ബൃന്ദ കാരാട്ട് അഥവാ റീത്തയുടെ പരിണാമം

രശ്മി പി

 

2022ഏപ്രിൽ 20ആം തിയ്യതി ചരിത്രത്തിൽ ഇടം നേടിയത് സുപ്രീം കോടതി സ്റ്റേ മാനിക്കാതെ ജഹാംഗീർപുരിപള്ളിയുടെ ഭാഗമുൾപ്പെടെയുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റി മുന്നോട്ട് നീങ്ങുന്ന ബി. ജെ. പി  മുൻസിപ്പൽ കൗൺസിലിന്റെ ബുൾഡോസറുകൾ ഒരു കൈ കൊണ്ട് തടഞ്ഞുവെയ്ക്കുന്ന ഒരു സമരവനിതയുടെ ധീരതയും ആർജ്ജവവും കണ്ടിട്ടാണ് .  നിർത്തിവെക്കണമെന്ന് ഉത്തരവുണ്ടായിട്ടും പൊളിച്ചുനീക്കൽ തുടർന്നപ്പോഴാണ് ആ ധീരവനിത  തടയാനെത്തിയത്. അവരാണ് സഖാവ് ബൃന്ദ കാരാട്ട് . എന്തിനേയും ഏതിനേയും നേരിടാനുള്ള കരുത്തുറ്റ മനസ്സോടെ രാഷ്ട്രീയത്തിലേക്കും അതിലുപരി തൊഴിലാളികളുടെ ഇടയിലേക്കും ഇറങ്ങി പുറപ്പെട്ട ചുരുക്കം സ്ത്രീകളിലൊരാൾ.

1947 ൽ കൽക്കട്ടയിൽ ജനിച്ച ബൃന്ദ 1970കളിൽ ജോലിക്കായി ലണ്ടനിൽ എത്തിയെങ്കിലും  ഇടതുപക്ഷ ആശയങ്ങളിൽ ആകൃഷ്ടയായി സ്വമനസ്സാലെ തൊഴിലും മറ്റു സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്താനായി തീരുമാനിക്കുന്നു. കൊൽക്കത്തയുടെ തെരുവുകളിൽ സാധാരണക്കാരിൽ സാധാരണക്കാരിയായി, തൊഴിലാളികളിൽ ഒരാളായി അവർ പ്രവർത്തിച്ചു. അടിയന്തരാവസ്ഥ കാലത്ത് താൻ കണ്ട ഇന്ത്യയും മറ്റനുഭവങ്ങളും ചേർത്ത് ‘റീത്തയുടെ പാഠങ്ങൾ’ എന്ന ഓർമ്മക്കുറിപ്പിലൂടെ ലോകജനതയ്ക്ക് മുന്നിൽ തന്റെ അനുഭവങ്ങൾ കാഴ്ചവയ്ക്കുകയാണ് ബൃന്ദ കാരാട്ട്.

അടിയന്തരാവസ്ഥയെ തുടർന്ന് ഒളിവിൽ താമസിക്കേണ്ടി വന്നപ്പോഴാണ് ബൃന്ദ എന്ന പേരിൽനിന്ന് ‘റീത്ത’യിലേക്ക് അവർ പരിവർത്തനം ചെയ്തത്. അടിയന്തരാവസ്ഥാ ഘട്ടത്തിൽ ഏകദേശം പത്തു വർഷത്തേക്ക് അവർ റീത്തയായി മാറി.1975 മുതൽ 1985 വരെയുള്ള ഓർമ്മകളാണ് ‘റീത്തയുടെ പാഠങ്ങളിലൂ’ടെ പകർന്നു തരുന്നത്. ആർ.പാർവതി ദേവിയാണ് ലോക മലയാളികൾക്കായി  പുസ്തകം പരിഭാഷപ്പെടുത്തിയത്.

ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ നിന്നും ഏറെ ഭിന്നവും കലുഷിതവുമായ കാലഘട്ടത്തിലാണ് റീത്തയുടെ രാഷ്ട്രീയപ്രവേശനം നടക്കുന്നത്. ഏതൊരു കാര്യത്തിലും ഉറച്ച തീരുമാനമെടുക്കാൻ മടിയില്ല എന്നത് സ്വന്തം തൊഴിലിടത്തിൽ തന്നെ തെളിയിച്ചാണ് അവർ തൊഴിലാളിപ്രസ്ഥാനത്തിലേക്ക് ഇറങ്ങിയത്. 1970ൽ എയർ ഇന്ത്യയുടെ ലണ്ടനിലെ ജോലി ഉപേക്ഷിക്കുന്നതിന് മുമ്പ് തന്നെ തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയിരുന്നു ബൃന്ദ കാരാട്ട്. ഇഷ്ടവസ്ത്രവും, ഇന്ത്യൻവസ്ത്രവുമായ സാരി എയർഇന്ത്യയുടെ തനതായ യൂണിഫോം ആയിരുന്നിട്ട് കൂടി അത് ധരിക്കാൻ പാടില്ലെന്ന് വിലക്കിയ മേലുദ്യോഗസ്ഥൻമാരോട് ശാഠ്യം പിടിച്ച് അവകാശങ്ങൾക്കായി പോരാടിയ അനുഭവമാണ് ‘റീത്തയുടെ പാഠങ്ങളിൽ ‘ ബൃന്ദ കാരാട്ട് ആദ്യമായി പങ്കുവയ്ക്കുന്നത്. തൊട്ടുപിന്നാലെ വിയറ്റ്നാം യുദ്ധത്തിനെതിരായ പ്രകടനങ്ങളിലും പ്രതിഷേധങ്ങളിലും ജോലിയിൽനിന്ന് അവധിയെടുത്ത് ബൃന്ദ പങ്കെടുത്തു. വിയറ്റ്നാം യുദ്ധത്തോടെയാണ് മാർക്സിസത്തെ കുറിച്ചും പ്രത്യയശാസ്ത്രങ്ങളെ കുറിച്ചും കൂടുതൽ പഠിക്കാനുള്ള ത്വര ബൃന്ദയിൽ ഉരുത്തിരിഞ്ഞതെന്ന് പറയാം.

ഒരു ഉപരിവർഗ്ഗത്തിലെ പെൺകുട്ടി പാർട്ടിയിൽ അംഗമാകാൻ ആഗ്രഹിക്കുന്നു എന്നത് പാർട്ടിവൃത്തങ്ങൾ വിചിത്രമായാണ് കണ്ടത്. ഉന്നത കുടുംബബന്ധങ്ങൾ ബൂർഷ്വാരാഷ്ട്രീയപാർട്ടിയുടെ വാതിൽ മലർക്കെ തുറന്നിടുമ്പോൾ സിപിഐ എമ്മി  ൽ ചേരാനുള്ള ഏറ്റവും വലിയ പോരായ്മയായത് ബൃന്ദയുടെ കുടുംബ പശ്ചാത്തലമായിരുന്നു. 1971 ൽ സ്റ്റുഡന്റ് ബ്രാഞ്ചിൽ നിന്നുള്ള ശുപാർശയോടെയാണ് ബൃന്ദ പാർട്ടിയിൽ അംഗത്വം നേടുന്നത്.ചരിത്രത്തിലെ പ്രക്ഷുബ്ധമായ കാലഘട്ടത്തിൽ പശ്ചിമബംഗാളിൽ തന്നെ അംഗത്വം നേടിയത് ഏറ്റവും അഭിമാനിക്കുന്ന മുഹൂർത്തമായി ബൃന്ദ കണക്കാക്കുന്നു.

അടിയന്തരാവസ്ഥക്കാലത്ത്  തന്നെയായിരുന്നു അപരനാമങ്ങളിൽ ജീവിച്ചിരുന്ന റീത്ത എന്ന ബൃന്ദയും സുധീർ എന്ന പ്രകാശും ( പ്രകാശ് കാരാട്ട് ) വിവാഹിതരാകുന്നത് .പാർട്ടിക്കുവേണ്ടി ജീവനും ജീവിതവും ഉഴിഞ്ഞുവെക്കാനായി കുട്ടികളെ വേണ്ടെന്ന തീരുമാനവും അവർ ഒരുമിച്ചെടുത്തു .റീത്തയായിരുന്ന ജീവിതത്തിലാണ് ഏറ്റവും കൂടുതൽ പാഠങ്ങൾ പഠിച്ച ഘട്ടമായി ബൃന്ദ കണക്കാക്കുന്നത്.മിൽ ഗേറ്റിൽ നടന്ന തൊഴിലാളിസമരത്തിലാണ് അക്കാലഘട്ടത്തിലെ തൊഴിലാളിസ്ത്രീകളോടൊപ്പം പ്രവർത്തിക്കാനും ഡൽഹിയിൽ വനിതാസംഘടന രൂപീകരിക്കുന്ന ടീമിന്റെ ഭാഗമായി പ്രവർത്തിക്കാനും, അതോടൊപ്പം പോരാട്ടം,ഐക്യദാർഢ്യം, സാഹോദര്യം, ധീരത എന്നിവയിൽ നിന്നും ദൃഢബന്ധങ്ങൾ വളർന്നു വരുന്നതെങ്ങെനെയെന്നുമുള്ള പാഠങ്ങൾ ബൃന്ദ പഠിച്ചെടുക്കുന്നത്. തൊഴിലാളികളുടെ കുടിലുകളിൽ പോയി ഭക്ഷണം കഴിക്കുകയും അവരുടെ സൈക്കിളിന്റെ പിന്നിൽ കയറി യാത്ര ചെയ്യുകയും ചെയ്ത റീത്തയെന്ന ബൃന്ദയുടെ ജീവിതം അത്ഭുതത്തോടെയേ കാണാൻ കഴിയൂ.

ജാതിപ്രത്യയശാസ്ത്രങ്ങളും വർഗ്ഗചിന്തകളും അന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളിലേക്ക് ആഴത്തിൽ കടന്നുകയറിയിരുന്നു. മുൻകാലഘട്ടത്തിൽ ജാതി, വർഗീയചിന്തകൾ ഇല്ലായിരുന്നു എന്നല്ല, മറിച്ച് അതിലും ശക്തമായ പ്രത്യയശാസ്ത്രങ്ങളും സംഘടനകളും നിലവിലുണ്ടായിരുന്നു. പ്രാദേശികമായ കൂട്ടുചേരലും പക്ഷപാതവും ഉണ്ടായിരുന്നെങ്കിലും തൊഴിലാളികൾക്കിടയിൽ പ്രകടമായ ജാതീയത കുറവായിരുന്നു എന്നാണ് ബൃന്ദ കാരാട്ട് പറയുന്നത്. തൊഴിലിടങ്ങളിലും കോളനിയിലും നിശബ്ദമായിരുന്ന ജാതീയത അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്നത് സത്യമാണ്. തൊഴിലാളികളോടൊപ്പം ഒരുമിച്ച് ഭക്ഷണം കഴിക്കാൻ തയ്യാറായവർ തങ്ങളുടെ കുടുംബത്തിലേക്ക് മറ്റു ജാതിയിൽ നിന്നുള്ള വിവാഹത്തെപ്പറ്റി ചിന്തിക്കുന്നതിൽ തന്നെ അസ്വസ്ഥരായി.

തൊഴിലാളികളോടൊപ്പം നിന്നുകൊണ്ട് അവരുടെ സകല ബുദ്ധിമുട്ടും അറിയാൻ കഴിഞ്ഞു എന്നതാണ് ബൃന്ദയുടെ വിജയം. സമരസമയത്ത് പ്രത്യേകിച്ച് പണിമുടക്ക് നടക്കുന്ന ഘട്ടങ്ങളിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ തൊഴിലാളികളുടെ അഭിപ്രായം കണക്കാക്കേണ്ട അനിവാര്യത മനസ്സിലാക്കാൻ എല്ലാ നേതാക്കന്മാർക്കും കഴിയില്ല. പണിമുടക്ക് നടക്കുമ്പോൾ അവരുടെ വീട്ടിൽ പണിമുടക്കുന്ന അടുക്കളകളെ കുറിച്ച് ചിന്തിക്കാൻ തൊഴിലാളികളുമായി അടുത്തിടപഴകുന്ന നേതാവിന് മാത്രമേ സാധിക്കൂ.

1976 ഡൽഹിയുടെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സഞ്ജയ് ഗാന്ധി കോളനികൾ നീക്കം ചെയ്യുന്ന ( പൊളിച്ചു മാറ്റുന്ന ) പദ്ധതിക്ക് രൂപം കൊടുത്തു.കോളനിയിലെ താമസക്കാർ നഗരത്തിന്റെ അപരിഷ്കൃത അരികുകളിലേക്ക് വലിച്ചെറിയപ്പെട്ടു. സഞ്ജയ് ഗാന്ധിയുടെ ആക്രമാസക്തമായ സൗന്ദര്യവൽക്കരണ പരിപാടിയായാണ് ബൃന്ദ കാരാട്ട് ഇതിനെ വിശേഷിപ്പിക്കുന്നത്.

അടിയന്തരാവസ്ഥകാലത്തു തന്നെയാണ് കുടുംബത്തിലെ സ്ത്രീകളുടെ ദയനീയാവസ്ഥയ്ക്ക് മാറ്റമെന്നോണം സ്ത്രീകളുടെ ജോലി എന്നത് ചർച്ചാവിഷയമാകുന്നത് .  ഗാർഹിക പീഡനങ്ങളിൽ നിന്നും മോചനം നേടാൻ ഒരു പരിധി വരെ സ്ത്രീകളുടെ ജോലി അവരെ സഹായിച്ചു. സഞ്ജയ് ഗാന്ധി വിഭാവനം ചെയ്തത് പ്രകാരം തൊഴിലാളിവർഗ്ഗത്തിനും പാവപ്പെട്ടവർക്കുമുള്ള നിർബന്ധിത വന്ധ്യംകരണത്തിന്റെ സമയം കൂടിയായിരുന്നു അടിയന്തരാവസ്‌ഥ . നിരവധി സർക്കാർ ആനുകൂല്യങ്ങളുടെ ലഭ്യത വന്ധ്യംകരണ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതുമായി ബന്ധപ്പെടുത്തി. സ്ത്രീകളാകട്ടെ തങ്ങളുടെ ഭർത്താക്കന്മാരെ വന്ധ്യംകരണത്തിന് വിധേയരാക്കുന്നതിൽ നിന്നും രക്ഷപ്പെടുത്താൻ സ്വയം വന്ധ്യം കരണം ചെയ്യാൻ തയ്യാറായി. നിർബന്ധിത വന്ധ്യംകരണം സ്ത്രീകൾക്കിടയിൽ സജീവചർച്ചാവിഷയമാവുകയും ജനങ്ങൾക്ക് ഗവൺമെന്റിനോടുള്ള മതിപ്പില്ലാതാവുകയും ചെയ്തു(ഇന്ദിരാ ഗാന്ധി ഗവണ്മെന്റ് ). മിൽ തൊഴിലാളികൾ ഗേറ്റിനു പുറത്ത് യോഗം ചേരുകയും സംഘടന രൂപീകരിക്കുകയും ചെയ്തു.
വർഗ്ഗശക്തികൾക്കെതിരെ ആഞ്ഞടിക്കാൻ ഏത് അടിയന്തരാവസ്ഥയെയും പരാജയപ്പെടുത്താൻ ജനങ്ങളുടെ പങ്കാളിത്തം മാത്രം മതിയെന്ന് കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് ധൈര്യം നൽകിയ സംഭവം കൂടിയായിരുന്നു അത്.

ജനാധിപത്യ അവകാശങ്ങളും പൗരാവകാശങ്ങളുടേയും പുനസ്ഥാപനമായിരുന്നു അടിയന്തരാവസ്ഥക്ക് ശേഷമുള്ള മൂർത്തമായ വിജയം. എന്നിരുന്നാലും പുതിയ സർക്കാരിന്റെ സാമ്പത്തിക തൊഴിൽനയങ്ങളിൽ തൊഴിലാളികൾക്ക് ഒരു മാറ്റവും കാണാൻ കഴിഞ്ഞില്ല. ജോലിക്ക് അനുസൃതമായി കൂലി ലഭിക്കാത്തതും പിരിച്ചുവിട്ടാൽ നിയമപരമായി ആരും ചോദിക്കാനില്ലാത്ത അവസ്ഥയും തുടർന്നുകൊണ്ടേയിരുന്നു. മുതലാളിത്ത സമൂഹത്തിലെ ജനാധിപത്യത്തെ കുറിച്ചുള്ള ബൂർഷ്വാ സങ്കല്പം തൊഴിലാളികളുടെ അവകാശങ്ങളിലേക്ക് വ്യാപിക്കുന്നില്ല. സർക്കാരുടെ തൊഴിൽ നയത്തിൽ സമൂലമായ മാറ്റം കൊണ്ടുവരുന്നതിനായി ഇനിയും പോരാടേണ്ടതുണ്ട് എന്ന് ബൃന്ദ കാരാട്ട് അണികളോട് ആഹ്വാനം ചെയ്യുന്നു.

മുതലാളിമാരും ഭരണവർഗപാർട്ടികളും തൊഴിലാളികളുടെ ഐക്യം തകർക്കുന്നതിന് പല വൃത്തികെട്ട തന്ത്രങ്ങളും പ്രയോഗിക്കുന്നു എന്ന പാഠം ബൃന്ദ കാരാട്ട് മനസ്സിലാക്കുന്നുണ്ട്. അവർ ഒരേസമയം അക്രമവും ബലപ്രയോഗവും നടത്തുകയും പണംകൊണ്ട് വശീകരിക്കുകയും ചെയ്യുന്നു.ജാതി,മതം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിൽ തൊഴിലാളികളെ വിഭജിക്കുകയും ഫാക്ടറി മുതലാളിമാർ ഏത് തന്ത്രം ഉപയോഗിച്ചും സമരങ്ങൾ തകർക്കുകയും സമരോത്സുകരായ യൂണിയനുകളെ ദുർബലപ്പെടുത്തുകയും ചെയ്യും. ഇത്തരം വൃത്തികെട്ട കളികളുടെ വകുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ശാന്തത കൈവരിക്കേണ്ടത് അത്യാവശ്യമാണെന്നും  ബൃന്ദ കാരാട്ട് ഓർമ്മിപ്പിക്കുന്നു.

1979 ൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ ആദ്യ കൺവെൻഷൻ സംഘടിപ്പിക്കാനുള്ള ചുമതലയും ബൃന്ദ കാരാട്ട് നിർവഹിച്ചു. സ്ത്രീകൾക്കെതിരെയുള്ള മാനസിക ,ശാരീരിക ആക്രമണങ്ങൾ , ലൈംഗികചുവയുള്ള പരാമർശങ്ങൾ എന്നിവക്കെതിരെയും  തൊഴിലിടങ്ങളിൽ സ്ത്രീകൾക്കു സംരക്ഷണം,  കുഞ്ഞുങ്ങൾക്ക് അമ്മമാരുടെ തൊഴിലിടങ്ങളിൽ  സുരക്ഷിതമായ ഇടം,  സ്ത്രീകൾക്ക്  ശുചിമുറി തുടങ്ങി നിരവധി ആവശ്യങ്ങൾ മുതലാളിമാർക്ക് മുന്നിൽ സമർപ്പിക്കുവാനും അവർക്ക് കഴിഞ്ഞു.

1960ന്റെ അവസാനത്തോടെ ലോകമാകെ കലുഷിതാന്തരീക്ഷമായിരുന്നു. സാമ്രാജ്യ ശക്തിയുടെ ആക്രമണത്തെ ചെറുത്തുനിൽക്കുന്ന വിയറ്റ്നാം  പോലുള്ള ചെറു രാജ്യങ്ങൾ ലോകത്താകയുള്ള യുവാക്കളെ ആവേശഭരിതരാക്കി. ഐതിഹാസികമായ ആ ചെറുത്തുനിൽപ്പ് ചരിത്രത്തിന്റെ ഭാഗമാവുകയും അതിന്റെ പിന്നിലെ മാർക്സിയൻ ആശയത്തിലും പ്രത്യയശാസ്ത്രത്തിലും ആകൃഷ്ടരായ നിരവധി യുവാക്കൾ വിപ്ലവപ്രസ്ഥാനത്തിന്റെ ഭാഗമാകാൻ തീരുമാനിക്കുകയും ചെയ്തു.
‘ റീത്തയുടെ പാഠങ്ങൾ’ സമരങ്ങളുടെ ചരിത്രത്തോടൊപ്പം
ബൃന്ദ കാരാട്ട് എന്ന സമരവനിതയുടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ നാൾവഴികൾ കൂടി ഓർമിപ്പിക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഭരണഭീകരതകൾ മുഴുവൻ സഹിച്ച് മൗനമായി ഇരിക്കാൻ തൊഴിലാളികൾക്ക് കഴിഞ്ഞിരുന്നില്ല.കാരണം ദുരിത പൂർണമായ അവരുടെ ജീവിതത്തെ സാക്ഷിനിർത്തിക്കൊണ്ടാണ് അവർ ചെറുത്തുനിൽക്കാനും പോരാടാനും ഇറങ്ങിയത്. തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചതുകൊണ്ട് അവർക്കിടയിൽ നല്ലൊരു ആത്മ ബന്ധം സ്ഥാപിച്ചെടുക്കാൻ ബൃന്ദക്ക് കഴിഞ്ഞു.

സിപിഐഎം  ബ്രാഞ്ച് അംഗമായും ലോക്കൽകമ്മിറ്റി അംഗമായും തുടക്കം കുറിച്ച അനുഭവങ്ങൾ ‘റീത്തയുടെ പാഠങ്ങളി’ലൂടെ ബൃന്ദ പങ്കുവയ്ക്കുന്നു. ലോക്കൽ കമ്മിറ്റി അംഗത്തിൽ നിന്ന് സംസ്ഥാന കമ്മിറ്റി അംഗമായും മഹിളാ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്കും ബൃന്ദ ഉയരുന്നിടത്താണ് ‘റീത്തയുടെ പാഠങ്ങൾ ‘അവസാനിക്കുന്നത്.

 

 

Hot this week

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

Topics

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

ഡി വെങ്കിടേശ്വര റാവു

1917 ജൂൺ ഒന്നിന്‌ ആന്ധ്രപ്രദേശിലെ വാറംഗൽ ജില്ലയിലെ ഇംഗുർത്തി ഗ്രാമത്തിലാണ്‌ ദേവുലപ്പള്ളി...

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി
spot_img

Related Articles

Popular Categories

spot_imgspot_img