അഡോളസെൻസ് : രക്ഷിതാക്കൾക്ക്  എന്തറിയാം 

അനാമിക 

തിമൂന്നുവയസ്സുള്ള ഒരു ആൺകുട്ടിയുടെ മനസ്സ്  മുതിർന്നവർ എത്രമാത്രം മനസ്സിലാക്കുന്നുണ്ടെന്ന് ആത്മപരിശോധന നടത്താൻ നിർബന്ധിക്കുന്നു നെറ്റ്ഫ്ലിക്സിൽ നാല് എപ്പിസോഡുകളിലായി സംപ്രേക്ഷണം ചെയ്യുന്ന “അഡോളസൻസ്” (കൗമാരം) എന്ന വെബ് സീരീസ്. ഓമനത്തവും നിഷ്കളങ്കതയും തോന്നുന്ന ജെയ്മി മില്ലർ  എന്ന കുട്ടി സഹപാഠിയായ പെൺകുട്ടിയെ കുത്തിക്കൊന്നു എന്നത് അവിശ്വസനീയമാണ്. അവസാനം  വരെയും നമ്മൾ ആഗ്രഹിക്കും എവിടെയോ എന്തോ പിശക് പറ്റിയിട്ടുണ്ട്. ഇവനാവില്ല അത് ചെയ്തതെന്ന്.
എന്നാൽ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ജെയ്മി ആണ് കൊലപാതകിയെന്ന് സംശയരഹിതമായി തെളിയിക്കുന്നു. ഈ വെബ് സീരിസിന്റെ പ്രത്യേകത ഒരു കൊലപാതകം ചുരുളഴിയുകയല്ല ഇതിൽ ചെയ്യുന്നത്. മറിച്ച് ആദ്യകാഴ്ചയിൽ യാതൊരു പ്രത്യേകതയും തോന്നാത്ത ഒരു സാധാരണ കുട്ടിയെ ഈ കൊടുംകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്താണെന്ന് കണ്ടെത്താനുള്ള പരിശ്രമമാണ്. കേസ് അന്വേഷിക്കുന്ന ബാസ്കോമ്പ് എന്ന പോലീസ് ഉദ്യോഗസ്ഥനും കുട്ടിക്കുറ്റവാളിയെ കാണാൻ വരുന്ന മനഃശാസ്ത്രജ്ഞയും കുട്ടിയുടെ അച്ഛൻ എഡ്ഡി  മില്ലറും അമ്മ മാൻറ  മില്ലറും അടങ്ങുന്ന മുതിർന്ന തലമുറക്ക് ഈ കേസ് നൽകുന്ന പാഠം വളരെ വലുതാണ്. അവരാണ് കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്നു പോകുന്നത്. അവരാണ് ആത്മവിമർശനത്തിലൂടെ യാഥാർഥ്യത്തെ അംഗീകരിക്കാൻ നിർബന്ധിക്കപ്പെടുന്നത്.
ഇത് കുട്ടികൾക്ക് സന്മാർഗപാഠം ഉപദേശിക്കുന്ന ഒരു കഥയല്ല. അതിവേഗം മാറി മറിഞ്ഞു കൊണ്ടിരിക്കുന്ന  ഡിജിറ്റൽയുഗത്തിൽ മുതിർന്നവർ എങ്ങനെ പുറംതള്ളപ്പെടുന്നുവെന്നാണ് ഓർമിപ്പിക്കുന്നത്. സ്വന്തം മക്കളെ പോലും അച്ഛനമ്മമാർക്ക്  മനസ്സിലാക്കാൻ കഴിയാതെ പോകുന്നുവെന്ന് ചൂണ്ടിക്കാണിക്കുകയാണ്. കുട്ടികളുടെ ഹിംസയെ കുറിച്ച് വിലപിക്കുമ്പോൾ പ്രായമായവർക്ക് എന്തെങ്കിലും ചെയ്യാനുണ്ടോയെന്നു കൂടി പരിശോധിക്കണമെന്ന് “അഡോളസെൻസ്” മുന്നറിയിപ്പ് നൽകുന്നു.
എഡ്ഡിമില്ലറും കുടുംബവും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന ഇടത്തരക്കാരാണ്. ജെയ്മിക്കൊരു ചേച്ചിയുണ്ട് ലിസ. മക്കളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ ജാഗ്രത കാട്ടുന്ന, മക്കളെ എപ്പോഴും ചേർത്തുപിടിക്കുവാൻ ശ്രദ്ധിക്കുന്നവരാണ്  എഡ്ഡിയും  മാന്റയും.
ഒരു വെളുപ്പാൻകാലത്ത് ഒരു സംഘം ആയുധധാരികളായ പോലീസുകാർ വീട്ടിൽ ഇരച്ചുകയറുകയും മൂടിപ്പുതച്ചുറങ്ങുകയായിരുന്ന മകനെ അറസ്റ്റു ചെയ്തു കൊണ്ടുപോവുകയും ചെയ്യുന്നതോടെയാണ് കാര്യങ്ങൾ കുഴഞ്ഞു മറിയുന്നത്.  എല്ലാ രക്ഷിതാക്കളെയും പോലെ തന്റെ മകൻ ഇത് ചെയ്യില്ലെന്ന് ഉറച്ചു വിശ്വസിക്കുന്ന അച്ഛനും സിസിടിവി ദൃശ്യങ്ങൾ കാണുന്നതോടെ തളരുന്നു. കുറച്ചു കൂടി നല്ല അച്ഛൻ ആകണമായിരുന്നു താനെന്ന തിരിച്ചറിവിൽ മകന്റെ പാവക്കുട്ടിയെയും കെട്ടിപിടിച്ചു കരയുമ്പോൾ കഥ അവസാനിക്കുന്നു.
 സാധാരണ സിനിമകളിൽ കാണുന്നത് പോലെ ജെയ്മിയുടെ കോടതി വിചാരണ ” അഡോളസെൻസി”ൽ ഇല്ല. എന്നാൽ വിചാരണ ചെയ്യപ്പെടുന്നത് രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന മുതിർന്ന തലമുറയാണ്.
സീരിസ് തുടങ്ങുന്നത് ബാസ്കോമ്പിന്റെ മകൻ സ്‌കൂളിൽ പോകാതിരിക്കാൻ വയറുവേദനയാണെന്ന് കള്ളം പറയുന്നിടത്തു നിന്നാണ്. അവൻ ഒട്ടും സാമർഥ്യമില്ലാത്ത, എല്ലാ കുട്ടികളുടെയും കളിയാക്കലുകൾക്ക് വിധേയനാകുന്ന ഒരു പാവമാണെന്ന് പിന്നീട് നമ്മൾ മനസ്സിലാക്കുന്നുണ്ട്.  അവൻ എന്തുകൊണ്ട് സ്‌കൂളിൽ പോകാനിഷ്ടപ്പെടുന്നില്ലെന്ന് പോലീസുകാരൻ കൂടിയായ അച്ഛൻ തിരക്കുന്നില്ല. കേസന്വേഷണവുമായി ബന്ധപ്പെട്ട് സ്‌കൂളിൽ പോകുമ്പോൾ കൊലപാതകത്തിന്റെ പിന്നിലെ യഥാർത്ഥ  കാരണം ഈ മകനാണ് പറഞ്ഞുകൊടുക്കുന്നത്. കുറ്റവാളി ജെയ്‌മിയാണെന്ന് വ്യക്തമാണെങ്കിലും കുറ്റകൃത്യത്തിന്‌ പ്രേരിപ്പിച്ചതെന്താണെന്ന് മനസ്സിലാക്കാൻ കഴിയാതെ പോലീസുകാർ വലയുകയായിരുന്നു. ബുദ്ധിപൂർവമായ അന്വേഷണം എന്ന മട്ടിൽ ജെയ്മിയുടെയും മരണപ്പെട്ട കേറ്റിയുടേയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അവർ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാൽ അതേ സ്‌കൂളിൽ പഠിക്കുന്ന മകൻ ചില പദപ്രയോഗങ്ങൾ അച്ഛന് മനസ്സിലാക്കി കൊടുക്കുന്നു. നമ്മളിൽ പലർക്കും ഈ പ്രയോഗങ്ങൾ പുതിയതാകാം. 80:20 റൂൾ , റെഡ് പിൽ, ഇൻസെൽസ് (incels ) തുടങ്ങി പുതിയൊരു ഭാഷയാണ് കൗമാരക്കാരുപയോഗിക്കുന്നത്. സ്ത്രീവിരുദ്ധതയും തെറ്റായ ലൈംഗികഅറിവുകളും ഈ പദങ്ങൾക്ക് പിന്നിൽ ഒളിഞ്ഞു കിടപ്പുണ്ട്.
ജെയ്മി സ്വയം കരുതുന്നത് താൻ  സുന്ദരൻ അല്ലെന്നാണ്. പെൺകുട്ടികൾക്ക് ഇഷ്ടം തോന്നാത്തവാൻ ആണെന്നും ലൈംഗികതാത്പര്യം ഇല്ലാത്തവനാണെന്നും മറ്റും  അവൻ സഹപാഠികളാൽ  ആക്ഷേപിക്കപ്പെട്ടിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയും അവനെ കളിയാക്കിയിരുന്നുവത്രെ. അതവനിൽ ഉണ്ടാക്കിയ അമർഷവും പ്രതികാരബുദ്ധിയുമാണ് കൊലപാതകം വരെ എത്തിയതെന്ന് ഒടുവിൽ പോലീസ് തിരിച്ചറിയുന്നു.
സ്‌കൂളിൽ നിന്നും വീട്ടിൽ  വന്നാൽ മുറിയിൽ കയറി കതകടച്ചിരുന്ന് കമ്പ്യുട്ടറിൽ കളിക്കുമ്പോൾ  മകൻ  ഏറ്റവും സുരക്ഷിതനാണെന്നാണച്ഛനും അമ്മയും കരുതിയത്. എന്നാൽ അപകടകരമായ ഡിജിറ്റൽ ലോകത്ത് എന്തൊക്കെ കെണികളിലൂടെയാണ്  അവൻ കടന്നുപോകുന്നതെന്നതിനെ കുറിച്ച്  രക്ഷിതാക്കൾക്ക് യാതൊരു ഊഹവും ഉണ്ടായിരുന്നില്ല. രക്ഷിതാവ് കൂടിയായ പോലീസ് ഉദ്യോഗസ്ഥനും തന്റെ മകനെ മനസ്സിലാക്കി തുടങ്ങുന്നത് ജെയ്മിയുടെ കേസന്വേഷണത്തിനിടയിലാണ് .
വളരെ സമർത്ഥമായ രീതിയിലാണിതിന്റെ ചിത്രീകരണം. നാല് എപ്പിസോഡുകൾ മാത്രമേയുള്ളൂ. ഓരോ എപ്പിസോഡും ഒരൊറ്റ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ക്യാമറക്കൊപ്പം കാഴ്ചക്കാരും നീങ്ങുന്നു. ഒരു നിമിഷം പോലും കണ്ണെടുക്കാൻ നമുക്കാവില്ല. ജെയ്മിയുടെ മാതാപിതാക്കൾ അനുഭവിക്കുന്ന കഠിനമായ  മാനസികസംഘർഷം അതേ  തീവ്രതയിൽ കാഴ്ചക്കാരും അനുഭവിക്കുന്നത് കാമറയുടെ ഈ  ഇന്ദ്രജാലം മൂലമാണ്.
ഇംഗ്ലണ്ടിന്റെ പശ്ചാത്തലത്തിലാണ് ഈ സീരീസ് ചെയ്തിരിക്കുന്നതെങ്കിലും നമ്മുടെ സമൂഹവുമായി വലിയ വ്യത്യാസമില്ല എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. സ്‌കൂളിന്റെ അന്തരീക്ഷവും മറ്റും നമമുടെ ആണ് കൂടുതൽ മെച്ചമെന്നും തോന്നുന്നു  പോലീസ് അന്വേഷണരീതിയും മനശ്ശാസ്ത്രജ്ഞയുടെ ഇടപെടലും  നമുക്ക് അപരിചിതമാണെന്ന് മാത്രം. ഈ സീരീസിന്റെ ഏറ്റവും ഗംഭീരമായ ഭാഗം മനശ്ശാസ്ത്രജ്ഞയും ജെയ്മിയുമായുള്ള സംഭാഷണമാണ്. അസാധാരണമായ അഭിനയപാടവമാണ് ജെയ്‌മിയായി വേഷമിട്ട ഓവൻ കൂപ്പർ കാഴ്ച്ചവച്ചത് . ഒരു കൗമാരക്കാരന്റെ രോഷവും നിസ്സഹായതയും ഭയവും അവൻ മാറി മാറി അവതരിപ്പിക്കുമ്പോൾ ഭാവിയിലെ വാഗ്ദാനമായ  ശ്രദ്ധേയനായ നടനെയാണ് നമുക്ക് കാണാൻ കഴിയുന്നത്.
ഫിലിപ്പ് ബാരന്റിനിയുടെ സംവിധാനമികവും മാത്യു ലൂയിസിന്റെ ഛായാഗ്രഹണവും  പ്രമേയത്തിന്റെ കാലികപ്രസക്തിയും അഭിനേതാക്കളുടെ അഭിനയമികവും കൂടി ചേർന്നപ്പോൾ ലോകം മുഴുവൻ ചർച്ച ചെയ്യുന്ന ഒന്നായി അഡോളസെൻസ് മാറിയിരിക്കുന്നു. l

Hot this week

നികുതിവല ഭേദിക്കുന്ന വമ്പന്‍ സ്രാവുകള്‍

ജൂലൈ 31 ന് അവസാനിച്ച ആദായനികുതി റിട്ടേണ്‍ സമര്‍പ്പണത്തിന്‍റെ തിരക്കില്‍ നിന്ന്...

കായികപ്രകടനവും  ജനിതകഘടകങ്ങളുടെ സ്വാധീനവും

കായികരംഗത്തെ മികവും അതിശയകരമായ പ്രകടനവും കേവലം കഠിനപരിശീലനം, സമീകൃതപോഷകാഹാരം, മാനസികദൃഢത, ശാസ്ത്രീയമായ...

സവർക്കർ വീരനല്ല, ദേശീയവഞ്ചകനും അധമനായ ഭീരുവുമാണ്

വിദ്യാർത്ഥികൾക്കുള്ള സ്വാതന്ത്ര്യക്വിസ്സിനായി സവർക്കറെ ത്യാഗവര്യനായ സ്വാതന്ത്ര്യസമരസേനാനിയായി ആദർശവൽക്കരിക്കുന്ന ചോദ്യം തയ്യാറാക്കിയ സ്‌കൂൾ...

വേദനകൾ അരുന്ധതിക്ക് പൊരുതാനുള്ള ഇന്ധനം

പ്രശസ്ത എഴുത്തുകാരിയും ബുക്കർ പുരസ്‌കാരജേതാവുമായ അരുന്ധതി റോയ് തന്റെ അമ്മയായ മേരി...

നിറങ്ങൾ തൻ നൃത്തം – ആൽബട്ടോ ജിയാക്കോമെറ്റി

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ‘ സ്വിറ്റ്സർലാൻഡ് കാരനായ...

Topics

നികുതിവല ഭേദിക്കുന്ന വമ്പന്‍ സ്രാവുകള്‍

ജൂലൈ 31 ന് അവസാനിച്ച ആദായനികുതി റിട്ടേണ്‍ സമര്‍പ്പണത്തിന്‍റെ തിരക്കില്‍ നിന്ന്...

കായികപ്രകടനവും  ജനിതകഘടകങ്ങളുടെ സ്വാധീനവും

കായികരംഗത്തെ മികവും അതിശയകരമായ പ്രകടനവും കേവലം കഠിനപരിശീലനം, സമീകൃതപോഷകാഹാരം, മാനസികദൃഢത, ശാസ്ത്രീയമായ...

സവർക്കർ വീരനല്ല, ദേശീയവഞ്ചകനും അധമനായ ഭീരുവുമാണ്

വിദ്യാർത്ഥികൾക്കുള്ള സ്വാതന്ത്ര്യക്വിസ്സിനായി സവർക്കറെ ത്യാഗവര്യനായ സ്വാതന്ത്ര്യസമരസേനാനിയായി ആദർശവൽക്കരിക്കുന്ന ചോദ്യം തയ്യാറാക്കിയ സ്‌കൂൾ...

വേദനകൾ അരുന്ധതിക്ക് പൊരുതാനുള്ള ഇന്ധനം

പ്രശസ്ത എഴുത്തുകാരിയും ബുക്കർ പുരസ്‌കാരജേതാവുമായ അരുന്ധതി റോയ് തന്റെ അമ്മയായ മേരി...

നിറങ്ങൾ തൻ നൃത്തം – ആൽബട്ടോ ജിയാക്കോമെറ്റി

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ‘ സ്വിറ്റ്സർലാൻഡ് കാരനായ...

പ്രകൃതിയിലെ വിസ്മയങ്ങൾ -തേൻകൊതിച്ചിപ്പരുന്ത്

തേൻകൊതിച്ചിപ്പരുന്ത് (Pernis ptilorhynchus) Accipitridae കുടുംബത്തിൽപ്പെട്ട ഒരു ഇരപിടിയൻ പക്ഷിയാണ്. The...

ഒരു സമുദ്രവും അഭയമാവാത്തവര്‍ 

  മലയാളനോവല്‍ അന്വേഷണാത്മകമായ രചനാ വഴികളിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. കേരളവും ഇന്ത്യയും വിദേശ...

മിസ പറയുന്ന രാഷ്ട്രീയവും സദാചാര വാദികളെ അസ്വസ്ഥമാക്കുന്ന ചരിത്രവും

സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത് ഒരു നാടകവും അതിലെ വേഷവുമാണ്....
spot_img

Related Articles

Popular Categories

spot_imgspot_img