ഫാസിസവും നവഫാസിസവും 3

കെ എ വേണുഗോപാലൻ

 

കെ എ വേണുഗോപാലൻ

ഫാസിസത്തെ കുറിച്ച് പഠിക്കാനാരംഭിക്കുമ്പോൾ നിരന്തരമായി ആവർത്തിക്കപ്പെടുന്ന ഒരു സങ്കല്പനമാണ് മധ്യവർഗം അല്ലെങ്കിൽ പെറ്റി ബൂർഷ്വാസി എന്നത്. ഈ വർഗം തൊഴിലാളി വർഗത്തോടൊപ്പമോ മുതലാളിവർഗത്തോടൊപ്പമോ എന്ന കാര്യം മാർക്‌സിന്റെ കാലം മുതൽ ചർച്ചാവിഷയമായിട്ടുള്ള ഒന്നാണ്. തൊഴിലാളിവർഗ്ഗത്തിനും മുതലാളിവർഗ്ഗത്തിനും ഇടയിൽ സമൂഹത്തിൽ നിരവധി അടരുകൾ നിലവിലുണ്ട്. ചെറുകിട കച്ചവടക്കാർ,ചെറുകിട ഇടത്തരം കർഷകർ, കൈവേലക്കാർ,സ്വയംതൊഴിൽ ചെയ്യുന്നവർ, വാടകക്ക് കൊടുക്കുന്ന ചെറുകിടക്കാർ, പ്രൊഫഷണലുകൾ, ടെക്‌നിക്കൽ – മാനേജീരിയൽ -കൊമേഴ്‌സിയൽ തൊഴിലാളികൾ തുടങ്ങിയവരൊക്കെ ഈ വിഭാഗത്തിൽ പെടുന്നവരാണ്. ഈ വിഭാഗങ്ങളുടെ സാമ്പത്തിക രാഷ്ട്രീയസ്ഥിതിഗതികളെ കുറിച്ചും പ്രവണതകളെ കുറിച്ചുമൊക്കെ പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ മാർക്‌സ് വളരെ വ്യക്തമായ നിലപാടുകൾ എടുത്തിട്ടുണ്ട്. ഈ മധ്യവിഭാഗങ്ങൾ മുതലാളിത്ത വികസനത്തിന്റെ ഭാഗമായി വർധിതമായ തോതിൽ താഴെത്തട്ടിലേക്ക് വീഴുകയും തന്മൂലം തൊഴിലാളിവർഗ്ഗത്തിന്റെയൊ അർദ്ധതൊഴിലാളിവർഗ്ഗത്തിന്റെയോ ഭാഗമായി തീർന്നു കൊണ്ടിരിക്കുകയുമാണ്. ഇവരുടെ ചാഞ്ചാട്ടസ്വഭാവത്തെ സംബന്ധിച്ച്, അല്ലെങ്കിൽ അസ്ഥിരമായ രാഷ്ട്രീയപങ്കാളിത്തത്തെ കുറിച്ച് മാർക്‌സ് വ്യക്തമാക്കുന്നുണ്ട്.

ചില കാര്യങ്ങളിൽ ഇവർ മുതലാളിവർഗ്ഗത്തിന്റെയും ചില കാര്യങ്ങളിൽ തൊഴിലാളിവർഗ്ഗത്തിന്റെയും ഒപ്പം നിൽക്കാൻ തയ്യാറാവുന്നു. ബൂർഷ്വാവിഭാഗത്തിന്റെ ഭാഗമായി നിന്നിരുന്നതുകൊണ്ട് ലഭ്യമായ മുൻധാരണകൾ, പാരമ്പര്യങ്ങൾ, വ്യാമോഹങ്ങൾ എന്നിവ നിലനിർത്തിക്കൊണ്ടുതന്നെ തൊഴിലാളി വർഗവൽക്കരണത്തിന്റെ ഭാഗമായി അവരോടൊപ്പം നിന്ന് ജോലി ചെയ്യാൻ നിർബന്ധിതരായി തീരുന്നവരാണ് ഇവർ. ഇതൊക്കെ പറഞ്ഞുകൊണ്ട് തന്നെ തൊഴിലാളിവർഗത്തിന് ഇവരിൽ അടിത്തട്ടിൽ കിടക്കുന്ന കർഷക ജനവിഭാഗങ്ങളുമായും നഗരങ്ങളിലെ പെറ്റി ബൂർഷ്വാസിയുമായും അതിന്റെ നേതൃത്വവുമായും അധികാരം പിടിച്ചെടുക്കുന്നതിനുവേണ്ടി സഖ്യം ഉണ്ടാക്കിയെടുക്കാൻ കഴിയണം എന്ന് മാർക്‌സ്  ചൂണ്ടിക്കാണിച്ചിരുന്നു.

എഡ്വേർഡ്  ബേൺസ്റ്റീൻ

സാമ്രാജ്യത്വകാലഘട്ടം ആരംഭിച്ചതോടെ മധ്യവർഗത്തിന്റെ പ്രശ്‌നം എഡ്വേർഡ്  ബേൺസ്റ്റീനും മറ്റു തിരുത്തൽ വാദികളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും വളരെ ശക്തമായി ഉയർത്തിക്കൊണ്ടുവന്നു. മധ്യവർഗ്ഗം കൂടുതൽ കൂടുതലായി തൊഴിലാളിവർഗ്ഗവൽക്കരിക്കപ്പെടുന്നു എന്ന മാർക്‌സിന്റെ കാഴ്ചപ്പാടിനെ ഇവർ വെല്ലുവിളിച്ചു. ഇതിന്റെ ഭാഗമായി മുതലാളിത്തവും തൊഴിലാളി വർഗ്ഗവും തമ്മിലുള്ള പോരാട്ടത്തിന്റെ മൂർച്ച വർദ്ധിക്കുന്നു എന്നും സമ്മതിക്കാൻ അവർ തയ്യാറായില്ല. പകരം അവർ പറഞ്ഞത് മധ്യവർഗത്തിന്റെ വരുമാനവും സമ്പത്തും വർദ്ധിച്ചു കൊണ്ടിരിക്കുന്നു എന്നും അവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നു എന്നുമാണ്. ഇതിന്റെ പേരിൽ അവർ മാർക്‌സിന്റെ വിപ്ലവകരമായ പാഠങ്ങളെ തള്ളിക്കളയുകയും അതിന് പകരം വർഗ്ഗങ്ങൾ തമ്മിലുള്ള സഹകരണത്തിനും മൂലധനത്തിന്റെ ജനാധിപത്യവൽക്കരണത്തിനും വേണ്ടി വാദിക്കുകയും മുതലാളിത്തത്തിന്റെ സമാധാനപരമായ പരിവർത്തനത്തിലൂടെ സോഷ്യലിസത്തിലേക്ക് സമാധാനപരമായി മുന്നേറാനാവും എന്ന് വാദിക്കുകയും ചെയ്തു. ഇതിനുള്ള  ഉപകരണങ്ങൾ ആയി മൂലധനത്തിന്റെ പുനഃസംഘാടനം, സാമൂഹികമായ പരിഷ്‌കാരങ്ങൾ, ഭരണകൂടഇടപെടൽ എന്നിവയെ മുന്നോട്ടു വെക്കുകയും ചെയ്തു.

തിരുത്തൽവാദികൾ യഥാർത്ഥത്തിൽ ആരെയാണ് പ്രതിനിധീകരിച്ചിരുന്നത് എന്നത് ഇപ്പോൾ കൂടുതൽ വ്യക്തമായിട്ടുണ്ട്. മുതലാളിത്തത്തിന് കീഴിൽ ശമ്പളം പറ്റുന്ന ജീവനക്കാരായി പ്രവർത്തിക്കുന്ന ‘പുതിയ മധ്യവർഗ്ഗ’ത്തിന്റെ വളർച്ചയെയാണ് അവർ ചൂണ്ടിക്കാണിച്ചിരുന്നത്. വാസ്തവത്തിൽ മാർക്‌സ് പ്രവചിച്ച പ്രക്രിയ കൂടുതൽ യാഥാർത്ഥ്യവൽക്കരിക്കപ്പെടുന്ന സ്ഥിതിയാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ ഉണ്ടായത്. മൂലധനത്തിന്റെ കേന്ദ്രീകരണം വൻതോതിൽ മുന്നോട്ടുപോയി. ചെറുകിട മൂലധന ശക്തികളെ വൻകിട മൂലധനം വിഴുങ്ങി. മുമ്പത്തെ ചെറുകിട സ്വത്തുടമസ്ഥരും സ്വതന്ത്രതൊഴിലാളികളും ഒക്കെ  മാർക്‌സ് ചൂണ്ടിക്കാണിച്ചത് പോലെ മേൽനോട്ടക്കാരും കീഴാളരുമായി ചുരുങ്ങി. ഇങ്ങനെയാണ് ഒരു പുതിയ മധ്യവർഗ്ഗം മുൻപന്തിയിലേക്ക് വന്നത്. അതോടൊപ്പം തന്നെ പഴയ സ്വതന്ത്രചെറുകിട സ്വത്തുടമസ്ഥർ പടിപടിയായി അന്തർദ്ധാനം ചെയ്യുകയും ചെയ്തു. ഈ പുതിയ മധ്യവർഗ്ഗത്തിലും പഴയ മധ്യവർഗ്ഗത്തിന്റെ സ്വഭാവങ്ങൾ തന്നെയാണ് പ്രതിഫലിച്ചിരുന്നത്. അവർക്ക് തൊഴിലാളിവർഗ്ഗത്തോടും മുതലാളിവർഗ്ഗത്തോടും ചാഞ്ചാട്ടത്തോടുകൂടിയ സമീപനം തന്നെയാണ് ഉണ്ടായിരുന്നത്. ഫലത്തിൽ സ്വതന്ത്രമായ ഒരു വർഗ്ഗമായി നിന്നുകൊണ്ട് വർഗ്ഗസമരത്തിനും അതിലെ വർഗ്ഗങ്ങൾക്കും ഉപരിയായ ഒരു സ്ഥാനത്ത് തങ്ങൾക്ക് നിലകൊള്ളാനാവും എന്നാണ് അവർ കരുതിയത്. എന്നാൽ അവർക്ക് വൻകിടമൂലധനത്തെ ആശ്രയിച്ചല്ലാതെ തൊഴിലെടുക്കാനാവില്ല എന്ന സ്ഥിതി ഉണ്ടായിരുന്നു. മാത്രമല്ല സ്വന്തമായ സമ്പത്ത് ഉള്ളവരുടെ എണ്ണം പടിപടിയായി കുറഞ്ഞു വരികയുമായിരുന്നു.ചുരുക്കിപ്പറഞ്ഞാൽ ഈ പുതിയ മധ്യവർഗത്തിന്റെ രൂപീകരണം വാസ്തവത്തിൽ തൊഴിലാളി വർഗ്ഗവൽക്കരണത്തിന്റെ ഒരു ഘട്ടം തന്നെയായിരുന്നു. സ്വത്തുടമസ്ഥതയിൽ നിന്ന് വലിയൊരു വിഭാഗം ജനങ്ങൾ പടിപടിയായി ഒഴിവാക്കപ്പെടുന്ന സ്ഥിതിയാണ് അന്നുണ്ടായിരുന്നത്. ഈ വിഭാഗത്തിലെ താഴെത്തട്ടിൽ ഉള്ളവർ തൊഴിലാളി വർഗ്ഗ പ്രസ്ഥാനവുമായി കൂടുതൽ ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആരംഭിച്ചു. പുതിയ മധ്യവർഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന തൊഴിലാളികളും ട്രേഡ് യൂണിയനുകൾ ഉണ്ടാക്കാൻ തുടങ്ങി.അവരാണ് സോഷ്യൽ ഡെമോക്രസിയിലേക്ക് ആകർഷിക്കപ്പെട്ടത്. ഇവരുടെ കാഴ്ചപ്പാടാണ് ഇംഗ്ലണ്ടിൽ ഫാബിയൻ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിനും സ്വതന്ത്രലേബർപാർട്ടിക്കും രൂപം കൊടുത്തത്.

പഴയ മധ്യവർഗത്തിനെ കൂടുതൽ കൂടുതൽ ഇല്ലാതാക്കിക്കൊണ്ട് പുതിയ മധ്യവർഗം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഈ വളർച്ച അവരുടെ തൊഴിലാളിവർഗവത്ക്കരണത്തിന്റെ ഒരു ഘട്ടം മാത്രമാണെന്നും തുടർന്നുണ്ടാകുന്ന മുതലാളിത്ത സാമ്പത്തികവളർച്ച പുതിയ മധ്യവർഗ്ഗത്തിന്റെ ഇപ്പോഴുള്ള സ്ഥിതിയെ ദോഷകരമായി ബാധിച്ചു കൊണ്ടിരിക്കുകയാണെന്നും അവർ തൊഴിലാളി വർഗ്ഗവൽക്കരണത്തിന്റേതായ പുതിയൊരു ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും റിവിഷനിസ്റ്റുകളെ അതിവേഗം ബോധ്യപ്പെടുത്താൻ മാർക്‌സിസ്റ്റുകാർക്ക് കഴിഞ്ഞു. തൊഴിൽവിപണിയിൽ ഉണ്ടാവുന്ന അമിതമായ തള്ളിക്കയറ്റം, സർവ്വകലാശാലകളിലും സാങ്കേതിക സ്ഥാപനങ്ങളിലും തൊഴിൽ സാധ്യതകളെക്കാൾ കൂടുതൽ പേർക്ക് നൽകിവരുന്ന സാങ്കേതിക വിദ്യാപരിശീലനം, പുതിയ ബിസിനസുകളിൽ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണത്തിൽ വരുത്തുന്ന വെട്ടിക്കുറവ് എന്നിവയൊക്കെ ആധുനിക മധ്യവർഗത്തിന്റെ ഇടയിൽ ഉള്ള പ്രതിസന്ധി രൂക്ഷമാക്കി കൊണ്ടിരിക്കുകയാണ്.

ഇങ്ങനെ പുതിയതും പഴയതുമായ മധ്യവർഗ്ഗത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധി യുദ്ധാനന്തരകാലത്ത് വൻതോതിൽ മുന്നോട്ടു പോയി. ധനമൂലധന ശക്തികളുടെ പ്രവർത്തനം  അതായത് നാണയപ്പെരുപ്പം, കറൻസി വിനിമയരംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന തട്ടിപ്പുകൾ, ഓഹരി വിപണിയിലെ ജാലവിദ്യകൾ, കുത്തകകളുടെ വിലനിയന്ത്രണം, വൻതോതിലുള്ള നികുതികൾ എന്നിവയൊക്കെ ചെറുകിടനിക്ഷേപങ്ങൾക്ക് മേൽ ദോഷകരമായി ബാധിക്കുകയും മധ്യവർഗ്ഗത്തിന്റെ വരുമാനത്തിൽ വൻതോതിൽ അസ്ഥിരത സൃഷ്ടിക്കുകയും ചെയ്തു. തൊഴിലില്ലായ്മയും തൊഴിൽനഷ്ടവും എല്ലാ മേഖലകളിലും വൻതോതിൽ വളർന്നുവന്നു. ഇതൊക്കെ ദോഷകരമായി ബാധിച്ചത് പുത്തൻ മധ്യവർഗ്ഗത്തെ ആയിരുന്നു.

ധനപരമായ പ്രബന്ധങ്ങൾ എന്ന പുസ്തകത്തിൽ കെയ്ൻസ് ഇങ്ങനെ എഴുതി. ‘ഭൂഖണ്ഡത്തിലാകെ മധ്യവർഗത്തിന്റെ കൈകളിൽ യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിക്ഷേപങ്ങൾ – ബോണ്ടുകളിലെ നിഷേപങ്ങൾ, പണയങ്ങൾ അല്ലെങ്കിൽ ബാങ്ക് നിക്ഷേപങ്ങൾ – എന്നിവയൊക്കെ വൻതോതിൽ അല്ലെങ്കിൽ പൂർണമായി നിർമ്മാർജനം ചെയ്യപ്പെട്ടു.’ജർമ്മനിയിലെ സ്വത്ത് വിലമതിക്കൽ രേഖകൾ വ്യക്തമാക്കിയത് മുപ്പതിനായിരം മുതൽ അമ്പതിനായിരം വരെ മാർക്ക് (ജർമ്മൻ നാണയം) സ്വത്തുണ്ടായിരുന്നവരുടെ എണ്ണം 1913 ൽ അഞ്ച് ലക്ഷമായിരുന്നത് 1925 ൽ രണ്ടു ലക്ഷത്തി പതിനാറായിരമായി കുറഞ്ഞു എന്നും അമ്പതിനായിരം മുതൽ ഒരു ലക്ഷം വരെ ആസ്തിയുണ്ടായിരുന്നവരുടെ എണ്ണം 1913 ൽ നാല് ലക്ഷം ആയിരുന്നത് 1925 ൽ ഒരു ലക്ഷത്തിമുപ്പ ത്തിയാറായിരമായി കുറഞ്ഞു എന്നുമാണ്.

നാണയപ്പെരുപ്പം ഉണ്ടായ ഈ കാലത്ത് നിക്ഷേപങ്ങൾ ആകെ നിർമ്മാർജ്ജനം ചെയ്യപ്പെട്ടെങ്കിലും സമ്പദ്വ്യവസ്ഥയ്ക്ക്  സ്ഥിരതയുണ്ടായതിനെ തുടർന്ന് മധ്യവർഗ്ഗം വീണ്ടും പ്രതീക്ഷയോടെ നിക്ഷേപിക്കാൻ ആരംഭിച്ചു. സാമ്പത്തികപ്രതിസന്ധിക്ക് ശേഷം അവരുടെ നിക്ഷേപങ്ങളിൽ വലിയ വർദ്ധനവ് ഉണ്ടായി. എന്നാൽ ആഗോളതലത്തിലുള്ള നാണയപ്പരുപ്പത്തിന്റെ പുതിയ തരംഗം വന്നതോടെ അതും തകർന്നു. ബ്രിട്ടനിൽ ചെറുകിടനിക്ഷേപത്തിൽ യുദ്ധാനന്തരകാലത്ത് ഉണ്ടായ തകർച്ച ലോക സാമ്പത്തികപ്രതിസന്ധിയിൽ ഉണ്ടായതിനേക്കാൾ രൂക്ഷമായിരുന്നു. പോസ്റ്റ് ഓഫീസ് നിക്ഷേപത്തിൽ, ട്രസ്റ്റീസ് സേവിങ്ങ്‌സ് ബാങ്കുകളിൽ, നാഷണൽ സേവിങ്ങ്‌സിൽ ഒക്കെ ഈ പ്രവണത വൻതോതിൽ പ്രകടമായതായി അന്ന് ഇക്കണോമിസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. (1929 ഫെബ്രുവരി 23ലെ ഇക്കണോമിസ്റ്റ്)

അങ്ങനെ നോക്കുമ്പോൾ ചെറിയ ഇടത്തരം വർഗത്തിന്റെ ദാരിദ്ര്യവൽക്കരണവും കുത്തക മൂലധന ശക്തികളുടെ വൻതോതിൽ ഉള്ള വളർച്ചയും യുദ്ധാനന്തര കാലഘട്ടത്തിലെ ഒരു സവിശേഷതയായിരുന്നു. അതിലുപരി തൊഴിൽരംഗത്ത് തൊഴിൽ രഹിതരും തൊഴിലാളികളും തമ്മിലുള്ള ശക്തമായ മത്സരവും ഈ കാലഘട്ടത്തിൽ ഉയർന്നു. ലോകസാമ്പത്തികപ്രതിസന്ധി ഈ സ്ഥിതിഗതികൾ രൂക്ഷമാക്കി.

1931-32 കാലത്ത് ജർമ്മനിയിലെ സാങ്കേതികവിദ്യാപഠന കോളേജുകളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നും ഗ്രാജുവേഷൻ പൂർത്തിയാക്കി പുറത്തിറങ്ങിയത് 8000 വിദ്യാർത്ഥികൾ ആയിരുന്നുവെങ്കിൽ അതിൽ ജോലി കണ്ടെത്താൻ കഴിഞ്ഞത് വെറും ആയിരം പേർക്ക് മാത്രമായിരുന്നു. റഷ്യയിലെ വിദ്യാഭ്യാസമന്ത്രി പുറത്തിറക്കിയ പ്രസ്താവന പ്രകാരം 1931-32 കാലത്ത് അധ്യാപകപരിശീലനം പൂർത്തിയാക്കി ഇറങ്ങിയവർ 22000 പേരായിരുന്നുവെങ്കിൽ അതിൽ 990 പേർക്ക് മാത്രമാണ് ജോലി കണ്ടെത്താനായത്.അക്കാലത്ത് എൻജിനീയറിങ് ഗ്രാജ്വേറ്റുകളിൽ അഞ്ചിലൊന്ന് പേർക്ക് മാത്രമാണ് ജോലി ലഭ്യമായത്. 1932ൽ ഒരു പത്രം റിപ്പോർട്ട് ചെയ്തത് 45000 ഗ്രാജ്വേറ്റുകൾ തൊഴിൽരഹിതരായി നടക്കുന്നുണ്ട് എന്നാണ്. പരിഹാരനടപടികൾ സ്വീകരിക്കാനായില്ലെങ്കിൽ 1935-ഓടെ ഇത് ഒരു ലക്ഷം കടക്കും എന്നും വാർത്ത വന്നു.ഇതാണ് നിലവിലുള്ള വ്യവസ്ഥയിൽ നിരാശരായ യുവത്വത്തിന് ഫാസിസത്തോടുള്ള താല്പര്യം വർധിപ്പിച്ചത്.

ദാരിദ്ര്യവൽക്കരിക്കപ്പെട്ടവരും നിരാശാബാധിതരുമായ മധ്യവർഗം മയക്കം വിട്ടുണരുകയും രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. എന്നാൽ ഈ പുതിയ മധ്യവർഗ്ഗത്തിന്റെ രാഷ്ട്രീയ പ്രവർത്തനം ഒരു പുതിയ സ്വഭാവത്തോടുകൂടിയതായിരുന്നു. റിവിഷനിസ്റ്റ് ആയ ബേൺസ്റ്റീൻ സ്വപ്നം കണ്ടത് സാമൂഹ്യഘടനയിലെ സുസ്ഥിരവും ഐക്യപ്പെടുത്തുന്നതുമായ ഒരു ഘടകമാണ് മധ്യവർഗ്ഗം എന്നായിരുന്നു. അവർ ലിബറലിസത്തെയും സാമൂഹിക പരിഷ്‌കാരങ്ങളെയും അനുകൂലിക്കുന്നവരും അതുവഴി വർഗ്ഗ വൈരുദ്ധ്യങ്ങൾ മയപ്പെടുത്തി വർഗ്ഗ സഹകരണത്തിലേക്ക് നയിക്കുന്നവരും ആയിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ പുതിയതായി സൃഷ്ടിക്കപ്പെട്ട മധ്യവർഗ്ഗം അസ്ഥിരവും അക്രമാസക്തവുമായ ഒരു ശക്തിയായാണ് മാറിയത്. പലകാര്യത്തിലും അവർ അറുപിന്തിരിപ്പൻ സ്വഭാവമാണ് പ്രകടിപ്പിച്ചത്. അവർക്ക് കൃത്യമായ ഒരു സാമൂഹികാടിത്തറയോ സാമൂഹികാവബോധമോ ഉണ്ടായിരുന്നില്ല. അടിയന്തര പരിഹാരം നിർദ്ദേശിക്കുന്ന ഏതൊരു കാഴ്ചപ്പാടിനെയും പിന്തുണക്കാനും അവരോടൊപ്പം നിൽക്കാനും അവർ തയ്യാറായി. തൊഴിൽ വാഗ്ദാനം ചെയ്യുന്ന ഏതൊരു പ്രസ്ഥാനത്തെയും അവർ കണ്ണടച്ചു വിശ്വസിച്ചു. ഇതാണ് പിന്നീട് ഫാസിസത്തിനുള്ള ജനപിന്തുണയായി മാറിയത്.

മധ്യവർഗത്തിന് അവരുടെ രാഷ്ട്രീയപ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിന് രണ്ട് മാർഗങ്ങൾ മാത്രമെ അന്ന് ഉണ്ടായിരുന്നുള്ളു. ഒന്നുകിൽ അവർ ധനമൂലധനശക്തികളെ പിന്തുണക്കണം, അല്ലെങ്കിൽ തൊഴിലാളിവർഗത്തിനെ പിന്തുണക്കണം. തങ്ങൾക്ക് സ്വതന്ത്രപദവിയുണ്ട്; തങ്ങൾ മൂന്നാംകക്ഷിയാണ് എന്നൊക്കെയുള്ള മിഥ്യാബോധങ്ങളിൽ തൂങ്ങിക്കിടക്കാനാണ് അവർ ശ്രമിച്ചത്. ലിബറലുകൾ പ്രസിദ്ധീകരിച്ച യെല്ലോ ബുക്ക് വ്യവസായിക രംഗത്തെ മൂന്നാം പാർട്ടിയാണ് സമൂഹത്തെ മുന്നോട്ടു നയിക്കുന്ന ശക്തിയും അതാണ് ഭാവിയും എന്ന് പ്രഖ്യാപിച്ചു. ഉല്പാദനശക്തികളുടെ ഉടമസ്ഥതയാണ് നിർണായകം എന്നതിനാൽ മധ്യവർഗത്തിന് കാര്യമായ ഒരു സ്വാധീനവും ചെലുത്താനായില്ല. ഉൽപാദനോപാധികളുടെ ഉടമസ്ഥരായ ധനമൂലധനശക്തികൾക്ക് ഈ മധ്യവർഗത്തെ അവരുടെ സഹായികളായി ഉപയോഗപ്പെടുത്താനാവും. അതിനുവേണ്ടി അവർക്ക് തൊഴിൽ നൽകാനാവും. അതുവഴി അവരെ ഉപയോഗപ്പെടുത്തി സംഘടിത തൊഴിലാളി വർഗ്ഗത്തിനെ ആക്രമിക്കാനാവും. മറുഭാഗത്ത് തൊഴിലാളി വർഗത്തിന് അവർ ഉത്പാദനോപാധികളുടെ സാമൂഹികവൽക്കരണത്തിനു വേണ്ടി ആണ് നിലകൊള്ളുന്നത് എന്നതിനാൽ പരിശീലനം സിദ്ധിച്ചവരും സാങ്കേതിക രംഗത്ത് നൈപുണി നേടിയവരുമായ മധ്യവർഗത്തിലെ ആളുകളെ വൻതോതിൽ സാമൂഹ്യ നിർമ്മാണത്തിന് ഉപയോഗപ്പെടുത്താനാവും. ഇതുരണ്ടും ആണ് മധ്യവർഗത്തിന് മുമ്പിലുള്ള രണ്ട് ബദലുകൾ. ഇതിൽ ഒന്നാമത്തെ പാത ഫാസിസത്തിലേക്കാണെങ്കിൽ രണ്ടാമത്തെ പാത കമ്മ്യൂണിസത്തിലേക്ക് ആണ്.

അതുകൊണ്ടുതന്നെ മധ്യവർഗ്ഗത്തിലെ ഭൂരിപക്ഷം വരുന്ന താഴെതട്ടിലുളള ജനത തൊഴിലാളിവർഗ്ഗത്തോടൊപ്പം നിൽക്കുകയും കമ്മ്യൂണിസത്തിന്റെ പാത പിന്തുടരുകയും ചെയ്തു. ധനമൂലധനശക്തികൾ ഈ രണ്ടു വിഭാഗത്തെയും ചൂഷണം ചെയ്യുന്നവരും അവരുടെ ശത്രുക്കളും ആയിരുന്നു. എന്നാൽ ഫാസിസത്തിന്റെ പാത അംഗീകരിച്ചു മുന്നോട്ടുപോയ മധ്യവർഗ്ഗത്തെ സംബന്ധിച്ചിടത്തോളം അവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള ഒരു നടപടികളും ധനമൂലധന ശക്തികളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഏതാനും ചില വ്യക്തികൾക്ക് ചില നേട്ടങ്ങൾ ഉണ്ടാക്കാനോ,അവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന അടിമത്തം രൂക്ഷമാക്കാനോ,അടിച്ചമർത്തലും നാശനഷ്ടവും സൃഷ്ടിക്കാനോ ഒഴികെ യാതൊന്നും ധനമൂലധനം കൈകാര്യം ചെയ്യുന്ന ട്രസ്റ്റുകളുടെയോ ബാങ്കുകളുടെയോ ഭാഗത്തു നിന്നും ഉണ്ടായില്ല.

തൊഴിലാളിവർഗപ്രസ്ഥാനം ശക്തമായിരിക്കുകയും ശരിയായ വിപ്ലവപാത പിന്തുടരുകയും വൻകിടമുതലാളിത്തത്തിന്റെ അടിച്ചമർത്തലിനിരയാകുന്ന എല്ലാ ജനവിഭാഗങ്ങളുടെയും രാഷ്ട്രീയനേതാവായി പ്രവർത്തിക്കാൻ കഴിയുകയും ചെയ്യുന്ന ഇടങ്ങളിൽ ഒക്കെ മധ്യവർഗ്ഗത്തിന്റെ താഴെത്തട്ടിൽ ഉള്ള ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾ തൊഴിലാളിവർഗ്ഗത്തിനോടൊപ്പം അണിനിരക്കാൻ തയ്യാറായി. 1919-20 കാലത്തെ  യുദ്ധാനന്തര വിപ്ലവതരംഗ കാലത്ത് ഇതായിരുന്നു പൊതുസ്ഥിതി. ഈ കാലത്ത് ഫാസിസത്തിന് ജനങ്ങളിൽ വലിയ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞില്ല.

എന്നാൽ ചില രാജ്യങ്ങളിൽ തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തിന് അതിന്റെ  വിപ്ലവകരമായ പങ്കിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ വരികയും അവരുടെ നേതൃത്വം പരിഷ്‌കരണവാദത്തിന്റേതായ പാതയിലൂടെ സഞ്ചരിക്കുകയും വൻകിട മൂലധനത്തിന് കീഴടങ്ങുകയും അവരുമായി വർഗ്ഗസഹകരണത്തിന് തയ്യാറാവുകയും ചെയ്ത അവസ്ഥയുണ്ടായി. അത്തരം സ്ഥലങ്ങളിൽ അസംതൃപ്തരായ പെറ്റി ബൂർഷ്വാ വിഭാഗങ്ങളും വർഗപരമായി ചിന്തിക്കാൻ പ്രാപ്തരല്ലാത്ത ചില തൊഴിലാളി വിഭാഗങ്ങളും നേതൃത്വത്തിനുവേണ്ടി മറ്റുള്ളവരെ ആശ്രയിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായി. ഇതിനെ അടിസ്ഥാനപ്പെടുത്തി കൊണ്ട് സ്വന്തം സ്വാധീനം വർദ്ധിപ്പിക്കാൻ ഫാസിസ്റ്റ് ശക്തികൾക്ക് കഴിഞ്ഞു. വൻകിട മൂലധനശക്തികൾക്കെതിരായ ജനപ്രിയ മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തിലും അവരനുഭവിച്ചുവരുന്ന ക്ലേശങ്ങളുടെ അടിസ്ഥാനത്തിലും സംഘടിപ്പിക്കാനും ഈ ജനവിഭാഗങ്ങളെ പ്രായോഗികമായി വൻകിട മൂലധനത്തിന് അനുഗുണമായി ഉപയോഗപ്പെടുത്താനും ഫാസിസ്റ്റ് ശക്തികൾക്ക് കഴിഞ്ഞു.

 

 

Hot this week

മാറുന്ന മലയാള സിനിമയുടെ കാഴ്ച

മലയാള സിനിമയുടെ വിഷ്വൽ നരേറ്റീവിനെ റീഡിസൈൻ ചെയ്‌ത സംവിധായകനാണ്‌ ഖാലിദ്‌ റഹ്‌മാൻ....

ഉരുകുന്ന മഞ്ഞും ഉരുകാത്ത നൊമ്പരങ്ങളും

കൂട്ടുകുടുംബത്തിന്റെയും പരിചിതമായ ഭൂഭാഗങ്ങളുടെയും പരിധിവിട്ട്‌ ഒരു വടക്കേ ഇന്ത്യൻ സുഖവാസകേന്ദ്രത്തിന്റെ പശ്ചാത്തലം...

എൻ ശങ്കരയ്യ: സമരരംഗത്തെ നിറസാന്നിധ്യം

സിപിഐ എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി, അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ...

അടയുന്ന വാതിലുകൾ നൽകുന്ന സൂചനകൾ

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 84 സ്വന്തം രാജ്യത്തെ വ്യവസായത്തെയും തൊഴിലുകളെയും സംരക്ഷിക്കാൻ ഏതെങ്കിലും ഭരണാധികാരി...

കലാപരിണാമം ഗോഥിക്‌ കാലത്തിലൂടെ

യൂറോപ്പിലാകെ കലാസാംസ്‌കാരിക വിദ്യാഭ്യാസമേഖല മന്ദീഭവിച്ചിരുന്നത്‌ 5‐ാം നൂറ്റാണ്ടുകളിലെന്നാണ്‌ ചരിത്രം രേഖപ്പെടുത്തുന്നത്‌. യുദ്ധം,...

Topics

മാറുന്ന മലയാള സിനിമയുടെ കാഴ്ച

മലയാള സിനിമയുടെ വിഷ്വൽ നരേറ്റീവിനെ റീഡിസൈൻ ചെയ്‌ത സംവിധായകനാണ്‌ ഖാലിദ്‌ റഹ്‌മാൻ....

ഉരുകുന്ന മഞ്ഞും ഉരുകാത്ത നൊമ്പരങ്ങളും

കൂട്ടുകുടുംബത്തിന്റെയും പരിചിതമായ ഭൂഭാഗങ്ങളുടെയും പരിധിവിട്ട്‌ ഒരു വടക്കേ ഇന്ത്യൻ സുഖവാസകേന്ദ്രത്തിന്റെ പശ്ചാത്തലം...

എൻ ശങ്കരയ്യ: സമരരംഗത്തെ നിറസാന്നിധ്യം

സിപിഐ എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി, അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ...

അടയുന്ന വാതിലുകൾ നൽകുന്ന സൂചനകൾ

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 84 സ്വന്തം രാജ്യത്തെ വ്യവസായത്തെയും തൊഴിലുകളെയും സംരക്ഷിക്കാൻ ഏതെങ്കിലും ഭരണാധികാരി...

കലാപരിണാമം ഗോഥിക്‌ കാലത്തിലൂടെ

യൂറോപ്പിലാകെ കലാസാംസ്‌കാരിക വിദ്യാഭ്യാസമേഖല മന്ദീഭവിച്ചിരുന്നത്‌ 5‐ാം നൂറ്റാണ്ടുകളിലെന്നാണ്‌ ചരിത്രം രേഖപ്പെടുത്തുന്നത്‌. യുദ്ധം,...

ഫാസിസം: ഉത്ഭവം,വളർച്ച

ഫാസിസവും നവഫാസിസവും -4 കമ്മ്യൂണിസം ഉണ്ടാക്കിയ  അനന്തരഫലങ്ങളിലൊന്നായി ചിലർ ഫാസിസത്തെ വിശേഷിപ്പിക്കാറുണ്ട്. 1933ൽ...
spot_img

Related Articles

Popular Categories

spot_imgspot_img