ഇക്കണോമിക്സ് സർവേ റിപ്പോർട്ടിൽ ഇടംപിടിച്ച രാജ്യത്തിന് തന്നെ മാതൃകയായ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഇന്നൊരു മോഡലാണ്. ഖര മാലിന്യ സംസ്കരണത്തിൽ ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിയ മോഡൽ.
ഇടുക്കി ജില്ലയിലെ കട്ടപ്പന ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് ഇരട്ടയാർ. മാലിന്യ സംസ്കരണത്തിന് ഇരട്ടയാറിന്റെ പങ്ക് എന്താണ് എന്ന് ചോദിച്ചാൽ ഇന്നവർ തലയുയർത്തി ഉത്തരം പറയും. ‘രാജ്യശ്രദ്ധ തന്നെയാകർഷിച്ച ഇരട്ടയാർ മോഡലാണ് ഞങ്ങളുടെ മാലിന്യ സംസ്കരണമെന്ന്’.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനം, ഹരിത കർമ്മ സേന ശാക്തീകരണം, ജനകീയ ബോധവൽക്കരണം തുടങ്ങി എല്ലാ ഘടകങ്ങളും മെച്ചപ്പെടുത്തിയാണ് ഇരട്ടയാർ ദേശീയ ശ്രദ്ധയിലേക്ക് ഉയരുന്നത്. ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിലായി 26 ഹരിത കർമ്മ സേനാംഗങ്ങളുണ്ട്. ഇവർ അവിശ്രമം ഖരമാലിന്യ സംസ്കരണങ്ങളുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി വരുന്നു. എല്ലാ വീടുകളിലും കടന്നുചെന്ന് വാതിൽപ്പടി ശേഖരണം നടത്താൻ ഇവർ ശ്രദ്ധിക്കുന്നു. ഇതുവഴി കൃത്യമായ ഖരമാലിന്യ ശേഖരണം നടത്താനും ഇവർക്ക് കഴിയുന്നു. ഇത്തരത്തിൽ നടത്തുന്ന വാതിൽപ്പടി ശേഖരണം ഓരോ മാസവും 10 ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കുകയും 28 ഇനങ്ങളായി ശേഖരിച്ച പ്ലാസ്റ്റിക് മെറ്റീരിയൽസ് തരംതിരിക്കുകയും ബെയിൽ ചെയ്ത് മൂന്നുമാസത്തിലൊരിക്കൽ 12 മുതൽ 15 ടൺ വരെ മെറ്റീരിയൽ സ്വകാര്യ ഏജൻസികൾക്കും റീസൈക്ലിംഗ് കമ്പനികൾക്കും കൈമാറുകയും ചെയ്യുന്നു. ഓരോ മാസവും ശരാശരി എട്ട് ടൺ വരെ അജൈവ പാഴ് വസ്തുക്കളായ പ്ലാസ്റ്റിക് മെറ്റീരിയൽസും കലണ്ടർ പ്രകാരം ശേഖരിക്കുന്ന ചെരുപ്പ്, ബാഗ്, ചില്ല്, തുണി, മരുന്ന് സ്ട്രിപ്പുകൾ, ഇലക്ട്രോണിക് പാഴ്‌വസ്തുക്കൾ, തെർമോക്കോളുകൾ എന്നിവയും ശേഖരിച്ചുവരുന്നു.
2025ലെ ലോക്‌സഭാ ബജറ്റ് സമ്മേളനത്തിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ഇക്കണോമിക്സ് സർവേ റിപ്പോർട്ടിൽ മാലിന്യ സംസ്കരണത്തിലും സ്ത്രീശാക്തീകരണത്തിലും രാജ്യത്തെ ഏറ്റവും മികച്ച മാതൃകയായി ശ്രദ്ധ നേടിയ ഗ്രാമപഞ്ചായത്ത് കൂടിയാണ് ഇരട്ടയാർ.
ഹരിതമിത്രം ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് എല്ലാ മാസവും ഖരമാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത്. കൂടാതെ ലിസ്റ്റിംഗ് ട്രാൻസ്പോർട്ടേഷൻ, മെറ്റീരിയൽ വില്പന എന്നിവ ടൈം ടേബിൾ പ്രകാരം തന്നെ യഥാസമയം ചെയ്തുതീർക്കുകയും ചെയ്യുന്നു. ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ മാലിന്യ സംസ്കരണ പ്രവർത്തനത്തിൽ ‘ഇരട്ടയാർ മോഡൽ’ സൃഷ്ടിച്ചെടുക്കാനും അത് ദേശീയതലത്തിൽ തന്നെ മാതൃകയാക്കി തീർക്കാനും സാധിച്ച പഞ്ചായത്ത് കൂടിയാണ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത്.
ഇരട്ടയാർ മോഡൽ
ഹരിത കേരളം മിഷൻ 2016 ലാണ് നിലവിൽ വന്നത്. ഇതിന്റെ ഭാഗമായി 2017ൽ സർക്കാർ ഉത്തരവ് പ്രകാരം 28 അംഗങ്ങളെ ഉൾപ്പെടുത്തി ഹരിത കർമ്മ സേന പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ ഗ്രാമീണ കൃഷിക്കാർ ഏറെയുള്ള മേഖലയായതിനാൽ യൂസർ ഫീ ശേഖരണവും വാതിൽപ്പടി ശേഖരണവും വേണ്ട എന്നാണ് അന്ന് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. വാർഡുകളിലെ വിവിധ പോയിന്റുകളിൽ എത്തിക്കുന്ന മാലിന്യങ്ങൾ ഇരട്ടയാർ എം സി എഫ് എൽ ശാസ്ത്രീയ സംസ്കരണത്തിന് വിധേയമാക്കാതെ കൂട്ടിയിടുകയാണ് അന്ന് ചെയ്തത്. 2017ൽ ഉണ്ടായ തീപിടുത്തത്തിൽ ഇതു മുഴുവൻ കത്തി നശിക്കുകയും തുടർന്ന് ഓരോ മാസവും ശേഖരിക്കുന്ന മാലിന്യങ്ങൾ കട്ടപ്പന മുൻസിപ്പാലിറ്റിയുടെ RRF ലേക്ക് നീക്കം ചെയ്യുകയും ചെയ്തു.
ഇങ്ങനെ അശ്രദ്ധമായി ഖരമാലിന്യ സംസ്കരണ പ്രവർത്തനങ്ങളെ കാണുകയും മോശം പ്രവർത്തനങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തതിനെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണലിൽ നിന്ന് ഇരട്ടയാർ ഗ്രാമപഞ്ചായത്തിന് പിഴ മുന്നറിയിപ്പ് നൽകുന്ന സ്ഥിതിയുണ്ടായി.
തുടർന്ന് 2020ൽ ഡി ശിവകുമാർ പുതിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായി കടന്നുവന്നതോടുകൂടി ഹരിതകേരള മിഷന്റെ നിർദ്ദേശപ്രകാരം പ്രവർത്തനങ്ങൾക്ക് കൂടുതൽ സജീവത കൈവരിക്കുകയും ഹരിത കർമ്മ സേന കൺസോർഷ്യം രൂപീകൃതമാവുകയും ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഇതിനുവേണ്ട പരിശീലനം നൽകുകയും ചെയ്തു.
തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് നടത്തുകയും 2021 ജനുവരിയിൽ പുതിയ ഭരണസമിതി അധികാരത്തിൽ വരികയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കിയുടെ അധ്യക്ഷതയിൽ ഹരിതകർമ്മസേന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് അടിസ്ഥാനത്തിലുള്ള ശേഖരണം ആരംഭിക്കുകയും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുകയും ചെയ്തു. തുടർന്ന് കത്തി നശിച്ച എം സി എഫ് ന്റെ പ്രവർത്തനങ്ങൾ വീണ്ടും പുനരാരംഭിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ 30 രൂപ വീടുകൾക്കും 50 രൂപ സ്ഥാപനങ്ങൾക്കും നിശ്ചയിച്ചിരുന്നുവെങ്കിലും ഹരിതകർമ്മ സേനയുടെ വരുമാനത്തിൽ കുറവുണ്ടാകുന്നതായി പഞ്ചായത്ത് സമിതി വിലയിരുത്തുകയും ഇത് 50 രൂപ വീടുകൾക്കും 100 രൂപ സ്ഥാപനങ്ങൾക്കുമായി ഉയർത്തുകയും ചെയ്തു.
സ്വീകരിക്കുന്ന പാഴ് വസ്തുക്കൾ തങ്ങൾതന്നെ സൂക്ഷിക്കുകയും അതിനുവേണ്ട കാര്യങ്ങൾ കൃത്യമായി നിർവഹിക്കുകയും ചെയ്തു. അജൈവ പാഴ്‌വസ്തുക്കൾ എൽസിഎസിൽ എത്തിക്കുന്നതിനായി ഹരിത കർമ്മ സേനയ്ക്ക് പിക്കപ്പ് വാഹനം, ഇലക്ട്രിക് ഓട്ടോ എന്നിവ വാങ്ങി നൽകുകയും ചെയ്തു.
2021-‐24 കാലയളവിൽ 275 ടൺ പാഴ്‌വസ്‌തുക്കൾ വിലയടിസ്ഥാനത്തിൽ കൈമാറുകയും 21,5000 ലഭ്യമാക്കുകയും ചെയ്തു. യൂസർ ഫീ ഇനത്തിൽ 2024 ഡിസംബർ വരെ ഒരുകോടി 11 ലക്ഷം രൂപ പിരിച്ചെടുക്കുകയും ഹരിതകർമ്മ സേനാംഗങ്ങൾക്ക് 90% തുക വേതനമായി അതാത് മാസങ്ങളിൽ പത്താം തീയതി റിവ്യൂ മീറ്റിംഗ് കൂടി വീതിക്കുകയും ചെയ്തുവരുന്നു. 10% തുക കോർപ്പസ് ഫണ്ടായി കൺസോർഷ്യം ബാങ്ക് അക്കൗണ്ടിൽ പിടിച്ചിടുകയും അക്കൗണ്ടിൽനിന്ന് പിടിച്ചെടുക്കുന്ന ഈ തുക ഓണം ക്രിസ്മസ് വിഷു എന്നീ വിശേഷ ദിവസങ്ങളിൽ ബോണസായി വീതിച്ചു നൽകുകയും ഹരിത സേനാംഗങ്ങൾക്കുണ്ടാകുന്ന അപകടങ്ങളിൽ പ്രാഥമിക ചെലവുകൾക്കായി വിനിയോഗിക്കുകയും ചെയ്യുന്നു.
2025ലെ സ്വരാജ് ട്രോഫി ഇരട്ടയാറിനായിരുന്നു. തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ളവർ, വിദ്യാലയങ്ങൾ കോളേജുകൾ തുടങ്ങിയിൽ നിന്നും വരുന്ന കുട്ടികൾ എന്നിവർ ഇരട്ടയാറിൽ പഠന സന്ദർശനങ്ങൾ നടത്തുന്നു.
ഇക്കണോമിക്സ് സർവേ റിപ്പോർട്ടിൽ ഇടംപിടിച്ച രാജ്യത്തിന് തന്നെ മാതൃകയായ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഇന്നൊരു മോഡലാണ്. ഖര മാലിന്യ സംസ്കരണത്തിൽ ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിയ മോഡൽ. l