
ഗുരുക്കൾ തെയ്യം എന്നോ കുരിക്കൾ തെയ്യം എന്നോ അറിയപ്പെടുന്ന തെയ്യക്കോലം കണ്ണൂർ ജില്ലയിലെ കൂടാളി കുഞ്ഞിരാമൻ ഗുരുക്കൾ എന്ന ഇതിഹാസ പുരുഷനെ ആസ്പദമാക്കിയുള്ളതാണ്. യോഗവിദ്യയും മന്ത്രവാദവും അറിയാമായിരുന്ന ഗുരുക്കൾ കത്തിവെന്നൂർ വീരനോടൊപ്പം കെട്ടിയാടുന്നു. നാടുവാഴിയുടെ ക്രൂരതയ്ക്കിരയായി ചതിക്കപ്പെട്ടു കൊല്ലപ്പെട്ടതിന്റെ ഓർമ്മക്കായിട്ടാണ് ഈ തെയ്യം കെട്ടിയാടുന്നത് എന്നാണ് പൊതുവിൽ പറയുന്നത്. പൊന്ന്യൻ തൊണ്ടച്ചൻ വിഷകണ്ഠൻ തുടങ്ങിയ തെയ്യങ്ങളും ഈ ഗണത്തിൽപ്പെടുന്നതാണ്. കതിവെന്നൂർ വീരൻ തെയ്യത്തോടൊപ്പം ചിലയിടങ്ങളിൽ ഈ തെയ്യം കെട്ടിയിറങ്ങാറുണ്ട്. കതിവെന്നൂർ വീരനെപ്പോലെ വീരമൃത്യു വരിച്ച പൂർവികന്റെ സങ്കല്പത്തിലാണ് ഈ തെയ്യം ഇറങ്ങുന്നത് എന്ന് വിശ്വസിക്കുന്നവരുണ്ട്. കൂടാളി നാട്ടിലെ യോഗി ആയിരുന്നു കുഞ്ഞിരാമൻ. നാട്ടുരാജാവ് തനിക്കു തീവ്രമായി അനുഭവപ്പെട്ട ബാധ അകറ്റാൻ ഒരിക്കൽ പ്രഗത്ഭ മന്ത്രവാദിയും വൈദികനുമായ കുഞ്ഞിരാമൻ ഗുരുക്കളെ വിളിച്ചുവരുത്തി. ശരീരത്തിൽ നിന്നും ബാധ അകറ്റാൻ കഴിഞ്ഞതോടെ ഏറെ സന്തോഷത്തിൽ ആയിരുന്നു. ഈ കാരണത്താൽ ഗുരുക്കൾക്ക് കൈനിറയെ സ്വർണ്ണവും സ്ഥാനമാനവും നൽകുകയുണ്ടായി. എന്നാൽ ഇതോടെ അസൂയാലുക്കളായ അനുയായികൾ ഗുരുക്കളെ ചതിച്ചു കൊല്ലുകയായിരുന്നു. പൂഴാതി പറമ്പിന്റെ കന്നിമൂലയിലാണ് ഗുരുക്കൾ മരിച്ചു വീണത്. വെപ്രാളത്തോടെ കരയുന്ന ഗുരുക്കളുടെ നിലവിളി കേട്ട് കതിവെന്നൂർ വീരൻ ഗുരുക്കളെ തെയ്യമാക്കി അദ്ദേഹത്തിന്റെ കൂടെ കൂട്ടി എന്നാണ് ഐതിഹ്യം. വണ്ണാൻ സമുദായക്കാരാണ് ഗുരുക്കൾ തെയ്യം സാധാരണ കെട്ടാറുള്ളത്. കതിവെന്നൂർ വീരന്റെ വേഷത്തോട് സാമ്യമുള്ള വേഷം തന്നെയാണ് ഗുരുക്കൾ തെയ്യവും കെട്ടാറുള്ളത്. ഗുരുക്കൾ തെയ്യം എന്ന പേരിൽ പുലയ സമുദായക്കാരും ചിലയിടങ്ങളിൽ തെയ്യം കെട്ടാറുണ്ട്. പുളിമറഞ്ഞ തൊണ്ടച്ചൻ ഈ കൂട്ടത്തിൽ പ്രധാനപ്പെട്ടതാണെന്നു പറയുന്നു. വിവിധ പേരുകളിൽ ഗുരുക്കൾ തെയ്യം കെട്ടിയാടുന്നുണ്ട്. പനയാർ ഗുരുക്കൾ. കാരി ഗുരുക്കൾ. ചിറ്റോത്തു ഗുരുക്കൾ. ചൊല്ലാലൻ ഗുരുക്കൾ അമ്പിലേരി ഗുരുക്കൾ വട്ടിയൻ ഗുരുക്കൾ വളയങ്ങാടൻ തൊണ്ടച്ചൻ ഗുരുക്കൾ എന്നീ പേരുകളിലാണ് ഇതറിയപ്പെടുന്നത്.
അരിച്ചാന്തു കൊണ്ട് ചിത്രപ്പണി ചെയ്ത മാറിടവും നാഗവും കുറിയും കൊണ്ട് അടയാളപ്പെടുത്തുന്ന മുഖവും ഈ തെയ്യങ്ങളുടെ പ്രത്യേകതയാണ്. തിരുമുടിയായി പൂക്കട്ടി മുടിയും അലങ്കാര പ്രത്യേകതയോടെ അണിയിച്ചു വെക്കാറുണ്ട്. ഏറെ ജനപ്രിയ തെയ്യങ്ങളുടെ കൂട്ടത്തിലാണ് ഈ തെയ്യം ഉൾപ്പെടുന്നത്. ജീവിച്ചിരുന്ന ഒരു മഹായോഗിയുടെ സ്മരണയിൽ കെട്ടിയാടുന്ന തെയ്യം ഇതിന്റെ പ്രത്യേകതയാണ്.
കുറച്ചെങ്കിലും ഭേദഗതിയോടെ മറ്റുചില ഐതിഹ്യവും നിലനിൽക്കുന്നുണ്ട്. കൂടാളിയിലെ കുഞ്ഞിരാമൻ ഗുരുക്കൾ എന്ന മഹായോഗിയുടെ ജീവിതത്തോടെ തുടങ്ങുന്ന ഒരു കഥയിൽ ശാസ്ത്രവും വേദവും പഠിച്ചു മിടുക്കനായ ഗുരുക്കൾ തീർത്ഥടനത്തിന് പോകുന്നതാണ് ഒരു കൂട്ടർ പറയുന്നത്. അഷ്ഠാഗ വിദ്യ ഉൾപ്പെടെ സകലതും പഠിച്ചു യഥാർത്ഥ യോഗിയായി എന്നാണ് പറയുന്നത്. പ്രകൃതിയോട് അതിരറ്റ സ്നേഹം ഉണ്ടായിരുന്ന അദ്ദേഹം വിവിധ സ്ഥലങ്ങൾ സന്ദർശിക്കുക എന്നത് പ്രധാന വിനോദമായി കരുതി.. അങ്ങിനെ ഒരുപാട് സ്ഥലങ്ങൾ സന്ദർശിച്ചു. ഒരുപാട് ഭാഷയും സംസ്കാരവും സ്വയത്തമാക്കാൻ ഈ യാത്ര ഏറെ ഉപകരിച്ചു എന്നുവേണം കരുതാൻ. ഈ സന്ദർഭത്തിൽ വിവിധ ഔഷധങ്ങളെ കുറിച്ചുള്ള ശാസ്ത്രാവബോധം വളർത്തിയെടുക്കാനും കഴിഞ്ഞു. പിന്നെ കുറെ കഴിഞ്ഞു നാട്ടിലേക്കു അദ്ദേഹം മടങ്ങി. ഭരണാധികാരിക്ക് ഈ സമയത്താണ് എന്തോ അസുഖം പിടിപെടുന്നത്. ഒരുപാട് ശ്രമിച്ചെങ്കിലും രോഗം ഭേദമാവുന്ന നില ഉണ്ടായില്ല. രോഗനിർണയം പോലും സാധ്യമായില്ല. കൊട്ടാരത്തിലെ അംഗങ്ങൾ രാജാവിനെ വിവരം അറിയിച്ചു. കുഞ്ഞിരാമൻ ഗുരുക്കളെ അവിടേക്കു വിളിച്ചു വരുത്തി. രോഗം എന്താണെന്നു ഗുരുക്കൾക്കു എളുപ്പം മനസ്സിലായി. പീഡബലി, മദബലി, മുക്കുദാരം ഗുരുസി, കുക്കുട ബലി എന്നിവ നടത്തി. വേഗം രോഗം ഭേദമായി. ഈ സമയത്താണ് കുഞ്ഞിരാമൻ ഗുരുക്കൾ എന്ന പദവി അദ്ദേഹത്തിന് നൽകുന്നത്. ഒരുപാട് പൊന്നും പണവും ഗുരുക്കൾക്കു നൽകി. ഗുരുകൾക്ക് രണ്ടു സൈനികരെയും അംഗരക്ഷകരായി നൽകി. ഭരണാധികാരികൾ പല തെറ്റിധാരണയും പുലർത്തി. തന്നെ ഇല്ലാതാക്കി ഗുരുക്കളെ ജനങ്ങൾ വാഴിക്കുമോ എന്നതായിരുന്നു പ്രധാന സംശയം. അതിനാൽ ഗുരുക്കളെ വധിക്കണമെന്ന് സൈനികരോട് സ്വകാര്യം പറഞ്ഞു. വിജനമായ സ്ഥലത്തുവെച്ചു ഭടന്മാർ ഗുരുക്കളെ വധിച്ചു. നിഷ്കളങ്കനും ഭക്തനുമായ യോഗി മോക്ഷം പ്രാപിച്ചു. ഇതോടെ ജനങ്ങൾ ഗുരുകൾക്ക് ആരാധനാലയങ്ങളിൽ സ്ഥാനം നൽകി എന്ന് പറയുന്നു. ഇങ്ങനെ ആദര സൂചകമായി തെയ്യം കെട്ടിയാടാൻ തുടങ്ങി എന്നും പറയപ്പെടുന്നു. ഗുരുക്കളെ ഭരണാധികാരികൾ കൊന്നില്ലെന്നും പുതിയ പദവിയിൽ അസൂയ പൂണ്ട കൊട്ടാരത്തിലെ അംഗങ്ങൾ കൊലപ്പെടുത്തി എന്നും പറയുന്നുണ്ട്.
പഴയങ്ങാടി എരിപുരം കവിന്തരികത്തു കതിവെന്നൂർ വീരൻ പള്ളിയറ ക്ഷേത്രം. കണ്ണൂർ തളാപ്പ് ഓലച്ചേരി കാവ് ക്ഷേത്രം. കരിവെള്ളൂർ കൂളികാവ് ശ്രീ വിഷ്ണു മൂർത്തി ക്ഷേത്രം.. ചേരവെള്ളിക്കീൽ തീയക്കണ്ടി കതിവെന്നൂർ വീരൻ ക്ഷേത്രം വേങ്ങര ഭഗവാൻ ക്ഷേത്രം എന്നിവിടങ്ങളിൽ ഗുരുക്കൾ തെയ്യം കെട്ടിയാടുന്നു. സമാധാനം, സമൃധി, നല്ല ആരോഗ്യം എന്നിവയ്ക്ക് ജനങ്ങൾ ഗുരുക്കൾ തെയ്യത്തെ ആരാധിക്കുന്നു. പരീക്ഷകളിലും മറ്റും വിജയം നേടാനും നല്ല ബുദ്ധിശക്തിക്കും ഈ തെയ്യത്തെ ആരാധിക്കുന്നു. കുട്ടികൾക്ക് നല്ല ഓർമ ശക്തി ഉണ്ടാവാൻ ഈ തെയ്യത്തെ ആരാധിക്കുന്നത് നല്ലതാണെന്നു വിശ്വസിക്കുന്നവരുമുണ്ട്.




