ഇക്കണോമിക് നോട്ട്‌ബുക്ക്‐ 88
1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ ആഭ്യന്തര അടിയന്തിരാവസ്ഥയെ സംബന്ധിച്ച പൊതുവെയുള്ള വിമർശനാത്മകമായ ആഖ്യാനങ്ങളെല്ലാം തന്നെ ഏതാണ്ട് ഒരേ സ്വഭാവമുള്ളവയാണ്. ഇന്ദിരാഗാന്ധിയിൽ തുടങ്ങി ഇന്ദിരാഗാന്ധിയിൽ അവസാനിക്കുന്ന ഈ വിശകലനങ്ങളും ആഖ്യാനങ്ങളും ഏതാണ്ട് ഇപ്രകാരമാണ്. ഇന്ദിരാഗാന്ധിയെന്ന വ്യക്തിയിൽ പൂർണമായും കേന്ദ്രീകരിക്കുക, അധികാരം ഉറപ്പിച്ചുനിർത്താൻ അവർ നടത്തിയ കുൽസിത ശ്രമങ്ങളുടെ വിശദാംശങ്ങൾ അവതരിപ്പിക്കുക, ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഒരു ഉപജാപകവൃന്ദം എല്ലാ അധികാരകേന്ദ്രങ്ങളെയും നിയന്ത്രിക്കുന്ന രീതിയിൽ, ഭരണകൂട സ്ഥാപനങ്ങളെയെല്ലാം അതിലംഘിച്ച് വളർന്നുവന്നത് സംബന്ധിച്ച വിവരണങ്ങളിലൂന്നുക, ആ സംഘത്തിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടപ്പിലാക്കപ്പെട്ട ഫാസിസ്റ്റ് നടപടികൾ – എല്ലാ തരത്തിലുള്ള മാധ്യമസ്വാതന്ത്ര്യവും ഭരണകൂടത്താൽ നിയന്ത്രിക്കപ്പെട്ടത്, രാഷ്ട്രീയ മണ്ഢലത്തിലെ പ്രതിപക്ഷ സ്വരങ്ങളെയെല്ലാം ഇല്ലാതാക്കിയത്- എണ്ണിപ്പറയുക. ഇതിന്റെ മറുപുറത്ത് ആ കാലഘട്ടത്തിൽ ഭരണകൂടത്തിന്റെ പീഡനങ്ങൾക്ക് ഇരയായവരുടെ അനുഭവങ്ങളും ഓർമ്മകളും അവതരിപ്പിക്കുക. സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ഭീതിദമായ ഒരു കാലഘട്ടം മറവിയിൽ മാഞ്ഞുപോകാതിരിക്കാൻ ഈ ആഖ്യാനങ്ങൾ ഏറെ സഹായകമാണ് എന്നതിൽ തർക്കമില്ല, അത് വേണ്ടതുമാണ്. അതേസമയം, പോസ്റ്റ് കൊളോണിയൽ ഇന്ത്യയിലെ ആദ്യത്തെ സമഗ്രാധിപത്യവാഴ്ചയെ വിശകലനാത്മകമായി ആഴത്തിൽ വിലയിരുത്താൻ ശ്രമിക്കാതെ, അതിലേക്കു നയിച്ചതും അത് അവശേഷിപ്പിച്ചതുമായ ഘടകങ്ങളെ പരാമർശിക്കാതെ നടത്തുന്ന അവതരണങ്ങളും ഓർമപ്പെടുത്തലുകളും ഇന്ത്യൻ രാഷ്ട്രീയ യാഥാർഥ്യങ്ങളെ തമസ്കരിക്കുന്നതിലേക്ക് ഒരുപക്ഷെ നയിച്ചേക്കും. സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു നിർണായക കാലഘട്ടത്തെ സംബന്ധിച്ച രാഷ്ട്രീയ വിശകലനത്തിലെ ഇത്തരം ലഘൂകരണങ്ങളെ മറികടക്കാനുള്ള ഒരു ശ്രമമാണിത്. കേവലം രണ്ടു വർഷക്കാലത്തെ (1975 ജൂൺ മുതൽ 1977 മാർച്ച് വരെ) സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയിലേക്ക് അടിയന്തിരാവസ്ഥയെ സംബന്ധിച്ച വിശകലനങ്ങൾ പരിമിതപ്പെടുമ്പോൾ, പൂർവ്വ ഉത്തര കാലങ്ങൾ അതിനോട് ചേർത്തുവെച്ച് പരിശോധിക്കപ്പെടാതെ പോകുമ്പോൾ, നഷ്ടപ്പെടുന്നത് ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക വികാസ ചരിത്രത്തിന്റെ തുടർച്ചയിൽ അടിയന്തിരാവസ്ഥയെ അടയാളപ്പെടുത്താനുള്ള സാധ്യതകളാണ്. പിൽക്കാല ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിച്ച വളരെ നിർണായകമായ പല മാറ്റങ്ങളുടെയും ഉറവിടങ്ങൾ കണ്ടെത്താനുള്ള സാധ്യതകൾ കൂടിയാണ് പരിമിതമായ ഈ ആഖ്യാനങ്ങളിൽ ഒതുങ്ങിനിൽക്കുന്നതിലൂടെ ഇല്ലാതാവുന്നത്. ഇത് സംബന്ധിച്ച ചില സൂചനകൾ നല്കാൻ മാത്രമാണ് ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്.
കേവലം 21 മാസക്കാലം മാത്രം നീണ്ടുനിന്ന അടിയന്തിരാവസ്ഥ, ഇന്ദിരാഗാന്ധിയെന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ സമഗ്രാധിപത്യ വാഴ്ചയുടെ കാലം, ഒരു ഒറ്റപ്പെട്ട പ്രതിഭാസമാണോ? ഇന്ത്യൻ ജനാധിപത്യ രാഷ്ട്രീയ ചരിത്രത്തിൽ താല്കാലികമായുണ്ടായ വെറുമൊരിടർച്ച മാത്രമായിരുന്നുവോ? ഇന്ത്യൻ ജനാധിപത്യം അതിനുശേഷം പൂർവസ്ഥിതിയിലേക്ക് തിരിച്ചെത്തിയോ? വിവിധ സാമൂഹിക വിഭാഗങ്ങളിൽപെട്ട ഇന്ത്യൻ ജനതയെ അടിയന്തിരാവസ്ഥ ഏതു രീതിയിലാണ് സ്വാധീനിച്ചിരുന്നത്? ഇത്തരം നിരവധി ചോദ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവരാവുന്നതാണ്. സൂക്ഷ്മമായ അപനിർമാണത്തിനു വിധേയമാക്കിയാൽ, സ്വന്തം രാഷ്ട്രീയ നിലനിൽപ്പ് അപകടത്തിലായ ഒരു ഭരണാധികാരിയുടെ വ്യക്തിഗത നീക്കങ്ങൾക്കപ്പുറം, ഏറെ സങ്കീർണമായ ഒരു രാഷ്ട്രീയ സാമൂഹിക പ്രതിഭാസമായി അടിയന്തരാവസ്ഥയെ നമുക്ക് കാണാൻ സാധിക്കും. ഇന്ത്യൻ മുതലാളിത്ത വികസനപാത നേരിട്ട പ്രതിസന്ധിയുമായി അതിനെ ബന്ധപ്പെടുത്താനാകും, അതിലെ സങ്കീർണതകൾ പുറത്തെടുക്കാൻ കഴിയും, അത് ബീജാവാപം ചെയ്ത സാമൂഹിക പ്രതിഭാസങ്ങളെയും വർഗങ്ങളെയും അനാവരണം ചെയ്യാൻ സാധിക്കും.
വളരെ ആദർശാത്മകവും പ്രതീക്ഷാനിർഭരവുമായ ഒരു കാലത്തിലേക്ക് രാജ്യവും ജനതയും ചുവടുവെയ്ക്കുന്നു എന്ന പ്രതീതിയാണ് കൊളോണിയൽ വിരുദ്ധ സമരങ്ങൾക്ക് ശേഷം പിറവിയെടുത്ത ഇന്ത്യയിൽ പൊതുവെ ഉയർന്നുവന്നത്. വിവിധ ധാരകളിലൂടെ വളർന്നുവന്ന കൊളോണിയൽ വിരുദ്ധ സമരങ്ങളെയും രാജ്യത്ത് നിലനിന്നിരുന്ന വർഗവൈരുധ്യങ്ങളെയും ഒരു പരിധിവരെയെങ്കിലും പരിമിതപ്പെടുത്തി നിർത്തുവാൻ ആദർശാത്മകതയിലൂന്നിയ ഈ ജനാധിപത്യ അന്തരീക്ഷത്തിനു ആദ്യ ഒന്ന് രണ്ട് ദശകങ്ങളിൽ കഴിഞ്ഞിരുന്നു. സ്റ്റേറ്റ് നേതൃത്വത്തിലുള്ള സാമ്പത്തികാസൂത്രണ പഞ്ചവത്സര പദ്ധതികളിലൂടെ പുതിയൊരു ദേശരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള പൊതു സമ്മതി രാജ്യത്താകെ രൂപപ്പെട്ടു.
രാജ്യത്തുണ്ടാകുന്ന വികസന നേട്ടങ്ങൾ തങ്ങൾക്കിടയിലേക്ക് അരിച്ചിറങ്ങി വരുമെന്ന് എല്ലാ വിഭാഗം ജനങ്ങളും പ്രതീക്ഷിച്ചു. ഇതിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ഗുണഭോക്താവ് കോൺഗ്രസ്സ് എന്ന രാഷ്ട്രീയ കക്ഷിയായിരുന്നു. ദേശീയ സ്വാതന്ത്ര്യസമരപോരാട്ടത്തിലെ ഏറ്റവും സുപ്രധാന സ്ഥാനം വഹിച്ച പ്രസ്ഥാനത്തിനും അതിന്റെ നേതാക്കൾക്കും സ്വാഭാവികമായും സ്വതന്ത്ര ഇന്ത്യയിൽ ചോദ്യം ചെയ്യപ്പെടാനാവാത്ത രാഷ്ട്രീയ മേൽക്കൈ കൈവന്നു. ഈ മേൽക്കോയ്മ തുടർന്ന കാലത്തോളം, നിലനിന്നിരുന്ന ഇടങ്ങളിലെല്ലാം ജനാധിപത്യത്തെ സ്വാഭാവികമായി പുൽകി നില്ക്കാൻ കോൺഗ്രസ് മടിച്ചില്ല. അതേസമയം അത് ചോദ്യംചെയ്യപ്പെട്ട സന്ദർഭങ്ങളിൽ ജനാധിപത്യത്തിന്റെ മേലങ്കി അത് ഊരിയെറിയാനും മടിച്ചില്ല. 1957ൽ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് ഗവണ്മെന്റിനെ പിരിച്ചുവിടാൻ തയ്യാറായതും 1975ൽ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും നോക്കുകുത്തിയാക്കി ഇന്ത്യൻ ജനാധിപത്യത്തെ നിഷ്കരുണം കൊലചെയ്തതും ഇതിന്റെ വളരെ പ്രകടമായ രണ്ടുദാഹരണങ്ങൾ മാത്രം. ഭരണകൂടം പ്രതിസന്ധികൾ നേരിട്ടാൽ എല്ലാ ജനാധിപത്യ പൊയ്മുഖങ്ങളും വലിച്ചെറിയപ്പെടുമെന്ന്, ലിബറൽ ഡെമോക്രസിയുടെ നാടെന്ന് സമീപകാലം വരെ പാടിപ്പുകഴ്ത്തപ്പെട്ടിരുന്ന അമേരിക്കയിൽ ഇന്ന് നടക്കുന്ന സംഭവങ്ങൾ കാട്ടിത്തരുന്നു. പലസ്തീനിൽ നടക്കുന്ന നരഹത്യക്കെതിരെ ഒരു പോസ്റ്റിട്ടാൽ പോലും വിദ്യാർഥികൾ സർവകലാശാകളിൽ നിന്നും പുറത്താക്കപ്പെടുമ്പോൾ, സർവകലാശാലകൾ എന്താണ് പഠിപ്പിക്കുകയും ഗവേഷണം ചെയ്യുകയും ചെയ്യേണ്ടതെന്ന് ഭരണകൂടം തീട്ടൂരങ്ങൾ പുറപ്പെടുവിക്കുമ്പോൾ, അതനുസരിക്കാൻ തയ്യാറാകാത്ത സർവകലാശാലകളുടെ ഫണ്ടിംഗ് വെട്ടിക്കുറയ്ക്കുമ്പോൾ എത്ര കണ്ട് കാപട്യം നിറഞ്ഞതാണ് തങ്ങളുടെ ജനാധിപത്യസങ്കല്പങ്ങളെന്ന് ബൂർഷ്വാസി നിസ്സങ്കോചം കാട്ടിത്തരുന്നു. അടിയന്തരാവസ്ഥയുടെ നാളുകളിൽ ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയിൽ നടന്നതും അതാണ്.
വളരെ ദയനീയമായ സാമൂഹിക സാമ്പത്തിക സ്ഥിതിയാണ് 1970കളുടെ ആദ്യം ഇന്ത്യയിൽ നിലനിന്നിരുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നവരുടെ ശതമാനം 50 ശതമാനത്തിനും മീതെയായിരുന്നു. സാക്ഷരതാനിരക്ക് കേവലം 34 ശതമാനവും! കൊളോണിയൽ നുകത്തിൽ നിന്നുമുള്ള മോചനം തങ്ങളുടെ ജീവിതത്തിന് പുതിയ അർഥം നൽകുമെന്ന പ്രതീക്ഷ പൊതുവെ ജനങ്ങൾക്ക് നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. രാഷ്ട്രീയ അസ്വസ്ഥതകൾ രാജ്യത്ത് പലയിടത്തും പുകഞ്ഞു തുടങ്ങിയിരുന്നു. ബീഹാറിലാരംഭിച്ച ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള ജനകീയ പ്രസ്ഥാനം കോൺഗ്രസ് ഭരണകൂടത്തിന് വെല്ലുവിളിയേകിക്കൊണ്ട് വടക്കേ ഇന്ത്യയിലാകെ പടരുന്നത് ഈ സാഹചര്യത്തിലാണ്.
ഇതേ കാലഘട്ടത്തിൽ, പാശ്ചാത്യമുതലാളിത്ത ലോകം അതിന്റെ ചരിത്രത്തിലെ തന്നെ സുവർണദശകങ്ങളിലൂടെ കടന്നുപോവുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധാനന്തര കാലത്തെ പുനർനിർമാണ സാധ്യതകളും പുതിയ കമ്പോളങ്ങളും നൽകിയ ഊർജത്താൽ പാശ്ചാത്യ രാഷ്ട്രങ്ങൾ വലിയ സാമ്പത്തിക കുതിപ്പിന്റെ പാതയിലായിരുന്നു. വലിയൊരു സമ്പന്ന മധ്യവർഗം ഈ കാലഘട്ടത്തിൽ അവിടെ രൂപംകൊണ്ടു. ഉപഭോഗ സംസ്കാരത്തിന്റെ പുതിയൊരു യുഗം പിറവിയെടുത്തു. ഇലക്ട്രോണിക്സ് കൺസ്യൂമർ ഉല്പന്നങ്ങളുടെ കുത്തൊഴുക്ക്, വാഹന വിപണിയിലെ വമ്പിച്ച കുതിപ്പ്, പുതിയ ഭക്ഷ്യ ഉല്പന്നങ്ങൾ എന്നിങ്ങനെ ഉപഭോഗ സംസ്കാരം കൊഴുത്തു തടിച്ച കാലം. വികസിത മുതലാളിത്ത ലോകത്ത് രൂപപ്പെട്ട ഉപഭോഗസംസ്കാരത്തിന്റെ ഈ നവലോകം ഉയർന്നുവന്ന സന്ദർഭത്തിൽ ഇന്ത്യയിലെ പൊട്ടിപ്പൊളിഞ്ഞ നിരത്തുകളിൽ അംബാസിഡർ കാർ മാത്രം ഓടിക്കൊണ്ടിരുന്ന സമയമായിരുന്നു. ടെലിവിഷൻ സംസ്കാരവും സോപ്പ് ഓപെറേകളും ഇന്ത്യൻ സാംസ്കാരിക മണ്ഡലത്തിൽ ഉദയംകൊണ്ടിരുന്നില്ല. പാശ്ചാത്യ ലോകത്തെ ചലനങ്ങൾ ഇന്ത്യൻ മധ്യവർഗത്തിലും പുതിയ ആഗ്രഹങ്ങളുടെ വിത്ത് പാകി. ഫ്യൂഡൽ അർദ്ധ ഫ്യൂഡൽ പിടിയിൽ അമർന്നു കിടന്നിരുന്ന ഇന്ത്യൻ ഗ്രാമങ്ങളിലെ ജീവിതങ്ങളാകട്ടെ ചലനമില്ലാതെ തളം കെട്ടിക്കിടക്കുകയായിരുന്നു. ഈ രണ്ടു വിഭാഗം ജനങ്ങളുടെയും – താഴെത്തട്ടിലുള്ള ജനങ്ങളുടെയും മധ്യവർഗ്ഗത്തിന്റെയും ആഗ്രഹങ്ങളെയും അഭിവാജ്ഞകളെയും ഒരു തരത്തിലും തൃപ്തിപ്പെടുത്താൻ ഇന്ത്യൻ ഭരണകൂടത്തിനാകട്ടെ തെല്ലും കഴിഞ്ഞിരുന്നില്ല. ഈയൊരു പ്രതിസന്ധി കോൺഗ്രസിനെ കാര്യമായി ഗ്രഹിച്ചിരുന്നു. കൊളോണിയൽ വിരുദ്ധ സമരങ്ങളിലൂടെ രൂപപ്പെട്ട ദേശീയവികാരങ്ങളുടെ പുറത്തേറിയ സഞ്ചാരം ഏതാണ്ട് വഴിമുട്ടിയിരുന്നു. ആ പഴയ ഊർജത്തിന്റെ തിരിനാളങ്ങൾ മെല്ലെ അണഞ്ഞു തുടങ്ങിയിരുന്നു. ഇത്തരത്തിൽ ഗുരുതരമായ ഒരു പ്രതിസന്ധിയിലായി ഇന്ത്യൻ ഭരണവർഗങ്ങളും അതിനെ നയിച്ചിരുന്ന കോൺഗ്രസ് ഭരണകൂടവും. സ്വാതന്ത്ര്യാനന്തരം ഒരു തരത്തിലുള്ള രാഷ്ട്രീയ വെല്ലുവിളികളെയും നേരിടേണ്ടി വന്നിട്ടില്ലാത്ത കോൺഗ്രസ്സിന് ഈ പ്രതിസന്ധിയെ മറികടക്കേണ്ടത് അനിവാര്യതയായി മാറി.
ഈ പ്രതിസന്ധി കോൺഗ്രസിനുള്ളിൽ തന്നെ അസ്വസ്ഥകൾക്ക് വഴിതെളിച്ചു. അത് വിഭാഗീയതയുടെ ആധാരമായി മാറി. ഒരു വഴിക്ക് കോൺഗ്രസിനുള്ളിൽ തന്നെ വളർന്നുവരുന്ന രാഷ്ട്രീയ പ്രതിസന്ധികൾ, മറുഭാഗത്ത് ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഒരു തരത്തിലും ഉയരാനാവാത്ത സ്ഥിതി. ബാങ്ക് ദേശസാല്ക്കരണത്തിലൂടെ ഇന്ദിരാഗാന്ധി നേടിയെടുത്ത ലൈഫ്‌ലൈൻ ഏതാണ്ട് തീരാറായി. നിലനിൽപ്പിനായി പുതിയ തന്ത്രങ്ങൾ ആവിഷ്ക്കരിക്കേണ്ട സ്ഥിതി സംജാതമായി. അടിയന്തരാവസ്ഥയിലേക്ക് നയിച്ച സാമൂഹിക സാമ്പത്തിക പശ്ചാത്തലം ഇതായിരുന്നു. അലഹബാദ് കോടതിയിൽ നിന്നേറ്റ തിരിച്ചടി അതിനു നിമിത്തമായി എന്ന് മാത്രം. ഇന്ദിരാഗാന്ധിയെന്ന കോൺഗ്രസ് നേതാവ്, താൽക്കാലികമായി തനിക്കെതിരെ ഉയർന്ന രാഷ്ട്രീയ പ്രതിസന്ധികളെ മറികടക്കാൻ നടത്തിയ തന്ത്രപരമായ ശ്രമങ്ങൾ മാത്രമല്ല, അവരുൾകൊള്ളുന്ന ഇന്ത്യൻ ഭരണവർഗം നേരിട്ട ഗുരുതരമായ ദീർഘകാല പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള ഒരു മാർഗം കൂടിയായിരുന്നു ഭരണകൂടത്തിന്റെ സമഗ്രാധിപത്യം രാജ്യത്ത് അടിച്ചേൽപ്പിക്കുക എന്നത്. എന്നാൽ ഇന്ത്യ പോലൊരു വലിയ ജനാധിപത്യ രാഷ്ട്രത്തിൽ ഇത് നടപ്പിൽവരുത്തുക ഒട്ടുംതന്നെ എളുപ്പമായിരുന്നില്ല. പ്രതിപക്ഷ സ്വരങ്ങളെ ഇല്ലായ്മ ചെയ്യാൻ മതിയായ ജനപിന്തുണയും സാമൂഹിക സമ്മതിയും നേടേണ്ടതുണ്ടായിരുന്നു. അടിയന്തരാവസ്ഥാകാലത്ത് കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെയ്പ്പിനും മായംചേർക്കലിനും കള്ളക്കടത്തിനുമെതിരെ നടത്തിയ പ്രകടനാത്മക സ്വഭാവമുള്ള നടപടികൾ, ബസുകളും ട്രെയിനുകളും കൃത്യസമയത്ത് ഓടിച്ച് കയ്യടി വാങ്ങാനുള്ള ശ്രമങ്ങൾ, തൊഴിലാളിപ്രസ്ഥാനങ്ങളെ അടിച്ചമർത്തി സമരങ്ങളും തൊഴിലാളിപ്രശ്നങ്ങളില്ലാതെ ഉല്പാദനകേന്ദ്രങ്ങൾ നടത്താനുള്ള ഉറച്ച നടപടികൾ ഇവയിലൂടെയൊക്കെ മധ്യവർഗ മനസ്സ് അനുകൂലമാക്കി മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഒരു ന്യൂക്ലിയർ കുടുബത്തിൽ, സ്വസുരക്ഷിതത്വത്തിനുമാത്രം എന്നും മുൻഗണന നൽകിയിരുന്ന ഇന്ത്യൻ മധ്യവർഗ മനസ്സ് അനുകൂലമാക്കി മാറ്റാനുള്ള ശ്രമങ്ങളിലാണ് ഭരണകൂടം പ്രധാനമായും ശ്രദ്ധ ചെലുത്തിയത്. (പിൽകാലത്ത് സമ്പൂർണ പരാജയമായി മാറിയ നോട്ടു നിരോധനത്തിലൂടെ, കള്ളപ്പണം തടയാനെന്ന വലിയ പ്രചാരണം മോഡി ഭരണകൂടം നടത്തിയതും അതിന് വലിയ പിന്തുണ താഴെ തട്ടിലുള്ളവരിൽ നിന്നും മധ്യവർഗ്ഗത്തിൽ നിന്നും നേടിയതും ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്).
ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന അവകാശങ്ങൾ എടുത്തുകളയുകയും, രാഷ്ട്രീയമായ പ്രതിഷേധം പ്രകടിപ്പിക്കാനുള്ള എല്ലാ ജാലകങ്ങളും അടയ്ക്കുകയും അതേസമയം, നീതിയും നിയമവും നടപ്പിലാക്കേണ്ട എല്ലാ ഉത്തരവാദിത്വവും പ്രധാനമന്ത്രിയുടെ ഓഫിസും അവിടത്തെ ഉപജാപകസംഘവും സമ്പൂർണമായും കയ്യാളുകയും ചെയുക എന്ന പ്രതിഭാസമാണ് അടിയന്തിരാവസ്ഥയിൽ രാജ്യം ദർശിച്ചത്.
രാഷ്ട്രീയ മണ്ഡലത്തിലെ ഏജൻസികളുടെ അതിർവരമ്പുകളെല്ലാം ഈ കാലഘട്ടം പുനർനിർണയിച്ചു. അധികാരത്തിനായി ഭരണവർഗ പാർട്ടികൾ നടത്തിപ്പോന്നിരുന്ന പഴയ സമ്പ്രദായങ്ങൾ എല്ലാം തന്നെ പല മാർഗങ്ങളിലൂടെ തകിടം മറിയ്ക്കപ്പെട്ടു.
നെഹ്രുവിയൻ സാമ്പത്തിക നയങ്ങളിൽനിന്നുമുള്ള വ്യതിചലനത്തിന്റെ പ്രാരംഭം കൂടിയായി ഈ കാലഘട്ടം മാറി. അടിയന്തിരാവസ്ഥയ്ക്കു മുൻപുള്ള കാലഘട്ടത്തിൽ തൊഴിലാളികൾ നടത്തിപ്പോന്നിരുന്ന അവകാശ സമരങ്ങളും അതുവഴിയുണ്ടാകുന്ന വ്യവസായിക സംഘർഷങ്ങളും അടിയന്തരാവസ്ഥയുടെ കാലത്തും അതിനുശേഷവും വളരെ കുറഞ്ഞു. വർഗേതരമായി, സാമുദായികമായി ജനങ്ങളെ വിലപേശാൻ നിർബന്ധിക്കുന്ന പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിനും സ്വതന്ത്ര ഇന്ത്യയിൽ തുടക്കം കുറിയ്ക്കപ്പെട്ടു. കോൺഗ്രസ് തുടങ്ങിവെച്ച ഈ നീക്കങ്ങളെ പിൻപറ്റി, ഇതിന്റെ ചുവടുപിടിച്ച്, സംഘപരിവാർ ഇന്ത്യൻ പൊതുരാഷ്ട്രീയധാരയിലേക്ക് തിരികെയെത്തി. മതരാഷ്ട്രീയത്തിന്റെയും വർഗീയ സംഘർഷങ്ങളുടെയും പുതുയുഗത്തിന് സ്വതന്ത്ര ഇന്ത്യയിൽ നാന്ദികുറിക്കപ്പെട്ടു.
1980കൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ വർഗീയവൽക്കരണത്തിന്റെ ദശകമായി മാറി. അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന 1977ലെ ദേശീയ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട പരാജയമാണ് ഇതിൽ നിർണായക പങ്കുവഹിച്ച ഒരു സംഭവം. ജനപിന്തുണയിൽ ഗണ്യമായ ഇടിവ് സംഭവിച്ച കോൺഗ്രസ് അത് വീണ്ടെടുക്കാൻ കണ്ട എളുപ്പ മാർഗം വർഗീയപ്രീണനമായിരുന്നു. സാമുദായിക സമവാക്യങ്ങളിൽ അവർ രാഷ്ട്രീയ അഭയം പ്രാപിച്ചു. ഹിന്ദു വോട്ടുകൾ സമാഹരിക്കാനുള്ള ഊർജിത ശ്രമങ്ങളിലേക്ക് കോൺഗ്രസ് തിരിയുന്നത് ഇതിനെ തുടർന്നാണ്. രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള നേരിട്ടുള്ള ശ്രമങ്ങളിൽനിന്ന് ഭരണകൂടത്തിന്റെ ക്രമേണയുള്ള പിന്മടക്കവും സാമ്പത്തിക പ്രവർത്തനങ്ങളുടെ ചുക്കാൻ കമ്പോള ശക്തികൾ ഏറ്റെടുക്കുന്നതും ഇതേ കാലയളവിലാണ് എന്നതും യാദൃശ്ചികമല്ല. പക്ഷേ ഈ പ്രവർത്തനങ്ങൾക്കൊക്കെ അധികമധികം ജനസമ്മതി നേടേണ്ടതുണ്ടായിരുന്നു. ടെലിവിഷൻ പോലുള്ള മാസ്സ് മീഡിയകൾ ഇതിനായി ഉപയോഗിക്കപ്പെട്ടു. 1975‐-76 കാലയളവിലാണ് ടെലിവിഷൻ ഇന്ത്യയിൽ വ്യാപകമാക്കാനുള്ള ശ്രമങ്ങൾക്ക് ഭരണകൂടം തുനിയുന്നത്. 1982ലാണ് കളർ ടെലിവിഷൻ ഇന്ത്യയിൽ പ്രക്ഷേപണം ആരംഭിക്കുന്നത്. മഹാഭാരതം പോലെയുള്ള ആദ്യകാലത്തെ പോപ്പുലർ സീരിയലുകളെല്ലാം പ്രക്ഷേപണം ആരംഭിക്കുന്നതും ഒരു പാൻ ഇന്ത്യൻ ഓഡിയൻസ് രൂപപ്പെടുന്നതും ഈ ദശകത്തിലാണ്. പൊതുസമ്മതിയുടെ രൂപീകരണത്തിലെ നിർണായക ഘടകമായി ഇവയെല്ലാം മാറി.
പുത്തൻ തലമുറ കോർപറേറ്റുകൾ ഇന്ത്യൻ വാണിജ്യ‐വ്യവസായ മണ്ഡലത്തിൽ സജീവമാകുന്നതും 1980കളിലാണ്. 1980ൽ 100 കോടി ആയിരുന്ന ഇന്ത്യൻ മൂലധന കമ്പോളം 1985ൽ 2500 കോടിയിലെത്തി. ഇന്ത്യയിലെ പുതിയ മധ്യവർഗത്തിന്റെ പുതിയ നിക്ഷേപകേന്ദ്രമായി ഓഹരി കമ്പോളം മാറുന്നതും ഈ കാലയളവിലാണ്. ഈ പണം ഊർജമേഖല അടക്കമുള്ള, അതുവരെ സ്റ്റേറ്റ് നേരിട്ട് കൈയാളിക്കൊണ്ടിരുന്ന പല രംഗങ്ങളിലേക്കും കടന്നുചെല്ലാൻ പുത്തൻ തലമുറ കോർപറേറ്റുകളെ സഹായിച്ചു. ക്രമേണ ഇവിടങ്ങളിൽ നിന്നുമുള്ള ഭരണകൂടത്തിന്റെ പിന്മടക്കത്തിനും ഇത് വഴിതെളിച്ചു. ഇന്ത്യയുടെ നവരത്നങ്ങളായി കരുതപ്പെട്ടിരുന്ന എൻടിപിസി അടക്കമുള്ള ദേശീയ സ്ഥാപനങ്ങൾ സ്വകാര്യ മുതലാളിമാർക്ക് കൈമാറുന്ന പ്രക്രിയയുടെ പ്രാരംഭം കൂടിയായി ഇത് മാറി. ഇതിനു വേണ്ട ആശയ മണ്ഡലമൊരുക്കുന്നതിൽ പൂർണമായും സ്വകാര്യ കുത്തകകളുടെ ആധിപത്യത്തിലുള്ള ദേശീയ ദിനപത്രങ്ങളും മാധ്യമസ്ഥാപനങ്ങളും മത്സരിച്ചു. അടിയന്തിരാവസ്ഥയ്ക്കു ശേഷം, ഔദ്യോഗികമായി ഉദാരവൽക്കരണത്തിന്റെ കാലഘട്ടത്തിലേക്ക് കടക്കുന്ന 1991 വരെയുള്ള കാലഘട്ടത്തിൽ സാമ്പത്തികമേഖലയിലുള്ള നിയന്ത്രണങ്ങൾ പലതും കേന്ദ്ര സർക്കാരുകൾ ലഘൂകരിച്ചുകൊണ്ടേയിരുന്നു. ഇന്ത്യയിലെ പരമ്പരാഗത വൻകിട മുതലാളിമാരുടെ സ്ഥാനത്തേക്ക് ധീരുഭായി അംബാനിയെപ്പോലുള്ളവർ ഉയർന്നു വന്നതിനൊപ്പം ഓഹരികമ്പോളത്തിൽ പണമിറക്കാൻ മടിയില്ലാത്ത ഒരു പുത്തൻ മധ്യവർഗവും ഇന്ത്യയിൽ ഉദയം ചെയ്തു. മുൻപ് ബ്രോക്കർമാർക്കു മാത്രം കൈകാര്യം ചെയ്യാൻ പറ്റിയിരുന്ന ഓഹരിവിപണിയിലെ ഇടപാടുകൾ സാധാരണക്കാർക്ക് പ്രാപ്തമാക്കിയതിനു പിന്നിൽ അംബാനിയുടെ കരങ്ങളാണ് വാസ്തവത്തിൽ പ്രവർത്തിച്ചത്. ഇത് കോർപ്പറേറ്റ് ലോകത്തിന് ഇരട്ട നേട്ടമാണുണ്ടാക്കിയത്. ഒന്ന്, സാധാരണക്കാരുടെ കൈവശമുള്ള അധികധനം തങ്ങളുടെ മൂലധനാവശ്യങ്ങൾക്കായി വിനിയോഗിക്കാൻ വഴിയൊരുക്കുക. രണ്ട്, ഈ പ്രക്രിയയിലൂടെ സാമ്പത്തികമായി കൂടുതൽ കരുത്തരായി മാറിയ പുത്തൻ മധ്യവർഗം സൃഷ്ടിച്ച അധിക ഉപഭോഗ ആവശ്യങ്ങൾ നിറവേറ്റാനായി ഉപഭോക്തൃ ഉല്പന്നങ്ങളുടെ കമ്പോളം വികസിപ്പിച്ചെടുക്കുക. സാമ്പത്തിക പ്രവർത്തങ്ങളുടെ മർമപ്രധാനമായ രംഗത്തുനിന്നും സ്റ്റേറ്റിന്റെ പിന്മടക്കത്തിന് ഇത് ക്രമേണ വഴിയൊരുക്കി.
ഈ പ്രക്രിയകൾ അരങ്ങേറുന്നതിന് മുൻപ് ഒരു സോഷ്യലിസ്റ്റ് പ്രതിച്ഛായ സൃഷ്ടിക്കാൻ ഇന്ദിരാഗാന്ധി ബോധപൂർവമായ ശ്രമങ്ങൾ നടത്തിയിരുന്നു. കോൺഗ്രസിലെ തന്റെ രാഷ്ട്രീയ എതിരാളികളെ അരിഞ്ഞുവീഴ്ത്താനും ബഹുജനപിന്തുണ ആർജ്ജിക്കാനും ഇന്ദിരാഗാന്ധി 1969ൽ നടത്തിയ നീക്കമായിരുന്നു ബാങ്ക് ദേശസാൽക്കരണവും പ്രിവി പേഴ്സ് നിർത്തലക്കാലും. തുടർന്ന് 1971ൽ ഗരീബി ഹഡാവോ (ദാരിദ്ര്യത്തെ നിർമാർജനം ചെയ്യുക) പുതിയ മുദ്രാവാക്യമായി. ഒരു സോഷ്യലിസ്റ്റ് മുഖച്ഛായ സൃഷ്ടിക്കാനും വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലേക്കെത്താനും ഇന്ദിരാഗാന്ധിക്ക് ഇതുവഴി കഴിഞ്ഞു . അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടത്തിയ തന്റെ പ്രസിദ്ധമായ പ്രസംഗത്തിൽ ഇത്തരം നയങ്ങളുടെ പൊള്ളത്തരം എ കെ ജി ഇപ്രകാരം വെട്ടിത്തുറന്നു പറഞ്ഞു.
“1969ൽ ബാങ്ക് ദേശവൽക്കരണം ഒരു വലിയ വിപ്ലവ നടപടിയായി വിശേഷിപ്പിക്കപ്പെട്ടു. എന്നാൽ ആരെയാണ് ദേശസാൽകൃതബാങ്കുകൾ സഹായിച്ചിട്ടുള്ളത്? മുമ്പെന്നപോലെ പിന്നീട് കുത്തക കുടുംബങ്ങളെയും ഊഹക്കച്ചവടക്കാരെയും കൂടുതൽ വേഗത്തിൽ വളരാനും ജനങ്ങളുടെ ഉപജീവനമാർഗമെടുത്ത് പന്താടാനും ഈ ബാങ്കുകൾ സഹായിച്ചിട്ടില്ലേ? വലതുപിന്തിരിപ്പൻ പാർട്ടികൾ എന്നു പറയപ്പെടുന്നവയുടെ എതിർപ്പുണ്ടാവാൻ തക്കവിധം അത്രത്തോളം വിപ്ലവകരമായ അത്ഭുതനടപടികൾ എതൊക്കെയാണ്? ഗ്രാമങ്ങളിലെ ഭൂരഹിതർക്കു കുടിയിരിക്കാൻ ഭൂമി വിതരണം ചെയ്യുന്നതിന് അടിയന്തരാവസ്ഥ വേണമോ? വാചകക്കസർത്ത് നീക്കിവെച്ച് നോക്കിയാൽ അടിയന്തരാവസ്ഥയുടെ അർഥം ജനാധിപത്യ ശക്തികളെ അടിച്ചമർത്തലാണ്. കുത്തകകൾക്കും ഭൂപ്രഭുക്കൾക്കുമെതിരായി പോരാടുന്ന ജനകീയശക്തികളെയും അവരുടെ പ്രക്ഷോഭങ്ങളെയും അടിച്ചമർത്തിക്കൊണ്ട്, അവർക്കെല്ലാം ജനാധിപത്യ അവകാശങ്ങളും നിഷേധിച്ചുകൊണ്ട് ശ്രീമതി ഗാന്ധി വലതുപിന്തിരിപ്പന്മരോടാണ് പൊരുതുന്നതെന്ന് ആരാണ് വിശ്വസിക്കുക.” l
(തുടരും)