വിപ്ലവപാതയിലെ ആദ്യപഥികര്‍- 75
കൊല്ലത്തും കോട്ടയത്തും കേശവദേവിന് പ്രവര്‍ത്തനസ്വാതന്ത്ര്യവും പ്രസംഗസ്വാതന്ത്ര്യവും മജിസ്ട്രേട്ടുമാരുടെ ഉത്തരവിലൂടെ നിഷേധിക്കപ്പെട്ടെങ്കിലും അദ്ദേഹം അടങ്ങിയിരുന്നില്ല. കഴിയാവുന്നതരത്തില്‍ പ്രവര്‍ത്തിച്ചുപോന്നു. ലഘുലേഖ എഴുതി പ്രചരിപ്പിക്കലടക്കമുള്ള പ്രവര്‍ത്തനങ്ങള്‍. അങ്ങനെയിരിക്കെ ആലപ്പുഴയില്‍നിന്ന് രണ്ടുപേര്‍ ദേവിനെ കാണാനെത്തുകയാണ് കെടാമംഗലത്ത്. ഒരാള്‍ പി.കെ.പത്മനാഭന്‍ എന്ന സ്വാമി പത്മനാഭന്‍. രണ്ടാമന്‍ പില്‍ക്കാലത്ത് പുന്നപ്ര-വയലാര്‍ സമരത്തിന്‍റെ നായകനായ കെ.വി.പത്രോസ്. ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍റെ പ്രധാന പ്രവര്‍ത്തകരാണവര്‍. അസോസിയേഷന്‍റെ പൊതുയോഗം അടുത്തദിവസം നടക്കുകയാണ്. അതിലേ പുതിയ ഭാരവാഹികളേ തിരഞ്ഞെടുക്കൂ. വര്‍ഗതാല്പര്യമുള്ള സംഘടനയായി ലേബര്‍അസോസിയേഷനെ മാറ്റിയെടുക്കാന്‍ സംഘടനയിലെ വലിയൊരു വിഭാഗം പരിശ്രമിക്കുന്നുണ്ട്. ആ വിഭാഗം അസോസിയേഷന്‍റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കേശവദേവ് വരണമെന്നാഗ്രഹിക്കുന്നു. ഞങ്ങള്‍ നിര്‍ദേശിക്കട്ടേ എന്നാണവരുടെ ചോദ്യം.
പത്രോസിന്‍റെയും പത്മനാഭന്‍റെയും ക്ഷണം സ്വീകരിച്ച കേശവദേവ് സമ്മേളനദിവസം ആലപ്പുഴയിലെത്തി. അഡ്വ.പി.എസ്. മുഹമ്മദിന്‍റെ അധ്യക്ഷതയില്‍ ജനറല്‍ബോഡി. നിലവിലുള്ള ഭാരവാഹികള്‍ തുടരട്ടേ എന്ന് ഒരു വിഭാഗം. പറ്റില്ലെന്ന് മറുവിഭാഗം. പ്രസിഡണ്ടായി വക്കീലായ വി.കെ.വേലായുധന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നു. സെക്രട്ടറിയായി കേശവദേവിനെ നിര്‍ദേശിച്ചപ്പോള്‍ യാഥാസ്ഥിതികര്‍ കടുത്ത പ്രതിഷേധമുയര്‍ത്തി. രാജ്യദ്രോഹപ്രസംഗത്തിന്‍റെ പേരില്‍ പോലീസും സി.ഐ.ഡി.യും പുറകിലുണ്ടേ എന്ന് അശരീരികള്‍ മുഴങ്ങി. പക്ഷേ വലിയ പിന്തുണയോടെ കേശവദേവ് തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍റെ സെക്രട്ടറിയാകുന്നു. കേരളത്തിലെ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ പുതിയൊരധ്യായം കുറിക്കുകയായിരുന്നു അത്.
കേശവദേവ് ആലപ്പുഴയില്‍ സ്ഥിരതമാസമാക്കി യൂനിയന്‍ പ്രവര്‍ത്തനം തുടങ്ങി. കെ.വി.പത്രോസും പി.കെ.പത്മനാഭനും വി.കെ. അച്ചുതനും ചെമ്പുകളത്തില്‍ വേലായുധനും സൈമണാശാനും കൊല്ലം ജോസഫും, പിന്നെ ദേവ് തന്നെ റിക്രൂട്ടുചെയ്ത വി.കെ.പുരുഷോത്തമനും പ്രധാന സഹപ്രവര്‍ത്തകര്‍. അവര്‍ ഫാക്ടറികളില്‍ കയറിയിറങ്ങി.കയര്‍ തൊഴിലാളികളുടെ വീടുകളില്‍ എത്തി പ്രചാരണം നടത്തി. ജാതിമതാതീതമായി വര്‍ഗപരമായി സംഘടിക്കേണ്ടതിന്‍റെ പ്രാധാന്യം വിശദീകരിച്ചു. വീടുകള്‍ കേന്ദ്രീകരിച്ച് രഹസ്യയോഗങ്ങള്‍ എന്ന പുതിയൊരു മാര്‍ഗം സ്വീകരിച്ചു. ലേബര്‍ അസോസിയേഷന്‍റെ മുഖപത്രമായ തൊഴിലാളി മാസികയുടെ പത്രാധിപത്യം കേശവദേവ് ഏറ്റെടുത്തു. അസോസിയേഷന്‍ ആദ്യം എഡിറ്ററായി നിശ്ചയിച്ചിരുന്നത് കേസരി ബാലകൃഷ്ണപിളളയെയാണ്. അനാരോഗ്യം കരണം അത് നിരസിച്ച കേസരി സ്ഥിരമായി തൊഴിലാളിയില്‍ എഴുതാമെന്നും പിന്തുണയ്ക്കാമെന്നും സമ്മതിച്ചു. കേസരി തയ്യാറാവാത്തതിനാലാണ് ദേവ് തന്നെ തൊഴിലാളിയുടെ പത്രാധിപത്യം ഏറ്റെടുത്തത്. ബാലകൃഷ്ണപിള്ള തുടര്‍ച്ചയായി അതില്‍ എഴുതി.സംഘടനയുടെ പ്രസിഡണ്ടായും കേസരി ബാലകൃഷ്ണപിള്ളയെ തിരഞ്ഞെടുത്തിരുന്നെങ്കിലും ആലപ്പുഴയിലെത്തി ചുമതല നിര്‍വഹിക്കാനാവില്ലെന്ന് പറഞ്ഞ് അദ്ദേഹം രാജിവെക്കുകയായിരുന്നു. പകരമാണ് വി.കെ.വേലായുധനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തതെന്നും ചില ഓര്‍മകുറിപ്പുകളില്‍ പറയുന്നു.
സെക്രട്ടറിയായി ചമതലയേറ്റതോടെ കേശവദേവ് തൊഴിലാളികളെ അവകാശസമരങ്ങള്‍ക്ക് സജ്ജരാക്കി തുടങ്ങി . കയര്‍ഫാക്ടറികളില്‍ തൊഴിലാളികള്‍ക്ക് നിലവിലുള്ള വേതനംപോലും നിഷേധിക്കുന്ന സ്ഥിതിവന്നു. തൊഴിലാളിസംഘടനയോടുള്ള വെല്ലുവിളി പോലെയാണ് ആനുകൂല്യങ്ങള്‍ നിഷേധിച്ചത്. ഇതിനെതിരെ കേശവദേവ് സമരത്തിനാഹ്വാനംചെയ്തു. ഫാക്ടറിയില്‍ കയറുക, ജോലി തുടങ്ങുന്നസമയമാകുമ്പോള്‍ മുദ്രാവാക്യം വിളിച്ച് പുറത്തേക്കിറങ്ങുക എന്നതാണ് സമരമാര്‍ഗം. സമരം കൊടുമ്പിരികൊണ്ടു. പല കമ്പനികളിലും സംഘര്‍ഷമുണ്ടായി. ഒരു കമ്പനിയിലെ മാനേജര്‍ തസ്തികയിലുള്ളയാളെ തൊഴിലാളികള്‍ മര്‍ദിച്ചത് വലിയ പ്രശ്നമായി. കുറേപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റില്‍നിന്ന് രക്ഷപ്പെടാന്‍ കേശവദേവിനോട് യൂനിയന്‍ നേതൃത്വത്തിലെ മറ്റുള്ളവര്‍ നിര്‍ദേശിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയോ സി.എസ്.പി.പോലുമോ അന്ന് രൂപപ്പെട്ടിട്ടുണ്ടായിരുന്നില്ല. അതിനാല്‍ ലേബര്‍ അസോസിയേഷന് നിര്‍ദേശം നല്‍കാന്‍ രാഷ്ട്രീയനേതൃത്വം ഉണ്ടായിരുന്നില്ല.
മനസ്സിലെ വലിയ സംഘര്‍ഷത്തിന് ശേഷം കേശവദേവ് ആലപ്പുഴയില്‍നിന്ന് കൊച്ചിയിലേക്ക് മുങ്ങി. അവിടെനിന്ന് പറവൂരിലേക്ക്. അപ്പോഴാണ് പുതിയൊരു ക്ഷണമെത്തുന്നത്. അംശി നാരായണപിള്ളയാണ് ക്ഷണിക്കുന്നത്. തിരുവിതാംകൂറില്‍നിന്ന് മലബാറിലേക്ക്, പയ്യന്നൂരിലേക്ക്. പൊന്നറ ശ്രീധറിന്‍റെയും എന്‍.പി.കുരുക്കളുടെയും എന്‍.സി.ശേഖറിന്‍റെയുമെല്ലാം നേതൃത്വത്തില്‍ 1930-ല്‍ നടന്ന ഉപ്പുസത്യഗ്രഹജാഥയില്‍ ‘വരികവരിക സഹജരേ സഹനസമരസമയമായി’ എന്ന പാട്ടുപാടി നടന്ന അംശി നാരായണപിള്ള തൃശൂരില്‍ ‘മഹാത്മ ‘എന്ന ഒരു പത്രം തുടങ്ങിയിട്ടുണ്ടായിരുന്നു. ഏറെക്കുറെ ദിനപത്രം. വില കാലണ. മലയാളത്തിലെ ആദ്യത്തെ കാലണപ്പത്രം. ‘മഹാത്മ’ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് തൃശൂരില്‍നിന്നുതന്നെ ഗോമതി എന്ന പേരില്‍ മറ്റൊരു കാലണപ്പത്രം തുടങ്ങിയത്. മഹാത്മയുടെ പത്രാധിപരായ കേശവദേവ് ചുമതലയേല്‍ക്കുമ്പോള്‍ ഗുരുവായൂര്‍ സത്യാഗ്രഹം മുന്നേറുകയായിരുന്നു. കേശവദേവ് തീവ്രവാദിയായിരുന്നതിനാല്‍ സത്യാഗ്രഹരീതിയിലുള്ള സമരങ്ങളോട് അത്ര പൊരുത്തമുണ്ടായിരുന്നില്ല. എന്നാല്‍ ഗുരുവായൂര്‍ സത്യാഗ്രഹത്തെ പിന്തുണച്ചുകൊണ്ടും സമരരീതിയില്‍ കുറച്ചുകൂടി തീവ്രതവേണമെന്നുനിര്‍ദേശിച്ചുകൊണ്ടുമുള്ള മുഖപ്രസംഗങ്ങളാണ് ദേവിന്‍റേതായി വന്നത്. കൃഷ്ണപിള്ളയും എ.കെ.ഗോപാലനും ദേവിന്‍റെ അഭിപ്രായങ്ങളോട് സമരസപ്പെടുന്നുണ്ടായിരുന്നു. കൃഷ്ണപിള്ളയും കേശവദേവും തമ്മില്‍ അടുത്ത സൗഹൃദമായി.ഗാന്ധിയന്‍ സമരരീതിയില്‍നിന്ന് മാറണമെന്ന ദേവിന്‍റെ അഭിപ്രായത്തെ കൃഷ്ണപിളളയും വലിയൊരളവോളം അംഗീകരിച്ചു. തൃശൂര്‍ സെന്‍റ് തോമസ് കോളേജില്‍ പഠിക്കുകയായിരുന്ന ഇ.എം.എസ്സും ‘മഹാത്മ’ പത്രം മുഖേന കേശവദേവുമായി വളരെയടുത്ത് ബന്ധപ്പെട്ടു.
ആലപ്പുഴയില്‍നിന്ന് പ്രവര്‍ത്തനരംഗം മാറ്റിയതോടെ കുറച്ചുകാലം എറണാകുളം കേന്ദ്രീകരിച്ചാണ് കേശവദേവ് പ്രവര്‍ത്തിച്ചത്. കൊച്ചിയിലെ വിവിധ ഫാക്ടറികളില്‍ ട്രേഡ് യൂനിയന്‍ സംഘടിപ്പിക്കാന്‍ ജോര്‍ജ് ചടയന്മുറി, പി.എസ്. നമ്പൂതിരി എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചു. അക്കാലത്തെ ദേവിന്‍റെ ഒരു നഖചിത്രം ലഭിക്കാന്‍ പി.എസ്. നമ്പൂതിരിയുടെ ആത്മകഥയിലെ ഒരു ഭാഗം ചുവടെ ചേര്‍ക്കുന്നു. ‘ പി.കേശവദേവും അക്കാലത്ത് കൊച്ചിയിലുണ്ട്……അറസ്റ്റുകള്‍ വന്ന് ശല്യപ്പെടുത്തിയതിനാല്‍ കൊച്ചിയില്‍ താമസിക്കുകയാണ്. തൃശൂരില്‍ ഞാന്‍ പഠിച്ചു കൊണ്ടിരുന്ന കാലത്ത് ദേവ് ഉണ്ണിനമ്പൂതിരിയില്‍ എഴുതിയ പല ലേഖനങ്ങളും പായസപ്രായം ആസ്വദിക്കാന്‍ എനിക്കിടവന്നിട്ടുണ്ട്. പ്രത്യേകിച്ച് ‘അഗ്നിയും സ്ഫുലിംഗവും’ എന്ന ലേഖനം. ലെനിനെയും ട്രോട്സ്‌കിയെയും കുറിച്ചുള്ളത് എന്നിവ. അക്കാലത്ത് മണികണ്ഠനാല്‍ത്തറയില്‍ ദേവ് ചെയ്ത ചില പ്രസംഗങ്ങളും ഞാന്‍ കേട്ടിരുന്നു. ഗാന്ധിജിയെ ആക്ഷേപിച്ചു പ്രസംഗിക്കാന്‍ തുടങ്ങിയാല്‍ ജനങ്ങള്‍ ബഹളംവെക്കും. പലപ്പോഴും മുഴുമിക്കാറില്ല പ്രസംഗം. പക്ഷേ അന്നൊന്നും നേരിട്ട് പരിചയപ്പെട്ടിരുന്നില്ല. ഇപ്പോഴാകട്ടെ പല വായനശാലായോഗങ്ങളിലും ശ്രീനാരായണജയന്തി ദിനാഘോഷങ്ങളിലും ഒന്നിച്ചുകൂടാന്‍ അവസരം കൈവന്നുതുടങ്ങിയിട്ടുണ്ട്, ഇന്നത്തെപ്പോലെതന്നെ അന്നും ദേവ് തികഞ്ഞആത്മാഭിമാനിയായിരുന്നു. സോഷ്യലിസത്തെപ്പറ്റി, മാര്‍ക്സിസത്തെപ്പറ്റി, റഷ്യയെപ്പറ്റി തന്നേക്കാള്‍ കൂടുതല്‍ അറിയുന്നവര്‍ വേറെയില്ലെന്നായിരുന്നു ദേവിന്‍റെ വിശ്വാസം. ദേവ് തന്നെ എഴുതിയിട്ടുള്ള ‘ദാരിദ്ര്യത്തിന്‍റെ ബലിപീഠത്തില്‍ ‘എന്ന നാടകം അഭിനയിക്കണമെന്ന് ഞങ്ങളില്‍ ചിലര്‍ക്ക് താല്പര്യം ജനിച്ചു. സാധാരണക്കാരുടെ നിത്യജീവിതവുമായി അതന്യമായിരുന്നെങ്കിലും ധനികജീവിതത്തിനെതിരായ നല്ലൊരു പ്രചരണം ആ നാടകം നിര്‍വഹിക്കുന്നുണ്ട്. സ്ത്രീകളെ അഭിനയിക്കാന്‍ കിട്ടുക എളുപ്പമായിരുന്നില്ല. എന്‍റെ ഹോമിയോപ്പതി കോളേജില്‍ പഠിച്ചിരുന്ന ഗോമതിയും മറ്റ് സഹപാഠികളും അതിന് തയ്യാറായി. വീട്ടില്‍ ഏര്‍പ്പെടുത്തിയ വിവാഹം ഇഷ്ടമില്ലാതെ പി.കെ.കുഞ്ഞുമൊത്ത് നാടുവിട്ട ഗോമതി, ഹോമിയോ കോളേജില്‍ ചേര്‍ന്ന് പഠിക്കുകയായിരുന്നു. ചില പ്രസംഗങ്ങളും അവര്‍ നടത്തിവന്നിരുന്നു. ഞാറക്കല്‍, തെക്കന്‍ മാലിപ്പുറം, കൊടുങ്ങല്ലൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ നാടകം കളിച്ചതായി ഞാനോര്‍ക്കുന്നു. അതിനിടയില്‍ ഗോമതിയും ദേവും തമ്മില്‍ വിവാഹിതരായി. പിന്നെ നാടകവും നിന്നു’
തൊള്ളായിരത്തിമുപ്പതുകളുടെ അവസാനത്തോടെ കേശവദേവ് സാഹിത്യത്തില്‍ കൂടുതല്‍ കേന്ദ്രീകരിക്കാന്‍ തുടങ്ങി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമയി ബന്ധപ്പെട്ട കാര്യങ്ങളിലാകട്ടെ ട്രോട്സ്കിസ്റ്റ് നിലപാടും എം.എന്‍.റോയിസ്റ്റ് നിലപാടും കൂടുതലായി സ്വാധീനിക്കാന്‍ തുടങ്ങി. റഷ്യയില്‍ സ്റ്റാലിനിസമാണെന്ന പ്രചാരണത്തിന്‍റെയും ഒപ്പമായി. 1944-ല്‍ ഷൊര്‍ണൂരില്‍ ചേര്‍ന്ന പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്‍റെ ഒന്നാം സമ്മേളനത്തിന്‍റെ സംഘാടകനേതൃത്വത്തില്‍ ദേവുമുണ്ടായിരുന്നു. സമ്മേളനത്തില്‍ എം.പി.പോള്‍ പ്രസിഡണ്ടായും കേശവദേവ്, സി.അച്യുതകുറുപ്പ് എന്നിവര്‍ സെക്രട്ടറിമാരുമായ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്. 1948 ജനുവരിയില്‍ തൃശൂരില്‍ സമ്മേളനം നടക്കുമ്പോഴേക്കും സംഘടനയില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസം പ്രകടമായി. കൊല്‍ക്കത്താ തീസിസ് വരുന്നതിന് തൊട്ടുമുമ്പായിരുന്നു ആ സമ്മേളനം. അതില്‍ അവതരിപ്പിക്കാന്‍ തയ്യാറാക്കിയ മാനിഫെസ്റ്റോവിനെതിരെ സര്‍ഗാത്മകസാഹിത്യകാരവിഭാഗം നിലകൊണ്ടു. എം.പി.പോളും മുണ്ടശ്ശേരിയും കേശവദേവും സി.ജെ.തോമസ്സുമെല്ലാം ഒരു പക്ഷത്ത്. ഇ.എം.എസ്സും കെ.ദാമോദരനും കെ.കെ.വാര്യരും അച്യുതകുറുപ്പും ഇന്ദുചൂഡനുമടക്കമുള്ള പാര്‍ട്ടിവിബാഗം മറുപക്ഷത്തും. സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തിക്കൊണ്ട് എം.പി.പോൾ സ്റ്റാലിനെ വിമര്‍ശിച്ചത് അപ്രതീക്ഷിതമായിരുന്നു. റഷ്യയില്‍ സ്റ്റാലിനിസമാണെന്നും അത് സ്വേഛാധിപത്യമാണെന്നും അവിടെ എഴുത്തുകാര്‍ക്ക് സ്വാതന്ത്ര്യമില്ലെന്നും പോള്‍ സൂചിപ്പിച്ചതോടെ സംഘടനയുടെ തകര്‍ച്ച ആസന്നമാകുകയായിരുന്നു. പക്ഷേ തര്‍ക്കിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ പുറത്തില്ലാത്തകാലമായിരുന്നു പിന്നീട് നാലുവര്‍ഷത്തോളം.
കേശവദേവ് പുരോഗമനസാഹിത്യപ്രസ്ഥാനത്തില്‍ പാര്‍ട്ടിവിരുദ്ധപക്ഷത്താണ് നിലകൊണ്ടതെങ്കിലും പാര്‍ട്ടിയുടെ അക്കാലത്തെ തിരഞ്ഞെടുപ്പു പ്രചാരണപ്രവര്‍ത്തനങ്ങളിലടക്കം സക്രിയമായിരുന്നു. ഈ ലേഖനത്തിന്‍റെ തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ ‘ഓടയില്‍നിന്ന്’ എന്ന നോവലോടെ പുരോഗമനസര്‍ഗാത്മകസാഹിത്യത്തിലെ സുപ്രധാനമായ കൃതി രചിച്ചുകൊണ്ടാണ് ലബ്ധപ്രതിഷ്ഠനായത്. വര്‍ഗീയതക്കെതിരെ ആഞ്ഞടിക്കുന്ന ‘ഭ്രാന്താലയം ‘എന്ന നോവല്‍, ജാതീയതയെയും വര്‍ഗീയതയെയും എതിര്‍ത്ത് മാനവസ്നേഹത്തിന്‍റെ കൊടിയയുര്‍ത്തുന്ന ‘അയല്‍ക്കാര്‍’ തുടങ്ങിയ കൃതികളിലൂടെ കേരളത്തില്‍ പുരോഗമനസാഹിത്യത്തിന്‍റെ അടിത്തറപാകുന്നതില്‍ പ്രധാന പങ്കുവഹിച്ചു. പിന്നീടെന്തുചെയ്തു, എങ്ങോട്ടുപോയി എന്നതല്ല പ്രസ്ഥാനത്തിന്‍റെ അടിത്തറകെട്ടുന്ന കാലത്ത് എന്തുചെയ്തുവെന്നതാണ് പ്രധാനം. പില്‍ക്കാലമാറ്റങ്ങളില്‍ പിഴവുകള്‍ ഒരുഭാഗത്തുമാത്രമല്ല എന്ന് പാര്‍ട്ടിപക്ഷംതന്നെ ഏറ്റുപറഞ്ഞതുമാണ്.
സി.ജെ.തോമസ്സും കേശവദേവും തമ്മില്‍ ഒരുകാര്യത്തില്‍ സാദൃശ്യമുണ്ട്- ധിക്കാരികളാണെന്നതില്‍. സി.ജെ. മലയാളത്തിലെ ഏറ്റവും പ്രതിഭാശാലിയായ നാടകകൃത്താണെന്നതുപോലെ ഒരു കഥാപാത്രവുമാണ്. കാല്പനികനായ ഒരു കഥാപാത്രം. ‘ആ മനുഷ്യന്‍ നീ തന്നെ’ എന്ന വളരെ ചെറിയ നാടകത്തില്‍ ദാവീദിന്‍റെ മാനസികസംഘര്‍ഷത്തിന്‍റെ തീവ്രത എത്രമാത്രം മൗലികതയോടെയാണ് സിജെ ആവിഷ്കരിക്കുന്നത്. ‘അവന്‍ വീണ്ടും വരുന്നു’ ആണ് സി.ജെ.തോമസ്സിന്‍റെ ആദ്യനാടകം. ആ നാടകത്തിലടക്കം തന്നെത്തന്നെ ആവിഷ്കരിക്കാനോ, തന്‍റെതന്നെ മനസ്സംഘര്‍ഷം പകര്‍ന്നുവെക്കാനോ സി.ജെ .ശ്രമിച്ചിട്ടുണ്ടെന്നാണ് നിരൂപകമതം. അതെന്തായാലും പരസ്പരവൈരുദ്ധ്യങ്ങളുടെ സംഘര്‍ഷമാണ് സി.ജെ.യുടെ സ്വത്വം. ക്രൈസ്തവആത്മീയതയുടെ മടിത്തട്ടില്‍ പിറന്നുവളരുകയും അവിടെനിന്ന് ചാടിയെഴുന്നേറ്റ് കുതറിയോടി ഭൗതികവാദത്തിലേക്കെത്തുകയും പിന്നീട് മതാത്മകതയുടെ പിടിയില്‍ മാനസികമായ പതനത്തോളമെത്തുകയും ചെയ്ത വ്യക്തിത്വം. കഷ്ടിച്ച് ഒരു പതിറ്റാണ്ടോളംകാലം അദ്ദേഹം കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്തുന്നതില്‍ തനതായ പങ്കുവഹിക്കുകയുണ്ടായി. കേരളംകണ്ട ഏറ്റവും പ്രതിഭാശാലിയായ ഒരു എഴുത്തുകാരനും ചിന്തകനുമായ സി.ജെ.ക്ക് അങ്ങനെ വിപ്ലവകാരിയുടേതായ ഒരു മധ്യഘട്ടമുണ്ടായിരുന്നത് അവിസ്മരണീയമാണല്ലോ.
കൂത്താട്ടുകുളത്ത് പ്രസിദ്ധമായ പകലോമറ്റം കുടുംബത്തിന്‍റെ ശാഖകളിലൊന്നായ ചൊള്ളമ്പേലില്‍ യാക്കോബായ പുരോഹിതനായ യോഹന്നാന്‍ കോര്‍ എപ്പിസ്കോപ്പയുടെയും അന്നമ്മയുടെയും മകനായി 1918 നവമ്പര്‍ 14-നാണ് തോമസ്സിന്‍റെ ജനനം. എസ്.എസ്.എല്‍.സി. കഴിഞ്ഞതോടെ പിതാവായ യോഹന്നാന്‍ മകനോട് നിര്‍ദേശിച്ചത് പുരോഹിതനാകുന്നതിനാല്‍ സി.എം.എസ്. കോളേജില്‍ചേര്‍ന്ന് പഠിക്കാനാണ്. പരമ്പരാഗതമായ പൗരോഹിത്യത്തിലേക്ക്. സയന്‍സ് പഠിക്കാന്‍ ആഗ്രഹമുള്ള മകനെ അതിന് ചേര്ക്കാതെ നിര്‍ബന്ധപൂര്‍വം ചരിത്രത്തിന് ചേര്‍ക്കുകയായിരുന്നു. ഇന്‍റര്‍മീഡിയറ്റ് ക്ലാസില്‍ ചേരുമ്പോള്‍ത്തന്നെ സാധാരണ ഷര്‍ട്ടും മുണ്ടും ഉപേക്ഷിച്ച് ളോഹ ധരിക്കേണ്ടിവന്നു. പിതാവിനോട് ആദരവും ഭക്തിയും പേടിയുമായിരുന്നതിനാല്‍ എതിര്‍ത്തുനില്‍ക്കാനാവാതെ ഏകാന്തതയില്‍ പൊട്ടിക്കരയുകയും ഉപേക്ഷിച്ച വസ്ത്രങ്ങളെടുത്ത് മാറോടണച്ചുനിന്നും ആത്മഹത്യയെപ്പറ്റിപ്പോലും ചിന്തിച്ചുമുളള കൗമാരം.
പക്ഷേ ഒരുനാള്‍ അവന്‍ ആ ളോഹ വലിച്ചൂരി കീറിയെറിഞ്ഞു. പരമ്പരാഗതമായി പൗരോഹിത്യമുള്ള കുടുംബത്തിലുണ്ടായ ഈ ‘അത്യാഹിതം’ വീട്ടിലും നാട്ടിലാകെയും വലിയ ഞെട്ടലായി. എല്ലാറ്റിനോടും വെറുപ്പുതോന്നി മുറിയില്‍ ഏകനായിരുന്നുള്ള നിശ്ശബ്ദ പ്രതിഷേധം. അതുമനസ്സിലാക്കിയ പിതാവ് യോഹന്നാന്‍ കോര്‍ എപ്പിസ്കോപ്പ ദേഷ്യപ്പെടുക ചെയ്യാതെ ഒരു ഷര്‍ട്ട് വാങ്ങി തോമസ്സിന്‍റെ കട്ടിലില്‍കൊണ്ടുവെക്കുകയായിരുന്നു. ടാഗോറിന്‍റെ വിശ്വഭാരതിയില്‍ ചിത്രകലയും ശില്പകലയും സാഹിത്യവും പഠിക്കണമെന്നായിരുന്നു തോമസ്സിന്‍റെ താല്പര്യം. പക്ഷേ അതിനൊന്നും സാധിക്കത്തവിധം ആ വീട് പ്രശ്നസങ്കീര്‍ണമായിരുന്നു. കാരണക്കാരന്‍ ജ്യേഷഠന്‍ സി.ജെ.ജോസഫ് ആണെന്നാണ് തോമസ്സിന്‍റെ തോന്നല്‍. ജ്യേഷ്ഠന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്‍റെ പ്രവര്‍ത്തകനാണ്. പോരാത്തതിന് അതിലെ ഇടതുപക്ഷ ഗ്രൂപ്പായ യൂത്ത് ലീഗിന്‍റെ കൂത്താട്ടുകുളം മേഖലാ പ്രസിഡണ്ടുമാണ്. വീട്ടില്‍നിന്ന് തിരസ്കൃതനായ വിപ്ലവകാരി. ജ്യേഷ്ഠന്‍ ഇങ്ങനെ പിഴച്ചുപോയതിനാലാണ് തോമസ്സിന് വീട്ടില്‍ സ്വാതന്ത്ര്യം കുറഞ്ഞുപോയത്. അഥവാ വിധേയത്വം സ്വയം സ്വീകരിക്കാന്‍ നിർബന്ധിതനായത്. സമരം നടത്തി ജയിലില്‍പോവുകയും ലോക്കപ്പില്‍ ക്രൂരമര്‍ദനമേൽക്കുകയും അതിന്റേ ഫലമായി പിന്നീട് രോഗിയായി അകാലത്തില്‍ മരിക്കുകയുംചെയ്ത ജോസഫിനോട് തോമസ്സിന് മതിപ്പേയുണ്ടായിരുന്നില്ല, പുറമേക്ക്. പക്ഷേ ജ്യേഷ്ഠനെ എതിര്‍ക്കുമ്പോഴും കഴുതയെന്ന് പ്രതീകാത്മകമായി ആക്ഷേപിക്കുമ്പോഴും മനസ്സില്‍ ഒരു സ്ഥാനമുണ്ടായിരുന്നിരിക്കണം. ത്യാഗം നിറഞ്ഞ സമരങ്ങളോട് വലിയ മതിപ്പില്ലാത്ത തോമസ്സിന്റെ ഒരു വചനം ‘തോക്കിനുമുമ്പില്‍ വിരിമാറുകാട്ടിനില്‍ക്കാന്‍ ഏത് കഴുതക്കും കഴിയും’ എന്നാണ്. വാസ്തവത്തില്‍ സ്വന്തം ഭീരുത്വമാണ് അതില്‍ പ്രകടമാകുന്നതെന്ന് സി.ജെ.യുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ജ്യേഷ്ഠന്‍ പോലീസ്മര്‍ദനത്തില്‍ പരിക്കേറ്റ് രോഗിയായി മരിച്ച സംഭവത്തെക്കുറിച്ച് സി.ജെ. പില്‍ക്കാലത്ത് പത്നിയായ റോസിതോമസ്സിനോട് പറഞ്ഞതായി അവര്‍ രേഖപ്പെടുത്തിയതിങ്ങനെയാണ്. ‘ തോക്കിന്റെ മുമ്പിൽ നെഞ്ചും തള്ളി ച്ചുനില്‍ക്കുന്ന പ്രസ്ഥാനത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അത് ഏതു കഴുതക്കും സാധിക്കും. ഒരു ശവമുണ്ടാകുമെന്നതില്‍കവിഞ്ഞ് അതിന് യാതോരര്‍ഥവുമില്ല. എന്‍റെ ചേട്ടന്‍ നല്ലവനായിരുന്നു. തികഞ്ഞ ആത്മാര്‍ഥതയുള്ളവനായിരുന്നു. എങ്കിലും കഴുതയായിരുന്നു. മൂപ്പരോട് ഞാന്‍ പറഞ്ഞതാണ് ഈ സമയത്ത് ലംഘിച്ചു മുമ്പോട്ടുപോവരുതെന്നും അത് അപകടകരമാണെന്നും. കണ്ടില്ലേ.. ഒരു ശവമുണ്ടായി.’ ജന്മനാ താനൊരു ധിക്കാരിയാണെന്ന് കരുതുകയും പക്ഷേ തന്നേക്കാള്‍ നേരത്തതന്നെ ധിക്കാരിയായി മാറി കുടുംബത്തില്‍നിന്നും മതവാദികളില്‍നിന്നും തിരസ്കൃതനാവുകയും ചെയ്ത സഹോദരനോട് വാസ്തവത്തില്‍ അസൂയ കലര്‍ന്ന അപ്രിയമായിരുന്നു തോമസ്സിന്.
1940-ല്‍ ഡിഗ്രി പാസായി സ്കൂളില്‍ അധ്യാപകനായി ചേര്‍ന്ന തോമസ് അടുത്തവര്‍ഷം തന്നെ ജോലിയില്‍നിന്ന് ഒഴിവായി തിരുവനന്തപുരം ലോകോളേജില്‍ ചേരുകയാണ്. തിരുവിതാംകൂറില്‍ യൂത്തുലീഗിന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ഥിപ്രസ്ഥാനം ശക്തിപ്പെടുന്ന കാലമാണത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനവും ആരംഭിച്ചിരുന്നു. വിദ്യാര്‍ഥി ഫെഡറേഷന്‍റെ തിരുവനന്തപുരത്തെ പ്രധാന പ്രവര്‍ത്തകനായിത്തീര്‍ന്ന തോമസ് പാര്‍ട്ടിയുടെ സാംസ്കാരിക മുന്നണിയില്‍ സജീവമായി. ആലുവ യു.സി.കോളേജില്‍ പഠിക്കുമ്പോള്‍ കുറ്റിപ്പുഴ കൃഷ്ണപിള്ള, ജേക്കബ് ഫിലിപ്പ്, കെ.സി.സക്കറിയ തുടങ്ങിയവരുമായി ആത്മബന്ധം സ്ഥാപിച്ചിരുന്നു. ജേക്കബ് ഫിലിപ്പാണ് കൂത്താട്ടുകുളത്തെ കമ്യൂണിസ്റ്റ് നേതാവ്. സ്റ്റുഡിയോ നടത്തിയിരുന്ന അദ്ദേഹമാണ് ദേശാഭിമാനി 1942-ല്‍ വാരികയായി ആരംഭിച്ചപ്പോള്‍ ഫോട്ടേഗ്രാഫറായി പ്രവര്‍ത്തിച്ചത്.
തിരുവനന്തപുരത്ത് നിയമപഠനം നടത്തിക്കൊണ്ടിരിക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനും തുടങ്ങി. 1942 ജൂലായില്‍ പാര്‍ട്ടിയുടെ മേലുള്ള നിരോധനം നീക്കിയതോടെ തിരുവനന്തപുരത്ത് തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി ഓഫീസ് തുടങ്ങിയ, ഇന്ത്യന്‍ യൂനിയന്‍റെ ഭാഗമായിട്ടില്ലാത്ത നാട്ടുരാജ്യമാണല്ലോ തിരുവിതാംകൂര്‍. സി.പി.ഐ.യുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന സര്‍ സി.പി.യുടെ തിട്ടൂരമുള്ളതിനാല്‍ തന്ത്രപരമായാണ് തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന സംഘടനാരൂപമുണ്ടാക്കിയത്. പ്രസിഡണ്ട് കെ.സി.ജോര്‍ജും സെക്രട്ടറി പി.ടി.പുന്നൂസും. പാര്‍ട്ടിക്ക് ഒരു ഓഫീസ് തുടങ്ങിയപ്പോള്‍ സി.ജെ.തോമസ് അവിടുത്തെ അന്തേവാസിയായി. പാര്‍ട്ടി ഓഫീസിന്‍രെ താഴെ ചെറിയ ഒരു ബുക്സ്റ്റാള്‍. അതിന്‍റെ നടത്തിപ്പുകാരന്‍ സി.ജെ.തോമസ്. തനിക്ക് സ്വതന്ത്രമായി വായിക്കാനും എഴുതാനുമൊക്കെയുള്ള സൗകര്യമായാണ് സി.ജെ.ആദ്യം ഇതുപയോഗപ്പെടുത്തിയത്. പിന്നീട് പാര്‍ട്ടിയോഗങ്ങള്‍ നടക്കുന്നിടത്ത് സി.ജെ.ബുക്കുകളുമായെത്തി വില്പന നടത്താനും തുടങ്ങി. താല്‍ക്കാലിക ബുക്സാറ്റാളുകള്‍.തിരുവിതാംകൂര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓഫീസിലെ കാര്യങ്ങള്‍ നോക്കിനടത്തിയവരിലൊരാളായരുന്നു അക്കാലത്ത് സി.ജെ.
പിന്നീട് സംസ്ഥാനത്താകെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍റെ സാസ്കാരികപരിപാടികളില്‍ സജീവമായി. പ്രധാനമായും നാടകസംഘാടനം.അഭിനയമില്ല, കര്‍ട്ടന് പിറകില്‍. പിന്നെ പ്രചാരണചിത്രംവരയും ബോഡെഴുത്തും.തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രകലാപരിപാടിയുടെ പ്രകടനം. 1945-ല്‍ കോട്ടയത്തുനടന്ന പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്‍റെ സമ്മേളനത്തില്‍ വോളന്‍റിയറായി പ്രവര്‍ത്തിച്ച സി.ജെയെക്കുറിച്ച് കാരൂര്‍ നീലകണ്ഠപിള്ള 1961-ല്‍ നടത്തിയ സി.ജെ.അനുസ്മരണപ്രഭാഷണത്തില്‍ പറയുന്നു’ പതിനഞ്ചുവര്‍ഷം മുമ്പ് കോട്ടയത്തുവെച്ചാണു ഞാന്‍ ആദ്യമായി സി.ജെ.തോമസ്സിനെ കാണുന്നത്. പുരോഗമനസാഹിത്യസമ്മേളനത്തിൽ ആരും ആവശ്യപ്പെടാതെ ഒരു വോളന്‍റിയറുടെ നിലയില്‍. ഒരുപക്ഷേ ഒരു ബോറനാണെന്ന് തോന്നിക്കത്തക്കവിധം അപരിചിതനായ ഒരു ചെറുപ്പക്കാരനെ ഞാന്‍ കണ്ടു. ബാനറും ബോഡും എഴുതുന്ന ഒരു പയ്യന്‍ എന്നേ അന്നു ഞാന്‍ കരുതിയുള്ളൂ.’ ഇങ്ങനെ വോളന്‍റിയറായി കടന്നുവന്ന സി.ജെ. പിന്നീട് പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്‍റെ പ്രധാന നായകരിലൊരാളായി, അല്പകാലം.
വിദ്യാര്‍ഥിപ്രസ്ഥാനത്തിന്‍റെ നായകനായിരുന്ന കവി പി.ഭാസ്കരനും ഇതേപൊലൊരു പ്രവര്‍ത്തനരംഗത്താണ് സി.ജെ.യെ ആദ്യം കാണുന്നത്. ‘ തൊള്ളായിരത്തി നാല്പതുകളുടെ ആദ്യം. വിദ്യാര്‍ഥിസമ്മേളനത്തില്‍ കലാപ്രകടനങ്ങള്‍ ഒരുക്കാനുള്ള ഉത്തരവാദിത്തം എനിക്കാണ്. വിദ്യാര്‍ഥിനികളുടെ വക മൂന്നുനാലു നൃത്തങ്ങള്‍. ഒന്നുരണ്ടു ടാബ്ലോ, ഒരേകാങ്ക നാടകം ഇതെല്ലാമായിരുന്നു കലാപരിപാടികളിലെ ഇനങ്ങള്‍ എന്നുതോന്നുന്നു. ഇങ്ങനെ അനവധി കാര്യങ്ങളില്‍ ഒരേസമയത്ത് ശ്രദ്ധ ചെലുത്തേണ്ടിവന്ന ഞാന്‍ ഒരു നൃത്തരംഗം തിടുക്കത്തില്‍ ഒരുക്കിക്കൊണ്ട് നില്‍ക്കുകയായിരുന്നു. കര്‍ട്ടന്‍ പൊന്തിക്കുവാനുള്ള ആജ്ഞ കാണിക്കുവാന്‍ ഞാന്‍ തയ്യാറായിനില്‍ക്കുമ്പോള്‍ ഉയരമോ വണ്ണമോ ഇല്ലാത്ത ഒരു യുവാവ് തിടുക്കത്തില്‍ അടുത്തുവന്ന് എന്നോട് പറഞ്ഞു, കര്‍ട്ടന്‍ പൊന്തിക്കരുത്. ആദ്യമായി ഫുട്ലൈറ്റുകാരനോട് നീല സ്പോട്ട് ലൈറ്റ് ആ മുന്നില്‍ വീഴുന്ന പൂക്കള്‍മാത്രം കാണത്തക്ക വിധത്തില്‍ അടിക്കാന്‍ പറയൂ..അദ്ദേഹത്തിന്‍റെ നിര്‍ദേശാനുസരണമുള്ള ലൈററിംഗ് ഏര്‍പ്പാടുചെയ്തതിന് ശേഷം ആ രംഗം പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍ ഉണ്ടായ ഫലം അദ്ഭുതാവഹമായിരുന്നു. ‘ സി.ജെ.യെ ആദ്യമായി പരിചയപ്പട്ട സന്ദര്‍ഭത്തെക്കുറിച്ചാണ് പി.ഭാസ്കരന്‍ അനുസ്മരിച്ചത്.
തിരുവനന്തപുരം ലോ കോളേജില്‍നിന്ന് ബി.എല്‍. പാസായശേഷം തിരുവനന്തപുരംവാസവും പാര്‍ട്ടി ഓഫീസിലെ താമസവും മതിയാക്കി കോട്ടയത്തെത്തിയ സി.ജെ.പീപ്പിള്‍സ് ബുക്സ്റ്റാളിന്‍റെ പ്രവര്‍ത്തനത്തില്‍ തുടര്‍ന്നും സജീവമായി. കോട്ടയത്തെ ബാലികസാദനം കേന്ദ്രീകരിച്ചാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം. പാര്‍ട്ടിയുടെ സാംസ്കാരികപ്രവര്‍ത്തനങ്ങളുടെ കേന്ദ്രം അതായിരുന്നു. വള്ളത്തോളിന്‍റെ ശിഷ്യനായ കലാമണ്ഡലം ഗംഗാധരനും വള്ളത്തോളിന്‍റെ മകളായ വാസന്തിയും അവിടത്തെ കലാട്രൂപ്പിന്‍റെ പ്രധാനികള്‍. കര്‍ഷകനൃത്തം എന്നൊരു പരിപാടി ബാലികാസദനത്തിന്‍രെ നേതൃത്വത്തില്‍ തയ്യാറാക്കി അവതരിപ്പിച്ചുപോന്നു. കലാമണ്ഡലം ഗംഗാധരനായിരുന്നു സംവിധായകന്‍. നര്‍ത്തകികളില്‍ പ്രധാനി വാസന്തി. പിയാനോ വിദ്ഗ്ധനായ ജിം ആയിരുന്നു സാംസ്കാരികസമിതിയുടെ സൂത്രധാരന്‍. സി.എസ്. ജോര്‍ജ്, പി.ഭാസ്കരന്‍, യൂസഫ്, അപ്പുണ്ണി തുടങ്ങിയവര്‍ അതിന്‍റെ അവിഭാജ്യഭാഗം. ആ സമിതിയിലെ പ്രധാനിയായാണ് തിരുവനന്തപുരത്തുനിന്നെത്തിയ സി.ജെ.തോമസ് മാറിയത്. ആ ഘട്ടം മുതലാണ് പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്‍റെ പ്രധാന വക്താവും പ്രവര്‍ത്തകനുമാകുന്നത്. നിയമബിരുദധാരിയായ തോമസ് അക്കാലത്ത് ഒരു സീനിയര്‍ വക്കീലിന്‍രെ കീഴില്‍ പ്രാക്റ്റീസ് തുടങ്ങിയെങ്കിലും രണ്ടാഴ്ചയേ അത് തുടര്‍ന്നുള്ളൂ. പിന്നീട് ഗ്രാമസേവകനാവാനുള്ള ഒരു ഡിപ്ളോമാ കോഴ്സിന് ചേര്‍ന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയം ഞെട്ടിച്ചു ആ അസ്വസ്ഥന്‍.
1945-ല്‍ കോട്ടയത്തേക്ക് തിരിച്ചെത്തി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം സജീവമാക്കി, എന്നാല്‍ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചില്ല, ഈ ഘട്ടത്തിലാണ് സി.ജെ.എഴുത്തുകാരനാവുന്നത്. ഇവിടെയും കേശവദേവുമായി സാദൃശ്യം കാണാം. ദേവും വളരെ വൈകി, അതായത് സാമൂഹ്യ-രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായിക്കഴിഞ്ഞശേഷമാണ് സര്‍ഗസാഹിത്യത്തിലേക്ക് ചുവടുവെക്കുന്നത്. തോമസ്സാകട്ടെ 1945-ല്‍ ചിത്രോദയം വാരികയില്‍ അമ്മായിയമ്മപ്പോര് എന്ന ലേഖനത്തോടെയാണ് സാഹിത്യകാരന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് പ്രസന്നകേരളത്തേിന്‍രെ പത്രാധിപരായി. ചിത്രോദയത്തിലും പ്രസന്നകേരളത്തിലും സ്ഥിരം എഴുത്തുകാരന്‍. പുതിയ ഒരു ചിന്താപ്രസ്ഥാനത്തിന്റെ നായകനെപ്പോലെ സി.ജെ. കേസരി ബാലകൃഷ്ണപിള്ളയെ മാനസഗുരുവായി കണ്ടിരുന്നു. മതവും കമ്മ്യൂണിസവും , സോഷ്യലിസം തുടങ്ങിയ കൃതികള്‍ ഇക്കാലത്താണുണ്ടാവുന്നത്.
ഇതേകാലത്താണ് സി.ജെ. തോമസ്സിനെതിരായി ഒരു അപവാദം ഉയര്‍ന്നുവരുന്നത്. ബന്ധത്തിലുള്ള ഒരു വിധവ ഗര്‍ഭിണിയായി. ആരാണുത്തരവാദിയെന്ന ചോദ്യത്തിന് വന്ന മറുപടിയോ പ്രചരണമോ സി.ജെ.തോമസ് എന്നാണ്. വലിയ കോലാഹലമായി മാറിയ സംഭവം. കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും ദേശാഭിമാനിയുടെ ആദ്യഫോട്ടോഗ്രാഫറുമായ ജേക്കബ് ഫിലിപ്പ് തന്‍റെ സുഹൃത്തും അനുജനെപ്പോലെയുള്ളയാളുമായ തോമസ്സിനെ കാണാനെത്തുകയും ആവശ്യമായ പ്രതിരോധമുയര്‍ത്തകയുംചെയ്യുന്നുണ്ട്. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയില്‍ തോമസ്സിന്‍റെ വളര്‍ച്ചയില്‍ അസൂയപൂണ്ട സഹപ്രവര്‍ത്തകരാണ്,അഥവാ പാര്‍ട്ടിക്കാരാണ് അപവാദത്തിന് പുറകിലെന്ന് റോസി തോമസ് ‘ഇവനെന്‍റെ പ്രിയ സി.ജെ.’ എന്ന പുസ്തകത്തില്‍ മോശം ഭാഷയില്‍ ആരോപിക്കുന്നു. (ഈ വവാദഘട്ടത്തലാണ് എം.പി.പോളിന്‍റെ ട്യൂട്ടോറിയലില്‍ തോമസ് അദ്ധ്യാപകനായി എത്തുന്നതും റോസി പോളിനെ പ്രണയിച്ച് വിവിാഹിതനാകുന്നതും) എന്നാല്‍ വാസ്തവം അതല്ലെന്ന് സി.ജെ.തോമസ്സിനെക്കുറിച്ച് ആഴത്തിലു പരപ്പിലും പഠിച്ച ഡോ.എ.റസലുദ്ദീന്‍ വ്യക്തമാക്കുന്നു. ഗര്‍ഭപ്രശ്നം വലിയ ചര്‍ച്ചയായ ശേഷമാണ് സോഷ്യലിസം എന്ന കൃതി തോമസ് പ്രസിദ്ധപ്പെടുത്തുന്നത്. ആ പുസ്തകം സമര്‍പ്പിച്ചത് സ്വന്തം അമ്മയായ അന്നമ്മക്കാണ്. കമൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച അമ്മക്ക് സമര്‍പ്പിക്കുന്നുവെന്നാണ് തോമസ് എഴുതിയത്. ഏതായാലും തോമസ്സിനെതിരെ ഉയര്‍ന്ന ആക്ഷേപത്തില്‍ സാന്ത്വനവുമായി എത്തിയതും ആവശ്യമായ സഹായം ചെയ്തതും ജേക്കബ്ബ് ഫിലിപ്പ് എന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നുവെന്നാണ് രേഖകള്‍. ജേക്കബ് ഫിലിപ്പുതന്നെ രേഖപ്പെടുത്തിയത് വിവാദാസ്പദമായ സംഭവത്തെക്കുറിച്ച് എത്രതന്നെ ചോദിച്ചിട്ടും ഒന്നും പറയാന്‍ സി.ജെ. തയ്യാറായിട്ടില്ലെന്നാണ്. സി.ജെ.യുടെ ആദ്യനാടകമായ’ അവന്‍ വീണ്ടും വരുന്നു’ എന്നതില്‍ പരഭാര്യാബന്ധവും അതുമായി ബന്ധപ്പെട്ട പാപബോധവും പ്രധാന പ്രതിപാദ്യവിഷയമാണ്. അദ്ദേഹത്തിന്‍റെ മാസ്റ്റര്‍പീസായ ‘ആ മനുഷ്യന്‍ നീ തന്നെ’യിലും വിഷയം അതാണല്ലോ . അമ്മോന്യരും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തില്‍ സേനാപതിയായ ഊറിയാവിനെ കൊലക്കുകൊടുക്കുകയാണല്ലോ… ഊറിയാവിന്‍റെ ഭാര്യയായ ബാതശേബയെ ഭാര്യയാക്കുന്നതിനായി. അതിന്‍റെ പാപത്താലെന്നോണം ബത്ശേഭയില്‍ ദാവീദിനുണ്ടായ ആദ്യപുത്രന്‍ മരിക്കുന്നതും ശത്രുക്കള്‍ പടയുമായി എത്തുമ്പോള്‍ ദാവീദ് സൈന്യങ്ങളുടെ യഹോവയ്ക്ക് ഒരു സങ്കീര്‍ത്തനം എന്ന മന്ത്രത്തോടെ വാള്‍ കയ്യിലേന്തുകയാണല്ലോ..
ളോഹ കീറിയെറിഞ്ഞ് പുരോഗമനവാദിയായും ഭൗതികവാദിയായും ക്രമേണ കമ്മ്യൂണിസ്റ്റുമായി മാറിയ സി.ജെ.തോമസ് കമ്മ്യൂണിസ്റ്റ് വിരുദ്ധനും വിമോചനസമരത്തിന്‍റെ പ്രത്യയശാസ്ത്രനിര്‍മിതിയിലെ പ്രധാനിയുമായി മാറുന്നു. പതനത്തിന്‍റെ ഒരു വൃത്തം പൂര്‍ത്തിയാക്കിയാണ് 42-ാമത്തെ വയസ്സില്‍ മരിക്കുന്നത്. രാഷ്ട്രീയമായി ഇങ്ങനെ പതനമുണ്ടാകുമ്പോഴും മലയാളത്തിലെ നാടകവേദിയില്‍ വമ്പിച്ച ഗുണപരമായ മാറ്റമാണ് സി.ജെ.തോമസ്സ് ഉണ്ടാക്കിയതെന്നത് വിസ്മരിക്കാവതല്ല. പാശ്ചാത്യനാടകവേദിയിലെ മാറ്റങ്ങളെ , പ്രത്യേകിച്ച് നോര്‍വീജിയന്‍ നാടകൃത്തായ ഇബ്സൻ വരുത്തിയ വിപ്ലവാത്മകമാറ്റങ്ങളെ മലയാളത്തിലേക്ക് ആവാഹിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് സി.ജെയാണ്. l