(സിപിഐ എം കൊല്ലം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി ആർ പാർവതി ദേവി നടത്തിയ അഭിമുഖം)
ഇരുപത്തി നാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി കൊല്ലത്തു നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ പ്രധാന ഊന്നൽ എന്തിനാണ്?
മൂന്നാം എൽ ഡി എഫ് സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരുന്നതിന് ആവശ്യമായ ചർച്ചകൾക്കാണ് പ്രധാനമായും ഊന്നൽ നൽകുന്നത്. ‘നവകേരളത്തിനായുള്ള പുതുവഴികൾ’ എന്ന രേഖ വിശദമായി ചർച്ച ചെയ്‌തു കൊണ്ട് കേരളത്തെ മുന്നോട്ടു നയിക്കുക എന്നതാണ് പ്രധാനം. കഴിഞ്ഞ സമ്മേളനത്തിൽ തുടങ്ങിവച്ച ചർച്ചയുടെ തുടർച്ചയാണിത്.
നവകേരള നയം എത്രമാത്രം വിജയിച്ചിട്ടുണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ?
ആ നയത്തിൽ നല്ലൊരു പങ്കും നടപ്പാക്കാൻ കഴിഞ്ഞു എന്ന് തന്നെയാണ് ഞങ്ങളുടെ വിലയിരുത്തൽ. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധത്തെ തുടർന്നുള്ള പരാധീനതകൾ മറികടന്നും നമ്മൾ മുന്നേറുക തന്നെയാണ്. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ബിജെപി ഏക ഇടതു ബദൽ സർക്കാരായ കേരളസർക്കാരിനെതിരെ നിൽക്കുന്നത്. ക്ഷേമ പെൻഷൻ 2500 രൂപയാക്കി ഉയർത്തുക തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കാൻ സാധിക്കാത്തത് കേന്ദ്ര സർക്കാരിന്റെ ഈ നിലപാട് മൂലമാണ്.
നവകേരളത്തിന്റെ മുൻഗണനകൾ എന്തൊക്കെയാണ്?
മുതലാളിത്തപ്രതിസന്ധിയുടെ ഘട്ടത്തിൽ അതിദരിദ്രരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് പ്രധാനം. 2025 നവമ്പർ 1 ന് അതിദരിദ്രർ ഇല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറുകയാണ്. ഇന്ത്യയിൽ 30‐-35% അതിദരിദ്രർ ആണെന്ന് ഓർക്കണം. 64006 പേരെയാണ് അതിദരിദ്രരായി കേരളത്തിൽ കണ്ടെത്തിയിട്ടുള്ളത്. തൊഴിലില്ലായ്മക്കെതിരെ രണ്ടാം ഇടതുപക്ഷ സർക്കാർ ഫലപ്രദമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 20 ലക്ഷം യുവാക്കൾക്ക് പൊതു, സ്വകാര്യമേഖലകളിൽ തൊഴിൽ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സംരംഭകത്വം വർധിപ്പിച്ചും മറ്റു സ്ഥാപനങ്ങളിൽ തൊഴിൽ സാധ്യത കണ്ടെത്തിയും തൊഴിലില്ലായ്മ പരിഹരിക്കാനാണ് പദ്ധതി ആവിഷ്കരിക്കുന്നത്. 15000 സ്റ്റാർട് അപ്പുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മൂലധനം വിജ്ഞാനമാകുന്ന തരത്തിൽ കേരളത്തെ വിജ്ഞാന സമൂഹമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു.
വ്യവസായസൗഹൃദ സംസ്ഥാനമായി കേരളം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 1.52 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപമാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. ചെറുകിട വ്യവസായ സംരംഭങ്ങളിൽ കേരളം ഒന്നാമതാണ്. കോൺഗ്രസ് നേതാക്കളായ ശശി തരൂർ എംപിയും മുല്ലപ്പള്ളി രാമചന്ദ്രൻപോലും കേരളത്തിലെ വികസനത്തെ അംഗീകരിച്ചു സംസാരിച്ചല്ലോ.
പശ്ചാത്തലവികസനത്തിൽ എത്രയോ പദ്ധതികൾ ഉണ്ടായി. ഇടതു സർക്കാർ ഇല്ലെങ്കിൽ കൂടംകുളം വൈദ്യുതി പദ്ധതി, ഗെയിൽ പൈപ്പ് ലെയിൻ തുടങ്ങിയതൊന്നും യാഥാർത്ഥ്യമാകുമായിരുന്നില്ല, യുഡിഎഫ് സർക്കാർ ഉപേക്ഷിച്ചു പോയതാണല്ലോ ഇതെല്ലാം. പൊതുവിദ്യാഭ്യാസരംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേരളത്തെ എല്ലാ അർത്ഥത്തിലും സ്വന്തം കാലിൽ നിർത്തുക എന്നതാണ് ഉദ്ദേശ്യം.
രാഷ്ട്രീയ വ്യക്തതയോടെയാണ് ഇടതുപക്ഷ സർക്കാർ പ്രവർത്തിക്കുന്നത്. വികസിത, അർദ്ധ വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരം ഇവിടെയും കൊണ്ടുവരേണ്ടതുണ്ട്.
യുവതലമുറ വിദേശങ്ങളിലേക്ക് പഠിക്കാനും ജോലിക്കുമായി ധാരാളം പോകുന്നല്ലോ. ‘മസ്തിഷ്കചോർച്ച’ എന്ന് ചിലർ ഈ പ്രവണതയെ വിളിക്കാറുണ്ട്. ഇതിനെ എങ്ങനെ കാണുന്നു?
നമ്മുടെ യുവതീയുവാക്കൾക്ക് ലോകത്തെവിടെയും പോകാനുള്ള ഭൗതിക സാഹചര്യവും മാനസികാവസ്ഥയും ഇന്നുണ്ടായിട്ടുണ്ട്. ഭൗതിക സാഹചര്യമാണ് മാനസികാവസ്ഥയും സൃഷ്ടിക്കുന്നത്. ഇതെങ്ങനെയാണ് സാധ്യമായത് എന്ന് പരിശോധിക്കുമ്പോൾ കേരളത്തിലെ ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രിസഭ സാർവത്രിക വിദ്യാഭ്യാസം നടപ്പാക്കിയതിന്റെ ഫലമാണിതെന്നു കാണാം. അന്നത്തെ നയം മൂലം സമൂഹത്തിലെ പട്ടികജാതി‐വർഗ വിഭാഗങ്ങളും ചെത്ത് തൊഴിലാളികളുടെയും കർഷക തൊഴിലാളികളുടെയും മക്കളും സ്‌കൂളിൽ പോകാൻ തുടങ്ങി. അന്നത്തെ സാധാരണക്കാർ അവരുടെ മക്കളെ പഠിപ്പിച്ചു. അവരുടെ മക്കൾ, അതായത് മൂന്നാം തലമുറയാണിപ്പോൾ വിദേശത്തും മറ്റും പോകാൻ തയാറാകുന്നത്. കേരളത്തിലെ മാത്രം പ്രത്യേകതയാണിത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രമാണിമാരുടെ മക്കളാണിപ്പോഴും ഭൂരിപക്ഷം അഭ്യസ്തവിദ്യരും.
മുതലാളിത്ത ഭരണഘടന എന്ന പരിമിതിക്കുള്ളിൽ നിന്നു കൊണ്ട് ജനക്ഷേമപ്രവർത്തനം നടത്തുക എന്നതാണ് ലക്ഷ്യം. ആശ്വാസപ്രവർത്തനം മാത്രമേ നടക്കൂ എന്ന ആദ്യകാല ധാരണയിൽ നിന്നും വ്യത്യസ്തമായി മൗലികമായ മാറ്റങ്ങളാണ് ഇ എം എസ് മന്ത്രിസഭ കൊണ്ടുവന്നത്. ജന്മിത്തം ഇല്ലാതാക്കിയ ഏക സംസ്ഥാനമല്ലേ കേരളം? ജാതി, -ജന്മി, -നാടുവാഴി വ്യവസ്ഥയിൽ ജന്മിത്തം ഇല്ലാതാക്കിയതോടെ ജനാധിപത്യവിപ്ലവത്തിന്റെ ഒരു ഘട്ടം കഴിഞ്ഞു കേരളത്തിൽ.
നവോത്ഥാന മൂല്യങ്ങളെ അട്ടിമറിക്കുവാൻ ശ്രമിക്കുന്ന കേരളത്തിലെ വലതുപക്ഷവത്കരണം എങ്ങനെയാണ് ചെറുക്കാൻ കഴിയുക?
വലതുപക്ഷാശയങ്ങൾ ശക്തമാക്കുന്നതിനും കമ്മ്യുണിസ്റ്റ് വിരുദ്ധ ആശയരൂപീകരണത്തിനും മാധ്യമങ്ങൾക്കും നല്ലൊരു പങ്കുണ്ട്. വിശ്വാസം ഉൾപ്പടെയുള്ള കാര്യങ്ങൾ ഇന്ത്യൻ ബൂർഷ്വാസി അവന്റെ ഉപജീവനത്തിനായി ഉപയോഗിക്കുകയാണ്. വളരെ ജാഗ്രതയോടെ എതിർക്കപ്പെടേണ്ടതാണിത്. ജനങ്ങളെ അജ്ഞതയിൽ തളച്ചിടേണ്ടത് ബൂർഷ്വാസിയുടെ ആവശ്യമാണ്. ഭരണഘടന മാറ്റുന്നതിന് ഭൂരിപക്ഷം വേണമെന്നാണല്ലോ ബിജെപി കഴിഞ്ഞ തെരെഞ്ഞെടുപ്പ് കാലത്ത് പറയുന്നത്. മനുസ്മൃതി അടിസ്ഥാനമാക്കിയുള്ള ചാതുർവർണവ്യവസ്ഥയെ പുനഃസ്ഥാപിക്കുക എന്ന അശ്ലീലമായ നിലപാടാണിത്. ജന്മിത്തത്തിനു മുകളിലാണിവിടെ മുതലാളിത്തം കെട്ടിപ്പൊക്കിയത്. ഫ്യൂഡലിസവുമായി ഇന്ത്യൻ ബൂർഷ്വാസി സന്ധി ചെയ്യുകയാണ് ചെയ്തത്. ഫ്യൂഡലിസത്തെ ഇല്ലാതാക്കുക എന്ന ചരിത്രപരമായ ഉത്തരവാദിത്തം നിർവഹിച്ചില്ല. കുത്തക മുതലാളിത്തവളർച്ചക്കായി അമിതാധികാരവാഴ്ചക്ക് ശ്രമിക്കുന്ന ഹിന്ദുത്വഅജണ്ട നടപ്പാക്കുവാൻ സഹായിക്കുകയാണ് ബൂർഷ്വാസി ചെയ്യുന്നത്.
ഈ സാഹചര്യത്തിൽ നവഫാസിസത്തെക്കുറിച്ചുണ്ടായ വിവാദത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?
വിവാദം ബോധപൂർവം ചില മാധ്യമങ്ങൾ ഉണ്ടാക്കിയതാണ്. കേന്ദ്രകമ്മിറ്റി തയാറാക്കിയ കുറിപ്പ് ചർച്ച ചെയ്യാനായി കൊടുക്കുമ്പോൾ എന്താണ് നവഫാസിസം എന്ന് മനസ്സിലാക്കാനായി തയാറാക്കിയ കുറിപ്പാണത്. അതൊരു രഹസ്യരേഖയേ അല്ല.
നവഫാസിസം ഒരു പുതിയ പ്രയോഗമാണ്. ആഗോളവൽക്കരണത്തിന്റെ പ്രതിസന്ധിയിൽ ഉയർന്നുവന്ന, അതിന്റെ ഒരു ഉത്പന്നമാണ് നവഫാസിസം. പല രാജ്യങ്ങളിൽ പല തരത്തിലാണ് ഇത് പ്രയോഗിക്കുന്നത്. പാർലമെന്ററി സംവിധാനം അവസാനിപ്പിച്ചു കൊണ്ടല്ല, അതിനെ ഉപയോഗിച്ചുകൊണ്ടുതന്നെ ഫലപ്രദമായി അവർ ആഗ്രഹിക്കുന്ന തരത്തിൽ കാര്യങ്ങൾ നടപ്പാക്കാനാണ് അവർ ശ്രമിക്കുന്നത്. പഴയ ക്ലാസിക്കൽ ഫാസിസത്തിന്റെ രീതിയല്ല നവഫാസിസത്തിനുള്ളത്.
നവഫാസിസ്റ്റു പ്രവണത ഫാസിസത്തിലേക്ക് പോകാതിരിക്കുന്നതിന് മതേതര, ജനാധിപത്യ, ഇടതുശക്തികളുടെ ഐക്യ നിര ഉണ്ടാകണം. ഇതൊരു രാഷ്ട്രീയ മുന്നണിയല്ല. വർഗ്ഗപ്പോരാട്ടങ്ങളിലൂടെ രൂപപ്പെട്ടുവരുന്ന ഒരു ശക്തിയാണിത്.
ഈ ഫാസിസ്റ്റു പ്രവണതകളെ ചെറുക്കുവാൻ ആശയപരമായ വിദ്യാഭ്യാസം ഏറ്റവും ആവശ്യമല്ലേ?
സമ്മേളനത്തിന്റെ ഭാഗമായി ജനകീയ വിദ്യാഭ്യാസ പ്രക്രിയയാണ് നടന്നത്. 38000 ബ്രാഞ്ചുകളിലും സമ്മേളനങ്ങൾ നടന്നു. വിമർശനവും സ്വയം വിമർശനവും നടന്നു. ബ്രാഞ്ച് മുതൽ സംസ്ഥാന സമ്മേളനം വരെയും അനുബന്ധ സമ്മേളനങ്ങൾ നടന്നത് ആശയവിദ്യാഭ്യാസത്തിന്റെ ഭാഗമായിരുന്നു. വലിയ ജനപങ്കാളിത്തവും ഈ സമ്മേളനങ്ങൾക്കുണ്ടായി. രാഷ്ട്രീയ വിദ്യാഭ്യാസം കൂടുതൽ ഫലപ്രദമാകണമെന്നത് ശരിയാണ്. യഥാർത്ഥ കമ്മ്യുണിസ്റ്റിന് രാഷ്ട്രീയ വിദ്യാഭ്യാസം ഒഴിച്ച് കൂടാനാകാത്തതാണ്. പാർട്ടി പരിപാടി, സംഘടനാതത്വങ്ങൾ, രാഷ്ട്രീയപ്രമേയം എന്നിവ ഏതൊരു കമ്മ്യുണിസ്റ്റും അറിഞ്ഞിരിക്കണം. ഡിജിറ്റൽ യുഗത്തിൽ സാങ്കേതികവിദ്യയും ആശയവിദ്യാഭ്യാസത്തിനുപയോഗിക്കാവുന്നതാണ്.
ബൂർഷ്വാ സമൂഹത്തിൽ തെറ്റായ പ്രവണതകൾ ചിലരെയെങ്കിലും സ്വാധീനിച്ചേക്കാം. അതാണ് തെറ്റ് തിരുത്തലിനുള്ള അവസരങ്ങൾ ഉണ്ടാക്കുന്നത്. മദ്യപാനം, മയക്കുമരുന്ന് തുടങ്ങിയവക്കെതിരെയും പ്രതിരോധം തീർക്കേണ്ടതുണ്ട്. പൊതുസമൂഹത്തെ ഉൾപ്പെടുത്തിക്കൊണ്ട് അത്തരം പ്രവർത്തനങ്ങൾ പാർട്ടി ഏറ്റെടുക്കും.
മധുരയിൽ നടക്കുന്ന 24‐ാം പാർട്ടി കോൺഗ്രസ്സിന്റെ പ്രാധാന്യം എന്താണ്?
നവഫാസിസ്റ്റു പ്രവണതക്ക് കീഴിലുള്ള അമിതാധികാര വാഴ്ചക്ക് അന്ത്യം കുറിക്കുക എന്ന രാഷ്ട്രീയ നിലപാട് തന്നെയാണ് പാർട്ടി കോൺഗ്രസ്സിന്റെ പ്രാധാന്യം. ഇന്ത്യാ മുന്നണി രൂപീകരിച്ചപ്പോൾ കോൺഗ്രസിന്റെ ദൗർബല്യം വെളിപ്പെട്ടു. അവരുടെ പരാജയം കൊണ്ടാണ് 2% വോട്ട് നമുക്ക് കുറഞ്ഞത്. 38 സീറ്റു കൂടി ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ മുന്നണിക്ക് ഭരണം ലഭിക്കുമായിരുന്നു. ബിജെപി വിരുദ്ധ രാഷ്ട്രീയ സംവിധാനം രൂപപ്പെടുത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. പാർലമെന്റ് തെരെഞ്ഞെടുപ്പിൽ പ്രകടമായ ദൗർബല്യം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിച്ചു.കോൺഗ്രസ്സ് പാഠം പഠിച്ചില്ല. ഡൽഹി, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ ഇത് കണ്ടു. മൃദുഹിന്ദുത്വ നിലപാടാണ് കോൺഗ്രസിന്റേത്.
കൊല്ലം സംസ്ഥാനസമ്മേളനത്തിനായി തെരഞ്ഞെടുത്തതിന്റെ സാംഗത്യം?
മുപ്പതു കൊല്ലം മുൻപാണ് കൊല്ലത്ത് സമ്മേളനം നടന്നത്. ഇടതുപക്ഷാഭിമുഖ്യമുള്ള ഏറ്റവും വലിയ ജനതയുള്ള ജില്ലയാണ് കൊല്ലം. തൊഴിലാളിവർഗ രാഷ്ട്രീയം ഏറ്റവും ശക്തമായ ജില്ലയുമാണ്. സമ്മേളനത്തിന് ആവേശകരമായ പിന്തുണയാണ് കൊല്ലത്തെ ജനങ്ങൾ നൽകുന്നത്. പാർട്ടി കുടുംബങ്ങളിൽ നിന്നും മാത്രമാണ് സമ്മേളനത്തിന് ആവശ്യമായ 2.40 കോടി രൂപ പിരിച്ചെടുത്തത്. 90 ൽ അധികം അനുബന്ധ പരിപാടികൾ കൊല്ലത്ത് നടത്തി. കായികമേഖലയിലും പരിപാടികൾ നടന്നു. കക്ഷിരാഷ്ട്രീയത്തിനപ്പുറത്തുള്ള ജനകീയ വിദ്യാഭ്യാസമാണ് ഇതിലുടെ സാധ്യമായത്.
പാർട്ടിയെയും ഇടതുപക്ഷ സർക്കാരിനെയും ശക്തിപ്പെടുത്താൻ കൊല്ലം സമ്മേളനത്തിന് സാധിക്കുമെന്നുറപ്പാണ്. l