കൊല്ലം നവോത്ഥാന ചിന്തകളുടെയും തൊഴിലാളി രാഷ്ട്രീയത്തിന്റെയും കളിത്തൊട്ടിൽ

പുത്തലത്ത് ദിനേശൻ, ചീഫ് എഡിറ്റർ, ദേശാഭിമാനി

പുത്തലത്ത് ദിനേശൻ, ചീഫ് എഡിറ്റർ, ദേശാഭിമാനി

രാജ്യത്തിന്റെ മതനിരപേക്ഷതയേയും, നാനാത്വത്തിൽ ഏകത്വ മെന്ന രാജ്യം വളർത്തിക്കൊണ്ടുവന്ന കാഴ്ചപ്പാടുകളേയും തകർക്കു ന്നവിധം മതരാഷ്ട്രവാദം രാജ്യത്ത് ശക്തിപ്പെട്ട് വന്നിരിക്കുകയാണ്. ഹിന്ദുത്വ രാഷ്ട്രീയശക്തികൾ രാജ്യത്തിന്റെ അധികാര കസേരയിലേക്കും എത്തിയിരിക്കുകയാണ്. ഇവർ അധികാരത്തിലെത്തുന്നതിന് ഉപയോഗിച്ച സുപ്രധാനമായ ഒരു മാർഗ്ഗം ചരിത്രത്തിലും, സംസ്കാരത്തിലും വിഷം കലർത്തിക്കൊണ്ട് ജനങ്ങളുടെ മനസ്സിൽ വിദ്വേഷം സൃഷ്ടിക്കുക എന്നുള്ളതായിരുന്നു. അതിന്റെ ആശയ സംഹിതകൾ വിവിധ രൂപങ്ങളിൽ നമ്മുടെ സമൂഹത്തിൽ വ്യാപിച്ച് തുടങ്ങിയിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തെ എങ്ങനെ പ്രതിരോധിക്കാമെന്നുള്ളതാണ് മതനിരപേക്ഷത കാംക്ഷിക്കുന്ന ഏതൊരു മനുഷ്യന്റേയും ഉള്ളിൽ ഉയർന്നുവരുന്ന ചോദ്യം. വിമർശനങ്ങളെ പ്രായോഗിക ബദലുകളിലേക്ക് വികസിപ്പിക്കുകയെന്നതാണ് നമ്മുടെ അടിയന്തര കടമ.

വർത്തമാനകാലത്തെ രാഷ്ട്രീയ സാഹചര്യത്തെ മറികടക്കുന്ന തിന് മുകളിൽ നിന്ന് കെട്ടിയേൽപ്പിക്കുന്ന ചരിത്രത്തെയും സംസ്കാര ത്തെയും കുറിച്ചുള്ള ധാരണകളെ തിരുത്തുകയെന്നത് പ്രധാനമാണ്. അതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപാധി നമ്മുടെ യഥാർത്ഥ ചരിത്രത്തേയും, സംസ്കാരത്തെയും പുറത്ത് കൊണ്ടുവരികയെന്നതാണ്. അതിനായി ജനങ്ങളെയാകെ അണിനിരത്തിക്കൊണ്ടുള്ള ജനകീയ ചരിത്രരീതി വികസിപ്പിക്കുകയെന്നുള്ളതാണ്. നമ്മുടെ ജീവിതത്തിനും, സംസ്കാരത്തിനും തന്നെ ഇത്തരം പ്രതിരോധത്തിന്റെ വലിയ നിര ഉണ്ട്. അവയെ മനസ്സിലാക്കാൻ ജനങ്ങളെയാകെ അണിനിരത്തിയുള്ള ജനകീയ ചരിത്രം സൃഷ്ടിക്കുകയെന്നത് പ്രധാനമാണ്. ഈ ദിശയിലുള്ള ഇടപെടലാണ് കൊല്ലം ജില്ലയിൽ എൻ എസ് പഠന കേന്ദ്രം നിർവ്വഹിച്ചിരിക്കുന്നത്. വർത്തമാനകാല ത്തിന്റെയും ഭാവിയുടെയും പ്രതിരോധമായി രൂപപ്പെടാവുന്ന ആശ യങ്ങളാണ് കൊല്ലം: ചരിത്രം, സംസ്കാരം, രാഷ്ട്രീയം എന്ന ഈ പുസ്തകത്തിലൂടെ നിർവ്വഹിക്കുന്നത്. വർത്തമാനകാല രാഷ്ട്രീയ ഇടപെടലിനായുള്ള കൊല്ലത്തിന്റെ ഉറച്ച കാൽവെയ്പാണ് ഇതെന്ന് നിസ്സംശയം പറയാം.

കൊല്ലത്തിന്റെ സംസ്കാരം രൂപപ്പെട്ടുവന്നത് ബഹുസ്വര സംസ്കാരങ്ങളുടെ കൂടിച്ചേരലുകളിലൂടെയും, നവോത്ഥാന മുന്നേറ്റ ങ്ങൾ സൃഷ്ടിച്ച ജനാധിപത്യബോധത്തിന്റെയും അടിത്തറയിലാണ്. ഇതിൽ നിന്നുകൊണ്ട് തൊഴിലാളി-കർഷക പ്രസ്ഥാനങ്ങൾ ജനകീയ രാഷ്ട്രീയത്തെ വികസിപ്പിച്ചെടുത്തു. അതിന്റെ അടിസ്ഥാനത്തിൽ വികസിച്ചുവന്നതാണ് ആധുനിക കാലത്തെ കൊല്ലത്തെ ജീവിതമെന്ന് കാണാം. ഒരു ജനതയുടെ ജീവിതത്തിന്റെ ഉപാധികളെ മനസ്സിലാക്കി അതിലൂടെ ലോകത്തെ കാണുന്ന ചരിത്ര രീതിയാണ് ജനകീയ ചരിത്രരചനയുടെ അടിസ്ഥാനം. അതിന്റെ ഇഴകളായി വ്യക്തികളും, സ്ഥാപനങ്ങളും, ചിന്തകളുമെല്ലാം കടന്നുവരുന്നുവെന്ന് മാത്രം. അവരിലൂടെ ചരിത്രം മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു.

പ്രാചീന കാലഘട്ടത്തിൽ തന്നെ സംസ്കാരത്തിന്റെ സ്പന്ദനങ്ങൾ കൊല്ലത്ത് ഉയർന്നുവന്നിരുന്നു. തെന്മല മേഖലയിൽ മഹാശിലാസംസ്കാരത്തിന്റെ ശേഷിപ്പുകൾ ഇതാണ് വ്യക്തമാക്കുന്നത്. സംസ്കാരത്തിന്റെ കുതിപ്പുകൾ രൂപപ്പെടുത്തുന്നതിന് വിദേശരാജ്യ ങ്ങളുമായുള്ള വിനിമയങ്ങൾ ഏറെ സഹായകമായി. പശ്ചിമഘട്ട ത്തിന്റെ ഓരങ്ങൾ തൊട്ട് അറബിക്കടലിന്റെ തീരങ്ങൾ വരെ നീളുന്ന കൊല്ലത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് വൈവിദ്ധ്യങ്ങളായ ഉൽപാദനങ്ങൾക്കും അടിസ്ഥാനമായിത്തീർന്നു. അവയെ വിദേശ രാജ്യങ്ങളുമായുള്ള കച്ചവട ബന്ധത്തിലൂടെ പുറത്തെത്തിക്കുകയെ ന്നത് കാർഷിക സമൂഹത്തിന്റെ ആവശ്യമായി മാറുകയും ചെയ്തു. ഈ പരസ്പര ബന്ധത്തിന്റെ അടിത്തറയിൽ വികസിച്ചുവന്നതാണ് കൊല്ലത്തിന്റെ സാംസ്കാരിക ജീവിതമെന്ന് കാണാനാവും.

പരസ്പര സഹായത്തോടെ മുന്നോട്ടുപോയ ഈ ജീവിത ക്രമം വിവിധങ്ങളായ മതങ്ങളെയും, അവരുടെ വിശ്വാസങ്ങളെയും പര സ്പരം അംഗീകരിച്ച് മുന്നോട്ടുപോകുന്ന സ്ഥിതിവിശേഷം സൃഷ്ടിച്ചു. അത്തരം ജീവിതത്തിന്റെ സാക്ഷ്യപത്രമായാണ് തരിസാപള്ളി ചെപ്പേട് നിലനിൽക്കുന്നത്. ജാതിയെ തൊഴിൽ കൂട്ടായ്മയെന്ന നിലയിൽ കാണുകയും, പരസ്പരം അംഗീകരിക്കുകയും ചെയ്യുന്ന സംസ്കാരമായിരുന്നു രൂപപ്പെട്ടുവന്നത്. കൊല്ലത്തിന്റെ മതനിര പേക്ഷ സംസ്കാരത്തിന്റെ അടിത്തറയായിത്തീർന്നത് ഈ സാമ്പത്തിക വിനിമയമാണ്.

വിദേശരാജ്യങ്ങളിൽ ചൈനയുമായാണ് പ്രധാനമായും കൊല്ലത്തിന് വിനിമയബന്ധമുണ്ടായിരുന്നത്. അതുകൊണ്ടാണ് ചൈന യുമായി ബന്ധപ്പെട്ട നിരവധി സ്ഥലനാമങ്ങൾ കൊല്ലത്തും പ്രാന്ത പ്രദേശങ്ങളിലും ഇന്നും നിലനിൽക്കുന്നത്. വിദേശ സഞ്ചാരികളുടെ യാത്രാവിവരണങ്ങളിൽ പ്രധാനപ്പെട്ട സ്ഥാനം കൊല്ലത്തിനുണ്ട്. ആ വിവരണങ്ങളിലെല്ലാം വ്യക്തമാകുന്നൊരു കാര്യം ചൈനക്കാരും അറബികളും കൊല്ലത്തെ വ്യാപാര കാര്യങ്ങളിൽ സജീവമായി ഇടപെട്ടിരുന്നുവെന്നതാണ്. കൊല്ലം അക്കാലത്ത് പ്രധാനപ്പെട്ട കപ്പൽനിർമ്മാണകേന്ദ്രം കൂടിയായിരുന്നു. അതേപോലെ നീലവും കുരുമുളകും ഇവിടുത്തെ പ്രധാനപ്പെട്ട കയറ്റുമതി ഉൽപ്പന്നങ്ങളായിരുന്നുവെന്നും വിദേശ സഞ്ചാരികളുടെ യാത്രാവിവരണങ്ങളിലൂടെ വ്യക്തമാകുന്നുണ്ട്. മതപരമായ യാതൊരു തരത്തിലുള്ള സംഘർഷങ്ങളോ ഏറ്റുമുട്ടലുകളോ കൊല്ലത്തിന്റെ പ്രാചീന ചരിത്രത്തിൽ എവിടെയും രേഖപ്പെടുത്തിയിട്ടില്ല.

1498-ൽ വാസ്കോഡഗാമ കേരളത്തിലേക്ക് വരികയും അറബി കളുടെ വ്യാപാര കുത്തക തകർത്ത് തങ്ങളുടെ ആധിപത്യം സ്ഥാപി ക്കാൻ പോർച്ചുഗീസുകാർ ശ്രമിക്കുകയും ചെയ്തതോടെ കേരളത്തിന്റെ കടൽത്തീരങ്ങളിൽ സംഘർഷങ്ങൾ രൂപപ്പെടുന്നു. യൂറോ പ്പിന്റെ അധിനിവേശ മോഹങ്ങളാണ് ഇത്തരം സംഘർഷം നമ്മുടെ നാട്ടിൽ രൂപപ്പെടുത്തിയത്. അതായത് കൊളോണിയൽ താൽപര്യങ്ങളാണ് സംഘർഷങ്ങൾ നമ്മുടെ സമൂഹത്തിൽ വിതച്ചതെന്നർത്ഥം. കൊല്ലം റാണി പോർച്ചുഗീസുകാർക്ക് തങ്കശ്ശേരിയിൽ ഒരു കോട്ട കെട്ടാൻ അനുവാദം നൽകി. കൊല്ലം യൂറോപ്യന്മാരുടെ സ്വാധീന മേഖലയായി മാറുകയും ചെയ്തു. കച്ചവട കുത്തക അറബികളിൽ നിന്നും കൈവശപ്പെടുത്തുന്നതിനായി പല സംഘട്ടനങ്ങളും കൊല്ലത്ത് നടന്നു. പോർച്ചുഗീസുകാരും, റാണിയുടെ നായർപ്പടയും, അറബികളും ഒന്നായി നിന്നുകൊണ്ടുള്ള സംഘർഷങ്ങൾ കൊല്ലത്തുണ്ടായി. കൊല്ലത്തെ വ്യാപാര കുത്തകയ്ക്കായി ഡച്ചുകാരും, പോർച്ചുഗീസുകാരും തമ്മിലുള്ള സംഘർഷങ്ങളും ഉടലെടുത്തു. ഡച്ചുകാരും, കൊല്ലം റാണിയും തമ്മിലുള്ള സംഘർഷങ്ങളും പതിവായിത്തീർന്നു. 1664 മാർച്ച് 2-ാം തീയ്യതി ഡച്ച് ഗവർണർ ന്യൂഹാഫും, കൊല്ലം റാണി ആഴിപ്പണ്ടാരിയും ചേർന്ന് ഒപ്പുവെച്ച വ്യാപാര കരാർ കൊല്ലം ചരിത്രത്തിലെ സുപ്രധാന സംഭവമാണ്.

തിരുവിതാംകൂറിന്റെ രാഷ്ട്രീയ കാര്യങ്ങളിൽ ഡച്ചുകാർ ഇടപെ ടാൻ തുടങ്ങിയതോടെ പുതിയ സംഘർഷങ്ങൾ വളർന്നുവന്നു. 1741-ൽ മാർത്താണ്ഡവർമ്മ കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തിയതോടെ ഡച്ചുകാർ കേരളത്തിൽനിന്ന് തന്നെ പിന്മാറി. പിന്നീട് ഈസ്റ്റ് ഇന്ത്യാ കമ്പനി വ്യാപാര കുത്തക നേടിയെടുത്തു. പിന്നീട് അവർ ഇന്ത്യയിലെ ഭരണാധികാരിയായി മാറിയപ്പോൾ തിരുവിതാംകൂർ അവരുടെ മേൽകോയ്മ അംഗീകരിക്കുകയും, അങ്ങനെ കൊല്ലം ബ്രിട്ടീഷ് മേൽകോയ്മക്ക് കീഴിൽ അമരുകയും ചെയ്തു. കൊളോണിയൽ രാഷ്ട്രീയത്തിന്റെ ഈ വരവ് കൊല്ലത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മാറ്റങ്ങൾ വരുത്തി. അതിന്റെ സംഘർഷങ്ങളും, സാംസ്കാരിക വിനിമയങ്ങളും കൊല്ലത്തിന്റെ മണ്ണിൽ കാണാവുന്നതാണ്.

ഇന്ത്യയിൽ രൂപപ്പെട്ടതും, ഇന്ത്യയിൽ ഇഴുകിച്ചേർന്നതുമായ മത സംസ്കാരങ്ങളെ ഉൾക്കൊണ്ടുകൊണ്ട് തന്നെയാണ് കൊല്ലവും മുന്നോട്ടുപോയത്. അശോക ചക്രവർത്തിയുടെ കാലംതൊട്ട് തന്നെ കൊല്ലം പ്രസിദ്ധമായ ബുദ്ധമതകേന്ദ്രമായിരുന്നു. ചൈനയും, കൊല്ലവുമായി ഉണ്ടായിരുന്ന ബന്ധങ്ങൾക്ക് അടിസ്ഥാനമായി നിന്നത് കച്ചവടവും, ബുദ്ധമതവും കൂടിയായിരുന്നു. ഈ രണ്ട് പ്രദേ ശങ്ങൾ തമ്മിൽ പരസ്പര വിനിമയത്തിന്റേതായ ഒരു രീതി കൊല്ലത്ത് വികസിച്ചു വന്നിട്ടുണ്ട്. ബി.സി മൂന്നാം നൂറ്റാണ്ട് മുതൽ എ.ഡി എട്ടാം നൂറ്റാണ്ട് വരെ കൊല്ലത്തെ പ്രബലമായ മതം ബുദ്ധമതമാ യിരുന്നു. എ.ഡി എട്ടാം നൂറ്റാണ്ടോടുകൂടി ബുദ്ധമതം തകർക്കപ്പെ ടുകയാണ്. ഇതിന്റെ അടയാളങ്ങളായി കൊല്ലം ജില്ലയിലെ മരുതൂർ, കുളങ്ങര, ശാസ്താംകോട്ട, ഭരണിക്കാവ്, കല്ലട തുടങ്ങിയ സ്ഥലങ്ങ ളിൽ നിന്ന് ബുദ്ധവിഗ്രഹങ്ങൾ കണ്ടെത്തുകയും ചെയ്യുന്നുണ്ട്.

എ.ഡി എട്ടാം നൂറ്റാണ്ടോടുകൂടി ബ്രാഹ്മണ മേധാവിത്വത്തിന്റെ രീതിയും, ജാതി വ്യവസ്ഥയുമെല്ലാം രൂപപ്പെട്ടുവരികയുമാണ് ചെയ്യു ന്നത്. ക്ഷേത്ര സംരക്ഷണത്തിനായി എട്ടര യോഗം എന്ന സംവി ധാനം തന്നെ ഉണ്ടായിരുന്നു. തരിസാപ്പള്ളിയിലെ ഒന്നാമത്തെ ചെപ്പേട് പരിശോധിച്ചാൽ ജാതി വ്യവസ്ഥയുടെയോ, ബ്രാഹ്മണ മേധാവിത്വത്തിന്റെയോ അടയാളങ്ങൾ അതിൽ കാണാൻ കഴിയുമായിരുന്നില്ല. തൊഴിൽനാമങ്ങൾ എന്ന നിലയിലാണ് ജാതി പേരുകൾ പ്രയോഗിക്കപ്പെട്ടത്. രണ്ടാം ചെപ്പേട് വരുമ്പോഴേക്കും ബ്രാഹ്മണ മേധാവിത്വത്തിന്റെ ചിന്തകൾ സമൂഹത്തിൽ സജീവമായിത്തീരുന്നുണ്ട് എന്ന് കാണാം. അങ്ങനെ എട്ടാം നൂറ്റാണ്ടോട് കൂടി തൊഴിൽ കൂട്ടായ്മകൾ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന വിഭാഗങ്ങൾ ജാതീയമായ ഉച്ചനീചത്വങ്ങളുടെ അടിസ്ഥാനത്തിൽ വേർതിരിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നു.

കൊല്ലത്തെ ജനസംഖ്യയിൽ രണ്ടാമത് കിടക്കുന്ന വിഭാഗമാണ് ക്രിസ്ത്യാനികൾ എ.ഡി 52-ൽ കേരളത്തിലെത്തിയ തോമാ ശ്ലീഹ സ്ഥാപിച്ച ഏഴര പള്ളികളിൽ ഒന്ന് കൊല്ലത്താണെന്ന് ഐതിഹ്യ മുണ്ട്. ആദ്യകാലത്ത് സിറിയൻ ക്രിസ്ത്യാനികളായിരുന്നു കൊല്ല ത്തുണ്ടായിരുന്നത്. സിറിയക് ഭാഷയിൽ കുർബാന കൈക്കൊള്ളുന്ന രീതിയായിരുന്നു അവർ സ്വീകരിച്ചിരുന്നത്. 1329-ൽ കൊല്ലത്ത് ലത്തീൻ കത്തോലിക്ക രൂപത സ്ഥാപിക്കപ്പെടുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്ക രൂപതയായിരുന്നു അത്. പോർച്ചുഗീസ് സാന്നിദ്ധ്യം കൊല്ലത്തെ കത്തോലിക്ക സഭയുടെ വികാസത്തിന് സഹായകമായിത്തീർന്നു. പിന്നീട് കൊല്ലത്ത് ലണ്ടൻ മിഷൻ സൊസൈറ്റിയും പ്രവർത്തനം തുടങ്ങി. ഇതിന്റെ അടയാളമായി കൊല്ലം ശാരദ മഠത്തിന് തൊട്ട് കിഴക്ക് വശത്തുള്ള പള്ളി ഇന്നും ഇംഗ്ലീഷ് പള്ളിയെന്ന് അറിയപ്പെടുന്നു. സിറിയന് പകരം മലയാളം ആരാധന ഭാഷയായി സ്വീകരിച്ച വിഭാഗത്തെ മതഭ്രഷ്ടരാക്കിയതോടെ മാർത്തോമസ് സിറിയൻ ചർച്ചെന്ന പേരിൽ പുതിയ വിഭാഗമായി മാറി. ഇന്ന് നാല് ക്രൈസ്തവ വിഭാഗങ്ങൾ കൊല്ലത്ത് നിലനിൽക്കുന്നുണ്ട്. റോമൻ കത്തോലിക്ക സഭ, ഓർത്തഡോക്സ് സഭ, ആംഗ്ലിക്കൻ ചർച്ച്, നെസ്റ്റോറിയൻ ചർച്ച് എന്നിവയാണവ.

ഇസ്ലാം മതവും, കൊല്ലത്തിന്റെ സംസ്കാരത്തിൽ ചേർന്ന് നിന്ന് പോകുന്ന ഒന്നാണ്. എ.ഡി 851-ൽ കൊല്ലം സന്ദർശിച്ച സുലൈമാൻ എന്ന അറബ് സഞ്ചാരി കൊല്ലത്ത് ഇസ്ലാം മതവിശ്വാസികളെ കണ്ടില്ലെന്ന് രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ എ.ഡി 1291-ൽ കൊല്ലം സന്ദർശിച്ച ജോൺ ഓഫ് മോണ്ടി കോർവിനോ ഇസ്ലാം ജനവിഭാഗം കച്ചവടത്തിൽ സജീവ സാന്നിദ്ധ്യമായി എടുത്തുപറയുന്നുണ്ട്. 1298-ൽ കൊല്ലത്ത് വന്ന മാർക്കോപോളയും, 1943-ൽ കൊല്ലം സന്ദർശിച്ച ഇബ്ൻ ബെത്തൂത്തയും കൊല്ലത്തെ മുസ്ലീം കച്ചവടക്കാരെക്കുറിച്ചും പള്ളികളെക്കുറിച്ചും രേഖപ്പെടുത്തുന്നുണ്ട്. മാലിക് ദിനാർ കേരളത്തിലെ പല സ്ഥലങ്ങളിലും പള്ളി പണിയിക്കുകയുണ്ടായി. തന്റെ സഹോദര പുത്രനായ മാലിക് ഇബ്നു ഹബീബ് തന്റെ സമ്പാദ്യ ങ്ങളെല്ലാം എടുത്ത് കൊല്ലത്ത് വരികയും, അവിടെ ഒരു പള്ളി പണിയിച്ചതായും രേഖപ്പെടുത്തുന്നുണ്ട്. മാലിക് ഇബ്നു ദിനാറിന്റെ സന്തതി പരമ്പരകളിലൂടെയാണ് ഇസ്ലാം കൊല്ലത്ത് വികസിക്കുന്നത്. തമിഴ്നാടിന്റെ സജീവമായ സാന്നിദ്ധ്യവും, കച്ചവടബന്ധവും മുസ്ലീം വിഭാഗങ്ങളെ തമിഴ്നാട്ടിൽനിന്ന് കേരളത്തിലെത്തിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ മുസ്ലീം ജനവിഭാഗങ്ങളുമായുള്ള സജീവ ഇടപെടൽ കൊല്ലത്തെ മുസ്ലീം വിഭാഗങ്ങളിൽ കാണാവുന്നതാണ്. തിരുവിതാംകൂർ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങൾ കൂടി ഉൾക്കൊള്ളുന്നതായിരുന്നുവെന്നതിനാൽ ഇന്ന് കാണുന്നതുപോലുള്ള അതിർത്തികളായി അവ അനുഭവപ്പെട്ടിരുന്നില്ല എന്നിരുന്നതും പിൽക്കാല വികാസങ്ങൾക്ക് അടിസ്ഥാനമായിത്തീരുകയും ചെയ്തു.

പ്രാചീനമായ രാഷ്ട്ര സംസ്കൃതി പരിശോധിച്ചാൽ ആയ് രാജ വംശത്തിന്റെ ഭാഗമായിരുന്നു കൊല്ലമെന്ന് കാണാം. തിരുവനന്ത പുരത്ത് നിന്നും തെക്ക് വിഴിഞ്ഞം മുതൽ തിരുവല്ല വരെയുള്ള പ്രദേശങ്ങൾ ആയി രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു. എ.ഡി എട്ടാം നൂറ്റാണ്ടിൽ പാണ്ട്യരാജ്യം ഭരിച്ചിരുന്ന രാജപാണ്ഡ്യന്റെ ശാസനത്തിൽ വേണാടിനെക്കുറിച്ചുള്ള ആദ്യ പരാമർശം കാണാവുന്നതാണ്. മനോഹരമായ നാട് എന്ന അർത്ഥത്തിലാണ് വേണാടെന്ന പ്രയോഗം നടത്തിയിരിക്കുന്നത്. എ.ഡി 1046-ലെ മണിമംഗലം ലിഖിതത്തിൽ ചോളരാജാവായ രാജാധിരാജൻ വേണാട് രാജാവിനെ യുദ്ധത്തിൽ വധിച്ചതായി രേഖപ്പെടുത്തുന്നുണ്ട്. 14-‐ാം നൂറ്റാണ്ടോടെ വേണാടിന് ഉണ്ടായ മറ്റൊരു ശാഖയാണ് ഇളയടത്ത് സ്വരൂപം. കൊല്ല വർഷം ആറാം ശതകമാകുമ്പോഴേക്കും ഒമ്പതാം നൂറ്റാണ്ട് മുതൽ 17-ാം നൂറ്റാണ്ട് വരെ കേരളത്തിൽ ഏറ്റവും പ്രബലമായ വേണാടിന്റെ തലസ്ഥാനമായിരുന്നു കൊല്ലം. മാർത്താണ്ഡവർമ്മ 1742 ആഗസ്ത് 30-ന് വേണാട്ടടികളെ പരാജയപ്പെടുത്തിയതോടെ വേണാടെന്ന നാട്ടുരാജ്യം ചരിത്രത്തിൽ നിന്നും അപ്രത്യക്ഷമായിത്തീർന്നു. മാർത്താണ്ഡവർമ്മയുടെ വരവോടെ സാമ്രാജ്യ വികാസത്തിന്റെ ഭാഗമായി കൊല്ലം തിരുവിതാംകൂറിന്റെ ഭാഗമായി മാറുകയായിരുന്നു. അതോടെ തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചലനങ്ങൾ കൊല്ലത്തിന്റെ സാമൂഹ്യജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്തു. തിരുവിതാംകൂർ ബ്രിട്ടീഷ് മേൽക്കോയ്മ സ്വീകരിച്ചതോടെ സാമ്രാജ്യത്വ ആധിപത്യത്തിന്റെ പിടിയിൽ കൊല്ലവും എത്തിച്ചേർന്നു.

ബ്രിട്ടീഷ് മോൽക്കോയ്മയ്ക്കെതിരായ പ്രതിരോധങ്ങളും കൊല്ല ത്തിന്റെ മണ്ണിൽ വിവിധ ഘട്ടങ്ങളിൽ ഉയർന്നുവന്നിട്ടുണ്ട്. അതിൽ പ്രധാനമായിട്ടുള്ളത് വേലുത്തമ്പിയുടെ പ്രതിരോധമായിരുന്നു. ഇ.എം.എസ് ചൂണ്ടിക്കാണിച്ചതുപോലെ നാടുവാഴി ദേശീയതയുടെ പ്രതീകമായിരുന്നു വേലുത്തമ്പി. ബ്രിട്ടീഷ് വിരുദ്ധമായ സമരമെന്ന നിലയിൽ സാമ്രാജ്യത്വവിരുദ്ധമായിരുന്നുവെന്നതിനാൽ സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യരൂപമായി ഇതിനെ കണക്കാക്കാം. എന്നാൽ, പിൽക്കാലത്ത് കർഷക-തൊഴിലാളി പ്രസ്ഥാനങ്ങൾ മുന്നോട്ടുവെച്ച സ്വാതന്ത്ര്യ പ്രസ്ഥാനം പോലെ ഇത് ജന്മിത്ത വ്യവസ്ഥയ്ക്കോ, ജാതി വ്യവസ്ഥയ്ക്കോ എതിരായുള്ള ഒന്നായിരുന്നില്ല. ഇവിടെ നിലനിന്ന ജന്മിത്ത വ്യവസ്ഥയെ സംരക്ഷിക്കാനുള്ള സമരമെന്ന നിലയിലാണ് ഇത് പ്രത്യക്ഷപ്പെട്ടത്.

കേരളത്തിന്റെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് മുതലാളിത്ത വളർച്ച ആദ്യമായിത്തന്നെ പ്രത്യക്ഷപ്പെട്ട മേഖലയായിരുന്നു തിരു വിതാംകൂർ. അതിന്റെ ഭാഗമായ കൊല്ലവും അതിൽ നിന്ന് മാറിനിൽ ക്കുന്ന ഒന്നല്ല. കേരളത്തിലെ വ്യവസായത്തിലെ തൊഴിൽഘടന രൂപപ്പെട്ടുവന്നത് ആശാരി, മൂശാരി, കൊല്ലൻ, തട്ടാൻ, പെരുംകൊല്ലൻ, തച്ചൻ, വാണിയൻ, കുശവൻ, നെയ്ത്തുകാർ എന്നിവരെ കേന്ദ്രീകരിച്ചുകൊണ്ടാണ്. വിവിധ ഭരണാധികാരികൾ ഇവരെ താമസിപ്പിക്കുകയും പരമ്പരാഗതമായ തൊഴിൽ കൂട്ടങ്ങളെന്ന പേരിൽ ഇവർ പ്രവർത്തിക്കുകയും ചെയ്യുകയായിരുന്നു. ഇത്തരത്തിലുള്ള തൊഴിൽ കൂട്ടായ്മകളാണ് വ്യാവസായിക വിഭാഗം എന്ന നിലയിൽ കൊല്ലത്തുണ്ടായിരുന്നത്. വ്യാവസായിക ഉൽപ്പാദനം എന്നത് ഇവയെ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഇടപെടലിന്റെ ഭാഗമായി വ്യാവ സായിക രംഗത്തുവന്ന പ്രധാനപ്പെട്ട മാറ്റം തോട്ടം വ്യവസായങ്ങ ളുടെ വളർച്ചയാണ്. മലേഷ്യയിൽ നിന്നെത്തിയ റബ്ബർ ഇവിടെ പ്ലാന്റേഷൻ എന്ന നിലയിൽ വികസിച്ചുവരികയായിരുന്നു. 1902-ൽ കൊല്ലം കേന്ദ്രമാക്കി മലയാളം പ്ലാന്റേഷൻ എന്ന പേരിൽ റബ്ബർ കൃഷിക്കായി ഒരു കമ്പനി രൂപീകരിക്കപ്പെടുന്നുണ്ട്. കാർഷിക സമൂഹമായിരുന്ന കൊല്ലത്ത് കാർഷികാനുബന്ധ വ്യവസായം എന്ന നിലയിൽ കശുവണ്ടിയും, കയറും വികസിച്ചുവരുന്നതായി കാണാം. തോട്ടണ്ടി കൃഷിക്കാരിൽ നിന്നും സംഭരിക്കുകയെന്നത് സ്ത്രീകൾ ചെയ്യുന്ന ഗാർഹിക തൊഴിൽ എന്ന രീതിയിലാണ് കശുവണ്ടി വ്യവ സായം വളർന്നുവന്നത്. നാഗർകോവിലുകാരനായ റോസ് എഡ്വി നാണ് കൊല്ലത്തിനടുത്ത് താമരക്കുളത്ത് ആദ്യമായി ഒരു കശുവണ്ടി ഫാക്ടറി ആരംഭിക്കുന്നത്. കശുവണ്ടി വ്യവസായത്തെ ആധുനികവൽക്കരിക്കുന്നതിൽ സുപ്രധാനമായ പങ്കുവഹിച്ചത് തങ്ങൾ കുഞ്ഞ് മുസലിയാരാണ്. കൊല്ലത്തിനടുത്ത് കിളിക്കൊല്ലൂരിൽ അദ്ദേഹം ഒരു കശുവണ്ടി ഫാക്ടറി തന്നെ സ്ഥാപിക്കുകയും ചെയ്യുന്നു. ഇത് മറ്റ് സംരംഭങ്ങൾക്ക് പിന്നീട് മാർഗ്ഗദർശകമായിത്തീരുകയും ചെയ്തു.

സമൃദ്ധമായ കടൽത്തീരമുള്ളതുകൊണ്ട് തന്നെ കൊല്ലത്ത് മത്സ്യ ബന്ധനവും പ്രധാനപ്പെട്ട ഒരു ജീവനോപാധിയായിരുന്നു. വിവിധ ജാതിമതസ്ഥർ പ്രവർത്തിക്കുന്നുവെന്നതിനാൽ മത്സ്യബന്ധനത്തെ ഒരു ജാതിത്തൊഴിൽ എന്ന നിലയിൽ വിലയിരുത്താനാവുകയില്ല. മത്സ്യബന്ധനത്തിൽ വന്നുചേർന്ന ഓരോ വിഭാഗവും മത്സ്യത്തൊഴിലാളി സമൂഹത്തിൽ അലിഞ്ഞുചേരുകയാണുണ്ടായത്.

കൊല്ലത്തെ ആധുനിക വ്യവസായം വളർന്നുവന്ന മറ്റൊരു വഴി വനസമ്പത്തുമായി ബന്ധപ്പെട്ടുകൊണ്ടാണ്. പുനലൂരിലെ പേപ്പർ മിൽ. ഇതിന്റെ ഭാഗമായിരുന്നു. തമിഴ്നാട് സ്വദേശിയാണ് പുനലൂർ പേപ്പർ മില്ല് സ്ഥാപിക്കുന്നത്. 1930-ന് ശേഷം തിരുവിതാംകൂറിൽ ഒരു വ്യവസായ നയം പ്രഖ്യാപിക്കപ്പെടുകയും, അതിന്റെ അടിസ്ഥാ നത്തിൽ വ്യവസായ സ്ഥാപനങ്ങൾ സർക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും നേതൃത്വത്തിൽ ആരംഭിക്കുന്നുണ്ട്. ലോക മുത ലാളിത്തത്തിന്റെ വ്യവസ്ഥയുമായി കോളനി പ്രദേശങ്ങളെ ബന്ധി പ്പിച്ചുകൊണ്ട് മാത്രമേ തങ്ങളുടെ കച്ചവട താൽപര്യങ്ങൾ പൂർത്തീ കരിക്കാൻ സാമ്രാജ്യത്വത്തിന് കഴിയുമായിരുന്നുള്ളൂ. ഇത്തരമൊരു താൽപര്യത്തിന്റെ ഭാഗമായി ഗതാഗത സൗകര്യങ്ങളെ വികസിപ്പിക്കുകയെന്നത് പ്രധാനപ്പെട്ട ഒന്നായി അവർ കണ്ടു. ഒന്നാം ഘട്ടമെന്ന നിലയിൽ ജല ഗതാഗതത്തിനും, രണ്ടാം ഘട്ടമെന്ന നിലയിൽ റോഡ് നിർമ്മാണത്തിനും പ്രധാന്യം കൊടുക്കുന്ന നിലയുണ്ടായി. ഇതിന്റെ ഭാഗമായി ഗതാഗത രംഗത്ത് വലിയ തോതിലുള്ള വികസനം കൊല്ലത്ത് രൂപപ്പെട്ടുവന്നു. കൊല്ലം തുറമുഖ പട്ടണത്തിലേക്ക് ഉൾനാടുകളിൽ നിന്ന് കുരുമുളക് ഉൾപ്പെടെയുള്ള സുഗന്ധദ്രവ്യങ്ങളും മറ്റും എത്തിക്കുന്നതിനുള്ള സംവിധാനം എന്ന നിലയിലാണ് ഗതാഗത ശൃംഖലകൾ രൂപപ്പെട്ടുവരുന്നത്.

മാർത്താണ്ഡവർമ്മ കായലുകളെ നദികളുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ നേരത്തെ തന്നെ നടത്തിയിരുന്നു. പരവൂർ കനാൽ പോലുള്ളവ രൂപപ്പെടുന്നത് ഈ കാലഘട്ടത്തിലാണ്. ജലഗതാഗതത്തിൽ നിന്നും തുടർന്ന് റോഡ് ഗതാഗതത്തിന്റെ വളർച്ചയിലേക്ക് കൊല്ലം നയിക്കപ്പെടുന്നുണ്ട്. കൊല്ലം-ചെങ്കോട്ട റോഡ്, കൊല്ലം- ഈരാറ്റുപുഴ റോഡ് തുടങ്ങിയവ രൂപപ്പെട്ടുവരുന്നത് ഈ പശ്ചാത്തലത്തിലാണ്. കേരളത്തിന്റെ നെടുകെയും, കുറുകെയുമെല്ലാം റോഡുകൾ നിർമ്മിക്കുന്ന നിലയുണ്ടായി. പശ്ചാത്തല സൗകാര്യരംഗത്തുണ്ടായ വികസനം ജനങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കുന്ന നിലയുണ്ടായി. ബോട്ടും, ലോറിയും, ജീപ്പുമെല്ലാം ഇതിന്റെ ഭാഗമായി കൊല്ലത്ത് എത്തപ്പെട്ടു.

ജല ഗതാഗതത്തിനും, റോഡ് ഗതാഗതത്തിനും ശേഷം റെയിൽവെ രംഗത്തും വലിയ മാറ്റങ്ങളുണ്ടായി. കൊല്ലം- ചെങ്കോട്ട റെയിൽവെ ഇതിന്റെ ഭാഗമായി രൂപപ്പെട്ടുവന്നു. കൊല്ലം നഗരത്തിന്റെ വികാസ ചരിത്രം പരിശോധിച്ചാൽ രാജ കൊട്ടാരത്തെ കേന്ദ്രീകരിച്ചുകൊണ്ടല്ല നഗരം വികസിച്ചുവന്നത് എന്ന് കാണാം. കൊല്ലം തുറമുഖത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള വികസനമാണ് അവിടെ ഉണ്ടായത്. പോർച്ചുഗീസുകാരുടെ വാണിജ്യ കേന്ദ്രമായിരുന്നു തങ്കശ്ശേരി. ആധുനിക വാണിജ്യ കേന്ദ്രമായി വികസിച്ചുവന്നത് ചിന്നക്കട, ആശ്രാമം മേഖലകളാണ്. മത്സ്യബന്ധന കേന്ദ്രങ്ങളായിരുന്ന കാവനാട്, ശക്തികുളങ്ങര എന്നിവയെ കേന്ദ്രീകരിച്ചുകൊണ്ട് വികസനമുണ്ടായി. ചുരുക്കത്തിൽ വാണിജ്യ നഗരമെന്ന നിലയിൽ വികസിച്ചുവന്നതാണ് കൊല്ലം എന്ന് കാണാം.

നഗരങ്ങളുടെ വളർച്ച ഇടത്തരം വിഭാഗങ്ങളുടെ വികാസത്തി നിടയാക്കി. അവരുടെ ജീവിതാവശ്യങ്ങൾക്ക് ആവശ്യമായ സൗകര്യ ങ്ങൾ ഒരുക്കുകയെന്നത് പ്രധാനമായിത്തീർന്നു. അതിന്റെ അടിസ്ഥാനത്തിൽ നഗരവികസനം ഉണ്ടായി. ആധുനികമായ സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, അച്ചടി ശാലകൾ തുടങ്ങിയവ ഉയർന്നുവന്നു. കേരളത്തിലെ ആദ്യത്തെ അച്ചടിശാലയും, ആദ്യത്തെ പത്രവും കൊല്ലത്താണ് ഉണ്ടാകുന്നത്. കഴിഞ്ഞ നൂറ്റാണ്ടിൽ കൊല്ലത്ത് നിന്ന് തന്നെ ഇരുന്നൂറിൽപരം പത്ര മാസികകൾ പ്രസിദ്ധീകരിച്ചി രുന്നു. ആധുനിക വ്യവസായത്തിന്റെ വരവ് ജീവിത ക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. കൊല്ലത്തിന്റെ സാമൂഹ്യ ജീവിതത്തെയും പരമ്പരാഗത ജീവിതക്രമത്തെയും ഇത് ബാധിച്ചു.

ജാതിക്രമത്തിലും, ഇവിടുത്തെ പരമ്പരാഗതമായ ജീവിതക്രമ ത്തിലൊന്നും കൊളോണിയൽ അധികാരികൾ ഇടപെട്ടിരുന്നില്ല. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ തുടർന്ന് വിക്ടോറിയ രാജ്ഞി പുറപ്പെടുവിച്ച വിളംബരത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. നാട്ടിലെ ജനതയുടെ ജീവിതാചാരങ്ങളിൽ തങ്ങൾ ഇടപെടില്ലെന്നും ഉയർന്നുവരുന്ന പുതിയ ഉദ്യോഗങ്ങളിലും മറ്റും ഇന്ത്യക്കാരെ പരിഗണിക്കുമെന്നുമായിരുന്നു അതിൽ വ്യക്തമാക്കിയത്. ഇത്തരത്തിലുള്ള ഇടത്തരം തൊഴിലിലേക്ക് കടന്നുവരികയെന്ന മധ്യവർഗ്ഗ താൽപര്യമായിരുന്നുവല്ലോ ഇന്ത്യൻനാഷണൽ കോൺഗ്രസിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. പിന്നീട് കമ്മ്യൂണിസ്റ്റ് ആശയത്തിന്റെ ഇടപെടലാണല്ലോ സാമ്രാജ്യത്വവിരുദ്ധ പാതയിലേക്ക് അവരെ നയിച്ചത്.

ബ്രിട്ടീഷുകാർ ഇത്തരമൊരു നയം സ്വീകരിച്ചപ്പോൾ മിഷണറി മാർ മതപ്രചരണത്തിന്റെ ഭാഗമായി ജനജീവിതത്തിൽ ഇടപെടാൻ തുടങ്ങി. അയിത്തവും, അതിന്റെ ഭാഗമായുള്ള ആചാര മര്യാദകളുടെ പ്രശ്നങ്ങളും ഉയർന്നുവന്നു. ജാതീയമായ അവശതകൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ അവർ മുഴുകി. ഇതിന്റെ ഭാഗമായി അവർ ജനങ്ങളെ വിദ്യാസമ്പന്നരാക്കി മാറ്റുന്നതിനുള്ള വിദ്യാലയങ്ങൾ ആരംഭിച്ചു. ഉൽപ്പാദനശക്തികളുടെ വളർച്ചയിലെ മുരടിപ്പുകൊണ്ട് ആന്തരിക പരിവർത്തനം അസാധ്യമായ സമൂഹത്തിൽ പുറമെ നിന്നുള്ള ഇടപെടൽ ആവശ്യമാണെന്ന് മാർക്സ് നിരീക്ഷിച്ചിട്ടുണ്ട്. കേരളീയ സമൂഹത്തിലെ മിഷണറിമാരുടെ പ്രവർത്തനങ്ങൾ ഇത്തരത്തിലുള്ള വഴികൾ വെട്ടിത്തുറക്കുന്നതിന് തിരുവിതാംകൂറിൽ ഇടയായിട്ടുണ്ട് എന്ന് കാണാം. ഇത്തരം കാര്യങ്ങളെ അവരുടെ ധാർമ്മിക സംഹിതകൾക്കുള്ളിൽ നിന്ന് പരിഹരിക്കുകയെന്ന നയമാണ് അവർ മുന്നോട്ടുവെച്ചത്.

19-‐ാം നൂറ്റാണ്ടിൽ തിരുവിതാംകൂറിൽ ഭൂവുടമാ ബന്ധങ്ങളിൽ വരുത്തിയ അഴിച്ചുപണി തിരുവിതാംകൂറിൽ വലിയ മാറ്റങ്ങൾ രൂപ പ്പെടുത്തി. ഇടത്തരം വിഭാഗങ്ങൾ ഉയർന്നുവരുന്ന സാഹചര്യം സൃഷ്ടിച്ചു. അതുകൊണ്ട് തന്നെ പരമ്പരാഗതമായ സമൂഹത്തിലെ രീതികളെ ചോദ്യം ചെയ്യുന്ന നവോത്ഥാന മുന്നേറ്റങ്ങൾ രൂപപ്പെട്ടു വന്നു. കൊല്ലത്തെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ച ആശയങ്ങൾക്ക് സുപ്രധാനമായ പങ്കുണ്ട്. ഇ.എം.എസ് കേരള നവോത്ഥാനത്തിന്റെ മൂന്ന് പടികളിലൊന്നായി മുന്നോട്ടുവെക്കുന്ന 1888-ലെ അരുവിപ്പുറം പ്രതിഷ്ഠ ഈ രംഗത്തെ സുപ്രധാനമായ ചുവടുവെപ്പായിരുന്നു. മധ്യകാല ക്ഷേത്ര സങ്കൽപ ത്തിൽ അവർണ്ണർ പൂർണ്ണമായും മതിൽ കെട്ടുകൾക്ക് പുറത്തായി രുന്നു. ഇതിന് മാറ്റം വരുത്തി ക്ഷേത്രം പണിയാൻ ഒരു സ്ഥലവും, ദൈവ സങ്കല്പവുമുണ്ടെങ്കിൽ ആർക്കും ദൈവ ആരാധനയ്ക്ക് അവ കാശമുണ്ടെന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ചു. ജനങ്ങളുടെ മനസ്സിലുള്ള ഭക്തിയെ തന്നെ കേന്ദ്രീകരിച്ചുകൊണ്ട് ജനാധിപത്യബോധം സൃഷ്ടിക്കുകയായിരുന്നു ഈ പ്രവർത്തനത്തിലൂടെ ശ്രീനാരായണ ഗുരു ചെയ്തത്. 1905-ൽ കൊല്ലത്ത് താമരക്കുളത്ത് നടന്ന കാർഷിക- വ്യാവസായിക പ്രദർശനം കുലത്തൊഴിലിൽ നിന്ന് ആധുനികമായ ജീവിതവഴികളിലൂടെ സഞ്ചരിക്കാനുള്ള ആഹ്വാനമായിരുന്നു. വിദ്യാഭ്യാസരംഗത്തും ഗുരു നടത്തിയിട്ടുള്ള ഇടപെടൽ കൊല്ലത്തിന്റെ ആധുനികവൽക്കരണത്തിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചിട്ടുണ്ട്. ശ്രീ നാരായണ പ്രസ്ഥാനം കൊല്ലത്തെ സാമൂഹ്യ നീതിക്കുവേണ്ടിയുള്ള മുന്നേറ്റത്തിൽ സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്.

അയ്യങ്കാളിയുടെ കാഴ്ചപ്പാടുകളും, ഇടപെടലുകളും കൊല്ലത്തെ സാമൂഹ്യ നീതിക്കുവേണ്ടിയുള്ള സമരങ്ങൾക്ക് കരുത്തായി മാറി യിട്ടുണ്ട്. 1907-ൽ അദ്ദേഹം രൂപീകരിച്ച സാധുജന പരിപാലന സംഘം ഈ രംഗത്തെ സുപ്രധാനമായ കാൽവെപ്പായിരുന്നു. അയിത്ത ജാതിക്കാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ പ്രാകൃത രീതിയിലുള്ള കല്ല-മാല ഉപേക്ഷിക്കണമെന്ന ആഹ്വാനം അയ്യങ്കാളി മുന്നോട്ടുവെച്ചിരുന്നു. ആ കാഴ്ചപ്പാടാണ് സാമൂഹ്യ നീതിക്കുവേണ്ടിയുള്ള സമരത്തിലെ സുപ്രധാനമായ അദ്ധ്യായമായ പെരിനാട് പ്രക്ഷോഭത്തിന് കാരണമായിത്തീർന്നത്. പെരിനാട് പോരാട്ടങ്ങൾക്കു ശേഷം അയ്യങ്കാളി സ്ഥലം സന്ദർശിക്കുകയും, ഇതിൽ ഇടപെടുകയും ചെയ്യുന്നുണ്ട്. പിന്നീട് കൊല്ലത്ത് കന്റോൺമെന്റ് മൈതാനിയിൽ സമ്മേളനം നടക്കുകയും, തുടർന്ന് നടത്തിയ പ്രസംഗത്തിൽ കല്ലുമാലയും, വളയും അറുത്തുമാറ്റി കളയുന്നതിനുള്ള ആഹ്വാനം വീണ്ടും അയ്യങ്കാളി മുന്നോട്ടുവെക്കുന്നുണ്ട്. സമുദായങ്ങൾ തമ്മിൽ വിരോധമില്ലെന്നും, യോജിപ്പോടുകൂടി പ്രവർത്തിക്കണമെന്നും ഈ സമ്മേളനം നിർദ്ദേശം വെക്കുന്നുണ്ട്. സാമൂഹ്യമായ അവശതകളെ ഇല്ലാതാക്കി ജനവിഭാഗങ്ങൾ യോജിച്ച് പ്രവർത്തിക്കുകയെന്ന സമീപനമാണ് ഇതിലൂടെ ദൃശ്യമാകുന്നത്. സാമൂഹ്യ നീതിക്കുവേണ്ടിയുള്ള ഇത്തരം പോരാട്ടങ്ങൾ കൂടിയാണ് തൊഴിലാളി വർഗ്ഗ രാഷ്ട്രീയം വികസിക്കുന്നതിന് കൊല്ലത്ത് അടിസ്ഥാനമായത്.

നവോത്ഥാനപരമായ ആശയങ്ങൾ വ്യാപിപ്പിക്കുന്നതിൽ അക്കാലത്തെ പത്ര മാധ്യമങ്ങളും വലിയ പങ്കുവഹിച്ചു. അക്കാലത്ത് ഏറ്റവും കൂടുതൽ പത്രം പുറത്തിറങ്ങിയ സ്ഥലം കൂടിയായിരുന്നു കൊല്ലം. ഈ പത്രങ്ങളിലൂടെ ആധുനികമായ ചിന്താധാരകളും, രാഷ്ട്രീയമായ ഇടപെടലുകളും, നവോത്ഥാന ആശയങ്ങളും കൊല്ലത്ത് വ്യാപകമായി. ഗവൺമെന്റിനെ രൂക്ഷമായി വിമർശിച്ചിരുന്ന “മലയാളി കൊല്ലത്തെ ശ്രദ്ധേയമായ മറ്റൊരു പത്രമായിരുന്നു. സീതക്കളി പോലുള്ള വൈവിദ്ധ്യമാർന്ന നിരവധി കലകളുടെ കേന്ദ്രം കൂടിയാണ് കൊല്ലം. കഥകളിയുടെ ഈറ്റില്ലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊട്ടാരക്കരയും കൊല്ലത്തിന്റെ കലാ പാരമ്പര്യത്തിന്റെ അഭേദ്യഭാഗമാണ്. കൊല്ലത്തിന്റെ വൈവിദ്ധ്യപൂർണ്ണമായ കലകളെല്ലാം കൊല്ലം മഹോത്സവത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

ആധുനിക വ്യവസായങ്ങളുടെ വളർച്ച ശക്തമായ തൊഴിലാളി പ്രസ്ഥാനങ്ങളും വളർന്നുവരുന്നതിന് ഇടയാക്കി. ഒന്നാം ലോക മഹായുദ്ധത്തിന്റെ ഘട്ടത്തിൽ ഭക്ഷ്യക്ഷാമം നേരിട്ടപ്പോൾ പ്രക്ഷോ ഭങ്ങളുടെ പരമ്പര തന്നെ ഉണ്ടായി. നിരവധി പോരാട്ടങ്ങൾ ഇവിടെ ഉയർന്നുവന്നു. 1930-ൽ കൊല്ലം തൊഴിലാളി സംഘം എന്ന ട്രേഡ് യൂണിയൻ രൂപപ്പെട്ടു. 1940- ഓടുകൂടി സുശക്തമായ തൊഴിലാളി പ്രസ്ഥാനവും കൊല്ലത്ത് രൂപപ്പെട്ടുവന്നു. പൊളിക്കുന്ന കശുവണ്ടി യുടെ എണ്ണം അനുസരിച്ചായിരുന്നു അവർക്ക് കൂലി ലഭിച്ചിരുന്നത് എന്നതിനാൽ രാത്രി വൈകിട്ടും ജോലി ചെയ്താലേ കൂലി കിട്ടൂ എന്ന നില അവരെ രാത്രി വൈകുന്നതുവരെ ജോലി ചെയ്യുന്നവരാക്കി. തൊഴിൽ പ്രശ്നങ്ങൾ പൗരപ്രമുഖന്മാർ ഇടപെട്ട് പരിഹരി ക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. തൊഴിലാളി രംഗത്തെ ആദ്യകാലത്തെ പ്രവർത്തകർ യൂണിയൻ സംഘടിപ്പിക്കുന്നുവെന്ന നില വന്നപ്പോൾ തങ്ങൾ കുഞ്ഞ് മുസലിയാർ തന്നെ ഇടപെട്ട് തന്റെ ചില അനുയായികളെ ഉപയോഗിച്ച് യൂണിയനുകൾ ഉണ്ടാക്കി. അഖില കേരള കശുവണ്ടി തൊഴിലാളി അസോസിയേഷൻ എന്ന സംഘടന രൂപീകരിക്കപ്പെട്ടു. ആ യൂണിയൻ പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലേക്ക് എത്തിച്ചേർന്നു. 1939 ആകുമ്പോൾ കൊല്ലം പുനലൂർ പേപ്പർ മില്ലിലെ തൊഴിലാളികളും സംഘടിതമായി മുന്നോട്ടുവന്നു. തിരുവിതാംകൂറിലെ ആദ്യത്തെ ട്രേഡ് യൂണിയനുകളിലൊന്നായ പുനലൂർ പേപ്പർ മില്ല് വർക്കേഴ്സ് യൂണിയൻ അങ്ങനെ രൂപീകരിക്കപ്പെട്ടു. പ്രക്ഷോഭങ്ങളുടെ പമ്പരകൾ രൂപപ്പെട്ടു. ഈ പുസ്തകത്തിൽ അത് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

തൊഴിലാളി ജനവിഭാഗങ്ങളിൽ മാത്രമല്ല, കാർഷിക ജനതയും ജീവിതപ്രശ്നങ്ങളുയർത്തിപ്പിടിച്ചുകൊണ്ടുള്ള പ്രാദേശിക സമര ങ്ങൾ വളർത്തിക്കൊണ്ടുവന്നു. ഇടത്തരം ദരിദ്ര കർഷകർ നിറഞ്ഞ പ്രദേശങ്ങളിൽ കാർഷിക ചന്തകളിൽ വിറ്റുകിട്ടുന്ന വരുമാനമായി രുന്നു പ്രധാന മാർഗ്ഗം. 1938-‐39 ൽ ചന്തയിൽ നിന്ന് സർക്കാർ പിരിച്ച ചന്തക്കരം വർദ്ധിപ്പിച്ചു. കൂടാതെ കോൺട്രാക്ടർമാർ അക്രമ പിരിവും നടത്തി. ഇവയ്ക്കെതിരായി ഇടത്തരം കർഷകരുടെ നേതൃത്വത്തിൽ സംഘടിത സമരങ്ങൾ ഉയർന്നുവന്നു. കടയ്ക്കൽ, കല്ലറ, പാങ്ങോട് എന്നിവിടങ്ങളിലെ സമരങ്ങൾ ഈ ഗണത്തിൽപ്പെടുന്നവയാണ്. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്വാധീനവും ഇതിനുണ്ടായിരുന്നുവെങ്കിലും പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അടിത്തറയായി ഈ സമരങ്ങൾ മാറി.

ഇത്തരം പ്രക്ഷോഭങ്ങൾ വളർന്നുവരുന്ന ഘട്ടത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആശയങ്ങൾ തിരുവിതാംകൂറിൽ ഉയർന്നുവരാൻ തുടങ്ങിയിരുന്നു. 1912-ൽ ഇന്ത്യയിലെ പ്രാദേശിക ഭാഷയിൽ ആദ്യമായി മാർക്സിന്റെ ചരിത്രം മലയാളത്തിലിറങ്ങി. സമത്വത്തെക്കുറിച്ചുള്ള ആശയങ്ങളും വിവിധ പ്രസിദ്ധീകരണങ്ങ ളിലൂടെ കടന്നുവരുന്നതിനിടയായി. 1931-ലെ കമ്മ്യൂണിസ്റ്റ് ലീഗും, യൂത്ത് ലീഗും തിരുവിതാംകൂറിൽ രൂപീകരിക്കപ്പെടുന്നുണ്ട്. പൊന്നറ ശ്രീധറും, എം പി ഗുരുക്കളും, ശ്രീകണ്ഠൻ നായരുമൊക്കെ ഇതിന്റെ നേതാക്കളായി ഉയർന്നുവന്നു. 1940-കളിൽ സ്റ്റേറ്റ് കോൺഗ്രസിൽ നിന്ന് ഒരു റാഡിക്കൽ വിഭാഗം രൂപപ്പെട്ട് പുറത്തുവരുന്നുണ്ട്. ശ്രീകണ്ഠൻ നായർ, കെ പ്രഭാകരൻ, എൻ കെ ജോസ്, ടി കെ ദിവാകരൻ തുടങ്ങിയവരായിരുന്നു അതിന്റെ നേതാക്കൾ. പാലങ്കോട് സെന്റ് സ്റ്റീഫൻ കോളേജിൽ നിന്ന് പുറത്താക്കപ്പെടുന്ന ബേബി ജോണും ആ ഗ്രൂപ്പിൽ ഉൾപ്പെടുന്നു. ഈ വിഭാഗം തിരുവിതാംകൂ റിൽ ആർ.എസ്.പിയെന്ന നിലയിലേക്ക് പരിവർത്തനം ചെയ്യപ്പെ ടുന്നു. മറ്റൊരു വിഭാഗം കൊച്ചിയിൽ കെ എസ് പി എന്ന നിലയി ലേക്കും മാറ്റപ്പെടുന്നു. ട്രേഡ് യൂണിയൻ മേഖല കേന്ദ്രീകരിച്ചുകൊ ണ്ടായിരുന്നു ഈ വിഭാഗം പ്രവർത്തിച്ചിരുന്നത്. സ്റ്റേറ്റ് കോൺഗ്ര സിലെ ഒരു വിഭാഗം തട്ടാമല സുരേന്ദ്രനേയും, വെളിയം ഭാർഗ്ഗവ നെപ്പോലെയുള്ള പ്രവർത്തകർ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കും കടന്നുവരുന്നു. അങ്ങനെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഒരു അന്തരീക്ഷം കൊല്ലത്ത് 1940-കൾക്ക് ശേഷം വളർന്നുവരുന്നുണ്ട്. ഈ കാലഘട്ടത്തിൽ ഇവിടെ വളർന്നുവരുന്ന തൊഴിലാളി-കർഷക പോരാട്ടവും, നവോത്ഥാനപരമായ മുന്നേറ്റങ്ങളുമാണ് കൊല്ലത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയം രൂപപ്പെടുത്തിയെടുത്തത്.

കൊല്ലത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇതോടൊപ്പം ശക്തി പ്രാപിച്ചുവരുന്നുണ്ട്. ഈ വളർച്ചയ്ക്ക് പ്രധാന പങ്കുവഹിച്ചത് പുന്നപ്ര-വയലാർ സമരമായിരുന്നു. കുട്ടനാടിലെ കൃഷിപ്പണിക്ക് പോയിരുന്ന തൊഴിലാളികൾ വർഗ്ഗബോധത്തിന്റെ തലത്തിലേക്ക് വളരുകയായിരുന്നു. പുന്നപ്ര-വയലാർ സമരത്തിന്റെ ഘട്ടത്തിൽ കെ എസ് ആർ ടി സി ജീവനക്കാരനായിരുന്നു കോട്ടാത്തല സുരേന്ദ്രൻ. അദ്ദേഹം ജോലി ചെയ്തിരുന്ന ട്രാൻസ്പോർട് വണ്ടിയിൽ കയറിയാണ് പട്ടാളം പുന്നപ്ര-വയലാറിൽ എത്തിയത്. സമര പോരാളികളെ വെടിവെച്ചുകൊല്ലുന്നത് നേരിൽ കണ്ട് സുരേന്ദ്രൻ ജോലി ഉപേക്ഷിക്കുകയും, കമ്മ്യൂണിസ്റ്റുകാരനായി മാറുകയുമാണ് ചെയ്യുന്നത്.

പുന്നപ്ര-വയലാർ സമരം സ്വതന്ത്ര തിരുവിതാംകൂറിനെതിരായിട്ടായിരുന്നല്ലോ. തിരുവിതാംകൂർ ഇന്ത്യൻ യൂണിയന്റെ ഭാഗമായി. എന്നിട്ടും അധികാരത്തിൽ വന്ന കോൺഗ്രസ് ഗവൺമെന്റ് സമര പോരാളികളെ വിട്ടയക്കാൻ തയ്യാറായില്ല. ഇതിൽ യുവാക്കൾക്ക് രോഷമുണ്ടായി. ഇത്തരം രാഷ്ട്രീയ പശ്ചാത്തലത്തിന്റെ കൂടി ഭാഗ മായി നിരവധി പേർ കോൺഗ്രസ് വിട്ട് കമ്മ്യൂണിസ്റ്റുകാരായി. തോപ്പിൽ ഭാസി, കാമ്പിശ്ശേരി കരുണാകരൻ തുടങ്ങിയവർ കമ്മ്യൂണിസ്റ്റുകാരായി മാറുന്നതിന് ഇത് ഇടയാക്കി. ജന്മിത്വത്തിന്റെ കരാ ളതയിൽ ഇടത്തരം കർഷക വിഭാഗങ്ങൾക്കും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് പ്രയാസങ്ങളുണ്ടായി. അത്തരം വിഭാഗങ്ങൾ ജന്മിത്തത്തിനെതിരെ ശക്തമായ നിലപാട് മുന്നോട്ടുവെക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിക്കുന്നതിനും, അതിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിനും തയ്യാറായി.

എണ്ണക്കാട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെ ഗ്രൂപ്പ് രൂപീക രിച്ചു. 1948 ഒക്ടോബർ 14-ന് പുതുപ്പള്ളി രാഘവന്റെ നേതൃത്വത്തിൽ വള്ളിക്കുന്നത്ത് രണ്ടാമത്തെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപീകരിക്കപ്പെടുന്നു. അതിനുശേഷം ശൂരനാട് കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടു. ജന്മിമാരായ തെന്നല കുടുംബത്തിന്റെ ചെയ്തികളാൽ സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണുണ്ടായിരുന്നത്. അതിനിടയിലാണ് കുളത്തിൽ മീൻ പിടിക്കാനുള്ള അവകാശം നാട്ടു കാർക്കില്ലാതായത്. ഇതിനെതിരെ നിലപാട് സ്വീകരിക്കാൻ കമ്മ്യൂ ണിസ്റ്റ് പാർട്ടി തയ്യാറായി. 1949 ഡിസംബർ 27-ാം തീയ്യതി ശൂരനാടെ പാർടി സെൽ യോഗം ചേർന്നു. ശൂരനാട് ഉൾപ്പെടെ 10 സെല്ലുകൾ പ്രവർത്തിച്ചിരുന്ന വള്ളിക്കുന്നം ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന തോപ്പിൽ ഭാസിയാണ് യോഗം വിളിച്ചു ചേർത്തത്. കമ്മ്യൂണിസ്റ്റ് പാർട്ടി കായംകുളം ജില്ലാ സെക്രട്ടറിയായിരുന്ന ശങ്കര നാരായണൻ തമ്പിയും, ജില്ലാ കമ്മിറ്റി അംഗമായിരുന്ന പുതുപ്പള്ളി രാഘവനും യോഗത്തിൽ പങ്കെടുത്തു. മീൻ പിടിച്ചതിനുശേഷമുണ്ടായ സംഭവ വികാസങ്ങൾ ശൂരനാട് പോലീസ് രാജിലേക്ക് നയിച്ചു. 10 പേർ രക്തസാക്ഷികളായി. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടു.

കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടതിനെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നണിയായി ഈ മേഖല യിലെ 6 സീറ്റുകളിലും മത്സരിച്ചു. അവയിലെല്ലാം മുന്നണി വിജ യിച്ചു. ഈ പ്രക്ഷോഭങ്ങൾ പാർടിയുടെ അടിത്തറ ശക്തിപ്പെടുത്തി. 1957-ലെ തെരഞ്ഞെടുപ്പിൽ ഈ മേഖലയിലുണ്ടായിരുന്ന 11-ൽ 10 സീറ്റിലും കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥികൾ വിജയിച്ചു. തൃക്കടവൂർ, കൃഷ്ണപുരം, കായംകുളം, കാർത്തികപ്പള്ളി, ഹരിപ്പാട്, മാവേലിക്കര, കുന്നത്തൂർ, കൊട്ടാരക്കര, ചടയമംഗലം, പത്തനാപുരം എന്നി വയായിരുന്നു അവ. യഥാർത്ഥത്തിൽ ഈ വിജയമാണ് 1957-ലെ സർക്കാരിനെ അധികാരത്തിലേക്ക് കൊണ്ടുവന്നത്. അധികാരത്തി ലെത്തിയ ശേഷം ജന്മിത്തം തന്നെ അവസാനിപ്പിക്കുന്ന നിയമ നിർ മ്മാണത്തിലേക്കും സർക്കാർ കടന്നു. പുന്നപ്ര-വയലാർ സമരവും, ശൂരനാട് പോരാട്ടവുമാണ് തെക്കൻ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ അടിത്തറ വർദ്ധിപ്പിക്കുന്നതിന് ഇടയാക്കി യത്. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന സാംസ്കാരിക രംഗത്തെ ഇടപെടലും ജനകീയ അടിത്തറ രൂപപ്പെടുത്തുന്നതിന് സഹായിച്ചു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയെന്ന നാടകവും, കെ.പി.എ.സി പോലുള്ള സംഘങ്ങളും, സാംബശിവനേയും, കെടാമംഗലത്തിനേയും പോലുള്ള കഥാ പ്രാസംഗികരുമെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതിന് സഹായകമായി.

ഏംഗൽസ് നവോത്ഥാനത്തെക്കുറിച്ച് പറയുന്ന കാര്യം ഇതാണ് നവോത്ഥാനത്തിന് തുടർച്ചയായി അത് കലാപകാരികളായ കർഷകരെ അരങ്ങത്ത് കൊണ്ടുവരികയും, ചെങ്കൊടി കൈയ്യിലും, ഉൽപാദനം പൊതു ഉടമസ്ഥതയിലാക്കണമെന്നും ആവശ്യപ്പെടുന്ന ആധുനിക തൊഴിലാളി വർഗ്ഗത്തിന്റെ തുടക്കക്കാരെക്കൂടി അവരുടെ പിന്നാലെ രംഗത്തിറക്കിയെന്നതാണ്. കൊല്ലത്തെ ആധുനിക കാലത്തെ സാമൂഹ്യ മുന്നേറ്റത്തിന്റെ രീതി പരിശോധിച്ചാൽ ഇക്കാര്യം ഏറ്റവും ശരിയാണ് എന്നും കാണാം.

ഇന്ന് നാം കാണുന്ന കൊല്ലം രൂപപ്പെട്ടുവന്നത് ഇത്തരത്തിലുള്ള വിഭിന്നങ്ങളായ രാഷ്ട്രീയ ചലനങ്ങളിലൂടെയാണ്. കൊല്ലം മഹോത്സവത്തിലെ പ്രബന്ധങ്ങൾ ഇക്കാര്യമാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. വർഗ്ഗീയ ശക്തികൾ പ്രചരിപ്പിക്കുന്നതുപോലെ മതപരമായ സംഘർഷങ്ങളുടേയും, ഏറ്റുമുട്ടലുകളുടേയും നാടായിരുന്നില്ല കൊല്ലം എന്നതാണ്. വർഗ്ഗീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ, അവരുടെ ചിന്താഗതികളോ അല്ല ആധുനികമായ കൊല്ലത്തെ രൂപപ്പെടുത്തിയെടുത്തത്.

അധികാരത്തിനുവേണ്ടി രാജാക്കന്മാർ തമ്മിലുള്ള ഏറ്റുമുട്ടലുകൾ ചരിത്രത്തിൽ കാണാനാവും. അവ മതപരമായ വിഭജനങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ടുവന്നതല്ല. കൊല്ലത്ത് രാഷ്ട്രീയാധികാരത്തിനുവേണ്ടി പരസ്പരം ഏറ്റുമുട്ടിയത് ഇന്ന് ഹിന്ദു രാജാ ക്കന്മാർ എന്ന് വിശേഷിപ്പിക്കുന്ന ആളുകളായിരുന്നു. വർഗ്ഗീയമായ ചേരിതിരിവിന്റെ അംശങ്ങൾ ഇതിലുണ്ടായിരുന്നില്ല. രാഷ്ട്രീയ അധികാരത്തിനായി പിന്നീട് ഏറ്റുമുട്ടിയത് കൊളോണിയൽ ശക്തികളാണ്. പോർച്ചുഗീസുകാരും, ഡച്ചുകാരും, ബ്രിട്ടീഷുകാരും ആണ് ഇത്തരം ഏറ്റുമുട്ടലുകൾക്ക് നേതൃത്വം നൽകിയത്. അതിന്റെ അടിസ്ഥാനം കൊളോണിയൽ താല്പര്യമായിരുന്നു.

പ്രാചീന സമൂഹങ്ങളിൽ നിലനിന്ന തെറ്റായ ജീവിത ക്രമങ്ങൾ ക്കെതിരെ സമൂഹത്തിനകത്ത് പ്രതിരോധങ്ങൾ രൂപപ്പെടാൻ തുടങ്ങി. നവോത്ഥാന പ്രസ്ഥാനങ്ങളും, തുടർന്ന് തൊഴിലാളി-കർഷക പ്രസ്ഥാനങ്ങളും നടത്തിയ ഇടപെടലുകളാണ് കൊല്ലത്തിന്റെ സാമൂഹ്യ ജീവിതത്തെ മുന്നോട്ട് നയിച്ചത്. ജനജീവിതത്തെ അടിസ്ഥാനപ്പെടുത്തിയ ജനകീയ ചരിത്ര വായന അതാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. മതരാഷ്ട്രവാദികളുടെ തെറ്റായ പ്രചരണ ങ്ങളെ തുറന്നുകാട്ടുന്ന ജനകീയ ചരിത്ര രചനയുടെ സാക്ഷ്യപത്ര മാണ് കൊല്ലം: ചരിത്രം, സംസ്കാരം, രാഷ്ട്രീയം എന്ന ഈ പുസ്തകം. മതനിരപേക്ഷത സംരക്ഷിക്കാനും, ജനജീവിതം കൂടുതൽ ജനാധിപത്യപരവും, സർഗ്ഗാത്മകവും, സാമൂഹ്യനീതിയിൽ അധിഷ്ഠിതമായും രൂപപ്പെടുത്തുന്നതിനുള്ള കേരളത്തിന്റെ പ്രതിരോധങ്ങൾക്ക് തീർച്ചയായും വഴികാട്ടിയായിരിക്കും ഇത്. എൻ.എസ് പഠനകേന്ദ്രം ഏറ്റെടുത്ത ചരിത്രപരമായ ഈ കടമയിൽ എളിയ പങ്കാളിത്തം വഹിക്കാൻ കഴിഞ്ഞുവെന്നതിൽ ഏറെ സന്തോഷമുണ്ട്. അതിന് അവസരമൊരുക്കിയ കൊല്ലം എൻ.എസ് പഠനഗവേഷണ കേന്ദ്രത്തോടുള്ള നന്ദി ഇതോടൊപ്പം രേഖപ്പെടുത്തുന്നു. l

Hot this week

ഇന്ത്യ എന്ന ആശയം

GAYATHRI CHAKRAVORTHY SPIVAK- ROMILA THAPPAR `The Idea of India`...

ചലനാത്മകമായ പ്രകൃതിദൃശ്യങ്ങൾ

‌‌‌ഭൂഭാഗ ദൃശ്യരചന (പ്രകൃതിദൃശ്യരചന)യിൽ പുതിയ കാഴ്‌ചപ്പാട്‌ നൽകിയ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന...

നൃപൻ ചക്രവർത്തി

ബംഗാളിയായി ജനിച്ച, ത്രിപുരയിലെ മഹാഭൂരിപക്ഷം വരുന്ന ആദിവാസികളുടെ വിമോചന നായകനായിരുന്നു നൃപർ...

വർഗസമരവും മാധ്യമങ്ങളും

അധ്യായം 4: ആഗോള അസ്തിത്വങ്ങൾ ആഗോള തലത്തിലുള്ള മാധ്യമങ്ങളുടെ വളർച്ചയുടെ ഭാഗമായി പ്രധാനപ്പെട്ട...

വിശ്വാസി സമൂഹവും ഇടതുപക്ഷവും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

Topics

ഇന്ത്യ എന്ന ആശയം

GAYATHRI CHAKRAVORTHY SPIVAK- ROMILA THAPPAR `The Idea of India`...

ചലനാത്മകമായ പ്രകൃതിദൃശ്യങ്ങൾ

‌‌‌ഭൂഭാഗ ദൃശ്യരചന (പ്രകൃതിദൃശ്യരചന)യിൽ പുതിയ കാഴ്‌ചപ്പാട്‌ നൽകിയ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന...

നൃപൻ ചക്രവർത്തി

ബംഗാളിയായി ജനിച്ച, ത്രിപുരയിലെ മഹാഭൂരിപക്ഷം വരുന്ന ആദിവാസികളുടെ വിമോചന നായകനായിരുന്നു നൃപർ...

വർഗസമരവും മാധ്യമങ്ങളും

അധ്യായം 4: ആഗോള അസ്തിത്വങ്ങൾ ആഗോള തലത്തിലുള്ള മാധ്യമങ്ങളുടെ വളർച്ചയുടെ ഭാഗമായി പ്രധാനപ്പെട്ട...

വിശ്വാസി സമൂഹവും ഇടതുപക്ഷവും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...
spot_img

Related Articles

Popular Categories

spot_imgspot_img