ഭാഷയ്ക്കും അക്ഷരങ്ങൾക്കും ഒരു മ്യൂസിയം

ജി സാജൻ

“മനുഷ്യ ജീവിതത്തിന്റെ ഒരംശത്തിന്റെ വ്യാഖ്യാനമാണ് കഥ”എന്ന കാരൂർ നീലകണ്ഠപ്പിള്ളയുടെ മനോഹരമായ വരിയാണ് ഈ മ്യൂസിയത്തിലേക്ക് നമ്മളെ സ്വാഗതം ചെയ്യുന്നത്.

അക്ഷരം മ്യൂസിയം കോട്ടയം

കോട്ടയത്ത് ഭാഷയ്ക്കും അക്ഷരത്തിനും വേണ്ടി ഒരു മ്യൂസിയം തുടങ്ങുമ്പോൾ അവിടെ നമ്മളെ സ്വീകരിക്കുന്നത് കോട്ടയംകാരനായ കാരൂർ ആകുന്നത് എത്ര സ്വാഭാവികം. ഇത്രയും മനോഹരമായ ഒരു മ്യൂസിയം കോട്ടയത്തുണ്ടെന്ന് എത്രപേർക്കറിയാം?

കോട്ടയം നഗരത്തിൽനിന്ന് നാലു കിലോമീറ്ററോളം അകലെ, എം.സി. റോഡിനരികിൽ നാട്ടകത്ത് സ്ഥിതിചെയ്യുന്ന അക്ഷരം മ്യൂസിയം കണ്ടിറങ്ങുമ്പോൾ മനസ്സിൽ ആദ്യം തോന്നിയത് ഇത്രയും മനോഹരവും വിജ്ഞാനപ്രദവുമായ ഒരു മ്യൂസിയം കേരളത്തിലുണ്ടെന്ന് എത്രപേർക്കറിയാം എന്നാണ്. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ (എസ്.പി.സി.എസ്.) നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന ഈ മ്യൂസിയത്തെ ഇന്ത്യയിലെ ആദ്യത്തെ ഭാഷാ-സാഹിത്യ-സാംസ്കാരിക മ്യൂസിയം എന്നാണ് സംഘാടകർ വിശേഷിപ്പിക്കുന്നത്.

കേവലം പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും ചരിത്രം പറയുന്ന ഒരിടമല്ല ഇത്. മനുഷ്യൻ എങ്ങനെ ഭാഷ കണ്ടെത്തി, ശബ്ദങ്ങളെ അക്ഷരങ്ങളാക്കി, അറിവിനെ ലിപികളിലൂടെ രേഖപ്പെടുത്തി, അച്ചടിയുടെ സഹായത്തോടെ അത് സമൂഹത്തിന്റെ പൊതുസ്വത്താക്കി മാറ്റി എന്ന ദീർഘമായ ചരിത്രത്തിലേക്കുള്ള ഒരു യാത്രയാണ് അക്ഷരം മ്യൂസിയം. മനുഷ്യസംസ്കാരത്തിന്റെ വളർച്ചയിൽ ഭാഷയ്ക്കും എഴുത്തിനുമുള്ള സ്ഥാനം എത്ര വലുതാണെന്ന് ഓർമിപ്പിക്കുന്ന ഈ മ്യൂസിയം, മലയാളിയുടെ സാംസ്കാരിക ചരിത്രത്തെ കൂടുതൽ വിശാലമായ ഒരു ലോകചരിത്രത്തിന്റെ ഭാഗമായിക്കൂടിയാണ് അവതരിപ്പിക്കുന്നത്.

വാമൊഴിയിൽനിന്ന് അക്ഷരങ്ങളിലേക്ക്

ഭാഷയുടെ ഉൽപ്പത്തിയെക്കുറിച്ചും വികാസത്തെക്കുറിച്ചുമുള്ള അവതരണമാണ് മ്യൂസിയത്തിലെ ഏറ്റവും കൗതുകകരമായ ഭാഗങ്ങളിലൊന്ന്. മനുഷ്യൻ ആശയവിനിമയത്തിനായി ഉപയോഗിച്ച ശബ്ദങ്ങളിൽനിന്ന് വാമൊഴിയിലേക്കും പിന്നീട് ഗുഹാചിത്രങ്ങളിലേക്കും ചിത്രലിപികളിലേക്കും അക്ഷരലിപികളിലേക്കും മനുഷ്യസമൂഹങ്ങൾ സഞ്ചരിച്ച വഴികൾ ഇവിടെ ദൃശ്യവൽക്കരിച്ചിരിക്കുന്നു.

നമ്മൾ ദിവസവും ഉപയോഗിക്കുന്ന ഭാഷയുടെയും അക്ഷരങ്ങളുടെയും പിന്നിൽ ആയിരക്കണക്കിനു വർഷങ്ങളുടെ മനുഷ്യാനുഭവങ്ങളും അന്വേഷണങ്ങളും പരീക്ഷണങ്ങളുമുണ്ടെന്ന് ഈ അവതരണം ഓർമിപ്പിക്കുന്നു. ഭാഷ എന്നത് ആശയവിനിമയത്തിനുള്ള ഒരു ഉപകരണം മാത്രമല്ല; മനുഷ്യന്റെ ഓർമയും അനുഭവവും അറിവും തലമുറകളിലേക്ക് കൈമാറാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നുകൂടിയാണ്. മലയാളലിപിയുടെ ചരിത്രവും അത്രതന്നെ വിശദമായി ഇവിടെ അവതരിപ്പിക്കുന്നു.

വട്ടെഴുത്ത്, കോലെഴുത്ത് തുടങ്ങിയ പഴയ ലിപിരൂപങ്ങളിൽനിന്ന് ഇന്നത്തെ മലയാളലിപിയിലേക്കുള്ള പരിണാമം കാണുമ്പോൾ അക്ഷരങ്ങൾ എത്രമാത്രം മാറിയിട്ടുണ്ടെന്ന് തിരിച്ചറിയാം. ഭാഷയും ലിപിയും ചരിത്രത്തിൽ ഒരിടത്ത് ഉറച്ചുനിൽക്കുന്നവയല്ല. സാമൂഹികമായ ആവശ്യങ്ങൾക്കും സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കുമൊപ്പം അവയും മാറിക്കൊണ്ടിരിക്കുന്നു. പഴയ ലിപിരൂപങ്ങളെ പുസ്തകങ്ങളിൽനിന്നു മാത്രം പരിചയപ്പെട്ടിട്ടുള്ള ഒരാൾക്ക് അവയെ ദൃശ്യരൂപത്തിൽ അടുത്തുനിന്ന് കാണാനുള്ള അവസരം കൂടിയാണിത്.

അച്ചടിയുടെ ചരിത്രം: അറിവിന്റെ ജനാധിപത്യവൽക്കരണം

മലയാളിയുടെ സാംസ്കാരിക ചരിത്രത്തിൽ അച്ചടിക്കുള്ള സ്ഥാനം നിർണായകമാണ്. അച്ചടിയുടെ വരവിനു മുമ്പ് കൈയെഴുത്തുപ്രതികളിലൂടെ പരിമിതമായ ഇടങ്ങളിൽ മാത്രം പ്രചരിച്ചിരുന്ന അറിവിന് അച്ചടി വലിയൊരു ജനാല തുറന്നുകൊടുത്തു. പുസ്തകങ്ങൾ കൂടുതൽ പേരിലേക്ക് എത്തി. പുതിയ വായനാസമൂഹങ്ങൾ രൂപപ്പെട്ടു. വിദ്യാഭ്യാസത്തിന്റെയും സാമൂഹിക പരിഷ്കരണത്തിന്റെയും രാഷ്ട്രീയബോധത്തിന്റെയും വളർച്ചയിൽ അച്ചടി പ്രധാന പങ്കുവഹിച്ചു. അച്ചടിയുടെ ചരിത്രത്തിനും അച്ചടി സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കും അക്ഷരം മ്യൂസിയത്തിൽ പ്രത്യേക ഇടമുണ്ട്. ആദ്യകാല മലയാള പുസ്തകങ്ങൾ, അച്ചടിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച അച്ചടിശാലകൾ, അച്ചടിയുമായി ബന്ധപ്പെട്ട സാങ്കേതികമാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ കാണാം.

മലയാളത്തിലെ ആദ്യകാല അച്ചടിപ്രസിദ്ധീകരണങ്ങളുടെ ചരിത്രം മുതൽ കേരളത്തിലെ പ്രധാന അച്ചടിശാലകളുടെ സംഭാവനകൾ വരെയുള്ള ഈ അവതരണം സാഹിത്യപ്രേമികൾക്കു മാത്രമല്ല, കേരളത്തിന്റെ സാമൂഹികചരിത്രത്തിൽ താൽപ്പര്യമുള്ളവർക്കും പ്രയോജനപ്പെടും.കോട്ടയത്തെ സി എം എസ് പ്രസ്സിലാണ് മലയാളത്തിൽ ആദ്യമായി ഒരു പുസ്തകം അച്ചടിക്കുന്നത്. ആ നിലയിൽ കോട്ടയത്തിന് ഈ മ്യൂസിയം ലഭിച്ചത് ഏറെ കൗതുകകരമാണ്. മലയാള പ്രസാധനരംഗത്തിന്റെ ചരിത്രവുമായി കോട്ടയത്തിനുള്ള ബന്ധം സുപരിചിതമാണെങ്കിലും ആ ചരിത്രത്തെ ഒരു സമഗ്രമായ മ്യൂസിയത്തിന്റെ രൂപത്തിൽ അവതരിപ്പിക്കുന്നത് നഗരത്തിന്റെ സാംസ്കാരിക പ്രാധാന്യത്തിന് പുതിയൊരു മാനം നൽകുന്നു.

ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഭാഷകളുടെ ലോകം

മ്യൂസിയത്തിലെ മറ്റൊരു പ്രധാന ആകർഷണം കേരളത്തിലെ ഗോത്രഭാഷകൾക്കും ദ്രാവിഡ ഭാഷകൾക്കുമായി ഒരുക്കിയിരിക്കുന്ന ഗാലറിയാണ്. കേരളത്തിലെ 36 ഗോത്രഭാഷകളെക്കുറിച്ചുള്ള അവതരണം ഭാഷാവൈവിധ്യത്തിന്റെ പ്രാധാന്യം നമ്മെ ഓർമിപ്പിക്കുന്നു. ഒരു സമൂഹത്തിന്റെ ഭാഷയിൽ അതിന്റെ ജീവിതാനുഭവങ്ങളും പ്രകൃതിയുമായുള്ള ബന്ധവും അറിവിന്റെ സവിശേഷ രൂപങ്ങളും ചരിത്രവും അടങ്ങിയിരിക്കുന്നു. ഭാഷകൾ അപ്രത്യക്ഷമാകുമ്പോൾ നഷ്ടമാകുന്നത് ചില വാക്കുകൾ മാത്രമല്ല; ഒരു ജനത ലോകത്തെ മനസ്സിലാക്കിയ രീതിയും അതിന്റെ സാംസ്കാരിക ഓർമയുടെ വലിയൊരു ഭാഗവുമാണ്.

മലയാളം പോലുള്ള വലിയ ഭാഷകളുടെ ചരിത്രം പഠിക്കുമ്പോൾ അവയ്ക്കൊപ്പം നിലനിൽക്കുന്ന ചെറുഭാഷകളെക്കുറിച്ചും അറിയേണ്ടതുണ്ട്. ഭാഷകളുടെ വൈവിധ്യത്തെ ഒരേ വേദിയിൽ അവതരിപ്പിക്കുന്നതിലൂടെ അക്ഷരം മ്യൂസിയം ഈ പ്രാധാന്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

സാഹിത്യകാരന്മാരുടെ കൈയൊപ്പുകളും ശബ്ദങ്ങളും

സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ചരിത്രവും കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ചയും അവതരിപ്പിക്കുന്ന ഗാലറിയും മ്യൂസിയത്തിലുണ്ട്. മലയാള സാഹിത്യലോകത്തെ എഴുത്തുകാരുടെ സംഭാവനകൾ പുസ്തകങ്ങളുടെ പേരുകളിലും പ്രസിദ്ധീകരണങ്ങളുടെ കണക്കുകളിലും ഒതുങ്ങുന്നതല്ലെന്ന് ഇവിടെ തിരിച്ചറിയാം. പ്രമുഖ മലയാള സാഹിത്യകാരന്മാരുടെ ഇരുന്നൂറിലേറെ കൈയെഴുത്തുപ്രതികളും തൊണ്ണൂറിലേറെ എഴുത്തുകാരുടെ ശബ്ദരേഖകളും ഡിജിറ്റൽ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

അക്ഷരം മ്യൂസിയത്തിന്റെ മികവ് അതിൽ ശേഖരിച്ചിരിക്കുന്ന വിവരങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. അവ അവതരിപ്പിച്ചിരിക്കുന്ന രീതിയും ശ്രദ്ധേയമാണ്. നല്ല ദൃശ്യവിന്യാസം, ധാരാളം വീഡിയോകൾ, ഡിജിറ്റൽ അവതരണങ്ങൾ, പ്രദർശനങ്ങളോടൊപ്പം വിവരങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന സംവിധാനങ്ങൾ എന്നിവ സന്ദർശനത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു. ഒരു തിയേറ്ററും മ്യൂസിയത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ വാസ്തുവിദ്യയും എടുത്തുപറയേണ്ടതാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അനന്യമായ വാസ്തുശില്പശൈലി മ്യൂസിയത്തിന് സവിശേഷമായ ഒരു രൂപം നൽകുന്നു. വിശാലമായ ഒരു ക്യാമ്പസ് ഇവിടെയുണ്ട്. അവിടെ മനോഹരമായ ധാരാളം ശില്പങ്ങളുടെ വിന്യാസവുമുണ്ട്. സാസ്കാരിക സായാഹ്നങ്ങൾക്ക് ഏറ്റവും ഉചിതമായ ഒരു സ്ഥലം.

മ്യൂസിയം സെക്രട്ടറി രാജീവനാണ് ഞങ്ങൾക്ക് അക്ഷരം മ്യൂസിയം പരിചയപ്പെടുത്തിയത്. ഓരോ ഗാലറിയുടെയും ആശയവും അതിനു പിന്നിലുള്ള ചരിത്രവും വിശദീകരിച്ചുകൊണ്ട് അദ്ദേഹം നടത്തിയ അവതരണം മ്യൂസിയത്തെ കൂടുതൽ അടുത്തറിയാൻ സഹായിച്ചു.

സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ പ്രസിഡന്റ് പി.കെ. ഹരികുമാർ എസ്.എഫ്.ഐ. കാലംമുതലുള്ള സുഹൃത്താണ്. എന്നാൽ ഞങ്ങൾ മ്യൂസിയത്തിലെത്തിയ ദിവസം ഹരികുമാറിനെ കാണാൻ കഴിഞ്ഞില്ല. അദ്ദേഹത്തെ കാണാനായില്ലെന്ന ചെറിയ നിരാശയുണ്ടായിരുന്നെങ്കിലും മ്യൂസിയം കണ്ടിറങ്ങിയപ്പോൾ മനസ്സിൽ നിറഞ്ഞത് അതിന്റെ വലിപ്പവും സാധ്യതകളുമായിരുന്നു.

 

Hot this week

കാഴ്‌ചയും കാഴ്‌ചക്കപ്പുറവും

തുടർച്ചയായി നടക്കുന്ന സ്റ്റോക്കിങ്‌ കൊലപാതകങ്ങളെയും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെയും തടയാൻ പൊലീസും മാനസികാരോഗ്യ...

പ്രകൃതിയിലെ വിസ്മയങ്ങൾ -എഴുത്താണിപ്പച്ച

Acanthaceae സസ്യകുടുംബത്തിൽപ്പെട്ട, പടർന്നു വളരുന്നതും എന്നാൽ അടിഭാഗം കാഷ്ഠനിർമ്മിതവു (woody) മായിരിക്കുന്ന...

നിറങ്ങൾ തൻ നൃത്തം – ബദ്രി നാരായണൻ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം 1929...

ചൈനീസ് സവിശേഷതകളോടു കൂടിയ സോഷ്യലിസം ; ഭാഗം-നാല്

1840-കളുടെ അവസാന പകുതിയിൽ മാർക്‌സും ഏംഗത്സും മുതലാളിത്ത സമൂഹത്തിൻ്റെ സാമ്പത്തിക ചരിത്രവും...

ഒരു പ്രകാശ ദിവസം പിന്നിടുന്ന താരാപഥ സഞ്ചാരി – വോയജർ 1

ബഹിരാകാശ ചരിത്രത്തിൽ ആദ്യമായാണ് മനുഷ്യ നിർമിതമായ ഒരു സ്പേസ്ക്രാഫ്റ്റ് സൗരയൂഥത്തിന്ന് പുറത്ത്...

Topics

കാഴ്‌ചയും കാഴ്‌ചക്കപ്പുറവും

തുടർച്ചയായി നടക്കുന്ന സ്റ്റോക്കിങ്‌ കൊലപാതകങ്ങളെയും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെയും തടയാൻ പൊലീസും മാനസികാരോഗ്യ...

പ്രകൃതിയിലെ വിസ്മയങ്ങൾ -എഴുത്താണിപ്പച്ച

Acanthaceae സസ്യകുടുംബത്തിൽപ്പെട്ട, പടർന്നു വളരുന്നതും എന്നാൽ അടിഭാഗം കാഷ്ഠനിർമ്മിതവു (woody) മായിരിക്കുന്ന...

നിറങ്ങൾ തൻ നൃത്തം – ബദ്രി നാരായണൻ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം 1929...

ചൈനീസ് സവിശേഷതകളോടു കൂടിയ സോഷ്യലിസം ; ഭാഗം-നാല്

1840-കളുടെ അവസാന പകുതിയിൽ മാർക്‌സും ഏംഗത്സും മുതലാളിത്ത സമൂഹത്തിൻ്റെ സാമ്പത്തിക ചരിത്രവും...

ഒരു പ്രകാശ ദിവസം പിന്നിടുന്ന താരാപഥ സഞ്ചാരി – വോയജർ 1

ബഹിരാകാശ ചരിത്രത്തിൽ ആദ്യമായാണ് മനുഷ്യ നിർമിതമായ ഒരു സ്പേസ്ക്രാഫ്റ്റ് സൗരയൂഥത്തിന്ന് പുറത്ത്...

ചൈനീസ് സവിശേഷതകളോടു കൂടിയ സോഷ്യലിസം ; ഭാഗം- മൂന്ന്

കോളേജ് വിദ്യാഭ്യാസത്തിനുശേഷം 1841- ൽ മാർക്സ് രാഷ്ട്രീയ പോരാട്ടങ്ങളിൽ സജീവമാകാൻ തുടങ്ങി....

കർഷകർ മാറ്റത്തിന്റെ ചാലകശക്തി :വിജു കൃഷ്ണൻ 

അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറിയും സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗവുമായ...

ഇന്റർനെറ്റ് പൗരന്‍റെ മൗലികാവകാശ൦

 നമ്മുടെ ജീവിതത്തില്‍ ഇന്റർനെറ്റ് എന്നത് വെറും ഒരു സൗകര്യം മാത്രമല്ല. അത്...
spot_img

Related Articles

Popular Categories

spot_imgspot_img