
കെ എസ് രഞ്ജിത്ത്
ഒരു വസ്തുവിനെ, പ്രതിഭാസത്തെ നമ്മൾ എങ്ങിനെയാണ് മനസ്സിലാക്കുന്നത്? അല്ലെങ്കിൽ അത് നമ്മിൽ എന്തെങ്കിലും രീതിയിലുള്ള അർത്ഥം ഉല്പാദിപ്പിക്കുന്നത് എങ്ങിനെയാണ്? ജ്ഞാനശാസ്ത്രത്തിലെ സുപ്രധാനമായ ചോദ്യമാണിത് . ഇതിന് ഘടനാവാദികൾ നൽകുന്ന ഉത്തരം ഇതാണ് . ഒരു വസ്തുവോ പ്രതിഭാസമോ അതിന്റെതായ നിലയിൽ ഒറ്റയ്ക്കല്ല അർത്ഥം ഉല്പാദിപ്പിക്കുന്നത് . സവിശേഷമായ ബന്ധങ്ങളുടെ ഘടനയാണ് അതിനു അർത്ഥം പകരുന്നത് . ഉദാഹരണത്തിന് ചെസ്സ്‌ബോർഡിലെ ഏതെങ്കിലും ഒരു കരു എടുക്കുക . ആന, കുതിര ,തേര്, മന്ത്രി എന്നിങ്ങനെയുള്ള കരുക്കളെ നാം മനസിലാക്കുന്നത് , അവ ഓരോന്നിനും സവിശേഷമായ കരുത്ത് ലഭിക്കുന്നത് ചെസ്സ് ബോർഡിനകത്തു മാത്രമാണ് . അവിടെ നിലനിൽക്കുന്ന സവിശേഷ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് .
നാം ഭാഷാപരമായി ഉപയോഗിക്കുന്ന ഓരോ വാക്കും ഇതേ സ്വഭാവമുള്ളവയാണ് . അതിന്റെതായ ഭാഷാഘടനയാണ് അതിന് അർഥം നൽകുന്നത്. ഇതേ പോലെ , സമൂഹത്തിൽ നിലനിൽക്കുന്ന ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ വേണം അതിലെ ഓരോ പ്രതിഭാസത്തെയും മനസ്സിലാക്കാൻ . കേവലമായ അർത്ഥസങ്കല്പങ്ങൾ നിലനിൽക്കുന്ന ഒന്നല്ല എന്നതിലാണ് ഘടനാവാദികൾ ഊന്നുന്നത് . സമൂഹത്തിൽ നിലനിൽക്കുന്ന ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ വസ്തുക്കളെയും പ്രതിഭാസങ്ങളെയും മനസിലാക്കാൻ കഴിയൂ . ഭാഷാശാസ്ത്രത്തിലും നരവംശശാസ്ത്രത്തിലും മനഃശാസ്ത്രത്തിലുമെല്ലാം ഘടനാവാദചിന്താധാരകൾ പടർന്നു കിടക്കുന്നുണ്ട് .സാമൂഹിക സാമ്പത്തിക പ്രതിഭാസങ്ങളെ മനസ്സിലാക്കുന്നതിലും ഘടനവാദത്തിന്റെ രീതിശാസ്ത്രം ഉപയോഗിക്കപ്പെടുന്നുണ്ട് .
20 ആം നൂറ്റാണ്ടിന്റെ ആദ്യനാളുകളിൽ ഭാഷാശാസ്ത്ര മണ്ഡലത്തിലാണ് ഘടനാവാദം ഉദയം കൊണ്ടത് . പ്രത്യക്ഷത്തിലുള്ള പ്രതിഭാസങ്ങളെ ശരിയാംവിധം മനസ്സിലാക്കണമെങ്കിൽ അവയുടെ അടിയിൽ നിലകൊള്ളുന്ന ,പലപ്പോഴും പ്രത്യക്ഷത്തിലില്ലാത്ത സവിശേഷ ഘടനകളെ തിരിച്ചറിയേണ്ടതുണ്ട് എന്നതാണ് ഘടനാവാദം മുന്നോട്ടുവെയ്ക്കുന്ന സിദ്ധാന്തം .

ചിന്ഹവിജ്ഞാനീയത്തിൽ സൊസ്യൂർ (Ferdinand de Saussure) നടത്തിയ നിരീക്ഷണങ്ങളോടെയാണ് ഘടനാവാദചിന്തകൾ ആരംഭിക്കുന്നത് . സൂചകങ്ങളും സൂചിതങ്ങളും (signifier ആൻഡ് signified ) ചേർന്നു നിൽക്കുന്ന ഒന്നാണ് ഭാഷ എന്നതായിരുന്നു സൊസൂറിന്റെ നിരീക്ഷണം .
അർത്ഥങ്ങൾ സാധ്യമാകുന്നത് വിപരീതദ്വന്ദങ്ങളെ ആസ്പദമാക്കിയാണ് . ഉദാഹരണത്തിന് രാത്രിയില്ലെങ്കിൽ പകലിനെ മനസിലാക്കാനാവില്ല . ചൂട് /തണുപ്പ് ,നന്മ/ തിന്മ, നാടൻ /വിദേശി , ഗ്രാമം /നഗരം , എന്നിങ്ങനെ നിരവധി ഉദാഹരണങ്ങൾ ഇത്തരത്തിൽ നിരത്താനാകും.ഇവയിൽ ഒന്നിന് അർത്ഥം ഉണ്ടാകുന്നത് അതിന്റെ വിപരീതം ഉള്ളതുകൊണ്ടാണ് .
ചില ഘടനകൾ ശാശ്വതമായും സാർവലൗകികമായും നിലനിൽക്കുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഘടനാവാദം അതിന്റെ സങ്കല്പനങ്ങൾ മുന്നോട്ടുവെക്കുന്നത് . മിത്തുകളെ ആധാരമാക്കിയുള്ള ലെവിസ്ട്രൗസിന്റെ

നരവംശ ശാസ്ത്രപഠനങ്ങൾ ഉദാഹരണം .ഇത്തരത്തിലുള്ള സമീപനങ്ങളാണ് ശാസ്ത്രീയം എന്നതാണ് ഘടനവാദികൾ പറയുന്നത് . സാഹിത്യ സിദ്ധാന്തത്തിൽ റോളണ്ട് ബാർത്തും മാർക്സിസ്റ്റ് സാമൂഹിക ശാസ്ത്രത്തിൽ ലൂയി അൽത്തൂസറും

ഇതിന്റെ വ്യത്യസ്ത പ്രയോഗങ്ങൾ നടത്തി . സാമ്പത്തിക പ്രക്രിയകളെ മനസിലാക്കാനും ഘടനവാദ സിദ്ധാന്തങ്ങൾ പ്രയോഗിക്കപ്പെട്ടു . സമൂഹത്തിൽ നിലനിൽക്കുന്ന സ്ഥാപനങ്ങളെ മനസ്സിലാക്കിക്കൊണ്ട് മാത്രമേ കമ്പോളം പോലുള്ള സാമ്പത്തിക പ്രതിഭാസങ്ങളെയും ഉല്പാദനപ്രക്രിയകളെയും മനസിലാക്കാൻ കഴിയൂ ഭൂഉടമബന്ധങ്ങൾ, വർഗബന്ധങ്ങൾ തുടങ്ങിയ ആഴമേറിയ സാമൂഹിക സംവിധാനങ്ങളുടെ അടിസ്ഥാനത്തിൽ വേണം സാമ്പത്തിക പ്രവർത്തനങ്ങളെ മനസ്സിലാക്കാൻ . മെട്രോപൊളിറ്റൻ രാജ്യങ്ങളും പ്രാന്തസ്ഥാനത്ത് നിലനിൽക്കുന്ന രാജ്യങ്ങളും (centre and periphery countries ) തമ്മിലുള്ള ബന്ധങ്ങളാണ് സാമ്പത്തിക പ്രക്രിയക്ക് ആധാരമായി നിലകൊള്ളുന്നത് എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനം ഘടനാവാദമാണ് . ചരിത്രപരമായി രൂപപ്പെട്ട സാമൂഹികഘടനകളാണ് – കൊളോണിയലിസം , ഫ്യൂഡലിസം – സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ആധാരമായി നിലനിൽക്കുന്നത് . ഘടനാപരമായി നിലനിൽക്കുന്ന തടസ്സങ്ങളാണ് സാമ്പത്തിക പുരോഗതിയെ തടയുന്നത് . ഭൂപരിഷ്കരണം നല്ലൊരു ഉദാഹരണമാണ് . ഭൂഉടമബന്ധങ്ങളെ പുതുക്കി പണിയാതെ സമൂഹത്തിലെ ക്രയശേഷി വര്ധിപ്പിക്കാനാവില്ല , മുതലാളിത്ത വികസനത്തിന് ആക്കം കൂട്ടാനാവില്ല. ആഴത്തിൽ നിലനില്ക്കുന്ന ഇത്തരം ഘടനകളെ മനസിലാക്കാതെ സാമ്പത്തിക പ്രതിഭാസങ്ങളെ ശരിയായി വിലയിരുത്താനാവില്ല .
പ്രത്യക്ഷത്തിൽ ഏറെ സമാനതകൾ തോന്നാമെങ്കിലും സാമൂഹിക വിശകലനത്തിൽ മാർക്സിസവും ഘടനാവാദവും തമ്മിലുള്ള അന്തരം ഏറെയാണ് . ചരിത്രപരമായ പരിണാമത്തിലും അതിനെ മുന്നോട്ടു നയിക്കുന്ന വർഗ സമരത്തിലും മാർക്സിസ്റ്റു ചിന്തകൾ നിലനിൽക്കുമ്പോൾ ,സാർവലൗകിക (Universal) ഘടനകളിലാണ് ഘടനാ വാദം ഊന്നുന്നത് .
മാർക്സിസത്തെയും ഘടനാവാദചിന്തകളെയും പരസ്പരം ബന്ധിപ്പിക്കാൻ പരിശ്രമം നടത്തിയ ഒരു ചിന്തകനാണ് ലൂയി അൽത്തൂസർ . സ്‌കൂളുകൾ, മാധ്യമങ്ങൾ, മതപരമായ വിവിധ ആചാരങ്ങൾ തുടങ്ങിയ ഭരണകൂടപ്രത്യയശാസ്ത്ര ഉപകരണങ്ങൾ നിർമിച്ചെടുക്കുന്ന കർത്തൃത്വങ്ങളാണ് മുതലാളിത്തസമൂഹത്തെ നിലനിർത്തുന്നത് എന്നതായിരുന്നു അൽത്തൂസറിന്റെ നിരീക്ഷണം .
ചരിത്രപരമായ പ്രക്രിയകളെ അവഗണിക്കുന്നു എന്നതാണ് ഘടനാവാദത്തിനു നേരെയുള്ള മാർക്സിസത്തിന്റെ സുപ്രധാനമായ വിമർശനം. കാലാതീതമായി നിലകൊള്ളുന്ന ഘടനകൾ എന്ന ഘടനാവാദസങ്കല്പങ്ങളോടാണ് നിരന്തര വൈരുധ്യങ്ങളുടെ അടിസ്ഥാനത്തിൽ നടന്നുവരുന്ന സാമൂഹിക പരിണാമങ്ങളെ അടിസ്ഥാനമാക്കിയ മാർക്സിസത്തിന്റെ സുപ്രധാന വിയോജിപ്പ് . ഭാഷ, വ്യവഹാരം (discourse ),അബോധമണ്ഡലം തുടങ്ങിയ ഘടനാവാദസങ്കൽപ്പങ്ങൾ അരാഷ്ട്രീയമാണെന്നാണ് മാർക്സിസ്റ്റുകൾ കരുതുന്നത് . അവ ചിന്തയിൽ നിന്നും രാഷ്ട്രീയത്തെ ചോർത്തിക്കളയുന്നു .വർഗസമരം പോലുള്ള മൂർത്തമായ യാഥാർഥ്യ ങ്ങളെ അവഗണിച്ചുകൊണ്ട് ആ സ്ഥാനത്ത് അമൂർത്തമായ പരികല്പനകളെ അത് മുന്നോട്ടു വെയ്ക്കുന്നു. l