ആദിമമനുഷ്യനിൽ തുടങ്ങിയ ചിത്രശിൽപകലാരചനകൾ പരിശോധിക്കുമ്പോൾ, മനുഷ്യരൂപങ്ങളുടെ പങ്ക് ചിത്രതലങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമാവുന്നതായി കാണാം. അതിലേറെയും മുഖരൂപങ്ങൾക്കാണ് പ്രാധാന്യം. വർഷങ്ങൾക്കിപ്പുറമുള്ള കലാചരിത്രരേഖകളിലും ചിത്ര‐ശിൽപകലയിൽ ഛായാചിത്രങ്ങൾക്കുമുള്ള പ്രത്യേക പ്രാധാന്യം എടുത്തുപറയുന്നുണ്ട്. 13‐ാം നൂറ്റാണ്ടിൽ ജാൻവാൻഐക് എന്ന യൂറോപ്യൻ ചിത്രകാരൻ എണ്ണച്ചായം കണ്ടുപിടിച്ചതോടെ ചിത്രകലയിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടായി, പ്രത്യേകിച്ച് ഛായാചിത്രരചനയിൽ. മൈക്കലാഞ്ചലോ, ഡാവിഞ്ചി, റാഫേൽ തുടങ്ങിയ വിശ്വോത്തര ചിത്രകാരർ നവോത്ഥാനകാല കലയിലൂടെ പ്രകൃതിദൃശ്യങ്ങളും ബൈബിളടക്കമുള്ള ഇതിഹാസചിത്രങ്ങളും വിഷയമാക്കുമ്പോഴും ഛായാചിത്രങ്ങൾ മികച്ച കലാവിഷ്‌കാരങ്ങളായി അക്കാലത്തെ കലയിൽ ഇടംനേടിയിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡച്ച് ചിത്രകാരനായ റെംബ്രാണ്ട് (റെംബ്രാണ്ട് വാങ് റെയ്‌ൻ) ഛായാചിത്രരചനയിൽ പുതിയ ആവിഷ്‌കാരരീതികളിലൂടെ ശ്രദ്ധേയനായി. ഡച്ച് ചിത്രകലയുടെ സുവർണകാലമെന്നാണ് റെംബ്രാണ്ടിന്റെ രചനകളെ കലാസ്വാദകർ വിലയിരുത്തിയിരുന്നത്. വിവിധ പ്രായത്തിലുള്ള വൈവിധ്യ ഭാവങ്ങളോടെ സ്വന്തം ഛായാചിത്രങ്ങളുൾപ്പെടെ പ്രമുഖ്യ വ്യക്തിത്വങ്ങളുടെ ചിത്രങ്ങൾ അദ്ദേഹം രചിക്കുകയുണ്ടായി. അക്കാലത്ത് നിലവിലിരുന്ന ബറോക് കലാശൈലിയിൽ നിന്ന് മാറിയ, നിഴലിന്റെയും വെളിച്ചത്തിന്റെയും ലാവണ്യതലങ്ങൾക്ക് പ്രാധാന്യം നൽകിയവയായിരുന്നു റെംബ്രാണ്ടിന്റെ ചിത്രങ്ങൾ, പ്രത്യേകിച്ച് ഛായാചിത്രങ്ങൾ.
ഛായാചിത്രങ്ങൾക്ക് പ്രാധാന്യം കൊടുത്ത മറ്റൊരു ഡച്ച് ചിത്രകാരനായിരുന്നു വിൻസന്റ് വാൻഗോഗ്. 1890ൽ തന്റെ മുപ്പത്തേഴാമത്തെ വയസ്സിൽ വിടപറഞ്ഞ അദ്ദേഹം സ്വന്തം ഛായാചിത്രങ്ങളാണ് കൂടുതലും വരച്ചിട്ടുള്ളത്. നവീനമായ രചനാസങ്കേതം സ്വീകരിച്ചുള്ള ഛായാചിത്രങ്ങളും മറ്റ് രചനകളുമാണ് അദ്ദേഹത്തെ വ്യത്യസ്‌തനാക്കിയിരുന്നത്. ഭാരതീയ ചിത്രകലയിലേക്ക് വരുമ്പോൾ ഛായാചിത്രണത്തിൽ ശ്രദ്ധേയനായത് വിശ്വോത്തര ചിത്രകാരനായിരുന്ന രാജാരവിവർമയായിരുന്നു. മനുഷ്യരൂപങ്ങളുടെ യഥാർഥ വലിപ്പത്തിൽ നിഴലിന്റെയും വെളിച്ചത്തിന്റെയും പ്രത്യേകതകൾ അനുഭവവേദ്യമാക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ ഛായാചിത്രങ്ങൾ. അതുവരെ നിലനിന്നിരുന്ന ഛായാചിത്ര രചനാസങ്കേതത്തിൽനിന്ന് മാറിയ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. ശരീരത്തിന്റെ നിറം, വസ്‌ത്രങ്ങൾ, പശ്ചാത്തലത്തിലുള്ള വസ്‌തുക്കൾ, പ്രകൃതി, വെളിച്ചം വരുന്ന വഴി എന്നീ ഘടകങ്ങളുടെ യഥാതഥമായ പ്രയോഗത്തിന്റെ രീതിഭേദങ്ങൾ അദ്ദേഹത്തിന്റെ രചനകളിലെ സവിശേഷതയായിരുന്നു. വെളിച്ചത്തിനു മാത്രമല്ല നിഴലിനും പ്രകാശമുണ്ടെന്ന് ആസ്വാദകർക്ക് കാട്ടിത്തരുന്നവയായിരുന്നു ആ ചിത്രങ്ങൾ, ഛായാചിത്രങ്ങളടക്കം.
ഛായാചിത്രണം നടത്തുമ്പോൾ ചിത്രകാരൻ വിശാലമായ കാഴ്‌ചയിലേക്ക് മനസ്സ് തുറക്കുന്നു. മനഃശാസ്‌ത്രജ്ഞന്റെ മനസ്സോടെയാണ് ഛായാചിത്രകാരർ രചന നടത്തിയിരുന്നത്. മനുഷ്യമുഖങ്ങളിൽ തെളിയുന്ന ഭാവങ്ങൾ, വികാരഭേദങ്ങളടക്കം പഠിച്ച് അത് ചിത്രതലത്തിലേക്ക് ആവാഹിക്കുകയാണ് ചിത്രകാരർ ചെയ്‌തിരുന്നത്. സന്തോഷവും ദുഃഖവും വാത്സല്യവും പ്രണയവും അധികാരവുമൊക്കെച്ചേരുന്ന ഭാവതലങ്ങളെ യഥോചിതം സമന്വയിപ്പിച്ചുകൊണ്ടാണ് ഛായാചിത്രങ്ങൾ രൂപകൽപന ചെയ്യുക. നിഴലിന്റെയും വെളിച്ചത്തിന്റെയും സാധ്യതകൾക്കും ഛായാചിത്രങ്ങളിൽ കൂടുതലായി പ്രാധാന്യമുണ്ട്. ഒന്നിലധികം രേഖകൾ ചേരുമ്പോഴുള്ള നിറക്കടുപ്പം ചിത്രതലങ്ങളിലേക്കും പ്രയോഗിച്ചിരിക്കുന്ന രീതി ശ്രദ്ധേയം. നിഴലിന്റെയും വെളിച്ചത്തിന്റെ ദൃശ്യവ്യതിയാനങ്ങൾ രേഖകളുടെ ധാരാളിത്തത്തിലൂടെയും കുറഞ്ഞ രേഖകളിലൂടെയുമാണ് ഷാനവാസ് ആവിഷ്‌കരിച്ചിരിക്കുന്നത്. നിഴലിന്റെയും വെളിച്ചത്തിന്റെയും ടോണുകൾക്കനുസരിച്ച് പശ്ചാത്തല നിറങ്ങളുടെ തിരഞ്ഞെടുപ്പിലും ചിത്രകാരൻ ഏറെ ശ്രദ്ധിച്ചിരിക്കുന്നത് കാണാം.
ഛായാചിത്രരചനയിൽ സജീവമായി ശ്രദ്ധിക്കുന്ന ചിത്രകാരനും മാവേലിക്കര കോളേജ് ഓഫ് ഫൈൻ ആർട്‌സിലെ അധ്യാപകനുമാണ് ചവറ സ്വദേശിയായ ഷാനവാസ്. രേഖകളിലൂടെയും നിറങ്ങളിലൂടെയുമുള്ള ഛായാചിത്രങ്ങളും മറ്റ് പെയിന്റിംഗുകളും അദ്ദേഹം രചിക്കാറുണ്ടെങ്കിലും ഏറെ താൽപര്യം രേഖകളിലൂടെയുള്ള ഛായാചിത്രങ്ങളോടാണ്. ആയിരത്തിലധികം രേഖാചിത്രങ്ങൾ ഇതിനകം അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. അവയിൽനിന്ന് തിരഞ്ഞെടുത്ത 150 ഓളം ഛായാചിത്രങ്ങളുടെ പ്രദർശനമാണ് ‘വരദം’ എന്ന് പേരിട്ട് കൊല്ലത്ത് മാർച്ച് രണ്ടുമുതൽ 11 വരെ സംഘടിപ്പിച്ചത്. ഇങ്ക് ആൻഡ് പെൻ മാധ്യമമാക്കിയുള്ള പ്രദർശനം ഒരാഴ്‌ച നീണ്ടുനിന്നു. രേഖകളുടെ ലയവിന്യാസത്തോടൊപ്പം മോഡലാകുന്ന വ്യക്തിയുടെ സാമൂഹ്യ സാംസ്‌കാരിക സവിശേഷതകൾ കൂടി ഇഴചേർത്തുകൊണ്ടുള്ള രചനാരീതിയാണ് ഷാനവാസ് സ്വീകരിച്ചിട്ടുള്ളത്. ശക്തമായ രേഖകൾ/ജാമിതീയ സ്വഭാവമുള്ള താളാത്മകവും ശക്തവുമായ രേഖകൾകൊണ്ട് സമ്പന്നമാണ് ഓരോ ചിത്രവും. ചുരുക്കം ചില ചിത്രങ്ങളിൽ ഫുൾ ഫിഗർ ഡ്രോയിംഗുകളും കാണാം. ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ രാഷ്‌ട്രീയരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾക്കാണ് ഷാനവാസ് കൂടുതൽ പ്രാധാന്യം കൊടുത്തിട്ടുള്ളത്. എ കെ ജി, പി കൃഷ്‌ണപിള്ള, ഇ എം എസ്, ഇ കെ നായനാർ, വി എസ് അച്യുതാനന്ദൻ, കെ ആർ ഗൗരിയമ്മ, പിണറായി വിജയൻ തുടങ്ങിയവരുടെ ഛായാചിത്രങ്ങളൊടൊപ്പം അവരുടെ ശ്രദ്ധേയമായ സമരവഴികളും രേഖകളിലൂടെ പശ്ചാത്തല ചിത്രീകരണങ്ങളായി ചേർത്തിട്ടുണ്ട്. ആദ്യകാല നേതാക്കൾക്കൊപ്പം പുതുതലമുറയിലെ പ്രമുഖർവരെ ഷാനവാസിന്റെ വരശോഭയിൽ കഥാപാത്രങ്ങളായിട്ടുണ്ട്.
എഴുത്തുകാർ, ചലച്ചിത്ര‐നാടക‐സംഗീത‐ചിത്ര ശിൽപകലാ അംഗങ്ങളിലടക്കമുള്ള പ്രമുഖരും ‘വരദം’ ചിത്രപ്രദർശനത്തിൽ ഛായാചിത്രങ്ങളായിരിക്കുന്നു. പ്രദർശനം ഉദ്‌ഘാടനം ചെയ്‌ത ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ചടങ്ങിൽ പങ്കെടുത്ത കെഎസ്‌എഫ്‌ഇ ചെയർമാൻ കെ വരദരാജൻ, കോളേജ് ഓഫ് ഫൈൻ ആർട്‌സ് പ്രിൻസിപ്പൽ മനോജ് വെയ്‌ലൂർ, എക്‌സ് ഏണസ്റ്റ് തുടങ്ങിയവരുട ഛായാചിത്രങ്ങളും ഒപ്പമുണ്ട്. മാർച്ച് 2 മുതൽ പതിനൊന്നുവരെ നീണ്ട പ്രദർശനം കാണാൻ ഏറെ ആസ്വാദകരും സുഹൃത്തുക്കളുമെത്തിയതിലുള്ള സന്തോഷം ചിത്രകാരൻ ഷാനവാസ് പങ്കുവെച്ചു. പ്രമുഖ വ്യക്തിത്വങ്ങളുടെ സൗഹൃദങ്ങളുടെ ആയിരത്തോളം ചിത്രങ്ങളിൽനിന്നാണ് പ്രദർശനത്തിലേക്ക് 150 ഓളം ചിത്രങ്ങൾ തിരഞ്ഞെടുത്തത്. പാർട്ടി സമ്മേളനവുമായി ബന്ധപ്പെട്ട ചരിത്ര ചിത്രപ്രദർശനത്തിലും കുറച്ചു ഡ്രോയിംഗുകൾ പ്രദർശിപ്പിക്കാനായത് ഷാനവാസിന്റെ കലാജീവിതത്തിലെ അഭിമാനമുഹൂർത്തം. പുതിയൊരു പ്രദർശനത്തിലേക്ക് ഊർജമേകാൻ ‘വരദ’ത്തിന് കഴിഞ്ഞുവെന്ന കാര്യത്തിൽ ഈ ലേഖകനും സംശയമില്ല. എയിറ്റ് പോയിന്റ് ആർട്ട് ഗ്യാലറിയിലെ പ്രദർശനം സാമാന്യജനങ്ങളും നെഞ്ചേറ്റിയിരുന്നു. l