സിപിഐ എം ഒരു മുസ്ലീം വിരുദ്ധ പാർട്ടിയാണെന്ന നരേഷൻ സൃഷ്ടിച്ചെടുക്കാനുള്ള ഹീനമായ പ്രചരണതന്ത്രങ്ങളാണ് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും കുറേക്കാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. അവരോടൊപ്പം ചേർന്ന് ചില ഉത്തരാധുനിക സ്വത്വവാദികളും നേതാക്കളുടെ പ്രസ്താവനകളെയും പ്രസംഗങ്ങളെയും സത്താരഹിതമായി അപനിർമിച്ച് മുസ്ലീംവിരുദ്ധരാണ് സിപിഐ എം എന്ന് വരുത്തിത്തീർക്കാനുള്ള പ്രയത്‌നങ്ങൾ തുടരുന്നുണ്ട്. ഇപ്പോൾ അത് മുസ്ലീംലീഗും കോൺഗ്രസുകാരുമൊക്കെ ഏറ്റെടുത്തിരിക്കുന്നു. എന്തുകൊണ്ടാണ് ജമാഅത്തെഇസ്ലാമിയും അവരുടെ ഉടമസ്ഥതയിലുള്ള മാധ്യമം പത്രവും മീഡിയാവൺ ചാനലുമെല്ലാം സിപിഐ എമ്മിനെ മുസ്ലീംവിരുദ്ധ ഹിന്ദു പാർട്ടിയായി നിരന്തരമായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം അത് പ്രത്യയശാസ്ത്രപരമാണ് എന്നതാണ്. ഒരു ദാവൂദോ, ഒരു ഷെയ്ക്ക് മുഹമ്മദ് കാരകുന്നോ ഒന്നുമല്ല പ്രശ്‌നം, പ്രശ്‌നം മൗദൂദിസമാണ്.
ആർഎസ്എസിനെയും അവരുടെ ഹിന്ദുത്വപ്രത്യയശാസ്ത്രത്തെയും എതിർക്കുമ്പോൾ സംഘപരിവാറുകാർ സിപിഐ എമ്മിനെ ഹിന്ദു വിരുദ്ധ പാർട്ടിയായി ആക്ഷേപിച്ച് അവരുടെ മുസ്ലീം വിരുദ്ധമായ മതരാഷ്ട്ര അജൻഡയ്ക്ക് പരിച തീർക്കുന്നതുപോലെയാണ് മൗദൂദിസ്റ്റുകൾ അവരുടെ മതരാഷ്ട്രവാദത്തെ എതിർക്കുന്ന സിപിഐ എമ്മിനെ മുസ്ലീം വിരുദ്ധ പാർട്ടിയായി ചിത്രീകരിക്കാനുള്ള വൃഥാശ്രമം നടത്തുന്നത്. കേരളത്തിലെ എല്ലാ വിഭാഗത്തിലുംപെട്ട മതവിശ്വാസികൾ സിപിഐ എമ്മിന്റെ അടിയുറച്ച മതനിരപേക്ഷ നിലപാടുകൾ സ്വന്തം അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞവരാണ്. 1950-കളിലെ ബേപ്പൂർ, പയ്യോളി കലാപങ്ങളിലും 1970-ലെ തലശ്ശേരി കലാപത്തിലും സിപിഐ എം എങ്ങനെയാണ് ന്യൂനപക്ഷങ്ങൾക്കെതിരായി ഉയർന്നുവരുന്ന ഭൂരിപക്ഷ വർഗീയഭീഷണിയെ പ്രതിരോധിച്ചതെന്ന് ചരിത്രബോധമുള്ള എല്ലാവർക്കും അറിയാവുന്നതാണ്.
സവർക്കറിസത്തെയും ഗോൾവാൾക്കറിസത്തെയുമെന്നപോലെ മൗദൂദിസത്തെയും വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്നുവെന്നതാണ് സിപിഐ എമ്മിനെ ജമാഅത്തെഇസ്ലാമിക്കാരുടെ ശത്രുവാക്കിയിരിക്കുന്നത്. സിപിഐ എം നേതാക്കളെയെല്ലാം ‘സംഘാവും’ മുസ്ലീം വിരുദ്ധരുമായി ചാപ്പയടിക്കുന്ന സാമൂഹ്യമാധ്യമപ്രചരണങ്ങളും മീഡിയാവൺ ചർച്ചകളുമാണ് ജമാഅത്തെഇസ്ലാമിയുടെ അപകടകരമായ വിദേ-്വഷപ്രചരണങ്ങൾ വിതാനങ്ങളിലേക്ക് എത്തിക്കുന്നത്. ഈ വിധമുള്ള വിദേ-്വഷ പ്രചരണത്തെ പ്രതിരോധിക്കേണ്ടത് അടിയന്തര രാഷ്ട്രീയകടമയായിരിക്കുന്നുമുണ്ട്. ദാവൂദിനെപ്പോലുള്ളവർ യഥേഷ്ടം തങ്ങളെ എതിർക്കുന്നവർക്കെതിരായി എന്തും വാരിവലിച്ചെറിയുന്ന രീതിയാണ് കാലാകാലങ്ങളായി തുടരുന്നത്. 26 വർഷം മുമ്പുള്ള എൻ കണ്ണന്റെ നിയമസഭാ പ്രസംഗത്തെ വളച്ചൊടിച്ച് മുസ്ലീംവിരുദ്ധമാണെന്ന് നുണപറയുന്ന ഇതേ ദാവൂദ് തന്നെയാണ് 2000-ത്തിൽ മുസ്ലീംലീഗ് വിഭജനകാലത്ത് നാലായിരം പേരെ കൊന്നവരുടെ തുടർച്ചയാണെന്ന് തള്ളിവിട്ടത്. മുജാഹിദ് സംഘടനകളെയാകെ ഐഎസ്ഐഎസുമായി സാമ്യപ്പെടുത്തുന്നതിനും ദാവൂദിന് ഒരു മടിയുമുണ്ടായില്ല. വായിൽതോന്നിയത് കോതയ്ക്ക് പാട്ട് എന്നല്ലാതെ എന്തുപറയാനാണ്?
ഹിന്ദുത്വം എന്നതുപോലെ രാഷ്ട്രീയഇസ്ലാമിസവും മതരാഷ്ട്രവാദത്തെ ലക്ഷ്യംവെക്കുന്ന പ്രത്യയശാസ്ത്രമാണ്. സാർവലൗകികമായ മാനവികതയ്ക്കും മനുഷ്യവിമോചന പ്രസ്ഥാനങ്ങൾക്കും എതിരായിട്ടാണ് മതരാഷ്ട്രവാദ സിദ്ധാന്തങ്ങൾ ചരിത്രത്തിലുടനീളം ഉയർന്നുവന്നത്. മനുഷ്യവിമോചനത്തിനുവേണ്ടിയുള്ള സമത്വാശയങ്ങളെയും അദ്ധ്വാനിക്കുന്നവരുടെ പ്രസ്ഥാനങ്ങളെയും ജമാഅത്തെഇസ്ലാമിയുടെ ആചാര്യനായ മൗദൂദി അങ്ങേയറ്റം ശത്രുതയോടെയും ഒരുതരം വംശീയവിദേ-്വഷത്തോടെയുമാണ് കണ്ടത്. ആ മൗദൂദിയൻ വംശീയഭ്രാന്തിൽനിന്നാണ് ദാവൂദിനെപോലുള്ളവർ കമ്യൂണിസ്റ്റ് – ഇടതുപക്ഷപ്രസ്ഥാനങ്ങളെ അത്യന്തം ഹീനമായ വിദേ-്വഷപ്രചരണങ്ങളിലൂടെ നിരന്തരം അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്.
മാർക്‌സിനെയും അദ്ദേഹത്തിന്റെ ചിന്താപദ്ധതികളെയുംപറ്റി മൗദൂദിയുടെ നിലപാട് ഇങ്ങനെയായിരുന്നുവല്ലോ; ‘‘ഒരു ജർമ്മൻ യഹൂദിയുടെ പ്രതികാരബുദ്ധിയിൽ നിന്നും പൊട്ടിപ്പുറപ്പെട്ടതും റഷ്യയിൽ തഴച്ചുവളർന്നതുമായ വിഷച്ചെടിയാണ് കമ്യൂണിസം’’. കമ്യൂണിസത്തോടുമാത്രമല്ല മതനിരപേക്ഷതയോടും ദേശീയതയോടും ജനാധിപത്യത്തോടുമെല്ലാം ഇതേ സമീപനംതന്നെയാണ് മൗദൂദിക്കുണ്ടായിരുന്നത്. മൗദൂദിസത്തിൽനിന്ന് അതായത് മതാധികാര വ്യവസ്ഥയെ സംബന്ധിച്ച തങ്ങളുടെ ആചാര്യന്റെ ആധുനികതയ്ക്കും ജനാധിപത്യരാഷ്ട്രസിദ്ധാന്തങ്ങൾക്കുമെതിരായ നിലപാടുകളിൽ നിന്ന് ജമാഅത്തെഇസ്ലാമിയും അവരുടെ രാഷ്ട്രീയമുഖമായ വെൽഫെയർപാർട്ടിയും പിൻമാറിയോ എന്ന കാര്യമാണ് അവരുടെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയ്ക്ക് കൂട്ടുനിൽക്കുന്ന എൻ.പി.ചേക്കുട്ടിയെപ്പോലുള്ളവർ വിശദീകരിക്കേണ്ടത്.
ജമാഅത്തെഇസ്ലാമി ഇന്നും മൗദൂദിയൻ മതരാഷ്ട്രസിദ്ധാന്തങ്ങളിൽനിന്നാണ് പ്രവർത്തിക്കുന്നത് എന്ന സത്യത്തെ ഉത്തരാധുനിക പദസംജ്ഞകളും സ്വത്വരാഷ്ട്രീയ പ്രേരിതമായ ഇരവാദങ്ങളും ഉപയോഗിച്ച് മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്. വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഒന്നിനുപിറകെ ഒന്നായി ഉന്നയിച്ച് സിപിഐ എമ്മുകാരെ മുസ്ലീം സമൂഹത്തിനുമുമ്പിൽ സംശയത്തിന്റെ നിഴലിൽ നിർത്താനാണ് ഗീബൽസിയൻ തന്ത്രം പയറ്റുന്ന ദാവൂദ്‌സംഘം കഴിഞ്ഞ കുറേക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 1999-ൽ വണ്ടൂർ എം.എൽ.എ ആയിരുന്ന എൻ.കണ്ണൻ നിയമസഭയിൽ ഉന്നയിച്ച ഒരു സബ്മിഷനെ തെറ്റായി ഉദ്ധരിച്ചുകൊണ്ട് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പാർട്ടിയെയും മുസ്ലീംവിരുദ്ധരും മലപ്പുറം വിരുദ്ധരുമായി ചിത്രീകരിക്കാനുള്ള ദാവൂദിന്റെ വൃത്തികെട്ട ശ്രമം.
കേരളത്തിന്റെ മതനിരപേക്ഷ സാമൂഹ്യഘടനയെയാകെ തകർക്കുകയെന്ന സംഘി അജൻഡയുടെ മറുപുറം കളിയാണ് മൗദൂദിസ്റ്റുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. 1990-കൾക്കുശേഷം മലപ്പുറം ജില്ലയിൽ എൻഡിഎഫ് നടത്തുന്ന വിധ്വംസകമായ പ്രവർത്തനങ്ങളിലേക്ക് വിരൽചൂണ്ടിക്കൊണ്ടാണ് സഖാവ് എൻ കണ്ണൻ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചത്. അത് വളച്ചൊടിച്ചാണ് മീഡിയാവൺ വർഗീയധ്രുവീകരണത്തിനുവേണ്ടിയുള്ള ഹീനമായ ശ്രമം നടത്തിയത്. 1999 മാർച്ച് 23-നാണ് എൻ.കണ്ണൻ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചത്. കണ്ണന്റെ സബ്മിഷനും അതിന് അന്നത്തെ സർക്കാരിനുവേണ്ടി മന്ത്രി ടി ശിവദാസമേനോൻ നൽകിയ മറുപടിയും ജമാഅത്തെഇസ്ലാമി നടത്തുന്ന മാധ്യമം പത്രത്തിൽ തന്നെ അച്ചടിച്ചുവന്നിട്ടുള്ളതാണ്. ആ പത്രം നോക്കാനുള്ള മര്യാദപോലും വർഗീയത പടർത്താനുള്ള ഭ്രാന്തിൽ ജമാഅത്തെഇസ്ലാമിയുടെ ഷൂറ കൗൺസിൽ അംഗമായിട്ടുള്ള ദാവൂദ് മറന്നുപോയി.
1999 മാർച്ച് 24-ന്റെ മാധ്യമം പത്രം തന്നെ റിപ്പോർട്ട് ചെയ്തത് എൻഡിഎഫ് മലപ്പുറം ജില്ലയിൽ നടത്തുന്ന തീവ്രവാദ പ്രവർത്തനം വിശദീകരിച്ചുകൊണ്ടായിരുന്നു കണ്ണന്റെ സബ്മിഷനെന്നും അതിനു മറുപടിയായി മന്ത്രി മലപ്പുറം ജില്ലയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും പറഞ്ഞതായിട്ടാണ് മാധ്യമം റിപ്പോർട്ട്. എൻഡിഎഫ് എന്ന തീവ്രവാദ സംഘടനയ്‌ക്കെതിരായാണ് കണ്ണൻ സബ്മിഷൻ ഉന്നയിച്ചതെന്നും 26 വർഷം മുമ്പ് ഇറങ്ങിയ മാധ്യമം പത്രം തന്നെ വ്യക്തമായി പറയുന്നുണ്ട്. എന്നാൽ അത് വളച്ചൊടിച്ച് കണ്ണൻ മലപ്പുറം ജില്ലയ്ക്കും മുസ്ലീങ്ങൾക്കുമെതിരായി സബ്മിഷൻ ഉന്നയിച്ചുവെന്ന് വരുത്തിത്തീർക്കുകയായിരുന്നു മീഡിയാവണ്ണും ദാവൂദും ചെയ്തത്.
മലപ്പുറം ജില്ലയുടെ വിവിധഭാഗങ്ങളിൽ എൻഡിഎഫ് നടത്തുന്ന വർഗീയ പ്രവർത്തനങ്ങളെ പേരെടുത്ത് പറഞ്ഞാണ് എൻ.കണ്ണൻ അന്ന് പ്രസംഗിച്ചത്. മലപ്പുറത്തെ ‘മതവൽക്കരി’ക്കാനുള്ള വർഗീയപ്രവർത്തനങ്ങളെയാണ് കണ്ണൻ നിയമസഭയിൽ ചൂണ്ടിക്കാട്ടിയത്. ബാബ്‌റിമസ്ജിദ് തകർത്തതിനെയും അത് പൊതുവെ ന്യൂനപക്ഷസമൂഹങ്ങളിലുണ്ടാക്കിയ അരക്ഷിതത്വത്തെയും ഉപയോഗിച്ചുകൊണ്ടാണ് എൻഡിഎഫ് പോലുള്ള തീവ്രവാദസംഘങ്ങൾ കടുത്ത വർഗീയവൽക്കരണത്തിനുള്ള നീക്കങ്ങൾ നടത്തിയത്. 1995-ലാണ് കൂമൻകല്ല് പാലത്തിനുചുവട്ടിൽ പൈപ്പ് ബോംബ് കണ്ടെത്തുന്നത്. അത് മലപ്പുറത്തും പൊതുവെ മലബാറിലും എൻഡിഎഫ് നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾക്കായി ഉണ്ടാക്കിയതാണെന്ന വിവരങ്ങളും പുറത്തുവന്നു. പലയിടങ്ങളിലും സിനിമ ഹാളുകളിൽ തീപ്പിടുത്തമുണ്ടായി. തിരൂരിലെ സെന്റർ തിയ്യറ്ററും ഉണ്ണിയാലിലെ കവിത ടാക്കീസും അഗ്നിക്കിരയായി. പാണ്ടിക്കാട് വെള്ളമൂതി ചികിത്സ നടത്തിയിരുന്ന ഫക്കീർ ഉപ്പാപ്പയെ തിരുവില്ല്വാമലയിൽ എൻഡിഎഫുകാർ കൊലപ്പെടുത്തി. രാത്രിയും പകലും ‘മതപോലീസു’കാരായി എൻഡിഎഫുകാർ റോന്തുചുറ്റുന്ന അവസ്ഥയുണ്ടായി. സദാചാരപെോലീസിങ് പലയിടങ്ങളിലും വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറി. മലപ്പുറത്ത് എ ആർ നഗറിൽ ലൈംഗികതൊഴിൽ കുറ്റത്തിന് രണ്ട് സ്ത്രീകളെ എൻഡിഎഫ് തീവ്രവാദികൾ പിടിച്ചുകൊണ്ടുപോയി തലമുണ്ഡനം ചെയ്യുന്നതുവരെ കാര്യങ്ങളെത്തി.
തസ്ലീബാനു-നാസർ സ്‌പെഷൽ മാരേജ് ആക്ടനുസരിച്ചുള്ള വിവാഹത്തിന്റെ പേരിൽ ജില്ലയിലുടനീളം കോലാഹലങ്ങളുയർത്തിവിട്ടു. ഇണയെ തെരഞ്ഞെടുക്കാനും വിവാഹം ചെയ്യാനുമുള്ള വ്യക്തികളുടെ സ്വതന്ത്രമായ അവകാശങ്ങളെ ചോദ്യംചെയ്യുകയും അത്തരം നിലപാടുകൾ സ്വീകരിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവായി. എൻ.കണ്ണൻ തന്റെ സബ്മിഷനിൽ സൂചിപ്പിച്ചതുപോലെ ഹിന്ദു-–ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ടവർ അവരുടെ വിശ്വാസപരമായ ആചാരങ്ങൾക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ വിൽക്കുന്നതിനെതിരായി, മുസ്ലീം വ്യാപാരികൾക്കുനേരെ ഭീഷണിയുയർത്തിയതായി അക്കാലത്ത് പരാതികൾ ഉയർന്നുവന്നതാണ്. മഞ്ചേരി ആസ്ഥാനമായി ഉയർന്നുവന്ന ഗ്രീൻവാലിയെന്ന എൻഡിഎഫിന്റെ കേന്ദ്രവുമായി ബന്ധപ്പെട്ട് ഒരുപാട് ദുരൂഹതകൾ സമൂഹത്തിൽ അക്കാലത്ത് ചർച്ചചെയ്യപ്പെട്ടു.
മൗദൂദിസ്റ്റുകൾ ഇപ്പോൾ തങ്ങളുടെ മതരാഷ്ട്രവാദ നിലപാടുകളിൽ നിന്നുകൊണ്ട് അപകടകരമായ ധ്രുവീകരണത്തിനുവേണ്ടിയാണ് സിപിഐ എമ്മിനെതിരായി നിരന്തരമായി നുണപ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഗോൾവാൾക്കറെപ്പോലെ മൗദൂദിയും സ്വാതന്ത്ര്യസമരത്തെ പരിഹസിക്കുകയും അവഗണിക്കുകയും ചെയ്ത മതരാഷ്ട്രവാദിയാണ്. ജമാഅത്തെഇസ്ലാമിക്കാർ ഇക്കാര്യമാണ് കൗശലപൂർവ്വം മറച്ചുപിടിക്കുന്നത്. ആർഎസ്എസിനെപ്പോലെ മൗദൂദിയുടേതും രാജ്യദ്രോഹത്തിന്റെയും ബ്രിട്ടീഷ് സേവയുടെയും പ്രത്യയശാസ്ത്രമാണ്. മൗദൂദിയുടെ വീക്ഷണമനുസരിച്ച് ദേശീയസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം സാമ്രാജ്യത്വദൈവത്തെ കുടിയിറക്കി ജനാധിപത്യദൈവത്തെ ഭരണത്തിന്റെ ശ്രികോവിലിൽ പ്രതിഷ്ഠിക്കാനുള്ളത് മാത്രമായിരുന്നു. അദ്ദേഹം എഴുതിയിരിക്കുന്നത് നോക്കൂ; ‘‘സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഈ സമരമെല്ലാം സാമ്രാജ്യത്വ ദൈവത്തെ കുടിയിറക്കി ജനാധിപത്യ ദൈവത്തെ ഭരണത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കുകയാണെങ്കിൽ മുസ്ലീമിനെ സംബന്ധിച്ചിടത്തോളം രണ്ടും തുല്യമാണ്. ലാത്തക്കു പകരം മനാത്ത വന്നുവെന്നുമാത്രം. ഒരു കള്ള ദൈവത്തിനുപകരം മറ്റൊരു കള്ള ദൈവം വന്നുവെന്നുമാത്രം. അസത്യത്തിനുള്ള അടിമത്വം അങ്ങനെതന്നെ നിലനിൽക്കുകയും ചെയ്തു. ഏത് മുസ്ലീമാണ് ഇതിന് സ്വാതന്ത്ര്യമെന്ന് പറയുക?” (മുസൽമാൻ ഔർ മൗജുകാസിയാസി കശ്മശ്).
ഇത് കുറേക്കൂടി കടുത്ത വർഗീയവികാരത്തോടെ മൗദൂദി വിശദീകരിക്കുന്നു; ‘‘ഇംഗ്ലീഷുകാരനായ അമുസ്ലീമിൽ നിന്ന് ഇന്ത്യക്കാരനായ അമുസ്ലീമിലേക്ക് നീങ്ങുകയാണ് ഈ സ്വാതന്ത്ര്യസമരത്തിന്റെ ഫലം. ആദ്യമേ ഞാൻ പറഞ്ഞതുപോലെ, മുസ്ലീമിനെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു സമരം ഹറാമാണ് എന്നത് ഖണ്ഡിതമായ കാര്യമാണ്. മാത്രമല്ല ഇത്തരമൊരു നീക്കം നടത്തുമ്പോൾ അത് മൂകമായി നോക്കിനിൽക്കുക എന്നതും മുസ്ലീമിന് ഹറാമാണ് ‘‘(തഹരിക്കേ ആസാദി ഔർ മുസൽമാൻ പേജ് 81)’’. ഖുതുബാത്തിൽ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുംവേണ്ടി സമരം ചെയ്യുന്നവൻ കപടവിശ്വാസികളായിട്ടാണ് മൗദൂദി വിശേഷിപ്പിച്ചിട്ടുള്ളത്. ”പ്രജായത്തം നടപ്പിൽ വരുത്താനായി സമരം ചെയ്യുന്ന കപടവിശ്വാസികളെക്കുറിച്ച് ഞാനെന്ത് പറയാനാണ്?” (ഖുതുബാത്ത്, പേജ് 14).
എത്രത്തോളം മൗലികവാദപരവും വിഭാഗീയവുമാണ് മൗദൂദിയുടെ ആശയങ്ങളെന്ന് വെളിവാക്കുന്നതാണ് വിദ്യാഭ്യാസത്തോടും സർക്കാർ ഉദേ-്യാഗപദവികളോടും തിരഞ്ഞെടുപ്പിനോടുമെല്ലാം അദ്ദേഹം എടുത്ത നിലപാടുകൾ. അതിന്ന് ജമാഅത്ത് ഇസ്ലാമിക്കാർ പോലും പറയാൻ മടിക്കുന്നതും കൗശലപൂർവം മറച്ചുപിടിക്കുന്നതുമാണല്ലോ. മനോരോഗസമാനമായ വിഭാഗീയതയോടെ മൗദൂദി എഴുതുന്നത്; ‘‘നിങ്ങളുടെ ആദർശം സത്യമാണെങ്കിൽ മറ്റൊരു ദീനിൽ നിന്നുകൊണ്ട് നിങ്ങൾക്ക് സുഖനിദ്രപോലും വരികയില്ല. എന്നിട്ടല്ലേ ഇതര ദീനുകൾക്ക് സേവനം ചെയ്യുകയും ആ സേവനത്തിൽ നിന്നും ലഭ്യമാകുന്ന ആഹാരം സന്തോഷത്തോടെ ഭക്ഷിക്കുകയും സസുഖം കാൽനീട്ടി ഉറങ്ങുകയും ചെയ്യുന്നത്?” (ഖുതുബാത്ത്).
1953 ഡിസംബർ 15-ന്റെ പ്രബോധനം മൗദൂദിയുടെ ഈ നിലപാടിനെ വിശദീകരിച്ചുകൊണ്ട് എഴുതിയത്: ‘‘ഇസ്ലാമികവിരുദ്ധമായ ഒരു ഭരണവ്യവസ്ഥക്ക് കീഴിൽ ഉദേ-്യാഗങ്ങൾക്കും സീറ്റുകൾക്കും മുറവിളി കൂട്ടുക എന്നതാവട്ടെ മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം ചിന്തിക്കാൻ പോലും കഴിയാത്തത്ര മാത്രം നീചമായ ഒരവസ്ഥയാണ്.” 1953 സെപ്തംബറിലെ പ്രബോധനം ഇങ്ങനെ എഴുതുന്നു: ‘‘ഒരനിസ്ലാമിക ഗവൺമെന്റിന്റെ ജോലിയിൽ നിന്നും ലഭിച്ച തൊണ്ടയിൽ നിന്നും കീഴ്‌പ്പോട്ടിറക്കുന്ന റൊട്ടിക്കഷ്ണം പോലും ഹലാലും പരിശുദ്ധവുമാണോ അതല്ല, താഗൂത്തിന് സേവനം ചെയ്തു കരസ്ഥമാക്കിയതാണോ എന്നൊന്നും ഈ ‘മുത്തലികൾ’ നോക്കുകയില്ല. മറിച്ച്, അവരുടെ ദൃഷ്ടിയിൽ പ്രാധാന്യമർഹിക്കുന്നത് ആ ഹറാമു തിന്നതിന് ശേഷം വെള്ളം ഇടതു കൈകൊണ്ടാണോ കുടിച്ചത് എന്നതിലാണ്.”
മൗദൂദിസമെന്നത് ഗോൾവാൾക്കറിസം പോലെ എതിർക്കപ്പെടേണ്ടതാണ്. കേരളം പോലൊരു സമൂഹത്തിന്റെ മതനിരപേക്ഷ സാമൂഹ്യഘടനയിൽ വിള്ളലുണ്ടാക്കുകയെന്നതാണ് ഗോൾവാൾക്കറിസ്റ്റുകളുടെയെന്നപോലെ മൗദൂദിസ്റ്റുകളുടെയും അജൻഡ. ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് മതനിരപേക്ഷശക്തികൾ ഒന്നാകെ മതരാഷ്ട്രവാദത്തിന്റെ എല്ലാ രൂപങ്ങളിലുമുള്ള പ്രത്യയശാസ്ത്രഭീഷണികൾക്കെതിരെ പ്രതിരോധം തീർക്കേണ്ടതുണ്ട്. l