.എസ്. ഹാൽഡേൻ, ലാൻസലോട്ട് ഹോഗ്ബെൻ, ഹൈമൻ ലെവി തുടങ്ങിയവരുടെ പുസ്തകങ്ങളും ചെറുപ്പക്കാരനായ പി.ജിയുടെ ചിന്താലോകത്തെ ആഴത്തിൽ സ്വാധീനിച്ചു.

പി.ജി. യുടെ ചിന്താമണ്ഡലത്തിന്റെ വികാസത്തെ ആഴത്തിൽ സ്വാധീനിച്ച മറ്റൊരു ചരിത്ര സംഭവം നികിതാ ക്രൂഷ്ചേവിന്റെ റിപ്പോർട്ടിനുശേഷം പടിഞ്ഞാറൻ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽനിന്ന് പല ബുദ്ധിജീവികളും കൊഴിഞ്ഞുപോക്ക്‌ സൃഷ്ട്ടിച്ച പ്രതിസന്ധിയായിരുന്നു. അതോടെ അറിവിന്റെയും പ്രയോഗത്തിന്റെയും സമസ്ത മേഖലകളിലും മാർക്സിസ്റ്റ്‌ പക്ഷ രാഷ്ട്രീയവീക്ഷണം രൂപപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം തിരിച്ചറിഞ്ഞു. ഈ പ്രക്രിയയ്ക്ക്‌ വേണ്ടിയാണ് അദ്ദേഹത്തിന്റെ ധൈഷിണിക ജീവിതത്തിന്റെ ഭൂരിഭാഗവും ഉപയോഗിച്ചത്. ഇതിന്റെ ഫലമായിരുന്നു അദ്ദേഹത്തിന്റെ ശാസ്ത്രവും സംസ്കാരവും സാഹിത്യവും ചരിത്രവും ഒക്കെ ഉൾക്കൊള്ളുന്ന സർവതല സ്പർശിയായ അദ്ദേഹത്തിന്റെ ഗ്രന്ഥശേഖരം.

കേരളത്തിലെ പ്രാധാനപ്പെട്ട മറ്റു രണ്ട് മാർക്സിസ്റ്റ്‌ സൈദ്ധാന്തികരിൽ നിന്നും വ്യത്യസ്ഥമായി മാർക്സിസത്തിന് ഒരു പ്രാരംഭപുസ്തകം പി.ജി. എഴുതിയില്ല. മാർക്സിസത്തെ തുടക്കക്കാർക്ക്‌ മുന്നിൽ അവതരിപ്പിക്കുക എന്നതിലുപരി അതിനെ കൂടുതൽ ആഴത്തിൽ മലയാളിക്ക്‌ മുന്നിൽ അവതരിപ്പിക്കുകയാണ് പി.ജി. ചെയ്തത്. ഇതിൽ മാർക്സും മൂലധനവും എന്ന ഗ്രന്ഥം കാൾ മാർക്സിന്റെ ജീവിതത്തെയും മാർക്സ് മൂലധനത്തിൽ ഉപയോഗിച്ചിരിക്കുന്ന മുതലാളിത്ത വിമർശനത്തെയും വായനക്കാർക്ക്‌ പരിചയപ്പെടുത്തുന്നു. മൂലധനം (ക്യാപിറ്റൽ) എന്ന വിഖ്യാത കൃതിയുടെ രചനയ്ക്ക് പിന്നിലെ ചരിത്രസാഹചര്യങ്ങളും ഈ പുസ്തകം പരിചയപ്പെടുത്തുന്നു.മുതലാളിത്ത വികാസത്തെ കേവലമായ പുരോഗതിയായല്ല, മാർക്സിന്റെ വിമർശനത്തിലൂടെ കാണാനാണ് ഈ കൃതി ശ്രമിക്കുന്നത്. ഫ്രെഡറിക് എംഗൽസിനെക്കുറിച്ചുള്ള വിപുലമായ ജീവചരിത്രം എംഗൽസിന്റെ ദാർശനികവും രാഷ്ട്രീയവുമായ വികാസത്തെയും മാർക്സുമായുള്ള സഹകരണത്തെയും പരിശോധിക്കുന്നു. ഇ.എം.എസി.നൊപ്പം ചേർന്ന് ഗ്രാംഷിയുടെ ജയിൽക്കുറിപ്പുകളെ പറ്റി എഴുതിയ പുസ്‌കമാണ് ആധിപത്യം, ബുദ്ധിജീവികളുടെ പങ്ക്, സാംസ്കാരിക സമരം എന്നിവയെക്കുറിച്ചുള്ള ഗ്രാംഷിയുടെ ചിന്തകളെ കേരളത്തത്തിനു പരിചയപ്പെടുത്തിയതും ഗ്രാംഷിയെ മലയാളിയുടെ സംവാദമണ്ഡലത്തിലേക്ക് കൊണ്ടുവരുതും. ഇത്തരം ഇടപെടലുകൾ സിദ്ധാന്തത്തെ പുതിയ ചോദ്യങ്ങളിലേക്ക് തുറക്കുന്ന ഒരാൾക്ക്‌ മാത്രം കഴിയുന്ന ഒന്നാണ്.

കലയും സാഹിത്യവും: സമൂഹത്തിലേക്ക് തുറന്ന ജാലകം

മലയാളത്തിലെ മാർക്സിസ്റ്റ്‌ സൗന്ദര്യശാസ്ത്രപഠനങ്ങളിൽ ഇന്നും തിളങ്ങി നിൽക്കുന്ന കൃതിയാണ് പി.ജി. യുടെ മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം: ഉദ്ഭവവും വളർച്ചയും. സാഹിത്യത്തെയും കലയേയും സിനിമയേയും ചരിത്രപരമായി മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്ര വീക്ഷണത്തിൽ നിന്നും വായിക്കുന്ന കൃതിയാണിത്. പതിനാലു അധ്യായങ്ങളുള്ള ഈ പുസ്‌തകത്തിൽ ഏറ്റവും ശ്രദ്ധേയം ആധുനിക മലയാള സാഹിത്യത്തിലെ മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രത്തെക്കുറിച്ചുള്ളതാണ്. ഈ അധ്യായത്തിൽ ക്രിസ്റ്റഫർ കോഡ്വെൽ, ഏണസ്റ്റ് ഫിഷർ തുടങ്ങിയവരുടെ ചിന്തകളെ മലയാളത്തിന്റെ സാഹിത്യവിമർശനവുമായി ബന്ധിപ്പിച്ചുള്ള വിശകലനം വികസിപ്പിച്ചുകൊണ്ട് ഒരു വിപുലമായ ഒരു വിമർശനമണ്ഡലം തന്നെയാണ് ഇവിടെ തുറക്കപ്പെടുന്നത്.

വിദ്യാർഥിജീവിതകാലത്ത് ക്രിസ്റ്റഫർ കോഡ്വെൽ, ഏണസ്റ്റ് ഫിഷർ തുടങ്ങിയവരുടെ ചിന്തകളുമായി പരിചയപ്പെട്ട പി.ജി., അവയെ മലയാളത്തിന്റെ സാഹിത്യവിമർശന പാരമ്പര്യവുമായി ബന്ധിപ്പിച്ചുകൊണ്ട് വിപുലമായ ഒരു വിമർശനമണ്ഡലം തുറന്നിടുന്നു. ഒരു സൈദ്ധാന്തിക ചട്ടക്കൂടിന്റെ അളവുകോൽ ഉപയോഗിച്ച് കലയെ വിധിക്കുന്നതിനുപകരം, കലാരൂപങ്ങളെ അവ രൂപംകൊള്ളുന്ന സാമൂഹിക സാഹചര്യങ്ങളോടും ചരിത്രപരമായ ബന്ധങ്ങളോടും ചേർത്തുവച്ച് വായിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. പൂന്താനം മുതൽ സൈമൺ വരെ എന്ന ലേഖനസമാഹാരം ഈ വായനയുടെ മികച്ച മാതൃകയാണ്. ഭക്തകവിയായി മാത്രം അറിയപ്പെടുന്ന പൂന്താനത്തെ ഉന്നതവർഗ സാമൂഹികഘടനയുടെ വിമർശകനായും, ക്രൈസ്തവ ഗീതരചയിതാവായ കെ.വി. സൈമണെ കവിയായും അവതരിപ്പിക്കുന്നതിലൂടെ, സാഹിത്യകൃതികളെ അവയുടെ സാമൂഹികവും ചരിത്രപരവുമായ പശ്ചാത്തലത്തിൽ വായിക്കാനുള്ള സാധ്യതകളാണ് പി.ജി. തുറന്നിടുന്നത്. ഭക്തിസാഹിത്യത്തെയും ക്രൈസ്തവ ഗീതപാരമ്പര്യത്തെയും ഒരേ അന്വേഷണത്തിന്റെ ഭാഗമായി പരിഗണിക്കുന്നത്, സൗന്ദര്യാനുഭവത്തിനും സാമൂഹിക വിശകലനത്തിനുമിടയിൽ അദ്ദേഹം കൃത്രിമമായ അതിരുകൾ സൃഷ്ടിച്ചിരുന്നില്ല എന്നതിന്റെ സൂചനയാണ്.

ഇ.എം.എസും മലയാള സാഹിത്യവും എന്ന കൃതിയിലും ഈ സമീപനം കൂടുതൽ വിപുലമായ തലത്തിൽ കാണാം. ഇ.എം.എസിന്റെ സാഹിത്യവീക്ഷണങ്ങളെയും മലയാള സാഹിത്യവുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെയും പരിശോധിക്കുന്നതിലൂടെ, സാഹിത്യവും രാഷ്ട്രീയവും തമ്മിലുള്ള സങ്കീർണമായ പാരസ്പര്യങ്ങളിലേക്കാണ് പി.ജി. ശ്രദ്ധ ക്ഷണിക്കുന്നത്. സാഹിത്യത്തെ രാഷ്ട്രീയ നിലപാടുകളുടെ കേവലമായ പ്രതിഫലനമായി ചുരുക്കാതെ, സാമൂഹിക യാഥാർഥ്യങ്ങളുമായി സംവദിക്കുകയും അവയെ വിമർശനാത്മകമായി സമീപിക്കുകയും ചെയ്യുന്ന സാംസ്കാരിക മണ്ഡലമായി മനസ്സിലാക്കാനുള്ള ശ്രമമാണിത്. അങ്ങനെ, സാഹിത്യവും രാഷ്ട്രീയവും പരസ്പരം എങ്ങനെ സ്വാധീനിക്കുകയും പുനർവ്യാഖ്യാനിക്കുകയും ചെയ്യുന്നു എന്ന അന്വേഷണമാണ് ഈ രചനകളെ ബന്ധിപ്പിക്കുന്നത്.കലയെ സമൂഹത്തിലേക്ക് തുറന്ന ജാലകമായി കണ്ട ഈ ദൃഷ്ടി, അദ്ദേഹത്തെ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ വഴികാട്ടിയാക്കിയതിൽ അദ്ഭുതമില്ല.

അറിവിൽ നിന്ന് നവോത്ഥാനത്തിലേക്ക്: വൈജ്ഞാനിക വിപ്ലവത്തിന്റെ തുടർച്ച

പി.ജിയുടെ ജിജ്ഞാസ കലയിൽ ഒതുങ്ങിയില്ല; ശാസ്ത്രത്തിലേക്കും വ്യാപിച്ചു. ആധുനിക ശാസ്ത്രത്തിന്റെ ഉദയത്തെയും അതിന് സംഭാവന നൽകിയ ശാസ്ത്രജ്ഞരെയും പരിചയപ്പെടുത്തുന്ന ശാസ്ത്രം നൂറ്റാണ്ടുകളിലൂടെ, ചിത്രസഹിതമായ ചാൾസ് ഡാർവിൻ: ജീവിതവും കാലവും എന്നീ കൃതികൾ അതിന്റെ സൂചനകളാണ്. എന്നാൽ ഈ മേഖലയിൽ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ രചന വൈജ്ഞാനിക വിപ്ലവം: ഒരു സാംസ്കാരിക ചരിത്രം ആണ്. യൂറോപ്പിലെ ശാസ്ത്രവിപ്ലവത്തെ സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമായി വിശകലനം ചെയ്യുന്ന ഈ കൃതി, ആ വിപ്ലവം അറിവിലും സാങ്കേതികവിദ്യയിലും ഉണ്ടായ മാറ്റങ്ങളിൽ മാത്രം ഒതുങ്ങിയിരുന്നില്ലെന്ന് വ്യക്തമാക്കുന്നു. മനുഷ്യന്റെ സംവേദനക്ഷമതയെയും ജീവിതത്തോടും പ്രപഞ്ചത്തോടുമുള്ള സമീപനത്തെയും അത് മാറ്റിമറിച്ചു. ശാസ്ത്രത്തിന്റെ നേട്ടങ്ങളെ ഉയർത്തിക്കാട്ടുമ്പോഴും അതിന്റെ ദോഷഫലങ്ങളെ അവഗണിക്കാത്ത വിമർശനാത്മക സമീപനവും ഈ കൃതിയുടെ സവിശേഷതയാണ്.

കേരള നവോത്ഥാനം എന്ന ബഹുഭാഗ പരമ്പരയെ ഈ അന്വേഷണത്തിന്റെ തുടർച്ചയായി വായിക്കാം. ആധുനിക കേരളത്തിന്റെ സംസ്കാരത്തിനും സാമൂഹികബോധത്തിനും രൂപം നൽകിയ ചരിത്രപ്രക്രിയകളെ വിവിധ വശങ്ങളിലൂടെ പരിശോധിക്കുന്ന ഈ കൃതികൾ, കേരളീയ സമൂഹത്തിൽ സംഭവിച്ച പരിവർത്തനങ്ങളുടെ അടിത്തറയിലേക്കാണ് കടന്നുചെല്ലുന്നത്. യൂറോപ്പിൽ ശാസ്ത്രവിപ്ലവം മനുഷ്യന്റെ സംവേദനക്ഷമതയെയും ലോകവീക്ഷണത്തെയും മാറ്റിമറിച്ചെങ്കിൽ, കേരളത്തിൽ അത്തരമൊരു മാറ്റത്തിന് വഴിയൊരുക്കിയ സാമൂഹികവും സാംസ്കാരികവുമായ ശക്തികൾ ഏതൊക്കെയായിരുന്നു എന്ന ചോദ്യമാണ് ഈ പരമ്പര ഉയർത്തുന്നത്. ജാതിവ്യവസ്ഥയ്ക്കും ലിംഗപരമായ അസമത്വങ്ങൾ ഉൾപ്പെടെയുള്ള സാമൂഹിക അനീതികൾക്കുമെതിരെ പോരാടിയ പരിഷ്കരണ പ്രസ്ഥാനങ്ങളെയും സമത്വാധിഷ്ഠിതമായ സമൂഹത്തിനായുള്ള അവയുടെ ഇടപെടലുകളെയും ചരിത്രത്തിന്റെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കുന്നതാണ് ഈ സമീപനം.

പരമ്പരയിലെ ഒന്നാം ഭാഗമായ കേരള നവോത്ഥാനം: ഒരു മാർക്സിസ്റ്റ് വീക്ഷണം നവോത്ഥാനത്തെ ഏതാനും മഹാന്മാരായ പരിഷ്കർത്താക്കളുടെ സംഭാവനകളിലേക്ക് ചുരുക്കാതെ, സാമൂഹികബന്ധങ്ങളിലെ മാറ്റങ്ങളും രാഷ്ട്രീയ ഇടപെടലുകളും സ്ഥാപിതമായ അധികാരശ്രേണികൾക്കെതിരായ സമരങ്ങളും ചേർന്ന് രൂപപ്പെടുത്തിയ ചരിത്രപ്രക്രിയയായി അവതരിപ്പിക്കുന്നു. യുഗസന്ധതികൾ, യുഗശില്പികൾ എന്ന ഭാഗം ചരിത്രത്തിലെ പരിവർത്തനഘട്ടങ്ങളെയും അവയ്ക്ക് രൂപം നൽകിയ വ്യക്തികളെയും ബന്ധിപ്പിക്കുന്നു. മുഖ്യധാരാ കേരളചരിത്രത്തിൽ വേണ്ടത്ര ഇടം ലഭിക്കാതിരുന്ന കീഴാള ജനവിഭാഗങ്ങളിൽനിന്നുള്ള നവോത്ഥാന നായകരെയും അവരുടെ ഇടപെടലുകളെയും പൊതുചർച്ചയുടെ ഭാഗമാക്കുന്നതിലും ഈ പരമ്പര വലിയ സംഭാവനകൾ നടത്തിയിട്ടുണ്ട്.

പൊയ്കയിൽ അപ്പച്ചൻ, കാവാരിക്കുളം കണ്ടൻ കുമാരൻ, കുറുമ്പൻ ദൈവത്താൻ തുടങ്ങിയവരെ കേരളത്തിന്റെ നവോത്ഥാനചരിത്രത്തിന്റെ ഭാഗമായി പരിചയപ്പെടുത്തുന്നത്, മുഖ്യധാരാ ചരിത്രരചനയിൽ അർഹമായ ഇടം ലഭിക്കാതിരുന്ന കീഴാള ജനവിഭാഗങ്ങളുടെ സംഭാവനകളെ ചരിത്രത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ്. ഈ നവോത്ഥാനനായകരെ പറ്റി പിൽകാലത്ത് വന്നിട്ടുള്ള പുസ്‌തകങ്ങൾ പരിശോധിച്ചാൽ അവയെല്ലാം തന്നെ പി. ജി. യുടെ ഈ സംഭാവന എടുത്തു പറയുന്നത് കാണാം. നവോത്ഥാനത്തെ ജാതീയമായും സാമൂഹികമായും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ സമരങ്ങളിൽനിന്ന് വേർപെടുത്തി മനസ്സിലാക്കാനാവില്ലെന്ന ബോധ്യമാണ് ഇതിലൂടെ തെളിയുന്നത്.

പരമ്പരയിലെ നാലാം ഭാഗമായ മാധ്യമപർവം സാമൂഹിക പരിവർത്തനത്തിൽ മാധ്യമങ്ങൾ വഹിച്ച പങ്കിനെ വിശകലനം ചെയ്യുന്നു. നവോത്ഥാനകാലത്ത് പരിഷ്കർത്താക്കളും സാമൂഹികപ്രസ്ഥാനങ്ങളും ആരംഭിച്ച പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും ചരിത്രത്തിലൂടെ, ആശയങ്ങൾ പ്രചരിപ്പിക്കുന്നതിലും ജാതിവിരുദ്ധവും പരിഷ്കരണോന്മുഖവുമായ സംവാദങ്ങൾ വളർത്തുന്നതിലും മാധ്യമങ്ങൾ വഹിച്ച പങ്കാണ് ഈ പഠനം പരിശോധിക്കുന്നത്. അച്ചടിയും പ്രസിദ്ധീകരണങ്ങളും വെറും വാർത്താവിനിമയ മാർഗങ്ങളായിരുന്നില്ല; പുതിയ സാമൂഹികബോധം രൂപപ്പെടുത്താനും നിലവിലുള്ള അധികാരബന്ധങ്ങളെ ചോദ്യം ചെയ്യാനും അവ സഹായിച്ചു.

അങ്ങനെ, വൈജ്ഞാനിക വിപ്ലവം ലോകതലത്തിൽ അറിവും മനുഷ്യന്റെ ലോകവീക്ഷണവും എങ്ങനെ മാറിയെന്ന് അന്വേഷിക്കുമ്പോൾ, കേരള നവോത്ഥാനം അതേ ചോദ്യം കേരളത്തിന്റെ ചരിത്രത്തോട് ഉന്നയിക്കുന്നു. അറിവ് ഉൽപ്പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മനുഷ്യരും സ്ഥാപനങ്ങളും മാധ്യമങ്ങളും ഒരു സമൂഹത്തിന്റെ ജീവിതബോധത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് ഈ രണ്ടു കൃതികളെയും ബന്ധിപ്പിക്കുന്ന അടിസ്ഥാനചോദ്യം. ലോകചരിത്രത്തെയും പ്രാദേശികചരിത്രത്തെയും ഒരേ വിമർശനാത്മക അന്വേഷണത്തിന്റെ ഭാഗമായി വായിക്കുന്ന ഈ സമീപനം, പി.ജിയുടെ വൈജ്ഞാനിക ലോകത്തിന്റെ വിശാലത വ്യക്തമാക്കുന്നു.

ജനങ്ങളോട് സംസാരിച്ച ബുദ്ധിജീവി: പരിഭാഷകനും ആശയവും

അറിവ് സമൂഹത്തെ മാറ്റുന്നത് അത് ജനങ്ങളിലെത്തുമ്പോഴാണ്. പി.ജിയുടെ മറ്റൊരു മികവ് അവിടെയാണ്. എന്നാൽ അദ്ദേഹത്തിന്റെ എഴുത്തിന്റെ കഥ ഒരു കൗതുകം കൂടി ഒളിപ്പിക്കുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെയും പത്രപ്രവർത്തനത്തിന്റെയും വർഷങ്ങളിൽ, താൻ വായിച്ച പുസ്തകങ്ങളിൽനിന്ന് ലഭിച്ച ആശയങ്ങളും ധാരണകളും ക്രോഡീകരിച്ച് എഴുതാൻ പി.ജിക്ക് സമയം കിട്ടിയിരുന്നില്ല.

അക്കാലത്ത് മലയാളത്തിൽ പ്രസിദ്ധീകരിച്ച ഏക കൃതി എഥൽ ലിലിയൻ വോയ്നിച്ചിന്റെ പ്രസിദ്ധ നോവൽ “ദി ഗാഡ്ഫ്ലൈയുടെ” പരിഭാഷയായ കാട്ടുകടന്നൽ ആയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ ഇറ്റലിയുടെ പശ്ചാത്തലത്തിൽ വിപ്ലവപ്രതിബദ്ധതയെയും രാഷ്ട്രീയ അടിച്ചമർത്തലിനെയും മതാധികാരത്തെയും വ്യക്തിപരമായ ത്യാഗത്തെയും കുറിച്ചുള്ള ആ നോവൽ, ചിന്തിപ്പിക്കുകയും ചലിപ്പിക്കുകയും ചെയ്യുന്ന സാഹിത്യത്തിന്റെ ശക്തി മലയാളിക്ക് തുറന്നുകൊടുത്തു. പിന്നീട് കാട്ടുകടന്നൽ കേരളത്തിലെ വിവിധ വേദികളിൽ നാടകമായും അവതരിപ്പിക്കപ്പെട്ടു. ഒരു സാഹിത്യകൃതി വായനയിലൂടെ മാത്രം ഒതുങ്ങാതെ നാടകാവിഷ്കാരങ്ങളിലൂടെ കൂടുതൽ ജനങ്ങളിലേക്ക് എത്തുകയും സാമൂഹിക-രാഷ്ട്രീയ ഭാവനയെ സ്വാധീനിക്കുകയും ചെയ്തതിന്റെ ഉദാഹരണം കൂടിയാണിത്. അതിനുശേഷമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ലേഖനങ്ങളുടെയും സാഹിത്യവിമർശനങ്ങളുടെയും സമാഹാരങ്ങൾ പുറത്തുവന്നത്. ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ മുഴുവൻസമയ എഴുത്തുകാരനായപ്പോഴാണ് ഒട്ടേറെ കൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടത്.

ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കാൻ അദ്ദേഹത്തിന് മടിയുണ്ടായിരുന്നുവെന്നും ചില ലേഖനങ്ങൾ ഇംഗ്ലീഷിൽ എഴുതിയിരുന്നെങ്കിലും ആദ്യത്തെ സമ്പൂർണ ഇംഗ്ലീഷ് ഗ്രന്ഥം, ഭക്തിപ്രസ്ഥാനത്തെക്കുറിച്ചുള്ള കൃതി പുറത്തുവന്നത് 2013-ൽ മാത്രമാണെന്നും ശ്രദ്ധേയമാണ്. ആ വർഷം തന്നെയാണ് അദ്ദേഹം വിടവാങ്ങിയതും. സ്വന്തം ഭാഷയിൽ, സ്വന്തം ജനങ്ങളോട് സംസാരിക്കുക എന്നത് അദ്ദേഹത്തിന്റെ ബൗദ്ധികജീവിതത്തിന്റെ ഒരു രീതിയായിരുന്നു. റൊമില ഥാപ്പറുടെ ഭൂതകാലവ്യാഖ്യാനത്തെക്കുറിച്ചുള്ള കൃതി ഭൂതകാലവും മുൻവിധികളും എന്ന പേരിൽ മലയാളത്തിലെത്തിച്ചതും ഇതേ ആഭിമുഖ്യത്തിന്റെ ഭാഗമാണ്. ചരിത്രത്തെ തെളിവിന്റെയും പരിശോധനയുടെയും അച്ചടക്കത്തോടെ വായിക്കണമെന്ന പാഠമാണ് അത് മലയാളിക്ക് നൽകിയത്. ഒന്ന് വിപ്ലവബോധത്തിന്റെ നോവൽ; മറ്റേത് ചരിത്രബോധത്തിന്റെ പഠനം. രണ്ടും ലോകത്തിന്റെ ചിന്തകളെ മലയാളിയുടെ സ്വന്തം ഭാഷയിലേക്ക് കൊണ്ടുവരുന്ന പാലങ്ങളായി.

ഇന്നത്തെ പ്രസക്തി

ഇന്ന് നാം ജീവിക്കുന്നത് വ്യാജചരിത്രങ്ങൾ നിർമിക്കപ്പെടുകയും അവയ്ക്ക് സ്ഥാപനപരമായ പിന്തുണ ലഭിക്കുകയും ഹിന്ദുത്വാധിപത്യത്തിന്റെ ഭാഗമായി സമൂഹത്തിൽ സാംസ്കാരിക മേധാവിത്വം നേടുകയും ചെയ്യുന്ന കാലത്താണ്. പി.ജിയുടെ രചനകൾ ഈ കാലത്തോട് എന്ത് പറയുന്നു എന്ന് മൂന്ന് തലങ്ങളിൽ നോക്കാം.

ചരിത്രം തെളിവിന്റെ അച്ചടക്കമാണ്, ആയുധമല്ല. ഭൂതകാലം രാഷ്ട്രീയ പോരാട്ടത്തിന്റെ ഭൂമികയായ ഇക്കാലത്ത്, വർഗീയതയും ചരിത്രരചനയും എന്ന ചെറുഗ്രന്ഥം ചരിത്രരചനയെ സാമൂഹിക-രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ ചരിത്രവ്യാഖ്യാനത്തെ രൂപപ്പെടുത്തുന്ന മണ്ഡലമായി വിശകലനം ചെയ്യുന്നു. ചരിത്രശാസ്ത്രം: പുതിയ മാനങ്ങൾ ഇന്ത്യൻ ചരിത്രത്തെ കീഴാള, കാർഷിക, ജാതിപരിഷ്കരണ വീക്ഷണങ്ങളിലൂടെ വായിച്ച് പ്രബലമായ ആഖ്യാനങ്ങൾക്കപ്പുറത്തേക്ക് ചരിത്രാന്വേഷണത്തെ വികസിപ്പിക്കുന്നു. റൊമില ഥാപ്പറുടെ ഭൂതകാലവും മുൻവിധികളും മലയാളത്തിലാക്കിയതും ഈ വിമർശനാത്മക അന്വേഷണത്തിന്റെ തുടർച്ചയാണ്.

ഇവിടെ പി.ജിയുടെ സമീപനത്തിന് ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിൽ പ്രത്യേക പ്രസക്തിയുണ്ട്. ചരിത്രത്തെ മതപരമായ മഹത്വവൽക്കരണത്തിനും ഭൂരിപക്ഷ ദേശീയതയുടെ നിർമ്മാണത്തിനും ഉപയോഗിക്കുമ്പോൾ, തെളിവുകളുടെയും ചരിത്രപരമായ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ ഭൂതകാലത്തെ പുനഃപരിശോധിക്കേണ്ടത് ജനാധിപത്യപരമായ ആവശ്യമായി മാറുന്നു. ചരിത്രത്തെ ഏകശിലാരൂപത്തിലുള്ള ഒരു ദേശീയ പൈതൃകമായി അവതരിപ്പിക്കുന്നത് ജാതിയുടെയും വർഗത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിൽ നിലനിന്ന സംഘർഷങ്ങളെയും അസമത്വങ്ങളെയും മറച്ചുവയ്ക്കാം. ചരിത്രത്തിന്റെ ബഹുസ്വരത വീണ്ടെടുക്കുക എന്നത് അതിനാൽ അക്കാദമികമായ ഒരു ദൗത്യം മാത്രമല്ല; ചരിത്രത്തെ രാഷ്ട്രീയമായി ഏകപക്ഷീയമാക്കുന്ന ശ്രമങ്ങൾക്കെതിരായ ചെറുത്തുനിൽപ്പുകൂടിയാണ്. ഒരു വാട്സാപ്പ് സന്ദേശത്തിലൂടെ ചരിത്രം പഠിക്കുന്നവർക്ക് ഇവിടെനിന്ന് ലഭിക്കുന്ന പാഠം ലളിതമാണ്: ഏതൊരു അവകാശവാദത്തോടും ആദ്യം ചോദിക്കേണ്ടത് അതിന്റെ തെളിവെന്ത്, അതിനെ മുന്നോട്ടുവയ്ക്കുന്നവരുടെ താൽപര്യമെന്ത് എന്നതാണ്.

മാധ്യമങ്ങൾ നിഷ്പക്ഷ ജാലകങ്ങളല്ല. ആഗോളവൽക്കരണം, സംസ്കാരം, മാധ്യമം എന്ന സമാഹാരത്തിലെ പതിനൊന്ന് ലേഖനങ്ങൾ ആഗോള മുതലാളിത്തത്തിന്റെ പരിവർത്തനങ്ങൾക്കുള്ളിൽ സംസ്കാരവും നാഗരികതയും മാധ്യമവും തമ്മിലുള്ള ബന്ധത്തെ മാർക്സിസ്റ്റ് വീക്ഷണത്തിൽ പരിശോധിക്കുന്നു. കേരള നവോത്ഥാനത്തിലെ മാധ്യമപർവം സാമൂഹിക മാറ്റത്തിൽ മാധ്യമങ്ങൾ വഹിച്ച പങ്കും ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ അവയ്ക്കുള്ള പ്രാധാന്യവും ചൂണ്ടിക്കാട്ടുന്നു.

ഇന്ന് വാർത്തയും വിനോദവും രാഷ്ട്രീയാഭിപ്രായവും ഒരേ ഡിജിറ്റൽ ഫീഡിൽ ഒന്നിച്ചെത്തുമ്പോൾ, മാധ്യമങ്ങളെ അവയുടെ ഉള്ളടക്കത്തിന്റെ കാര്യത്തിൽ മാത്രമല്ല, ഉടമസ്ഥതയുടെയും സാമ്പത്തിക താൽപര്യങ്ങളുടെയും അടിസ്ഥാനത്തിലും പരിശോധിക്കേണ്ടതുണ്ട്. നവലിബറൽ മുതലാളിത്തത്തിന്റെ സാഹചര്യത്തിൽ മാധ്യമങ്ങൾ ലാഭത്തിന്റെയും പരസ്യവരുമാനത്തിന്റെയും ഉപഭോക്തൃശ്രദ്ധയുടെയും യുക്തികൾക്കനുസരിച്ച് പ്രവർത്തിക്കുമ്പോൾ, പൊതുചർച്ചയുടെ സ്വഭാവവും രാഷ്ട്രീയാഭിപ്രായങ്ങളുടെ പ്രചരണവും അതിൽനിന്ന് സ്വാധീനിക്കപ്പെടുന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ഉടമസ്ഥതയും അൽഗോരിതങ്ങൾ ഉള്ളടക്കത്തെ തിരഞ്ഞെടുക്കുന്ന രീതിയും ഈ പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കുന്നു.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാംസ്കാരിക മേധാവിത്വം മനസ്സിലാക്കുന്നതിനും ഈ വിമർശനാത്മക സമീപനം ആവശ്യമാണ്. വ്യാജചരിത്രങ്ങളും വർഗീയമായ വ്യാഖ്യാനങ്ങളും എങ്ങനെ പ്രചരിക്കുന്നു എന്ന ചോദ്യം അവയുടെ ഉള്ളടക്കത്തിൽ മാത്രം ഒതുങ്ങുന്നില്ല; അവയ്ക്ക് ദൃശ്യത നൽകുന്ന മാധ്യമസംവിധാനങ്ങളെയും സാമ്പത്തിക താൽപര്യങ്ങളെയും രാഷ്ട്രീയ അധികാരബന്ധങ്ങളെയും കൂടി പരിശോധിക്കണം. അതേസമയം, നവലിബറൽ വിപണിയുടെ യുക്തിയും ഹിന്ദുത്വ രാഷ്ട്രീയവും ഒരേ പ്രതിഭാസമാണെന്ന് ലളിതമായി സമീകരിക്കാനാവില്ല. അവയുടെ ബന്ധം ചരിത്രപരമായും രാഷ്ട്രീയമായും പരിശോധിക്കേണ്ടതാണ്. പി.ജിയുടെ രീതി നമ്മെ ഓർമിപ്പിക്കുന്നത്, ആശയങ്ങളെ അവ ഉൽപ്പാദിപ്പിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന ഭൗതിക സാഹചര്യങ്ങളിൽനിന്ന് വേർപെടുത്തി മനസ്സിലാക്കാനാവില്ല എന്നതാണ്. ആരാണ് ഈ വാർത്ത നമുക്ക് മുന്നിലെത്തിക്കുന്നത്, ഏത് താൽപര്യങ്ങളാണ് അതിന്റെ പ്രചരണത്തെ സ്വാധീനിക്കുന്നത്, ആരുടെ ശബ്ദങ്ങളാണ് അതിൽനിന്ന് പുറത്താക്കപ്പെടുന്നത് എന്ന ചോദ്യങ്ങൾക്ക് ഇന്നത്തെ ശ്രദ്ധയുടെ സമ്പദ്വ്യവസ്ഥയിൽ മുമ്പത്തേക്കാൾ പ്രസക്തിയുണ്ട്.

തോറ്റ പ്രസ്ഥാനങ്ങളുടെ അർത്ഥം: മതമൗലികവാദത്തിന്റെ കാലത്ത്. മതമൗലികവാദവും ജാതി-സമുദായ സ്വത്വങ്ങളുടെ രാഷ്ട്രീയ പുനരുജ്ജീവനവും ശക്തിപ്പെടുന്ന ഈ കാലത്ത് പി.ജിയുടെ അവസാനകൃതിയായ ഭക്തിപ്രസ്ഥാനത്തെക്കുറിച്ചുള്ള പഠനത്തിന് (Bhakti Movement: Renaissance or Revivalism?) പ്രത്യേക പ്രസക്തിയുണ്ട്. ഭക്തി ഫ്യൂഡലിസത്തിന്റെ പ്രത്യയശാസ്ത്രമായിരുന്നു എന്ന ചില ചരിത്രകാരന്മാരുടെ വീക്ഷണത്തെ ഈ കൃതി ചോദ്യം ചെയ്യുന്നു. ഇന്ത്യയൊട്ടാകെയുള്ള ചരിത്രസാമഗ്രികൾ ഉപയോഗിച്ച് പി.ജി. മുന്നോട്ടുവയ്ക്കുന്ന വാദം, അടിച്ചമർത്തപ്പെട്ട ജാതികളുടെയും സ്ത്രീകളുടെയും അനുഭവങ്ങളിൽനിന്നുയർന്ന രോഷത്തിനും സാമൂഹിക അടിച്ചമർത്തലിനും പുരുഷാധിപത്യത്തിനുമെതിരായ ചെറുത്തുനിൽപ്പിനും ഭക്തിപ്രസ്ഥാനത്തിൽ ഇടമുണ്ടായിരുന്നു എന്നതാണ്. സാമൂഹിക പരിവർത്തനത്തിന്റെ ഗുണാത്മകമായ സന്ദേശം വഹിച്ച ഈ പ്രസ്ഥാനം പരാജയപ്പെടുകയും പഴയ അടിച്ചമർത്തൽബന്ധങ്ങൾ വീണ്ടും ശക്തിപ്പെടുകയും ചെയ്തെങ്കിലും, ആ പരാജയം അതിന്റെ വിമോചനപരമായ അർത്ഥങ്ങളെ ഇല്ലാതാക്കുന്നില്ല.

പരാജയപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെ ഗുണാത്മകമായ അർത്ഥം കണ്ടെത്താനുള്ള ഈ ശ്രമം കേരളത്തിന്റെ ചരിത്രത്തിലും പ്രസക്തമാണ്. സാമൂഹിക പരിഷ്കരണ മുന്നേറ്റങ്ങൾക്കുശേഷം ജാതി-സമുദായ സ്വത്വങ്ങളുടെ പുനഃസ്ഥാപനശ്രമങ്ങൾ ശക്തിപ്പെട്ട സാഹചര്യത്തിൽ, അതിനെ ചോദ്യംചെയ്യുന്നതിൽ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വളർച്ച നിർണായകമായിരുന്നു എന്ന ചരിത്രവായന ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇന്നത്തെ വായനയിൽ ഇതിൽ രണ്ട് പാഠങ്ങളുണ്ട്. ഒന്നാമതായി, മതപാരമ്പര്യങ്ങൾ ഏകശിലാരൂപങ്ങളല്ല. ഒരേ പാരമ്പര്യത്തിനുള്ളിൽത്തന്നെ അടിച്ചമർത്തലിനെ ന്യായീകരിക്കുന്ന ധാരകളും അതിനെതിരെ ചെറുത്തുനിൽക്കുന്ന ധാരകളും ഉണ്ടായേക്കാം. ഹിന്ദുത്വ രാഷ്ട്രീയം മതത്തെയും പാരമ്പര്യത്തെയും മാറ്റമില്ലാത്ത ഒരു സാംസ്കാരിക സ്വത്വത്തിന്റെ അടിസ്ഥാനമായി അവതരിപ്പിക്കുമ്പോൾ, അവയുടെ ചരിത്രപരമായ വൈവിധ്യവും ആന്തരിക സംഘർഷങ്ങളും വീണ്ടെടുക്കുന്നത് ആ ഏകശിലാവൽക്കരണത്തെ ചോദ്യംചെയ്യുന്നു. മതപാരമ്പര്യങ്ങളിലെ സമത്വത്തിന്റെയും വിമോചനത്തിന്റെയും ധാരകളെ തിരിച്ചറിയുന്നത് അവയെ വിമർശനത്തിന് അതീതമാക്കലല്ല; മറിച്ച് അവയുടെ ചരിത്രപരമായ സങ്കീർണതകളെ തുറന്നുകാട്ടലാണ്.

ബുദ്ധമതത്തിന്റെ ക്ഷയം മുതൽ നായനാർമാരും ആഴ്വാർമാരും കബീറും മീരാബായിയും ചോഖമേളയും ഗുരു നാനാക്കും സൂഫി പാരമ്പര്യവും കേരളത്തിന്റെ സ്ഥാനവും വരെ പി.ജിയുടെ പഠനത്തിൽ ഇടംപിടിക്കുന്നു. ഭഗവദ്ഗീത, ബൈബിൾ, മാർക്സിസം എന്ന കൃതിയും മതഗ്രന്ഥങ്ങളെ ഒഴിവാക്കാതെ മാർക്സിസവുമായി സംവാദത്തിൽ നിർത്തുന്നു. ഇത് മതവിശ്വാസങ്ങളെ ലളിതമായി തള്ളിക്കളയുന്നതിനുപകരം, അവയുടെ ചരിത്രപരമായ രൂപീകരണത്തെയും സാമൂഹികമായ പങ്കിനെയും വിമർശനാത്മകമായി പരിശോധിക്കാനുള്ള വഴിയാണ് തുറക്കുന്നത്.

രണ്ടാമതായി, ഒരു മുന്നേറ്റത്തിന്റെ തോൽവി അതിന്റെ അർത്ഥത്തിന്റെ അവസാനമല്ല. ജാതീയമായും ലിംഗപരമായും വർഗപരമായും അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ വിമോചനശ്രമങ്ങൾ പരാജയപ്പെടുമ്പോഴും അവ ഉയർത്തിയ സമത്വത്തിന്റെയും നീതിയുടെയും ആവശ്യങ്ങൾ ചരിത്രത്തിൽനിന്ന് അപ്രത്യക്ഷമാകുന്നില്ല. ഓരോ കാലവും ഉപേക്ഷിക്കപ്പെട്ടതോ തകർക്കപ്പെട്ടതോ ആയ മോചനശ്രമങ്ങളുടെ ഗുണാത്മകമായ അർത്ഥം വീണ്ടും കണ്ടെത്തുകയും പുതിയ സാഹചര്യങ്ങളിൽ അവയെ മുന്നോട്ടുകൊണ്ടുപോകുകയും വേണം. നവലിബറൽ മുതലാളിത്തം സാമൂഹിക അസമത്വങ്ങളെ സ്വാഭാവികമെന്നപോലെ അവതരിപ്പിക്കുകയും വ്യക്തിപരമായ വിജയത്തെ സാമൂഹിക പുരോഗതിയുടെ അളവുകോലാക്കുകയും ചെയ്യുന്ന കാലത്ത്, കൂട്ടായ വിമോചനശ്രമങ്ങളുടെ ചരിത്രം വീണ്ടെടുക്കുന്നതിന് ഈ സമീപനം പ്രത്യേക പ്രാധാന്യമുണ്ട്.

ഇത് പി.ജി. സമകാലിക ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ച് നേരിട്ട് എഴുതിയെന്ന അവകാശവാദമല്ല. അദ്ദേഹത്തിന്റെ ചരിത്രവായനയും വിമർശനരീതിയും ഇന്നത്തെ സാഹചര്യത്തിൽ എന്ത് സംഭാവന ചെയ്യുമെന്ന അന്വേഷണമാണ്.

ശരിയായ ചോദ്യങ്ങൾ സമരത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും സാഹചര്യങ്ങളിലാണ് പ്രധാനമാകുന്നത്. വിപ്ലവപ്രക്രിയയെ തടസ്സപ്പെടുത്തുകയല്ല, മുന്നോട്ടുനയിക്കുന്ന ഉത്തരങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ചോദ്യങ്ങൾ ചോദിക്കേണ്ടതിന്റെ പ്രാധാന്യം പി.ജിയുടെ രചനകളിൽ കാണാം. നവോത്ഥാനത്തെക്കുറിച്ചും ശാസ്ത്രവിപ്ലവത്തെക്കുറിച്ചും ഭക്തിപ്രസ്ഥാനത്തെക്കുറിച്ചും അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങൾ മനുഷ്യനെ അജ്ഞത, അടിച്ചമർത്തൽ, അസമത്വം, അനീതി എന്നിവയിൽനിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഗുണാത്മകമായ അർത്ഥം കണ്ടെത്താൻ സഹായിക്കുന്നവയായിരുന്നു.

 

ചെറുപ്പക്കാർക്ക് സമീപിക്കാവുന്ന, അവരുടെ ആശയങ്ങളോട് സംവേദനക്ഷമത പുലർത്തിയ ബുദ്ധിജീവിയെന്ന നിലയിൽ പി.ജിയെ സഹപ്രവർത്തകർ ഓർക്കുന്നു. അദ്ദേഹത്തിന്റെ പ്രസക്തി, നമുക്ക് ഉത്തരങ്ങളുടെ ഒരു ശേഖരം അവശേഷിപ്പിച്ചു എന്നതിലല്ല; ലോകത്തെ വിമർശനാത്മകമായി വായിക്കാനുള്ള രീതിയാണ് നൽകിയത് എന്നതിലാണ്. വ്യാജചരിത്രങ്ങൾ സ്ഥാപനപരമായ അംഗീകാരം നേടുകയും ഹിന്ദുത്വ രാഷ്ട്രീയം സാംസ്കാരിക മേധാവിത്വം ഉറപ്പിക്കാൻ ശ്രമിക്കുകയും നവലിബറൽ മുതലാളിത്തം നമ്മുടെ ജീവിതത്തിന്റെ ഭൗതിക സാഹചര്യങ്ങളെ പുനഃക്രമീകരിക്കുകയും ചെയ്യുന്ന കാലത്ത്, ഈ രീതി ചരിത്രത്തെയും മാധ്യമങ്ങളെയും മതത്തെയും സംസ്കാരത്തെയും ഒരുമിച്ച് പരിശോധിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.

നാം ചോദിക്കേണ്ടത് ആരാണ് ശരി എന്നുമാത്രമല്ല; ഏത് ചരിത്രമാണ് മറച്ചുവയ്ക്കപ്പെടുന്നത്, ഏത് താൽപര്യങ്ങളാണ് അറിവിന്റെ പ്രചരണത്തെ നിയന്ത്രിക്കുന്നത്, ഏതെല്ലാം സാമൂഹികബന്ധങ്ങളാണ് അസമത്വത്തെ നിലനിർത്തുന്നത്, അവയെ മാറ്റാനുള്ള ഏത് ചോദ്യങ്ങളാണ് വിമോചനത്തിന്റെ സാധ്യതകൾ തുറക്കുന്നത് എന്നുകൂടിയാണ്.

ഉപസംഹാരം

തുടക്കത്തിലെ ചിത്രത്തിലേക്ക് മടങ്ങാം: തുറന്നുകിടക്കുന്ന വാതിലുകൾ. സിദ്ധാന്തത്തിലേക്കും കലയിലേക്കും ശാസ്ത്രത്തിലേക്കും കേരളത്തിന്റെ സ്വന്തം ചരിത്രത്തിലേക്കും ലോകത്തിന്റെ ചിന്തകളിലേക്കും പി.ജി. വാതിലുകൾ തുറന്നിട്ടു. എന്നാൽ ആ വാതിലുകൾക്കു പിന്നിൽ കാത്തിരുന്നത് തയ്യാറാക്കിവച്ച ഉത്തരങ്ങളായിരുന്നില്ല, ചോദ്യങ്ങളായിരുന്നു. മനുഷ്യനെ അജ്ഞതയിൽ നിന്നും അടിച്ചമർത്തലിൽ നിന്നും അസമത്വത്തിൽ നിന്നും അനീതിയിൽ നിന്നും മോചിപ്പിക്കാനുള്ള ശ്രമങ്ങളുടെ അർത്ഥം തേടുന്ന ചോദ്യങ്ങൾ. തന്റെ ബൗദ്ധികവും രാഷ്ട്രീയവുമായ ജീവിതത്തിലൂടെ അദ്ദേഹം വരുംതലമുറകൾക്കായി അവശേഷിപ്പിക്കാൻ ആഗ്രഹിച്ച സന്ദേശം ഇതുതന്നെയാകാം.

അടച്ചുപൂട്ടിയ മുറികളിൽ ഉത്തരങ്ങൾ കാവൽ നിൽക്കുന്ന ഇന്നത്തെ ലോകത്ത്, ആ തുറന്ന വാതിലുകൾക്ക് ഒരു ശതാബ്ദിയുടെ ഓർമ്മയേക്കാൾ വലിയ അർത്ഥമുണ്ട്. പി.ജിയുടെ ലോകം ഒരു മ്യൂസിയമല്ല, ഒരു പണിശാലയാണ്. അവിടെ നിന്ന് ഇറങ്ങുമ്പോൾ നാം കൊണ്ടുപോകേണ്ടത് ഒരു ഉത്തരമല്ല, ഒരു ചോദ്യമാണ്. ആ ചോദ്യം തുടരേണ്ട ചുമതല ഇനി നമ്മുടെ തലമുറയ്ക്കാണ്.

Hot this week

ആർ. ചേരൻ: കത്തുന്നൊരു ജന്മഭൂമിയെ വാക്കുകളിൽ പേറിയ കവി

  യുദ്ധവും പലായനവും പ്രതിരോധവും ഓർമ്മകളും ചേർന്ന് ഒരു ജനതയുടെ മുറിവുകളെ അനശ്വരമായ...

ലൈറ്റു മരിച്ചേ ഒരു തുടർനാടകം

(കാലടിശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർഥികൾ ലൈറ്റ് മരിച്ചേ എന്ന നാടകം കളിച്ചതിന്...

കുടിയൊഴിപ്പിക്കലും പുനരധിവാസവും: കേരളത്തിലെ അനുഭവം

വികസന പ്രൊജക്ടുകൾക്കായി താമസസ്ഥലത്തുനിന്നും പ്രദേശവാസികളെ കുടിയൊഴിപ്പിക്കുന്നതിനെക്കുറിച്ചും പുനരിധിവാസത്തെക്കുറിച്ചും സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ അനേകം...

ഭാഷയ്ക്കും അക്ഷരങ്ങൾക്കും ഒരു മ്യൂസിയം

“മനുഷ്യ ജീവിതത്തിന്റെ ഒരംശത്തിന്റെ വ്യാഖ്യാനമാണ് കഥ”എന്ന കാരൂർ നീലകണ്ഠപ്പിള്ളയുടെ മനോഹരമായ വരിയാണ്...

Topics

ആർ. ചേരൻ: കത്തുന്നൊരു ജന്മഭൂമിയെ വാക്കുകളിൽ പേറിയ കവി

  യുദ്ധവും പലായനവും പ്രതിരോധവും ഓർമ്മകളും ചേർന്ന് ഒരു ജനതയുടെ മുറിവുകളെ അനശ്വരമായ...

ലൈറ്റു മരിച്ചേ ഒരു തുടർനാടകം

(കാലടിശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർഥികൾ ലൈറ്റ് മരിച്ചേ എന്ന നാടകം കളിച്ചതിന്...

കുടിയൊഴിപ്പിക്കലും പുനരധിവാസവും: കേരളത്തിലെ അനുഭവം

വികസന പ്രൊജക്ടുകൾക്കായി താമസസ്ഥലത്തുനിന്നും പ്രദേശവാസികളെ കുടിയൊഴിപ്പിക്കുന്നതിനെക്കുറിച്ചും പുനരിധിവാസത്തെക്കുറിച്ചും സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ അനേകം...

ഭാഷയ്ക്കും അക്ഷരങ്ങൾക്കും ഒരു മ്യൂസിയം

“മനുഷ്യ ജീവിതത്തിന്റെ ഒരംശത്തിന്റെ വ്യാഖ്യാനമാണ് കഥ”എന്ന കാരൂർ നീലകണ്ഠപ്പിള്ളയുടെ മനോഹരമായ വരിയാണ്...

കാഴ്‌ചയും കാഴ്‌ചക്കപ്പുറവും

തുടർച്ചയായി നടക്കുന്ന സ്റ്റോക്കിങ്‌ കൊലപാതകങ്ങളെയും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെയും തടയാൻ പൊലീസും മാനസികാരോഗ്യ...

പ്രകൃതിയിലെ വിസ്മയങ്ങൾ -എഴുത്താണിപ്പച്ച

Acanthaceae സസ്യകുടുംബത്തിൽപ്പെട്ട, പടർന്നു വളരുന്നതും എന്നാൽ അടിഭാഗം കാഷ്ഠനിർമ്മിതവു (woody) മായിരിക്കുന്ന...

നിറങ്ങൾ തൻ നൃത്തം – ബദ്രി നാരായണൻ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം 1929...
spot_img

Related Articles

Popular Categories

spot_imgspot_img