എം കെ പന്ഥെ

ഗിരീഷ്‌ ചേനപ്പാടി

തിനെട്ടാം വയസ്സിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായ നേതാവാണ്‌ എം കെ പന്ഥെ. ട്രേഡ്‌ യൂണിയൻ രംഗത്തെ അതികായനായിരുന്ന അദ്ദേഹം 21‐ാം വയസ്സിൽ ട്രേഡ്‌ യൂണിയൻ പ്രവർത്തനം ആരംഭിച്ചയാളാണ്‌. ‘‘പറയുന്ന കാര്യങ്ങൾ നടപ്പാക്കണമെന്ന നിർബന്ധബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. അതിനായി വിശ്രമമില്ലാതെ പ്രവർത്തിക്കുക എന്നത്‌ അദ്ദേഹത്തിന്റെ രീതിയാണ്‌. ഇന്ത്യയിലെ എല്ലാ തൊഴിൽമേഖലകളെക്കുറിച്ചും അപാരമായ അറിവായിരുന്നു അദ്ദേഹത്തിന്‌’’‐ മുതിർന്ന സിപിഐ എം നേതാവ്‌ എ കെ പത്മനാഭൻ അനുസ്‌മരിക്കുകയുണ്ടായി.

ഒരു വ്യവസായത്തിൽ ഒരു ട്രേഡ്‌ യൂണിയൻ എന്ന ആശയം സിഐടിയു മുന്നോട്ടുവെച്ച ആശയമാണ്‌. ഈ ആശയം വിവിധ വ്യവസായശാലകളിലെ വ്യത്യസ്‌ത ട്രേഡ്‌ യൂണിയൻ പ്രവർത്തകർക്കിടയിൽ പ്രചരിപ്പിക്കുന്നതിൽ പന്ഥെ നിർണായകമായ പങ്കാണ്‌ വഹിച്ചത്‌. ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള സരസമായ പ്രസംഗങ്ങളിലൂടെ തൊഴിലാളികളെ ബോധവത്‌കരിക്കുന്നതിന്‌ അദ്ദേഹത്തിനു സാധിച്ചു.

ഉറച്ച പ്രത്യയശാസ്‌ത്ര നിലപാടും വിട്ടുവീഴ്‌ചയില്ലാത്ത മാനവികതയും കലർപ്പില്ലാത്ത വിപ്ലവവീര്യവുമായിരുന്നു പന്ഥെയുടെ സവിശേഷതയെന്ന്‌ നിരീക്ഷിക്കപ്പെടുന്നു.

മഹാരാഷ്‌ട്രയിലെ പുനെയിൽ 1925 ജൂലൈ പതിനൊന്നിനാണ്‌ മധുകർ കാശിനാഥ്‌ പന്ഥെ എന്ന എം കെ പന്ഥെ ജനിച്ചത്‌. പിതാവ്‌ കാശിനാഥ്‌ പന്ഥെ. മാതാവ്‌ ആനന്ദിഭായി. പാവപ്പെട്ട കുടുംബമായിരുന്നു അച്ഛന്റേത്‌. പകൽ തൊഴിലെടുക്കുകയും രാത്രി പഠിക്കുകയും ചെയ്‌താണ്‌ കാശിനാഥ്‌ സ്‌കൂൾ അധ്യാപകനായത്‌. ആനന്ദിഭായി പഠിച്ചതും സ്‌കൂൾ അധ്യാപികയായതും കാശിനാഥിന്റെ പ്രേരണയാലാണ്‌. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ്‌ രാഷ്‌ട്രീയരംഗത്തെത്തിയത്‌. 1943ൽ സോലാപ്പൂർ സ്റ്റുഡന്റ്‌സ്‌ യൂണിയൻ നേതാവായാണ്‌ പൊതുപ്രവർത്തനരംഗത്ത്‌ തുടക്കംകുറിച്ചത്‌. അതേവർഷം തന്നെ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായി.

1960ൽ എഐടിയുസിയുടെ അഖിലേന്ത്യാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പന്ഥെ കൽക്കത്തയിലെ കേന്ദ്ര ഓഫീസിലാണ്‌ പ്രവർത്തിച്ചത്‌. കമ്യൂണിസ്റ്റ്‌ പാർട്ടി പിളർന്നപ്പോൾ സിപിഐ എമ്മിനൊപ്പം അദ്ദേഹം നിലകൊണ്ടു. സിഐടിയു രൂപീകരണത്തിന്‌ മുന്നിട്ടുനിന്നു പ്രവർത്തിച്ചു. 1970ൽ സിഐടിയു രൂപീകരിക്കപ്പെട്ടപ്പോൾ അദ്ദേഹം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

1978ൽ നടന്ന സിപിഐ എം പത്താം പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റി അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1998ൽ പൊളിറ്റ്‌ ബ്യൂറോയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ട്രേഡ്‌ യൂണിയൻ രംഗത്ത്‌ ബി ടി രണദിവെയും പി രാമമൂർത്തിയും കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട സിഐടിയു വേതാവ്‌ പന്ഥെയായിരുന്നു.

തൊഴിലാളികളുടെ പ്രശ്‌നങ്ങൾ അതിന്റെ സമഗ്രതയിലുൾക്കൊള്ളാനും ശക്തമായ പോരാട്ടത്തിന്‌ ഊർജം പകരാനും പന്ഥെയ്‌ക്കുള്ള പ്രാഗത്ഭ്യം അപാരമായിരുന്നു. ട്രേഡ്‌ യൂണിയൻ പ്രസ്ഥാനങ്ങൾക്കും തൊഴിലാളികൾക്കും ബാധകമായിട്ടുള്ള നിയമങ്ങൾ സംബന്ധിച്ചും അദ്ദേഹത്തിന്‌ നല്ല അവബോധമുണ്ടായിരുന്നു. മറ്റു രാജ്യങ്ങളിൽ പാസാക്കപ്പെട്ട നിയമങ്ങളും അദ്ദേഹം വളരെവേഗം ഹൃദിസ്ഥമാക്കിയിരുന്നു.

ചൈന, ക്യൂബ, സോവിയറ്റ്‌ യൂണിയൻ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നടന്ന ട്രേഡ്‌ യൂണിയൻ സമ്മേളനങ്ങളിൽ പന്ഥെ നേരിട്ട്‌ ഹാജരായി. ഏത്‌ രാജ്യത്തു ചെന്നാലും അവിടുത്തെ സ്ഥിതിഗികൾ നന്നായി മനസ്സിലാക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.

1970കളുടെ അവസാനം ദേശീയാടിസ്ഥാനത്തിൽ ട്രേഡ്‌ യൂണിയനുകളുടെ സംയുക്ത സമരങ്ങൾക്ക്‌ വഴിയൊരുക്കിയതിനു പിന്നിൽ പന്ഥെയുടെ നിരന്തരമായ ശ്രമവും പ്രയത്‌നവുമുണ്ട്‌. സംഘടനാവ്യത്യാസമില്ലാതെ ട്രേഡ്‌ യൂണിയൻ പ്രവർത്തകരും നേതാക്കളും സമുന്നത നേതാക്കളിലൊരാളെന്ന നിലയിൽ പന്ഥെയെ ബഹുമാനിച്ചു.

നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ 1991 മുതൽ ട്രേഡ്‌ യൂണിയനുകളുടെ യോജിച്ച പോരാട്ടം വളർത്തിക്കൊണ്ടുവരുന്നതിൽ നിർണായകമായ നേതൃത്വം വഹിക്കാൻ പന്ഥെയ്‌ക്ക്‌ സാധിച്ചു.

മികച്ച എഴുത്തുകാരൻകൂടിയായ അദ്ദേഹം ട്രേഡ്‌ യൂണിയൻ പ്രസ്ഥാനവുമായും സാന്പത്തികനയങ്ങളുമായും ബന്ധപ്പെട്ട്‌ നിരവധി ലഘുലേഖകൾ രചിച്ചിട്ടുണ്ട്‌. ‘ഉദാരവത്‌കരണനയങ്ങൾ‐ സാന്പത്തിക സ്വാശ്രയത്വത്തിനു നേരെയുള്ള കടന്നാക്രമണം’ എന്ന ലഘുലേഖ ട്രേഡ്‌ യൂണിയൻ പ്രവർത്തകരും നേതാക്കളും യൂണിയൻ വ്യത്യാസമില്ലാതെ ആശ്രയിക്കുന്ന ഒരു രേഖയാണ്‌. ‘വ്യാജ വിലസൂചിക’, ‘ആഗോള സാന്പത്തിക പ്രതിസന്ധി’, ‘ഇപിഎഫ്‌ പദ്ധതി’ എന്നിങ്ങനെ നിരവധി ശ്രദ്ധേയങ്ങളായ ലഘുലേഖകൾ അദ്ദേഹത്തിന്റേതായുണ്ട്‌.

ട്രേഡ്‌ യൂണിയൻ പ്രവർത്തനങ്ങളുടെ ഭാഗമായി പന്ഥെ ഇന്ത്യയിലെ നിരവധി സ്ഥലങ്ങളിൽ ഓടിയെത്തി. കേരളത്തിൽ അദ്ദേഹം എത്താത്ത സ്ഥലങ്ങളില്ലെന്ന്‌ മുതിർന്ന സിപിഐ എം നേതാക്കൾ അനുസ്‌മരിക്കുകയുണ്ടായി. ‘‘കേരളത്തിലെ മിക്കവാറും സ്ഥലങ്ങൾ അദ്ദേഹത്തിനറിയാമായിരുന്നു. ഓരോ പ്രദേശത്തെയും സ്ഥാപനങ്ങൾ, ട്രേഡ്‌ യൂണിയൻ പ്രവർത്തനരീതികൾ വ്യാപൃതരായ സഖാക്കൾ എന്നിങ്ങനെ എല്ലാം നേരിട്ടറിഞ്ഞിരുന്നു. ഏതിടത്തെയും ഏതു പ്രശ്‌നത്തിനും അദ്ദേഹത്തിന്റെ പക്കൽ ദീർഘകാലത്തെ ട്രേഡ്‌ യൂണിയൻ പ്രവർത്തനാനുഭവങ്ങളിൽ നിന്ന്‌ ഊറിക്കൂടിയ ഉത്തരങ്ങളുണ്ടായിരുന്നു. എങ്ങനെയാവണം ഒരു മാതൃകാ ട്രേഡ്‌ യൂണിയൻ നേതാവ്‌ എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു അദ്ദേഹം’’ മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‌മരിക്കുന്നു.

രാഷ്‌ട്രീയ പ്രവർത്തനത്തിനൊപ്പം പഠിത്തത്തിലും പന്ഥെ ശ്രദ്ധിച്ചു. എംഎയ്‌ക്ക്‌ പ്രൈവറ്റായാണ്‌ പഠിച്ചത്‌. പകൽ രാഷ്‌ട്രീയപ്രവർത്തനവും രാത്രി പഠനവും എന്നതായിരുന്നു അദ്ദേഹം സ്വീകരിച്ച വഴി. പൂനെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ പൊളിറ്റിക്‌സ്‌ ആൻഡ്‌ ഇക്കണോമിക്‌സ്‌ എന്ന സ്ഥാപനത്തിൽനിന്ന്‌ ലേബർ ഇക്കണോമിക്‌സിൽ അദ്ദേഹം ഡോക്ടറേറ്റെടുത്തു. പഠിച്ച സർവകലാശാലയിൽ തന്നെ പ്രൊഫസറാകാൻ അവസരം ലഭിച്ചെങ്കിലും അദ്ദേഹം അത്‌ നിരസിച്ചു. പകരം തൊഴിലാളിവർഗത്തിനുവേണ്ടി ജീവിതം സമർപ്പിക്കാനാണ്‌ തയ്യാറായത്‌. ദാരിദ്ര്യത്തിലും ചൂഷണത്തിലും പെട്ട്‌ ജീവിതംതന്നെ നരകമായിത്തീർന്നിട്ടുള്ള തൊഴിലാളികളുടെ ഉന്നമനത്തിനായാണ്‌ പന്ഥെ സ്വജീവിതം ഉഴിഞ്ഞുവെച്ചത്‌. തൊഴിലാളിവർഗ രാഷ്‌ട്രീയത്തിലേക്ക്‌ കടന്നുവന്ന അദ്ദേഹം ഉന്നതമായ മൂല്യങ്ങളിൽ ഉറച്ചുനിന്നു.

‘‘തൊഴിലാളിവർഗ പ്രസ്ഥാനം സോഷ്യലിസ്റ്റ്‌ ആശയങ്ങളിലൂന്നി മുന്നേറാനും തൊഴിലാളികളിൽ രാഷ്‌ട്രീയബോധം വളർത്തിയെടുക്കാനുമായി അദ്ദേഹം നിരന്തരം യത്‌നിച്ചു. ശരിയായ സാർവദേശീയവാദിയായ പന്ഥെ സാമ്രാജ്യത്വവിരുദ്ധതയിൽ ഉറച്ചുനിൽക്കുകയും ലോകമാകെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ഐക്യദാർഢ്യം വളർത്തിയെടുക്കുന്നതിന്‌ നിരന്തരം പരിശ്രമിക്കുകയും ചെയ്‌തു. സുദീർഘമായ വിപ്ലവജീവിതത്തിൽ നാലുവർഷവും ആറുമാസവും അദ്ദേഹം ഒളിവിൽ കഴിഞ്ഞു. രാജ്യത്ത്‌ തൊഴിലാളിവർഗ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അവസാനംവരെയും അദ്ദേഹം അക്ഷീണം പ്രവർത്തിച്ചു. ഏതൊരു സാ‌ധാരണ പ്രവർത്തകനും എപ്പോഴും സമീപിക്കാവുന്ന നേതാവായ അദ്ദേഹം, അങ്ങേയറ്റം ലളിതമായ ജീവിതമാണ്‌ നയിച്ചത്‌’’‐ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അനുസ്‌മരിച്ചു.

ട്രേഡ്‌ യൂണിയനുകൾ തമ്മിൽ എപ്പോഴും ഐക്യം അനിവാര്യമാണെന്ന കാഴ്‌ചപ്പാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്‌. അതുകൊണ്ടുതന്നെ മറ്റ്‌ ട്രേഡ്‌ യുണിയൻ സംഘടനകളുടെ തെറ്റായ നിലപാടുകളെ നിശിതമായി വിമർശിക്കുമ്പോഴും അവരെ വേദനിപ്പിക്കാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ‘‘സഖാവ്‌ പന്ഥെ ഇന്ത്യയിലെ തൊഴിലാളിവർഗത്തിന്റെ ഉറച്ച ശബ്ദമായിരുന്നു. അദ്ദേഹം ലോകത്തിലെയും ഇന്ത്യയിലെയും സംഭവവികാസങ്ങളെ തൊഴിലാളിവർഗത്തിന്റെ വിപ്ലവകരമായ കാഴ്‌ചപ്പാടിൽ സമീപിച്ചു. മാർക്‌സിസം‐ലെനിനിസം സംബന്ധിച്ച്‌ അഗാഥമായ അറിവ്‌ അദ്ദേഹത്തിനുണ്ടായിരുന്നു; അതു പ്രയോഗിക്കാനുള്ള അസാമാന്യമായ പാടവവും മാർക്‌സിസം‐ലെനിനിസത്തിന്റെ വിപ്ലവപരമായ പാതയിൽനിന്നും അദ്ദേഹത്തിന്റെ കാൽ ഒരിക്കലും ഇടറില്ല, പകച്ചുനിന്നിട്ടുമില്ല. അദ്ദേഹത്തിന്റെ നിലപാടുകളുടെ അടിസ്ഥാനം തൊഴിലാളിവർഗ താൽപര്യം മാത്രമായിരുന്നു. പരിഷ്‌കരണവാദ നിലപാടുകളോട്‌ അദ്ദേഹം വിട്ടുവീഴ്‌ചയില്ലാതെ പോരാടി; മാർക്‌സിസം‐ലെനിനിസത്തിന്റെ കൊടിക്കൂറ എപ്പോഴും ഉയർത്തിപ്പിടിച്ചു. അനുകൂലികളുടെയോ പ്രതികൂലികളുടെയോ എണ്ണം അദ്ദേഹം ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല. അവസരവാദ നിലപാടുകളെ പന്ഥെ എപ്പോഴും ശക്തിയായി എതിർത്തുപോന്നു. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഉജ്വലനായ പോരാളിയും നായകനുമായിരുന്നു പന്ഥെ’’.

മുതിർന്ന സിപിഐ എം നേതാവ്‌ എസ്‌ രാമചന്ദ്രൻപിള്ള അനുസ്‌മരിക്കുന്നു. 2011 ആഗസ്‌ത്‌ 20ന്‌ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. അഖിലേന്ത്യാ മഹിളാ അസോസിയേഷൻ നേതാവ്‌ പ്രമീള പന്ഥെയാണ്‌ ജീവിതപങ്കാളി. മിലിന്ദ്‌, പരേതയായ ഉജ്വല എന്നിവർ മക്കൾ. സിപിഐ എം നേതാവ്‌ വിജേന്ദർ ശർമയാണ്‌ മരുമകൻ. l

Hot this week

വർഗസമരവും മാധ്യമങ്ങളും‐ 7

ആഗോള മാധ്യമ വ്യവസ്ഥയും സാമ്രാജ്യത്വവും തമ്മിലുള്ള ബന്ധം സങ്കീർണമായ ഒന്നാണ്. 1970കളിൽ...

യുദ്ധങ്ങൾക്കും അധിനിവേശങ്ങൾക്കും നടുവിൽ റോസയെ വായിക്കുമ്പോൾ

പോളണ്ടിൽ ജനിച്ച് പിന്നീട് ജർമൻ പൗരത്വം സ്വീകരിച്ച പ്രമുഖയായ മാർക്സിസ്റ്റ്‌ സൈദ്ധാന്തികയും...

അതിദാരിദ്ര്യം പുറത്ത്… ആത്മാഭിമാനം അകത്ത്…

  2021 മെയ്‌ ഇരുപതിന്‌, കേരളത്തിന്റെ പന്ത്രണ്ടാമത്‌ മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി...

മുതല തെയ്യം

ചടുല വേഗത്തിൽ ഉണഞ്ഞാടുന്നു എന്നതാണ് സാധാരണ മലബാറിലെ ക്ഷേത്ര മുറ്റങ്ങളിൽ കെട്ടിയാടുന്ന...

വയലാർ: വാഗർത്ഥപ്പൊരുളായ കവിത

മലയാളത്തിൻ്റെ വിപ്ലവ കവിയായ വയലാർ രാമവർമ്മ ചലച്ചിത്ര ഗാനങ്ങളിലല്ലാതെ പ്രണയ വരികൾ...

Topics

വർഗസമരവും മാധ്യമങ്ങളും‐ 7

ആഗോള മാധ്യമ വ്യവസ്ഥയും സാമ്രാജ്യത്വവും തമ്മിലുള്ള ബന്ധം സങ്കീർണമായ ഒന്നാണ്. 1970കളിൽ...

യുദ്ധങ്ങൾക്കും അധിനിവേശങ്ങൾക്കും നടുവിൽ റോസയെ വായിക്കുമ്പോൾ

പോളണ്ടിൽ ജനിച്ച് പിന്നീട് ജർമൻ പൗരത്വം സ്വീകരിച്ച പ്രമുഖയായ മാർക്സിസ്റ്റ്‌ സൈദ്ധാന്തികയും...

അതിദാരിദ്ര്യം പുറത്ത്… ആത്മാഭിമാനം അകത്ത്…

  2021 മെയ്‌ ഇരുപതിന്‌, കേരളത്തിന്റെ പന്ത്രണ്ടാമത്‌ മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി...

മുതല തെയ്യം

ചടുല വേഗത്തിൽ ഉണഞ്ഞാടുന്നു എന്നതാണ് സാധാരണ മലബാറിലെ ക്ഷേത്ര മുറ്റങ്ങളിൽ കെട്ടിയാടുന്ന...

വയലാർ: വാഗർത്ഥപ്പൊരുളായ കവിത

മലയാളത്തിൻ്റെ വിപ്ലവ കവിയായ വയലാർ രാമവർമ്മ ചലച്ചിത്ര ഗാനങ്ങളിലല്ലാതെ പ്രണയ വരികൾ...

കേരള സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ പുതിയ അധ്യായമായി ബോച്ചെയുടെ അരങ്ങേറ്റം

കായികമേളകൾ ജനങ്ങളെ ഒരുമിപ്പിക്കുവാനുള്ള ഉദാത്തമായ ഒരു സാമൂഹിക സാധ്യതയായാണ് എല്ലാക്കാലത്തും പരിഗണിക്കപ്പെടുന്നത്....

സോഷ്യലിസ്റ്റ് വികസനത്തിലേക്കുള്ള മുന്നേറ്റത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി

വിപ്ലവവിജയത്തിൻ്റെ 100 വർഷം പൂർത്തിയാകുമ്പോൾ, അതായത് 2049ൽ ചൈനയെ ആധുനിക വികസിത...

വർഗസമരവും മാധ്യമങ്ങളും‐ 7

മാധ്യമരംഗത്തെ കേന്ദ്രീകരണം ആഗോള മാധ്യമരംഗത്ത് നടന്നിട്ടുള്ള കേന്ദ്രീകരണത്തിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടു വേണം നാം...
spot_img

Related Articles

Popular Categories

spot_imgspot_img