1917 ജൂൺ ഒന്നിന് ആന്ധ്രപ്രദേശിലെ വാറംഗൽ ജില്ലയിലെ ഇംഗുർത്തി ഗ്രാമത്തിലാണ് ദേവുലപ്പള്ളി വെങ്കിടേശ്വര റാവു ജനിച്ചത്. പിതാവിന്റെ പേര് ദേവുലപ്പള്ളി വരദറാവു.
വിദ്യാർഥിയായിരിക്കെതന്നെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ ആകൃഷ്‌ടനായ ഡി വി റാവു വിദ്യാർഥി‐സംഘടനാരംഗത്ത് വളരെ സജീവമായിരുന്നു. നിസ്സഹകരണപ്രസ്ഥാനത്തിൽ സജീവ പങ്കാളിത്തം വഹിച്ച അദ്ദേഹം ഊർജസ്വലനായ സംഘാടകൻ എന്ന പേര് വളരെവേഗം നേടിയെടുത്തു. ആന്ധ്ര മഹാസഭയുടെ സജീവ പ്രവർത്തകനുമായിരുന്നു അദ്ദേഹം. ആന്ധ്ര മഹാസഭയുടെ മൂന്നാം സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തു. നിരവധി സ്വാതന്ത്ര്യസമര നേതാക്കളുമായി പരിചയപ്പെടാൻ ഇത് അദ്ദേഹത്തിന് അവസരമൊരുക്കി.
ഒസ്‌മാനിയ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥിയായിരിക്കെ അന്ന് ഹൈദരാബാദ് സംസ്ഥാനത്തെ ‘വന്ദേഭാരതം’ എന്ന വിദ്യാർഥി പ്രസ്ഥാനത്തിന്റെ പ്രവർത്തകനായി. വിദ്യാർഥികളെ സംഘടിപ്പിച്ച് ബ്രിട്ടീഷ് സർക്കാരിനെതിരെ നിരന്തരം പ്രകടനങ്ങളുൾപ്പെടെ നിരവധി പ്രതിഷേധസമരങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. അതോടെ വെങ്കിടേശ്വര റാവു സർവകലാശാല അധികൃതരുടെ കണ്ണിലെ കരടായി മാറി. സർവകലാശാലാ അധികൃതരുടെ നിരന്തര ഭീഷണികളെ അദ്ദേഹം പാടേ അവഗണിച്ചു. അതോടെ അദ്ദേഹം സർവകലാശാലയിൽനിന്ന് പുറത്താക്കപ്പെട്ടു.
പൂർവാധികം ശക്തിയോടെ അദ്ദേഹം പ്രതിഷേധ പരിപാടികളിൽ അണിചേർന്നു; നിരവധി വിദ്യാർഥികളെയും ബഹുജനങ്ങളെയും അണിനിരത്തിക്കൊണ്ട് പ്രക്ഷോഭത്തിന്റെ മാർഗം സജീവമാക്കി.
സമരങ്ങൾക്കും സംഘടനാ പ്രവർത്തനങ്ങൾക്കുമൊപ്പം പഠനവും തുടരണമെന്ന വാശി വെങ്കിടേശ്വര റാവുവിനുണ്ടായിരുന്നു. ഈ കാലയളവിൽ മാർക്‌സിസ്റ്റ് കൃതികൾ തേടിപ്പിടിച്ചു വായിച്ചു. സോവിയറ്റ് യൂണിയനോടും അവിടത്തെ സർക്കാർ നടപ്പാക്കിക്കൊണ്ടിരുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥയോടുമുള്ള ആരാധന അദ്ദേഹത്തിൽ വളർന്നു.
1938ൽ അദ്ദേഹം ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി. സുന്ദരയ്യ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുമായി അദ്ദേഹം ഇതിനകം പരിചയം നേടിക്കഴിഞ്ഞിരുന്നു. ജന്മനാടായ നെൽഗൊണ്ടയിലേക്ക് മടങ്ങാനും കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് ശേഷിക്കുന്ന കാലം പ്രവർത്തിക്കാനും അദ്ദേഹം ഉറച്ച തീരുമാനമെടുത്തു. ആന്ധ്ര മഹാസഭയുടെ നൽഗൊണ്ട ജില്ലാ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പൊതുപ്രവർത്തനരംഗത്ത് ഉശിരൻ പ്രവർത്തനങ്ങൾ കാഴ്‌ചവെച്ചതോടെ ജനകീയബന്ധങ്ങൾ ശക്തിപ്പെടുത്താൻ റാവുവിന് സാധിച്ചു.
1939ൽ റാവുവിന്റെ ജീവിതത്തിൽ രണ്ട് സുപ്രധാന സംഭവങ്ങൾ ഉണ്ടായി. ആ വർഷം മേയിലാണ് അദ്ദേഹം വിവാഹിതനായത്. രംഗനായകമ്മയായിരുന്നു ജീവിതപങ്കാളി. റാവു കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായതും ഈ വർഷമാണ്.
1939 സെപ്‌തംബർ ഒന്നിനാണല്ലോ രണ്ടാം ലോകയുദ്ധം ആരംഭിച്ചത്. ആരംഭത്തിൽ ആ യുദ്ധം രണ്ടു സാമ്രാജ്യത്വ ചേരികൾ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. ജർമനിയും ഇറ്റലിയും ചേർന്ന ഫാസിസ്റ്റ് ചേരിയിൽ പിന്നീട് ജപ്പാനും ചേർന്നു. അവയ്‌ക്കെതിരെ ബ്രിട്ടൻ, ഫ്രാൻസ് മുതലായ പാശ്ചാത്യ സാമ്രാജ്യത്വശക്തികൾ അണിനിരന്നു. പിന്നീട് അമേരിക്കയും അവർക്കൊപ്പം അണിനിരക്കുകയായിരുന്നു.
1939 മുതൽ 1941 വരെയുള്ള രണ്ടുവർഷക്കാലം രണ്ട് സാമ്രാജ്യത്വചേരികൾ തമ്മിലുള്ള യുദ്ധം എന്നാണ് കമ്യൂണിസ്റ്റ് പാർട്ടി വിലയിരുത്തിയത്. യുദ്ധത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തേണ്ടത് തങ്ങളുടെ കടമയാണെന്ന് പാർട്ടി വിലയിരുത്തി. അതിനുള്ള പ്രവർത്തനങ്ങളിൽ പാർട്ടി പ്രവർത്തകരും നേതാക്കളും സജീവമായി പങ്കെടുത്തു. കമ്യൂണിസ്റ്റ് പാർട്ടി തൊഴിലാളികളുടെ പണിമുടക്കുൾപ്പെടെ ഉശിരൻ സമരങ്ങൾക്ക് നേതൃത്വം നൽകി.
നെൽഗൊണ്ട ജില്ലയിൽ നിരവധി പണിമുടക്കുകൾക്കും ഇതര സമരങ്ങൾക്കും വെങ്കിടേശ്വര റാവു നേതൃത്വം നൽകി. കർഷകത്തൊഴിലാളികളും കൃഷിക്കാരും വിദ്യാർഥികളും യുവജനങ്ങളുമെല്ലാം പോരാട്ടങ്ങളിൽ അണിനിരന്നു. ഈ വിഭാഗങ്ങൾക്കെല്ലാം താന്താങ്ങളുടേതായ അടിയന്തരാവശ്യങ്ങളുണ്ടായിരുന്നു. അവ കൃത്യമായും സൂക്ഷ്‌മമായും പഠിച്ചാണ് കമ്യൂണിസ്റ്റ് പാർട്ടി സമരങ്ങൾ നയിച്ചത്.
നാസി ജർമനി സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെ യുദ്ധത്തിന്റെ സ്വഭാവത്തിൽ മാറ്റം വന്നതായി കമ്യൂണിസ്റ്റ് പാർട്ടി നിരീക്ഷിച്ചു. അതോടെ കമ്യൂണിസ്റ്റ് പാർട്ടിക്കുമേലുള്ള നിരോധനം സർക്കാർ പിൻവലിച്ചു. അതോടെ വെങ്കിടേശ്വര റാവു ഉൾപ്പെടെയുള്ള നേതാക്കൾ പരസ്യമായ പാർട്ടി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
തെലുങ്കാന സായുധസമരത്തിന്റെ പ്രമുഖ സംഘാടകനായിരുന്നു വെങ്കിടേശ്വര റാവു. സാഹസികമായ നിരവധി പ്രവർത്തനങ്ങൾക്ക് അദ്ദേഹം ആ കാലയളവിൽ നേതൃത്വം നൽകി. 8 വർഷക്കാലം അദ്ദേഹം ഒളിവിൽ പ്രവർത്തിച്ചു. തെലുങ്കാന സമരത്തെക്കുറിച്ച് ഈ പംക്തിയിൽ പലതവണ വിശദീകരിച്ചിട്ടുള്ളതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല.
കമ്യൂണിസ്റ്റ് പാർട്ടിയുടെ നൽഗൊണ്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. പാർട്ടിക്കും ബഹുജനസംഘടനകൾക്കും വേരോട്ടമുണ്ടാക്കുന്നതിന് അദ്ദേഹം കഠിനാധ്വാനം ചെയ്‌തു.
1952ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ തെലങ്കാന പ്രദേശ് കമ്മിറ്റി രൂപീകരിക്കപ്പെട്ടു. അതിന്റെ സെക്രട്ടറിയേറ്റംഗമായി റാവു തിരഞ്ഞെടുക്കപ്പെട്ടു. തെലങ്കാന കർഷകസംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായും റാവു തിരഞ്ഞെടുക്കപ്പെട്ടു.
1964ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന 32 പേരിൽ ഒരാൾ ഡി വെങ്കിടേശ്വര റാവു ആയിരുന്നു.
1957ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നൽഗൊണ്ട പാർലമെന്റ് മണ്ഡലത്തിൽനിന്ന് റാവു ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജനകീയപ്രശ്‌നങ്ങൾ പഠിച്ച് ലോക്‌സഭയിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം സവിശേഷമായ സാമർഥ്യം പ്രകടിപ്പിച്ചു.
സിപിഐ എമ്മിന്റെ ആദ്യ കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റാവു 1967ൽ നക്‌സൽ പ്രസ്ഥാനം തലപൊക്കിയതോടെ നക്‌സലിസത്തിന്റെ വക്താവായി മാറി.
1968 ജൂണിൽ ടി നാഗിറെഡ്ഡിക്കൊപ്പം ആന്ധ്രപ്രദേശ് കോ‐ഓർഡിനേഷൻ കമ്മിറ്റി ഓഫ് കമ്യൂണിസ്റ്റ് റവല്യൂഷണറീസ് (എപിസിസിആർ) എന്ന സംഘടന രൂപീകരിച്ചു. പല പിളർപ്പുകൾ ആ സംഘടന നേരിട്ടു.
എഴുത്തുകാരനും പത്രപ്രവർത്തകനും കൂടിയായിരുന്ന അദ്ദേഹം നിരവധി കൃതികളുടെ കർത്താവാണ്.
1984 ജൂലൈ 12ന് ഡി വെങ്കിടേശ്വര റാവു അന്ത്യശ്വാസം വലിച്ചു. l