ഫാസിസത്തിന് ഒരു തത്വശാസ്ത്രം

കെ എ വേണുഗോപാലൻ

ഫാസിസവും നവഫാസിസവും-5

കെ എ വേണുഗോപാലൻ

തുവരെ നാം ഫാസിസത്തെ കണ്ടത് കമ്യൂണിസ്റ്റുകാരുടെ കണ്ണിലൂടെയാണ്. ഇനി ഫാസിസ്റ്റുകൾ എങ്ങനെയാണ് അവരെ സ്വയം കണ്ടിരുന്നത് എന്ന് നോക്കാം. അല്ലെങ്കിൽ ഫാസിസ്റ്റുകളുടെ സിദ്ധാന്തവും പ്രയോഗവും എന്തെന്ന് പരിശോധിക്കാം. ചരിത്രപരമായ വസ്തുതകൾ വച്ചുനോക്കിയാൽ ഫാസിസം വളർന്നുവരുന്നത് ഒരു സിദ്ധാന്തവും ഇല്ലാതെയാണ്. തുടക്കത്തിൽ അതൊരു നിഷേധാത്മക പ്രസ്ഥാനം മാത്രമായിരുന്നു. അതിതീവ്രദേശീയതയുടെ മുദ്രാവാക്യങ്ങളും വ്യാജവിപ്ലവ മുദ്രാവാക്യങ്ങളും സമ്മിശ്രമായി ഉപയോഗിക്കുന്ന ഒരു പ്രസ്ഥാനമായിരുന്നു അത്. വാസ്തവത്തിൽ അവർ തൊഴിലാളിവർഗ്ഗവിപ്ലവത്തിനെതിരായിരുന്നു. അതിനെ പരാജയപ്പെടുത്തുന്നതിന് വേണ്ടി ആക്രമണോത്സുകവും അല്ലാത്തതുമായ എല്ലാ മാർഗങ്ങളും അവർ ഉപയോഗിച്ചു. രണ്ടുകൊല്ലം ഇങ്ങനെ കഴിഞ്ഞപ്പോഴാണ് ലക്ഷണമൊത്ത ഒരു രാഷ്ട്രീയപ്പാർട്ടിയും പ്രസ്ഥാനവുമായി മാറണമെങ്കിൽ ഒരു തത്വശാസ്ത്രം ആവശ്യമാണെന്ന ബോധം അവർക്കുണ്ടാകുന്നത്. 1921 ആഗസ്റ്റിൽ 1921 ലെ സമ്മേളനത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ മുസ്സോളിനി ഇങ്ങനെ എഴുതുന്നുണ്ട്: ‘ഇറ്റാലിയൻ ഫാസിസത്തിന് ഇപ്പോൾ,മരണവേദന പോലെയോ, അതിനേക്കാൾ ഉപരി,ആത്മഹത്യ ചെയ്യുമ്പോഴത്തെ വേദനയെ പോലെയോ, ആവശ്യമായിരിക്കുന്നത്,ഒരു തത്വശാസ്ത്രം രൂപപ്പെടുത്തിയെടുക്കുക എന്നതാണ്.ഇത് ഇതിനേക്കാൾ കടുപ്പിച്ച് പറയേണ്ടതാണ്. എന്നാൽ ഞാൻ ആഗ്രഹിക്കുന്നു അടുത്ത രണ്ടുമാസത്തിനകം,അതായത് അടുത്ത ദേശീയകോൺഗ്രസിനുള്ളിൽ ഫാസിസത്തിന് ഒരു തത്വശാസ്ത്രം രൂപപ്പെടുത്തേണ്ടതുണ്ട്. ‘(1921ൽ മുസ്സോളിനി ബയാൻജിക്കെഴുതിയ കത്തിൽ നിന്ന്)

വരുന്ന രണ്ടുമാസത്തിനകം ഫാസിസത്തിന് ഒരുതത്വശാസ്ത്രം നിർമ്മിക്കേണ്ടതുണ്ട് എന്ന് ആജ്ഞാപിക്കുമ്പോൾ അതിൽ നിന്ന് വ്യക്തമാവുന്ന കാര്യം അതൊരു പുറംതോട് മാത്രമാണ് എന്നാണ്. ഫാസിസ്റ്റുകൾക്ക് ധരിക്കുന്നതിന് വേണ്ടി ഒരു ലോഡ് കറുത്ത ഷർട്ടുകൾ ആവശ്യമുണ്ട് എന്ന് കടക്കാരോട് ആവശ്യപ്പെടുന്നത് പോലെയാണത്. കടയിൽ തയ്യാറാക്കി വച്ചിരിക്കുന്ന സാധനങ്ങൾ വാങ്ങിക്കുന്നതുപോലെ തത്വശാസ്ത്രവും വാങ്ങിക്കാൻ കിട്ടും എന്നതായിരുന്നു ഫാസിസ്റ്റുകളുടെ അന്നത്തെ നിലപാട്. ഇതുപോലെതന്നെ ഹിറ്റ്‌ലറും ലോകതത്വശാസ്ത്രമായി നിലകൊള്ളുന്ന മാർക്‌സിസത്തിന് ബദലായി ഫാസിസത്തിന് / നാസിസത്തിന് ഒരു ബദൽ ലോകതത്വശാസ്ത്രം ആവശ്യമാണെന്ന്  പറയുന്നുണ്ട്.

‘ഒരു സാർവ്വലൗകികസിദ്ധാന്തത്തെ ബലംപ്രയോഗിച്ചുള്ള പോരാട്ടത്തിലൂടെ അവസാനിപ്പിക്കാനുള്ള ഏത് ശ്രമവും ദുഃഖത്തിലാണവസാനിക്കുക. ഒരു പുതിയ ബൗദ്ധികസങ്കല്പനത്തിനനുകൂലമായിട്ടല്ലാതെ ആക്രമണത്തിന്റെ രൂപത്തിലൂടെ നടത്തുന്ന പോരാട്ടം പരാജയപ്പെടുകയാണ് ചെയ്യുക. രണ്ട് സാർവലൗകിക സിദ്ധാന്തങ്ങൾ ഒരേ തലത്തിൽ നിന്നുകൊണ്ട് ശക്തമായി,സ്ഥിരമായി,നിഷ്‌കരുണം പോരാടുമ്പോൾ ആയുധമെടുത്തുകൊണ്ടുള്ള പോരാട്ടത്തിന് അത് പിന്തുണയ്ക്കുന്ന വിഭാഗത്തിനനുകൂലമായ  തീരുമാനത്തിലെത്തിക്കാനാവും.

ഈ ഭാഗത്താണ് മാർക്‌സിസത്തിനെതിരായ പോരാട്ടം അതുവരെയുള്ള കാലത്ത് പരാജയപ്പെട്ടത്. അതുകൊണ്ടാണ് ബിസ്മാർക്കിന്റെ സോഷ്യലിസത്തെ കുറിച്ചുള്ള നിയമനിർമ്മാണം അവസാനം പരാജയപ്പെട്ടത്. അതിന് പോരാട്ടം നടത്തുന്നതിന് പുതിയ ഒരു സാർവ്വലൗകികസിദ്ധാന്തത്തിന്റെ വേദി ഉണ്ടായിരുന്നില്ല.ഉന്നതരായ ഉദ്യോഗസ്ഥരുടെ പഴഞ്ചൊല്ലുകളെ കുറിച്ചുള്ള നിരർത്ഥകജല്പനങ്ങൾ മാത്രമാണ് ഭരണകൂടാധികാരത്തെ സംബന്ധിച്ചും, നിയമവാഴ്ചയും ശാന്തതയും സംബന്ധിച്ചും അവർക്കുണ്ടായിരുന്നത്.

1914 ൽ സോഷ്യൽ ഡെമോക്രസിക്കെതിരായ പോരാട്ടം വാസ്തവത്തിൽ ഉൾക്കൊള്ളാവുന്നതായിരുന്നു. എന്നാൽ അതിനെതിരായ പ്രായോഗികമായ ഒരു ബദലില്ല എന്നത് സംശയകരമായ സ്ഥിതിവിശേഷം ഉണ്ടാക്കുകയും പോരാട്ടത്തെ വിജയകരമായി നടപ്പിലാക്കാൻ ആവാതെ വരികയും ചെയ്തു. ഇക്കാര്യത്തിൽ ഗൗരവതരമായ ഒരു വിടവാണ് നിലനിന്നിരുന്നത്.'(ഹിറ്റ്‌ലർ)

നിലനിൽക്കുന്ന പ്രത്യശാസ്ത്രങ്ങൾക്കെതിരായ ഒരു ബദൽ പ്രത്യയശാസ്ത്രം ഇല്ലാതെ പോരാട്ടങ്ങൾ ഫലപ്രദമായി നയിക്കാനാവില്ലെന്ന് മുസോളിനിക്കും ഹിറ്റ്‌ലർക്കും ബോധ്യമായിരുന്നു എന്നാണിത് കാണിക്കുന്നത്. അതുകൊണ്ടാണ് ഫാസിസം ഒരു പ്രത്യയശാസ്ത്രമാക്കി മാറ്റണമെന്നവർ വാശിപിടിച്ചത്.

മാർക്‌സിസത്തിനെതിരായ പോരാട്ടത്തിൽ ഫാസിസത്തിനുള്ള ദൗർബല്യം ചൂണ്ടിക്കാണിക്കുന്ന ഹിറ്റ്‌ലറുടെ നിലപാട് തീർത്തും ശരിയാണ്. എന്നാൽ ഈ ശരി എന്നത് ഒരു ചിന്തകന്റെയോ ചരിത്രനായകന്റെയോ ശരിയല്ല, മറിച്ച് കൗശലക്കാരനായ ഒരു തന്ത്രജ്ഞന്റെ ശരിയാണ്. മാർക്‌സിസം ഒരു സാർവദേശീയപ്രത്യയശാസ്ത്രമായതിനാൽ അത് ശക്തവും അജയ്യവും ആണെന്നത് ശരിയാണ്;അതുകൊണ്ട്, അതിനെ പരാജയപ്പെടുത്തണമെങ്കിൽ തങ്ങളും ഒരു സർവ്വദേശീയ പ്രത്യയശാസ്ത്രം രൂപപ്പെടുത്തണമെന്നാണ് ഹിറ്റ്‌ലറുടെ നിലപാട്. അത് നിഷേധാത്മകമായ ഒന്നാണ്. മാർക്‌സിസത്തോടുള്ള നിഷേധാത്മകത പ്രകടിപ്പിക്കുന്നതിനും അതിനെ മറികടക്കുക എന്ന ലക്ഷ്യം വെച്ചും മാത്രമാണ് പുതിയ സിദ്ധാന്തനിർമ്മിതി നടത്തണമെന്ന് ഹിറ്റ്‌ലർ പറയുന്നത്. മറിച്ച് മാർക്‌സിസം ലോകത്തിലെ ഏറ്റവും ക്രിയാത്മകമായ പ്രത്യയശാസ്ത്രവും ലോകത്തെയാകെ സ്വാധീനിക്കുന്ന ശക്തിയുമാണ്. അതുപോലെ മറ്റൊരു പ്രത്യയശാസ്ത്രത്തിനും വളരാനാവില്ല;അതിനെ പകരം വയ്ക്കാനും ആവില്ല. എന്നാൽ മുതലാളിത്തത്തിന് ഒരു പകരംസിദ്ധാന്തത്തെ കണ്ടെത്തിയേ മതിയാവൂ. അതിന്റെ അടിസ്ഥാനത്തിലാണ് അവർ ഫാസിസത്തെ ഒരു തത്വചിന്തയാക്കി മാറ്റാൻ പരിശ്രമിച്ചത്.

‘പുതിയ പ്രത്യയശാസ്ത്രം’ എന്ന ചിന്താഗതി ഫാസിസത്തിന്റെ പിന്തുണക്കാരെ ലഹരി പിടിപ്പിക്കുകയും വൈകാരികമായി ആവേശം കൊള്ളിക്കുകയും ചെയ്യുന്നു. പഴയ അന്ധവിശ്വാസങ്ങളിൽ നിന്നും വിമുക്തമായി വിമോചനത്തിന്റെ  പ്രതീതി അവരിൽ സൃഷ്ടിക്കുകയും അവരിൽ ചലനാത്മകത സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാൽ പുതിയ പ്രത്യയശാസ്ത്രം എന്നവർ കൊട്ടിഘോഷിച്ചത് മുതലാളിത്തത്തിന്റെ പൊതുവായ പ്രത്യയശാസ്ത്രത്തെ തന്നെയായിരുന്നു.  അത് ആധുനിക മുതലാളിത്തഘട്ടത്തിന് അനുയോജ്യമാക്കപ്പെട്ടതായിരുന്നു.

മുതലാളിത്തപ്രതിസന്ധിയുടേതായ കാലത്തെ,സാമ്രാജ്യത്വത്തിന്റെ, മുതലാളിത്ത നാശോന്മുഖതയുടെ, പ്രവണതകൾ ഉൾക്കൊള്ളുന്നതായിരുന്നു ഈ പുതിയ പ്രത്യയശാസ്ത്രം. അത് ഭരണഘടനയോടും നിയമപരമായ വ്യവസ്ഥകളോടും അവജ്ഞയുള്ളതായിരുന്നു; അത് ആക്രമണോത്സുകതയെ മഹത്വവൽക്കരിക്കുന്നതും ലിബറലും സമത്വധിഷ്ഠിതവും മനുഷ്യത്വപരവുമായ എല്ലാ ആശയങ്ങളെയും തള്ളിക്കളയുന്നതുമായിരുന്നു; അത് ശക്തവും ഒപ്പം അധികാര സമ്പുഷ്ടവുമായ ഭരണകൂടത്തിന് വേണ്ടി നിലകൊള്ളുന്നതായിരുന്നു; അത് മാനുഷിക പ്രവൃത്തിയുടെ പരമോന്നതരൂപമായി യുദ്ധത്തെ കാണുന്നതായിരുന്നു. ഇങ്ങനെ ആധുനിക കുത്തകമുതലാളിത്തത്തിന്റെ,പ്രത്യേകിച്ച് ധനമൂലധനശക്തികളുടെ താൽപര്യനുസരണമുള്ള വ്യവസ്ഥാനിർമിതിയുതേതായിരുന്നു ഈ പുതിയ പ്രത്യയ ശാസ്ത്രം. ഇതെല്ലാം ഫാസിസത്തിന്റെ മാത്രം സവിശേഷതകൾ ആയിരുന്നില്ല. അന്നത്തെ മുതലാളിത്തത്തിന്റെ പൊതുവായ സവിശേഷതകളായിരുന്നു. എന്നാൽ ഇതെല്ലാം ഫാസിസം നടപ്പിലാക്കിയത് തീവ്രമായ ക്രൂരതയോടെ ആയിരുന്നു. അതായിരുന്നു ഫാസിസത്തിന്റെ സവിശേഷത.

മൗലികമായതോ ക്രിയാത്മകമായതോ ആയ യാതൊന്നും തന്നെ ഫാസിസത്തിലില്ല. ലിബറലിസത്തിനെ കുറിച്ചും ലിബറൽ ജനാധിപത്യത്തെ കുറിച്ചുമുള്ള അതിന്റെ വിമർശനവും വെറും വാചകമടി മാത്രമാണ്. കൂലിയടിമത്വത്തിന്റെ യാഥാർത്ഥ്യം സംബന്ധിച്ചുള്ള വിമർശനം മാർക്‌സിസത്തിൽ നിന്ന് കടമെടുത്തതാണ്. എന്നാൽ വർഗങ്ങൾ ഇല്ലാതാകുമ്പോഴാണ് മനുഷ്യൻ സ്വതന്ത്രമാവുക എന്ന മാർക്‌സിസ്റ്റ്. കാഴ്ചപ്പാട് ഫാസിസം ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. കൂലിഅടിമത്തത്തെ വിമർശിക്കുന്നുണ്ടെങ്കിലും അത് ഇല്ലാതാക്കാൻ ഫാസിസം തയ്യാറാകുന്നില്ല.

ഏകപാർട്ടി സംവിധാനത്തിലൂടെ മുഴുവൻ ജനങ്ങൾക്കുമുള്ള പുതിയ രൂപത്തിലുള്ള ഒരു ഗവൺമെന്റ് സോവിയറ്റ് റഷ്യയിലെ കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ ഭരണത്തിന്റെ വികൃതാനുകരണമാണ്. കമ്മ്യൂണിസ്റ്റ്പാർട്ടിക്കകത്ത് ഉള്ളതുപോലെ പാർട്ടി ജനാധിപത്യത്തിന്റേതായ സംവിധാനം ഫാസിസ്റ്റ് പാർട്ടികൾക്ക് ഇല്ല. ഗവൺമെന്റിന്റെ പ്രവർത്തനത്തിൽ ജനങ്ങളെ നേരിട്ട് പങ്കാളികളാക്കുന്ന ഒന്നാണ് സോവിയറ്റ് സംവിധാനം. അങ്ങനെ ഒന്നിനെ കുറിച്ച് ആലോചിക്കാൻ പോലും ഫാസിസത്തിന് കഴിയില്ല. ഫാസിസം അധികാരത്തിൽ വന്നിടത്തൊക്കെ താഴെത്തട്ടിൽ ഉണ്ടായിരുന്ന ഭരണസംവിധാനങ്ങളെയാകെ പൊളിച്ചടുക്കുകയും അവിടെയൊക്കെ ഇഷ്ടക്കാരെ നാമനിർദ്ദേശം ചെയ്യുകയുമാണ് ഫാസിസം ചെയ്തത്. താഴെത്തട്ടിലുള്ള എല്ലാ തെരഞ്ഞെടുപ്പുകളും നിരോധിക്കപ്പെട്ടു.

സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ സാമ്പത്തികനിയന്ത്രണം ഭരണകൂടം നിയന്ത്രിക്കുക എന്ന സിദ്ധാന്തം കോർപ്പറേറ്റ്ഭരണകൂടങ്ങളുടെ വർഗ്ഗപരമായ സഹകരണത്തിനുള്ള  ഉപകരണമാണ്. അതിൽ തൊഴിലാളികൾക്ക് പങ്കാളിത്തം കൊടുക്കുമെന്നാണ് വയ്പ്. ഇത് എല്ലാ രാജ്യങ്ങളിലും നടന്ന കുത്തകമുതലാളിത്തത്തിന്റെ ആധുനികവളർച്ചയുടെ ഭാഗമായി രൂപപ്പെട്ടു വന്ന ഒന്നാണ്. വ്യക്തമായി പറഞ്ഞാൽ ആധുനികലിബറലിസത്തിന്റെയും സോഷ്യൽ ഡെമോക്രസിയുടെയും സിദ്ധാന്തങ്ങളാണിവ. സംഘടിത മുതലാളിത്തം,ദേശീയ ആസൂത്രണ ബോർഡുകൾ,സംയുക്തവ്യാവസായിക കൗൺസിലുകൾ,ദേശീയ സാമ്പത്തിക കൗൺസിലുകൾ ഇവയൊക്കെ  ഫാസിസം രൂപം കൊള്ളുന്നതിന് മുമ്പ് തന്നെ ആധുനികസാമ്രാജ്യത്വം ഉപയോഗപ്പെടുത്തിയവയാണ്. അതൊക്കെയാണ് ഫാസിസത്തിന്റെ നവീനമുദ്രാവാക്യങ്ങളായി ഉയർത്തി കാണിക്കപ്പെട്ടത്.

സങ്കുചിത ദേശീയവാദം,ജൂതവിരോധം,മറ്റു വംശീയസിദ്ധാന്തങ്ങൾ ഇതൊക്കെ പഴയ യാഥാസ്ഥിതിക പിന്തിരിപ്പൻ രാഷ്ട്രീയപാർട്ടികളിൽ നിന്ന് ഫാസിസം കടംകൊണ്ടതാണ്. അതിലൊന്നും യാതൊരു പുതുമയും വരുത്തിയിട്ടില്ല. ബിസ്മാർക്കും സർ ചക്രവർത്തിയും പാൻ ജർമനുകളും പാൻ സ്ലാവിസ്റ്റുകളും ഒക്കെ പ്രയോഗിച്ച് മുനതേഞ്ഞുപോയ ആയുധങ്ങളാണ് ഇവയെല്ലാം.

പതിനെട്ടാംനൂറ്റാണ്ടിൽ ജർമ്മനിയിലും ആസ്ട്രിയയിലും ഒക്കെ വികസിപ്പിക്കുകയും നന്നായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തതാണ് ജൂതവിരോധം. മുതലാളിത്തം വളർന്നു സാമ്രാജ്യത്വമായപ്പോൾ അതും ഫാസിസത്തിന് കൈമാറി കിട്ടി. നാഷണൽ സോഷ്യലിസ്റ്റ് വർക്കേഴ്‌സ് പാർട്ടി എന്ന നാസിപാർട്ടിയുടെ മുൻഗാമിയുടെ പേര് ക്രിസ്ത്യൻ സോഷ്യൽ വർക്കിംഗ്‌മെൻസ് യൂണിയൻ എന്നായിരുന്നു. ജൂതവിരോധത്തിന്റെ മറ്റൊരു പേരായിരുന്നു ക്രിസ്ത്യൻ സോഷ്യലിസം എന്നതും മറക്കരുത്. ജൂതവിരോധം വളർത്തിക്കൊണ്ടുവന്നത് തന്നെ വർഗ്ഗസമരത്തെ വഴിതിരിച്ചുവിടുന്നതിനായിരുന്നു.

പ്രതിസന്ധിയുടെയും രൂക്ഷമായ വർഗ്ഗസമരത്തിന്റെയും കാലത്തെ ആധുനിക കുത്തകമുതലാളിത്തത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുക എന്നതായിരുന്നു ഫാസിസത്തിന്റെ ലക്ഷ്യം. അതിനാവശ്യമായ മുദ്രാവാക്യങ്ങളിൽ കടംവാങ്ങുക മാത്രമാണ് അവർ ചെയ്തത്. അത് ഒരിക്കലും ഒരു ക്രിയാത്മക ആശയം ആയിരുന്നില്ല. മുതലാളിത്തം അതിന്റെ തുടക്കത്തിൽ മാനവസംസ്‌കാരത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിന് നിരവധി സംഭാവനകൾ നൽകിയ ഒരു സാമ്പത്തിക വ്യവസ്ഥയാണ്. ഫ്രഞ്ച് വിപ്ലവം ലോകത്തിന് പുതിയ ജീവിതവും പുതിയ ധാരണകളും സംഭാവന ചെയ്തു. എന്നാൽ അതിനെയൊക്കെ പരിമിതപ്പെടുത്താനും നശിപ്പിക്കാനുമാണ് ഇന്ന് കുത്തക മുതലാളിത്തം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സോവിയറ്റ് വിപ്ലവവും  ലോകത്തിനാകെ പുതിയ കാഴ്ചപ്പാടുകളും അനുഭവങ്ങളും നൽകിയ ഒന്നായിരുന്നു. എന്നാൽ ഫാസിസത്തിന് ലോകത്തിനുവേണ്ടി ഇതുവരെ ഒന്നും ചെയ്യാനായിട്ടില്ല.

Hot this week

എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ്‌ എം സജിയെയും ജനറൽ സെക്രട്ടറിയായി ശ്രീജൻ...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 2

അടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി പുതിയ മുദ്രാവാക്യങ്ങളിലേക്ക് തിരിയുവാൻ ഇന്ദിരയെ...

അതിനിർണയവാദം

മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങൾ അവരുടെ സ്വമേധയാ ഉള്ള തീരുമാനങ്ങളാൽ മാത്രം നിശ്ചയിക്കപ്പെടുന്നതാണോ....

വരയാണ്‌ ലഹരി: വരയുത്സവം

വികസനവഴികളിൽ നഷ്ടമാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെയും സാംസ്‌കാരിക ഭൂമികയുടെയും കാഴ്‌ചകളിലേക്ക്‌/ചിന്തകളിലേക്ക്‌...

Topics

എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ്‌ എം സജിയെയും ജനറൽ സെക്രട്ടറിയായി ശ്രീജൻ...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 2

അടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി പുതിയ മുദ്രാവാക്യങ്ങളിലേക്ക് തിരിയുവാൻ ഇന്ദിരയെ...

അതിനിർണയവാദം

മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങൾ അവരുടെ സ്വമേധയാ ഉള്ള തീരുമാനങ്ങളാൽ മാത്രം നിശ്ചയിക്കപ്പെടുന്നതാണോ....

വരയാണ്‌ ലഹരി: വരയുത്സവം

വികസനവഴികളിൽ നഷ്ടമാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെയും സാംസ്‌കാരിക ഭൂമികയുടെയും കാഴ്‌ചകളിലേക്ക്‌/ചിന്തകളിലേക്ക്‌...

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...
spot_img

Related Articles

Popular Categories

spot_imgspot_img