ശ്യാംറാവു പരുലേക്കർ

ഹാരാഷ്‌ട്രയിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനവും കർഷകപ്രസ്ഥാനവും നിരവധി ട്രേഡ്‌ യൂണിയനുകളും കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ സംഭാവനകൾ നൽകിയ നേതാക്കളിലൊരാളാണ്‌ ശ്യാംറാവു പരുലേക്കർ. ജീവിതപങ്കാളിയായിരുന്ന ഗോദാവരി പരുലേക്കറുടെ പിന്തുണയും സഹകരണവും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക്‌ തുണയായി ഉണ്ടായിരുന്നു.

ഇപ്പോഴത്തെ കർണാടക സംസ്ഥാനത്തിൽപെട്ട ബിജാപൂരിലെ ഒരു ഭൂപ്രഭു കുടുംബത്തിൽ 1902ൽ ശ്യാംറാവു പരുലേക്കർ ജനിച്ചു. പിതാവ്‌ ജില്ലാ ജഡ്‌ജിയായിരുന്നു. അന്നത്തെ രാജകുടുംബം നിയമോപദേശം ഉൾപ്പെടെ പല സേവനങ്ങളും അദ്ദേഹത്തിൽനിന്ന്‌ നേടിയിരുന്നു. ബിജാപൂരിലെ ഗവർണറായും താമസിയാതെ അദ്ദേഹം നിയമിക്കപ്പെട്ടു.

ബിജാപൂരിൽ തന്നെയായിരുന്നു ശ്യാംറാവുവിന്റെ പ്രാഥമിക വിദ്യാഭ്യാസം. ഫിലോസഫിയിൽ ബിരുദവും ബിരുദാനന്തരബിരുദവും അദ്ദേഹം നേടിയത്‌ ബോംബെയിൽ നിന്നാണ്‌. ഒന്നാം ക്ലാസിൽതന്നെ ശ്യാംറാവു പാസായി. അന്ന്‌ ഫിലോസഫി ഫസ്റ്റ്‌ ക്ലാസ്‌ നേടുകയെന്നത്‌ അപൂർവങ്ങളിൽ അപൂർവമായ നേട്ടമായിരുന്നു. മകൻ നിയമം പഠിച്ച്‌ തന്നെപ്പോലെ ജഡ്‌ജിയാകണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. നിയമബിരുദം എടുക്കുന്നതിനായി ലണ്ടനിൽ അയയ്‌ക്കാനാണ്‌ ആ പിതാവ്‌ ആഗ്രഹിച്ചത്‌.

എന്നാൽ ലണ്ടനിൽ പോകുന്നതിനോട്‌ ശ്യാംറാവുവിന്‌ തീരെ താൽപര്യമില്ലായിരുന്നു. കാരണം സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ അദ്ദേഹം ഏറെ ആകൃഷ്‌ടനായിരുന്നു. നാട്ടിൽ നിരന്തരം പ്രക്ഷോഭങ്ങൾ നടക്കുമ്പോൾ ലണ്ടനിൽ പോകാൻ അദ്ദേഹത്തിന്റെ മനസ്സനുവദിച്ചില്ല.

1927ൽ അദ്ദേഹം സെർവന്റ്‌സ്‌ ഓഫ്‌ ഇന്ത്യ സൊസൈറ്റിയിൽ അംഗമായി. 1905ൽ ഗോപാൽകൃഷ്‌ണ ഗോഖലെ സ്ഥാപിച്ച സംഘടനയാണിത്‌. വിദ്യാഭ്യാസം, ശുചിത്വം, ആരോഗ്യസംരക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. അതോടൊപ്പം തൊട്ടുകൂടായ്‌മ, അസമത്വം, വിവേചനം, സ്‌ത്രീപീഡനം തുടങ്ങിയ സാമൂഹികതിന്മകൾക്കെതിരെ ശക്തമായി നിലകൊള്ളുക എന്നതും ഈ സംഘടനയുടെ ലക്ഷ്യമായിരുന്നു. മേൽപറഞ്ഞ ലക്ഷ്യം നേടാനായി നിരവധി ക്യാന്പയിനുകൾ സെർവന്റ്‌സ്‌ ഓഫ്‌ ഇന്ത്യ സൊസൈറ്റി നടത്തി.

സെർവന്റ്‌സ്‌ ഓഫ്‌ ഇന്ത്യ സൊസൈറ്റിയ്‌ക്ക്‌ കീഴിൽ ഒരു ട്രേഡ്‌ യൂണിയൻ ഉണ്ടായിരുന്നു. എൻ എം ജോഷിയായിരുന്നു അതിന്റെ നേതാവ്‌. ശ്യാംറാവു പരുലേക്കർ ട്രേഡ്‌ യൂണിയനുമായി ബന്ധപ്പെടുകയും തൊഴിലാളികളെ സംഘടിപ്പിക്കുകയും ചെയ്‌തു.

1928ൽ കുർളയിലെ ടെക്‌സ്‌റ്റൈൽ തൊഴിലാളികളുടെ പണിമുടക്കിന്‌ പരുലേക്കർ നേതൃത്വം നൽകി. തൊഴിലാളികൾ നേരിടുന്ന നിരവധി ആവശ്യങ്ങൾ ഉയർത്തിയായിരുന്നു സമരം. പണിമുടക്ക്‌ നാലുമാസം നീണ്ടുനിന്നു. പണിമുടക്കിന്റെ കാരണങ്ങൾ വിശദീകരിച്ചുകൊണ്ട്‌ നിരവധി പൊതുയോഗങ്ങളിൽ അദ്ദേഹം പ്രസംഗിച്ചു. പണിമുടക്കിന്റെ വിജയത്തിന്‌ രാപകൽ ഭേദമില്ലാതെ അദ്ദേഹം പ്രവർത്തിച്ചു. എന്തു ത്യാഗം ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. അന്ന്‌ പരുലേക്കർ കമ്യൂണിസ്റ്റ്‌ പാർട്ടി അംഗമായിരുന്നില്ല. എങ്കിലും പണിമുടക്കിന്റെ വിജയത്തിന്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ സഹായം അദ്ദേഹം അഭ്യർഥിച്ചു. പണിമുടക്കിന്‌ നേതൃത്വം നൽകിയതിന്റെ പേരിൽ പൊലീസ്‌ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു.

എന്നാൽ ബ്രിട്ടീഷ്‌ അധികാരികളുടെ പ്രതികാര നടപടികളിൽ പരുലേക്കർ തെല്ലും കുലുങ്ങിയില്ല. എല്ലാ സമ്മർദങ്ങളെയും ഭീഷണികളെയും അവഗണിച്ചുകൊണ്ട്‌ അദ്ദേഹം തൊഴിലാളി സംഘടനാപ്രവർത്തനം തുടർന്നു. പരുലേക്കർ മാർക്‌സിസ്റ്റ്‌ കൃതികൾ ആഴത്തിൽ പഠിച്ചു. അത്‌ പ്രചരിപ്പിക്കേണ്ടത്‌ അനിവാര്യമാണെന്ന്‌ അദ്ദേഹത്തിന്‌ ബോധ്യപ്പെട്ടു. ബോംബെയിൽ വിവിധ വിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച അദ്ദേഹം താനെ ജില്ലയിലും നിരവധി തൊഴിലാളികളെ സംഘടിപ്പിച്ചു. താമസിയാതെ പരുലേക്കർ പ്രവർത്തനം താനെയിലെക്ക്‌ മാറ്റുകയും ചെയ്‌തു. പല ഭാഗങ്ങളിൽ മുതലാളിമാർ ഗുണ്ടകളെ ഉപയോഗിച്ച്‌ ട്രേഡ്‌ യൂണിയൻ പ്രവർത്തനങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചു. പൊലീസിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായം മുതലാളിമാർക്കും അവരുടെ ഗുണ്ടകൾക്കുമുണ്ടായിരുന്നു. എങ്കിലും അതിനെയെല്ലാം ചെറുത്തുതോൽപിക്കാനുള്ള ഇച്ഛാശക്തി അദ്ദേഹവും സഹപ്രവർത്തകരും പ്രകടിപ്പിച്ചു.

1936ൽ പരുലേക്കറുടെ നേതൃത്വത്തിൽ അംബർനാഥിലെ മാർച്ച്‌ ഫാക്ടറി തൊഴിലാളികൾ നടത്തിയ പണിമുടക്ക്‌ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്‌. ആറുമാസം നീണ്ടുനിന്ന ആ പണിമുടക്ക്‌ സംസ്ഥാനമൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു. മാനേജ്‌മെന്റ്‌ നിരവധി പ്രതികാര നടപടികളുമായി രംഗത്തുവന്നു. പലരെയും പിരിച്ചുവിട്ടു.

1937‐39 കാലത്ത്‌ ഭൂപ്രഭുക്കളുടെ അടിച്ചമർത്തലിനെതിരെ ശ്യാംറാവുവിന്റെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടന്നു. അന്ന്‌ ജോലിക്ക്‌ കൂലി പണമായിരുന്നില്ല. നെല്ല്‌, ഗോതന്പ്‌ തുടങ്ങിയ കാർഷികവിഭവങ്ങൾ തന്നെയായിരുന്നു കൂലിയായി നൽകിയിരുന്നത്‌. ഭൂപ്രഭുക്കളും അവരുടെ ഗുണ്ടകളും തൂക്കത്തിലും അളവിലും കള്ളത്തരം കാണിച്ചു. അതിനെതിരെ വലിയ പ്രക്ഷോഭം സംഘടിപ്പിക്കപ്പെട്ടു. ഭൂപ്രഭുക്കൾ തട്ടിപ്പിൽനിന്ന്‌ പിന്തിരിയാൻ നിർബന്ധിതരായി. അതോടെ കർഷകത്തൊഴിലാളികൾ ആവേശഭരിതരായി. മറ്റു പല ഭാഗങ്ങളിലേക്കും സമരം വ്യാപിച്ചു. ശേത്‌കാരി സംഘ്‌ എന്ന സംഘടനയ്‌ക്ക്‌ ശ്യാംറാവു നേതൃത്വം നൽകി. കാർഷികരംഗത്തെ നിരവധി ചൂഷണങ്ങൾക്ക്‌ അറുതിവരുത്താൻ ഈ സംഘടനയുടെ പ്രക്ഷോഭങ്ങൾക്ക്‌ സാധിച്ചു.

അതിനിടയിൽ അദ്ദേഹം ബി ആർ അംബേദ്‌കർ സ്ഥാപിച്ച ഇൻഡിപെൻഡന്റ്‌ ലേബർ പാർട്ടി (ഐഎൽപി)യിൽ അംഗമായി. 1937ൽ ഐഎൽപിയുടെ സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം ബോംബെ നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. രത്‌നഗിരി ജില്ലയിൽ നിന്നാണ്‌ അദ്ദേഹം ജനവിധി തേടിയത്‌. തൊഴിലാളികളുടെയും കർഷകരുടെയും മർദിത ജനവിഭാഗങ്ങളുടെയും മറ്റ്‌ അരികുവത്‌കരിക്കപ്പെട്ടവരുടെയും പ്രശ്‌നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം അഗ്രഗണ്യനായിരുന്നു.

ഖോതി എന്ന പേരിൽ അറിയപ്പെട്ട ഭൂപ്രഭു സമ്പ്രദായം കർഷകരെയും കർഷകത്തൊഴിലാളികളെയും ചൂഷണം ചെയ്യുന്നതായിരുന്നു. ഈ സമ്പ്രദായം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ പരുലേക്കർ നിയമസഭയിൽ ബിൽ അവതരിപ്പിച്ചു. ബില്ലിന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ എണ്ണായിരത്തിലേറെ കർഷകർ ബോംബെ നിയമസഭയുടെ മുന്പിൽ പ്രകടനം നടത്തി. പ്രക്ഷോഭത്തിന്റെ ഫലമായി ഖോതി സമ്പ്രദായം അവസാനിപ്പിക്കപ്പെട്ടു. നിരവധി ജാതിവിരുദ്ധ പ്രക്ഷോഭങ്ങൾക്കും ഇക്കാലത്ത്‌ നേതൃത്വം നൽകി.

1938 ജൂലൈയിൽ നടന്ന ഐഎൽഒയുടെ ലോക തൊഴിലാളിക സമ്മേളനത്തിൽ ഇന്ത്യൻ തൊഴിലാളികളുടെ പ്രതിനിധിയായി പങ്കെടുത്തത്‌ പരുലേക്കറാണ്‌. ഇന്ത്യയിലെ തൊഴിലാളികളുടെ ദയനീയമായ അവസ്ഥയുടെ നേർചിത്രം അവതരിപ്പിച്ചുകൊണ്ട്‌ പരുലേക്കർ നടത്തിയ ഉജ്വല പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ പ്രസംഗത്തിന്റെ ഏതാനും ഭാഗങ്ങൾ ബ്രിട്ടീഷ്‌ കമ്യൂണിസ്റ്റ്‌ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന രജനി പാംദത്ത്‌, തന്റെ വിഖ്യാത കൃതിയായ ‘ഇന്ത്യ ടുഡേ’യിൽ ഉദ്ധരിച്ചിട്ടുണ്ട്‌.

1939 മെയ്‌ 24ന്‌ ശ്യാംറാവു പരുലേക്കറുടെ ജീവിതത്തിലെ സുപ്രധാനമായ ദിനമായി. ഗോദാവരിയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം നടന്നത്‌ അന്നാണ്‌. ഗോദാവരി ശ്യാംറാവുവിന്റെ ജീവിതത്തിലെയും രാഷ്‌ട്രീയപ്രവർത്തനങ്ങളിലെയും പങ്കാളിയായിരുന്നു. വിവാഹം കഴിക്കുന്ന വേളയിൽ ഇരുവരും സെർവന്റ്‌സ്‌ ഓഫ്‌ ഇന്ത്യ സൊസൈറ്റിയുടെ സജീവ പ്രർത്തകരായിരുന്നു.

സെർവന്റ്‌സ്‌ ഓഫ്‌ ഇന്ത്യ, ഐഎൽപി എന്നിവയുടെ പരിമിതികളെക്കുറിച്ച്‌ ഇരുവർക്കും നല്ല ബോധ്യമുണ്ടായിരുന്നു. തങ്ങൾ ആഗ്രഹിക്കുന്ന സാമൂഹിക മാറ്റത്തിന്‌ ഈ രണ്ടു സംഘടനകളും പോരാ എന്ന നിഗമനത്തിലാണവർ എത്തിയത്‌.

നേരത്തെതന്നെ മാർക്‌സിസം‐ലെനിനിസം പഠിച്ച അവർക്ക്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയോട്‌ ആഭിമുഖ്യം വർധിച്ചു. രണ്ടാംലോക യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ നിലപാടിനെയാണ്‌ പരുലേക്കർ ദന്പതികൾ പിന്തുണച്ചത്‌. ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ ഇന്ത്യയിലെ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചതാണ്‌ യുദ്ധം എന്നതായിരുന്നല്ലോ പർട്ടിയുടെ നിലപാട്‌. അതുകൊണ്ടുതന്നെ യുദ്ധത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തുന്ന പ്രവർത്തനങ്ങളിൽ കമ്യൂണിസ്റ്റ്‌ പാർട്ടി നേതാക്കളും പ്രവർത്തകരും ഏർപ്പെട്ടു. യുദ്ധവിരുദ്ധ പ്രവർത്തനങ്ങളിൽ പരുലേക്കർ ദന്പതികൾ സജീവമായി പ്രവർത്തിച്ചു.

1940 മാർച്ച്‌ 3ന്‌ ബോംബെയിലെ തൊഴിലാളികൾ പണിമുടക്കാരംഭിച്ചു. ബി ടി രണദിവെ, എസ്‌ എ ഡാങ്കെ, എസ്‌ എസ്‌ മിറാജ്‌കർ തുടങ്ങിയ നേതാക്കൾ ഒരാഴ്‌ചയ്‌ക്കുള്ളിൽ അറസ്റ്റിലായി. താമസിയാതെ ശ്യാംറാവു പരുലേക്കറും ഗോദാവരി പരുലേക്കറും അറസ്റ്റ്‌ ചെയ്യപ്പെട്ടു. ശ്യാംറാവുവിനെ രണ്ടുവർഷത്തേക്ക്‌ കോടതി ശിക്ഷിച്ചു.

പരുലേക്കർ ദന്പതികൾ അറസ്റ്റ്‌ ചെയ്യപ്പെട്ടതോടെ സെർവന്റ്‌സ്‌ ഓഫ്‌ ഇന്ത്യയിലെ മിതവാദി വിഭാഗം അവരെ രണ്ടുപേരെയും സംഘടനയിൽനിന്ന്‌ പുറത്താക്കി.

1942ൽ ജയിൽമോചിതനായ പരുലേക്കർ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായി. പാർട്ടി അംഗമായ ഉടൻതന്നെ അദ്ദേഹം സംഘടനയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനായി. ജനങ്ങൾക്കിടയിൽ പാർട്ടിയുടെ ആശയങ്ങൾ വ്യാപിപ്പിക്കാൻ ലഘുലേഖകൾ അദ്ദേഹം തയ്യാറാക്കി; അവ പരമാവധി ജനങ്ങളിൽ എത്തിച്ചു. പല സ്ഥലങ്ങളിലും പാർട്ടി ഘടകങ്ങൾ രൂപീകരിക്കുന്നതിന്‌ നേതൃത്വം നൽകി. അതുമൂലം അംബർനാഥിലും സമീപപ്രദേശങ്ങളിലും ശക്തമായ പാർട്ടി ഘടകങ്ങൾ രൂപീകരിക്കപ്പെട്ടു.

കൃഷിക്കാർ നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്‌. അവർക്കിടയിൽ സജീവമായി പ്രവർത്തിക്കാൻ പാർട്ടി നിർദേശമനുസരിച്ച്‌ അദ്ദേഹം തീരുമാനിച്ചു. ഗോദാവരിയും അദ്ദേഹത്തിന്‌ കൂട്ടായുണ്ടായിരുന്നു. അഖിലേന്ത്യാ കിസാൻസഭയുടെ മഹാരാഷ്‌ട്രയിലെ പ്രധാന സംഘാടകരായി പരുലേക്കർ ദന്പതികൾ മാറി. 1944 മാർച്ചിൽ വിജയവാഡയിൽ ചേർന്ന കിസാൻസഭ സമ്മേളനത്തിൽ മഹാരാഷ്‌ട്രയിൽനിന്നുള്ള പ്രതിനിധികളായി അവർ ഇരുവരും പങ്കെടുത്തു. പി സുന്ദരയ്യ, എം ബസവപുന്നയ്യ തുടങ്ങിയ പ്രമുഖ കമ്യൂണിസ്റ്റ്‌ നേതാക്കളെ പരിചയപ്പെടാൻ ഈ സമ്മേളനം വേദിയൊരുക്കി.

1945 ജനുവരി 12ന്‌ കിസാൻസഭയുടെ മഹാരാഷ്‌ട്ര സംസ്ഥാനസമ്മേളനം ഠാണ ജില്ലയിലെ തിത്‌വാലയിൽ നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 7000ത്തിൽ ഏറെ കർഷകർ പങ്കെടുത്തു. ശ്യാംറാവു പരുലേക്കറെ കിസാൻസഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു; ജോയിന്റ്‌ സെക്രട്ടറിയായി ഗോദാവരിയെയും.

തിത്‌വാല സമ്മേളനത്തിൽ പങ്കെടുത്ത ഒരു ആദിവാസി പ്രതിനിധി വിവരിച്ച തങ്ങളുടെ സ്വന്തം അനുഭവം ശ്യാംറാവുവിന്റെ ഹൃദയത്തെ വല്ലാതെ ഉലയ്‌ക്കുന്നതായിരുന്നു. സമ്മേളനത്തിൽ പങ്കെടുത്തവരെല്ലാം അന്പരപ്പോടെയാണ്‌ ഈ അനുഭവകഥ കേട്ടത്‌. തങ്ങളുടെ പ്രദേശം സന്ദർശിക്കാൻ ആ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ കിസാൻസഭ നേതാക്കളോട്‌ അഭ്യർഥിച്ചു. താനെ ജില്ലയിലെ ആദിവാസി വിഭാഗങ്ങൾ വർളികൾ എന്ന പേരിലാണ്‌ അറിയപ്പെട്ടത്‌. ഭൂപ്രഭുക്കളിൽ നിന്നും അവരുടെ ഗുണ്ടകളിൽനിന്നും വലിയ ചൂഷണവും അടിച്ചമർത്തലുകളുമാണ്‌ വർളികൾക്ക്‌ അനുഭവിക്കേണ്ടിവന്നത്‌. താനെ ജില്ലയിലെ ആദിവാസികേന്ദ്രം സന്ദർശിക്കാൻ ശ്യാംറാവു തീരുമാനിച്ചു. ഒരു നൂറ്റാണ്ടുകാലമായി ഈ ജനവിഭാഗം നേരിടുന്ന ദുരിതങ്ങളുടെ ചിത്രം അദ്ദേഹത്തിന്‌ ആ സന്ദർശനത്തിൽനിന്ന്‌ ബോധ്യപ്പെട്ടു. അവരുടെ ദുരിതങ്ങൾക്ക്‌ അറുതിവരുത്താൻ പരമാവധി ശ്രമിക്കുമെന്ന്‌ അദ്ദേഹം സ്വയം പ്രതിജ്ഞയെടുത്തു.

ശ്യാംറാവുവും ഗോദാവരിയും വർളികൾക്കൊപ്പം അവരുടെ ഊരുകളിൽ താമസിച്ചു. ആ പ്രദേശത്തിന്റെ എല്ലാ ഭാഗങ്ങളിലും അവർ സഞ്ചരിച്ചു; അവരുടെ ഭക്ഷണം കഴിച്ച്‌ അവരിലൊരാളായി മാറി.

1945 മെയ്‌ 23ന്‌ പരുലേക്കർ ദന്പതികൾ ഉംബർഗോൺ താലൂക്കിലെ സാരി വില്ലേജിൽ ആദിവാസികളുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടി. അയ്യായിരത്തോളം ആളുകൾ അതിൽ പങ്കെടുത്തു. അവരിൽ അഞ്ഞൂറോളം പേർ വനിതകളായിരുന്നു. ശ്യാംറാവുവും ഗോദാവരിയും ഈ സമ്മേളനത്തിൽ പ്രസംഗിച്ചു. ഒരു വിട്ടുവീഴ്‌ചയുമില്ലാതെ പോരാടിയാൽ മാത്രമേ ഇപ്പോഴത്തെ ദുഃസ്ഥിതിക്ക്‌ പരിഹാരാമാകൂ എന്ന്‌ സമ്മേളനം വിലയിരുത്തി. അതിനാൽ ശക്തമായ പോരാട്ടത്തിന്‌ സമ്മേളനം ആഹ്വാനം ചെയ്‌തു. 1947 വരെ നീണ്ടുനിന്ന സമരത്തിന്റെ ഒന്നാംഘട്ടം വിജയകരമായി പൂർത്തീകരിച്ചു. ആദിവാസികൾ ഉന്നയിച്ച പല അടിയന്തരാവശ്യങ്ങളും അംഗീകരിക്കപ്പെട്ടു. 1945‐46 കാലയളവിൽ ബ്രിട്ടീഷ്‌ ഗവൺമെന്റും 1946‐47ൽ കോൺഗ്രസിന്റെ ഇടക്കാല ഗവൺമെന്റും വർളികളുടെ പ്രക്ഷോഭത്തിനെതിരെ മർദനം അഴിച്ചുവിടുകയാണ്‌ ചെയ്‌തത്‌.

1947ൽ വർളി സമരത്തെക്കുറിച്ച്‌ ശ്യാംറാവു പരുലേക്കർ ഇംഗ്ലീഷിൽ എഴുതിയ ‘ആദിവാസികളുടെ സമരം’ പുസ്‌തകം ശ്രദ്ധേയമായി.

1948ൽ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ രണ്ടാം കോൺഗ്രസ്‌ അംഗീകരിച്ച തീസിസിന്റെ പേരിൽ കോൺഗ്രസ്‌ സർക്കാർ കമ്യൂണിസ്റ്റ്‌ പാർട്ടിയെ നിരോധിച്ചു. അതോടെ പാർട്ടി നേതാക്കളും പ്രവർത്തകരും ഒളിവിൽ പോയി. പരുലേക്കർ ദന്പതിമാരും ഒളിവിലാണ്‌ പാർട്ടി പ്രവർത്തനങ്ങൾ നടത്തിയത്‌. മൂന്നുവർഷക്കാലം അവർ ഇരുവരും ഒളിവിൽ പ്രവർത്തനങ്ങൾ നടത്തി. 1951ൽ ഇരുവരും അറസ്റ്റിലായി. രണ്ടുവർഷത്തെ ശിക്ഷ ഇരുവർക്കും ലഭിച്ചു.

പോർത്തുഗീസ്‌ കോളനിയായിരുന്ന ദാദ്ര‐നാഗർഹവേലി മോചിപ്പിക്കുന്നതിന്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ നേതൃത്വത്തിൽ വർളികൾ പ്രധാന പങ്കുവഹിച്ചു. ദാദ്ര‐നാഗർഹവേലി മേഖലയിലും നിരവധി വർളികൾ അധിവസിച്ചിരുന്നു. അവർ മഹാരാഷ്‌ട്രയിലെ വർളികളുടെ പ്രക്ഷോഭത്തിൽ നിന്ന്‌ പ്രചോദനം ഉൾക്കൊണ്ടാണ്‌ സമരത്തിൽ സജീവമായി പങ്കെടുത്തത്‌. പോർത്തുഗീസുകാർ അവസാനം ഇന്ത്യാ ഗവൺമെന്റിന്‌ കീഴടങ്ങാൻ നിർബന്ധിതരായി.

1957ലെ പാർലമെന്റ്‌ തിരഞ്ഞെടുപ്പിൽ ഠാണ ലോക്‌സഭാ മണ്ഡലത്തിൽനിന്ന്‌ ശ്യാംറാവു പരുലേക്കർ വിജയിച്ചു. പാർലമെന്ററി പ്രവർത്തനത്തെ ജനകീയപ്രശ്‌നങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുള്ള വേദിയാക്കി മാറ്റുന്നതിൽ അദ്ദേഹം വിജയിച്ചു. അതോടൊപ്പം പാർലമെന്റിനു പുറത്ത്‌ നിരവധി സമരങ്ങൾക്ക്‌ നേതൃത്വം നൽകാനും അദ്ദേഹം ശ്രദ്ധിച്ചു.

1958ൽ നടന്ന കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ അമൃത്‌സർ കോൺഗ്രസ്‌ ശ്യാംറാവു പരുലേക്കറെ നാഷണൽ കൗൺസിലിലേക്ക്‌ തിരഞ്ഞെടുത്തു. സമർഥനായ ട്രേഡ്‌ യൂണിയനിസ്റ്റ്‌ കൂടിയായിരുന്ന അദ്ദേഹം എഐടിയുസിയുടെ സംസ്ഥാന അസിസ്റ്റന്റ്‌ സെക്രട്ടറിയായും പ്രവർത്തിച്ചു.

1961 ഏപ്രിൽ 7 മുതൽ 16 വരെ വിജയവാഡയിൽ ചേർന്ന ആറാം പാർട്ടി കോൺഗ്രസ്‌ അദ്ദേഹത്തെ വീണ്ടും നാഷണൽ കൗൺസിലിലേക്ക്‌ തിരഞ്ഞെടുത്തു.

ഇന്ത്യ, ചൈന അതിർത്തിസംഘട്ടനത്തിന്റെ പേരിൽ കമ്യൂണിസ്റ്റ്‌ പാർട്ടി നേതാക്കളെ പലരെയും കൂട്ടത്തോടെ ജയിലിലടയ്‌ക്കുകയായിരുന്നല്ലോ. 1962 നവംബർ 7ന്‌ ശ്യാംറാവുവിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. മറ്റു പല നേതാക്കളെയും മോചിപ്പിച്ചപ്പോഴും ബി ടി രണദിവെയ്‌ക്കും മറ്റുമൊപ്പം ശ്യാംറാവുവിനെയും ജയിലിൽ പാർപ്പിക്കുകയായിരുന്നു.

അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയിൽനിന്ന്‌ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ ഇറങ്ങിവന്ന 32 പേർക്കൊപ്പമായിരുന്നു ശ്യാംറാവുവും നിലകൊണ്ടത്‌. കമ്മിറ്റി നടക്കുമ്പോഴും അദ്ദേഹം ജയിലിലടയ്‌ക്കപ്പെട്ടതിനാൽ പങ്കെടുക്കാൻ കഴിഞ്ഞില്ല എന്നുമാത്രം.

1965 ആഗസ്‌ത്‌ 3ന്‌ ജയിലിൽവെച്ച്‌ ഹൃദയസ്‌തംഭനം മൂലം ശ്യാംറാവു പരുലേക്കർ അന്തരിച്ചു. അന്ത്യംവരെ പാർട്ടിക്കുവേണ്ടി ജയിലിൽ കിടന്ന അപൂർവം നേതാക്കളിലൊരാളായി ശ്യാംറാവു മാറി. l

Hot this week

വിവാഹാലോചനയുമായി റഷ്യയിലേക്ക്

ഇമിഗ്രേഷൻ കൗണ്ടറിലെ ക്യാമറയിൽ ഞാൻ നിസ്സഹായനായി നോക്കി നിന്നു. എന്റെ കൂടെവന്നവരെല്ലാം...

നിസ്വവർഗത്തോടൊപ്പം നിലയുറപ്പിച്ച സർഗവ്യക്തിത്വം

സ്കൂൾ ഓഫ് ഡ്രാമയുടെ താളം കൃഷ്ണൻ നമ്പൂതിരി മാഷായിരുന്നുവെങ്കിൽ അതിന്റെ സംഗീതം...

ആത്മനൊമ്പരങ്ങളുടെ നേർക്കാഴ്‌ചകൾ

സ്വയം എരിയാൻ കൂട്ടാക്കാത്ത കുറേ നോവുകളെ പുനരാവിഷ്കരിക്കുകയാണ് കാവ്യരചനയിലൂടെ പൊതുവേ കവികൾ...

അതിരുകൾക്കപ്പുറമുള്ള കലാലോകം

ചേർത്തുനിർത്തലിന്റെയും ഒഴിവാക്കലിന്റെയും അതിരുകൾ എങ്ങനെ രൂപപ്പെടുന്നുവെന്ന ചിന്ത പങ്കുവയ്‌ക്കുകയാണ്‌ ദർബാർ ഹാൾ...

ചോരചിന്തിയ കുട്ടംകുളം സമരവും സാമൂഹ്യ‐രാഷ്ട്രീയ മുന്നേറ്റങ്ങളും

ചരിത്രപ്രസിദ്ധമായ കുട്ടംകുളം സമരത്തിന്റെ 79-‐ാം വാർഷികദിനമായിരുന്നു ഈ ജൂലായ് 6. കൂട്ടംകുളത്ത്...

Topics

വിവാഹാലോചനയുമായി റഷ്യയിലേക്ക്

ഇമിഗ്രേഷൻ കൗണ്ടറിലെ ക്യാമറയിൽ ഞാൻ നിസ്സഹായനായി നോക്കി നിന്നു. എന്റെ കൂടെവന്നവരെല്ലാം...

നിസ്വവർഗത്തോടൊപ്പം നിലയുറപ്പിച്ച സർഗവ്യക്തിത്വം

സ്കൂൾ ഓഫ് ഡ്രാമയുടെ താളം കൃഷ്ണൻ നമ്പൂതിരി മാഷായിരുന്നുവെങ്കിൽ അതിന്റെ സംഗീതം...

ആത്മനൊമ്പരങ്ങളുടെ നേർക്കാഴ്‌ചകൾ

സ്വയം എരിയാൻ കൂട്ടാക്കാത്ത കുറേ നോവുകളെ പുനരാവിഷ്കരിക്കുകയാണ് കാവ്യരചനയിലൂടെ പൊതുവേ കവികൾ...

അതിരുകൾക്കപ്പുറമുള്ള കലാലോകം

ചേർത്തുനിർത്തലിന്റെയും ഒഴിവാക്കലിന്റെയും അതിരുകൾ എങ്ങനെ രൂപപ്പെടുന്നുവെന്ന ചിന്ത പങ്കുവയ്‌ക്കുകയാണ്‌ ദർബാർ ഹാൾ...

ചോരചിന്തിയ കുട്ടംകുളം സമരവും സാമൂഹ്യ‐രാഷ്ട്രീയ മുന്നേറ്റങ്ങളും

ചരിത്രപ്രസിദ്ധമായ കുട്ടംകുളം സമരത്തിന്റെ 79-‐ാം വാർഷികദിനമായിരുന്നു ഈ ജൂലായ് 6. കൂട്ടംകുളത്ത്...

കാഴ്‌ചയിലെ അപൂർവ നിമിഷങ്ങൾ

പ്രകൃതിയും മനുഷ്യനും മറ്റ്‌ ജീവജാലങ്ങളുമൊക്കെച്ചേരുന്ന രൂപങ്ങളിൽ പ്രകാശനിർണയത്തിലൂടെ ലഭ്യമാകുന്ന വർണസങ്കലനത്തെ സൂക്ഷ്‌മമായി...

ജാനകിvs ജാനകി വി : അപായമണിമുഴക്കം പ്രമുഖരുടെ പ്രതികരണം

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക്   സെൻസർ ബോർഡ് ...

ഫാസിസവും നവഫാസിസവും‐ 12

അപരത്വം നവലിബറൽ സാമ്പത്തിക നയങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വരുത്തിയ മാറ്റങ്ങളും...
spot_img

Related Articles

Popular Categories

spot_imgspot_img