ഈ നൂറ്റാണ്ടിൽ, പ്രത്യേകിച്ച് വർത്തമാനകാലത്ത് ലോകജനത അഭിമുഖീകരിക്കുന്ന വെല്ലുവിളികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അപ്രതീക്ഷിതവും ക്രമാതീതവുമായി ഉണ്ടാകുന്ന കാലാവസ്ഥാവ്യതിയാനം. പരിസ്ഥിതി, സമൂഹം, സമ്പദ് വ്യവസ്ഥ, ജനങ്ങളുടെ ആരോഗ്യം എന്നിവയ്ക്ക് ഇത് സങ്കീർണ്ണമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. കായികശാസ്ത്ര മേഖലയിൽ കാലാവസ്ഥാ വ്യതിയാനം എന്ന വിഷയത്തിന് താരതമ്യേന അത്യൽപമായ ശ്രദ്ധ മാത്രമേ ഇതുവരെയും ലഭിച്ചിട്ടുള്ളൂ എന്നത് ആശ്ചര്യകരമാണ്. നമ്മുടെ രാജ്യതലസ്ഥാനമായ ഡൽഹി ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിൽ പ്രാണവായുവിൻ്റെ ഗുണനിലവാരസൂചിക ഏറ്റവും മോശപ്പെട്ട നിലയിലാണുള്ളത്. അമിതമായി കൂടുന്ന വായു മലിനീകരണം ഡൽഹിയിലെ സ്കൂൾ പഠനം പൂർണ്ണമായും ഓൺലൈൻ രീതിയിലേക്ക് മാറ്റുന്നതിനും ഇടയാക്കിയിട്ടുണ്ട്.
ലോകത്ത് മലിനമാക്കപ്പെട്ട നഗരങ്ങളുടെ മുൻനിരയിൽ സ്ഥാനം നേടിയിട്ടുള്ള ഡൽഹിയിൽ അമിതമായി കൂടിവരുന്ന പുകമഞ്ഞു കാരണം ഗതാഗതമേഖലയുടെ പ്രവർത്തനത്തെയും ഭാഗികമായി ബാധിച്ചിട്ടുണ്ട്. ലോകത്തെ പല തിരക്കേറിയ നഗരങ്ങളുടെയും സ്ഥിതി ഡൽഹിയുടേതിന് സമാനമാണ്. മനുഷ്യൻ്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുന്ന രീതിയിൽ അന്തരീക്ഷ മലിനീകരണവും വായുമലിനീകരണവും സൃഷ്ടിക്കപ്പെടുമ്പോൾ ‘കാർബൺ ന്യൂട്രാലിറ്റി’ എന്ന ആശയത്തിന് സമകാലികപ്രസക്തിയേറിവരുന്നു. ‘നെറ്റ് സീറോ കാർബൺ എമിഷൻ’ എന്ന പുരോഗമനപരവും നൂതനവുമായ സങ്കല്പത്തിനാണ് ആഗോളവ്യാപകമായ സ്വീകാര്യതയുള്ളത്.
ആഗോള കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതിനുള്ള നിർണ്ണായകസാധ്യത എന്ന നിലയിലാണ് ഇതിനെ പരിഗണിക്കേണ്ടത്. അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാർബൺഡൈഓക്സൈഡിൻ്റെ അളവും കാർബൺ സിങ്കുകൾ കാർബൺഡൈഓക്സൈഡ് ആഗിരണം ചെയ്യുന്നതും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് കാർബൺ ന്യൂട്രാലിറ്റി. ആഗോളതലത്തിൽ മനുഷ്യനുണ്ടാക്കുന്ന കാർബൺഡൈഓക്സൈഡ് (CO2) പുറന്തള്ളൽ 2010-ൽ നിന്ന് 2030-ഓടെ ഏകദേശം 45 ശതമാനം കുറയുകയും 2050-ഓടെ പൂജ്യത്തിലെത്തുകയും വേണമെന്നാണ് അന്താരാഷ്ട്രതല ശാസ്ത്രസമവായം. കാർബൺ സിങ്ക് എന്നത് കൃത്രിമമോ പ്രകൃതിദത്തമോ ആയ ഒരു സംവിധാനമാണ്. പുറത്തുവിടുന്നതിനേക്കാൾ കൂടുതൽ കാർബൺ അന്തരീക്ഷത്തിൽ നിന്നും ആഗിരണം ചെയ്യുവാൻ ഇതിലൂടെ കഴിയണം. വനങ്ങൾ,സമുദ്രം,മണ്ണ് തുടങ്ങിയ പ്രകൃതിദത്ത കാർബൺ സിങ്കുകളെ നന്നായി സംരക്ഷിക്കുവാൻ മനുഷ്യർക്ക് കഴിയേണ്ടതുണ്ട്. ആഗോള താപനിലയിലെ വർധനവ് ലഘൂകരിക്കുന്നതിലൂടെ കാലാവസ്ഥാവ്യതിയാനത്തിൻ്റെ ആഘാതം നിഷ്പക്ഷമാക്കുക എന്നതും പൊതുവിൽ ലക്ഷ്യമിടുന്നു. കാർബൺ ന്യൂട്രാലിറ്റി എന്ന അമൂർത്തമായ ആശയം ഇന്ന് ലോകജനതയുടെ അത്യന്താപേക്ഷിത ആവശ്യകതയായി മാറിയിട്ടുണ്ട്.ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ ഒഴിവാക്കുന്നതും ശുദ്ധമായ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതും പോലെയുള്ള നൂതനമായ പരിഹാരങ്ങൾ കാർബൺ ന്യൂട്രൽ ഇവൻ്റുകളിലേക്ക് ക്രമേണ നയിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം, കാർബൺ ബഹിർഗമനം എന്നിവ കേവലം പാരിസ്ഥിതിക വെല്ലുവിളികൾ മാത്രമല്ല . മനുഷ്യൻ്റെ ആരോഗ്യം,അടിസ്ഥാന സൗകര്യവികസനം, കായിക വളർച്ച എന്നിവയിൽ അഗാധമായ സ്വാധീനം ചെലുത്തുന്നവയാണ്.വളർന്നുവരുന്ന കായികതാരങ്ങൾക്ക് ലഭ്യമാകുന്ന മോശം കായികപരിസ്ഥിതിസാഹചര്യങ്ങൾ സൃഷ്ടിക്കുന്ന വെല്ലുവിളികൾ പലപ്പോഴും അവരുടെ കരിയറിൻ്റെ തുടക്കത്തിൽ സവിശേഷ പ്രതിസന്ധി സൃഷ്ടിക്കും.പരിശീലന ഷെഡ്യൂളുകളെ തടസ്സപ്പെടുത്തുന്ന തീവ്രമായ കാലാവസ്ഥാവ്യതിയാനം, വായുവിൻ്റെ ഗുണനിലവാരം എന്നിവ പലതരം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
കാലാവസ്ഥാവ്യതിയാനത്തിലൂടെ ആഗോള താപനിലയിൽ ഉണ്ടാവുന്ന വർധനവ് ഔട്ട്ഡോർ സ്പോർട്സിൽ പങ്കെടുക്കുന്നവരെ പ്രതികൂലമായി ബാധിക്കുന്നു.അമിതമായ ചൂട് താരങ്ങളെ തളർത്തുകയും സൂര്യാഘാതം,പൊള്ളൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. 2024ൽ പാരീസിൽ നടന്ന ഒളിമ്പിക്സിൽ കടുത്ത ചൂടാണ് അനുഭവപ്പെട്ടത്.മത്സര കാലഘട്ടത്തിൽ പലപ്പോഴും 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു. ഇത് തുറസായ വേദികളിൽ കായിക പ്രവർത്തനങ്ങളിലും പരിശീലനത്തിലും ഏർപ്പെടുന്ന താരങ്ങൾക്ക് ക്ഷീണം, നിർജലീകരണം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. സ്വന്തം രാജ്യത്ത് മികച്ച നിലയിൽ കായികപ്രകടനം കാഴ്ചവച്ചവർക്ക് ഇത്തരം പ്രതികൂല മത്സരവേദികൾ സമ്മാനിക്കുന്ന ദുരനുഭവങ്ങൾ വളരെ വലുതാണ്. ഡൽഹി ഉൾപ്പെടെ വായുനിലവാരത്തിൽ വളരെ പിന്നാക്കം നിൽക്കുന്ന നഗരങ്ങളിൽ കായിക പരിശീലനത്തിൽ ഏർപ്പെടുന്ന താരങ്ങൾക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വളരെ പെട്ടെന്ന് പിടിപെടുവാനും ഇടയാക്കുന്നു. കാലാവസ്ഥാവ്യതിയാനത്തിലൂടെ സംഭവിക്കുന്ന വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഉരുൾപൊട്ടൽ തുടങ്ങിയ പ്രശ്നങ്ങൾ കായികപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുനടപ്പിലാക്കുന്നതിൽ പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നു. അതിതീവ്ര വെള്ളപ്പൊക്കവും വരൾച്ചയും ഒരുപോലെ ജലകായിക മേഖലയെയും സാരമായി ബാധിക്കുന്നു.ഇത്തരം പ്രശ്നങ്ങൾ ജലകായിക മത്സരസാധ്യതകളെയും ഷെഡ്യൂളുകളെയും തടസ്സപ്പെടുത്തുന്നുണ്ട്.
വേൾഡ് അത്‌ലറ്റിക്‌സ് പോലുള്ള ഓർഗനൈസേഷനുകൾ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള നൂതന സംരംഭങ്ങൾക്ക് നിലവിൽ നേതൃത്വം നൽകിവരുന്നുണ്ട്. പ്രതിവർഷം 10% വീതം കുറയ്ക്കുവാൻ ലക്ഷ്യമിടുന്നതോടൊപ്പം ഇവൻ്റുകളിൽ പ്രാദേശികസുസ്ഥിരപരിശീലനസാധ്യതകളെയും പ്രോത്സാഹിപ്പിക്കുന്നു. വേദികൾക്ക് ചുറ്റുമുള്ള വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.2024 ലെ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെൻ്റിൽ ഉയർന്ന ചൂടും ഈർപ്പവും കാരണം ഒരു റഫറി തളർന്നുവീണ സംഭവം ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടുതൽ ഗൗരവത്തിലെടുക്കേണ്ടതുണ്ട്. പ്രവചനാതീതമായ കാലാവസ്ഥാ രീതികൾ മത്സരങ്ങൾ മാറ്റിവയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ഇടയാക്കുന്നു. 2024-ലെ യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ ഒരു മത്സരം ഇടിമിന്നൽ കാരണം താൽക്കാലികമായി നിർത്തിവച്ച സംഭവം സമീപകാല ഉദാഹരണമാണ്.
അമിതമായി രൂപപ്പെടുന്ന ചൂട്,കാലാവസ്ഥാവ്യതിയാനം,അനിയന്
ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനം മഞ്ഞുകാലം കുറയ്ക്കുകയും ആഗോളതലത്തിൽ മഞ്ഞുവീഴ്ച കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത് സ്കീയിങ് ഉൾപ്പെടെയുള്ള ശൈത്യകാല കായിക വിനോദങ്ങളുടെ വളർച്ചയെയും വികാസത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.അതിനാൽ കൃത്രിമമായ മഞ്ഞുരൂപീകരണത്തെ ആശ്രയിക്കേണ്ടി വരികയും അത് പാരിസ്ഥിതിക അസ്വസ്ഥതയ്ക്ക് കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ലോകത്തിലെ ഭൂരിഭാഗം എലൈറ്റ് കായിക താരങ്ങളും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അത് അവരുടെ കരിയറിൽ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചും അങ്ങേയറ്റം ആശങ്കാകുലരാണ് എന്നാണ് സമീപകാല പഠനങ്ങൾ തെളിയിക്കുന്നത്.
കായികതാരങ്ങളിൽ ഇത് അമിതമായ മാനസികസമ്മർദം, പരുക്കുകളുടെ സാധ്യത, പ്രകടന അസ്ഥിരത ഉൾപ്പെടെയുള്ള കാരണങ്ങൾക്ക് ഇടവരുത്തുന്നു.പാരിസ്ഥിതിക സുസ്ഥിരതയ്ക്കായി കായികതാരങ്ങൾ ഉൾപ്പെടെയുള്ളവർ അവർ പ്രവർത്തിക്കുന്ന മേഖലകളിൽ കൂടുതലായി വാദിക്കുവാൻ തയ്യാറാകണം.സമീപകാലത്ത് ലോക അത്‍ലറ്റിക്സിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട ചാമ്പ്യൻസ് ഫോർ ബെറ്റർ വേൾഡ് പോലുള്ള പരിപാടികൾ കാലാവസ്ഥാപ്രവർത്തനങ്ങളിലും ബോധവൽക്കരണ ക്യാമ്പയിനുകളിലും ഏർപ്പെടാൻ താരങ്ങൾക്ക് കൂടുതൽ പ്രചോദനം പകരുന്നു.
സ്‌പോർട്‌സ് മേഖലയെ കൂടുതൽ പാരിസ്ഥിതികമായി സുസ്ഥിരമാക്കുന്നതിന് രൂപകല്പന ചെയ്‌തിരിക്കുന്ന മാർഗനിർദേശങ്ങളെയും ചട്ടക്കൂടുകളെയും ഉൾക്കൊള്ളുന്ന സ്‌പോർട്‌സ് ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധമാക്കണം. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും റിസോഴ്‌സ് മാനേജ്‌മെൻ്റ് മെച്ചപ്പെടുത്തുന്നതിനും കായികമത്സരങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയിൽ പരിസ്ഥിതിസൗഹൃദ സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഊന്നൽ നൽകണം. 1992-ൽ രൂപംകൊണ്ട കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച സ്‌പോർട്‌സ് ഫോർ ക്ലൈമറ്റ് ആക്ഷൻ ഫ്രെയിംവർക്ക് പ്രകാരം 2040 ഓടെ കാർബൺ ബഹിർഗമനത്തിൻ്റെ തോത് ഗണ്യമായി കുറയ്ക്കുവാൻ 300 ലധികം കായിക സംഘടനകൾ നിലവിൽ പ്രതിജ്ഞ എടുത്തിട്ടുള്ളകാര്യം കൂടുതൽ പ്രതീക്ഷപകരുന്നു.
കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടാകുന്ന അപകട സാധ്യതകൾ കുറയ്ക്കുന്നതിന് കായിക സംഘടനകൾ ഷെഡ്യൂളുകൾ പരിഷ്കരിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. കടുത്ത ചൂട് ഒഴിവാക്കാൻ വേണ്ടി 2022 ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിന്റെ ഷെഡ്യൂൾ ശൈത്യകാലത്തേക്ക് മാറ്റിയിരുന്നു.പല ഔട്ട്ഡോർ ഗെയിമുകളും ഇൻഡോർ മത്സര സംവിധാനത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ട്.ചൂട് പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള കായിക പരിസ്ഥിതി സൗഹൃദമായ സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും താരങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തുന്നു. സമീപകാലത്ത് ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ച കേരള സ്കൂൾ കായികമേളയും അധികഠിനമായ ചൂടുകാരണം രാവിലെയും രാത്രിയും ആണ് സംഘടിപ്പിച്ചത്. ഇതുകൂടാതെ പരമാവധി ഗെയിംസുകളും ഇൻഡോർ സംവിധാനങ്ങളിലാണ് നടത്തപ്പെട്ടത്.
കാർബൺ ന്യൂട്രലായ അന്തരീക്ഷം രൂപപ്പെടുത്തുന്നതിലൂടെ കായികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കുവാൻ സാധിക്കും.താരങ്ങൾക്ക് സ്വതന്ത്രമായ നിലയിൽ ഹരിതാഭമായ കായികയിടങ്ങളിൽ ശുദ്ധവായു ശ്വസിച്ചുകൊണ്ട് പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ അവസരം ഒരുക്കണം.എന്നാൽ മാത്രമേ വ്യക്തിഗതമായ മികച്ച കായിക പ്രകടനം കാഴ്ചവയ്ക്കുവാൻ സാധിക്കുകയുള്ളൂ. സ്പോർട്സിലെ കാർബൺന്യൂട്രൽ സമീപനത്തിലൂടെ പരിസ്ഥിതി സൗഹൃദ സ്റ്റേഡിയങ്ങളുടെയും സൗകര്യങ്ങളുടെയും നിർമ്മാണവും പുനർനിർമ്മാണവുമാണ് പ്രതീക്ഷിക്കുന്നത്. ഇതിൻ്റെ ഭാഗമായി പുനരുല്പാദിപ്പിക്കാവുന്ന ഊർജസ്രോതസ്സുകൾ, ജലസംരക്ഷണ സംവിധാനങ്ങൾ തുടങ്ങിയ സുസ്ഥിര വസ്തുക്കളെ പരിപൂർണ്ണമായ നിലയിൽ സംയോജിപ്പിക്കണം. പുനരുപയോഗ ഊർജസ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുകയും ഹരിത ഗൃഹ വാതക ഉദ്ഗമനം കുറയ്ക്കുവാൻ ആവശ്യമായ ഇടപെടലുകൾ സ്വീകരിക്കുകയും വേണം. സ്റ്റേഡിയങ്ങളുടെ ചുറ്റുപാടുകളിൽ വനവൽക്കരണ പ്രവർത്തനങ്ങളും പരിസ്ഥിതി സംരക്ഷണ മാർഗങ്ങളും സ്വീകരിച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദവും കാർബൺ ന്യൂട്രലുമായ കായികലോകത്തിനായി നമുക്ക് ഒത്തുചേർന്ന് പ്രവർത്തിക്കാം.♣
ഡോ.അജീഷ്. പി.ടി
റിസർച്ച് ഓഫീസർ, എസ്.സി.ഇ.ആർ.ടി കേരളം
9846024102