കേരളോൽപ്പത്തി വിവാദത്തിലേക്ക്‌ ഒരെത്തിനോട്ടം

ജി വിജയകുമാർ

കേരളോൽപ്പത്തി ഭാഷ്യങ്ങൾ: മധ്യകാല കേരളചരിത്ര രചനകൾ വിമർശിക്കപ്പെടുന്നു
ഷിബി കെ
വില: 250/‐
ഇൻസൈറ്റ്‌ പബ്ലിക

പ്രാചീന‐മധ്യകാല കേരള ചരിത്രരചന ഇനിയും വിവാദമുക്തമായിട്ടില്ലയെന്നതാണ്‌ വസ്‌തുത. ആദ്യകാലത്തെ കൃത്യമായ തെളിവ്‌ സാമഗ്രികളുടെ അഭാവമായിരിക്കണം ഈ വിവാദങ്ങൾ നിണ്ടുപോകുന്നതിനു കാരണം. പ്രബലരായ ഒരുവിഭാഗം കേരളീയ ചരിത്രപണ്ഡിതർ കേരളത്തിന്റെ പ്രാചീന‐മധ്യകാല ചരിത്രത്തെ കേരളോൽപ്പത്തി, കേരളമാഹാത്മ്യം എന്നീ കൃതികളെ ആധാരമാക്കി ബ്രാഹ്‌മണൈതിഹ്യമായി വ്യാഖ്യാനിക്കുകയാണ്‌. എം ജി എസ്‌ നാരായണനാണ്‌ ഇതിൽ പ്രമുഖൻ. അതിനുമുന്പ്‌ ഇളംകുളം കുഞ്ഞൻപിള്ളയെ പോലുള്ളവർ ആ കാലത്തെ സാഹിത്യകൃതികളിലെ പരാമർശങ്ങളുടെ വ്യാഖ്യാനത്തിലൂടെ ചരിത്രരചന നടത്തുന്ന രീതിയാണ്‌ അവലംബിച്ചിരുന്നത്‌. ഇതിൽനിന്ന്‌ വ്യത്യസ്‌തമായതാണ്‌ പട്ടണം ഖനനത്തിൽനിന്ന്‌ ലഭിച്ച തെളിവ്‌ സാമഗ്രികളുടെ അടിസ്ഥാനത്തിലുള്ള ചരിത്രരചന. ഇത്തരം ഓരോ നിലപാടുകളെയും വിമർശനപരമായി പരിശോധിക്കുകയാണ്‌ ഡോ. ഷിബി കെ തന്റെ ‘‘കേരളോൽപ്പത്തിഭാഷ്യങ്ങൾ: മധ്യകാല കേരളചരിത്ര രചനകൾ വിമർശിക്കപ്പെടുന്നു’’ എന്ന കൃതിയിൽ.

കേരളത്തിന്റെ തനത്‌ സ്വത്വത്തെ പ്രതിനിധീകരിക്കുന്ന എല്ലാ സവിശേഷതകളും പിൽക്കാലത്ത്‌ കേരളത്തിലെത്തിയ ബ്രാഹമണരുടെ സംഭാവനയാണെന്ന്‌ വാദിക്കുന്നതാണ്‌ കേരളോൽപ്പത്തി സംബന്ധിച്ച കഥകൾ. കേരളമെന്ന്‌ ഇന്നറിയപ്പെടുന്ന പ്രദേശത്ത്‌ ആര്യന്മാർ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ബ്രാഹ്മണർ എത്തുന്നതിനുമുന്പ്‌ നാടോടികളും കാടന്മാരുമായിരുന്ന ഒരു ജനവിഭാഗമായിരുന്നു അധിവസിച്ചിരുന്നത്‌ എന്നാണ്‌ കേരളോൽപ്പത്തിവാദക്കാർ പൊതുവെ പറയുന്നത്‌. അതായത്‌ കേരളത്തിന്റെ ചരിത്രം തുടങ്ങുന്നതുതന്നെ, കേരള സംസ്‌കാരത്തിന്‌ തുടക്കംകുറിച്ചതുതന്നെ ബ്രാഹമണരാണെന്നാണ്‌ വാദം. എന്നാൽ ഇത്തരം വാദങ്ങളെ പാടേ നിരാകരിക്കുന്നതാണ്‌ പട്ടണം ഖനനത്തെത്തുടർന്ന്‌ ലഭിച്ച തെളിവുകൾ. ആര്യന്മാരുടെ വരവിനു മുന്പുതന്നെ ഈ പ്രദേശത്ത്‌ ഒരു സംസ്‌കാരം വളർന്നുവന്നുവെന്ന്‌ തെളിയിക്കാനുള്ള ഒട്ടേറെ വിവരങ്ങൾ ഈ ഖനനത്തിലൂടെ ലഭ്യമായിട്ടുണ്ട്‌. എന്നാൽ ഇങ്ങനെ ലഭ്യമായ തെളിവുകളെയെല്ലാം ബ്രാഹ്മണ മേൽക്കോയ്‌മാവാദക്കാർ നിരാകരിക്കുകയാണ്‌.

പരശുരാമൻ ബ്രാഹ്മണരെ കൊണ്ടുവരുന്നതിനു മുന്പ്‌ ഇവിടെയുണ്ടായിരുന്നത്‌ പെറുക്കിത്തിന്നും വേട്ടയാടിയും നടന്നിരുന്ന ഗോത്രസമൂഹമായിരുന്നുവെന്നും ബ്രാഹ്മണരാണ്‌ അവരെ കൃഷിചെയ്യാൻ പഠിപ്പിച്ചതെന്നുമുള്ള എംജിഎസിന്റെയും ശിഷ്യരുടെയും വാദങ്ങൾക്ക്‌ അടിത്തറ നൽകുന്നതല്ല ഖനനങ്ങളിലൂടെ ലഭിച്ച തെളിവുകൾ എന്ന്‌ വ്യക്തമാക്കുകയാണ്‌ ഡോ. ഷിബി ഈ ലഘു ഗ്രന്ഥത്തിൽ.

ദക്ഷിണേന്ത്യൻ ചരിത്രരചനയിൽ പ്രത്യക്ഷമായ രണ്ടു ധാരകളെയും ഡോ. ഷിബി പരിചയപ്പെടുത്തുന്നുണ്ട്‌. ഒന്ന്‌, ദ്രാവിഡ‐രാഷ്‌ട്രീയ മുന്നേറ്റങ്ങൾക്കു വേണ്ട ബൗദ്ധിക സാഹചര്യങ്ങളൊരുക്കുന്ന, ചരിത്രരചനയിലെ ദ്രാവിഡവാദമാണ്‌. ബ്രാഹ്മണാധികാരത്തിന്റെ കരസ്‌പർശമേൽക്കാത്ത, സംസ്‌കൃത പാരന്പര്യത്തിന്‌ ബദൽ നിൽക്കുന്ന, സന്പന്നമായ ദക്ഷിണേന്ത്യൻ ചരിത്രം സംഘകാലത്തെ മുൻനിർത്തി നിർമിക്കപ്പെട്ടുവെന്ന്‌ ലേഖിക കൃത്യമായി ചൂണ്ടിക്കാണിക്കുന്നു. എന്നാൽ അതിനോടും യോജിക്കുന്ന നിലപാടല്ല ലേഖികയുടേത്‌. അതേസമയംതന്നെ, കേരള ചരിത്രവുമായി ബന്ധപ്പെട്ട ബ്രാഹ്മണ മേൽക്കോയ്‌മാപരമായ ഉൽപ്പത്തി സിദ്ധാന്തവും ദക്ഷിണേന്ത്യൻ ചരിത്രരചനയിലെ ദ്രാവിഡവാദവും ഒരേപോലെ കൊളോണിയൽ ഭരണാധികാരികളുടെ ഒത്താശയിൽ തഴച്ചുവളരുകയാണുണ്ടായതെന്നും ഷിബി ചൂണ്ടിക്കാണിക്കുന്നു.

എം ജി എസിന്റെ അശാസ്‌ത്രീയമായ സമീപനത്തെ നിശിതമായി വിമർശിക്കുമ്പോൾതന്നെ കേരളചരിത്രരചനയിൽ അദ്ദേഹം വഹിച്ച പങ്കിനെക്കുറിച്ച്‌ പ്രതിപാദിക്കാനും ഷിബി മറക്കുന്നില്ല. വിമർശനം തെല്ലും വ്യക്തിനിഷ്ഠമല്ലെന്ന്‌ ഇത്‌ നമ്മെ ഓർമിപ്പിക്കുന്നു. ഷിബിയുടെ വാക്കുകൾ നോക്കാം: ‘‘പാച്ചു മൂത്തതും ശങ്കുണ്ണി മേനോനും ലോഗനും പത്മനാഭ മേനോനും തുടങ്ങി ഇളംകുളം വരെ എത്തിനിൽക്കുന്ന കൊളോണിയൽ‐ദേശീയ‐ദ്രാവിഡവാദ സമീപനങ്ങളിലധിഷ്‌ഠിതമായ ചരിത്രവായനയ്‌ക്ക്‌ അവസാനം കുറിച്ചുകൊണ്ടാണ്‌ എം ജി എസ്‌ വരുന്നത്‌. ദക്ഷിണേന്ത്യൻ ചരിത്രരചനയുടെ ഒരു ചെറിയ കഷണമായിരുന്ന കേരളത്തിന്‌ സ്വന്തമായി ഒരു ചരിത്രമുണ്ടാക്കിക്കൊടുത്തതും, ചോളന്മാരുടെ സാമന്തന്മാർ മാത്രമാണ്‌ ചേരരാജാക്കന്മാർ എന്നൊക്കെയുള്ള ചോളചരിത്രകാരന്മാരുടെ വാദങ്ങൾക്ക്‌ മറുപടി കൊടുത്തതും ദക്ഷിണേന്ത്യൻ ചരിത്രത്തിൽതന്നെ കേരളത്തിന്‌ ഒരു സ്വത്വമുണ്ടാക്കിയതും എം ജി എസ്‌ നാരായണനാണ്‌ എന്ന വസ്‌തുത അനിഷേധ്യമാണ്‌. ഇങ്ങനെ കൊളോണിയൽ ഭരണകൂട നിർമിതിയുടെയും കൊളോണിയലനന്തര ദേശീയതയുടെയും സങ്കൽപ്പത്തിനകത്ത്‌ വായിക്കപ്പെട്ടിരുന്ന കേരളത്തിന്റെ മധ്യകാല ചരിത്രത്തെ ‘ചരിത്രം’ എന്ന ഡിസിപ്ലിനകത്തേക്ക്‌ കയറ്റിനിർത്തി പ്രമാണ (empirical sources) നിബദ്ധമായ ചരിത്രമെഴുതാൻ തുടങ്ങി എന്നതാണ്‌ എം ജി എസ്‌ എന്ന ചരിത്രകാരന്റെ പ്രധാന സംഭാവനയായി നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്‌’’ (പേജ്‌ 33, 34).

എന്നിരുന്നാലും കേരള ചരിത്രരചനയിൽ പ്രമാണനിബദ്ധതയുടെ പുതിയ കാലഘട്ടംതന്നെ സൃഷ്ടിച്ച എം ജി എസ്‌ നൂറ്റന്പതോളം മധ്യകാല ലിഖിതങ്ങളുടെ വെളിച്ചത്തിൽ എഴുതിയ കേരളത്തിന്റെ മധ്യകാല ചരിത്രം ഏതാണ്ട്‌ പൂർണമായും കേരളോൽപ്പത്തിയെ അടിസ്ഥാനപ്പെടുത്തിയാണെന്നതാണ്‌ വിരോധാഭാസം. ഫലത്തിൽ താൻ ശേഖരിക്കുകയും പഠനവിധേയമാക്കുകയും ചെയ്‌ത പ്രമാണരേഖകളാകെ കേരളോൽപ്പത്തിയിലെ കെട്ടുകഥകൾ സ്ഥാപിക്കാൻ ഉപയോഗിച്ചുവെന്നും ലേഖിക ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിനകത്തുനിന്നോ പുറത്തുനിന്നോ ലഭിച്ചിട്ടുള്ള ഒരു ചരിത്രരേഖയിലും ആര്യബ്രാഹ്മണരാണ്‌ ചേര സാമ്രാജ്യത്തിന്റെ സ്ഥാപകർ എന്ന്‌ പറയുന്നില്ലായെന്നും കേരളോൽപ്പത്തിയിൽ പറയുന്ന ചേരരാഷ്‌ട്രത്തെയല്ല ശാസനങ്ങൾ പ്രതിനിധീകരിക്കുന്നതെന്നുമുള്ള ഡോ. കെ എൻ ഗണേശിന്റെ വാദമാണ്‌ ഡോ. ഷിബി ഉയർത്തിപ്പിടിക്കുന്നത്‌. കേരളത്തിനു പുറത്തു കാണുന്നതുപോലെയുള്ള ബ്രാഹ്മണദാനങ്ങൾ കേരളോൽപ്പത്തിയിലല്ലാതെ കേരളത്തിലെ ശാസനങ്ങളിൽ കാണുന്നില്ലെന്ന വസ്‌തുതയും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്നത്തെ ബ്രാഹ്മണ ഗ്രാമങ്ങൾക്കടുത്തുനിന്ന്‌ കിട്ടിയ മുഴുവൻ ചരിത്രരേഖകളെയും ആ ബ്രാഹ്മണ ഗ്രാമങ്ങളുടെ സ്വകാര്യതയിൽ നിൽക്കുന്ന സന്പത്തായി വ്യാഖ്യാനിച്ചിടത്താണ്‌ എം ജി എസിന്‌ വഴിതെറ്റുന്നത്‌. ശാസനങ്ങളെയും മറ്റു തെളിവു സാമഗ്രികളെയും ഉദ്ധരിച്ചാണ്‌ ഡോ. ഷിബി തന്റെ വാദഗതികൾ സമർഥിക്കുന്നത്‌.

എം ജി എസിന്റെ ശിഷ്യരായി രംഗത്തുവന്ന കേശവൻ വെളുത്താട്ടിനെയും രാജൻ ഗുരുക്കളെയും പോലുള്ള ചരിത്രകാരന്മാരാകട്ടെ എം ജി എസിന്റെ വാദഗതികളെ ശാസ്‌ത്രീയമായ വിശകലനങ്ങൾക്ക്‌ വിധേയമാക്കുന്നതിനു പകരം അവയെ അരക്കിട്ടുറപ്പിക്കാനാണ്‌ ശ്രമിച്ചത്‌ എന്നും ഷിബി ചൂണ്ടിക്കാണിക്കുന്നു. ‘‘ശവക്കല്ലറകളിലും വീരക്കല്ലുകളിലും ഗുഹകളിലും തുടങ്ങി പാത്രങ്ങളിൽ വരെ ചരിത്രം രേഖപ്പെടുത്തിയ ഒരു സമൂഹത്തെ ഭാഷയില്ലാത്ത പ്രാകൃതരായി വ്യാഖ്യാനിക്കാൻ ഗുരുക്കളെ പ്രേരിപ്പിച്ച ഘടകം കേരളോൽപ്പത്തി മുന്നോട്ടുവച്ച ബ്രാഹ്മണാശയങ്ങളുടെ മൂശയിൽ രൂപപ്പെട്ട വിചാര മാതൃകയാണെന്നത്‌ സുവ്യക്തമാണ്‌’’ (പേജ്‌ 69) എന്നാണ്‌ ലേഖിക ചൂണ്ടിക്കാണിക്കുന്നത്‌.

പ്രാചീന‐മധ്യകാല കേരള ചരിത്രരചനയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ വിവാദങ്ങളിലേക്ക്‌ വെളിച്ചംവീശുന്ന ഡോ. ഷിബി ഇതിൽ ഓരോന്നിലും തന്റെ വ്യക്തമായ നിലപാട്‌ ഊന്നിപ്പറയുന്നുമുണ്ട്‌. തീർച്ചയായും ചരിത്രവിദ്യാർഥികളും കേരളത്തിന്റെ ഇന്നലെകളെക്കുറിച്ചറിയാൻ താൽപര്യമുള്ള മലയാളികളാകെയും വായിക്കേണ്ടതും ചർച്ചചെയ്യേണ്ടതുമായ ഒരു കൃതി തന്നെയാണിത്‌. അതുകൊണ്ടുതന്നെ ലേഖിക അഭിനന്ദനമർഹിക്കുന്നുമുണ്ട്‌. l

Hot this week

വേടൻ സാമൂഹ്യതിന്മകൾക്കെതിരെ പാടിക്കൊണ്ടിരിക്കട്ടെ…

വേടൻ്റെ പാട്ട് സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങൾക്കെതിരെയുള്ള മൂർച്ചയുള്ള വാക്കുകളാണ്. വലിയ തോതിൽ...

കാവിസംസ്കാരത്തിനെതിരെ ചങ്ങമ്പുഴ

വിപ്ലവപ്പാതയിലെ ആദ്യപഥികര്‍- 77 പുരോഗമനസാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തില്‍( 1945-ല്‍ രണ്ടാം സംസ്ഥാനസമ്മേളനം) ഒരു...

ഫാസിസത്തിന് ഒരു തത്വശാസ്ത്രം

ഫാസിസവും നവഫാസിസവും-5 ഇതുവരെ നാം ഫാസിസത്തെ കണ്ടത് കമ്യൂണിസ്റ്റുകാരുടെ കണ്ണിലൂടെയാണ്. ഇനി ഫാസിസ്റ്റുകൾ...

ഖരമാലിന്യ സംസ്കരണത്തിന്റെ ഇരട്ടയാർ മോഡൽ

ഇക്കണോമിക്സ് സർവേ റിപ്പോർട്ടിൽ ഇടംപിടിച്ച രാജ്യത്തിന് തന്നെ മാതൃകയായ ഇരട്ടയാർ ഗ്രാമപഞ്ചായത്ത്...

എം ആർ വെങ്കിട്ടരാമൻ

തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അതുല്യമായ സംഭാവന നൽകിയ നേതാവായിരുന്നു എം...

Topics

വേടൻ സാമൂഹ്യതിന്മകൾക്കെതിരെ പാടിക്കൊണ്ടിരിക്കട്ടെ…

വേടൻ്റെ പാട്ട് സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങൾക്കെതിരെയുള്ള മൂർച്ചയുള്ള വാക്കുകളാണ്. വലിയ തോതിൽ...

കാവിസംസ്കാരത്തിനെതിരെ ചങ്ങമ്പുഴ

വിപ്ലവപ്പാതയിലെ ആദ്യപഥികര്‍- 77 പുരോഗമനസാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തില്‍( 1945-ല്‍ രണ്ടാം സംസ്ഥാനസമ്മേളനം) ഒരു...

ഫാസിസത്തിന് ഒരു തത്വശാസ്ത്രം

ഫാസിസവും നവഫാസിസവും-5 ഇതുവരെ നാം ഫാസിസത്തെ കണ്ടത് കമ്യൂണിസ്റ്റുകാരുടെ കണ്ണിലൂടെയാണ്. ഇനി ഫാസിസ്റ്റുകൾ...

ഖരമാലിന്യ സംസ്കരണത്തിന്റെ ഇരട്ടയാർ മോഡൽ

ഇക്കണോമിക്സ് സർവേ റിപ്പോർട്ടിൽ ഇടംപിടിച്ച രാജ്യത്തിന് തന്നെ മാതൃകയായ ഇരട്ടയാർ ഗ്രാമപഞ്ചായത്ത്...

എം ആർ വെങ്കിട്ടരാമൻ

തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അതുല്യമായ സംഭാവന നൽകിയ നേതാവായിരുന്നു എം...

വിപ്ലവത്തിന്റെ ഹൃദയത്തിൽ വസിച്ചവൾ : റോസാ ലക്സംബർഗ്

  പോളണ്ടിൽ ജനിച്ചെങ്കിലും പിന്നീട് ജർമ്മൻ പൗരത്വം സ്വീകരിച്ച റോസാ ലക്സംബർഗ്, ഇരുപതാംനൂറ്റാണ്ടിലെ...

മെയ് ദിനം: ഇന്ത്യയിൽ പ്രസക്തിയേറുന്നൂ

"നിങ്ങൾ ഇന്ന് കഴുത്തുഞെരിച്ചു കൊല്ലുന്ന ശബ്ദങ്ങളേക്കാൾ ഞങ്ങളുടെ മൗനം ശക്തമാകുന്ന ഒരു...

യുവതയുടെ കലാഭിരുചികൾ

  ക്രിയാത്മകമായ ഉൾചോദനയുടെ പ്രവാഹം ശക്തമായ കലാവിഷ്‌കാരങ്ങളായി ജീവിതസങ്കീർണതകളോട്‌ ഇഴചേർന്നുകൊണ്ട്‌ സമൂഹത്തിലാകെ വളർന്നു...
spot_img

Related Articles

Popular Categories

spot_imgspot_img