കെ രമണി: തമിഴ്‌നാട്ടിലെ സമരനായകൻ

മിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും ട്രേഡ്‌ യൂണിയനുകളുടെയും അനിഷേധ്യ നേതാവായിരുന്നു കെ രമണി. സിപിഐ എമ്മിന്റെ സിഐടിയുവിന്റെയും സ്ഥാപകനേതാക്കളിലൊരായ അദ്ദേഹം ജനഹൃദയങ്ങളിൽ ഇടംനേടിയ നേതാവായിരുന്നു. ഹൃദ്യമായ പെരുമാറ്റവും ലളിതമായ ജീവിതവും അങ്ങേയറ്റം ആത്മാർഥതയോടെയുള്ള പ്രവർത്തനങ്ങളും അദ്ദേഹത്തെ ബഹുജനങ്ങളുടെയാകെ പ്രിയങ്കരനാക്കി മാറ്റി. ഒരുതവണ ലോക്‌സഭയിലേക്കും നാലു പ്രാവശ്യം തമിഴ്‌നാട്‌ നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മികച്ച ജനപ്രതിനിധിയായി അംഗീകരിക്കപ്പെട്ടു. നാടിന്റെ വികസനപ്രവർത്തനങ്ങളിൽ അദ്ദേഹം കാണിച്ച താൽപര്യം ഏതൊരു ജനപ്രതിനിധിക്കും മാതൃകയായിരുന്നു.

1916 ജൂലൈ 16ന്‌ ഇന്നത്തെ മലപ്പുറം ജില്ലയിലെ പൊന്നാനിക്കു സമീപം പൊന്നൂക്കരയിൽ കുന്നത്തുവീട്ടിലാണ്‌ രമണി ജനിച്ചത്‌. അച്ഛന്റെ പേര് ശങ്കരൻ. മാതാവ്‌ ലക്ഷ്‌മി. രാവുണ്ണി എന്നായിരുന്നു മാതാപിതാക്കൾ നൽകിയ പേര്‌.

കുട്ടിക്കാലത്തുതന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട രാവുണ്ണി, മൂത്ത സഹോദരിയുടെ സംരക്ഷണയിലാണ്‌ കഴിഞ്ഞത്‌. കടുത്ത ദാരിദ്ര്യത്തിലായിരുന്നു ആ കുടുംബം കഴിഞ്ഞിരുന്നത്‌. അതിനാൽ എട്ടാം ക്ലാസ്‌ കഴിഞ്ഞതോടെ പഠനം അവസാനിപ്പിച്ചു. പതിമൂന്നാം വയസ്സിൽ കോയന്പത്തൂരിൽ ജോലി അന്വേഷിച്ചെത്തിയ രാവുണ്ണി ഹോട്ടൽ തൊഴിലാളിയായി. ഹോട്ടലിൽ തന്നെ പല ജോലികൾ മാറിമാറി ചെയ്‌ത അദ്ദേഹം എൻജിനീയറിങ്‌ വ്യവസായം, തുണിമിൽ എന്നിവിടങ്ങളിലെ തൊഴിലാളിയായി. അന്നേ വ്യവസായനഗരമായിരുന്നല്ലോ കോയന്പത്തൂർ.

1937ൽ 21‐ാം വയസ്സിൽ ഇടതുപക്ഷ ട്രേഡ്‌ യൂണിയന്റെ സജീവ പ്രവർത്തകനായി രാവുണ്ണി മാറി. അതോടൊപ്പം കോൺഗ്രസിന്റെയൂം കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയുടെയും സജീവ പ്രവർത്തകനായി അദ്ദേഹം മാറി. പൊതുപ്രവർത്തകനായതോടെ പേരിലും ചെറിയ മാറ്റം വരുത്തി‐ കെ രമണി എന്നാക്കി. തമിഴ്‌ സംസ്‌കാരവുമായി കൂടുതൽ അടുത്തുനിൽക്കുന്ന പേരുവേണം എന്ന ആഗ്രഹമാകാം പേരുമാറ്റത്തിന്‌ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌.

1934ൽ കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി രൂപീകരിക്കപ്പെട്ടതോടെ കർഷകസംഘവും ട്രേഡ്‌ യുണിയനുകളും ശക്തമായി കെട്ടിപ്പടുക്കണമെന്ന ആഹ്വാനമുണ്ടായി. തമിഴ്‌നാട്ടിൽ 1938‐39 ആയതോടെ പല ജില്ലകളിിലും കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി ശക്തിപ്പെട്ടു. കെ രമണി കോയന്പത്തൂർ ജില്ലയിലെ ട്രേഡ്‌ യൂണിയന്റെ അമരക്കാരനായി താമസിയാതെ ഉയർന്നു. കോൺഗ്രസിലും കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയിലും അദ്ദേഹം സജീവമായി പ്രവർത്തിക്കുകയും ചെയ്‌തു. പി രാമമൂർത്തി, ജീവാനന്ദം, എ കെ ജി തുടങ്ങിയ നേതാക്കളുമായി രമണി നിരന്തരം സന്പർക്കത്തിൽ ഏർപ്പെട്ടിരുന്നു.

എഞ്ചിനീയറിങ്ങ്‌, തുണിമിൽ, ഗതാഗതം, വൈദ്യുതി എന്നീ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ രമണി മുൻനിന്നു പ്രവർത്തിച്ചു. വിവിധ വിഭാഗം തൊഴിലാളികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള സമരം തൊഴിലാളികളിൽ വലിയ മതിപ്പാണുളവാക്കിയത്‌.

1938‐39 ആയപ്പോഴേക്കും അന്നത്തെ മദ്രാസ്‌ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി ശക്തിപ്പെട്ടുവന്നു. പി രാമമൂർത്തി, ജീവാനന്ദം, പി ശ്രീനിവാസ റാവു തുടങ്ങിയ നേതാക്കൾ ആ സംഘടനയെ ശക്തിപ്പെടുത്താൻ സംസ്ഥാനമൊട്ടാകെ സഞ്ചരിച്ചു പ്രവർത്തിച്ചു. അവരെ സഹായിക്കാൻ ഇ എം എസും എ കെ ജിയും സുബ്രഹ്മണ്യ ശർമയും ഉൾപ്പെടെയുള്ള നേതാക്കൾ സിഎസ്‌പിയുടെ പ്രവർത്തനങ്ങൾക്ക്‌ കരുത്ത്‌ പകരാൻ തമിഴ്‌നാട്ടിലും ഓടിയെത്തി.

കോൺഗ്രസിന്റെയും കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയുടെയും കോയന്പത്തൂർ ജില്ലയിലെ പ്രധാന നേതാക്കളിലൊരാളായി രമണി മാറി. 1939ൽ രണ്ടാംലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടുവല്ലോ. യുദ്ധത്തിനെതിരെ ജനങ്ങളെ അണിനിരത്തുക എന്നതായിരുന്നു കമ്യൂണിസ്റ്റ്‌ പാർട്ടി സ്വീകരിച്ച ശക്തമായ നിലപാട്‌. അതോടെ ബ്രിട്ടീഷ്‌ സർക്കാർ പാർട്ടിയെ നിരോധിച്ചു; പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കുമെിരെ കടുത്ത മർദന നടപടികൾ ആരംഭിച്ചു.

1940കളുടെ ആരംഭത്തോടെ കോയന്പത്തൂർ, മധുര, തിരുച്ചി, തിരുപ്പൂർ തുടങ്ങിയ ജില്ലകളിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയും ട്രേഡ്‌ യൂണിയനുകളും ശക്തിപ്പെട്ടുവന്നു. ഇതിനകം കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായ രമണി, പർട്ടിയും എഐടിയുസിയും ശക്തിെപ്പെടുത്താൻ കോയന്പത്തൂർ ജില്ലയൊട്ടാകെ ഓടിനടന്നു പ്രവർത്തിച്ചു. വാഹനസൗകര്യമില്ലാതിരുന്ന പല പ്രദേശങ്ങളിലും കാൽനടയായി സഞ്ചരിച്ചു. പൊലീസിന്റെ കണ്ണുവെട്ടിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ തൊഴിലാളികളും സാധാരണക്കാരും ആത്മാർഥമായ പിന്തുണയാണ്‌ അദ്ദേഹത്തിന്‌ നൽകിയത്‌. സ്വന്തം ജീവൻ പണയംവെച്ചും അവർ തങ്ങളുടെ നേതാവിന്‌ സംരക്ഷണകവചമൊരുക്കി.

1940‐48 കാലയളവിൽ അദ്ദേഹം രണ്ടുതവണ പൊലീസിന്റെ പിടിയിലാവുകയും ജയിലിലടയ്‌ക്കപ്പെടുകയും ചെയ്‌തു. ഭീകരമായ മർദനമാണ്‌ അദ്ദേഹത്തിന്‌ അനുഭവിക്കേണ്ടിവന്നത്‌. ജയിൽവാസകാലത്ത്‌ നിരവധി രാഷ്‌ട്രീയ തടവുകാരുമായി പരിചയപ്പെടാൻ അദ്ദേഹത്തിന്‌ സാഹചര്യം ലഭിച്ചു. അവരിൽ കോൺഗ്രസിന്റെയും കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയുടെയും കമ്യൂണിസ്റ്റ്‌ പാർട്ടിയുടെയും നേതാക്കളും പ്രവർത്തകരുമുണ്ടായിരുന്നു. കമ്യൂണിസ്റ്റ്‌ പാർട്ടിയെയും മാർക്‌സിസം‐ലെനിനിസത്തെയുംകുറിച്ച്‌ കൂടുതൽ അറുവിനേടാനുള്ള പാഠശാലയായിരുന്നു രമണിയെ സംബന്ധിച്ചിടത്തോളം ജയിൽജീവിതം.

1948ൽ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ രണ്ടാം കോൺഗ്രസ്‌ കൽക്കത്ത തീസിസ്‌ അംഗീകരിച്ചു. അതോടെ പാർട്ടി നിരോധിക്കപ്പെട്ടു. രമണിയുൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും ഒളിവിൽപോയി. ഒളിവുജീവിതത്തിലും അദ്ദേഹം വളരെ രഹസ്യമായി പാർട്ടി പ്രവർത്തനം തുടർന്നു. രണ്ടുവർഷത്തോളം ഒളിവിൽ കഴിഞ്ഞ അദ്ദേഹത്തെ പൊലീസ്‌ പിടികൂടി. കോടതി രണ്ടുവർഷത്തെ തടവിനാണ്‌ ഇത്തവണ വിധിച്ചത്‌. 1951ൽ പാർട്ടിക്കുമേലുള്ള നിരോധനം സർക്കാർ പിൻവലിച്ചതോടെ രമണിയുൾപ്പെടെയുള്ളവർ ജയിൽമോചിതരായി.

കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ കോയന്പത്തൂർ ജില്ലാകമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട രമണി പാർട്ടിയുടെ സംസ്ഥാനസമിതിയംഗമായും പ്രവർത്തിച്ചു.

1958ൽ പഞ്ചാബിലെ അമൃത്‌സറിൽ നടന്ന പാർട്ടി കോൺഗ്രസിൽ കെ രമണി 110 അംഗ ദേശീയ കൗൺസിലിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. തമിഴ്‌നാട്ടിൽനിന്ന്‌ പി രാമമൂർത്തി, എം ആർ വെങ്കട്ടരാമൻ, പി ശ്രീനിവാസ റാവു, ശങ്കരയ്യ, പി ജീവാനന്ദം, പാർവതി കൃഷ്‌ണൻ, എൻ കെ കൃഷ്‌ണൻ, എം കല്യാണസുന്ദരം എന്നിവരാണ്‌ രമണിയെ കൂടാതെ ദേശീയ കൗൺസിലിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട മറ്റംഗങ്ങൾ.

തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ‘ജനശക്തി’ എന്ന പേരിൽ ഒരു പത്രം കമ്യൂണിസ്റ്റ്‌ പാർട്ടി ആരംഭിച്ചു. അതിന്റെ പ്രചാരണത്തിന്‌ കെ രമണി മുൻനിന്നു പ്രവർത്തിച്ചു.

1962ലെ നിയമസഭാ തിരഞ്ഞെടുപ്പ്‌ തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ നിർണായകമായിരുന്നു. കമ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ രണ്ടു സീറ്റേ ആ തിരഞ്ഞെടുപ്പിൽ ലഭിച്ചുള്ളൂ. ഡിഎംകെയുടെ പ്രവർത്തം മെച്ചപ്പെട്ടതായിരുന്നു. ഡിഎംകെ ആദ്യമായി 50 സീറ്റുകൾ ഒറ്റയ്‌ക്ക്‌ നേടിയത്‌ ഈ തിരഞ്ഞെടുപ്പിലാണ്‌. ഡിഎംകെയുടെ വളർച്ച, കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ ആശയപരമായ അഭിപ്രായഭിന്നതയ്‌ക്ക്‌ കാരണമായി. കമ്യൂണിസ്റ്റ്‌ പാർട്ടി സ്വീകരിച്ച നയങ്ങളാണ്‌ ഡിഎംകെയുടെ വളർച്ചയ്‌ക്ക്‌ കാരണമായതെന്ന്‌ ഒരു വിഭാഗം വിലയിരുത്തി. കോൺഗ്രസുമായി കമ്യൂണിസ്റ്റ്‌ പാർട്ടി സഖ്യമുണ്ടാക്കി ഡിഎംകെയുടെ വളർച്ച തടയണമെന്നും ആ വിഭാഗം വാദിച്ചു. രമണിയുൾപ്പെടെയുള്ള നേതാക്കൾ ഈ വാദത്തെ ശക്തിയായി എതിർത്തു.

1962 നവംബറിൽ ചേർന്ന കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ പ്രത്യേക സമ്മേളനം, കോൺഗ്രസുമായി സഖ്യമുണ്ടാക്കി ഡിഎംകെയെ പരാജയപ്പെടുത്തണമെന്ന്‌ തീരുമാനിച്ചു. അതിനെ എതിർത്ത രമണിയുൾപ്പെടെയുള്ള നേതാക്കൾ സംസ്ഥാന സെക്രട്ടറിയേറ്റിൽനിന്ന്‌ ഒഴിവാക്കപ്പെട്ടു.

1962ലെ ഇന്ത്യ‐ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രമണിയുൾപ്പെടെയുള്ള പാർട്ടി നേതാക്കൾ അറസ്റ്റ്‌ ചെയ്യപ്പെട്ടു.

1964ൽ കമ്യൂണിസ്റ്റ്‌ പാർട്ടി ഭിന്നിച്ച ഘട്ടത്തിൽ ദേശീയ കൗൺസിലിൽനിന്ന്‌ ഇറങ്ങിവന്ന നേതാക്കളിലൊരാൾ രമണിയായിരുന്നു. സിപിഐ എം രൂപീകരിക്കപ്പെട്ടതോടെ പാർട്ടിയുടെ പ്രഥമ കേന്ദ്രകമ്മിറ്റി അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. താമസിയാതെ അറസ്റ്റ്‌ ചെയ്യപ്പെട്ട രമണിക്ക്‌ 16 മാസം ജയിലിൽ കഴിയേണ്ടിവന്നു.

1967ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോയന്പത്തൂർ പാർലമെന്റ്‌ മണ്ഡലത്തിൽനിന്ന്‌ മികച്ച ഭൂരിപക്ഷത്തോടെ കെ രമണി വിജയിച്ചു. കോൺഗ്രസ്‌ നേതാവും വ്യവസായിയുമായിരുന്ന എൻ മഹാലിംഗത്തെയാണ്‌ അദ്ദേഹം പരാജയപ്പെടുത്തിയത്‌.

അടിയന്തരാവസ്ഥയിൽ ഒളിവിൽ പ്രവർത്തിച്ച രമണി പൊലീസിന്റെ പിടിയിലായി. അടിയന്തരാവസ്ഥ പിൻവലിക്കപ്പെടുന്നതുവരെ അദ്ദേഹത്തിന്‌ ജയിലിൽ കഴിയേണ്ടിവന്നു.

1977 മുതൽ 1991 വരെ നാല്‌ തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം കോയന്പത്തൂർ ഈസ്റ്റ്‌ മണ്ഡലത്തിൽനിന്ന്‌ തിരഞ്ഞെടുക്കപ്പെട്ടു.

അനാരോഗ്യം മൂലം സജീവ രാഷ്‌ട്രീയത്തിൽനിന്ന്‌ മാറിനിൽക്കുന്നതുവരെ അദ്ദേഹം സിഐടിയു സംസ്ഥാന പ്രസിഡന്റായിരുന്നു; ഒപ്പം അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റും.

സിപിഐ എമ്മിന്റെ കോയന്പത്തൂർ ജില്ലാ സെക്രട്ടറിയായിരിക്കെ ദേശാഭിമാനിയുടെയും തീക്കതിറിന്റെയും ഏജന്റുകൂടിയായിരുന്നു രമണി.

ട്രേഡ്‌ യൂണിയൻ നേതാവെന്ന നിലയിലും പാർട്ടി നേതാവെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും നാനാവിഭാഗം ജനങ്ങളുടെയും ആദരവ്‌ നേടിയ നേതാവായിരുന്നു കെ രമണി.

2006 മെയ്‌ 30ന്‌ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. (പരേതയായ) ശ്യാമളയാണ്‌ ജീവിതപങ്കാളി. മക്കൾ: വനജ, വത്സല, സുകുമാരൻ. സിപിഐ എം കോയന്പത്തൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ആർ നടരാജൻ ജാമാതാവാണ്‌. l

Hot this week

മാറുന്ന മലയാള സിനിമയുടെ കാഴ്ച

മലയാള സിനിമയുടെ വിഷ്വൽ നരേറ്റീവിനെ റീഡിസൈൻ ചെയ്‌ത സംവിധായകനാണ്‌ ഖാലിദ്‌ റഹ്‌മാൻ....

ഉരുകുന്ന മഞ്ഞും ഉരുകാത്ത നൊമ്പരങ്ങളും

കൂട്ടുകുടുംബത്തിന്റെയും പരിചിതമായ ഭൂഭാഗങ്ങളുടെയും പരിധിവിട്ട്‌ ഒരു വടക്കേ ഇന്ത്യൻ സുഖവാസകേന്ദ്രത്തിന്റെ പശ്ചാത്തലം...

എൻ ശങ്കരയ്യ: സമരരംഗത്തെ നിറസാന്നിധ്യം

സിപിഐ എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി, അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ...

അടയുന്ന വാതിലുകൾ നൽകുന്ന സൂചനകൾ

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 84 സ്വന്തം രാജ്യത്തെ വ്യവസായത്തെയും തൊഴിലുകളെയും സംരക്ഷിക്കാൻ ഏതെങ്കിലും ഭരണാധികാരി...

കലാപരിണാമം ഗോഥിക്‌ കാലത്തിലൂടെ

യൂറോപ്പിലാകെ കലാസാംസ്‌കാരിക വിദ്യാഭ്യാസമേഖല മന്ദീഭവിച്ചിരുന്നത്‌ 5‐ാം നൂറ്റാണ്ടുകളിലെന്നാണ്‌ ചരിത്രം രേഖപ്പെടുത്തുന്നത്‌. യുദ്ധം,...

Topics

മാറുന്ന മലയാള സിനിമയുടെ കാഴ്ച

മലയാള സിനിമയുടെ വിഷ്വൽ നരേറ്റീവിനെ റീഡിസൈൻ ചെയ്‌ത സംവിധായകനാണ്‌ ഖാലിദ്‌ റഹ്‌മാൻ....

ഉരുകുന്ന മഞ്ഞും ഉരുകാത്ത നൊമ്പരങ്ങളും

കൂട്ടുകുടുംബത്തിന്റെയും പരിചിതമായ ഭൂഭാഗങ്ങളുടെയും പരിധിവിട്ട്‌ ഒരു വടക്കേ ഇന്ത്യൻ സുഖവാസകേന്ദ്രത്തിന്റെ പശ്ചാത്തലം...

എൻ ശങ്കരയ്യ: സമരരംഗത്തെ നിറസാന്നിധ്യം

സിപിഐ എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി, അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ...

അടയുന്ന വാതിലുകൾ നൽകുന്ന സൂചനകൾ

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 84 സ്വന്തം രാജ്യത്തെ വ്യവസായത്തെയും തൊഴിലുകളെയും സംരക്ഷിക്കാൻ ഏതെങ്കിലും ഭരണാധികാരി...

കലാപരിണാമം ഗോഥിക്‌ കാലത്തിലൂടെ

യൂറോപ്പിലാകെ കലാസാംസ്‌കാരിക വിദ്യാഭ്യാസമേഖല മന്ദീഭവിച്ചിരുന്നത്‌ 5‐ാം നൂറ്റാണ്ടുകളിലെന്നാണ്‌ ചരിത്രം രേഖപ്പെടുത്തുന്നത്‌. യുദ്ധം,...

ഫാസിസം: ഉത്ഭവം,വളർച്ച

ഫാസിസവും നവഫാസിസവും -4 കമ്മ്യൂണിസം ഉണ്ടാക്കിയ  അനന്തരഫലങ്ങളിലൊന്നായി ചിലർ ഫാസിസത്തെ വിശേഷിപ്പിക്കാറുണ്ട്. 1933ൽ...
spot_img

Related Articles

Popular Categories

spot_imgspot_img